Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓട നിർമ്മാണം സഡൻ ബ്രെക്കിട്ടത് പോലെ നിലച്ചത് മേയറുടെ മകളുടെ വീട്ടിനു മുന്നിൽ; ഓടയ്ക്ക് വേണ്ടി സ്ലാബും റാപും പൊളിക്കാൻ മേയർ തടസം നിൽക്കുന്നെന്ന് റസിഡന്റ്‌സ് അസോസിയേഷൻ; സ്ലാബ് പൊളിക്കലല്ല വെള്ളക്കെട്ട് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നു കൗൺസിലർ സ്റ്റെഫി ജോർജ്; പദ്ധതിക്ക് 17 ലക്ഷം അനുവദിച്ചത് തന്റെ താത്പര്യ പ്രകാരമെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും മേയർ ശ്രീകുമാർ മറുനാടനോട്; പട്ടം എൽഐസി ലൈനിലെ ഓട നിർമ്മാണം വിവാദമാകുമ്പോൾ

ഓട നിർമ്മാണം സഡൻ ബ്രെക്കിട്ടത് പോലെ നിലച്ചത് മേയറുടെ മകളുടെ വീട്ടിനു മുന്നിൽ; ഓടയ്ക്ക് വേണ്ടി  സ്ലാബും റാപും പൊളിക്കാൻ മേയർ തടസം നിൽക്കുന്നെന്ന് റസിഡന്റ്‌സ് അസോസിയേഷൻ; സ്ലാബ് പൊളിക്കലല്ല വെള്ളക്കെട്ട് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നു കൗൺസിലർ സ്റ്റെഫി ജോർജ്; പദ്ധതിക്ക് 17 ലക്ഷം അനുവദിച്ചത് തന്റെ താത്പര്യ പ്രകാരമെന്നും ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്നും മേയർ ശ്രീകുമാർ മറുനാടനോട്; പട്ടം എൽഐസി ലൈനിലെ ഓട നിർമ്മാണം വിവാദമാകുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ പ്രതിസന്ധി തീർത്ത് പട്ടം എൽഐസി ലൈനിലെ ഓട നിർമ്മാണം. എൽഐസി ലെയിനിലെ മൈനാട് ഭാഗത്തുനിന്ന് തുടങ്ങി ലക്ഷ്മിനഗർ വഴി മരപ്പാലത്ത് എത്തിച്ചേരുന്ന ഓടയുടെ നിർമ്മാണമാണ് കോർപ്പറേഷന് മുന്നിൽ പ്രതിസന്ധിയായി നിലനിൽക്കുന്നത്. ഓട നിർമ്മാണം താത്കാലികമായി നിലയ്ക്കാൻ കാരണമായത് മേയർ കെ.ശ്രീകുമാറിന്റെ ഇടപെടലാണ് എന്ന ആരോപണം വന്നതോടെ പ്രശ്‌നത്തിൽ രാഷ്ട്രീയവും കലർന്നു. കേശവദാസപുരം വാർഡിലെ ഓട വീതി കൂട്ടൽ പദ്ധതിയാണ് വിവാദക്കുരുക്കിൽ കുടുങ്ങിയത്. മേയറുടെ മകളെയാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത്. ഇവർ താമസിക്കുന്ന പട്ടം എൽഐസി ലൈനിലെ വീടിനു മുന്നിലെ ഓട നിർമ്മാണമാണ് വിവാദക്കുരുക്കിലായത്. ഓട നിർമ്മാണം പുരോഗമിച്ച് വരുന്ന വേളയിൽ മേയറുടെ മകളുടെ വീട്ടിനു മുന്നിലെത്തിയപ്പോൾ ഓട നിർമ്മാണം സഡൻ ബ്രേക്കിട്ടതുപോലെ നിന്നു. പട്ടം എൽഐസി ലൈനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി വരുന്ന ഒന്നര മീറ്റർ നീളത്തിലും വീതിയിലുമുള്ള ഓട നിർമ്മാണമാണ് വീടിനു മുന്നിൽ നിലച്ചത്. ഇതോടെ പട്ടം എൽഐസി ലൈൻ റസിഡൻസ അസോസിയേഷൻ പ്രതിഷേധവുമായി രംഗത്ത് വരുകയായിരുന്നു. ഒന്നരക്കോടി മുടക്കിയിട്ടും വെള്ളക്കെട്ടിന് പരിഹാരമാകാത്തത് മേയറുടെ നിലപാട് കാരണമാണെന്നാണ് അസോസിയേഷന്റെ ആരോപണം.

അപ്പുറവും ഇപ്പുറവും ഒന്നരമീറ്റർ നീളവും വീതിയും. വീടിനു മുന്നിൽ 75 സെന്റീമീറ്റർ മാത്രം. ഇവിടെ ബോട്ടിൽ നെക്ക് പോലെ. ഇവിടത്തെ സ്ലാബും പൊളിച്ച് ഒരേ രീതിയിൽ ഓടയ്ക്ക് നീളവും വീതിയും വേണമെന്നാണ് റെസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടത്. ഓടയ്ക്കു മുകളിൽ പണിതിരിക്കുന്ന റാംപും സ്ലാബും മാറ്റി പുതുക്കിപ്പണിതാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയൂ എന്നാണ് അസോസിയേഷൻ പറയുന്നത്. മേയറുടെ വീട്ടിനു മുന്നിൽ 75 സെന്റീമീറ്റർ വീതി മാത്രമേ ഓടയ്ക്ക് നിലവിലുള്ളൂ. അവിടെ ബോട്ടിൽ നെക്ക് പോലെ നിൽക്കുകയാണ്. മഴ പെയ്ത് വെള്ളം കുത്തിയൊലിച്ച് വന്നാൽ ഇവിടെ വെച്ച് ബ്ലോക്ക് ആകും. വെള്ളവും മാലിന്യവും മുൻ മുഖ്യമന്ത്രി സി.അച്ചുതമേനോന്റെ മകൻ ഡോക്ടർ രാമൻകുട്ടിയുടെ വീട്ടിലേക്ക് ഒഴുകും. ഇത് പ്രശ്‌നമായപ്പോഴാണ് ഓട നിർമ്മാണ പദ്ധതി വീണ്ടും തുടങ്ങിയത്-അസോസിയേഷൻ മറുനാടനോട് പ്രതികരിച്ചു. പൊളിച്ച് പണിയലിന് തടസം നിൽക്കുന്നത് മേയറാണ്. ഇതോടെയാണ് പ്രശ്‌നം രാഷ്ട്രീയ പ്രതിസന്ധിയായി മാറിയത്. എന്നാൽ പ്രശ്‌നത്തിനു വിശദീകരണവുമായി മേയർ കെ.ശ്രീകുമാർ രംഗത്തുണ്ട്.

പ്രശ്‌നത്തിനു പിന്നിൽ രാഷ്ട്രീയമെന്നാണ് മേയർ മറുനാടനോട് പ്രതികരിച്ചത്. സ്ലാബ് പൊളിക്കാതെ തന്നെ അവിടെ ഒന്നര മീറ്റർ ആഴവും വീതിയും ലഭിക്കും എന്ന് നഗരസഭാ എഞ്ചിനീയർമാരും കോൺട്രാക്ടറും വ്യക്തമാക്കിയിട്ടുണ്ട്. പിന്നെ എന്തിനാണ് സ്ലാബ് പൊളിച്ചു പണിയണം എന്ന ആവശ്യവുമായി ചിലർ മുന്നോട്ട് വരണം. പട്ടം എൽഐസി ലൈനിലെ വെള്ളക്കെട്ട് മറ്റാരെക്കാളും നന്നായി അറിയുന്ന ആളാണ് ഞാൻ. പദ്ധതി കൗൺസിലർ കൊണ്ടുവന്നതല്ല. ഞാൻ തന്നെ താത്പര്യമെടുത്ത് 17 ലക്ഷം പാസാക്കി ഓട നിർമ്മാണവും റോഡ് ടാർ ചെയ്യലും ആരംഭിച്ചതാണ്. വീടിനു മുന്നിലെ പ്രശ്‌നം അറിയാവുന്നതുകൊണ്ട് അത് പൊളിച്ച് പണിയണോ എന്ന് എഞ്ചിനീയറിങ് വിഭാഗത്തോട് അഭിപ്രായം തേടിയിരുന്നു. നിലവിലെ പ്രശ്‌നം സ്ലാബ് പൊളിക്കാതെ തന്നെ പരിഹരിക്കാം പിന്നെന്തിനാണ് സ്ലാബ് പൊളിക്കണം എന്ന് നിർബന്ധം പിടിക്കുന്നത്-മേയർ മറുനാടനോട് ചോദിച്ചു. വെള്ളക്കെട്ടം പരിഹരിക്കുക മേയർ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്. പക്ഷെ അവിടെ വെള്ളക്കെട്ട് വരില്ലെന്ന് എഞ്ചിനീയർമാർ തന്നെ സാക്ഷ്യപ്പെടുത്തി റിപ്പോർട്ട് തന്ന അവസ്ഥയിൽ സ്ലാബ് പൊളിക്കേണ്ടതില്ല. കോൺഗ്രസ് രാഷ്ട്രീയമാണ് പിന്നിലുള്ളത്. ഇതാണ് ഈ വിഷയം വഷളാക്കിയത്-മേയർ പറയുന്നു.

എന്തായാലും ഓട വീതികൂട്ടൽ പദ്ധതി കീറാമുട്ടിയായി നിൽക്കുകയാണ്. പ്രശ്‌ന പരിഹാരത്തിനു വാർഡ് കൗൺസിലറായ സ്റ്റെഫി ജോർജും രംഗത്തുണ്ട്. സ്ലാബ് പൊളിക്കാതെ തന്നെ അവിടെ നിലവിലെ രീതിയിൽ ആഴവും വീതിയും വരുമെന്ന് നഗരസഭാ എഞ്ചിനീയർമാർ പറഞ്ഞിട്ടുണ്ട്. ആ വർക്ക് അവർ അവിടെ ചെയ്യും എന്ന് പറഞ്ഞിട്ടുണ്ട്. പണി നിലയ്ക്കാതെ നോക്കാനാണ് ശ്രമിക്കുന്നത്-സ്റ്റെഫി ജോർജ് മറുനാടനോട് പറഞ്ഞു. അസോസിയേഷൻ സെക്രട്ടറി ജയചന്ദ്രൻ പ്രശ്‌നത്തെക്കുറിച്ച് മറുനാടനോട് വിശദീകരിക്കുന്നത് ഇങ്ങനെ: ഓട പൊളിച്ച് പണിയുന്നതാണ് നല്ലത്. ഓടയ്ക്ക് ഒന്നര മീറ്റർ നീളവും വീതിയും വരുമ്പോൾ ഇവിടെ 75 സെന്റീമീറ്റർ മാത്രമേയുള്ളൂ. വെള്ളക്കെട്ട് പ്രശ്‌നം ഇവിടെ രൂക്ഷമാണ്. ആറേഴു മാസം മുൻപ് ഓട നിർമ്മാണം മുടങ്ങിയതാണ്. അന്നും ഇതേ എതിർപ്പ് തന്നെയാണ് കാരണം. അന്ന് പിഡബ്ല്യുഡിആണ് പണി ചെയ്തിരുന്നത്. ഫണ്ട് തീർന്നുപോയി എന്ന് പറഞ്ഞു അവർ പണി നിർത്തി. ഏഴെട്ടു വർഷം കൊണ്ട് നടക്കുന്ന പണിയാണിത്. ഇപ്പോൾ വീണ്ടും ഓടയ്ക്ക് ഫണ്ട് പാസായി. ആ ജോലിയാണ് മുടങ്ങിക്കിടക്കുന്നത്. മൈനാട് ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. അത് പരിഹരിക്കാൻ ഓടയ്ക്ക് വീതി കൂട്ടാനാണ് വീണ്ടും ഓട വീതി കൂട്ടാൻ ഇറങ്ങിയത്.

മഴ പെയ്താൽ പെട്ടെന്ന് വെള്ളം പൊങ്ങുന്നുണ്ട്. പട്ടം എൽഐസി ലൈൻ ആണിത്. ലക്ഷ്മി ലൈനിൽ നിന്നും മരപ്പാലത്തേക്ക് പോകുന്ന റോഡ് ആണിത്. ആ റോഡിന്റെ സമീപമാണ് പ്രശ്‌നത്തിൽ അകപ്പെട്ട വീടുള്ളത്. 75 സെന്റീമീറ്റർ വീതിയുള്ള ഓടയാണ് വീടിനു മുന്നിലുള്ളത്. അത് ഒന്നര മീറ്റർ ആക്കുകയാണ്. ബാക്കി എല്ലായിടവും ഓട വീതി കൂടി. ഇവിടെ മാത്രം കൂടിയില്ല. വെള്ളം ഈ വീടിനു മുന്നിൽ വെള്ളം ബ്ലോക്ക് ആകും. ഇപ്പോൾ ഈ ഓടയ്ക്ക് അരികിൽ മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകന്റെ വീടുണ്ട്. ആ വീട്ടിലേക്കാണ് അഴുക്ക് വെള്ളം കുത്തി ഒലിച്ചു പോകുന്നത്. വെള്ളത്തിലെ മാലിന്യം മുഴുവൻ ഈ വീട്ടിലാണ് എത്തുന്നത്. ഇത് പരിഹരിക്കാനാണ് ഓട വീതി കൂട്ടിയത്. പക്ഷെ മേയറുടെ മകളുടെ വീടിനു മുന്നിൽ ജോലികൾ ബ്ലോക്ക് ആണ്. ഒരു റാമ്പ് വീടിനു മുന്നിലുമുണ്ട്. അതും സ്ലാബും പൊളിക്കണം. അതിനാണ് മേയർ എതിർക്കുന്നത്. എംപി ഫണ്ട്, എംഎൽഎ ഫണ്ട് എല്ലാം ഉപയോഗിച്ചാണ് ജോലി നടക്കുന്നത്. ഇപ്പോൾ എല്ലാം മുടങ്ങിയപ്പോഴാണ് കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് ജോലികൾ നടക്കുന്നത്. പ്രശ്‌നം ഉന്നയിച്ച് റസിഡൻസ് അസോസിയേഷൻ കോർപറേഷനിൽ പരാതി നൽകും-ജയചന്ദ്രൻ പറയുന്നു.

ഫണ്ട് പാസാക്കി പദ്ധതി ആരംഭിച്ചത് എന്റെ താത്പര്യത്തിൽ; സ്ലാബ് പൊളിക്കാതെ തന്നെ വെള്ളക്കെട്ട് ഒഴിവാകും: മേയർ

ഫണ്ട് പാസാക്കി പദ്ധതിക്ക് തുടക്കമിട്ടത് തന്നെ എന്റെ താത്പര്യപ്രകാരമാണ്. അവിടെ വെള്ളക്കെട്ട് വരുമെങ്കിൽ സ്ലാബ് ഞാൻ പൊളിക്കുമായിരുന്നു. വിദഗ്ദ അഭിപ്രായം തേടിയപ്പോൾ എഞ്ചിനീയർമാർ വന്നു സ്ലാബ് പൊളിക്കേണ്ടതില്ലാ എന്ന് പറഞ്ഞു. എന്റെ മകൾ താമസിക്കുന്ന വീട് ആയതിനാലാണ് പ്രശ്‌നമായത്. അല്ലെങ്കിൽ ആരും തിരിഞ്ഞു പോലും നോക്കുമാകാത്ത പ്രശ്‌നമാണിത്. സ്ലാബ് പൊളിക്കണം എന്ന നിർബന്ധബുദ്ധിക്ക് പിന്നിൽ കോൺഗ്രസിന്റെ അളിഞ്ഞ രാഷ്ട്രീയമാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ ആരോപണമാണിത്. സ്ലാബ് പൊളിക്കാതെ തന്നെ നിലവിലെ വീതിയും ആഴവും അവിടുത്തെ ഓടയ്ക്ക് ലഭിക്കും. ഇത് പറയുന്നത് കോൺട്രാക്ടറും നഗരസഭാ എഞ്ചിനീയർമാരുമാണ്. അവിടെ അഴുക്കുവെള്ളം പോകാൻ തടസം വന്നിരുന്നെങ്കിൽ മേയർ എന്ന നിലയിൽ ഞാൻ തന്നെ ഇടപെട്ടു സ്ലാബ് പൊളിച്ച് ഓടയ്ക്ക് വീതി കൂട്ടാൻ ആവശ്യപ്പെടുമായിരുന്നു. അതാണ് തിരഞ്ഞെടുപ്പ് മുൻ നിർത്തിയുള്ള രാഷ്ട്രീയമാണ് ഇതിനു പിന്നിൽ എന്ന് ഞാൻ പറയുന്നത്- മേയർ കെ.ശ്രീകുമാർ മറുനാടനോട് പറഞ്ഞു.

നഗരസഭാ എഞ്ചിനീയർമാർ സ്ഥലം സന്ദർശിച്ച് അവിടെ അകത്ത് തന്നെ വീതിയും ആഴവും കൂട്ടാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. റിപ്പോർട്ടും നൽകിയിട്ടുണ്ട്. വെള്ളക്കെട്ട് ഒഴിവാക്കുകയാണ് വേണ്ടത്. അതിൽ രാഷ്ട്രീയം കലർത്തുകയല്ല വേണ്ടത്. ഓടയുടെ ആ ഭാഗത്ത് വീതിയും ആഴവും വരും. വാർഡ് കൗൺസിലർ അല്ല ഇപ്പോഴുള്ള വികസന പ്രവർത്തനത്തിനു പിന്നിൽ. ഞാൻ തന്നെ കൗൺസിലറുമായി സംസാരിച്ച് അവിടെ വികസന പ്രവർത്തനങ്ങൾ നടത്തുകയാണ്. മേയർ എന്ന നിലയിൽ എന്റെ താത്പര്യം നിലവിലെ ജോലികൾക്ക് പിന്നിലുണ്ട്. 17 ലക്ഷം രൂപയുടെ ഫണ്ട് റോഡ് താർ ഉൾപ്പെടെ ചെയ്യാൻ ഞാൻ തന്നെ മുൻകൈ എടുത്ത് പാസാക്കി നല്കിയതാണ്. ഇത് കൗൺസിലർക്കും അറിയാം. അവിടെയുള്ള ആളുകൾ കരുതുന്നത് കൗൺസിലർ താത്പര്യമെടുത്ത് ഫണ്ട് പാസാക്കിയെടുത്ത് ചെയ്യുന്നതാണ് എന്നാണ്. വാസ്തവം അതല്ല. കൗൺസിലർക്കും ഈ കാര്യം അറിയാം. ഈ ഘട്ടത്തിൽ ആണ് മകളുടെ വീടിനു മുന്നിലുള്ള സ്ലാബ് പൊളിച്ച് പണിയേണ്ട പ്രശ്‌നം വന്നത്.

നഗരസഭയിലെ എഞ്ചിനീയറിങ് വിഭാഗം അവിടെ വന്നു പരിശോധിച്ചിരുന്നു. മകളുടെ വീടിനു മുന്നിലുള്ള ഓടയ്ക്ക് വീതി കുറവാണ് എന്ന പ്രശ്‌നം എഞ്ചിനീയർമാർ പരിശോധിച്ചു. അവിടം പൊളിച്ചു പണിയാതെ തന്നെ അകത്ത് ഇതേ രീതിയിൽ വീതി കൂട്ടാം എന്നാണ് അവർ പറഞ്ഞത്. ഓടയുടെ പണി ഏറ്റെടുത്ത കോൺട്രാക്ടർക്കും എതിർ അഭിപ്രായമില്ല. അവിടെ സ്ലാബ് പൊളിക്കണം എന്ന് എഞ്ചിനീയറിങ് വിഭാഗമോ കോൺട്രാക്ടറോ ആവശ്യപ്പെടുകയാണെങ്കിൽ പൊളിക്കാൻ എനിക്ക് വിസമ്മതമില്ല. പൊളിക്കാതെ തന്നെ പ്രശ്‌നം പരിഹരിക്കാൻ കഴിയും എന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കെ എന്തിനു സ്ലാബ് പൊളിക്കണം. അതാണ് ഇതിനു പിന്നിൽ രാഷ്ട്രീയമുണ്ട് എന്ന് ഞാൻ പറയുന്നത്. അവിടെ ഒരു കുഴപ്പവും ഇല്ലാതെ നിലവിലെ വീതിയിലും ആഴത്തിലും തന്നെ വെള്ളം അവിടെക്കൂടി ഒഴുകിപ്പോകും. അതിനുള്ള നിർദ്ദേശം ഞാൻ നൽകിയിട്ടുണ്ട്. കൗൺസിലർക്കും ഈ കാര്യം അറിയാം. ഇത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള കോൺഗ്രസ് രാഷ്ട്രീയത്തിന്റെ നീക്കമാണ്. മനഃപൂർവം ചെളി വാരി എറിയുക എന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ട്. സ്ഥിതി ഗതികൾ ഇങ്ങനെയായിരിക്കെ രാഷ്ട്രീയം പിന്നിൽ ഉള്ളതുകൊണ്ടാണ് സ്ലാബ് പൊളിച്ച് ഓട വീതി കൂട്ടണം എന്ന് പറയുന്നത്. ഇത് തീർത്തും അനാവശ്യമായ കാര്യമാണ്. ഈ പ്രശ്‌നം സൃഷ്ടിച്ചത് കെ.മുരളീധരൻ എംഎൽഎയായ കാലത്താണ്. അന്ന് ഓടയ്ക്ക് വീതി കൂട്ടിയപ്പോൾ ഇവിടെ കൂട്ടിയില്ല. ഇതിൽ ഞങ്ങൾക്ക് എതിർപ്പുണ്ടായിരുന്നു. പക്ഷെ ഞങ്ങൾ പരാതി നൽകാൻ ഒന്നും പോയില്ല. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ അന്നേ ഇവിടം പൊളിച്ച് പണിയുമായിരുന്നു.

കെ.മുരളീധരൻ എംഎൽഎയായ സമയത്ത് ഓട നിർമ്മാണം എംഎൽഎ ഫണ്ട് ഉപയോഗിച്ച് നടത്തിയതാണ്. ഈ ഭാഗം അന്ന് അവർ ഒഴിച്ചിട്ടു. അതെന്തിനാണ്. ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലത്ത് ഓട പൊളിച്ച് പണിയാൻ അവർ താത്പര്യം കാട്ടിയില്ല. വളരെ മോശം കാര്യമാണ് അന്ന് കോൺഗ്രസുകാർ കാട്ടിയത്. ഈ പ്രശ്‌നത്തിൽ ഞങ്ങൾ പരാതിയുമായി പോയില്ല. അന്ന് തന്നെ ഓടയുടെ ആ ഭാഗം പൊളിച്ച് പണിയേണ്ടതായിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങൾ നിർത്തി അവിടെ അവർ തൊടാതെ വെച്ചു. കോൺഗ്രസിന്റെ ഭാഗത്ത് നിന്നും വന്ന പ്രഷർ ആണ് ഇതിനു പിന്നിൽ. അന്ന് ഇവിടെ പൊളിച്ച് പണിയാതിരുന്നത് കാരണം ഓട നിർമ്മാണത്തിന്റെ ഗുണഫലങ്ങൾ ലഭിച്ചില്ല. നേരത്തെയുള്ള വീതിക്ക് അനുസരിച്ചാണ് ഓട നിർമ്മാണം. എഞ്ചിനീയറിങ് വിഭാഗം എതിർപ്പ് പറഞ്ഞില്ല. അതേ വീതിയിൽ തന്നെ വെള്ളം ഈ ഭാഗത്ത് കൂടി തന്നെ പോകും-മേയർ പറയുന്നു.

സ്ലാബ് പൊളിക്കണമെന്ന് നിർബന്ധമില്ല; വെള്ളക്കെട്ട് നീക്കുക മാത്രം ലക്ഷ്യം; സ്റ്റെഫി ജോർജ്

പട്ടം എൽഐസി പ്രദേശത്ത് ഓടയ്ക്ക് വീതി കൂട്ടൽ നടക്കുന്നുണ്ട്. മേയറുടെ മകളുടെ വീട്ടിനു മുന്നിൽ ഒരു ബോട്ടിൽ നെക്ക് പോലെ നിൽക്കുകയാണ്. ഒന്നര മീറ്റർ ആഴത്തിലും വീതിയിലും അവിടെ ഓട നിർമ്മിക്കുന്നുണ്ട്. പക്ഷെ മേയറുടെ വീട്ടിനു മുന്നിൽ ഈ വീതിയില്ല. അവിടെ വെള്ളക്കെട്ട് രൂക്ഷമാണ്. അതിനാണ് ഓട വീതി കൂട്ടുന്നത്-കൗൺസിലർ സ്റ്റെഫി ജോർജ് മറുനാടനോട് പറഞ്ഞു. . നിലവിൽ കോൺട്രാക്ടർ പറയുന്നത് അത് പൊളിക്കാതെ തന്നെ നിലവിലെ വീതിയും നീളവും കൂട്ടാമെന്നാണ്. ഒരു പ്രശ്‌നം ഒഴിവാക്കുകയാണ് ചെയ്യുന്നത്. പൊളിക്കാതെ അകത്ത് വീതി കൂട്ടാൻ കഴിയുമെങ്കിൽ അങ്ങിനെ ചെയ്യുന്നതിന് എതിർപ്പില്ല. എഞ്ചിനീയർമാരും വന്നു നോക്കി ഇത് പറഞ്ഞിട്ടുണ്ട്. നിലവിൽ അവിടെ ബോട്ടിൽ നെക്ക് ആകരുത് എന്നാണ് ഞങ്ങൾക്ക് നിർബന്ധമുള്ളത്. അപ്പോഴാണ് പ്രതിസന്ധി വന്നത്. പക്ഷെ എഞ്ചിനീയറും കോൺട്രാക്ടറും പറയുന്നത് പൊളിക്കാതെ തന്നെ വീതിയും ആഴവും ലഭിക്കും എന്നാണ്. ടെക്‌നിക്കൽ ടീം അങ്ങനെ പറഞ്ഞാൽ ഞങ്ങൾക്ക് പ്രശ്‌നമില്ല. ഇതേ പ്രശ്‌നം മുൻപും അവിടെ നിലനിന്നിരുന്നു. കെ.മുരളീധരന്റെ കാലത്തും ഈ അഭിപ്രായസമന്വയത്തിൽ എത്താൻ കഴിഞ്ഞില്ല. അന്നും ഓടയ്ക്ക് വേണ്ടി കുറെ കാശ് കളഞ്ഞതാണ്. പണി നിന്ന് പോകുന്ന അവസ്ഥ അന്ന് വന്നിരുന്നു. അതാണ് അന്ന് ഓട പൊളിക്കാതിരുന്നത്. വെള്ളത്തിന്റെ ഫോഴ്‌സ് അതേ രീതിയിൽ ഈ വീടിനു മുന്നിലൂടെ പോകുമെങ്കിൽ ഓട പൊളിക്കേണ്ടതില്ല. പണി എന്തായാലും മുടങ്ങിയിട്ടില്ല.-സ്റ്റെഫി ജോർജ് പറയുന്നു. എന്തായാലും കടുത്ത പ്രതിഷേധമാണ് പട്ടം എൽഐസി ലൈൻ റെസിഡന്റ്‌സ് അസോസിയേഷൻ നടത്തുന്നത്. ഈ കാര്യത്തിൽ അവർ വാട്‌സ് അപ്പ് സന്ദേശങ്ങൾ ഉടമകൾക്ക് അയച്ചിട്ടുണ്ട്. ആ സന്ദേശത്തിൽ കുറിക്കുന്നത് ഇങ്ങനെ:

LIC ലെയിൻ പ്രദേശത്തെ മൈനാട് ഭാഗത്തുനിന്ന് തുടങ്ങി ലക്ഷ്മിനഗർ വഴി മരപ്പാലത്ത് എത്തിച്ചേരുന്ന ഓടയുടെ (ലക്ഷ്മിനഗർ തോട്) വീതി കൂട്ടുന്ന പ്രവർത്തനം പല ഘട്ടങ്ങളിലായി നടന്നു വരികയായിരുന്നു. ഒരു വീട്ടുകാരുടെ എതിർപ്പു കാരണം മുടങ്ങിക്കിടന്ന പ്രവർത്തനം വാർഡ്കൗൺസിലറുടെ ഇടപെടലിലൂടെ ഒരാഴ്ചമുമ്പ് പുനരാരംഭിച്ചു. ഈ പ്രവർത്തനം നല്ലരീതിയിൽ നടന്നു വരികയായിരുന്നു. ഇതിനിടയിൽ നേരത്തേ സൂചിപ്പിച്ച വീട്ടുകാർ വീണ്ടും എതിർപ്പുമായി വരികയും അവിടത്തെ ഗൃഹനാഥയുടെ പിതാവു കൂടിയായ മേയർ അവരുടെ വീട്ടിന് മുന്നിലെ ഓടയും, നിയമം ലംഘിച്ച് ഗേറ്റിനു മുമ്പിൽ റോഡ് കയ്യേറി ഓടയ്ക്കു മുകളിൽ പണിതിരിക്കുന്ന റാംപും പൊളിക്കാൻ പാടില്ലെന്ന് കോൺട്രാക്റ്റർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരിക്കുകയാണ്. അതോടെ ഈ ജോലി വീണ്ടും അവിടെ വച്ച് മുടങ്ങിയിരിക്കുകയാണ്. മൈനാട് പ്രദേശത്തെ വെള്ളക്കെട്ടിനും, മഴക്കാലത്തെ വെള്ളപ്പൊക്കത്തിനും പരിഹാരമായി വളരെ പരിശ്രമിച്ച് അസോസിയേഷൻ കൊണ്ടു വന്ന ഈ പദ്ധതി ഒരുകോടിയിലേറെ തുക ഇതിനകം മുടക്കിയിട്ടും ഫലപ്രാപ്തിയിലെത്തിക്കാൻ സാധിക്കാതെ വന്നിരിക്കുയാണ്. അധികാരത്തിന്റ്റെ ഗർവ്വ് കൊണ്ട് ഒരു പ്രദേശത്തിന്റ്റെ ഒരു വലിയ വികസനപ്രവർത്തനം മുടങ്ങുന്ന കാഴ്ചയാണ് നാമിവിടെ കാണുന്നത്. ഈ അനുചിതമായ ഇടപെടലിൽ അസോസിയേഷൻന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു . ഈ തടസ്സം മറികടക്കാനുള്ള വഴി അസോസിയേഷൻ ആലോചിച്ചു വരുകയാണ്.

സെക്രട്ടറി,
LICLRA

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP