Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ചീഫ് ജസ്റ്റീസ് വിളിച്ചു ചേർത്ത യോഗത്തിൽ മീഡിയാ റൂം തുറക്കില്ലെന്ന് തീർത്ത് പറഞ്ഞു; വക്കീലന്മാർ പ്രശ്‌നക്കാരെന്ന് ചൂണ്ടിക്കാട്ടിയവർ കോടതിയിൽ എത്തിയത് പ്രശ്‌നം വഷളാക്കി; ഇന്നത്തെ പത്രവാർത്തയും അഭിഭാഷകരെ ചൂടുപിടിപ്പിച്ചു; അഭിഭാഷക-മാദ്ധ്യമ തർക്കം ഒരിക്കലും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായി

ചീഫ് ജസ്റ്റീസ് വിളിച്ചു ചേർത്ത യോഗത്തിൽ മീഡിയാ റൂം തുറക്കില്ലെന്ന് തീർത്ത് പറഞ്ഞു; വക്കീലന്മാർ പ്രശ്‌നക്കാരെന്ന് ചൂണ്ടിക്കാട്ടിയവർ കോടതിയിൽ എത്തിയത് പ്രശ്‌നം വഷളാക്കി; ഇന്നത്തെ പത്രവാർത്തയും അഭിഭാഷകരെ ചൂടുപിടിപ്പിച്ചു; അഭിഭാഷക-മാദ്ധ്യമ തർക്കം ഒരിക്കലും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാദ്ധ്യമ-അഭിഭാഷക തർക്കം അവസാനിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് ഹൈക്കോടതി പിൻവാങ്ങും. കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് തടസമില്ലെന്ന ചീഫ് ജസ്റ്റിസിന്റെ ഉറപ്പ് വിശ്വസിച്ച് ഹൈക്കോടതിയിലെത്തിയ മാദ്ധ്യമ പ്രവർത്തകർക്കു നേരെ വീണ്ടും അഭിഭാഷകരുടെ കൈയേറ്റ ഭീഷണിയെന്ന് മാദ്ധ്യമങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കള്ളത്തരമാണെന്ന് ഹൈക്കോടതിക്ക് തിരിച്ചറിഞ്ഞതോടെയാണ് ഇത്, ഇന്നലെ ഉച്ചയോടെ ചീഫ് ജസ്റ്റിസിന്റെ കോടതിയിലെത്തിയ വനിതകളുൾപ്പെടെ എട്ട് മാദ്ധ്യമ പ്രവർത്തകരെയാണ് പുറത്തു തടിച്ചുകൂടിയ അഭിഭാഷക സംഘം ഭീഷണിപ്പെടുത്തി മടക്കി അയച്ചുവെന്നായിരുന്നു മാദ്ധ്യമ വാർത്തകൾ. സംഭവം വിവാദമായപ്പോൾ തന്നെ ഹൈക്കോടതിയിൽ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിയുടെ ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. അത്തരമൊരു പ്രകോപനം ഉണ്ടായിട്ടില്ലെന്നാണ് ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ മാദ്ധ്യമ പ്രവർത്തകരുമായുള്ള അനുരഞ്ജന ചർച്ചകൾ അവസാനിപ്പിക്കുമെന്ന വ്യക്തമായ സൂചന മറുനാടൻ മലയാളിക്ക് ലഭിച്ചു.

വെള്ളിയാഴ്ച ഹൈക്കോടതിയിലെ മാദ്ധ്യമ-അഭിഭാഷക തർക്കം തീർക്കാൻ പുതുതായി ചുമതലയേറ്റ ചീഫ് ജസ്റ്റീസ് ചില ശ്രമങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി സംയുക്ത യോഗവും വിളിച്ചു. തുറന്ന മനസ്സോടെ ആയിരുന്നു ചീഫ് ജസ്റ്റിസായി പുതുതായി ചുമതലയേറ്റ ജസ്റ്റിസ് മോഹൻ എം. ശാന്തനഗൗഡർ കാര്യങ്ങൾ കണ്ടത്. മാദ്ധ്യമ പ്രവർത്തകർക്ക് സ്വതന്ത്രമായി റിപ്പോർട്ട് ചെയ്യാൻ എല്ലാ സാഹചര്യവും ഒരുക്കുമെന്ന് ചീഫ് ജസ്റ്റീസ് യോഗത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കണമെന്ന മാദ്ധ്യമ പ്രവർത്തകരുടെ ആവശ്യം അംഗീകരിച്ചതുമില്ല. ഇതിനൊപ്പം തർക്കത്തിന് കാരണക്കാരായ മാദ്ധ്യമ പ്രവർത്തകർ ഹൈക്കോടതിയിൽ വരുന്നതിനെ എതിർക്കുമെന്ന അഭിഭാഷകരുടെ വാദത്തേയും ചീഫ് ജസ്റ്റീസ് അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ താൻ അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ പക്ഷം. ഇതോടെ യോഗം അവസാനിക്കുകയും ചെയ്തു. ഇരുകൂട്ടരോടും പ്രശ്‌നം പാടില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഇതിനിടെയാണ് ഇന്നലെ പ്രശ്‌നങ്ങൾ ഉണ്ടായത്. അഭിഭാഷകർ തങ്ങളെ ആക്രമിച്ചുവെന്നായിരുന്നു മാദ്ധ്യമ പ്രവർത്തകരുടെ നിലപാട്. എത്രയും വേഗം പുറത്ത് പോയില്ലെങ്കിൽ അടിച്ചോടിക്കുമെന്നും തങ്ങൾക്ക് കേസും ജയിലുമൊന്നും പ്രശ്‌നമല്ലെന്നും അഭിഭാഷക അസോസിയേഷന്റെ ഭാരവാഹി ഉൾപ്പെടെയുള്ളവർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. പ്രശ്‌നത്തിൽ നേരിട്ട് ഇടപെടാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ്, ഇതു സംബന്ധിച്ച പരാതി രജിസ്ട്രാർ ജനറലിന് നൽകാൻ നിർദ്ദേശിച്ചു. മാദ്ധ്യമ പ്രവർത്തകർ പരാതി എഴുതി നൽകി. ഇത് ഹൈക്കോടതി ഇന്നലെ തന്നെ പരിശോധിച്ചു. പ്രകോപനം അഭിഭാഷകർ ഉണ്ടാക്കിയെന്നതിന് തെളിവില്ലെന്ന നിഗമനത്തിലാണ് ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ എത്തിയത്. ഇതിനിടെയാണ് അഭിഭാഷകർ പ്രശ്‌നമുണ്ടാക്കിയെന്ന തരത്തിൽ ഇന്ന് എല്ലാ പത്രങ്ങളിലും വാർത്ത എത്തിയത്. ഇതോടെ മാദ്ധ്യമ പ്രവർത്തകർ കള്ളക്കളി നടത്തുകയാണോ എന്ന സംശയം കോടതിക്കും ഉണ്ടാവുകയാണ്. ഇന്നലത്തെ പ്രശ്‌നങ്ങൾ തെറ്റിധാരണയുടെ ഫലമായിരുന്നുവെന്ന നിഗമനത്തിലാണ് ഹൈക്കോടതി ഉദ്യോഗസ്ഥർ എത്തിയിരുന്നത്. ഇത് ബോധപൂർവ്വമെന്ന പോലെ വാർത്ത വന്നതിനാൽ അനുരജ്ഞന സാധ്യത അടയുകയാണ്.

ഇന്ന് മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളിലെ പ്രധാന ആരോപണം ഇങ്ങനെയായിരുന്നു-കോടതി മുറിക്ക് പുറത്തിറങ്ങിയ മാദ്ധ്യമ പ്രവർത്തകരെ ആക്രമിക്കാൻ മുതിർന്ന സംഘത്തിൽ നിന്ന് രക്ഷിക്കാൻ പൊലീസ് വലയം തീർത്തു. ഹൈക്കോടതി സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനടക്കം പൊലീസ് മാദ്ധ്യമ പ്രവർത്തകർക്ക് സംരക്ഷണവുമായെത്തി. ഇവരെ രജിസ്ട്രാർ ജനറലിന്റെ ഓഫീസിലേക്ക് പൊലീസ് കൂട്ടിക്കൊണ്ടു പോയപ്പോൾ അഭിഭാഷകരും പിന്തുടർന്നു. ഇതിനിടെ രജിസ്ട്രാർമാരെ ചീഫ് ജസ്റ്റിസ് പ്രശ്‌നം ചർച്ച ചെയ്യാൻ തന്റെ ചേംബറിലേക്ക് വിളിപ്പിച്ചു. ചർച്ച കഴിഞ്ഞു തിരിച്ചെത്തിയ റിക്രൂട്ട്‌മെന്റ് രജിസ്ട്രാർക്ക് മാദ്ധ്യമ പ്രവർത്തകർ പരാതി കൈമാറി. ഇത് ചീഫ് ജസ്റ്റിസിന് സമർപ്പിക്കാമെന്നും മാദ്ധ്യമ പ്രവർത്തകർക്ക് പുറത്തേക്ക് പോകാൻ പൊലീസ് സംരക്ഷണം നൽകാമെന്നും രജിസ്ട്രാർ അറിയിച്ചു. പൊലീസ് സംരക്ഷണയിലാണ് മാദ്ധ്യമ പ്രവർത്തകരെ ഹൈക്കോടതിക്ക് പുറത്തെത്തിച്ചതെന്നും വാർത്ത പറയുന്നു. എന്നാൽ ഇത് തീർത്തും തെറ്റാണെന്ന് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ മറുനാടനോട് വെളിപ്പെടുത്തി.

ചീഫ് ജസ്റ്റീസിന്റെ യോഗത്തിലെ തീരുമാനങ്ങൾ വ്യക്തമായിരുന്നു. അതിന് ശേഷം പ്രശ്‌നങ്ങളുണ്ടാക്കിയ മാദ്ധ്യമ പ്രവർത്തകർ തന്നെ കോടതിയിലേക്ക് വീണ്ടുമെത്തി. പ്രകോപനം ഉണ്ടാക്കുകയെന്നതായിരുന്നു ലക്ഷ്യം. മിഡിയാ റൂം ഇനിയൊരിക്കലും തുറക്കില്ലെന്ന തീരുമാനമാകാം ഇതിന് കാരണം. ഇങ്ങനെ എത്തിയ മാദ്ധ്യമ പ്രവർത്തകർ സംരക്ഷണത്തിനായി പതിനഞ്ച് പൊലീസുകാരേയും കൊണ്ടു വന്നു. പൊലീസുകാരരുമായി കൂട്ടത്തോടെ എത്തിയ മാദ്ധ്യമ പ്രവർത്തകരെ കണ്ട് അഭിഭാഷകർ ഒത്തുകൂടുകയായിരുന്നു. പ്രകോപനമുണ്ടായത് അഭിഭാഷകരുടെ ഭാഗത്ത് നിന്നല്ല. ഇത് ഇന്നലെ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. മാദ്ധ്യമ പ്രവർത്തകരുടെ പരാതി ലഭിച്ചതിനെ തുടർന്ന് മിക്ക സിസിടിവിയും പരിശോധിച്ചു. അഭിഭാഷകർ പ്രകോപനം ഉണ്ടാക്കിയോ എന്ന് ബോധ്യപ്പെടാനായിരുന്നു ഇത്. അങ്ങനെ ബോധ്യം വന്ന കാര്യത്തിലാണ് പത്രങ്ങൾ ബോധപൂർവ്വം അസത്യം പ്രചരിപ്പിക്കുന്നതെന്ന് അഭിഭാഷകൻ മറുനാടനോട് പറഞ്ഞു. അതുകൊണ്ട് തന്നെ ഇനി ചർച്ചയുടെ സാധ്യത തീരെയില്ലെന്നാണ് വിലയിരുത്തൽ.

ഇതിലെ മനോരമ വാർത്ത തന്നെ ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകർ മാദ്ധ്യമ പ്രവർത്തകരെ സംശയമുനയിൽ നിർത്തുന്നത്. മനോരമ റിപ്പോർട്ട് ഇങ്ങനെ-മൂന്നു വനിതകളുൾപ്പെടെ എട്ടു മാദ്ധ്യമപ്രവർത്തകരാണു ചീഫ് ജസ്റ്റിസിന്റെ കോടതിമുറിയിൽ റിപ്പോർട്ടിങ്ങിന് എത്തിയത്. ഈ ഘട്ടത്തിൽ ഒരു കൂട്ടം അഭിഭാഷകർ പുറത്തെത്തി, മാദ്ധ്യമപ്രവർത്തകരിൽ ചിലരെ പുറത്തേക്കു വിളിച്ചു. ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്റെ ഭാരവാഹിയും അഭിഭാഷകരിലൊരാളും മാദ്ധ്യമ പ്രവർത്തകർ അകത്തു കടന്നതിനെ ചോദ്യം ചെയ്തു. ഉടൻ പുറത്തു പോയില്ലെങ്കിൽ എല്ലാവരെയും വിളിച്ചുകൂട്ടുമെന്നും, അടി വാങ്ങിയിട്ടേ പോവുകയുള്ളൂ എന്നും ആയിരുന്നു ഭീഷണി. അഭിഭാഷകർ കോടതിക്കു പുറത്തു കൂട്ടം കൂടി തുടങ്ങിയപ്പോൾ ചീഫ് ജസ്റ്റിസിനെ വിവരം ധരിപ്പിക്കാൻ ഗവൺമെന്റ് പ്ലീഡർ മുഖേന മാദ്ധ്യമ പ്രവർത്തകർ അനുമതി തേടി. ഗവൺമെന്റ് പ്ലീഡർ കോർട്ട് ഓഫിസറെ അറിയിച്ചെന്നും മനോരമ പറയുന്നു. ചീഫ് ജസ്റ്റീസിന്റെ മുറിയിൽ അഭിഭാഷകർ പ്രശ്‌നമുണ്ടാക്കിയിട്ടില്ലെന്നത് അദ്ദേഹത്തിന് തന്നെ അറിയാം. ഇത്തരത്തിലെ വാർത്ത എഴുത്തുകാരണം മാദ്ധ്യമ പ്രവർത്തകരുടെ കള്ളത്തരം ചീഫ് ജസ്റ്റീസിന് ബോധ്യപ്പെട്ടെന്നാണ് അവർ പറയുന്നത്.

എന്നാൽ ഈ വാദങ്ങൾ മാദ്ധ്യമ പ്രവർത്തകർ തള്ളികളയുകയാണ്. പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്ന ആഗ്രഹത്തോടെയാണ് ഹൈക്കോടതിയിൽ തങ്ങളെത്തുന്നതെന്ന് മാദ്ധ്യമ പ്രവർത്തകർ പറയുന്നു. ഹൈക്കോടതിയിൽ സ്വതന്ത്രമാദ്ധ്യമ പ്രവർത്തനത്ത് അവസരമൊരുക്കുമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞതുകൊണ്ടാണ് ഹൈക്കോടതിയിൽ എത്തിയത്. ഹൈക്കോടതിയിൽ സുരക്ഷ ഒരുക്കാൻ ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംവിധാനം തന്നെയുണ്ട്. അവിടെ എത്തിയപ്പോൾ രണ്ട് പൊലീസുകാർ തങ്ങളുടെ കൂടെ കൂടി. അഭിഭാഷകരുടെ ഭാഗത്ത് നിന്നാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. അല്ലാതെയുള്ള മാദ്ധ്യമ പ്രവർത്തകർക്കെതിരായ വാദം മുഴുവൻ തെറ്റാണെന്നും മാദ്ധ്യമ പ്രവർത്തകർ പറയുന്നു. ചീഫ് ജസ്റ്റീസി് ഇക്കാര്യങ്ങൾ അറിയാമെന്നും അവർ പറയുന്നു. പ്രധാന വിഷയം സംസാരിച്ച് പരിഹരിക്കാൻ അഭിഭാഷകർ തയ്യാറാകാത്തതാണ് പ്രശ്‌നാകരണമെന്നും മാദ്ധ്യമ പ്രവർത്തകർ വിശദീകരിക്കുന്നു. അറ് മാദ്ധ്യമ പ്രവർത്തകരെ ഹൈക്കോടതിയിൽ കേറ്റാനകില്ലെന്ന അഭിഭാഷകരുടെ വാദം അംഗീകരിക്കില്ലെന്നും അവർ പറയുന്നു.

ഒരു സ്ത്രീയെ കടന്നു പിടിച്ച കേസിൽ സർക്കാർ അഭിഭാഷകനായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാനെ പൊലീസ് അറസ്റ്റു ചെയ്ത വാർത്ത നൽകിയതിനെ തുടർന്ന് മാദ്ധ്യമ പ്രവർത്തകർക്കു നേരെ ജൂലായ് 19, 20 തീയതികളിൽ അഭിഭാഷകർ നടത്തിയ അക്രമങ്ങൾക്കു ശേഷം ഹൈക്കോടതിയിലെത്തി വാർത്ത റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കോടതി മുറികളിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തുന്ന മാദ്ധ്യമ പ്രവർത്തകർക്ക് മർദ്ദനമേൽക്കേണ്ടി വരുമെന്ന് അഭിഭാഷകരിൽ പലരും സമൂഹമാദ്ധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ, കോടതി നടപടി റിപ്പോർട്ട് ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്നും കോടതി മുറികളിൽ പ്രവേശിക്കാമെന്നും ഹൈക്കോടതി രജിസ്ട്രാർ പത്രക്കുറിപ്പിൽ വിശദീകരിച്ചു. പ്രശ്‌ന പരിഹാരത്തിനായി മാദ്ധ്യമ മാനേജ്‌മെന്റുകളുടെ പ്രതിനിധികളുമായി വ്യാഴാഴ്ച ഹൈക്കോടതിയിൽ നടത്തിയ ചർച്ചയിൽ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഇക്കാര്യം ഉറപ്പു നൽകിയിരുന്നു. ഇതനുസരിച്ചാണ് ഇന്നലെ മാദ്ധ്യമ പ്രവർത്തകരെത്തിയതെന്നും അവർ പറയുന്നു.

ഹൈക്കോടതിയിൽ മാദ്ധ്യമ പ്രവർത്തകർക്കു വിലക്കു തുടരുന്നത് ചീഫ് ജസ്റ്റിസും മുതിർന്ന അഭിഭാഷകരും നൽകിയ ഉറപ്പിന്റെ ലംഘനമാണെന്നു കേരള പത്രപ്രവർത്തക യൂണിയനും കുറ്റപ്പെടുത്തുന്നു. ചീഫ് ജസ്റ്റിസും എട്ടോളം ജഡ്ജിമാരും മാദ്ധ്യമ സ്ഥാപനങ്ങളുടെ പ്രതിനിധികളും പത്രപ്രവർത്തക യൂണിയൻ, അഭിഭാഷക സംഘടന എന്നിവരുടെ ഭാരവാഹികളും കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയിൽ അഭിഭാഷകരുടെ ഭാഗത്തു നിന്നു പ്രശ്‌നമുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചിരുന്നതായി യൂണിയൻ ജനറൽ സെക്രട്ടറി സി. നാരായണൻ പറഞ്ഞു. അഭിഭാഷക അസോസിയേഷന്റെ പ്രതിനിധിയായി പങ്കെടുത്ത മുതിർന്ന അഭിഭാഷകൻ എം.കെ. ദാമോദരന്റെ ഉറപ്പനുസരിച്ചാണു മാദ്ധ്യമ പ്രവർത്തകർക്കു കോടതിയിൽ വരാൻ ചീഫ് ജസ്റ്റിസ് അനുവാദം നൽകിയത്. രണ്ടര മാസത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകർ കോടതിയിൽ റിപ്പോർട്ടിങ് ജോലിക്ക് എത്തിയതും ഈ ഉറപ്പിനെത്തുടർന്നാണ്. ഇവരെയാണ് അഭിഭാഷകർ വീണ്ടും തടഞ്ഞത്.

ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശം അഭിഭാഷകർ അംഗീകരിക്കുന്നില്ലെന്ന് ഇതോടെ വ്യക്തമായി. ഇനി വേണ്ടത് കർശന നടപടിയാണ്. കോടതിയിൽ ആർക്കും ആരെയും പേടിക്കാതെ എത്താമെന്ന് ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസിനു സാധിക്കണം. ഇതിനു കർശന ഉത്തരവ് നൽകണം. മുഖ്യമന്ത്രി പിണറായി വിജയനും വിഷയത്തിൽ അടിയന്തരമായി ഇടപെടണം. മാദ്ധ്യമ പ്രവർത്തകർക്ക് ആവശ്യമെങ്കിൽ കോടതിക്കുള്ളിൽ വരെ പൊലീസ് സംരക്ഷണം നൽകാൻ മുഖ്യമന്ത്രി ഉത്തരവിടണമെന്നു നാരായണൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ലെന്നതാണ് വസ്തുത. ഇക്കാര്യം മുഖ്യമന്ത്രിയും നേരത്തെ വിശദീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രശ്‌ന പരിഹാര സാധ്യത അടയുകയാണെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP