Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

താൻ ഒന്നും അറിഞ്ഞില്ല എന്നു മാർ എടയന്ത്രത്ത് പറഞ്ഞത് പച്ചക്കള്ളം; ഇനിയൊരു മീറ്റിംഗും ഇല്ലാതെ എല്ലാം ശരിയാക്കാൻ യോഗം വിളിച്ചതും എടയന്ത്രത്ത് തന്നെ; എട്ടു കോടിയെ ആകെ കിട്ടിയുള്ളൂ എന്നു പറഞ്ഞതും ഇതേ മെത്രാൻ; ഇടനിലക്കാരനെ നിയമിച്ചതും ഇടപാടുകളിൽ എല്ലാം ഒപ്പുവെച്ചതും ഒരേ ഒരാൾ: എന്നിട്ടും സഹായ മെത്രാൻ ആക്ഷേപിക്കുന്നത് എങ്ങനെയന്ന് അറിയാൻ ഈ രേഖകൾ സൂക്ഷിച്ചു നോക്കുക

താൻ ഒന്നും അറിഞ്ഞില്ല എന്നു മാർ എടയന്ത്രത്ത് പറഞ്ഞത് പച്ചക്കള്ളം; ഇനിയൊരു മീറ്റിംഗും ഇല്ലാതെ എല്ലാം ശരിയാക്കാൻ യോഗം വിളിച്ചതും എടയന്ത്രത്ത് തന്നെ; എട്ടു കോടിയെ ആകെ കിട്ടിയുള്ളൂ എന്നു പറഞ്ഞതും ഇതേ മെത്രാൻ; ഇടനിലക്കാരനെ നിയമിച്ചതും ഇടപാടുകളിൽ എല്ലാം ഒപ്പുവെച്ചതും ഒരേ ഒരാൾ: എന്നിട്ടും സഹായ മെത്രാൻ ആക്ഷേപിക്കുന്നത് എങ്ങനെയന്ന് അറിയാൻ ഈ രേഖകൾ സൂക്ഷിച്ചു നോക്കുക

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമി വിവാദങ്ങളുടെ ലക്ഷ്യം കർദിനാൾ ജോർജ്ജ് ആലഞ്ചേരിയെ ലക്ഷ്യം വെച്ചുള്ള ഒരു വിഭാഗം പുരോഹിതരുടെ ഗൂഢാലോചനയാണെന്ന് കൂടുതൽ വ്യക്തമാകുന്നു. ഭൂമി ഇടപാടിന് എല്ലാ ഒത്താശയും ചെയ്യുകയും കാര്യങ്ങൾ നടപ്പാക്കുകയും ചെയ്തത് സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തായിരുന്നു എന്നു വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നതോടെ കള്ളൻ കപ്പലിൽ തന്നെയെന്ന് കൂടുതൽ വ്യക്തമാകുകയാണ്. കോടികളുടെ ഭൂമി ഇടപാടിൽ യഥാർത്ഥ രക്ഷപെടാൻ വേണ്ടി എല്ലാ കുറ്റവും മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിന്റെ പേരിൽ ചുമത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് കർദിനാളിനെതിരെ ഗൂഢാലോചന നടന്നതെന്ന് വ്യക്തമാകുന്ന തെൡവുകളാണ് പുറത്തുവന്നത്.

ഭൂമി ഇടപാട് സംബന്ധിച്ച് എല്ലാ കൃത്യമാണെന്നും ഇനിയൊരു മീറ്റിംഗും ഇല്ലാതെ എല്ലാം ശരിയാക്കാൻ യോഗം വിളിച്ചതും എടയന്ത്രത്ത് തന്നെയായിരുന്നു. എട്ടു കോടിയെ ആകെ കിട്ടിയുള്ളൂ എന്നു പറഞ്ഞതും ഇതേ മെത്രാൻ തന്നെയായിരുന്നു. ഭൂമി വിൽപ്പനക്കായി ഇടനിലക്കാരനെ നിയമിച്ചതും ഇടപാടുകളിൽ എല്ലാം ഒപ്പുവെച്ചതും ഒരേ ആൾ തന്നെയാണെന്നും തെളിവുകളുകൾ വ്യക്തമാക്കുന്നു. എന്നിട്ടും സഹായ മെത്രാൻ ഒന്നുമറിഞ്ഞില്ലെന്ന് നടിച്ച് വൈദികരെ രംഗത്തിറക്കി കർദിനാളിനെതിരെ യുദ്ധം നയിക്കുകയായിരുന്നു.

മറ്റൂർ കോളേജിന് സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കടബാധ്യത തീർക്കാൻ വേണ്ടിയാണ് സഭാ സ്വത്തുകൾ വിൽക്കാൻ തീരുമാനിച്ചത്. എറണാകുളത്തെ അഞ്ചിടങ്ങളിലെ ഭൂമി വിൽക്കാനായിരുന്നു തീരുമാനം. ഇതിനായി ജോഷി പുതുവയെ ചുമതലപ്പെടുത്തുന്ന ക്യൂറിയയുടെ കത്തുനൽകിയതും എടയന്ത്രത്താണ്. ഇത് വ്യക്തമാക്കുന്ന രേഖകളാണ് മറുനാടൻ മലയാളിക്ക് ലഭിച്ചത്. കാര്യമായ ഒരു നിബന്ധനയും കൂടാതെയാണ് ജോഷിയെ ചുമതലയേൽപിക്കുന്നത്. പിന്നീട് 70 ഏക്കർ ഭൂമി വാങ്ങുന്നത് സംബന്ധിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം അന്വേഷണ സമിതിയോട് പറഞ്ഞത്. എന്നാൽ, ഇക്കാര്യം സൂചിപ്പിച്ച് അദ്ദേഹം ജോഷി പുതുവയ്ക്ക് ഇമെയിൽ അയച്ചതിന് തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.

2016 മാർച്ച് 26നാണ് സഭയുടെ ഫിനാൻസ് കൗൺസിൽ യോഗം ചേർന്ന് വിൽക്കേണ്ട വസ്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഈ മീറ്റിങ് നടത്തിയത് സഹായമെത്രാൻ തന്നെയായിരുന്നു. തുടർന്ന് ഇനി കൂടുതൽ മീറ്റിംഗിന്റെ ആവശ്യം ഇല്ലെന്നും സ്ഥല വിൽപ്പന നടത്താമെന്നും വൈദികൻ വ്യക്തമാക്കുന്നു. ഇതുവരെ ഇത്തരം ഇടപാടിലൊന്നും തനിക്ക് പങ്കാളിത്തമില്ലെന്ന് പറഞ്ഞ് കൈകഴുകുകയായിരുന്നു എടയന്ത്രത്ത്. എന്നാൽ, ഇതെല്ലാം തെറ്റാണെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന രേഖകൾ. 2016 ഓഗസ്റ്റ് 19ന് പ്രൊക്യുറേറ്റർ ജോഷി പുതുവ ഡോക്യുമെന്റുകളിലെ പില പ്രശ്‌നങ്ങൾ കാരണം വിൽപ്പന നടക്കുന്നില്ലെന്നും അറിയിച്ചു.

9 മാർച്ചിനാണ് കോട്ടപ്പടിയിലെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട മറ്റൊരു തീരുമാനം എടുത്തത്. ആ സ്ഥലം വിൽക്കാം പകരം ഭൂമി എക്‌സ് ചേഞ്ച് ആക്കാം എന്നു പറഞ്ഞു കൊണ്ടും കടം വീട്ടലാണ് ലക്ഷ്യമെന്നും ഇതിൽ നിന്നും വ്യക്തമാണ്. പിന്നീട് എടയന്ത്രത്ത് തന്നെ ഒപ്പിട്ട രേഖകളിലും ഇമെയിലിലും വ്യക്തമാകുന്നത് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എട്ട് കോടി രൂപ ലഭിച്ചു എന്നും വ്യക്തമാണ്. എത്രപണം ആരൊക്കെ വാങ്ങി എന്ന കാര്യം തനിക്ക് അറിയില്ലെന്ന് എടയന്ത്രത്ത് എന്തിന് നുണ പറഞ്ഞു എന്ന ചോദ്യം ഇവിടെ തന്നെ ഉയരുന്നുണ്ട്.

(വിറ്റ ഭൂമിക്ക് പകരം ഭൂമി വാങ്ങുന്നത് സംബന്ധിച്ച് എടയന്ത്രത്ത് ഫാ. ജോഷി പുതുവയ്ക്ക് അയച്ച മെയിൽ)

കർദിനാളിനെതിരെ ആരോപണമായി ഉയർന്ന കാര്യം സാജു വർഗീസ് കുന്നേൽ എന്ന ബ്രോക്കറെ ഭൂമി വിൽപ്പനക്കായി നിയോഗിച്ചു എന്നതായിരുന്നു. ഇയാൾ കർദിനാളിന്റെ വളരെ അടുപ്പക്കാരനാണെന്നുമാണ് ആരോപണം. എന്നാൽ, ബ്രോക്കറെ നിയമിച്ചത് വടക്കുമ്പാടം ആണെന്ന് വ്യക്തമാക്കുന്ന തെൡവുകളും പുറത്തുവന്നിട്ടുണ്ട്. ലിസി ആശുപത്രി ഡയറക്ടർ കൂടിയായ വർഗസ് പാലാട്ടിന് ഇക്കാര്യത്തെ കുറിച്ച് കൃത്യമായി അറിവുള്ളതുമായിരുന്നു. അതേസമയം ജോഷി പുതവയെ നിയമിച്ചത് എടയന്ത്രത്ത് പിതാവാണെന്ന കാര്യം വ്യക്തമായിരുന്നിട്ടും ഒന്നും അറിയില്ലെന്നാണ് അന്വേഷണ കമ്മീഷനും നടിച്ചത്. ജോഷി പുതുവയെ നിയമിച്ചു കൊണ്ട് ഒപ്പിട്ടു നൽകിയ രേഖ തന്നെ അന്വേഷണ കമ്മീഷൻ കണ്ടില്ലെന്ന് നടിച്ചു. ജോഷിയെ നിയമിച്ച നിർണായക യോഗത്തിൽ കർദിനാൾ പങ്കെടുക്കുക പോലും ഉണ്ടായില്ലെന്നതും ഓർക്കേണ്ട കാര്യമാണ്. ഇങ്ങനെ സെബാസ്റ്റ്യൻ എടയന്ത്രത്ത് തന്നെ എല്ലാറ്റിനും ചുക്കാൻ പിടിച്ചിട്ടും എല്ലാം കർദിനാൾ മാർ ആലഞ്ചേരിയുടെ പുറത്ത് കെട്ടിവച്ച് വിമത നീക്കം നടത്തി സ്വയം ഹീറോ ചമയുകയാണ്.

നേരത്തെ ആലഞ്ചേരിക്കെതിരായ കേസിൽ അഭിഭാഷകനെ നിയമിച്ചതും എടയന്ത്രത്തായിരുന്നു. ഈ അഭിഭാഷകൻ ആലഞ്ചേരിയെ കുടുക്കുന്ന കാര്യങ്ങളാണ് കോടതിയിൽ അവതരിപ്പിച്ചതെന്നും വിശ്വാസികൾക്ക് പരാതിയുണ്ട്. എന്നാൽ ഭൂമി വിവാദം ഉയർന്നതിനു പിന്നാലെ സഹായമെത്രാൻ ഇറക്കിയ സർക്കുലറിൽ തങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെന്നായിരുന്നു വ്യക്തമാക്കിയത്. ഇതു തെറ്റാണെന്നു രേഖകളിലൂടെ സ്ഥാപിക്കാനാണ് കർദിനാൾ പക്ഷത്തിന്റെ ശ്രമം. അതിരൂപതാധ്യക്ഷൻ കൂടിയായ സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ അസാന്നിധ്യത്തിലാണ് നിർണ്ണായക തീരുമാനം എടുത്തത്. ഇത് മറച്ചു വച്ചാണ് ആലഞ്ചേരിയെ ഒറ്റപ്പെടുത്താൻ ചിലർ ശ്രമം നടത്തിയത്. ഇക്കാര്യമാണ് അന്വേഷണ കമ്മീഷൻ തിരിച്ചറിയുന്നത്.

(സാബു വർഗീസിനെ ബ്രോക്കറായി അംഗീകരിച്ച് എടയന്ത്രത്ത് ഒപ്പിട്ട രേഖകൾ)

2016 ജൂൺ 15 ന് അതിരൂപതാ കേന്ദ്രത്തിൽ ചേർന്ന ഭരണസമിതിയാണ് സീപോർട്ട്-എയർപ്പോർട്ട് റോഡ്, കരുണാലയം, നിലംപതിഞ്ഞമുകൾ, മരട്, വെണ്ണല എന്നീ സ്ഥലങ്ങളിലുള്ള ഭൂമി അതിരൂപതയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനായി വിൽക്കാൻ അനുമതി നൽകിയത്. ഈ യോഗത്തിൽ ആലഞ്ചേരി പങ്കെടുത്തിട്ടില്ലെന്നാണ് യാഥാർതഥ്യം. നിർണ്ണായ തീരുമാനമെല്ലാം എടുത്തത് മാർ എടയന്ത്രത്തിന്റെ നേതൃത്വത്തിലെ യോഗമായിരുന്നു. അതിരൂപതയ്ക്കു വേണ്ടിയും അതിരൂപതയുടെ പേരിലും ഭൂമി വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും നടപ്പിലാക്കാനുള്ള അധികാരങ്ങളും അവകാശങ്ങളും നിർദ്ദേശങ്ങളും ഫാ. ജോഷി പുതുവയ്ക്ക് ഭരണ സമിതി നല്കുന്നുവെന്നാണ് മാർ എടയന്ത്രത്ത് ഒപ്പിട്ടിരിക്കുന്ന രേഖയിൽ പറയുന്നത്.

സ്ഥലം വില്പനയ്ക്കുള്ള പൂർണ്ണ അധികാരം ഫിനാൻസ് ഓഫീസർക്ക് നൽകിയത് സഭാ നിയമങ്ങളുടെ ഗുരുതര ലംഘനമായി അന്വേഷണ സമിതിയുടെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇതേത്തുടർന്ന് കാര്യമായ യാതൊരു കൂടിയാലോചനകളുമില്ലാതെ അതിരൂപതയുടെ സ്ഥലം വിൽപ്പന നടത്താൻ ഫാ. ജോഷി പുതുവ അനിയന്ത്രിതമായ സ്വാതന്ത്രം കാട്ടിയെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഫാ. ബെന്നി മാരാംപറമ്പിൽ കൺവീനറായ അന്വേഷണ സമിതി ജനുവരി നാലാം തിയതിയാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്.

(ജോഷി പുതുവക്ക് വിൽപ്പനാധികാരം നൽകി കൊണ്ട് എടയന്ത്രത്ത് ഉണ്ടാക്കിയ ഡ്രാഫ്റ്റ്)

മെഡിക്കൽ കോളേജിനായെടുത്ത കടം തീർക്കാനായി എറണാകുളം ജില്ലയിലെ അഞ്ചിടത്തെ സഭയുടെ ഭൂമികൾ വിറ്റത് സംബന്ധിച്ച രേഖകളിൽ ഒപ്പിടുമ്പോൾ കർദിനാൾ ആലഞ്ചേരിക്ക് ഇടപാടുകൾക്ക് പണം ലഭിച്ചില്ലെന്ന അറിവുണ്ടായിരുന്നില്ലെന്നാണ് ലഭിക്കുന്ന സൂചന. ഈ സ്ഥലങ്ങളുടെ വിൽപന സംബന്ധിച്ച പതിനേഴ് ആധാരങ്ങൾ കൃത്യമായി പണം നൽകി രജിസ്റ്റർ ചെയ്തിരുന്നു. പിതാവ് ഒരു വിദേശയാത്രയ്ക്ക് പോകാനായി ഇറങ്ങുമ്പോഴാണ് ഇടപാടുകൾക്കായി ചുമതലപ്പെടുത്തിയ ഫാദർ ജോഷി പുതുവ രേഖകളുമായെത്തുന്നത്. ഫാദർ ജോഷി പറഞ്ഞതനുസരിച്ച് പിതാവ് രേഖകളിൽ ഒപ്പുവെച്ചു.

2017 നവംബർ 28ന് നടന്ന വൈദിക യോഗത്തിലാണ് ആദ്യമായി മാർ ആലഞ്ചേരിയ്‌ക്കെതിരെ സഭയ്ക്കുള്ളിൽ നിന്നുതന്നെ പരസ്യമായി ആരോപണമുയരുന്നത്. ഫാദർ ബെന്നി മാരാംപറമ്പിലാണ് ആരോപണമുന്നയിച്ചത്. ഇതിനെ പിന്തുണച്ച് ആക്രോശങ്ങളുമായി വലിയൊരു വിഭാഗം വൈദികരും രംഗത്തെത്തി. അന്ന് മുതൽ ഗൂഢാലോചന പിതാവിനെതിരെ നടക്കുന്നുണ്ട്. ഇതിനിടെ ഭൂമിയിടപാട് സംബന്ധിച്ച പ്രശ്‌നങ്ങൾ വഷളായപ്പോൾ ഇടനിലക്കാരനായ സാബു വർഗീസ് ബാക്കി പണം താൻ നൽകിക്കോളാമെന്ന് കാണിച്ച് സ്വന്തം വീടിന്റെ ആധാരവും പ്രോമിസറി നോട്ടുകളും ഉൾപ്പെടെയുള്ള രേഖകളുമായി എടയന്ത്രത്തിനെ സമീപിച്ചിരുന്നു. എന്നാൽ, ഇത് സ്വീകരിക്കാൻ അദ്ദേഹം തയാറായില്ലെന്നും കേൾക്കുന്നുണ്ട്.

(പണം കിട്ടിയത് സംബന്ധിച്ച രേഖകൾ)

അതിരൂപതാധ്യക്ഷനായ മാർ ആലഞ്ചേരിയെ പ്രതിസ്ഥാനത്തു നിർത്തി സ്ഥാനഭൃഷ്ടനാക്കാനുള്ള എറണാകുളത്തെ ഒരു സംഘം വൈദികരുടെ ശ്രമങ്ങൾക്ക് അന്വേഷണ സമിതിയുടെ കണ്ടെത്തലുകൾ കനത്ത തിരിച്ചടിയാണ് നൽകുന്നത്്. സഹായമെത്രാന്മാരുടെ അറിവോ സമ്മതമോ പോലുമില്ലാതെ മാർ ആലഞ്ചേരിയും ഫാ. ജോഷി പുതുവയും മോൺസീഞ്ഞോർ വടക്കുമ്പാടനും ചേർന്നുനടത്തിയ സ്ഥലവിൽപ്പനയെന്ന പ്രചരണമാണ് ഇതോടെ അവസാനിക്കുന്നത്. സാമ്പത്തിക- നിയമ വിദഗ്ധരടങ്ങിയ അതിരൂപതാ സാമ്പത്തിക സമിതിയും അതിരൂപതയുടെ ഭരണ സമിതിയും എല്ലാ അംഗീകാരങ്ങളും നൽകിയ സ്ഥല വിൽപ്പനയിൽ അതിരൂപതാധ്യക്ഷനെന്ന നിലയിൽ മാർ ആലഞ്ചേരി ഒപ്പുവയ്ക്കുകയായിരുന്നു. അതിരൂപതാ ഭരണ സമിതിയേയും ഈ സമിതി ഭൂമി വിൽപ്പന ഭരമേല്പിച്ച ഫാ. ജോഷി പുതുവയെയും വിശ്വാസത്തിലെടുത്ത് വിശദ പരിശോധനകൾ കൂടാതെ വില്പനാ രേഖകളിൽ ഒപ്പുവെച്ചതിന്റെ പേരിലാണ് എറണാകുളത്തെ വിമത വിഭാഗം മാർ ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്നത്.

അതിരൂപതാ സമിതിയുടെയും സഹായമെത്രാൻ മാർ എടയന്ത്രത്തിന്റെയും പൂർണ്ണമായ പങ്കാളിത്തമുള്ള സ്ഥല വിൽപ്പനയിൽ മാർ ആലഞ്ചേരിയെ ഒറ്റതിരിഞ്ഞു ആക്രമിച്ചതും അഴിമതിക്കാരനായി ചിത്രീകരിച്ചതും മാർ ആലഞ്ചേരിയെ എറണാകുളം അതിരൂപതാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിർത്താനുള്ള കള്ളക്കളികളായിരുന്നു. മറ്റൊരു മെത്രാപ്പൊലീത്തായെ ഭരണമേല്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇതെല്ലാം നടന്നതെന്നാണ് ആലഞ്ചേരിയെ അടുത്തറിയാവുന്നവർ വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP