Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി

ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി

മറുനാടൻ മലയാളി ബ്യൂറോ

ഫ്‌ളോറിഡ: ഭാര്യയുടെ ചതിയാണ് തന്നെ കൊലപാതകിയാക്കിയെന്ന കുറ്റസമ്മത മൊഴിയുമായി ഫിലിപ്പ് മാത്യു. തനിക്ക് മേൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റം ചുമത്താനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ മൊഴി. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയല്ല ഫിലിപ്പെന്ന നെവിൻ ഭാര്യയെ കാണാനെത്തിയതെന്നും പെട്ടെന്നുള്ള പ്രകോപനമാണ് കൊലയ്ക്ക് കാരണമെന്നും വരുത്താനായിരുന്നു ശ്രമം. ഇതിന് വേണ്ടിയായിരുന്നു ഭാര്യ ചതിച്ചുവെന്ന വാദം കുറ്റ സമ്മതത്തിൽ ഉയർത്തിയത്. എന്നാൽ ഇതെല്ലാം പ്രോസിക്യൂഷൻ സമർത്ഥമായ വാദങ്ങളിലൂടെ തള്ളിക്കളഞ്ഞു. വ്യക്തമായ ലക്ഷ്യത്തോടെയാണ് മെറിൻ ജോയിയെ കാണാൻ നെവിൻ വന്നതെന്ന് അവർ സ്ഥാപിച്ചു. ഇതോടെയാണ് നെവിന് മേൽ കോടതി ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം ചുമത്തിയത്. ഇതോടെ കേസിൽ പരമാവധി ശിക്ഷ ഫിലിപ്പിന് കിട്ടാനുള്ള സാധ്യതയാണ് തെളിയുന്നത്.

കത്തിയുമായാണ് ഭാര്യയെ കാണാൻ നെവിൻ വന്നത്. 17 കുത്തു കുത്തി. അതിന് ശേഷം മരണം ഉറപ്പിക്കാൻ വാഹനം ശരീരത്തിലൂടെ ഓടിച്ചു കയറ്റി. കൊലപാതകമെന്ന ലക്ഷ്യത്തോടെയാണ് ആയുധങ്ങളുമായി നെവിൻ എത്തിയത്. കാർ ശരീരത്തിലൂടെ ഓടിച്ചു കയറ്റിയതിൽ തന്നെ കുറ്റകൃത്യത്തിന്റെ സ്വഭാവം വ്യക്തമാണെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ഇതോടെ മുൻകൂട്ടി തീരുമാനിച്ചതായിരുന്നില്ല കൊലപാതകമെന്ന നെവിന്റെ അഭിഷാകന്റെ വാദം കോടതി തള്ളി. മരിക്കുന്നതിന് മുമ്പ് ഭർത്താവാണ് കൊലയാളിയെന്ന കുറ്റസമ്മതവും മെറിൻ നടത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേസിൽ പരമാവധി ശിക്ഷ നെവിന് കിട്ടുമെന്നുറപ്പാണ്. നെവിനെ മാനസികാരോഗ്യ പരിശോധനകൾക്ക് പൊലീസ് വിധേയമാക്കി. അതിന് ശേഷമാണ് ജയിലേക്ക് മാറ്റിയത്. അവിടേയും മാനസികാരോഗ്യ പരിശോധനകൾ നടക്കുന്നുണ്ട്.

മെറിൻ ജോയി കൊല്ലപ്പെട്ടത് ആശുപത്രിയിലെ കോവിഡ് വാർഡിലെ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ്. ആശുപത്രിയുടെ നാലാം നിലയിലായിരുന്നു കോവിഡ് വാർഡ്. ആ ആശുപത്രിയിലെ അവസാന ജോലി ദിവസം കഴിഞ്ഞ്, കൂട്ടുകാരോടു യാത്ര പറഞ്ഞാണ് മെറിൻ ഇറങ്ങിയത്. സഹപ്രവർത്തകർ നോക്കി നിൽക്കുമ്പോഴാണ് ഭർത്താവ് ഫിലിപ് മാത്യു മെറിനെ കുത്തി വീഴ്‌ത്തിയതും കാർ ഓടിച്ചു കയറ്റിയതും. അതുകൊണ്ട് നത്‌നെ കേസിന് ദൃക്‌സാക്ഷിയും ഉണ്ട്. പാർക്കിങ് സ്ഥലത്തു രക്തത്തിൽ കുളിച്ചു കിടക്കുമ്പോഴും 'എനിക്കൊരു കുഞ്ഞുണ്ട്' എന്നു മെറിൻ അലറിക്കരഞ്ഞുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

മെറിന്റെ വേർപാടിൽ വിറങ്ങലിച്ചിരിക്കുകയാണ് മോനിപ്പള്ളി ഊരാളി വീടും നാട്ടുകാരും. അമ്മയുടെ മരണം അറിയാതെ രണ്ട് വയസുകാരി മകൾ നോറ കളിയും ചിരിയുമായി വീട്ടിലുണ്ട്. യുഎസിൽ ഭർത്താവിന്റെ കുത്തേറ്റു മരിച്ച കോട്ടയം മോനിപ്പള്ളി ഊരാളിൽ മെറിൻ ജോയിയുടെ മകളാണ് നോറ. ഇന്ന് മെറിന്റെ പിറന്നാളും വിവാഹ വാർഷികവും ആഘോഷിക്കാനിരിക്കെയാണ് കൊലപാതകം നടന്നത്. മെറിൻ ഏവർക്കും പ്രിയപ്പെട്ടവളായിരുന്നു. പഠനത്തിലും മിടുക്കിയായിരുന്നു. കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പ് വീട്ടിലേക്ക് മെറിൻ വീഡിയോ കോൾ വിളിച്ചിരുന്നു. മകൾ നോറയുടെ കളി ചിരികൾ കണ്ടു. അച്ഛനോടും അമ്മയോയും അനുജത്തിയോടും സംസാരിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ മെറിന്റെ മരണവാർത്ത എത്തി.

2016ലാണ് വെളിയനാട് സ്വദേശി ഫിലിപ്പ് മാത്യുവുമായുള്ള വിവാഹം. ഇതിനു ശേഷമാണ് യുഎസിൽ പോയത്. കഴിഞ്ഞ ഡിസംബറിൽ മെറിനും ഫിലിപ്പും നോറയും നാട്ടിലെത്തി. ഫിലിപ്പും മെറിനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്ന് മെറിന്റെ പിതാവ് ജോയി പറയുന്നു. നാട്ടിലെത്തി 10 ദിവസം കഴിഞ്ഞപ്പോൾ ഫിലിപ് തിരികെ പോയി. ജനുവരി 12നു പോകാൻ വേണ്ടിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും ഫിലിപ്പ് നേരത്തേ മടങ്ങിപ്പോവുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് മെറിന്റെ പിതാവ് പറഞ്ഞു. നോറയെ സ്വന്തം വീട്ടിൽ ഏൽപിച്ച് ജനുവരി 29ന് മെറിനും മടങ്ങിപ്പോയി. മിക്ക ദിവസവും വിളിക്കും. വിശേഷങ്ങൾ പറയും. കഴിഞ്ഞ ദിവസവും വിളിച്ചിരുന്നു.

കോറൽ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി രാജിവച്ച് ഓഗസ്റ്റ് 15-ന് താമ്പയിലേക്ക് താമസം മാറ്റാനുള്ള ഒരുക്കത്തിലായിരുന്നു മെറിനെന്ന്, അച്ഛൻ ജോയി പറഞ്ഞു. ആശുപത്രിയിലെ അവസാനത്തെ ഷിഫ്റ്റ് പൂർത്തിയാക്കി പുറത്തിറങ്ങുമ്പോഴായിരുന്നു ദുരന്തം. മെറിൻ മറ്റൊരു കുടുംബത്തോടൊപ്പമായിരുന്നു താമസം. അവർക്കൊപ്പം 30-ന് ജന്മദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കവും നടത്തിയിരുന്നു. ഭർത്താവ് ഫിലിപ്പുമായുള്ള ബന്ധത്തിൽനിന്ന് രക്ഷപ്പെടാൻവേണ്ടിയാണ് മെറിൻ താമ്പയിലേക്ക് മാറാൻ തീരുമാനിച്ചതെന്ന്, ഒപ്പം ജോലിചെയ്തിരുന്ന സുഹൃത്തിനോട് പറഞ്ഞിരുന്നു.

കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്. 2019 ഡിസംബർ 19-നാണ് കുഞ്ഞുമായി ഇവർ നാട്ടിലെത്തിയത്. ചങ്ങനാശ്ശേരിയിൽ ഫിലിപ്പിന്റെ വീട്ടിൽ മെറിനെ ഫിലിപ്പ് ആക്രമിച്ചതായി ജോയി പറഞ്ഞു. മെറിൻ വിളിച്ചിട്ട് ജോയിയും ബന്ധുക്കളും മെറിനെ കൂട്ടാനായി ചങ്ങനാശ്ശേരിയിലെത്തി. ഈസമയം ഫിലിപ്പ് കുട്ടിയുമായി മുറിയിൽ കതകടച്ചിരുന്നു. ഏറെനേരത്തെ തർക്കത്തിനുശേഷമാണ് കുട്ടിയുമായി പുറത്തുവന്നത്. അന്ന് കുട്ടിയുമായി മെറിൻ മോനിപ്പള്ളിക്ക് പോന്നു. തുടർന്ന് ഇവർ ചങ്ങനാശ്ശേരി പൊലീസിൽ പരാതി നൽകി. വൈകാതെ ഫിലിപ്പ്, അച്ഛനും സുഹൃത്തുക്കൾക്കുമൊപ്പം കുട്ടിയെ ആവശ്യപ്പെട്ട് മോനിപ്പള്ളിയിലെത്തി. അന്നും തർക്കമുണ്ടായി. ഇതും പരാതിക്കിടയാക്കി. തുടർന്ന് ബന്ധം വേർപിരിയുന്നതിന് മെറിൻ കോടതിയെ സമീപിച്ചു.

നോറ 2018 ജൂണിലാണ് ജനിച്ചത്. ശുശ്രൂഷിക്കാനായി മെറിന്റെ അമ്മ മേഴ്സി അമേരിക്കയിൽ ഇവരുടെയടുത്ത് പോയിരുന്നു. അന്നും ഫിലിപ്പ് മെറിനെ ആക്രമിച്ച സംഭവമുണ്ട്. പൊലീസ് ഫിലിപ്പിനെ അറസ്റ്റുചെയ്തിരുന്നെന്നും മേഴ്സി പറഞ്ഞു. മെറിൻ ജോലികഴിഞ്ഞെത്തുമ്പോൾ ഫിലിപ്പ് വീട് അടച്ചുപൂട്ടി ഇരിക്കും. ഒരിക്കൽ വീടിനുള്ളിൽ കടക്കാൻവയ്യാതെവന്നപ്പോൾ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയപ്പോൾ ഫിലിപ്പ് ഉറക്കത്തിലായിരുന്നെന്നറിയിച്ച് കതക് തുറന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP