Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമേരിക്കൻ വിമാനം കറാച്ചിയിൽ റാഞ്ചിയപ്പോൾ ജീവനക്കാരെ കണ്ട് സംസാരിക്കാൻ ഓടിച്ചെന്ന പത്രപ്രവർത്തക; കഥകളി ആചാര്യൻ ഗുരു കുഞ്ഞു കുറുപ്പിന്റെ കൊച്ചുമകൾ: എൽദോസ് കുന്നപ്പള്ളിയുടെ ഉറക്കം ലോകപ്രശസ്തമാക്കിയ ബിബിസി ലണ്ടൻ ആസ്ഥാനത്തെ മലയാളി ലേഖിക മേഘ മോഹന്റെ കഥ

അമേരിക്കൻ വിമാനം കറാച്ചിയിൽ റാഞ്ചിയപ്പോൾ ജീവനക്കാരെ കണ്ട് സംസാരിക്കാൻ ഓടിച്ചെന്ന പത്രപ്രവർത്തക; കഥകളി ആചാര്യൻ ഗുരു കുഞ്ഞു കുറുപ്പിന്റെ കൊച്ചുമകൾ: എൽദോസ് കുന്നപ്പള്ളിയുടെ ഉറക്കം ലോകപ്രശസ്തമാക്കിയ ബിബിസി ലണ്ടൻ ആസ്ഥാനത്തെ മലയാളി ലേഖിക മേഘ മോഹന്റെ കഥ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോകത്തെ ഏതു മുക്കിലും മൂലയിലും നടക്കുന്ന സംഭവങ്ങൾ ഇപ്പോൾ ആ നാടിനെ കുറിച്ചു കേട്ടറിവ് പോലും ഇല്ലാത്തവർ ചർച്ച ചെയ്യും, ചിലപ്പോൾ ഏറ്റുപിടിക്കും, മിക്കവാറും സാമൂഹ്യ പ്രാധാന്യം ഉള്ള വിഷയങ്ങളിൽ നിരന്തര ഇടപെടലും പരിഹാരവും ഒക്കെ സംഭവിക്കും. പണ്ടൊക്കെ വളരെ പരിമിതമായി ബിബിസിയും സിഎൻഎൻഉം ഏറ്റെടുത്തിരുന്ന ഇത്തരം ചർച്ചകൾ ജനസമൂഹം ഏറ്റെടുക്കുന്നത് നവ മാദ്ധ്യമ ശ്രേണിയിൽ ഫേസ്‌ബുക്കും ട്വിറ്ററും എത്തിയതോടെയാണ്. ഇതോടെ നയം മാറ്റാൻ ബിബിസിയും തയ്യാറായി.

ഇപ്പോൾ ഫേസ്‌ബുക്കിൽ എത്തുന്ന ഇത്തരം സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങൾ ഏറ്റെടുത്തു ലോകം മുഴുവൻ കൂടുതൽ ആളുകളിൽ എത്തിക്കുന്ന തരത്തിൽ വിഷയത്തെ സമഗ്രമായി അപഗ്രഥിച്ചു വിമർശനത്തിന്റെ മേമ്പൊടി കൂടി ചേർത്താണ് ബിബിസി ട്രെൻഡിങ് എന്ന പേരിൽ അവതരിപ്പിക്കുന്നത്. ഈ പുത്തൻ അവതരണം ആളുകളെ ഏറെ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ് വസ്തുത. ഇപ്പോൾ ബിബിസിയുടെ ട്രെന്റിങ്ങിൽ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസം കേരള നിയമ സഭയിൽ ഗവർണർ നടത്തിയ പ്രസംഗം കേട്ടു കൊണ്ടിരുന്ന എംഎൽഎ മാരുടെ ഉറക്കത്തെ കുറിച്ചാണ്.

ഈ വിഷയം ഫേസ്‌ബുക്കിൽ എത്തിയപ്പോൾ വി ടി ബലറാം എംഎൽഎ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയെ കുലുക്കി വിളിക്കുന്നതാണ് സോഷ്യൽ മീഡിയ കണക്കിന് കളിയാക്കി നിയമസഭാ സാമാജികരെ ഒന്നടക്കം കൊന്നു കൊല വിളിച്ചത്. എന്നാൽ എൽദോസിനൊപ്പം ഇരുപക്ഷത്തു നിന്നുമായി ചുരുങ്ങിയത് ഒരു ഡസൻ എംഎൽഎമാരെങ്കിലും ഉറക്കത്തിന്റെ ആഴത്തിലേക്ക് പോയെന്നു പിന്നീട് വ്യക്തമായപ്പോൾ ആക്ഷേപത്തിന്റെ മൂർച്ച കുറഞ്ഞു. എന്നാൽ ഇത്തരം വിഷയങ്ങളുടെ സാമൂഹ്യ പ്രാധാന്യത്തെ നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല എന്നറിയാവുന്ന ബിബിസി ടീമിന് തങ്ങളുടെ ട്രെന്റിങ് പ്രോഗ്രാമിലേക്കു കിട്ടിയ ചൂടൻ ഇനമായി പെട്ടെന്ന് മാറുക ആയിരുന്നു.

ഫേസ്‌ബുക്കിൽ എത്തുന്ന ഇത്തരം ട്രെന്റുകൾ കയ്യോടെ പൊക്കി ജനങ്ങളിൽ എത്തിക്കുക എന്നതാണ് ബിബിസി ചെയ്യുന്നത്. എന്നാൽ ബിബിസി ട്രെന്റിങ്ങിൽ മലയാളിയുടെ തൊലി ഉരിക്കാൻ പാകത്തിൽ റിപ്പോർട്ട് തയ്യാറാക്കിയ ആളെ തേടി പോകുമ്പോൾ കിട്ടുന്ന ഉത്തരമാണ് കൂടുതൽ രസം. അതും ഒരു മലയാളി തന്നെ, പേര് മേഘ മോഹൻ.

കഴിഞ്ഞ 5 വർഷമായി ബിബിസിയുടെ ലണ്ടൻ ആസ്ഥാനത്തു സീനിയർ ജേണലിസ്റ്റ് ആയി ജോലി ചെയ്യുകയാണ് മേഘ മോഹൻ. ഇന്നലെ ഇക്കാര്യം ചർച്ച ചെയ്യാനായി മറുനാടൻ മലയാളിയിൽ നിന്നു ബന്ധപ്പെട്ടപ്പോൾ ഏറെ സന്തോഷത്തോടെയാണ് മേഘ പ്രതികരിച്ചത്. കേരളത്തിൽ പിറന്ന മേഘ ഏഴു വയസ്സ് മുതൽ ലണ്ടനിൽ ആണ് താമസം. ജേണലിസ്റ്റ് ആയി മാറിയതോടെ സാമൂഹിക പ്രാധാന്യം ഉള്ള വിഷയങ്ങളുടെ പുറകെ കൂടി. ബിബിസി ട്രെന്റിങ് പതിപ്പ് തുടങ്ങിയപ്പോൾ ചെറുപ്പക്കാരിയായ മേഘ സീനിയർ ജേണലിസ്റ്റ് പദവിയിൽ നിയമിതയുമായി.

ജോലിയുടെ ഭാഗമായി കൂടുതൽ വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്തരുത് എന്ന മുഖവുര നൽകാനും മേഘ തയ്യാറായി. മൂന്നു പതിറ്റാണ്ട് മുൻപ് കറാച്ചി എയർപോർട്ടിൽ പാൻ അമേരിക്കൻ വിമാനം റാഞ്ചിയ സമയത്തെ മുഴുവൻ വിമാന ജീവനക്കാരെയും ഒന്നിച്ചു കണ്ടു സംസാരിച്ചു ലോകത്ത് തന്നെ ആദ്യമായി റിപ്പോർട്ട് ചെയ്തത് മുതൽ മേഘയുടെ കരിയറിൽ ചൂണ്ടിക്കാട്ടാൻ നേട്ടങ്ങളേറെ.

പ്രമുഖ കഥകളി ആശാൻ ആയിരുന്നു ഗുരു കുഞ്ഞു കുറുപ്പിന്റെ കൊച്ചു മകളാണ് മേഘ. തന്റെ അമ്മയുടെ അച്ഛനാണ് ഗുരു കുഞ്ഞു കുറുപ്പ് എന്നു പറയുന്നു. മുത്തച്ഛനുള്ള ദക്ഷിണ ആയി കഥകളിയെ പരിചയപ്പെടുത്തുന്ന പ്രത്യേക റിപ്പോർട്ടിങ്ങും മേഘ ബിബിസിക്കു വേണ്ടി ചെയ്തിരുന്നു. പാലക്കാട് ജില്ലയിലെ വെള്ളിനേഴി ഗ്രാമത്തിലാണ് മേഘയുടെ കുടുംബത്തിന്റെ വേരുകൾ.

മലയാളിയായി ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നു പറയുന്ന മേഘ എല്ലാ വർഷവും കേരളത്തിലെ ജന്മനാട്ടിൽ എത്തുന്നുണ്ട്. നിരവധി ബന്ധുക്കൾ തന്നെ കാണാൻ കാത്തിരിക്കുമ്പോൾ എങ്ങനെ പിറന്ന നാട്ടിൽ എത്താതിരിക്കും എന്നാണ് മേഘയുടെ ചോദ്യം. ജോലിയുടെ ഭാഗമായി ലോകത്തെ ഒട്ടു മിക്ക പ്രദേശങ്ങളിലും ഇതിനാകം എത്തിക്കഴിഞ്ഞ മേഘ ആഫ്രിക്കൻ ജനതയുടെ ദുരിതവും പലവട്ടം ബിബിസിയിലൂടെ ലോകത്തിന്റെ കണ്ണുകളിൽ എത്തിച്ചു കഴിഞ്ഞു.

ഫേസ്‌ബുക്കിൽ എൽദോസ് കുന്നപ്പള്ളിയുടെ ഉറക്കം മലയാളി ആഘോഷമാക്കിയത് അതേപടി എടുത്തു വിശദമായ റിപ്പോർട്ട് ആണ് ബിബിസി തയ്യാറാക്കിയിരിക്കുന്നത്. ഇതോടൊപ്പം ഈ ആഴ്‌ച്ചത്തെ വായനക്കായി രാജസ്ഥാനിൽ നിന്നു ഒരു സെൽഫി വിവാദവും ബിബിസിയിൽ മേഘയും സംഘവും പൊക്കിയിട്ടുണ്ട്. ബലാത്സംഗ കേസിൽ അകപ്പെട്ട സ്ത്രീയെ തേടി എത്തിയ വനിതാ കമ്മീഷൻ അംഗവും അഭിഭാഷകയും സ്ത്രീയോടൊപ്പം സെൽഫി എടുത്തു വാട്‌സ്ആപ് വഴി പ്രചരിപ്പിച്ചതു വിവാദം ആകുകയും കമ്മീഷൻ അംഗം രാജിവച്ചതുമാണ് ബിബിസിയുടെ വാർത്ത.

അരലക്ഷം രൂപ സ്ത്രീധനം കിട്ടാൻ ബാക്കി ഉണ്ടെന്നു കാട്ടി ഭർത്താവും രണ്ടു ബന്ധുക്കളും ചേർന്നാണ് സ്ത്രീയെ പീഡിപ്പിച്ചത്. ഈ വിഷയം വിവാദം ആയതിനെ തുടർന്നു അന്വേഷിക്കാൻ എത്തിയ വനിതാ കമ്മീഷൻ അംഗം സൗമ്യ ഗുജ്ജർ ചിരിച്ചു കൊണ്ടു സ്ത്രീയോടൊപ്പം സെൽഫി എടുത്തു സോഷ്യൽ മീഡിയയിൽ ഇട്ടതോടെ സമൂഹം ഒന്നടങ്കം പ്രതിഷേധം ഉയർത്തി. ഇതോടെ സൗമ്യ ഗുജ്ജർ രാജി വച്ചു തല ഊരുക ആയിരുന്നു. കമ്മീഷൻ ചെയർ പേഴ്‌സൺ സുമൻ ശർമ്മയെ കൂടി ചേർത്താണ് സൗമ്യ ഫോട്ടോ എടുത്തത്. ഇതോടെ പ്രമുഖർ അടക്കം ഉള്ളവർ ശക്തമായ പ്രതിഷേധവും ആയി രംഗത്തെത്തി. ഇക്കര്യങ്ങളെല്ലാം വിശദമായി തന്നെ റിപ്പോർട്ട് ചെയ്യാൻ മേഘ മോഹന്റെ ടീമിനെ പ്രേരിപ്പിക്കുക ആയിരുന്നു.

അതിനിടെ നിയമസഭയിൽ ഉറങ്ങിപ്പോയത് ലോകം ഒട്ടാകെ കണ്ടു കഴിഞ്ഞു എന്നു വ്യക്തമായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളിയും സന്ദർഭത്തിന് ഒത്തു ഉയർന്നു കഴിഞ്ഞു. ക്യാമറ ഒപ്പിയെടുത്ത സത്യത്തിനു മുന്നിൽ കണ്ണടച്ചിട്ടു കാര്യം ഇല്ലെന്നു തിരിച്ചറിഞ്ഞ എംഎൽഎ ഫേസ്‌ബുക്ക് വഴി തന്നെയാണ് ഉറക്കത്തെ കുറിച്ചു വിശദീകരിക്കുന്നതും. താൻ ശാരീരികമായി ക്ഷീണിതൻ ആയിരുന്നു എന്നാണ് എംഎൽഎയുടെ വിശദീകരണം. എന്നാൽ ഫേസ്‌ബുക്കിലെ ചുവടു പിടിച്ചു ബിബിസിയിലും സംഭവം എത്തിയപ്പോൾ എൽദോസ് കുന്നപ്പള്ളി അൽപ്പം പ്രതിരോധ മാർഗ്ഗത്തിലാണ്. ചമ്മൽ മറയ്ക്കാനായി തന്നെ ഹോളിവുഡിൽ എടുത്തു എന്നാണ് അദ്ദേഹം ഏറ്റവും ഒടുവിലായി ഫേസ്‌ബുക്കിലൂടെ തന്നെ പ്രതികരിച്ചിരിക്കുന്നത്.

എംഎൽഎയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ട്രോളേടുത്ത ഉറക്കത്തിന്റെ 'നയം '...

വ്യാഴാഴ്ച (ജൂൺ 23) നു ഉച്ചയോടെയാണു ശരീരവേദനയും കുളിരും തുടങ്ങിയത്. ആദ്യം പെരുമ്പാവൂരിലെ സർക്കാർ ആശുപത്രിയിൽ നിന്ന് മരുന്ന് വാങ്ങി കഴിചു. മൂന്ന് മണി മുതൽ അഞ്ച് മണി വരെ 'എന്റെ വീട് പെരുമ്പാവൂർ' പദ്ധതിയുടെ ഭാഗമായുള്ള ജനസമ്പർക്ക പരിപാടി. തിരികെ ക്ഷീണിതനായി പെരുമ്പാവൂരിലെ ഓഫിസിലെത്തി. പക്ഷെ വിശ്രമിക്കാൻ കഴിഞ്ഞില്ലാ. നിരവധി ആളുകൾ കാണാൻ എത്തിയിരുന്നു. അവരോടെല്ലാം സംസാരിച്ച് കഴിഞ്ഞപ്പോൾ രാത്രി 10 മണി. മകൻ സെബാസ്റ്റ്യന് സുഖമില്ലെന്ന് പറഞ്ഞ് ഭാര്യ മറിയാമ്മയുടെ കോൾ വന്നത് അപ്പോഴാണ്. ഉടൻ തന്നെ മൂവാറ്റുപുഴ വീട്ടിലേക്ക് തിരിച്ചു. അപ്പോഴും കടുത്ത ശരീര വേദന അലട്ടുന്നുണ്ടായിരുന്നു. വീട്ടിലെത്തി മകനെയും കണ്ട് രാത്രി 12 മണിക്ക് കാറിൽ തിരുവനന്തപുരത്തേക്ക്. പനിയും യാത്രയും കൂടിയായപ്പോൾ ശരീരം കൂടുതൽ ക്ഷീണിച്ചു. സഭയിൽ പോകേണ്ട എന്ന് ശരീരം പറഞ്ഞപ്പോഴും മനസ് അനുവദിച്ചില്ലാ. 'ഗവർണ്ണറുടെ നയപ്രഖ്യാപനം' ആദ്യമായി കാണുവാനും കേൾക്കുവാനുമുള്ള അവസരം പാഴാക്കരുതെന്ന് മനസ് വാശി പിടിച്ചു. പെരുമ്പാവൂർ ആശുപത്രിയിൽ നിന്നും ഡോക്ടർ തന്നത് കടുത്ത ക്ഷീണം ഉള്ള CIPROFLOXACIN, PARACETAMOL, CETRIZINE എന്നീ മരുന്നുകൾ. വയറൽ ഫീവർ ആണെന്നും അഞ്ച് ദിവസം നീണ്ടു നിൽക്കുമെന്നും ഡോക്ടർ നിർദ്ദേശിച്ചിരുന്നു. രാവിലെ ഛർദ്ദി വന്നതിനാൽ ഭക്ഷണം ഒഴിവാക്കിയാണ് സഭയിൽ വന്നത്. കടുത്ത പനിയാണെന്ന് സഭയിൽ തൊട്ടടുത്തിരുന്ന വി. ടി ബൽറമിനോട് പറഞ്ഞു. ഗവർണ്ണറുടെ പ്രസംഗത്തിനിടയിൽ ഇറങ്ങി പോകരുതെന്നു വി. ടി ബൽറാം നിർദ്ദേശിച്ചു.

ഒരു മണിക്കൂർ കൊണ്ട് തീരുമെന്ന് വിചാരിച്ച ഗവർണ്ണറുടെ നയപ്രഖ്യാപനം ഒന്നായി ഒന്നരയായി രണ്ടായി. തീരുന്നില്ലാ. നല്ല ക്ഷീണം, ഭക്ഷണവും കഴിച്ചിട്ടില്ല. അറിയാതെ കണ്ണുകൾ മറിയുന്നു. സമീപത്തേക്ക് നോക്കിയപ്പോൾ മറ്റു സാമാജികരും ഉറക്കച്ചടവിലാണ്. ഇടയ്ക്ക് അറിയാതെ കണ്ണുകൾ നിയന്ത്രണം വിടും, ഞാൻ പിടിച്ചു നിർത്താൻ ശ്രമിക്കും. ഈ മത്സരം തുടർന്ന് കൊണ്ടിരുന്നു. നയപ്രഖ്യാപനത്തിനിടയിൽ മെട്രോ വാർത്തയിലെ ജയചന്ദ്രൻ എന്ന സുഹൃത്ത് ക്യാമറയിൽ പകർത്തിയ ഈ മനോഹര ചിത്രമാണ് സമൂഹ മാദ്ധ്യമങ്ങൾ ട്രോളായി പിന്നീട് ആഘോഷിച്ചത്. പനിച്ച് വിറച്ച് എംഎൽഎ ഹോസ്റ്റലിൽ കിടന്ന കഴിഞ്ഞ 2 ദിവസവും ഞാൻ ഈ കൗതുക ട്രോളുകൾ ആസ്വദിച്ചു. പെരുമ്പാവൂരിലെ രണ്ട് ദിവസത്തെ പരിപാടികൾ എല്ലാം മാറ്റി വച്ച എനിക്ക് കൂട്ടായുണ്ടായത് ഈ ട്രോളുകളും അതുമായി ബന്ധപ്പെട്ട കമന്റുകളും പെരുമ്പാവൂരിലെ ജനങ്ങളുടെ ആശ്വസവാക്കുകളുമാണ്. എന്തായാലും ഞാൻ ഉറങ്ങിപ്പോയി എന്നത് യാഥാർത്ഥ്യമാണ്.

ഞാൻ മാത്രമല്ലാ നിയമസഭയിലെ മറ്റു സാമാജികരും ഉറങ്ങുന്ന ദൃശ്യങ്ങൾ മീഡിയ വൺ ചാനലും പത്രമാദ്ധ്യമങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. മറ്റുള്ളവർ ഉറങ്ങാൻ കാരണം നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തിലെ വിരസതയോ അതോ ശാരീരികമായ അവശതയോ എന്നെനിക്കറിയില്ലാ. എന്റെ ഉറക്കത്തിനു കാരണക്കാരനായത് 104 ഡിഗ്രി പനിയും കഴിച്ച് മരുന്നുകൾ മൂലമുണ്ടായ ക്ഷീണവുമാണ്. പനിച്ച് വിറച്ചെങ്കിലും ഇടക്ക് വച്ച് സഭയിൽ നിന്ന് ഇറങ്ങിയാൽ അത് ഗവർണ്ണറോടുള്ള അനാദരവായിപോകുമെന്നതിനാലാണു സഭയിൽ തന്നെ ഇരുന്നത്. നേരെ എംഎൽഎ ഹോസ്റ്റലിലെത്തി. അവിടുത്തെ വാഹനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പോയി മരുന്ന് വാങ്ങി രക്തവും പരിശോധിച്ചു. ഇപ്പോഴും കാര്യമായി പനി കുറഞ്ഞിട്ടില്ലാ. ഏതായാലും 'ചിത്രം വിചിത്രമാക്കിയ എന്റെ പനി ട്രോളിന്റെ 'നയം' വ്യക്തമാക്കാനാണ് ഈ കുറിപ്പെഴുതുന്നത്. മറ്റൊന്നിനുമല്ലാ. ആശ്വസിപ്പിച്ചവർക്കും സമാശ്വസിപ്പിച്ചവർക്കും നല്ല നമസ്‌ക്കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP