Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

അവധി ചോദിച്ചാൽ പോടാ.. മൈ.. എന്ന് പറഞ്ഞ് തെറിവിളിച്ചു; നിസ്‌കരിക്കാൻ സ്ഥലം ചോദിച്ചപ്പോൾ മോസ്‌ക് പണിയാൻ വന്നതാണോ എന്ന് ശകാരം; അമ്മയില്ലാത്ത പെൺകുട്ടി അവധി ചോദിച്ചപ്പോൾ അച്ഛനെ കൂട്ടി അശ്ലീലം: ടോംസ് എഞ്ചിനിയറിങ് കോളേജിൽ മറുനാടൻ ലേഖകൻ കണ്ടതും കേട്ടതും

അവധി ചോദിച്ചാൽ പോടാ.. മൈ.. എന്ന് പറഞ്ഞ് തെറിവിളിച്ചു; നിസ്‌കരിക്കാൻ സ്ഥലം ചോദിച്ചപ്പോൾ മോസ്‌ക് പണിയാൻ വന്നതാണോ എന്ന് ശകാരം; അമ്മയില്ലാത്ത പെൺകുട്ടി അവധി ചോദിച്ചപ്പോൾ അച്ഛനെ കൂട്ടി അശ്ലീലം: ടോംസ് എഞ്ചിനിയറിങ് കോളേജിൽ മറുനാടൻ ലേഖകൻ കണ്ടതും കേട്ടതും

അർജുൻ സി വനജ്

പുതുപ്പള്ളി: മറ്റക്കര ടോംസ് എഞ്ചിനീയറിംങ് കോളേജിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾ അതീവ ഗുരതരമാണ്. വിദ്യാർത്ഥികളോടുള്ള മാനെജ്മെന്റിന്റെ ക്രൂരതകൾ തുടരുന്ന കോട്ടയത്തെ മറ്റക്കര ടോംസ് എൻജിനീയറിങ് കോളെജ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തിരുന്നു. തൃശൂർ പാമ്പാടിയിൽ മാനേജ്മെന്റിന്റെ പീഡനത്തെ തുടർന്ന് ജിഷ്ണുവെന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളിലെ പീഡനങ്ങളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്.

ഈ സാഹചര്യമാണ് മറ്റക്കര ടോംസ് കോളേജിൽ അന്വേഷണത്തിന് മറുനാടനെ പ്രേരിപ്പിച്ചതും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കടുത്തനിയന്ത്രണങ്ങളാണ് കോളേജ് ചെയർമാൻ ടോം ടി ജോസഫ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണം ഉയർന്നിരുന്നു. പെൺകുട്ടികളുടെ ഹോസ്റ്റലിലേക്കുള്ള ടോം ജോസഫിന്റെ രാത്രിസഞ്ചാരം മുതൽ എന്തിനും ഏതിനും ഫൈൻ ഈടാക്കുന്ന പതിവും ഉണ്ട് ഇവിടെ. ഇതിനെതിരെയാണ് ഇപ്പോൾ വിദ്യാർത്ഥികൾ പ്രത്യക്ഷ സമരവുമായി ഇറങ്ങിയതും കോളേജ് അടിച്ചുതകർത്തതും. ഈ ആക്ഷപം ശരിവയ്ക്കുന്ന വസ്തുതകളാണ് മറുനാടന് ലേഖകനും കാണാനായത്.

Stories you may Like

രാത്രിയായാൽ ചെയർമാൻ പെൺകുട്ടികളുടെ ഹോസ്റ്റലിൽ കയറിവരുന്നത് പതിവാണെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. രാത്രി എട്ടര കഴിയുന്നതോടെയാണ് ചെയർമാന്റെ രാത്രി സഞ്ചാരമെന്നും നമ്മൾ ഏതുവേഷത്തിലാണോ അതുപോലെ നിൽക്കണമെന്ന് നിർബന്ധം പിടിക്കുമെന്നുമെല്ലാമാണ് വിദ്യാർത്ഥിനികളുടെ വെളിപ്പെടുത്തൽ. നൈറ്റ് ഡ്രസ് ഇടുന്ന വിദ്യാർത്ഥിനികൾക്ക് ഒരു ഷാൾ പോലും ഇടാൻ സമ്മതിക്കില്ലെന്നും പെൺകുട്ടികളുടെ ടീഷർട്ടിലെ ഡയലോഗുകൾ മറ്റുള്ള കുട്ടികളെക്കൊണ്ട് വായിപ്പിച്ച് അർത്ഥം പറയിപ്പിക്കുക പതിവാണെന്നും ആരോപണം ഉയരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകന് ഓഹരിയുണ്ടെന്ന ആക്ഷേപവും സജീവമാണ്. ഇതേ കുറിച്ച് പ്രതികരിക്കാതെ ഒഴിഞ്ഞു മാറുകയാണ് ഉമ്മൻ ചാണ്ടി. ഏതായാലും ടോംസ് കോളേജിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്നത് വസ്തുതയാണ്.

മാനേജ്മന്റിന്റെ ക്രൂരതകളെ കുറിച്ച് വിദ്യാർത്ഥികൾ പറയുന്നതിങ്ങനെ...

പത്രപരസ്യം കണ്ട് അഡ്‌മിഷൻ എടുത്ത് കോളേജിലെത്തിയപ്പോഴാണ് ഇതൊരു ടോർച്ചറിങ് സെന്റെറാണെന്ന് മനസ്സിലായത്. കോളേജിനെക്കുറിച്ച് സീനിയർ വിദ്യാർത്ഥികളോട് തിരക്കാൻ പോയപ്പോൾ, ഞങ്ങൾക്ക് മുന്നിൽ എത്തി നല്ലത്മാത്രം വാ തോരാതെ സംസാരിച്ചവർ മാനേജ്മെന്റിന്റെ ശിങ്കടികൾ തന്നെയാണെന്ന് വ്യക്തമായതും അപ്പോഴാണ്. പ്രിൻസിപ്പാളിനേയും വൈസ് പ്രിൻസിപ്പാളിനേയും റബ്ബർ സ്റ്റാമ്പുകളാക്കി, ചെയർമാന്റെ ഏകാധിപത്യ ഭരണമാണ് കോളേജിൽ നടക്കുന്നത്. ഇന്റേണൽ മാർക്കിന്റെ പേര് പറഞ്ഞ് എന്തും ചെയ്യാമെന്ന് സമീപനമാണ് ചെയർമാന്. രണ്ടര മാസത്തിന് ശേഷം വീട്ടിൽ പോകാൻ അനുമതി ചോദിച്ചപ്പോൾ, 'പോടാാാാ മൈരുേേകളേ....' എന്ന് വിളിച്ച് ക്യാമ്പിനിൽ നിന്ന് ഇറക്കി വിട്ട അനുഭവമാണ് എനിക്കുള്ളത്. ഒന്നാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി ആരോപിച്ചു. ഇലട്രിക്കൽ ആന്റെ് ഇലട്രോണിക്സ് എഞ്ചിനീയറിംഗിൽ ആകെയുള്ള 20 സീറ്റിൽ ഇനി രണ്ട് സീറ്റേ ഒഴിവുള്ളൂ എന്ന് ഫോണിലൂടെ അറിയച്ചത് പ്രകാരമാണ് ഫീസടച്ച് ചേർന്നത്. പിന്നീടാണ് മനസ്സിലായത് ആകെ 2 പേരാണ് ക്ലാസ്സിലുള്ളതെന്ന്. മറ്റൊരു വിദ്യാർത്ഥി പറയുന്നു.

ഹർത്താൽ ആയാലും ഞായറാഴ്ച ആയാലും എന്ത് പബ്ലിക്ക് ഹോളിഡേയ്സ് ആണേലും കോളേജിൽ ക്ലാസ്സ നടക്കും. കെ.ടി.യു വിന്റെ മാനദ്ണ്ഡങ്ങൾ വിരുദ്ധമാണ് ഇത്. പക്ഷെ ചെയർമാന്റെ അമ്മ മരിച്ച അന്ന് ക്ലാസ്സില്ലെന്ന് മാത്രമല്ല, മൃതദേഹത്തിനൊപ്പം മുഴുവൻ വിദ്യാർത്ഥികളും വിലാപയാത്രയായി പോകേണ്ട അവസ്ഥയും ഉണ്ടായി. മുൻ വിദ്യാർത്ഥിയും അദ്ധ്യാപകനുമായ സനീഷിനാണ് ഹോസ്റ്റലിന്റെ ചുമതല. കടുത്ത ശിക്ഷ രീതികളാണ് സനീഷ് ഇവിടെ നടപ്പാക്കുന്നത്. വിശ്രമം ഇല്ലാത്ത പഠനത്തിനിടയിൽ ഒന്ന് കണ്ണടച്ച് പോയാൽ ആറ് നില ബിൽഡിംഗിന്റെ താഴത്തെ നിലതൊട്ട് മേളിൽ വരെ ഓടിക്കും. എന്നെ ഒരിക്കൽ 10 തവണ ഓടിച്ചിട്ടുണ്ട്. അന്നെനിക്ക് പനി ആയതിനാലാണ് അൽപമൊന്ന് മയങ്ങി പോയത്. മറ്റൊരു വിദ്യാർത്ഥി രോഷാകുലനാവുന്നു. ഒരു ഡിപ്പാർറ്റ്മെന്റിനും തലവന്മാരില്ല. ബുക്സ് ക്ലാസ്സിൽ കൊണ്ടുവരാൻ ബാഗ് ഉപയോഗിക്കരുത്, സ്വന്തം ക്ലാസ്സിലെ പെൺകുട്ടികളോട് മിണ്ടരുത്, ഹോസ്റ്റലിൽ ലുങ്കിമാത്രമേ ഉപയോഗിക്കാവൂ, പച്ച നിറത്തിലുള്ള വസ്ത്രം ധരിക്കരുത്, വീട്ടിൽ നിന്ന് സ്നാക്ക്സ് കൊണ്ടുവരരുത് എന്നിങ്ങനെ നിയമങ്ങൾ ധാരാളമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.

നിസ്‌ക്കാരത്തിന് സൗകര്യമൊരുക്കി തരണമെന്ന് ആവശ്യപ്പെട്ട ഒന്നാം വർഷ കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയോട്, നിയെന്താ ഇവിടെ മോസ്‌ക്ക് പണിയാൻ വന്ന തീവ്രവാദിയാണോ എന്നായിരുന്നു ചെയർമാൻ ചോദിച്ചത്. പത്താം തിയതി വിളമ്പിയ സാമ്പാറിൽ നിന്ന് പുഴുവിനെ കിട്ടി. മെസ്സ് ഹാളിൽ എലി ശല്ല്യം രൂക്ഷമാണ്. ഒരു നിലവാരവും ഇല്ലാത്ത ഭക്ഷണമാണ് ലഭിക്കുന്നത്. കുട്ടികളെപ്പോലെതന്നെ ടീച്ചേഴ്സും വലിയ മാനസിക പീഡനമാണ് കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്ത് അനുഭവിക്കുന്നത്. വിദ്യാർത്ഥികൾ ആരോപിച്ചു.( 12 വിദ്യാർത്ഥികളിൽ നിന്ന് കേട്ട പരാതിയുടെ ചുരുക്കരൂപമാണിത്.)

വിദ്യാർത്ഥിനികൾക്ക് പറയാനുള്ളത്...

അമ്മയില്ലാത്ത എനിക്ക് വീട്ടിൽ ഇടയ്ക്ക് പോകേണ്ടതായി വരും. കാരണം അച്ഛന്റെ കാര്യങ്ങൾ നോക്കാൻ വേറെ ആരും ഇല്ല. ഒരു തവണ പോകാൻ അനുവാദം ചോദിച്ചപ്പോളാണ്, അച്ഛനേയും എന്നെയും ചേർത്ത ചെയർമാൻ അപവാദം പറഞ്ഞത്. അത് മുഴുവൻ കേട്ട് നിൽക്കാനുള്ള ത്രാണി എനിക്ക് ഉണ്ടായിരുന്നില്ല. നി ഇടയ്ക്ക് ഇടയ്ക്ക് വീട്ടിൽ പോകുന്നത് അച്ഛനുമായി വേറെ ഇടപാട് ഉണ്ടോ എന്ന അർത്ഥത്തിലായിരുന്നു പരിഹാസം. ഇത് സഹിക്കാൻ വായ്യാതെ വന്നപ്പോളാണ്, ഹോസ്റ്റലിലെ ടോയ്ലറ്റ് ക്ലീനർ എടുത്ത് ഞാൻ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇത് കണ്ട് മറ്റ് കുട്ടികൾ ബഹളം വച്ചിട്ടും, ആരും ആശുപത്രിയിൽ കൊണ്ടുപോയില്ല. പിന്നീട് അച്ഛൻ വന്നിട്ടാണ് ആശുപത്രിയിൽ കൊണ്ടുപോയി വയർ കഴുകിച്ചത്. ആ നേരം വരെ മരിച്ചെന്നു തന്നെയാണ് ഞാൻ കരുതിയത്. ഞാൻ ചെയർമാനെതിരെ ആത്മഹത്യ കുറിപ്പ് എഴുതി വെ്ച്ചിട്ടാണ് മരിക്കാൻ പെനോയിൽ കുടിച്ചത്. എന്നാൽ ആത്മഹത്യ കുറിപ്പ് അപ്പോൾതന്നെ മാനേജ്മെന്റ നിർബന്ധിച്ച് വാങ്ങി നശിപ്പിച്ചുകളഞ്ഞു. ഞാൻ മരിച്ചാലും ഇതോട് കൂടി, ഇവിടെ നടക്കുന്നത് പുറം ലോകം അറിയുമല്ലോ, അതാ അപ്പോൾ അങ്ങനെ ചെയ്യാൻ തീരുമാനിച്ചത്. നിറ കണ്ണുകളോടെ പെൺകുട്ടി മറുനാടൻ മലയാളിയോട് പറഞ്ഞു.

ലീവ് ചോദിക്കരരുത്. ചോദിച്ചാൽ 'കാമുകന്മാരെ കാണാനല്ലെ പോകുന്നത്' എന്ന് പരിഹസിച്ചു. വയറ് വേദന കൂടുതലായി ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ, 'നിന്റെ അപ്പനല്ല ഇതൊക്കെ ഒണ്ടാക്കിയിട്ടിരിക്കുന്നത്, തോന്നുമ്പം ഡോക്ടറെ കാണാൻ' എന്നായിരുന്നു ചെയർമാന്റെ മറുപടി. വിദ്യാർത്ഥിനി പറയുന്നു. പനി പിടിച്ച് ഡോക്ടറെ കാണണമെന്ന്പറഞ്ഞപ്പോൾ, 'എഞ്ചിനീയറിംങ് നിർത്തി നീയൊക്കെ പശുവിനെ വളർത്താൻ പോകുന്നതാ നല്ലത്' എന്ന് പരിഹസിച്ചു. മറ്റൊരു വിദ്യാർത്ഥിനി ദേഷ്യത്തോടെ ഉയർന്ന ശബ്ദത്തിൽ പറഞ്ഞു. വിത്തൗട്ട് ചെയർമാൻ എന്ന പീരിയഡിലാണ്, 'നിന്റെയൊക്കെ ഇഷ്ടത്തിന് നടക്കണേൽ വല്ല റെഡ്സ്ട്രീറ്റിലും പോയിക്കോ' എന്ന് ചെയർമാൻ പറഞ്ഞത്. അതും 70 ദിവസം ലീവ് കിട്ടാതെ ഇരുന്നപ്പോൾ ലീവ് ചോദിച്ചതിനാ ഈ പുകിലെന്ന് ഓർക്കണം. വിദ്യാർത്ഥിനി സംസാരം തുടർന്നു.

ഹോസ്റ്റലിൽ എഴുത്തുകൾ ഉള്ള ബനിയനുകൾ ഇടാൻ പാടില്ലെന്നാ നിയമം. ഒരിക്കൽ രാത്രിയിൽ യു മേ ബി സ്മൈൽ എന്ന എഴുത്തുള്ള ടീ ഷർട്ട് ധരിച്ചിരിക്കുകയായിരുന്നു ചെയർമാൻ രാത്രി 10 മണിക്ക് ഹോസ്റ്റലിൽ വരുമ്പോൾ. എന്നെ വിളിച്ചുവരുത്തി, എല്ലാവരുടേയും മുന്നിൽ വച്ച് എന്റെ ടീ ഷർട്ടിന്റെ മുന്നിലുള്ള എഴുത്ത് വളരെ സമയമെടുത്ത് നോക്കി വായിച്ച് പരിഹസിച്ചു. ചെയർമാന്റെ രൂക്ഷമായ നോട്ടത്തിൽ ഞാൻ രണ്ട് തവണ കൈകൊണ്ട് മറച്ചുവച്ചു. ഷോൾ ഉപയോഗിക്കാൻ പറ്റില്ലാത്തതിനാൽ കൈകൊണ്ട് മറച്ച് പിടിക്കാനേ സാധിക്കൂ സ്വകാര്യഭാഗങ്ങൾ. വിദ്യാർത്ഥിനി ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹോസ്റ്റലിൽ പരാതിപ്പെട്ടി സ്ഥാപിച്ചത്.

പെട്ടി സ്ഥാപിച്ച് അരമണിക്കൂറിനുള്ളിൽ തന്നെ പരാതിപ്പെട്ടി നിറയുന്ന അവസ്ഥയാണ് ഉണ്ടായത്. അത്രയ്ക്കും പരാതികളാണ് വിദ്യാർത്ഥിനികൾക്ക് ഉള്ളത്. ഫീഡ് ബാക്ക് ഫോം വിതരണം ചെയ്യുമെങ്കിലും മാനേജ്മെന്റ് പറയുന്നത് എഴുതി നൽകണം. മാസത്തിൽ രണ്ട് തവണയേ വീട്ടിൽ വിളിക്കാവൂ. സുഖമില്ലാതായിട്ട് പോലും തനിക്ക് വീട്ടിൽ വിളിക്കാൻ അനുവാദം തന്നില്ല. ഹോസ്റ്റൽ വാർഡൻ ഇല്ലായിരുന്നു. പരാതി രൂക്ഷമായപ്പോൾ കഴിഞ്ഞ ദിവസമാണ് വാർഡനെ നിയമിച്ചത്-വിദ്യാർത്ഥിനി മറ്റൊരു വിദ്യാർത്ഥി പറയുന്നു. (7 വിദ്യാർത്ഥിനികളിൽ നിന്ന് കേട്ട പരാതികളുടെ ചുരുക്കമാണിത്.)

ദുരൂഹ മരണങ്ങൾ

2006 ലാണ് കോളേജിലെ ആദ്യത്തെ ദുരൂഹ മരണം റിപ്പോർട്ട് ചെയ്യുന്നത്. കോളേജ് അധികൃതരുടെ പീഡനം സഹിക്കാൻ പറ്റാതെയാണത്ര പെൺകുട്ടി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി മരിക്കുന്നത്. പഠനം നിർത്തിയാൽ മാതാപിതാക്കൾ കടം വാങ്ങി ഫീസടച്ച 59,000 രൂപ നഷ്ടപ്പെടും. പഠനം തുടർന്നാൽ മാനം പോകുമെന്ന അവസ്ഥയിലും. അതിനാലാണ് ആത്മഹത്യയിൽ ആ പെൺകുട്ടി അഭയം പ്രാപിച്ചതെന്നാണ് 2009 ൽ പാസ്സ് ഔട്ടായ വിദ്യാർത്ഥിനി പറയുന്നത്. 2009 ൽ വയനാട് സ്വദേശിനിയായ വിദ്യാർത്ഥിനി കൊല്ലപ്പെട്ട സംഭവും ഉണ്ടായി. പഠനത്തിന് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥിനിയെക്കുറിച്ച് മാതാവിനെ വിളിച്ച് വരുത്തി, സ്വഭാവദൂഷ്യ ആരോപണങ്ങൾ ചെയർമാൻ ഉന്നയിച്ചു. തുടർന്ന് വീട്ടിലേക്ക് പോയ പെൺകുട്ടിയെ വീട്ടിലെ വഴക്കിനിടയിൽ ്അച്ഛൻ വാക്കത്തി വച്ച് വെട്ടി.

പെൺകുട്ടി മരിച്ചതോടെ അച്ഛൻ ആത്മഹത്യ ചെയ്തു. ചെയർമാന്റെ വാക്കുകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്ന് അമ്മ പൊലീസിൽ മൊഴി നൽകിയിരുന്നു. പക്ഷെ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP