Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഭൂമി ഇടപാടിൽ മാർ ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിർത്തി വിമത പ്രവർത്തനം നടത്താൻ നേതൃത്വം നൽകിയ വൈദികർക്ക് താക്കീത് നൽകും; പിന്നിലിരുന്ന് ചരട് വലിച്ച മാർ എടയന്ത്രത്തിനെ മെൽബൺ രൂപതയിലേക്ക് സ്ഥലം മാറ്റും; മെൽബൺ മെത്രാൻ മാർ ബോസ്‌കോ പുത്തൂരിനെ പാലക്കാട്ടേക്കും പാലക്കാട് മെത്രാനെ സഭാ ആസ്ഥാനത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് ബിഷപ്പും ആക്കും; സീറോ മലബാർ സഭയിലെ വിമത പ്രശ്‌നത്തിന് റോമിന്റെ ആശിർവാദത്തോടെ പരിഹാരമായി; എതിർപ്പോടെ വത്തിക്കാൻ നിർദ്ദേശം അംഗീകരിച്ച് സിനഡ് യോഗം

ഭൂമി ഇടപാടിൽ മാർ ആലഞ്ചേരിയെ പ്രതിസ്ഥാനത്ത് നിർത്തി വിമത പ്രവർത്തനം നടത്താൻ നേതൃത്വം നൽകിയ വൈദികർക്ക് താക്കീത് നൽകും; പിന്നിലിരുന്ന് ചരട് വലിച്ച മാർ എടയന്ത്രത്തിനെ മെൽബൺ രൂപതയിലേക്ക് സ്ഥലം മാറ്റും; മെൽബൺ മെത്രാൻ മാർ ബോസ്‌കോ പുത്തൂരിനെ പാലക്കാട്ടേക്കും പാലക്കാട് മെത്രാനെ സഭാ ആസ്ഥാനത്തെ അഡ്‌മിനിസ്‌ട്രേറ്റീവ് ബിഷപ്പും ആക്കും; സീറോ മലബാർ സഭയിലെ വിമത പ്രശ്‌നത്തിന് റോമിന്റെ ആശിർവാദത്തോടെ പരിഹാരമായി; എതിർപ്പോടെ വത്തിക്കാൻ നിർദ്ദേശം അംഗീകരിച്ച് സിനഡ് യോഗം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി:എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിന്റെ പേരിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കുടുക്കാൻ ശ്രമിച്ചവർക്ക് പണി കിട്ടും. ആലഞ്ചേരിയെ അഴിക്കുള്ളിലാക്കാൻ കരുക്കൾ നീക്കിയവർക്കെതിരെ കടുത്ത നിലപാട് എടുക്കുകയാണ് വത്തിക്കാൻ. ഇതുകൊച്ചിയിൽ ചേരുന്ന സിനഡ് യോഗത്തിലും പ്രതിഫലിച്ചു. ആലഞ്ചേരിയെ കർദിനാൾ പദവിയിൽ നിന്ന് മാറ്റാൻ രഹസ്യ ഇടപെടലുകൾ നടത്തിയവർക്ക് പണി കൊടുക്കുകയാണ് സിനഡ്. സഭയിലെ പ്രശ്നങ്ങളെ തെരുവിലെത്തിച്ച എല്ലാ വൈദികരേയും ശാസിക്കാനാണ് സിനഡ് തീരുമാനം. താക്കീതും നൽകും. ഇതിനൊപ്പം രഹസ്യമായി അണിയറയിൽ പ്രവർത്തിച്ച മാർ എടയന്ത്രത്തിനെ കേരളത്തിൽ നിന്ന് മാറ്റാനും ധാരണയായി ഇടയന്ത്രത്തിനെ മെൽബൺ രൂപതാ മെത്രാനാക്കാനാണ് തീരുമാനം. നാളെ വീണ്ടും സിനഡ് തുടരും. വത്തിക്കാൻ പ്രതിനിധിയും ഇതിൽ പങ്കെടുക്കും. ഇതിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം

സഭയിൽ അച്ചടക്കം പുനഃസ്ഥാപിക്കാൻ വത്തിക്കാനാണ് തീരുമാനം എടുത്തത്. സിനഡിൽ വത്തിക്കാൻ നിർദ്ദേശങ്ങൾ അവതരിപ്പിക്കപ്പെടുകയായിരുന്നു. ഇത് ഏവരും അംഗീകരിക്കേണ്ട ആവശ്യവും വന്നു. ഭൂമി ഇടപാടിന്റെ പേരിൽ മാർ ആലഞ്ചേരിയെ പ്രതിസസ്ഥാനത്ത് നിർത്തി വിമത പ്രവർത്തനം നടത്താൻ നേതൃത്വം നൽകിയ വൈദികർക്ക് താക്കീത് നൽകുന്നതിന് അപ്പുറത്തേക്ക് ഒന്നും ആരും പ്രതീക്ഷിച്ചിരുന്നില്ല. പിന്നിലിരുന്ന് ചരട് വലിച്ച മാർ എടയന്ത്രത്തെ മെൽബൺ രൂപതയിലേക്ക് സ്ഥലം മാറ്റണമെന്ന നിർദ്ദേശം വത്തിക്കാൻ മുന്നോട്ട് വച്ചത്. മെൽബൺ മെത്രാൻ മാർ ബോസ്‌കോ പുത്തൂരിനെ പാലക്കാട്ടേക്കും പലാക്കാട് മെത്രാനെ സഭാ ആസ്ഥാനത്തെ അഡ്‌മിനിസ്ട്രേറ്റീവ് ബിഷപ്പും ആക്കും. അതായത് കർദിനാൾ ആലഞ്ചേരി എറണാകുളം രൂപതാ അർച്ച് ബിഷപ്പായി തുടരുകയും ചെയ്യും. എന്നാൽ തീരുമാനം എടുക്കാനുള്ള അധികാരം അഡ്‌മിനിസ്ട്രേറ്റീവ് ബിഷപ്പിനായിരിക്കും. അതായത് പാലക്കാട് രൂപതയുടെ മെത്രാൻ മാർ ജേക്കബ് മനതോടത്തിന് എറണാകുളം രൂപതയിലെ അധികാരം ഫലത്തിൽ കിട്ടുകയാണ്.

സീറോ മലബാർ സഭയിലെ വിമത പ്രശ്നത്തിന് റോമിന്റെ ആശിർവാദത്തോടെയുള്ള പ്രശ്ന പരിഹാം സിനഡിലെ എല്ലാവർക്കും അംഗീകരിക്കേണ്ടി വരും. നിരാശനോടെയെങ്കിലും തീരുമാനം എടയന്ത്രത്തും അംഗീകരിക്കും. സീറോ മലബാർ സഭക്കാകെ നാണക്കേടായ ഭൂമിവിവാദത്തിൽ വത്തിക്കാന്റെ ഇടപെടൽ നേരത്തേയും ഉണ്ടായരുന്നു. എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ഭരണച്ചുമതലയുള്ള അപ്പോസ്തലിക് അഡ്‌മിനിസ്ട്രേറ്ററായി പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്തിനെ നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സിനഡ് യോഗത്തോടെ മാർ മനത്തോടം പൂർണ്ണമായും എറണാകുളത്തെ അധികാരമുള്ള അഡ്‌മിനിസ്ട്രേറ്റീവ് മെത്രാനാവുകയാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി. എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ ആർച് ബിഷപ് സ്ഥാനത്ത് കർദിനാൾ ജോർജ് ആലഞ്ചേരി തുടരും.

ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തായിരുന്നു എറണാകുളം സഹായമെത്രാന്മാരിൽ ഒരാൾ. എന്നാൽ വത്തിക്കാന്റെ നിർദ്ദേശങ്ങൾ അവഗണിച്ചുള്ള വിമത പ്രവർത്തനം ഇപ്പോഴും എറണാകുളം രൂപതയിൽ തുടരുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് പുതിയ തീരുമാനം. മാർ ആലഞ്ചേരിയുടെ ചുമതലയിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ നടന്ന ഭൂമിയിടപാടുകൾ വിവാദമായിരുന്നു. അദ്ദേഹം സ്ഥാനമൊഴിയണമെന്ന് ഒരു വിഭാഗം വൈദികരും അൽമായരും ആവശ്യപ്പെടുകയും ചെയ്തു. ഇതിനെല്ലാം പിന്നിൽ മാർ എടയന്ത്രത്തിന്റെ ഇടപെടലാണെന്ന് ആരോപണം ഉയർന്നിരുന്നു. ആലഞ്ചേരിയെ എറണാകുളം രൂപതയുടെ മേജർ ആർച്ച് ബിഷപ്പ് പദവിയിൽ നിന്ന് മാറ്റി ഈ സ്ഥാനം പിടിച്ചെടുക്കാനാണ് ശ്രമമെന്നായിരുന്നു വിലയിരുത്തൽ.

സീറോ മലബാർ സഭയിലെ തെക്കരും വടക്കരും തമ്മിലുള്ള ഏറ്റുമുട്ടലായി ഇത് മാറി. സാധാരണ സീറോ മലബാർ സഭയുടെ തലപ്പത്ത് എറണാകുളം രൂപതക്കാരായിരുന്നു എത്താറുള്ളത്. ഇതിന് വിരുദ്ധമായാണ് ആലഞ്ചേരിയെ കർദിനാളും സഭാ തലവനുമാക്കിയത്. ഇതോടെ തെക്കൻ വിഭാഗമെന്ന് അറിയപ്പെടുന്ന ചങ്ങനാശ്ശേരി രൂപതയിലെ വൈദികൻ എറണാകുളം രൂപതയിൽ കാര്യങ്ങൾ നിയന്ത്രിച്ചു. ഇതാണ് സഭയിൽ ഭിന്നത രൂക്ഷമാക്കിയത്. സീറോ മലബാർ സഭയിൽ ആഭ്യന്തര പരാതി പരിഹാര സമിതി രൂപവത്കരിക്കണമന്ന് സിനഡ് നേരത്തെ തീരുമാനിച്ചിരുന്നു. സെഭയ്ക്കകത്തു നിന്നും പുറത്തുനിന്നും സഭയ്‌ക്കെതിരായി ഉയരുന്ന പരാതികൾ പരിഹരിക്കാൻ രൂപതകൾ സമിതികൾ രൂപവത്കരിക്കണമെന്നാണ് സിനഡ് നിർദ്ദേശിച്ചിരിക്കുന്നത്. പരാതികൾ പരിഹരിക്കാനും നീതി നടപ്പിലാക്കാനുമുള്ള സഭയുടെ ആർജവം പ്രയോഗികതലത്തിലെത്തിക്കാൻ ഇത്തരം സമിതികൾ സഹായകമാകുമെന്നാണ് സിനഡിന്റെ വിലയിരുത്തൽ.

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനക്കേസ് ഉൾപ്പെടെയുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സിനഡിന്റെ നിർദ്ദേശം. ഇതിന് പിന്നാലെയാണ് മാർ ആലഞ്ചേരിക്കെതിരെ രംഗത്ത് വന്ന വൈദികർക്കെതിരേയും സിനഡ് തീരുമാനം എടുക്കുന്നത്. ആഭ്യന്തര പരാതി പരിഹാര സമിതികൾ സമിതികളിൽ അൽമായരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് സിനഡ് തീരുമാനിച്ചിട്ടുണ്ട് സഭയ്ക്കകത്ത് കൈകാര്യം ചെയ്യാനാവുന്നതിനപ്പുറമുള്ള പരാതികൾ പൊലീസിനെ അറിയിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സിനഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. സഭയുടെ കീഴിൽ വരുന്ന പള്ളികളിലും സ്ഥാപനങ്ങളിലുമെല്ലാം കുട്ടികൾ ഉൾപ്പെടെ എല്ലാവർക്കും കൂടുതൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ 'സേഫ് എൻവയോൺമെന്റ് പോളിസി' നടപ്പാക്കാനും സിനഡ് തീരുമാനമെടുത്തിട്ടുണ്ട്. സഭയിലെ 55 മെത്രാന്മാരാണ് സിനഡിൽ പങ്കെടുക്കുന്നത്. ഇവരെല്ലാം വത്തിക്കാന്റെ നിർദ്ദേശമനുസിച്ചുള്ള തീരുമാനങ്ങളെ ഏക മനസോടെ അംഗീകരിക്കും. ഇന്നലെ തുടങ്ങിയ സിനഡിൽ ഇന്ന് വിശ്രമമാണ്. നാളെ വീണ്ടും തുടങ്ങും. അപ്പോഴാകും നിർണ്ണായക തീരുമാനം പ്രഖ്യാപിക്കുക.

ഇതിനിടെ സീറോ മലബാർ സഭയിൽ വീണ്ടും ഭൂമി വിവാദം സജീവമാക്കാനും നീക്കം നടക്കുന്നുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിൽപ്പന നടത്താൻ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ ഒത്താശയോടെ വ്യാജപട്ടയം ചമച്ചുവെന്നാണ് പുതിയ പരാതി. കർദിനാൾ ഉൾപ്പെടെ ഉള്ളവർക്ക് എതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് അിഭാഷകനായ പോളച്ചൻ പുതുപ്പാറയാണ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വീണ്ടും പരാതി നൽകിയത്. എറണാകുളം അങ്കമാലി അതിരൂപതയുടെ കൈവശമുണ്ടായിരുന്ന വാഴക്കാലയിലെ സ്ഥലം വില്പന നടത്തിയത് വ്യാജരേഖ ചമച്ചാണെന്നാണ് പുതിയ ആരോപണം. സീറോ മലബാർ സഭയുടെ സമ്പൂർണ്ണ സിനഡ് ചേരുന്ന സമയത്താണ് പുതിയ വിവാദം ഉയർത്താൻ നീക്കം നടത്തിയത്. ഇത് എടയന്ത്രത്തിനേയും മറ്റും രക്ഷിക്കാനുള്ള സമ്മർദ്ദ തന്ത്രമായി വിലയിരുത്തിയിരുന്നു.

കർദ്ദിനാൾ, മുൻ പ്രൊക്യൂറേറ്റർ ഫാ.ജോഷി പുതുവ, ഇടനിലക്കാരൻ സാജു വർഗീസ് കുന്നേൽ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ പരാതി നൽകിയിരിക്കുന്നത്. ഐപിസി 463, 464, 466, 468, 470, 471, 415 എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്. ഇതിൽ ജാമ്യമില്ലാത്ത വകുപ്പുകളുമുണ്ട്. വ്യാജരേഖയുണ്ടാക്കി, വ്യാജമായ പട്ടയമുണ്ടാക്കി ഒറിജിനൽ എന്ന് തെറ്റിദ്ധരിപ്പിച്ച് ഏഴ് ആധാരങ്ങളുണ്ടാക്കി വസ്തു വില്പന നടത്തി തുടങ്ങിയവയാണ് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വിറ്റയാൾ എന്ന നിലയിൽ മാർ ആലഞ്ചേരിയെ പ്രതിചേർത്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP