Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശ്വാസികൾ മുണ്ട് മുറുക്കി മെഡിസിറ്റി ബാധ്യതകൾ പരിഹരിക്കണം; നോയമ്പ് കാലത്ത് ഇറച്ചിയും മീനും ഒഴിവാക്കി പണം രൂപതയ്ക്ക് നൽകണം; പാലയിലെ അരമന വിവാദം എറണാകുളം-അങ്കമാലി ഭൂമി കേസിനെ കടത്തിവെട്ടും! രണ്ടു കോടിക്ക് മുകളിലുള്ള പണമിടപാടുകൾ പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ വേണമെന്ന് നിയമാവലി; 60 കോടിയുടെ ആറെക്കർ വിൽക്കുന്നത് മാർപ്പാപ്പ അറിയാതെയും; 350 കോടി രൂപ മുടക്കി പണിത മാർ സ്ലീവാ മെഡിസിറ്റി പാലാ രൂപതയുടെ സാമ്പത്തിക അടിത്തറ തകർക്കുമോ?

വിശ്വാസികൾ മുണ്ട് മുറുക്കി മെഡിസിറ്റി ബാധ്യതകൾ പരിഹരിക്കണം; നോയമ്പ് കാലത്ത് ഇറച്ചിയും മീനും ഒഴിവാക്കി പണം രൂപതയ്ക്ക് നൽകണം; പാലയിലെ അരമന വിവാദം എറണാകുളം-അങ്കമാലി ഭൂമി കേസിനെ കടത്തിവെട്ടും! രണ്ടു കോടിക്ക് മുകളിലുള്ള പണമിടപാടുകൾ പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ വേണമെന്ന് നിയമാവലി; 60 കോടിയുടെ ആറെക്കർ വിൽക്കുന്നത് മാർപ്പാപ്പ അറിയാതെയും; 350 കോടി രൂപ മുടക്കി പണിത മാർ സ്ലീവാ മെഡിസിറ്റി പാലാ രൂപതയുടെ സാമ്പത്തിക അടിത്തറ തകർക്കുമോ?

എം മനോജ് കുമാർ

പാല: എറണാകുളം-അങ്കമാലി ഭൂമി വിവാദത്തോടെ പരുങ്ങലിലായ സീറോ മലബാർ സഭയെ വിഷമവൃത്തത്തിലാക്കി വീണ്ടും ഭൂമി വിവാദം. സീറോ മലബാർ സഭയുടെ കീഴിലുള്ള പാലാ രൂപതയാണ് ഇക്കുറി ഭൂമി വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. മാർ സ്ലീവ എന്ന സുപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയതിന്റെ പേരിൽ വന്ന കോടിക്കണക്കിന് രൂപയുടെ ബാധ്യത തീർക്കാൻ പാല രൂപതയ്ക്ക് കീഴിൽ പല സ്ഥലത്തായി വ്യാപിച്ച് കിടക്കുന്ന ആറേക്കറോളം ഭൂമി വിൽക്കാനുള്ള തീരുമാനമാണ് വിവാദമാകുന്നത്. 66 കോടി രൂപയുടെ കടമെടക്കാനാണ് കൊച്ചിയിലെ അഞ്ച് ഭൂമികൾ എറണാകുളം-അങ്കമാലി രൂപത വിൽക്കാൻ തീരുമാനിച്ചത്. വിവാദം കത്തിക്കയറിയപ്പോൾ അത് കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ സ്ഥാനചലനത്തിൽ വരെയെത്തി. ഇതിനോട് സമാനമായ ഭൂമി വിവാദം തന്നെയാണ് പാല രൂപതയിലും കൊഴുക്കുന്നത്. പാല രൂപതയ്ക്ക് കീഴിൽ പല സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന എട്ടു സ്ഥലത്തുള്ള ഭൂമിയാണ് വിൽക്കാൻ രൂപതയുടെ തീരുമാനം വന്നത്. അറുപതു കോടിയോളം രൂപ വിലമതിക്കുന്ന ആറേക്കർ ഭൂമി വിൽക്കാനാണ് തീരുമാനിച്ചത്. ഈ തീരുമാനമാണ് വിവാദത്തിലായത്. എറണാകുളം-അങ്കമാലി ഭൂമി വിവാദത്തെപ്പോലെ പാല രൂപതയിലെ ഭൂമി വിൽപ്പനയെക്കുറിച്ചും സോഷ്യൽ മീഡിയയിൽ വിവാദം കൊഴുക്കുന്നുമുണ്ട്.

പിതാമഹാന്മാർ സ്വരുക്കൂട്ടിയ ഭൂമി വിറ്റുതുലയ്ക്കാനുള്ള രൂപതയുടെ തീരുമാനത്തിന്നെതിരെ വിശ്വാസി സമൂഹത്തിൽ നിന്നും ഇപ്പോൾ പ്രതിഷേധക്കൊടുങ്കാറ്റ് ഉയരുകയാണ്. പാലയിലെ അരമന വിവാദം എറണാകുളം-അങ്കമാലി ഭൂമി വിവാദത്തെ കടത്തിവെട്ടും എന്നാണ് പാല രൂപതയ്ക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. നിലവിൽ ഒരു സുപ്പർസ്‌പെഷ്യാലിറ്റി ആശുപത്രി പാലാ രൂപതയ്ക്ക് ആവശ്യമില്ല. പിന്നെ എന്തിന് സൂപ്പർ സ്‌പെഷ്യാലിറ്റി കെട്ടി രൂപതയുടെ സാമ്പത്തിക അടിത്തറ തകർക്കുന്നുവെന്നാണ് വിശ്വാസി സമൂഹവും പുരോഹിതരും ഉയർത്തുന്ന ചോദ്യം. സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ പാലാ രൂപതയ്ക്ക് നേരെ ഉയരുമ്പോൾ പാലാ രൂപതയുടെ പാരമ്പര്യം കൂടി ചരിത്രത്തിൽ ഇല്ലാത്തവിധം ചോദ്യം ചെയ്യപ്പെടുന്നതാണ് വിവാദങ്ങൾക്കൊപ്പം വിശ്വാസി സമൂഹത്തിനെ ഉലയ്ക്കുന്നത്. എറണാകുളം-അങ്കമാലി ഭൂമി വിവാദം ഇപ്പോഴും കത്തി നിൽക്കുന്നതിനാൽ ഭൂമി വിൽക്കാൻ റോമിന്റെ അനുമതി തേടിയോ എന്ന ചോദ്യവും ഒപ്പം മുഴങ്ങുന്നുണ്ട്. രണ്ടു കോടിയിൽ കൂടുതലുള്ള പണമിടപാടുകൾ പരിശുദ്ധ സിംഹാസനത്തിന്റെ അനുമതിയോടെ വേണമെന്ന് പാലാ രൂപതയിലെ നിയമാവലിയിലെ 356ആം ഖണ്ഡികയിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ 60 കോടിയോളം രൂപ വിലയുള്ള ആറെക്കർ സ്ഥലം വിൽക്കുന്ന കാര്യം മാർപ്പാപ്പ അറിഞ്ഞിട്ടില്ലെന്നാണ് മറുനാടന് ലഭിച്ച സൂചനകളിൽ നിന്നും വ്യക്തമാകുന്നത്.

രാജ്യത്തെ രൂപതകളിൽ ഏറ്റവും കൂടുതൽ വൈദികരെയും സന്യസ്തരേയും സംഭാവന ചെയ്ത രൂപതയാണ് പാല രൂപത. രൂപതകളിൽ വിവാദങ്ങൾ കൊടുമ്പിരി കൊണ്ടപ്പോൾ വിവാദങ്ങൾക്ക് അതീതമായി നിന്ന രൂപതയാണ് പാലാ രൂപത. 67194 കത്തോലിക്കാ കുടുംബങ്ങളിലായി 330774 വിശ്വാസികളാണ് പാലാ രൂപതയിലുള്ളത്. 17774 പുരോഹിതരും കന്യാസ്ത്രീകളെയുമാണ് പാലാ രൂപത സംഭാവന ചെയ്തിരിക്കുന്നത്. 28 മെത്രാന്മാരുമാണ് പാലാ രൂപതയിലുള്ളത്. ഇത്രയും ശക്തമായ രൂപതയാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ പേരിൽ ബന്ധനത്തിലായിരിക്കുന്നത്. 350 കോടി രൂപ മുടക്കിയ മാർസ്ലീവാ മെഡിസിറ്റി ആശുപത്രി പാലാ രൂപതയെ തകർക്കുന്നുവെന്നു വിവാദവും ആക്ഷേപവും വരുമ്പോൾ രൂപത ഈ കാര്യത്തിൽ ഗൗരവതരമായ ആലോചനകൾ നടത്തിയില്ലെന്നാണ് വിശ്വാസി സമൂഹം ആരോപിക്കുന്നത്. രൂപതയുടെ ഫിനാൻസ് സമിതിയിൽ ധനകാര്യാ വിദഗ്ദരില്ല. പുരോഹിതരെ ഒഴിച്ച് നിർത്തിയാൽ വിരമിച്ച പ്രൊഫസറും അബ്കാരിയുമൊക്കെയാണ്. രൂപതയുടെ തീരുമാനത്തെ പുരോഹിതർ എതിർക്കില്ല. എതിർക്കേണ്ടത് അൽമായരാണ്. പ്രൊഫസറും അബ്കാരിയും സാമ്പത്തിക വിദഗദർ അല്ലാത്തതിനാൽ ഗൗരവമേറിയ ചർച്ചകളോ നിർദ്ദേശങ്ങളോ 300 കോടിയുടെ പ്രോജക്ടിന്റെ കാര്യത്തിൽ വന്നില്ല. രൂപതയാണെങ്കിൽ സാമ്പത്തിക പ്രതിരോധത്തിലുമായി. ഇതാണ് ഇപ്പോൾ പാലാ രൂപതയെ വിറകൊള്ളിക്കുന്നത്. രൂപതാ ഫിനാൻസ് കമ്മറ്റി, രൂപതാ ആലോചന സമിതി, രൂപതാ കച്ചേരി, രൂപതാ വൈദിക സമിതി തുടങ്ങിയ സമിതികളിൽ ആലോചിച്ച് ഭൂമി വിൽപ്പനയ്ക്കായുള്ള തീരുമാനമെടുത്തു എന്നാണ് പാലാ രൂപത അധികൃതർ നൽകുന്ന വിശദീകരണം. അതിനെതിരെ വിശ്വാസികൾ രംഗത്തുമുണ്ട്.

സഭാ സമിതികളിൽ 90 ശതമാനം അംഗങ്ങളും വൈദികരാണ് എന്നാണ് വിശ്വാസി സമൂഹം ചൂണ്ടിക്കാട്ടുന്നത്. കാനൻ നിയമപ്രകാരം കത്തോലിക്കാ സഭയിലെ എല്ലാ അൽമായ സമിതികളും ഉപദേശക സമിതികളാണ്. രൂപതയുടെ എല്ലാ വസ്തുക്കളും മെത്രാന്റെ സ്വന്തം പേരിലാണ് ആധാരം എഴുതിയിരിക്കുന്നത്. ചുരുക്കത്തിൽ മെത്രാൻ സ്വന്തമായി തീരുമാനിക്കുന്നു. ഇതിൽ വിവാദങ്ങൾക്കോ ചർച്ചകൾക്കോ പ്രസക്തിയില്ല. പിച്ചച്ചട്ടിയിൽ പണം ഇടുന്നത് പോലെയാണ് കത്തോലിക്കാ സഭയ്ക്ക് അൽമായരുടെ സംഭാവന. പിച്ചച്ചട്ടിയിൽ ഇടുന്ന പണത്തിനു കണക്ക് ചോദിക്കാൻ കഴിയില്ല. ഇതാണ് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്ന വസ്തുത. ധാർമികത ലംഘിക്കപ്പെടുന്നു, അധിക ബാധ്യത വരുന്നു. രൂപത സാമ്പത്തിക ഊരാക്കുടിക്കിലേക്ക് നീങ്ങുന്നു. ആസ്തികൾ ചരിത്രത്തിൽ ഇല്ലാത്ത വിധം വിറ്റൊഴിക്കാൻ തീരുമാനിക്കുന്നു. ഇതെല്ലാം ചൂണ്ടി വിശ്വാസികൾ രംഗത്ത് വരുമ്പോൾ നിശബ്ദരാകേണ്ട അവസ്ഥയാണ് രൂപതയ്ക്ക് വന്നുപെട്ടിരിക്കുന്നത്. അതിനായി രൂപത വേറെയും വിശദീകരണം നൽകുന്നുണ്ട്. ഇത് ഇങ്ങനെയാണ്. നമ്മുടെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം നൽകണമെന്ന സദുദ്ദേശ്യത്തോടെയാണ് പാലാ രൂപത മാർ സ്ലീവ മെഡിസിറ്റി ആരംഭിച്ചത്. ഇതിനോടകം 300 കോടി ചെലവായിട്ടുണ്ട്. മരണാസന്നരായ രോഗികൾക്കായി ഒരു പാലിയേറ്റീവ് ബ്ലോക്ക് സൗജന്യമായി സ്ഥാപിച്ചിട്ടുണ്ട്. സഭാ ആശുപത്രിയാണെങ്കിൽ ദരിദ്രർക്ക് സൗജന്യ ചികിത്സ നൽകും. ഇവിടെ അതില്ലല്ലോ എന്ന ചോദ്യമാണ് ഒപ്പം ഉയരുന്നത്. ഈ ചോദ്യത്തിനു രൂപതയ്ക്ക് മറുപടിയുമില്ല.

സഭയ്ക്ക് സാമ്പത്തിക ബാധ്യത വരുമ്പോൾ അത് പരിഹരിക്കേണ്ട ചുമതല വിശ്വാസി സമൂഹത്തിന്റെതാണ്. പക്ഷെ തെറ്റായ തീരുമാനത്തിന്റെ പേരിൽ കോടികളുടെ സാമ്പത്തിക ബാധ്യത വരുമ്പോൾ ഇത്തരം ബാധ്യതകൾ എന്തിന് വിശ്വാസി സമൂഹം നെഞ്ചേറ്റണം എന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. രൂപതയുടെ നിയന്ത്രണത്തിൽ ഇപ്പോൾ തന്നെ പതിനേഴ് ആശുപത്രികളുണ്ട്. ഈ ആശുപത്രികളിൽ 1400 പരം ബെഡുകളും 250 ൽ പരം ഡോക്ടർമാരുമുണ്ട്. പത്ത് ലക്ഷത്തോളം പേരാണ് പ്രതിവർഷം ഈ ആശുപത്രികളിൽ ചികിത്സ തേടുന്നത്. ഈ ആശുപത്രികൾ രൂപതയ്ക്ക് കീഴിൽ ആയിരിക്കെ വേറെ എന്തിന് ഒരു സൂപ്പർ സ്‌പെഷ്യാലിറ്റി? രൂപതയുടെ പാരമ്പര്യവും ഇതേ വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുമില്ല. 300 കോടിയോളം മുടക്കി ആശുപത്രി പണിതാൽ അത് ലാഭകരമാകില്ല. എറണാകുളത്ത് ഒട്ടനവധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളുണ്ട്. പാലായിൽ എറണാകുളത്തേക്ക് 70 കിലോമീറ്റർ ദൂരമേയുള്ളൂ. പാലാക്കാർ എറണാകുളത്തിനു വെച്ചു പിടിക്കും. പിന്നെ എന്തിന് സുപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി? ഇങ്ങിനെ ഉയരുന്ന ഒട്ടനവധി ബുദ്ധിപരമായ ചോദ്യങ്ങൾക്ക് പിന്നിൽ പാലാ രൂപത ഇപ്പോൾ വിറകൊള്ളുക തന്നെയാണ്. ശമ്പളം അടക്കം പ്രതിമാസ ചെലവ് വേറെ മൂന്നു കോടി ആശുപത്രിക്ക് കണ്ടെത്തേണ്ടതുണ്ട്. ദിനേനെ പതിനഞ്ചു ലക്ഷം രൂപ ലാഭം കിട്ടിയാൽ മാത്രമേ ആശുപത്രി നടത്തിക്കൊണ്ട് പോകാൻ കഴിയൂ. അതെങ്ങിനെ ലഭിക്കും എന്നാണ് ഉയരുന്ന ചോദ്യങ്ങളിൽ ചിലത്.

പാലാ രൂപത 350 കോടി രൂപ മുടക്കി പണിത മാർ സ്ലീവാ മെഡിസിറ്റി പാലാ രൂപതയുടെ സാമ്പത്തിക അടിത്തറ തകർക്കും എന്നാണ് രൂപതയിലെ വൈദികർ തന്നെ അടക്കം പറയുന്നത്. ഇപ്പോൾ മാർ സ്ലീവ മെഡിസിറ്റിയുടെ പേരിൽ പാലാ രൂപത പ്രതിരോധത്തിലായിരിക്കുകയാണ്. കടക്കെണിയിൽ നിന്നും രക്ഷനേടാൻ പിതാമഹന്മാർ പാല രൂപതയ്ക്ക് വാങ്ങി നല്കിയതും സംഭാവന നൽകിയതുമായ ഭൂമികളാണ് രൂപത ഇപ്പോൾ വിൽക്കാൻ പത്രപ്പരസ്യം നൽകിയിരിക്കുന്നത്. ഇതുവരെ പാലാ രൂപത ഭൂമി വിറ്റിട്ടില്ല. സ്വരുക്കൂട്ടുക മാത്രമേ ചെയ്തതിട്ടുള്ളൂ. അതുകൊണ്ട് ഭൂമി വിൽക്കാനായുള്ള തീരുമാനവും അതിനായുള്ള ഈ പരസ്യവും ഭൂമി വിൽക്കാനുള്ള തീരുമാനവുമാണ് പാല രൂപതയെ പ്രതിക്കൂട്ടിലാക്കുന്നത്. രൂപതയിലെ ഇടയ ലേഖനത്തിൽ പറയുന്നത് 150 കോടി രൂപ ബാങ്കുകളിൽ നിന്നുള്ള ലോൺ ആണെന്നും തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുകയാണെന്നുമാണ് ഇടയ ലേഖനത്തിൽ പറയുന്നത്. അതിനാലാണ് ആറേക്കർ സ്ഥലം വിൽക്കാനുള്ള തീരുമാനം വന്നത്.

150 കോടി രൂപ ലോൺ എടുക്കുമ്പോൾ പന്ത്രണ്ടു ശതമാനം പലിശ നിരക്ക് കൂട്ടിയാൽ തന്നെ പ്രതിവർഷ പലിശ 18 കോടിയോളം രൂപ വരും. പ്രതിമാസം ഒന്നര കോടിയും പലിശ വരും. ഇതോടെയാണ് വിശ്വാസി സമൂഹത്തിന്റെയും പള്ളികളുടെയും പിന്തുണ തേടാൻ രൂപത തീരുമാനം എടുത്തത്. ഈ തീരുമാനം അടിച്ചേൽപ്പിക്കപ്പെട്ട വിധം വളർന്നപ്പോൾ വിശ്വാസി സമൂഹത്തിൽ നിന്നും പള്ളികളിൽ നിന്നുമുള്ള എതിർപ്പ് കൂടുതൽ ശക്തമാവുകയാണ് ചെയ്തത്. പാല രൂപതയ്ക്ക് കീഴിലുള്ള വരുമാനമുള്ള മുപ്പതോളം പള്ളികളിൽ വാർഷിക വരുമാനത്തിന്റെ പത്ത് ശതമാനം അടുത്ത അഞ്ചു വർഷത്തേക്ക് മെഡിസിറ്റിക്ക് നൽകണം എന്നാണ് രൂപത പുറപ്പെടുവിച്ച നിബന്ധനകളിൽ ചിലത്. നിലവിലുള്ള പത്ത് ശതമാനത്തിന്റെ വിഹിതത്തിനു പുറമെയാണിത്. പള്ളി യോഗങ്ങൾ ഈ നിർദ്ദേശത്തിനു അനുകൂലമായി തലകുലുക്കിയിട്ടില്ല. . ഇടവക വരുമാനത്തിലുള്ള മെത്രാന്റെ കൈകടത്തലായി വിശ്വാസികൾ വീക്ഷിക്കുന്നത് കാരണമാണിത്.

വിശ്വാസികൾ മുണ്ട് മുറുക്കി ഉടുക്കണമെന്ന് ഇടയ ലേഖനം

വിശ്വാസികൾ മുണ്ട് മുറുക്കി ഉടുത്ത് മെഡിസിറ്റിക്ക് വന്ന ബാധ്യതകൾ പരിഹരിക്കണം എന്നാണ് രൂപത ആവശ്യപ്പെടുന്നത്. എന്നാൽ വികാരിമാർ ഈ നിർദ്ദേശം പാലിക്കുന്നുണ്ടോ എന്ന് വിശ്വാസികൾ ചോദ്യം എറിയുന്നു. അതിനു ഉദാഹരണങ്ങളും നിരത്തുന്നു. വിശ്വാസികൾ അനാവശ്യ ചെലവ് ഒഴിവാക്കി വരുന്ന നോയമ്പ്കാലത്ത് ഇറച്ചി-മീൻ ഒഴിവാക്കി അതിനു നൽകുന്ന പണം രൂപതയ്ക്ക് നൽകണമെന്നാണ് പാലാ മെത്രാന്റെ ഇടയലേഖനം വന്നത്. ഈ ഇടയ ലേഖനം കഴിഞ്ഞ ദിവസങ്ങളിൽ പള്ളികളിൽ വായിക്കുകയും ചെയ്തു. സ്ഥലംമാറ്റം ലഭിച്ചപ്പോൾ ഒരു വികാരി ഒരു സഭാ പത്രത്തിൽ ൽ തന്റെ പടം വെച്ച് ഒരു പേജ് പരസ്യം നൽകി. മൂന്നു ലക്ഷത്തിന്റെതായിരുന്നു ഈ പരസ്യം എന്നാണ് വിവരം ലഭിച്ചത്. ഈ മൂന്ന് ലക്ഷം രൂപ ശരിക്ക് മെഡിസിറ്റിക്ക് നൽകേണ്ട പണമായിരുന്നു. ഈ പണം നല്കിയില്ലല്ലോ എന്നാണ് വരുന്ന ആരോപണങ്ങളിൽ ചിലത്. കടനാട്ടിൽ നിന്നും കുറവിലങ്ങാടു ആർച്ച് പ്രീസ്റ്റായി സ്ഥലം മാറ്റം കിട്ടിയ ഒരു വൈദികൻ അരപ്പേജ് പരസ്യമാണ് ഇതേ പത്രത്തിൽ സ്വന്തം ഫോട്ടോ സഹിതം നൽകിയത്. ധാർമ്മികയില്ലാത്ത ഇത്തരം നടപടികളെ ചോദ്യം ചെയ്യാനുള്ള ധാർമികത രൂപതയ്ക്ക് വേണ്ടേ എന്നാണ് മറ്റൊരു ചോദ്യം. പരസ്യം കൊടുത്തവർ എല്ലാം സമ്പന്ന പള്ളിയിലെ വൈദികരാണ്. അതുകൊണ്ട് തന്നെ രൂപത ഒഴിഞ്ഞുമാറുകയാണ് എന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.

മെഡിസിറ്റിക്ക് സാമ്പത്തിക സഹായം പത്ത് ശതമാനത്തിൽ നിന്ന് 50 ശതമാനം ആക്കാനുള്ള നീക്കമെന്നാണ് ഈ തീരുമാനത്തെ വൈദികർ തന്നെ വിശേഷിപ്പിക്കുന്നത്. അത്രമാത്രം ബാധ്യതയാണ് മാർ സ്ലീവ മെഡിസിറ്റി പാല രൂപതയ്ക്ക് എല്പിച്ചിരിക്കുന്നത് എന്ന് വൈദികർക്കും വിശ്വാസി സമൂഹത്തിനും അറിയാം. അതുകൊണ്ട് തന്നെ എതിർപ്പ് ശക്തമാവുകയാണ്. ഇതോടെ രൂപതയുടെ തീരുമാനങ്ങൾ വിശ്വാസി സമൂഹം മോണിട്ടർ ചെയ്യാൻ തുടങ്ങി. രൂപതയിലെ വരുമാനമുള്ള പള്ളികളിൽ ഏറാന്മൂളികളായ വൈദികരെ നിയമിച്ചതിന് പിന്നിൽ ഇടവക വരുമാനം മെഡിസിറ്റിയിലേക്ക് വരുമാനം ഒഴുക്കാനുള്ള അടവാണെന്നു ആക്ഷേപവും ഉയർന്നിട്ടുണ്ട്. 1010 വീടുകളും 4810 ഇടവക ജനങ്ങളും ഉള്ള ചേർപ്പുങ്കൽ പള്ളിയിലെ വികാരിയെ മാറ്റിയത് വരുമാനമില്ലാത്ത രത്‌നഗിരി പള്ളിയിലേക്ക് മാറ്റിയത്. ചേർപ്പുങ്കലിൽ പുതിയ വികാരി വരുകയും ചെയ്തു. ഇതെല്ലാം പള്ളിയുടെ വരുമാനത്തിൽ കൈകടത്താനുള്ള മെത്രാന്റെ തീരുമാനമായാണ് വിശ്വാസി സമൂഹം കണക്കുകൂട്ടുന്നത്. പാലാ രൂപതയിലെ ഏറ്റവും വലിയ പള്ളിയായ കുറവിലങ്ങാടു ആർച്ച് പ്രീസ്റ്റിനെ നിയമിച്ചത് സീനിയോറിറ്റിയും ചട്ടങ്ങളും ലംഘിച്ചെന്ന് ആരോപണമുയർത്തുന്നത് വൈദികർ തന്നെയാണ്. കാരണം വരുമാനം പിടിക്കാനുള്ള രൂപതയുടെ തീരുമാനം വന്നപ്പോൾ വൈദികരുടെ സീനിയോറിറ്റിയും നഷ്ടമാകുന്ന അവസ്ഥ വന്നു. പാല രൂപതയ്ക്ക് കീഴിലുള്ള 467 വൈദികരിൽ സീനിയോറിറ്റിയിൽ 220 ആം സ്ഥാനത്ത് നിൽക്കുന്ന വൈദികനെയാണ് കുറവിലങ്ങാട് നിയോഗിച്ചത്. ഇതോടെ ഇതിനു പിന്നിൽ അരമനയിലെ ഫിനാൻസ് ലോബിയെന്ന ആരോപണവും ഒപ്പം ഉയർന്നു.

ഭൂമി വിൽപ്പന വിവാദം കത്തിനിൽക്കെ മെഡിസിറ്റിയിലെ നിയമനങ്ങളും വിവാദമാകുകയാണ്. ആശുപത്രി ജീവനക്കാർ തൊണ്ണൂറു ശതമാനവും വൈദികരുടെ ബന്ധുക്കൾ ആണെന്ന ആരോപണമാണ് രൂപത നേരിടുന്നത്.
മെഡിസിറ്റി നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട വൈദികർ ആഡംബര കാറുകൾ വാങ്ങിയതും വിവാദമായി നിൽക്കുന്നു. പ്രതിമാസം 12000 രൂപ ശമ്പളം പറ്റുന്ന വൈദികർ എങ്ങനെ ആഡംബര കാറുകൾ വാങ്ങിയെന്നാണ് വിശ്വാസിസമൂഹം ചോദ്യം ഉതിർക്കുന്നത്. ഇതും രൂപതയെ പ്രതിരോധത്തിലാക്കുകയാണ്.

പാലാ രൂപത അധികൃതർ മറുനാടന് നൽകിയ വിശദീകരണം:

പാലാ രൂപതയ്ക്ക് കീഴിലുള്ള ഭൂമി വിൽക്കാനുള്ള തീരുമാനം സഭാ സമിതികളിൽ ആലോചിച്ച് എടുത്ത തീരുമാനമാണ്. ഇതുമായി ബന്ധപ്പെട്ട പരസ്യം രൂപത തന്നെ നല്കിയതാണ്. ഭൂമികൾ പല സ്ഥലത്ത് ചിതറിക്കിടക്കുകയാണ്. അതുകൊണ്ട് രൂപതയ്ക്ക് പ്രത്യേക ഗുണമൊന്നുമില്ല. സ്വത്തുകൾ എല്ലാം കേന്ദ്രീകരിക്കാൻ വേണ്ടിയാണ് മെഡിസിറ്റിക്കായി ചിതറിക്കിടക്കുന്ന ഭൂമികൾ വിൽക്കാൻ തീരുമാനിച്ചത്-രൂപതയുടെ വക്താക്കൾ പറയുന്നു.

റിജു കഞ്ഞൂക്കാരൻ ഷെയർ ചെയ്ത ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഹൈവേ വിൽക്കാനുണ്ട്!

ഇടപ്പള്ളി പള്ളിയിലെ ഉടുപ്പൂരിയ കൊച്ചച്ചനോട് എനിക്കൊത്തിരി ബഹുമാനമുണ്ട്. കാമുകിയുടെ കൊച്ചിന്റെ പിതൃത്വം കാമുകിയുടെ അപ്പനോടും ഏൽക്കാൻ പറഞ്ഞില്ല, അവളോടൊപ്പം പോവുകയും ചെയ്തു. കുർബ്ബാനപ്പണം അടിച്ചു മാറ്റിയത് - ആയകാലത്തു നല്ലതു ചെയ്യാത്തവർക്ക് വേണ്ടി കുർബ്ബാന ചൊല്ലിച്ചതുകൊണ്ട് ആർക്കും പ്രയോജനമില്ലെന്ന് കൊച്ചച്ചന് അറിയാമായിരുന്നതുകൊണ്ടാ. കൊരട്ടിപ്പള്ളിയിലെ നേർച്ചസ്വർണം വാഴക്കുല തൂക്കുന്ന ത്രാസ്സുകൊണ്ട് തൂക്കി മാറ്റിയെങ്കിൽ ഇതെന്തെന്നു കൊച്ചച്ചനോർത്തു കാണണം. വികാരിയാകുന്നിടം വരെ കാത്തുനിൽക്കാൻ ക്ഷമ കിട്ടിയില്ല. പ്രിൻസ് അച്ചനെ എന്തിനാ ക്രൂശിക്കുന്നത്? ഒരു മെത്രാൻ അമ്പതു ലക്ഷം ചെലവ് ചെയ്ത് ഒരു കൊച്ചു കേസ് ഒതുക്കിയെന്നുള്ള ആരോപണം ശരിയെങ്കിൽ പള്ളിക്കവകാശപ്പെട്ട പണമല്ലേ ഒഴുകിയത്? ഇതുകൊണ്ട് വല്ലോം ചോദ്യങ്ങൾ തീരുമോ - കടൽപോലെ കിടക്കുകയല്ലേ? ആരാ മിടുക്കൻ എന്ന ചോദ്യമേ ഉത്തരം കിട്ടേണ്ടതായുള്ളു. പണ്ട് മുല്ലാ നസറുദ്ദിന്റെ കൊച്ചുമോൻ ക്ലാസ്സിൽ ഫസ്റ്റായ കഥ കേട്ടിട്ടുണ്ടോ? ആളൊരു തിരുമണ്ടൻ; പക്ഷേ, ഒരു ദിവസം വീട്ടിൽ വന്നത് തുള്ളിച്ചാടി! ചോദിച്ചു വന്നപ്പം അവൻ ക്ലാസ്സിലെ ഫസ്റ്റാണെന്നു സാർ പറഞ്ഞത്രേ. സാർ ചോദിച്ച ചോദ്യം, പശുവിനെത്ര കാലുണ്ടെന്നായിരുന്നു. അവൻ പറഞ്ഞതു മൂന്നെന്നാണെന്നു കേട്ടപ്പോൾ മുല്ലാക്ക് സംശയം - അങ്ങിനെ പറഞ്ഞവനെങ്ങിനെയാ ഫസ്റ്റ് കിട്ടുക? അതിനു കൊച്ചുമോൻ പറഞ്ഞെതെന്താണെന്നറിയുവോ? എല്ലാരും രണ്ടെന്നാ പറഞ്ഞതെന്നും അവനാണു കൂടുതൽ പറഞ്ഞതെന്നുമാണ്. ഇത്തരം വീരവാദങ്ങളാണ് കത്തോലിക്കാ സഭ ഉണ്ടായപ്പോൾ മുതലു പറയുന്നത്. വിവാഹം കഴിക്കാത്ത പുരോഹിതർ വേണമെന്നുള്ള വാശി സഭാ നേതൃത്ത്വം ഉപേക്ഷിച്ചേ മതിയാവൂ. പണ്ടുണ്ടായിരുന്ന കൂട്ടായ്മ ശുശ്രൂഷാ സംസ്‌കാരം തിരിച്ചു കൊണ്ടുവന്നാലേ നമ്മുടെ റീത്ത് മറ്റുള്ളവരുടെ നെഞ്ചത്തു വെക്കാൻ കഴിയൂ.

കുര്യച്ചിറ പള്ളിയുടെ കീഴിൽ ഒരു അത്മായൻ സ്വയം വീട് വെഞ്ചരിക്കുന്ന ഫോട്ടോയായിരുന്നു കഴിഞ്ഞയാഴ്‌ച്ചത്തെ താരം. ഞാനൊരു സത്യം പറയട്ടെ? പാലിയേക്കര ടോൾ മുതൽ തൃശ്ശൂർ ടൗൺ വരെയുള്ള സകല കത്തോലിക്കാ പള്ളികളും റദ്ദാക്കാൻ താഴത്തു മെത്രാന് അധികാരമുണ്ടായിരുന്നെങ്കിൽ പണ്ടേയത് ചെയ്തു പോയേനെ. കുര്യച്ചിറയെക്കാൾ ശല്യമായി വേറെ രണ്ടെണ്ണം കൂടിയുണ്ട് - തലോറും, ഒല്ലൂരും. താലോരിൽ ആശ്രമം വക പള്ളിയുമായായിരുന്നു രൂപതയുടെ യുദ്ധം. അവിടെയും മെത്രാന്റെ പ്ലാൻപോലെ കാര്യം നടന്നില്ല. ഒല്ലൂരല്ലേ വി. റപ്പായേലിന്റെ പള്ളി? അവിടെ എല്ലാ ആണ്ടിലും തന്നെ ഇടവകക്കാരും രൂപതയുമായി ഒരു ഗുസ്തിയുള്ളതാ; അവസാനം ഇടവകക്കാർ ജയിക്കുകയും ചെയ്യും! അവിടെയാ ഒരിടവകക്കാരൻ വികാരിയച്ചനെക്കൊണ്ട് പരസ്യമായി ക്ഷമ പറയിച്ചത് (വെടിക്കെട്ട്-കല്യാണക്കേസ്).

ദൈവത്തിനു ദൈവത്തിന്റേതായ വഴിയുണ്ട് - അതാണ് ഒന്നിന് പിന്നാലെ ഒന്നായി പാരകൾ സഭക്ക് വന്നുകൊണ്ടിരിക്കുന്നത്. മാനന്തവാടിയിൽ ഒരു കേസുണ്ടാകുമ്പോൾ കൊച്ചിക്കാരു ചിരിക്കും; ഇടപ്പള്ളിയിൽ ഒരു കേസുണ്ടാകുമ്പോൾ ചങ്ങനാശ്ശേരിക്കാരു ചിരിക്കും. ഇപ്പൊ എന്ത് മനസ്സിലായി? സുമുഖരായ കൊച്ചച്ചന്മാരെ കണക്കേൽപ്പിക്കരുതെന്നും മനസ്സിലായി, അവരെ രൂപതയുടെ വക്താക്കളാക്കരുതെന്നും മനസ്സിലായി!

തൃശ്ശൂരെന്നു കേട്ടാൽ തൃശ്ശൂരുകാരു പോലും വിറയ്ക്കും. പാലാക്കാരുടെ കപ്പയും കത്തിയുമൊക്കെ അവരുടെ മുമ്പിൽ ഒന്നുമല്ല. നല്ല പഠിത്തവും വിദ്യാഭ്യാസവുമുള്ളവരാ അവർ. അടുത്ത കാലത്ത് ഒരു തൃശ്ശൂർകാരൻ സാർ എന്നെ വിളിച്ച് ഒന്നൊന്നര ചോദ്യമായിരുന്നു. ശ്ലീവാപ്പാതയുടെ പാട്ട് ആരെന്തു കണ്ടിട്ടു രചിച്ചതെന്നാ അദ്ദേഹത്തിന്റെ ചോദ്യം. 'ഗാഗുൽത്താ മലയിൽ നിന്നും വിലാപത്തിൻ....' കർത്താവു കുരിശിൽക്കിടന്ന് അലറുകയായിരുന്നെന്ന് ആരാ പറഞ്ഞതെന്നാ ഈ ചേട്ടൻ ചോദിച്ചത്. വളരെ ശാന്തമായി 'സാദ്ധ്യമെങ്കിൽ ഈ പാനപാത്രം തിരിച്ചെടുക്കേണമേ'യെന്ന് പറഞ്ഞ യേശുവിനെയല്ലേ ബൈബിൾ വരച്ചു കാട്ടുന്നത്? ശിമയോന്റെ തോളിൽ കുരിശിരിക്കുമ്പോൾ യേശു കുരിശുമായി വീണതെങ്ങിനെയാ, വേറോനിക്ക മുഖം തുടച്ച കാര്യം വി. ബൈബിൾ എന്താ പറഞ്ഞിരിക്കുന്നത്....? അൽപ്പം ഫീലുണ്ടാകട്ടെയെന്നു കരുതി എഴുതിയതെല്ലാം ഇപ്പോ പാരയായി വരുമെന്നാ തോന്നുന്നത്. തോമ്മാശ്‌ളീഹാ ഇന്ത്യയിൽ വന്നു കുരിശു കൊത്തിയെന്നു പറഞ്ഞതുപോലെ സർവ്വതും ആവിയായിപ്പോകുമോന്നാ എന്റെ സംശയം.

പണ്ടു റോമിൽ മർപ്പാപ്പായെ തിരഞ്ഞെടുക്കാനുള്ള ഒരു വഴക്കു നടന്നു കൊണ്ടിരിക്കുമ്പോൾ ആ വഴി ഒരു സാധാരണക്കാരൻ കടന്നു പോയി. കൗതുകം കൊണ്ട് മെത്രാന്മാരുടെ ഈ മീറ്റിംഗും കണ്ട് നിന്ന അയാളുടെ തലയിൽ ഒരു പ്രാവ് വന്നിരുന്നു. അവസാനം എല്ലാരും കൂടി അയാളെ മാർപ്പാപ്പായാക്കാൻ തീരുമാനിച്ചു. അഉ 250 ൽ സ്ഥാനമേറ്റ വി. ഫാബിയന്റെ കഥയാണ് ഞാൻ പറഞ്ഞത്. മിലാനിലെ ഗവർണറായിരുന്ന അംബ്രോസ് ക്രിസ്ത്യാനികളുടെ ഒരു മെത്രാൻ തിരഞ്ഞെടുപ്പിനു മാധ്യസ്ഥൻ വഹിക്കാൻ പോയ കഥ കേട്ടിട്ടുണ്ടോ? അവസാനം അംബ്രോസിനെ ബിഷപ്പാക്കാമെന്ന് ഒരഭിപ്രായം വന്നു. അങ്ങിനെയയാളെ ഒരൊറ്റ ദിവസം തന്നെ മാമ്മോദിസായും മുക്കി, വൈദികനുമാക്കി, ബിഷപ്പുമാക്കി - അഉ 374 ഡിസംബർ 7 നു നടന്ന സംഭവമാണ് ഞാൻ പറഞ്ഞത്. ഈ കഥയൊക്കെ പറഞ്ഞത് നിങ്ങളാരും ഈ പള്ളിവഴക്കിൽ പങ്കെടുക്കുന്നതും പള്ളിയോഗത്തിനു പോകുന്നതും സൂക്ഷിച്ചു വേണമെന്നു പറയാനാണ്. പണി പാലുംവെള്ളത്തിൽ കിട്ടുമെന്നുറപ്പല്ലേ? ഇട്ടേച്ചു പോയാലോന്നാ ഞാനിപ്പോൾ ഓർക്കുന്നത്!

ദൈവത്തിനു ദൈവത്തിന്റേതായ വഴികളുണ്ട്. ഒന്നിനെയും യുക്തികൊണ്ട് ചോദ്യം ചെയ്യാതിരിക്കുക; ഈ പാരമ്പര്യത്തിന്റെ മികവും വീര്യവുമൊക്കെ ദൈവത്തോട് വേണ്ട. ഒരു ആൻഡ്രി ഫ്രാൻസിസ് റാഫ്റെ എന്ന വക്കിലിന്റെ കഥ കേട്ടിട്ടുണ്ട് - ഒരു മദ്ധ്യവയസ്‌കൻ (47). അയാൾ ജീൻ കാൾമെന്റ് എന്നൊരു 90 വയസ്സുള്ള വൃദ്ധയുമായി ഒരുടമ്പടി വെച്ചു - ആ സ്ത്രിയുടെ മരണം വരെ മാസം 500 ഡോളർ വെച്ച് കൊടുക്കാമെന്നും മരണശേഷം ആ വൃദ്ധയുടെ വിലയേറിയ ഫ്ളാറ്റ് പ്രതിഫലമായി കൈപ്പറ്റികൊള്ളാമെന്നുമായിരുന്നു കരാർ. പക്ഷെ, ഈ സ്ത്രീ മരിച്ചത് 120 വയസ്സായപ്പോൾ (ലോക റിക്കാർഡ്), ആൻഡ്രിയാവട്ടെ 77 ആയപ്പോഴേ വിടവാങ്ങി. ഇതിനോടിടക്ക് ആ ഫ്ളാറ്റിന്റെ മൂന്നിരട്ടി വിലക്കുള്ള പണം അയാൾ കൊടുത്തു കഴിഞ്ഞിരുന്നു. കഴിഞ്ഞയാഴ്‌ച്ചയും ഞാനെഴുതിയിരുന്നു, ഈ അളിഞ്ഞ പാരമ്പര്യവാദവുമായി എത്രനാൾ മുന്നോട്ടു പോകുന്നോ അത്രയും ഈ സഭ തകരുകയേ ഉള്ളെന്ന്. ഒരു റോബിൻ മാറുമ്പോൾ പീലിയനി വരും, അയാളു പോകുമ്പോൾ ഓട്ടിസം വരും, അതു പോകുമ്പോൾ കൃപാസനം വരും, അത് പോകുമ്പോൾ കടുവാ വരും, കടുവാ പോകുമ്പോൾ രാജകുമാരൻ വരും, അയാൾ പോകുമ്പോൾ കുര്യച്ചിറ വരും ... ഇതൊരിക്കലും ഒതുങ്ങാൻ ദൈവം തമ്പുരാൻ അനുവദിക്കില്ല! അറ്റുപോകാത്ത ഓർമ്മകളുമായി ഒരു മെത്രാൻ തന്നെ വന്നുകൂടായ്കയില്ല.

പാലാ അരമന നാലര ഏക്കർ സ്ഥലം കൊടുക്കുകയാണ്. ഈ പരസ്യം സത്യമാണെങ്കിൽ വാങ്ങിക്കേണ്ടവർ പേടിച്ചു നിൽക്കരുത്. കമ്പോള വിലയുടെ മൂന്നിലൊന്നു വിലക്കുറപ്പിച്ചെന്നിരിക്കും. അതിന്റെ പകുതി കൊടുത്താൽ ആധാരമെഴുതിയെന്നുമിരിക്കും. പരസ്യം കാണുന്നവരോർക്കും ഇതൊക്കെ എന്തിനാ വിൽക്കുന്നതെന്ന്. എറണാകുളത്തെ സ്ഥലം എന്തിനാ വിറ്റതെന്നും ആ കിട്ടിയ കാശ് ആരാ കൊണ്ടുപോയതെന്നും ഇന്നേവരെ ഒരു മനുഷ്യനും അറിയില്ല. പിന്നല്ലേ, പാലായിലെ നാൽപ്പതു കോടി! എന്തോരം കാശു കിട്ടിയാലും മനുഷ്യനു തികയുവോന്നു ചോദിച്ചാൽ.... ഇല്ലെന്നു പറയേണ്ടി വരും. ഒരു പുണ്യവതി, അതിനു താഴെപ്പടികളിൽ കുറേ ദാസന്മാർ...! മൂന്നു തീർത്ഥാടന കേന്ദ്രങ്ങൾ ... ഒരു മൈൽ നീളമുള്ള ഷോപ്പിങ് കോമ്പ്‌ളക്‌സ്... ഇതിന്റയൊക്കെ വരവ് എതിലെ പോകുന്നുവോ? മാർസ്ലീബാ ആശുപത്രി തിന്നുന്നതാണോ മുത്തപ്പാ? എട്ടാമത്തെ ഇനമായി മരിയൻ സെന്ററിനു സമീപം ഹൈവേ സൈഡും വിൽക്കുന്നുണ്ടെന്ന് പരസ്യത്തിൽ! കർത്താവേ അതു സർക്കാരിന്റെയല്ലിയോ? എന്നാ ഭാവിച്ചാണോ? ഞാൻ പലരോടും ചോദിച്ചു; വീടില്ലാത്തോർക്ക് വീടുണ്ടാക്കാനായിരിക്കുമെന്നോ തുണിയില്ലാത്തോർക്ക് തുണികൊടുക്കാനായിരിക്കുമെന്നുമൊന്നും ആരും പറഞ്ഞില്ല. പള്ളി വല്ലോം വിൽക്കുന്നുണ്ടായിരുന്നെകിൽ ഞാനെടുത്തേനേ!

ജോസഫ് മറ്റപ്പിള്ളി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP