Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണി ചെയിൻ തട്ടിപ്പന്റെ പണം മലയാള സിനിമയിലെ പ്രമുഖ നടിക്കും കിട്ടി! നായികയുടെ സംവിധാന സംരഭത്തിലേക്ക് ഒഴുക്കിയത് 70 ലക്ഷമെന്ന് മൊഴി; രതീഷ് ചന്ദ്രൻ മോഹിച്ചത് നിർമ്മാതാവ് കുപ്പായത്തിൽ തിളങ്ങാൻ; ബയോ ടെക്‌നോളജിക്കാരൻ സോഫ്റ്റ് വെയർ വിദഗ്ധനും പിടിയിൽ; മീശ ബാബു കേസിൽ ആഴങ്ങൾ ഏറെ; അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

മണി ചെയിൻ തട്ടിപ്പന്റെ പണം മലയാള സിനിമയിലെ പ്രമുഖ നടിക്കും കിട്ടി! നായികയുടെ സംവിധാന സംരഭത്തിലേക്ക് ഒഴുക്കിയത് 70 ലക്ഷമെന്ന് മൊഴി; രതീഷ് ചന്ദ്രൻ മോഹിച്ചത് നിർമ്മാതാവ് കുപ്പായത്തിൽ തിളങ്ങാൻ; ബയോ ടെക്‌നോളജിക്കാരൻ സോഫ്റ്റ് വെയർ വിദഗ്ധനും പിടിയിൽ; മീശ ബാബു കേസിൽ ആഴങ്ങൾ ഏറെ; അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: അമ്പത് കോടിയുടെ മണിചെയിൻതട്ടിപ്പുകേസിലെ പ്രതി മലയാള സിനിമയിലെ പ്രമുഖ നടി സംവിധാനം ചെയ്യുന്ന സിനിമക്കായി മുടക്കിയത് 70 ലക്ഷം. തട്ടിപ്പിനായി സോഫ്റ്റ്‌വെയർ നിർമ്മിച്ച ശ്യാംകൃഷ്ണൻ ഇത് ഹാക്ക്ചെയ്തു രണ്ടുകോടി രൂപ തട്ടിയെടുത്തെന്നും പരാതി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അനുദിനം പരാതികളുടെ എണ്ണംകൂടുന്നു...

അമ്പതുകോടിയുടെ മണിചെയ്ൻ തട്ടിപ്പ് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പട്ടാമ്പിക്കാരൻ രതീഷ് ചന്ദ്രനാണ് തട്ടിപ്പിലൂടെ ലഭിച്ച പണം സിനിമാ മേഖലകളിലും, റിയൽ എസ്റ്റേറ്റ് ബിസിനസിലും ക്രിപ്‌റ്റോ കറൻസിയായി മാറ്റിയും നിക്ഷേപിച്ചത്. തട്ടിപ്പ് സംഘത്തലവൻ പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്രനും(43), മുഖ്യകണ്ണി തൃശ്ശൂർ തൃക്കൂർ തലോർ സ്വദേശി ഊട്ടോളി ബാബു എന്ന ഹരീഷ് ബാബു(50)വും അറസ്റ്റിലായതിന് പിന്നാലെ സംഘത്തിന് സോഫ്റ്റ്‌വെയറും മറ്റും നിർമ്മിച്ചു നൽകി രണ്ടുകോടിയോളം രൂപകൈപ്പറ്റിയ പത്തനംതിട്ട ആറംമുള സ്വദേശി ശ്രീകൃഷണ ഭവനം ശ്യാം കൃഷ്ണൻ (29) നെയും പൊലീസ് പിടികൂടി.

പ്രത്യേക അന്വോഷണ സംഘം ആറന്മുളയിൽ നിന്നാണ് പ്രതിയെ പൊക്കിയത്. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്‌നാട്, ബംഗാൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും കോടികൾ തട്ടിയ തട്ടിപ്പു സംഘത്തിൽ പിടിയിലാവുന്നത് മൂന്നാമത്തെ പ്രതിയാണ് ഇയാൾ. അതേ സമയം സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് ഇന്നു ക്രൈംബ്രാഞ്ചിന് കൈമാറി. കേസിന്റെ തുടരന്വേഷണങ്ങൾ ഇനി സംസ്ഥാന ക്രൈംബ്രാഞ്ചാകും അന്വേഷിക്കുക. പൊതുജനതാൽപര്യമുള്ളതും വൻ തുകയുടെ തട്ടിപ്പും, സംസ്ഥാനത്തിന് പുറത്തും അന്വേഷണം വ്യാപിച്ചു കിടക്കുന്നതിനാലാണു ക്രൈംബ്രാഞ്ചിന് വിടാൻ കാരണമായത്.

ബയോടക്‌നോളജിയിൽ ബിരുദധാരിയായ യുവാവ് എറണാംകുളത്ത് വെബ് ഡിസൈനിംഗും സോഫ്റ്റ് വെയർ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപനം നടത്തി വരികയാണ്. ഇതിന് പുറമെ പത്തിനംതിട്ടയിൽ വളർത്തു പക്ഷികളുടെ ഫാമും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ തട്ടിപ്പു സംഘത്തലവൻ രതീഷ് ചന്ദ്ര യുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പട്ടാമ്പിയിൽ സമാന തട്ടിപ്പിന് ഉപയോഗിച്ച സോഫ്റ്റ് വെയർ നിർമ്മിച്ച് നൽകിയതും ഇയാളാണ്.

എന്നാൽ ഈ കമ്പനിയിൽ നിന്നും സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് രണ്ട് കോടിയോളം രൂപ ഇയാൾ തട്ടിയെടുത്തതായി പറയുന്നു. കമ്പ്യൂട്ടർ വിദഗ്ദ്ധനായ ഇയാളാണ് തട്ടിപ്പിലൂടെ ലഭിച്ച പണം കൈകാര്യം ചെയ്തിരുന്നത്. തട്ടിപ്പിലൂടെ ലഭിച്ച പണം സിനിമാ മേഖലകളിലും, റിയൽ എസ്റ്റേറ്റ് ബിസിനസിലും ക്രിപ്‌റ്റോ കറൻസിയായി മാറ്റിയും നിക്ഷേപിച്ചതായി വിവരം ഉണ്ട്. പ്രതികളെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധി പേരാണ് പരാതിയുമായി എത്തിയത്.

ഇതുമായി ബന്ധപ്പെട്ട വിവിധ സ്റ്റേഷനുകളിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രധാന പ്രതികളായ രതീഷ് ചന്ദ്ര , ബാബു എന്നിവരെ കൂടുതൽ അന്വോഷണങ്ങൾക്കും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

കഴിഞ്ഞ ജൂലൈ 13ന് കൊണ്ടോട്ടി മുസ്ലീയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് ആദ്യമായ സൂചന ലഭിച്ചത്. 2020 ഒക്ടോബർ 15നാണ്് ആണ് തൃശ്ശൂരും കോഴിക്കോടും കേന്ദ്രീകരിച്ച് ആർ.വൺ ഇൻഫോ ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പാലക്കാട് പട്ടാമ്പി സ്വദേശി രതീഷ് ചന്ദ്രയും ബാബുവും ചേർന്ന് തുടങ്ങുന്നത്.

മൾട്ടി ലവൽ ബിസിനസ് നടത്തുന്ന ചിലരെ കൂടെ കൂടി തട്ടിപ്പിന് വേഗം കൂട്ടി. കേരളത്തിലെ എല്ലാ ജില്ലകളിലും എക്‌സിക്യൂട്ടിവു മാരെ വൻ സാലറി കളിൽ നിയമിച്ചു.'11250 രൂപ കമ്പനിയിൽ അടച്ചു ചേരുന്ന ഒരാൾക്ക് 6 മാസം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ 10 തവണ കളായി 2,70, 000 രൂപ, കൂടാതെ ആർ.പി ബോണസ് ആയി 81 ലക്ഷം രൂപ കൂടാതെ റെഫറൽ കമ്മീഷനായി 20% വും ലഭിക്കും.

ഒരാളെ ചേർത്താൽ 2000 രൂപ ഉടനടി അക്കൗണ്ടിലെത്തും 100 പേരെ ചേർത്താൽ കമ്പനിയുടെ സ്ഥിരം സ്റ്റാഫും വൻ സാലറിയും. കമ്പനിയുടെ മോഹന വാഗ്ദാനത്തിൽ വീണത് ഗൾഫിൽ ജോലി ചെയ്യുന്നവരും വീട്ടമ്മമാരും കുടുംബശ്രീയിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ 35000 ഓളം പേരാണ്. പലർക്കും കമ്പനി പറഞ്ഞ ലാഭം കിട്ടാതായതും നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും ആയതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

പൊലീസ് സൈബർ ഡോമിന്റ പേരിൽ വ്യാജ ബ്രൗഷറുകൾ വിതരണം ചെയ്തും വിവിധ ബിസിനസ് മാസികകളിൽ സ്‌പോൺസേർഡ് ലേഖനങ്ങൾ പ്രസിദ്ധീകരിപ്പിച്ചും ആണ് പ്രതികൾ തട്ടിപ്പു നടത്തി വന്നത് .തട്ടിപ്പിലൂടെ സമ്പാദിച്ച പണം ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനും ഫ്‌ളാറ്റുൾപ്പെടെ സ്ഥലങ്ങൾ വാങ്ങുന്നതിനും ഉപയോഗിച്ചതായും ക്രിപ്‌റ്റോ കറസിയാക്കി വിദേശത്തേക്ക് കടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

ഇയാളെ സമാന തട്ടിപ്പ് നടത്തിയതിന് മുൻപും പിടികൂടിയതായി വിവരം ഉണ്ട്. കോഴിക്കോട് ടൗണിൽ വൻ തുകക്ക് 5 ൽ അധികം ഫ്‌ളാറ്റുകൾ വാടകക്ക് എടുത്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞ് വന്നിരുന്നത്. ഇയാളുടെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ തട്ടിപ്പിന് ഉപയോഗിച്ച ലാപ്‌ടോപ്പുകൾ , മൊബൈൽ ഫോണുകൾ , മറ്റ് ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളി തൃശ്ശൂർ സ്വദേശി ഈ ട്ടോളി ബാബുവിനെയും ദിവസങ്ങൾക്ക് മുൻപ് പിടികൂടിയിരുന്നു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡിവൈഎസ്‌പി അഷറഫിന്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഇൻസ്പക്ടർ മനോജ് പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി.സഞ്ജീവ്, ഷബീർ ,രതീഷ് ഒളരിയൻ ,സബീഷ്, സുബ്രഹ്‌മണ്യൻ , പ്രശാന്ത് എന്നിവരാണ് കേസിലെ മുഴുവൻ പ്രതികളേയും പിടികൂടിയത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP