Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മേൽശാന്തി വിലക്കിയിട്ടും ധിക്കാരം കാട്ടിയത് പൊറുക്കാനാവില്ല; ചുറ്റമ്പലത്തിന് അകത്ത് നിലവിളക്ക് കൊളുത്തി ജീവനക്കാരെ വിളിച്ചുകൂട്ടി കൂട്ടപ്രാർത്ഥന നടത്തിയത് ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച്; ദേവാലായങ്ങൾ അടച്ച് വിശ്വാസികൾ വീട്ടിലിരിക്കുമ്പോൾ കീഴ്ശാന്തി സർക്കാർ നിർദ്ദേശം ലംഘിച്ചത് ഗുരുതര വീഴ്ച; കീഴേടം രാമൻ നമ്പൂതിരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് മറുനാടനോട്; വിഷുക്കണിക്ക് ചട്ടം ലംഘിച്ചാൽ കടുത്ത നടപടി

മേൽശാന്തി വിലക്കിയിട്ടും ധിക്കാരം കാട്ടിയത് പൊറുക്കാനാവില്ല; ചുറ്റമ്പലത്തിന് അകത്ത് നിലവിളക്ക് കൊളുത്തി ജീവനക്കാരെ വിളിച്ചുകൂട്ടി കൂട്ടപ്രാർത്ഥന നടത്തിയത് ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച്; ദേവാലായങ്ങൾ അടച്ച് വിശ്വാസികൾ വീട്ടിലിരിക്കുമ്പോൾ കീഴ്ശാന്തി സർക്കാർ നിർദ്ദേശം ലംഘിച്ചത് ഗുരുതര വീഴ്ച; കീഴേടം രാമൻ നമ്പൂതിരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് മറുനാടനോട്; വിഷുക്കണിക്ക് ചട്ടം ലംഘിച്ചാൽ കടുത്ത നടപടി

ആർ പീയൂഷ്

തൃശൂർ: ലോക്ക് ഡൗൺ ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ കൂട്ട പ്രാർത്ഥന നടത്തിയ സംഭവത്തിൽ ദേവസ്വം ബോർഡ് നടപടി എടുത്തു. ക്ഷേത്രത്തിലെ കീഴ് ശാന്തി കീഴേടം രാമൻ നമ്പൂതിരിയെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ അഡ്വ.കെ.ബി മോഹൻദാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിലെ കീഴ് ശാന്തിക്കാരന്റെ നേതൃത്വത്തിൽ ഇരുപതോളം പേർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച് കൂട്ട പ്രാർത്ഥന നടത്തിയത്. രാജ്യമൊട്ടാകെ ലോക്ക് ഡൗണിലായപ്പോൾ ദേവാലയങ്ങൾ അടച്ച് വിശ്വാസികൾ വീട്ടിൽ തന്നെ കഴിയുമ്പോഴായിരുന്നു ഗുരുവായൂരിൽ കൂട്ട പ്രാർത്ഥന നടത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ ജില്ലാ ഭരണകൂടം ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ചു. ഇതേ തുടർന്നാണ് ജീവനക്കാരനെതിരെ നടപടി എടുത്തത്.

കൂട്ട പ്രാർത്ഥന നടത്തിയ കീഴ്ശാന്തിക്കെതിരെ ക്ഷേത്രത്തിൽ നേരത്തെ തന്നെ വ്യാപക പരാതിയുയർന്നിരുന്നു. അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നതും പൂജയ്ക്കായി എത്തുന്ന ഭക്ത ജനങ്ങൾക്ക് അലോസരമുണ്ടാക്കുകയും ചെയ്യുന്നതായായിരുന്നു പരാതി. അതിനിടയിലാണ് കഴിഞ്ഞ ദിവസം ക്ഷേത്ര ചുറ്റമ്പലത്തിനകത്ത് നിലവിളക്ക് കൊളുത്തി ജീവനക്കാരെ
വിളിച്ചു കൂട്ടി പ്രാർത്ഥന നടത്തിയത്. മേൽശാന്തി വിലക്കിയിട്ടും ഇയാൾ പ്രാർത്ഥനയിൽ നിന്നും പിന്മാറിയില്ലാ എന്നാണ് ലഭിക്കുന്ന വിവരം. സംഭവം അറിഞ്ഞ മറ്റ് ക്ഷേത്രം ജീവനക്കാർ വിവരം അഡ്‌മിനിസ്ട്രേറ്ററെ വിവരമറിയിക്കുകയായിരുന്നു.

ക്ഷേത്രത്തിൽ കൂട്ട പ്രാർത്ഥന നടന്നു എന്ന വിവരം ലഭിച്ച ജില്ലാ ഭരണകൂടം ദേവസ്വം ബോർഡ് ചെയർമാനോട് വിശദീകരണം ചോദിച്ചു. അതിന് ശേഷമാണ് കീഴ് ശാന്തിക്കാരനെ പുറത്താക്കിയതായി ചെയർമാൻ വിവരം അറിയിച്ചത്. ക്ഷേത്രത്തിനുള്ളിലെ ആചാരപരമായ കാര്യങ്ങൾ തീരുമാനിക്കുന്നത് തന്ത്രിയാണ്. അതിന് ശേഷം മേൽശാന്തിയും. കീഴ് ശാന്തിക്കാരുടെ ജോലി ചന്ദനം അരക്കുക, നിവേദ്യം തയ്യാറാക്കുക, ഉപദേവതകളെ പൂജിക്കുക എന്നിങ്ങനെയാണ്. സർക്കാർ നിർദ്ദേശം ലംഘിച്ചത് വളരെ ഗുരുതരമായ വീഴ്ചയാണെന്നും അതിനാലാണ് കീഴ് ശാന്തിക്കാരനെതിരെ നടപടി സ്വീകരിച്ചതെന്നും ചെയർമാൻ പറഞ്ഞു.

അതേ സമയം നാളെ ക്ഷേത്രത്തിൽ നടക്കുന്ന വിഷുക്കണിയിൽ പങ്കെടുക്കുന്നവർ ആരൊക്കെയെന്ന് ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് കർശന നിർദ്ദേശം നൽകി. സർക്കാർ നിർദ്ദേശം ലംഘിച്ച് ആരെങ്കിലും പ്രവർത്തിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ എസ്.ഷാനവാസ് ഐ.എ.എസ് അറിയിച്ചു.

പുലർച്ചെ 2.30 മുതൽ 3 വരെയാണ് നാളെ ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കുന്നത്. ഇക്കൊല്ലം ചടങ്ങ് മാത്രമായതിനാൽ അരമണിക്കൂർ മാത്രമാക്കി ചടങ്ങ് ചുരുക്കിയിരിക്കുകയാണ്. ഇന്ന് വൈകിട്ട് തൃപ്പുകയ്ക്കുശേഷം ചുമതലയിലുള്ള ശാന്തിയേറ്റ നമ്പൂതിരി വിഷുദിവസം പുലർച്ചെ ഗുരൂവായൂരപ്പന് കാണാനുള്ള കണി ഓട്ടുരുളിയിൽ ഒരുക്കി വയ്ക്കും. വാൽക്കണ്ണാടി, ഗ്രന്ഥം, സ്വർണം, വെള്ളവസ്ത്രം, കണിക്കൊന്ന, വെളുത്ത പൂവ്(മുല്ല, നന്ത്യാർവട്ടം), വെള്ളരിക്ക, മാമ്പഴം, ചക്ക, ഉണക്കലരി, നാണയം, നാളികേരമുറിയിൽ നെയ്തിരി എന്നിവ വച്ചാണ് കണി ഒരുക്കുന്നത്.

മേൽശാന്തി പഴയത്ത് സുമേഷ്നമ്പൂതിരി പുലർച്ചെ 2ന് ഉറക്കമുണർന്ന് മേൽശാന്തി മുറിയിൽ മേൽശാന്തിക്കായി ഒരുക്കിവെച്ചിട്ടുള്ള കണി കണ്ടശേഷം കുളിച്ചുവന്ന് 2.15 ന് ശ്രീകോവിൽ തുറന്ന് അകത്ത് പ്രവേശിച്ച് വാതിൽ അടക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിൽ തെക്കുഭാഗത്ത് ഭഗവാന്റെ ശീവേലിതിടമ്പ്, സ്വർണ്ണസിംഹാസനത്തിൽ എഴുന്നള്ളിച്ച് വയ്ക്കും. ഭഗവാന്റെ തിടമ്പിന് പുറകിലായി നെറ്റിപ്പട്ടം, വെഞ്ചാമരം, ആലവട്ടം എന്നിവയാൽ അലങ്കരിച്ചിട്ടുണ്ടാകും. 2.30ന് തലേദിവസം ഒരുക്കിവെച്ചിട്ടുള്ള കണിയിലെ തേങ്ങാമുറിക്കകത്തുള്ള നെയ്തിരി കത്തിച്ചുവെച്ച് കണി ഗുരുവായൂരപ്പനെ കാണിക്കും. അതോടൊപ്പം വിഷുക്കണി ദർശനത്തിനായി നട തുറക്കും. ശേഷം മുഖമണ്ഡപത്തിൽ തെക്കുവശത്ത് ഒരുക്കിവെച്ചിട്ടുള്ള ഭഗവാന്റെ സ്വർണ്ണ സിംഹാസനത്തിൽ എഴുന്നള്ളിച്ച സ്വർണ്ണതിടമ്പും അതിന് കിഴക്കുവശത്തുള്ള വിഷുക്കണിയും ദർശിക്കും. തുടർന്ന് 3 വരെ വിഷുക്കണി ദർശനം തുടരും. 3 മണിക്ക് കൂട്ടികൊട്ടോടുകൂടി തിടമ്പ് ശ്രീലകത്തേയ്ക്ക് എടുക്കും.

ഗുരുവായൂരപ്പനെ വിഷുക്കണി കാണിച്ചശേഷം മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരി ആദ്യ വിഷുകൈനീട്ടം ഗുരുവായൂരപ്പന് സമർപ്പിക്കും. തുടർന്ന് ശ്രീകോവിലിൽനിന്ന് പുറത്തു വരുന്ന മേൽശാന്തി ഗുരുവായൂരപ്പനെ കണികണ്ട് വരുന്ന ഭക്തർക്ക് വിഷുകൈനീട്ടം നൽകും. ഇത്തവണ, കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ളലോക്ക്ഡൗൺ നിലനിലക്കുന്നതിനാൽ പതിവുപോലെ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുന്നതല്ല. ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്കമുള്ള പാരമ്പര്യപ്രവർത്തിക്കാരും ഉദ്യോഗസ്ഥരും മാത്രമേ ക്ഷേത്രത്തിനകത്ത് ഉണ്ടാകൂ.

3 മണിമുതൽ കേളി മുതൽക്കുള്ള നിത്യനിദാനചടങ്ങുകൾ ക്രമപ്രകാരം നടക്കും. പതിവുള്ള വിഷു നമസ്‌ക്കാരസദ്യ ഇത്തവണ ആഘോഷമില്ലാതെ ബഹുത്വമായി രണ്ട്പേർക്ക് മാത്രം ഇലയിട്ട് വിളമ്പി നടത്തും. പകർച്ച ഉണ്ടാകില്ല. രാവിലെ നിർമ്മാല്യ സമയത്ത് വിഷുക്കണിക്ക് പതിവുള്ളതുപോലെ പലകപ്പുറത്ത് നെയ് വിളക്ക് തെളിയിക്കും. കുരുത്തോല, കണിക്കൊന്ന ഇത്യാദികൾ കൊണ്ട് കൊടിമരത്തിനുസമീപം ചെറിയതോതിൽ അലങ്കരിക്കുമെന്നും ഗുരുവായൂർ ക്ഷേത്ര അഡ്‌മിനിസ്ട്രേറ്റർ എസ്.വി ശിശിർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP