Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

**** പണിക്ക് മാത്രമേ കൊള്ളുകയുള്ളൂ.... ****കിട്ടാത്ത പ്രശ്‌നമാണ് നിനക്ക്... എന്റെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല....നിന്റെ കാര്യങ്ങൾ എല്ലാം...നിനക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടുള്ള പ്രശ്‌നമാണ്': അയ്യമ്പുഴ സ്റ്റേഷനിൽ വനിതാ പൊലീസ് ഓഫീസറോട് സ്റ്റേഷൻ റൈറ്ററുടെ ശകാരം; റൈറ്റർക്കെതിരെ പരാതി നൽകിയപ്പോൾ നെടുമ്പാശേരിയിലക്ക് ട്രാൻസ്ഫർ; ഡ്യൂട്ടിക്ക് പോയി പാതിവഴിയിൽ അപ്രത്യക്ഷയായി ഉദ്യോഗസ്ഥ

**** പണിക്ക് മാത്രമേ  കൊള്ളുകയുള്ളൂ.... ****കിട്ടാത്ത പ്രശ്‌നമാണ് നിനക്ക്... എന്റെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല....നിന്റെ  കാര്യങ്ങൾ എല്ലാം...നിനക്ക് തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയിട്ടുള്ള പ്രശ്‌നമാണ്': അയ്യമ്പുഴ സ്റ്റേഷനിൽ വനിതാ പൊലീസ് ഓഫീസറോട് സ്റ്റേഷൻ റൈറ്ററുടെ ശകാരം; റൈറ്റർക്കെതിരെ പരാതി നൽകിയപ്പോൾ നെടുമ്പാശേരിയിലക്ക് ട്രാൻസ്ഫർ; ഡ്യൂട്ടിക്ക് പോയി പാതിവഴിയിൽ അപ്രത്യക്ഷയായി ഉദ്യോഗസ്ഥ

എം മനോജ് കുമാർ

 നെടുമ്പാശ്ശേരി: കൊച്ചി നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയുടെ തിരോധാനത്തിലും മടങ്ങിവരവിലും അടിമുടി ദുരൂഹത. ഇന്നലെ രാവിലെ ജോലി ചെയ്യുന്ന നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരേഡിനായി എത്താനായി അയ്യമ്പുഴയിലെ വീട്ടിൽ നിന്ന് സ്‌കൂട്ടറിൽ ഇറങ്ങിയ ശേഷമാണ് വനിതാ പൊലീസ് ഓഫീസർ അപ്രത്യക്ഷയാകുന്നത്. ദേഹാസ്വാസ്ഥ്യമുണ്ടെന്ന് നെടുമ്പാശ്ശേരി സിഐയോട് വിളിച്ചു പറഞ്ഞ ശേഷം ഇവർ അപ്രത്യക്ഷയാവുകയായിരുന്നു. ഇന്നലെ രാവിലെ മുതൽ അയ്യമ്പുഴ പൊലീസ് നടത്തിവന്ന അന്വേഷണത്തിനു ഒടുവിൽ ഇന്നു ഉച്ചയോടെയാണ് ഇവരെ കണ്ടെത്തുന്നത്. പൊലീസ് അന്വേഷണം നടക്കുമ്പോൾ തന്നെ ഇവർ ഭർത്താവിനെ വിളിച്ച് താൻ തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ ഉണ്ടെന്നും കൊച്ചിയിലേക്ക് തിരിക്കുകയാണെന്നും ഫോണിൽ വിളിച്ചു അറിയിക്കുകയായിരുന്നു.

അയ്യമ്പുഴ പൊലീസ് സ്റ്റെഷനിൽ നിന്നും അനുഭവിക്കേണ്ടി വന്ന മാനസിക പീഡനങ്ങളും ഇത് പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സർവീസ് തലത്തിൽ വന്ന ശിക്ഷണ നടപടികളും മനസ് മടുപ്പിച്ചതിനാൽ ആത്മഹത്യ ചെയ്യുകയാണെന്ന് ഭർത്താവിനു കത്ത് എഴുതിവെച്ചശേഷമാണ് ഇന്നലെ വനിതാ പൊലീസ് ഓഫീസർ ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷയായത്. അസിസ്റ്റന്റ്‌റ് കമ്മിഷണർ വയർലെസിൽ പരസ്യ ശകാരം നടത്തിയതിന്റെ വിഷമം താങ്ങാൻ കഴിയാതെ കൊച്ചി സെൻട്രൽ സിഐ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഈ വിവാദത്തിന്റെ ചൂട് അടങ്ങും മുൻപ് തന്നെയാണ് കൊച്ചിയിൽ നിന്നും സമാനരീതിയിലുള്ള വനിതാ പൊലീസ് ഓഫീസറുടെ അപ്രത്യക്ഷമാകലും തിരിച്ചവരവും.

നെടുമ്പാശ്ശേരി സ്റ്റേഷൻ റൈറ്ററിൽ നിന്നും മോശമായ പെരുമാറ്റവും അത് എസ്‌ഐയോട് പരാതിപ്പെട്ടപ്പോൾ വാദി പ്രതിയായ അവസ്ഥ ഈ വനിതാ പൊലീസ് ഓഫീസർ നേരിട്ടിരുന്നു. മാനസിക പീഡനങ്ങളും അസഭ്യവർഷവും പതിവായപ്പോൾ നല്കിയ പരാതിയിൽ തനിക്കെതിരെ വന്ന നടപടിയിൽ മനംനൊന്താണ് ഈ വനിതാ പൊലീസ് ഓഫീസർ ഇന്നലെ സ്റ്റേഷൻ ഡ്യൂട്ടിക്ക് എന്ന രീതിയിൽ വീട്ടിൽ നിന്നും തിരിച്ച് പിന്നീട് ദുരൂഹമായ രീതിയിൽ അപ്രത്യക്ഷമായത്. ഇന്നലെ ആത്മഹത്യാ കുറിപ്പ് എഴുതിവെച്ച് കാണാതായ ശേഷം ഇവരുടെ ഫോൺ സന്ദേശം ഭർത്താവിനു ലഭിച്ച ശേഷമാണ് ഇതുവരെ തീ തിന്ന വീട്ടുകാർക്ക് ശ്വാസം നേരെ വീഴുന്നത്. കാണാനില്ലാ എന്ന് മനസിലായപ്പോൾ അയ്യമ്പുഴ പൊലീസ് സ്റ്റേഷനിൽ ചെന്നു പരാതി നൽകിയ ശേഷം തിരികെ വീട്ടിൽ എത്തിയപ്പോഴാണ് ഭർത്താവിനു എഴുതിവെച്ച ആത്മഹത്യാ കുറിപ്പ് വീട്ടുകാർ കാണുന്നത്.

വനിതാ പൊലീസ് ഓഫീസറുടെ ആത്മഹത്യാ കുറിപ്പും ദുരൂഹമായ സാഹചര്യത്തിലുള്ള അപ്രത്യക്ഷമാകലും സ്റ്റേഷൻ പീഡനവും ഒക്കെ മനസിലായപ്പോൾ അയ്യമ്പുഴ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇന്നലെ നിരന്തര അന്വേഷണമാണ് ഈ കാര്യത്തിൽ അയ്യമ്പുഴ പൊലീസ് നടത്തിയത്. അയ്യമ്പുഴയിൽ നിന്നും നിന്നും നെടുമ്പാശ്ശേരിക്കുള്ള യാത്രയ്ക്കിടെ മഞ്ഞപ്ര വരെ ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓൺ ആയിരുന്നു. മഞ്ഞപ്രയ്ക്ക് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയി. തുടർന്ന് അയ്യമ്പുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ അങ്കമാലി വരെ എത്തിയതായി കണ്ടു. അങ്കമാലി ബസ് സ്റ്റാൻഡിൽ ഇവർ സ്‌കൂട്ടർ വെച്ച ശേഷം പിന്നീട് എങ്ങോട്ട് പോയി എന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഇവരുടെ സ്‌കൂട്ടർ അങ്കമാലി ബസ് സ്റ്റാൻഡിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ഇവർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി വരുകയായിരുന്നു. ഇതിന്നിടയിലാണ് ഇവർ തിരുവനന്തപുരത്ത് വന്നെന്നും തിരികെ കൊച്ചിയിലേക്ക് വരുകയാണെന്നും ഭർത്താവിനെ വിളിച്ച് അറിയിക്കുന്നത്.

വനിതാ ഓഫീസറുടെ ദുരൂഹ തിരോധാനം ഇങ്ങനെ:

ഇന്നലെ രാവിലെ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ പരേഡ് ഉണ്ട്. ഈ പരേഡിനായി വനിതാ പൊലീസ് ഓഫീസർക്കും എത്തണം. അതിനായി രാവിലെ അവർ അയ്യമ്പുഴയുള്ള വീട്ടിൽ നിന്നും തിരിക്കുന്നു. ഇതിനിടയിൽ നെടുമ്പാശ്ശേരി സിഐയെ വിളിച്ച് തനിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടെന്നും പരേഡിനു എത്താൻ കഴിയില്ലെന്നും അറിയിക്കുന്നു. ലീവ് പറയുന്നു. തുടർന്നാണ് വനിതാ പൊലീസ് ഓഫീസറെ ദുരൂഹമായ സാഹചര്യത്തിൽ അപ്രത്യക്ഷയാകുന്നത്. മഞ്ഞപ്ര വരെ ഇവർ മൊബൈൽ റേഞ്ചിൽ ഉണ്ടായിരുന്നതായി അയ്യമ്പുഴ പൊലീസ് മറുനാടനോട് പറഞ്ഞിരുന്നു. മഞ്ഞപ്രയിൽ വെച്ച് ഇവർ മൊബൈൽ ഓഫ് ആക്കി. തുടർന്ന് അങ്കമാലി എത്തി തിരുവനന്തപുരത്തെക്കുള്ള ബസിനു കയറി എന്നാണ് സൂചന. താൻ എങ്ങിനെ തിരുവനന്തപുരത്ത് എത്തി എന്ന കാര്യം ഇവർ ഭർത്താവിനെ വിളിച്ച് അറിയിച്ചിട്ടില്ല. ഭാര്യ മിസ്സിങ് ആണെന്ന് മനസിലാക്കിയാണ് ഭർത്താവ് അയ്യമ്പുഴ പൊലീസിൽ പരാതിപ്പെടുന്നത്.

പരാതിപ്പെട്ടു വന്ന ശേഷമാണ് ഇവർ ഭർത്താവിനു എഴുതിവെച്ച ആത്മഹത്യാകുറിപ്പ് കൂടി വീട്ടുകാർക്ക് ലഭിക്കുന്നത്. ഉടൻ തന്നെ ഈ കുറിപ്പ് ഭർത്താവ് അയ്യമ്പുഴ പൊലീസിന് നൽകി. സ്റ്റേഷൻ പീഡനത്തിൽ മനംമടുത്താണ് ഇവർ അപ്രത്യക്ഷയായതെന്നും ആത്മഹത്യയാണ് ഉദ്ദേശ്യമെന്നും മനസിലാക്കിയതോടെ അയ്യമ്പുഴ സിഐയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കൊച്ചി സെൻട്രൽ സിഐ ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയും പിന്നീട് മടങ്ങിയെത്തുകയും ചെയ്തിരുന്നു. ഈ വിവാദത്തിന്റെ ചൂട് അടങ്ങും മുൻപ് തന്നെയാണ് ഈ സംഭവവുമെന്നതിനാൽ വാർത്താ തലക്കെട്ടുകൾ പിടിച്ചടക്കും മുൻപ് തന്നെ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി. ഇവർ അങ്കമാലിയിൽ നിന്ന് എങ്ങോട്ട് പോയി എന്ന കാര്യത്തിൽ പൊലീസ് ഇരുട്ടിൽ തപ്പുമ്പോഴാണ് ഇന്നു ഉച്ചയോടെ അന്വേഷണ സംഘത്തിന്റെയും വീട്ടുകാരുടെയും ശ്വാസം നേരെയാക്കി ഇവർ തിരുവനന്തപുരത്ത് ഉണ്ട് എന്ന് ഭർത്താവിനെ വിളിച്ച് അറിയിക്കുന്നത്.

ഭാര്യ ജോലിക്കിടെ നേരിട്ടത് തുടർച്ചയായ മാനസിക പീഡനങ്ങളെന്നു ഭർത്താവ്

ഇന്നലെ ഭാര്യ ജോലിക്ക് പോയി അപ്രത്യക്ഷമായത് മുതൽ നിരന്തര അന്വേഷണമായിരുന്നു. ആദ്യം സ്‌കൂട്ടർ അങ്കമാലി ബസ് സ്റ്റാൻഡിൽ നിന്നും കണ്ടെടുത്തു. മഞ്ഞപ്രയിൽ നിന്ന് മൊബൈൽ സ്വിച്ച് ഓഫ് ആയ ശേഷം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് അങ്കമാലി വരെ എത്തിയത്. അങ്കമാലിയിൽ നിന്ന് സ്‌കൂട്ടർ വെച്ച ശേഷം ഭാര്യ എങ്ങോട്ട് പോയി എന്ന് കണ്ടുപിടിക്കാൻ പൊലീസിന് കഴിഞ്ഞില്ല-തിരോധാനത്തെക്കുറിച്ച് പ്രതികരിക്കവേ വനിതാ പൊലീസ് ഓഫീസറുടെ ഭർത്താവ് മറുനാടനോട് പറഞ്ഞു. താൻ തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ ഉണ്ട് എന്നും അങ്ങോട്ട് തിരിക്കുകയാണ് എന്നും ഇന്നു ഉച്ചയ്ക്ക് ഭാര്യ തന്നെ വിളിച്ചു പറഞ്ഞു. ഇതോടെയാണ് ഞങ്ങൾക്ക് ആശ്വാസമായത്. ആത്മഹത്യാ കുറിപ്പ് കൂടി കണ്ടതിനാൽ ഞങ്ങൾ തീ തിന്നു. രണ്ടു കുട്ടികൾ ഉണ്ട്. ഒരു മോളും ഒരു മകനും. മകൾ ബിഎസ്സി കെമിസ്ട്രി വിദ്യാർത്ഥിനിയാണ്. എല്ലാവരും പേടിച്ചു.

പതിമൂന്നു വർഷത്തോളമായി പൊലീസ് സർവീസിൽ കയറിയിട്ട്. ആദ്യം നിയമനം അങ്കമാലി പൊലീസ് സ്റ്റേഷനിലായിരുന്നു. വിവിധ സ്റ്റെഷനുകളിൽ മാറി മാറി ഡ്യൂട്ടി നോക്കിയിട്ടാണ് ഒടുവിൽ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തുന്നത്. ഞാൻ ആത്മഹത്യ ചെയ്യുകയാണ് എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. മുൻ എസ്‌ഐ സുനു, മുൻ റൈറ്റർ ജോബി എന്നിവർ പിന്തുടർന്ന് വന്നു മാനസിക പീഡനം നടത്തുന്നു. ടാർജറ്റ് ചെയ്തുള്ള അറ്റാക്ക് ആണ് ഭാര്യ പൊലീസ് സർവീസിൽ ചിലർ കാരണം നേരിട്ടത്. സ്റ്റേഷനിലെ മുൻ റൈറ്റർ ഉണ്ണിക്കൃഷ്ണൻ ഭാര്യയോട് മോശമായി പെരുമാറി. **** പണിക്ക് മാത്രമേ നിന്നെ കൊള്ളുകയുള്ളൂ.... നല്ല പണി കിട്ടാത്ത പ്രശ്‌നമാണ് നിനക്ക്... എന്റെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല....നിന്റെ കാര്യങ്ങൾ എല്ലാം...നിനക്ക് തിന്നിട്ട് പല്ലിന്റെ ഇടയിൽ കയറിയിട്ടുള്ള പ്രശ്‌നമാണ്... ഇതെല്ലാമാണ് ഉണ്ണിക്കൃഷ്ണൻ ഭാര്യയോട് പറഞ്ഞത്. ഭാര്യ എസ്‌ഐയ്ക്ക് പരാതി നൽകി. എസ്‌ഐ പക്ഷെ റിപ്പോർട്ട് ഭാര്യയ്ക്ക് എതിരെയാണ് നൽകിയത്. ഉണ്ണിക്കൃഷ്ണൻ ഇടത് പശ്ചാത്തലമുള്ള ഓഫീസർ ആണ്. പൊലീസിലെ സഖാവാണ്. ഇയാൾക്കെതിരെ ഭാര്യ പരാതി നൽകിയപ്പോൾ എല്ലാവരും ഭാര്യയ്ക്ക് എതിരായി.

തുടർച്ചയായ മാനസിക പീഡനങ്ങൾ ഏറ്റുകൊണ്ടാണ് ഭാര്യയുടെ ജോലി ദിനങ്ങൾ കഴിഞ്ഞു പോകുന്നത്. ഉണ്ണികൃഷ്ണനെതിരെ നൽകിയ പരാതി ഒതുക്കി തീർക്കപ്പെട്ടു. ഉണ്ണികൃഷണനെതിരെ നൽകിയ പരാതിക്ക് മേധാവികൾ പുല്ലുവില പോലും കൽപ്പിച്ചില്ല. ഇതിന്നിടയിൽ ഭാര്യയ്ക്ക് പണിഷ്‌മെന്റ് ട്രാൻസ്ഫറും ഭാര്യ പരാതി നൽകിയ ഉണ്ണികൃഷ്ണനു പ്രമോഷൻ ട്രാൻസ്ഫറും. ഇതോടെയാണ് ഭാര്യ മാനസികമായി തളർന്നത്. ഒളിച്ചോട്ടത്തിനും ആത്മഹത്യാ കുറിപ്പിനും പിന്നിൽ ഈ നടപടിയാണ്. ഞങ്ങൾ എസ്‌പിക്ക് വരെ പരാതി നൽകി. പക്ഷെ ഈ പരാതിയിലും ഒരു നടപടിയും വന്നില്ല. ഇതാണ് പ്രശ്‌നങ്ങൾക്ക് വഴിവെച്ചത്-ഭർത്താവ് പറയുന്നു.

കൊച്ചിയിലെ പൊലീസിൽ നടമാടുന്ന അച്ചടക്കരാഹിത്യവും അരാജകമായ അവസ്ഥകളുമാണ് ഇപ്പോൾ വനിതാ പൊലീസ് ഓഫീസറുടെ ദുരൂഹമായ കാണാതാകലിനും അതിലും ദുരൂഹമായ തിരിച്ചു വരവിനും വഴി വെച്ചിരിക്കുന്നത്. പൊലീസുകാർക്ക് പൊലീസിൽ നിന്നും നീതി കിട്ടാതെ വരുന്ന പ്രശ്‌നങ്ങളാണ് പൊട്ടിത്തെറിയുടെ വക്കിലേക്കും ആത്മഹത്യയിലേക്കും ഒളിച്ചോടലിലേക്കും പൊലീസ് ഓഫീസർമാരെ നയിക്കുന്നത്. കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ ഭരിച്ച സിഐ നവാസിന് പോലും മേലുദ്യോഗസ്ഥനിൽ നിന്നും നീതി ലഭിച്ചിട്ടില്ല. മൊബൈൽ ഫോൺ മടക്കി നൽകി യൂണിഫോമും ഊരി മാറ്റി കൊച്ചി സെൻട്രൽ സിഐ അപ്രത്യക്ഷനായത് കേരളാ പൊലീസിനെ തന്നെ നടുക്കിയിരുന്നു.

പീഡനങ്ങളിൽ മനംനൊന്തുകൊച്ചിയിലെ ഒരു എസ്‌ഐ ആത്മഹത്യ ചെയ്ത വാർത്തയും വന്നത് ഈയിടെയാണ്. പൊലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ച് കൊച്ചി നല്ല ഇടമല്ല എന്ന വാർത്ത തന്നെയാണ് കൊച്ചിയിലെ പൊലീസ് ഉന്നതരും രഹസ്യമായി പങ്കു വയ്ക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് തോന്നുന്നത് തോന്നിയ രീതിയിൽ നടപ്പാക്കാൻ കഴിയുന്ന ഇടം എന്നാണ് കൊച്ചിയെ സംബന്ധിച്ച് പുറത്ത് വരുന്ന വിവരങ്ങളും. പൊലീസിലെ അച്ചടക്കം കൊച്ചിയിൽ നടപ്പാക്കപ്പെടുന്നില്ല. ഇത് തന്നെയാണ് ഡ്യൂട്ടിക്കിടെ ഒളിച്ചോടാൻ ശ്രമിച്ച കൊച്ചി സെൻട്രൽ സിഐയും ഇപ്പോൾ ഒളിച്ചോടിയ വനിതാ പൊലീസ് ഓഫീസറും ആത്മഹത്യയിൽ അഭയം തേടിയ പൊലീസ് ഓഫീസർമാരും സ്വന്തം ചെയ്തികൾ വഴി തെളിയിച്ചു കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP