Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഡംബര വാഹനം കൊച്ചിയിൽ ഓടിയത് ഝാർഖണ്ട് രജിസ്ട്രേഷനിൽ; മോട്ടോർ വാഹന വകുപ്പിന്റ പിടി വീണപ്പോൾ കൈയിൽ ബുക്കും പേപ്പറുമില്ല; മുതലാളിയുടെ കാറിനെ രക്ഷിച്ചെടുക്കാൻ ഉന്നതരും; പെന്റാ മേനകയിലെ ആലിഫ് മൊബൈൽ കടയുടെ നൗഷാദിന്റെ വാഹനം സുരക്ഷിത കസ്റ്റഡിയിൽ എടുത്ത് ആർടിഒ; ടാക്‌സ് വെട്ടിച്ചതിന് മിനികൂപ്പർ കുടുങ്ങുമ്പോൾ

ആഡംബര വാഹനം കൊച്ചിയിൽ ഓടിയത് ഝാർഖണ്ട് രജിസ്ട്രേഷനിൽ; മോട്ടോർ വാഹന വകുപ്പിന്റ പിടി വീണപ്പോൾ കൈയിൽ ബുക്കും പേപ്പറുമില്ല; മുതലാളിയുടെ കാറിനെ രക്ഷിച്ചെടുക്കാൻ ഉന്നതരും; പെന്റാ മേനകയിലെ ആലിഫ് മൊബൈൽ കടയുടെ നൗഷാദിന്റെ വാഹനം സുരക്ഷിത കസ്റ്റഡിയിൽ എടുത്ത് ആർടിഒ; ടാക്‌സ് വെട്ടിച്ചതിന് മിനികൂപ്പർ കുടുങ്ങുമ്പോൾ

എം മനോജ് കുമാർ

കൊച്ചി: കേരളത്തിൽ വീണ്ടും മിനി കൂപ്പർ വേട്ട. കൊച്ചിയിലെ വൻവ്യവസായി പി.കെ.നൗഷാദിന്റെ ആഡംബര റേസിങ് മിനി കൂപ്പർ കാർ ഇന്നലെ രാത്രി വൈകി മോട്ടോർവാഹനവകുപ്പിന്റെ പ്രത്യേക സ്‌ക്വഡ് പിടികൂടി.

രജിസ്ട്രേഷൻ തട്ടിപ്പും രൂപമാറ്റവും വ്യക്തമായതിനെ തുടർന്നാണ് വ്യവസായ പ്രമുഖന്റെ മിനി കൂപ്പർ ഇന്നലെ പിടികൂടിയത്. കൊച്ചി പാലാരിവട്ടത്ത് നിന്ന് ഇന്നലെ രാത്രി മിനി കൂപ്പർ പിടിക്കുമ്പോൾ ഡ്രൈവിങ് സീറ്റിൽ ഉണ്ടായിരുന്നത് വ്യവസായിയുടെ മകനായ മുഹമ്മദ് മിർസാദായിരുന്നു. എട്ടു ലക്ഷത്തിലധികം രൂപ ഈ വാഹനത്തിനു പിഴ ചുമത്തേണ്ടി വരും. വ്യാജ രജിസ്ട്രേഷൻ, എൻഒസി, രേഖകൾ ഇല്ലാതെ കാർ ഓടിച്ചു, രൂപമാറ്റം വരുത്തി തുടങ്ങിയ കുറ്റങ്ങൾക്ക് വ്യവസായി നിയമനടപടിയും നേരിടേണ്ടി വരും.

ഝാർഖണ്ഡ് വ്യാജ വിലാസത്തിലാണ് മിനി കൂപ്പർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പെന്റാ മേനകയിൽ ആലിഫ് മൊബൈൽ എന്ന ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന മകൻ മുഹമ്മദ് മിർസാദാണ് കാർ ഉപയോഗിക്കുന്നത്. മോട്ടോർ വാഹന വകുപ്പ് ചോദിച്ചപ്പോൾ ഒരു വിവരവും മിർസാദിന് നല്കാനുണ്ടായിരുന്നില്ല. ഝാർഖണ്ഡ് രജിസ്‌ട്രേഷനിലുള്ള കാർ കേരളത്തിൽ ഓടിക്കുമ്പോൾ ലഭിക്കുന്ന എൻഒസിയും വാഹനത്തിനു ഉണ്ടായിരുന്നില്ല. കുറച്ച് മുൻപ് രൂപമാറ്റം വരുത്തിയ സൈലൻസർ ഉപയോഗിച്ചതിന് തുടർന്ന് കൊച്ചിയിൽ ജനങ്ങൾ ഈ മിനി കൂപ്പർ തടഞ്ഞുവെച്ചിരിക്കുന്നു. അന്ന് മുതൽ മോട്ടോർ വാഹനവകുപ്പിന്റെ നിരീക്ഷണത്തിലുള്ള കാറാണ് ഇന്നലെ പിടികൂടിയത്. പിടികൂടിയ നിമിഷം മുതൽ കാർ വിട്ടുനൽകാൻ വൻ സമ്മർദ്ദമാണ് വകുപ്പിന് മേൽ വന്നത്. അതുകൊണ്ട് രാത്രി വൈകി സുരക്ഷിത കസ്റ്റഡിയിലാണ് ഇന്നലെ വാഹനം പാർക്ക് ചെയ്തത്. കാർ തട്ടിക്കൊണ്ടു പോയാൽ വാഹനവകുപ്പ് ഉത്തരം നൽകേണ്ടി വരുമെന്നതിനാലാണ് സുരക്ഷിത കസ്റ്റഡിയിലേക്ക് വാഹനം മാറ്റിയത്.

ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ലിയുവിന്റെ കാറാണ് മിനി കൂപ്പർ. അമ്പരപ്പിക്കുന്ന വിലയാണ് കൂപ്പറുകൾക്ക്. അമ്പരപ്പിക്കുന്ന വിലപോലെ തന്നെ അമ്പരപ്പിക്കുന്ന വേഗതതന്നെയാണ് മിനി കൂപ്പറുടെ പ്രത്യേകതയും. കേവലം 5.9 സെക്കന്റുകൾക്കൊണ്ടു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കൂപ്പറിന് സാധിക്കും. മണിക്കൂറിൽ 235 കിലോമീറ്റർ വേഗത വരെ കൈവരിക്കാനും കൂപ്പറിന് കഴിയും. അതിനാലാണ് കൂപ്പറുകൾ കേരളാ റോഡുകൾക്ക് പ്രിയങ്കരമായി മാറ്റുന്നത്. ഇത് കേരളത്തിലെ യൂത്തിന്റെ മുഖ്യ ആകർഷക വാഹനങ്ങളിലൊന്നുമാണ്. പക്ഷെ വില തന്നെയാണ് ഇതിൽ നിന്നും യുവാക്കൾ അകന്നു നിൽക്കുന്നത്. അത്യാധുനിക സാങ്കേതിക വിദ്യകളും ഈ മോഡലിനെ പ്രിയങ്കരമാക്കുന്നുണ്ട്. ഇതെല്ലാം അറിയുന്നതുകൊണ്ടാണ് മോട്ടോർ വാഹനവകുപ്പും ഈ വാഹനത്തിൽ കണ്ണുവയ്ക്കാൻ കാരണമായത്.

ആർടിഒ ജോജി പി ജോസ്, എൻഫോഴ്സ്മെന്റ് ആർടിഒ മനോജ്കുമാർ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ കെ.എക്‌സ്, നിബി, പി.ജെ.അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് മിനി കൂപ്പർ പിടിച്ചത്. വ്യാജരജിസ്‌ട്രേഷൻ, ടാക്‌സ് തട്ടിപ്പ്, രൂപമാറ്റം എന്നിവ വ്യക്തമായതിനെ തുടർന്ന് വാഹനവിവരങ്ങൾ വ്യക്തമായി ശേഖരിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹനവകുപ്പ്.. ഇന്ന് തന്നെ ഈ കാര്യത്തിൽ നിയമനടപടികൾക്ക് തുടക്കമിട്ടേക്കും. മിനി കൂപ്പർ കേരളത്തിൽ എത്തിച്ചശേഷം രൂപമാറ്റം വരുത്തിയാണ് ഓടിച്ചു കൊണ്ടിരുന്നത്. നമ്പർ എഴുതുന്ന രീതിയിലുള്ള കൃത്രിമവും കാറിൽ വ്യക്തമാണ്. ഇതിന്റെ പേരിലും നൗഷാദിനെതിരെ നടപടി വരും.

ഏഴുമാസം മുൻപ് ബോംബെ ഷോ റൂമിൽ നിന്ന് വാഹനം വാങ്ങി എന്നാണ് വാഹന ഉടമയായ നൗഷാദിന്റെ മകനായ മുഹമ്മദ് മിർസാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇന്നലെ രാത്രി പാലാരിവട്ടത്തുനിന്നാണ് കാർ പിടിച്ചത്. രേഖകൾ ചോദിച്ചപ്പോൾ നൽകാൻ കഴിഞില്ല. ഝാർഖണ്ഡിലുള്ള രജിസ്ട്രേഷൻ ആണ് വാഹനത്തിന്റേത്. ഉപയോഗിച്ച വാഹനമാണ് മുംബൈയിൽ നിന്ന് വാങ്ങിയത്. പക്ഷെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറിയിരുന്നില്ല. കാരണം രേഖകൾ പൂർണമായി ബോംബെ ഷോ റൂമിൽ നിന്ന് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ രജിസ്ട്രേഷൻ കേരളത്തിൽ നടത്താൻ കഴിഞ്ഞില്ല. ഇതിനു മുൻപ് അമിത ശബ്ദത്തിന്റെ പേരിൽ വാഹനം തടഞ്ഞുവെച്ചിരുന്നതായി മിർസാൻ സമ്മതിച്ചു. പക്ഷെ മിര്‌സാന്റെ വാദങ്ങൾ പൂർണമായി വിശ്വസിക്കാനാവില്ലെന്ന് വാഹനവേട്ട നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൽദോ വർഗീസ് മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ കാര്യങ്ങളും സംശയാസ്പദമാണ്. ഒരു രേഖയും ഇല്ലാതെ മിനി കൂപ്പർ പോലുള്ള അത്യാഡംബര വാഹനങ്ങൾ എങ്ങിനെ ഇവർ ഇത്രയും മാസം കേരളത്തിൽ ഓടിച്ചു? പോണ്ടിച്ചേരി വാഹനങ്ങൾക്ക് പിടി വീണു തുടങ്ങിയതോടെ ഇപ്പോൾ ഝാർഖണ്ഡ്, ഉത്തര്ഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് വാഹന രജിസ്ട്രേഷൻ തള്ളിക്കയറ്റം തുടങ്ങിയിരിക്കുകയാണ്.ഇത് പരിശോധിക്കേണ്ട വിഷയമാണ്-എൽദോ പറയുന്നു.

എന്തായാലും മിനി കൂപ്പർ പിടിയിലായതോടെ പി.കെ.നൗഷാദ് കുടുങ്ങിയിരിക്കുകയാണ്. വിവിധ രീതിയിലുള്ള അന്വേഷണങ്ങൾ ഇനി വ്യവസായ പ്രമുഖന്റെ പിറകെ വന്നേക്കും. ഝാർഖണ്ഡ് മാത്രമല്ല ഉത്തര്ഖണ്ഡ് രജിസ്ട്രേഷൻ വാഹനങ്ങളും കേരളത്തിൽ ഇപ്പോൾ ഓടിത്തുടങ്ങിയിട്ടുണ്ട്. ഝാർഖണ്ഡിൽ 50000 മുതൽ ഒരു ലക്ഷം രൂപ വരെ ടാക്‌സ് അടച്ചാൽ മതി. കേരളത്തിലാണെങ്കിൽ മിനി കൂപ്പർ പോലുള്ള വാഹനങ്ങൾക്ക് ഏഴുമുതൽ എട്ടുലക്ഷം വരെയുള്ള തുക അടയ്ക്കേണ്ടി വരും. പോണ്ടിച്ചേരി രജിസ്ട്രേഷൻ വാഹനങ്ങൾ കേരളത്തിൽ കർശന നിരീക്ഷണത്തിലുള്ളതിനാലാണ് ഝാർഖണ്ഡ്, ഉത്തര്ഖണ്ഡ് സംസ്ഥാനങ്ങളിലേക്ക് വാഹന രജിസ്ട്രേഷൻ തള്ളിക്കയറ്റം തുടങ്ങിയിരിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യാത്രയിൽ ഇടംപിടിച്ച് വിവാദമായി മാറിയപ്പോഴാണ് മിനി കൂപ്പറിന്‌കേരളത്തിൽ ശനി ദിശ തുടങ്ങുന്നത്. അത്യാഡംബര റേസിങ് വാഹനങ്ങളായ മിനി കൂപ്പറിന് മേൽ മോട്ടോർവാഹനവകുപ്പിന്റെ ശ്രദ്ധ പതിയുന്നതും ഈ സമയം തന്നെയാണ്. അതിനുശേഷം വിവിധ മിനി കൂപ്പറുകൾ വകുപ്പ് പിടികൂടിയിട്ടുണ്ട്. വ്യാജ രജിസ്ട്രേഷൻ, നികുതി വെട്ടിപ്പ്, രൂപമാറ്റം തുടങ്ങിയ കുറ്റങ്ങൾ മിനി കൂപ്പർ പിടികൂടുമ്പോൾ സ്വാഭാവികമായും ചാർത്തപ്പെടുകയും ചെയ്യുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP