Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കമ്പനിക്ക് വേണ്ടി ക്വട്ടേഷൻ കൊടുത്തത് ഏജന്റ്! ഇത് അതിവിചിത്ര ടെൻഡർ; പർച്ചേസ് ഓർഡർ നൽകും മുൻപ് ഇൻവോയിസും എത്തി; ചെന്നൈയിൽ നിന്നും എത്തിച്ച് ഈടാക്കിയത് പഞ്ചാബ് മുതലുള്ള ട്രാൻസ്പോർട്ടേഷൻ ചാർജ്; സഹകരണ ഫെഡറേഷനുകളെ ഒഴിവാക്കിയത് കൂടുതൽ തുക ക്വാട്ട് ചെയ്തതിനാലെന്ന ന്യായവുമായി മിൽമ; പഞ്ചാബിൽ നിന്ന് കൊണ്ടു വന്നതിന് ഇ- വേ ബിൽ ഇല്ലാത്തതും അഴിമതിക്ക് തെളിവ്; അന്വേഷിച്ചാൽ കേരളം കണി കണ്ടുണരുന്ന നന്മയിലെ കള്ളന്മാർ അകത്താകും; പാൽപ്പൊടി ഇടപാടിൽ നിറയെ ദുരൂഹത

കമ്പനിക്ക് വേണ്ടി ക്വട്ടേഷൻ കൊടുത്തത് ഏജന്റ്! ഇത് അതിവിചിത്ര ടെൻഡർ; പർച്ചേസ് ഓർഡർ നൽകും മുൻപ് ഇൻവോയിസും എത്തി; ചെന്നൈയിൽ നിന്നും എത്തിച്ച് ഈടാക്കിയത് പഞ്ചാബ് മുതലുള്ള ട്രാൻസ്പോർട്ടേഷൻ ചാർജ്; സഹകരണ ഫെഡറേഷനുകളെ ഒഴിവാക്കിയത് കൂടുതൽ തുക ക്വാട്ട് ചെയ്തതിനാലെന്ന ന്യായവുമായി മിൽമ; പഞ്ചാബിൽ നിന്ന് കൊണ്ടു വന്നതിന് ഇ- വേ ബിൽ ഇല്ലാത്തതും അഴിമതിക്ക് തെളിവ്; അന്വേഷിച്ചാൽ കേരളം കണി കണ്ടുണരുന്ന നന്മയിലെ കള്ളന്മാർ അകത്താകും; പാൽപ്പൊടി ഇടപാടിൽ നിറയെ ദുരൂഹത

എം മനോജ് കുമാർ

തിരുവനന്തപുരം: പാൽപ്പൊടി വാങ്ങലിൽ മിൽമയിൽ നടന്ന കോടികളുടെ അഴിമതി മറുനാടൻ പുറത്തുവിട്ടപ്പോൾ കടുത്ത എതിർപ്പാണ് മിൽമ ഉന്നതരുടെ ഭാഗത്ത് നിന്നും വന്നത്. ഫെബ്രുവരിയിൽ പാൽപ്പൊടി 233 രൂപയ്ക്ക് കേന്ദ്രീകൃത സംവിധാനമായ എൻസിഡിഎഫ്‌ഐയിൽ നിന്ന് ലഭ്യമായിരിക്കെ പഞ്ചാബിലെ ഒരു സ്വകാര്യ ഡയറിയായ നാരായണ അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും 306 രൂപയ്ക്ക് വാങ്ങി എന്ന വാർത്തയാണ് മറുനാടൻ പുറത്ത് വിട്ടത്. ഇതിൽ രണ്ടു കോടിയിലേറെ രൂപയുടെ അഴിമതി നടന്നുവെന്നാണ് ചൂണ്ടിക്കാണിച്ചത്. പഞ്ചാബിൽ നിന്നും പാൽപ്പൊടി എത്തിക്കാൻ കരാർ ആക്കിയപ്പോൾ പാൽപ്പൊടി വന്നത് ചെന്നൈയിൽ നിന്നുമാണ്. പക്ഷെ ട്രാൻസ്‌പോർട്ടേഷൻ ചാർജ് ഈടാക്കിയത് പഞ്ചാബിൽ നിന്നുമാണ്. രണ്ടു ലക്ഷത്തിന്നടുത്ത തുകയാണ് പാൽപ്പൊടി കേരളത്തിൽ എത്തിച്ചപ്പോൾ ട്രാൻസ്‌പോർട്ടേഷൻ ചാർജ് ആയി നൽകിയത്. പതിമൂന്നു ലോഡ് ആയാണ് ഇവ എത്തിച്ചത്. കാൽക്കോടിയോളം രൂപയാണ് ട്രാൻസ്‌പോർട്ടേഷൻ ഇനത്തിൽ നൽകിയത്. ട്രാൻസ്‌പോർട്ടെഷൻ ഇനത്തിൽ വെട്ടിപ്പ് നടന്നുവെന്ന് വാർത്തയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പർച്ചേസ് ഓർഡർ വരും മുൻപ് തന്നെ ഇൻവോയിസ് വന്ന ഇടപാടാണ് ഇത്.

ഈ വാർത്തയ്ക്ക് മറുനാടനു നൽകിയ വിശദീകരണത്തിൽ മിൽമ രണ്ടു കാര്യങ്ങളും നിഷേധിച്ചു. ഫെബ്രുവരിയിൽ ടെൻഡർ ക്ഷണിച്ചപ്പോൾ വില വളരെ കൂടുതലായിരുന്നു എന്നാണ് മിൽമ നടത്തിയ വിശദീകരണത്തിൽ പറയുന്നത്. അതിനാലാണ് ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തവർക്ക് ടെൻഡർ നൽകിയത്. കമ്പനിയല്ല എജന്റ്‌റ് ആണ് തുക ക്വാട്ട് ചെയ്തത് എന്ന് മിൽമ സമ്മതിച്ചു. . ചെന്നൈയിലെ ഒരു എജന്റ്‌റ് ആണ് അതായത് ജയലീല ഇംപക്‌സ് ആണ് കുറഞ്ഞ വില ക്വാട്ട് ചെയ്തത്. അവർ പറഞ്ഞത് പാൽപ്പൊടി എത്തിക്കുന്നത് പഞ്ചാബിൽ നിന്നുമാണ് എന്നാണ്. അതിനാലാണ് പഞ്ചാബിൽ നിന്നുമുള്ള തുക ട്രാൻസ്‌പോർട്ടേഷൻ ഇനത്തിൽ വാങ്ങിയത്. എവിടെ നിന്നാണ് പാൽപ്പൊടി ലോഡ് വന്നത് എന്ന കാര്യത്തിൽ മിൽമയ്ക്ക് തന്നെ ഉറപ്പില്ല. പഞ്ചാബിൽ നിന്നാണ് വന്നത് എന്ന് എജന്റ്‌റ് അറിയിച്ചു അതുകൊണ്ട് പഞ്ചാബിൽ നിന്നുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജ് നൽകി. ഇതിൽ നിന്ന് തന്നെ ട്രാൻസ്‌പോർട്ടേഷൻ കാര്യത്തിൽ നടന്ന കൃത്രിമം വ്യക്തമാണ്.

പഞ്ചാബിൽ നിന്നാണ് ലോഡ് വന്നത് എങ്കിൽ വിവിധ ചെക്ക് പോസ്റ്റ്കൾ കടന്നു ലോഡ് വരുമ്പോൾ അത് ഇ വേ ബില്ലിൽ രേഖപ്പെടുത്തും. അങ്ങനെ ഒരു രേഖപ്പെടുത്തൽ ബില്ലിൽ വന്നിട്ടില്ല. ഇ വേ ബില്ലിൽ പറയുന്നത് അണ്ണാ നഗർ ചെന്നൈയിൽ നിന്നും വന്നു എന്നാണ്. ഇൻവോയിസിന്റെ കൂട്ടത്തിൽ ഇവേ ബിൽ നിർബന്ധമാണ്. ജിഎസ്ടിയുടെ സൈറ്റിൽ ഇത് അപ് ലോഡ് ചെയ്യണം. ഇത് വന്നത് ചെന്നൈയിൽ നിന്നാണ് വന്നത് എന്ന കാര്യം ബില്ലിൽ വ്യക്തമാണ്. പഞ്ചാബിൽ നിന്നാണ് വരുന്നത് എങ്കിൽ ക്രോസ് ചെയ്തു തിരുവനന്തപുരം വരെ വരുന്ന ചെക്ക് പോസ്റ്റുകളുടെ വിവരം ലഭിക്കും. അതൊന്നും വന്നിട്ടുമില്ല. ചെന്നൈയിൽ നിന്നും എത്തിച്ച് പഞ്ചാബിൽ നിന്നുള്ള ചാർജ് വാങ്ങുകയാണ് ചെയ്തത്. എജന്റ്‌റ് പറഞ്ഞ പ്രകാരമുള്ള ചാർജ് മിൽമ നൽകി എന്നാണ് വിശദീകരണകുറിപ്പിൽ മിൽമ തന്നെ പറയുന്നത്. പാൽപ്പൊടി വാങ്ങുമ്പോൾ മിൽമ പോലുള്ള സഹകരണ സ്ഥാപനം എൻസിഡിഎഫ്‌ഐയിലുള്ള മറ്റു സംസ്ഥാനങ്ങളിലെ മിൽക്ക് ഫെഡറെഷനുകളിൽ നിന്നും പാൽപൊടി വാങ്ങിയില്ല. പകരം ചെന്നൈയിലുള്ള ഏജന്റിന്റെ ആശ്രയിച്ചു. ഈ എജന്റ്‌റ് പഞ്ചാബിൽ നിന്നും പാൽപ്പൊടി എത്തിച്ചു. മിൽമയ്ക്ക് പാൽപ്പൊടി വാങ്ങണമെങ്കിൽ എന്തിനാണ് എജന്റ്‌റ്. പഞ്ചാബിലെ സ്വകാര്യ ഡയറിയിൽ നിന്നും പാൽപ്പൊടി എത്തിക്കാൻ കഴിയുമായിരുന്നു. എന്നാൽ ജയലീല ഇംപക്‌സ് എന്ന എജന്റ്‌റ് വഴിയാണ് പാൽപ്പൊടി എത്തിച്ചത്. ഇതിൽ നിന്നും അഴിമതിയുടെ പഴുത് തേടി മിൽമ സഞ്ചരിച്ചു എന്ന് വ്യക്തമാണ്.

വിവാദപാൽപ്പൊടി എത്തിച്ചിരിക്കുന്നത് പവൻ ലോജിസ്റ്റിക്ക് എന്ന ട്രാൻസ്‌പോർട് കമ്പനിയാണ്. മിൽമയും പവൻ ലോജിസ്റ്റിക്കും തമ്മിൽ നിലനിൽക്കുന്ന അവിശുദ്ധ ബന്ധത്തിൽ തന്നെ വിശദമായ അന്വേഷണം ആവശ്യമാണ്. മിൽമയുടെ ട്രാൻസ്‌പോർട്ടേഷനിൽ വൻ വെട്ടിപ്പ് നടക്കുന്നു എന്ന സൂചനയാണ് വരുന്നത്. കാലങ്ങളായി മിൽമയുടെ സകല കൺസൈന്മെന്റുകളും ലിഫ്റ്റ് ചെയ്യുന്നത് പവൻ ലോജിസ്റ്റിക്ക് ആണ്. മിൽമയുടെ ക്വട്ടേഷനു മറുപടി നൽകുന്നത് പവൻ ലോജിസ്റ്റിക്ക് ആണ്. ഏറ്റവും കുറഞ്ഞ റേറ്റ് പവൻ ലോജിസ്റ്റിക്കിന്റെതായിരിക്കും. അന്വേഷിച്ചപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് പവൻ ലോജിസ്റ്റിക് വെവ്വേറെ പേരുകളിൽ മൂന്നു നാല് ക്വട്ടേഷൻ ഒരുമിച്ച് നൽകുമെന്നാണ്. ഏത് ക്വട്ടേഷൻ മിൽമ സ്വീകരിച്ചാലും ട്രാൻസ്‌പോർട്ടിങ് നടത്തുക പവൻ ലോജിസ്റ്റിക് ആയിരിക്കും.

ഇതേ പവൻ ലോജിസ്റ്റിക്ക് ആണ് ചെന്നൈയിൽ നിന്നും പാൽപ്പൊടി എത്തിച്ചിരിക്കുന്നത്. ഉന്നതരുടെ അറിവോടെ നടക്കുന്ന അഴിമതിയാണ് മിൽമയിലേത്. സഹകരണ രംഗത്ത് ശക്തമായ സാന്നിധ്യമാണ് മിൽമ. മിൽമയിൽ നടക്കുന്ന അഴിമതികളുടെ പേരിൽ വിജിലൻസ് അന്വേഷണം ആവശ്യമായി വന്നിരിക്കുകയാണ്. വിജിലൻസിന്റെ നേതൃത്വത്തിലുള്ള വസ്തുതാപരമായ അന്വേഷണമാണ് ഈ കാര്യത്തിൽ വേണ്ടത് എന്ന ആവശ്യമാണ് പാൽപ്പൊടി കുംഭകോണത്തിന്റെ പേരിൽ മിൽമയുടെ അകത്തളങ്ങളിൽ നിന്നും ഉയരുന്നത്.

മിൽമ മറുനാടന് നൽകിയ വിശദീകരണം:

അയൽ സംസ്ഥാന ഫെഡറേഷനുകളിൽ നിന്നും ടെൻഡർ ക്ഷണിച്ചാണ് മിൽമ പാൽപ്പൊടി എത്തിക്കുന്നത്. ഏറ്റവും കുറഞ്ഞ വില നൽകുന്ന ക്വട്ടേഷൻ സ്വീകരിക്കും. ഫെബ്രുവരിയിൽ വില വളരെ കൂടുതലായിരുന്നു. തമിഴ്‌നാട് ഫെഡറേഷൻ 330 രൂപ, മഹാരാഷ്ട്ര 331, അമുൽ 350 രൂപ. ഈ സാഹചര്യത്തിൽ എൻസിഡിഐഎഫിന് മുഖാന്തരം ടെൻഡർ ക്ഷണിച്ചിരുന്നു. സ്വകാര്യ ഡയറികൾക്ക് ടെൻഡർ സമർപ്പിക്കാനുള്ള അവസരം എൻസിഡിഎഫ്‌ഐ നൽകിയിട്ടുണ്ട്.

ടെൻഡർ ഓപ്പൺ ചെയ്താൽ മാത്രമേ വിലവിവരം അറിയിക്കുകയുള്ളൂ. വില നമുക്ക് അനുകൂലമാണെന്ന് അറിയിക്കുന്ന പക്ഷം മാത്രമേ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തുന്ന പാർട്ടിയെ എൻസിഡിഎഫ്‌ഐ നമ്മെ അറിയിക്കുകയുള്ളൂ. ഇതിൽ മിൽമയ്ക്ക് യാതൊരുവിധ ഇടപെടലും നടത്താൻ കഴിയില്ല. ഫെബ്രുവരിയിൽ ടെൻഡർ ക്ഷണിച്ചപ്പോൾ ചെന്നൈ ആസ്ഥാനമായ എജന്റ്‌റ് കുറഞ്ഞ വില സമർപ്പിക്കുകയും അവർ പഞ്ചാബിൽ നിന്നുമാണ് വിതരണം ചെയ്യുക എന്നതും അറിയിച്ചിരുന്നു. മിൽമയുടെ ഉദ്യോഗസ്ഥർ ഡയറി സന്ദർശിച്ച് ഗുണനിലവാരം ഉറപ്പാക്കിയിരുന്നു.

ഇതിനു ശേഷമാണ് 306 രൂപയ്ക്ക് പാൽപ്പൊടി പർച്ചേസ് നടത്തിയത്. അതിനാലാണ് ട്രാൻസ്‌പോർട്ടേഷൻ ചാർജ് പഞ്ചാബിൽ നിന്നും ഈടാക്കിയത്. കോവിഡ് കാരണം ഇപ്പോൾ പാൽപ്പൊടി വില കുറഞ്ഞിരിക്കുകയാണ്. കിലോയ്ക്ക് 220 രൂപയ്ക്കാണ് പാൽപ്പൊടി ഇപ്പോൾ ലഭ്യമാകുന്നത്-വിശദീകരണക്കുറിപ്പിൽ മിൽമ പറയുന്നു.

പാൽപ്പൊടി ഇടപാടിന്റെ വിശദാംശങ്ങൾ ഇങ്ങനെ:

പർച്ചേസ് ഓർഡറിൽ കൃത്രിമം നടത്തി രണ്ടു കോടിയിലേറെ രൂപയുടെ അഴിമതിയാണ് മിൽമയുടെ തലപ്പത്തിരിക്കുന്നവർ നടത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന പാൽപ്പൊടി ഇടപാടിലാണ് ഈ അഴിമതി വന്നത്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കേന്ദ്രീകൃത സംവിധാനമായ എൻസിഡിഎഫ്‌ഐ വഴിയാണ്. മിക്ക സംസ്ഥാനങ്ങളിലേയും മിൽമ പോലുള്ള സഹകരണ സംഘങ്ങൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എൻസിഡിഎഫ്‌ഐയിൽ നിന്നും വാങ്ങുന്നു എന്ന വ്യാജേന സ്വകാര്യ ഡയറിയിൽ നിന്നാണ് ഇത് എത്തിച്ചിരിക്കുന്നത്. അതുകൊണ്ട് മിൽമ ഉന്നതർക്ക് അഴിമതിയിലുള്ള ബന്ധം വ്യക്തമാണ്. ഫെബ്രുവരിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി പുറത്ത് നിന്ന് വാങ്ങിയപ്പോൾ അതിനു ഒരു കിലോഗ്രാമിൽ കാണിച്ചത് ഒരു കിലോയ്ക്ക് 306 രൂപയും പ്ലസ് ജിഎസ്ടിയുമാണ്. എന്നാൽ മറ്റൊരു പർച്ചേസിൽ കാണിച്ചത് ഒരു കിലോയ്ക്ക് 233 രൂപയും. ഈ ഇടപാടിന്റെ ഒരു മെയിൽ പുറത്ത് വന്നപ്പോഴാണ് തട്ടിപ്പിന്റെ ആഴവും പരപ്പും ബോധ്യമാകുന്നത്. ഒരു കിലോ പാൽപ്പൊടി വാങ്ങുന്നതിൽ ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. ഈ രീതിയിൽ 273 മെട്രിക് ടൺ പാൽപ്പൊടി കേരളത്തിൽ എത്തിയപ്പോൾ രണ്ടു കോടിയിലേറെ രൂപയുടെ തിരിമറിയാണ് നടന്നിരിക്കുകയാണ്. മിൽമയുമായി ബന്ധപ്പെട്ട ഏതൊക്കെയോ പോക്കറ്റുകളിലേക്കാണ് ഇത്രയും പണം ഒഴുകി നീങ്ങിയിരിക്കുന്നത്. ഈ ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ് നടന്നിരിക്കുന്നത് എന്ന് വ്യക്തമാണ്. മിൽമയുടെ തലപ്പത്തുള്ള ഉന്നതർ അറിഞ്ഞുകൊണ്ടുള്ള ഈ അഴിമതി ഇടപാട് പരിശോധിച്ചാൽ അടിതൊട്ടു മുടിവരെ അഴിമതി നടന്നതായി വ്യക്തമാണ്.

പാൽപ്പൊടി ആവശ്യമെങ്കിൽ പാൽപ്പൊടി വാങ്ങണം.ഇത് കേരളത്തിനു പുറത്ത് നിന്ന് തന്നെ വാങ്ങണം. മിൽമ സഹകരണ സെക്ടറിൽ ആയതിനാൽ സഹകരണ സെക്ടറിൽ നിന്നോ മറ്റു സർക്കാരുകളിൽ നിന്നോ മിൽമയ്ക്ക് പാൽപ്പൊടി സംഭരിക്കാം. പക്ഷെ ഇത് അഴിമതി നടത്താൻ വേണ്ടി സ്വകാര്യ ഡയറിയിൽ നിന്നാണ് വാങ്ങിയിരിക്കുന്നത്. സ്വകാര്യ ഡയറിയിൽ നിന്നും പാൽപ്പൊടി വാങ്ങുന്ന ഒരു രീതി മിൽമയിൽ നിലവിലില്ല. പാൽപ്പൊടിക്ക് ദൗർലഭ്യമുണ്ടെന്നു വരുത്തി എൻസിഡിഎഫ്‌ഐ വഴി പാൽപ്പൊടി എത്തിക്കുന്നു എന്ന് പറഞ്ഞു 273 മെട്രിക് ടൺ പാൽപ്പൊടി നാരായണ അഗ്രോ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പഞ്ചാബിലുള്ള സ്ഥാപനത്തിൽ നിന്നും കേരളത്തിലുള്ള മൂന്നു യൂണിയനിലേക്കും എൻസിഡിഎഫ്‌ഐ വഴി പർച്ചേസ് ചെയ്തു എന്നാണ് വരുത്തി തീർക്കുന്നത്. തിരുവനന്തപുരം, എറണാകുളം, മലബാർ റീജിയണലുകളിലേക്കാണ് പാൽപ്പൊടി ഇടപാട് നടന്നിരിക്കുന്നത്. പഞ്ചാബിലുള്ള നാരായണ അഗ്രോ ഫുഡ്‌സ്‌പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നാണ് ഇതിന്റെ വരവ്. എന്നാൽ ഇത് സപ്ലൈ ചെയ്തിരിക്കുന്നത് ജയലീല ഇംപക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചെന്നൈയിലുള്ള എജന്റ്‌റ് ആണ് സപ്ലൈ ചെയ്തിരിക്കുന്നത്. ഇവർ ഒരു ബ്രോക്കർ ആണ്. ഒരു കിലോയ്ക്ക് 306 രൂപയ്ക്ക് ആണ് ഇതിന്റെ സപ്ലൈ നടന്നിരിക്കുന്നത്.പക്ഷെ മറ്റൊരു മെയിലിൽ വേറൊരു ഇടപാടിൽ യഥാർത്ഥ വില കാണിക്കുന്നുണ്ട്. ഒരു കിലോയ്ക്ക് 233 രൂപയാണ് ഇത്. ഒരു കിലോയ്ക്ക് 75 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്. എൻസിഡിഎഫ്‌ഐ ട്രേഡിങ് വെബ്സൈറ്റിൽ കേരള കോ-ഓപ്പറെറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ഇങ്ങനെ പാൽപ്പൊടി വാങ്ങിയതായോ നാരായണ അഗ്രോ ഫുഡ്‌സ് സപ്ലൈ ചെയ്തതായോ ഒരു വിവരവും നൽകിയിട്ടില്ല. ജനുവരി ഒന്ന് മുതലുള്ള സകല പർച്ചേസ് എടുത്താലും ഇത് കാണാൻ കഴിയില്ല. എൻസിഡിഎഫ്‌ഐയ്ക്ക് പ്രൈവറ്റ് ഡയറിയിൽ നിന്നോ പ്രൈവറ്റ് എജന്റിൽ നിന്നോ പാൽപ്പൊടി വാങ്ങാൻ അവകാശമില്ല.

പാൽപ്പൊടി സംഭരിക്കാൻ ക്ഷീരസഹകരണ രംഗത്ത് എൻഡിഡിബിയുണ്ട്. നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡ് ഉണ്ട്. സബ്‌സിഡിയറി യൂണിറ്റ് ആയ എൻസിഡിഎഫ്‌ഐ ബോർഡ് ഉണ്ട്. എൻസിഡിഎഫ്‌ഐ വഴിയാണ് പാൽപ്പൊടി അറേഞ്ച് ചെയ്ത് എന്ന് പറഞ്ഞിട്ട് സ്വകാര്യ ഡയറിയിൽ നിന്നാണ് മിൽമ പാൽപ്പൊടി വാങ്ങിയിരിക്കുന്നത്. എൻസിഡിഎഫ്‌ഐയിൽ മിൽമ പോലുള്ള എല്ലാ ഏജൻസികളും ഇതിൽ അംഗമാണ്. കോപ്പറെറ്റീവ് സെക്ടറിൽ പ്രൊഡ്യൂസ് ചെയ്യുന്ന ഉത്പ്പന്നങ്ങൾ ഇതിന്നകത്ത് വിപണനം ചെയ്യുന്ന ഒരു സംവിധാനം ഒരുക്കാൻ വേണ്ടിയാണ് എൻസിഡിഎഫ്‌ഐ ഉള്ളത്. മിൽമ തിരുവനന്തപുരം റീജിയണൽ ചെയർമാൻ കല്ലട രമേശ് ഇതിന്റെ ബോർഡ് മെമ്പർ ആണ്. മിൽമ പാൽപ്പൊടി വാങ്ങേണ്ടത് കോപ്പറെറ്റീവ് സെക്ടറിൽ ഉള്ള ഇതര സർക്കാർ സഹകരണ യൂണിയനുകളിൽ നിന്നാണ്. ഗുജറാത്തിലെ അമുലിൽ നിന്ന് വാങ്ങാം. അതുകൂടാതെ തമിഴ്‌നാട്, കർണാടക, ഗുജറാത്ത് സഹകരണ യൂണിയനുകൾ എല്ലാം എൻസിഡിഎഫ്‌ഐയിൽ അംഗങ്ങളാണ്. ഇവരിൽ നിന്നെല്ലാം പാൽപ്പൊടി വാങ്ങാം. എൻസിഡിഎഫ്‌ഐ ക്രയവിക്രയങ്ങൾ എല്ലാം അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിക്കും. ഫെബ്രുവരിൽ മിൽമ അവരിൽ നിന്ന് പാൽപ്പൊടി വാങ്ങിയിട്ടില്ല. എൻസിഡിഎഫ്‌ഐയിൽ നിന്ന് വാങ്ങുന്ന എന്ന രീതിയിൽ എല്ലാവരെയും കബളിപ്പിച്ച് ഉന്നതർ സ്വകാര്യ ഡയറിയിൽ നിന്നാണ് പാൽപ്പൊടി വാങ്ങിയത്. അഴിമതി ലക്ഷ്യമാക്കി തന്നെയാണ് ഈ പാൽപ്പൊടി ഇടപാട് ഇവർ നടത്തിയത്. ഒറ്റനോട്ടത്തിൽ എൻസിഡിഎഫ്‌ഐയിൽ വാങ്ങുന്നു എന്നു തോന്നാം. പക്ഷെ രേഖകൾ മിൽമയുടെ കള്ളങ്ങൾ എല്ലാം വെളിയിൽ കൊണ്ടുവരികയാണ് ചെയ്യുന്നത്. എൻസിഡിഎഫ്‌ഐ വഴിയാണെങ്കിൽ ജയലീലയുടെ ഒരു സാന്നിധ്യവും ആവശ്യവുമില്ല. ഇതവർ ഇൻവോയിസ് ചെയ്യേണ്ട കാര്യമില്ല.

പഞ്ചാബിൽ നിന്നും പാൽപ്പൊടി എത്തിക്കുന്നു എന്ന പേരിൽ പർച്ചേസ് ഓർഡർ ഉണ്ടാക്കി പാൽപ്പൊടി എത്തിച്ചത് ചെന്നൈയിൽ നിന്നാണ്. പഞ്ചാബിൽ നിന്നും എത്തിക്കുന്നു എന്ന് വരുത്തിത്തീർത്ത് ട്രാൻസ്‌പോർട്ടേഷൻ ചാർജ് വാങ്ങുന്നത് പഞ്ചാബ് മുതലുള്ളത്. ട്രാൻസ്‌പോർട്ടെഷൻ ബില്ലിൽ ഇത് വ്യക്തമാണ്. പഞ്ചാബ് മുതലുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജ് വാങ്ങിയപ്പോൾ പാൽപ്പൊടി വന്നത് ചെന്നൈയിൽ നിന്നുമാണ്. ബില്ലിൽ ചെന്നൈയിൽ നിന്നും വന്ന ദൂരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പഞ്ചാബിൽ നിന്നാണ് വരുന്നത് എങ്കിൽ ക്രോസ് ചെയ്തു വരുന്ന ചെക്ക് പോസ്റ്റുകളുടെ വിവരം ലഭിക്കും. അതൊന്നും വന്നിട്ടുമില്ല. പാൽപ്പൊടി ഇടപാടിൽ അടിതൊട്ടു മുടിവരെ അഴിമതിയാണ്. പാൽപ്പൊടി ഇടപാട് ഇത് തന്നെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.

തുടരും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP