Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള ഗ്രൂപ്പു കളികളും ആഡംബര ഭ്രമവും കണ്ടു മടുത്തു; സഭാ പദവികളിൽ ബന്ധു നിയമനങ്ങൾ നടത്തുന്നത് കണ്ട് ഞെട്ടി; ആത്മീയത വെടിഞ്ഞ് ആഡംബര ആശുപത്രികളും പള്ളികളും പണിയാൻ ഓടുന്നത് കണ്ടു കരഞ്ഞു; വള്ളി ചെരിപ്പിട്ട് സഭയെ സേവിക്കാൻ ഇറങ്ങിയ മാർ ജേക്കബ് മുരിക്കൻ മെത്രാൻ പദവി രാജിവച്ചു; കേരളത്തിൽ കത്തോലിക്കാ സഭയെ വെട്ടിലാക്കിയ രാജിക്ക് രണ്ട് വർഷത്തിന് ശേഷം മനസ്സില്ലാ മനസ്സോടെ അനുമതി

സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള ഗ്രൂപ്പു കളികളും ആഡംബര ഭ്രമവും കണ്ടു മടുത്തു; സഭാ പദവികളിൽ ബന്ധു നിയമനങ്ങൾ നടത്തുന്നത് കണ്ട് ഞെട്ടി; ആത്മീയത വെടിഞ്ഞ് ആഡംബര ആശുപത്രികളും പള്ളികളും പണിയാൻ ഓടുന്നത് കണ്ടു കരഞ്ഞു; വള്ളി ചെരിപ്പിട്ട് സഭയെ സേവിക്കാൻ ഇറങ്ങിയ മാർ ജേക്കബ് മുരിക്കൻ മെത്രാൻ പദവി രാജിവച്ചു; കേരളത്തിൽ കത്തോലിക്കാ സഭയെ വെട്ടിലാക്കിയ രാജിക്ക് രണ്ട് വർഷത്തിന് ശേഷം മനസ്സില്ലാ മനസ്സോടെ അനുമതി

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സീറോ മലബാർ സഭയെ അമ്പരപ്പിച്ച് പാലാ രൂപത സഹായ മെത്രാൻ ജേക്കബ് മുരിക്കൻ മെത്രാൻ പദവി രാജി വച്ചു. ആഗോള കത്തോലിക്കാ സഭയിലെ തന്നെ ആദ്യ രാജിയാണ് ഇതെന്നാണ് വിലയിരുത്തൽ. രൂപതാ ഭരണ സംവിധാനങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതാണ് മുരിക്കന്റെ രാജി. രൂപതയിലെ വൈദികരുടെ സ്ഥാനമാനങ്ങൾക്കുവേണ്ടിയുള്ള ഗ്രൂപ്പികളിയും ആഡംബര ഭ്രമവും പ്രാർത്ഥനകളോടുള്ള താല്പര്യക്കുറവും മുരിക്കനെ രാജിയിലേയ്ക്ക് നയിച്ചുവെന്നത് ഞെട്ടലോടെയാണ് വിശ്വാസികൾ ഉൾക്കൊള്ളുന്നത്.

രണ്ടു വർഷം മുൻപ് തന്നെ മുരിക്കൻ സ്ഥാന ത്യാഗം ചെയ്യാൻ അനുവദിക്കാനായി മാർപ്പാപ്പക്ക് കത്തയച്ചിരുന്നു. ആ കത്ത് മാർപ്പാപ്പ സിനസിനയച്ചുകൊടുത്തു. തിരഞ്ഞെടുക്കപ്പെട്ട മുരിക്കൻ മെത്രാന്റെ സ്ഥാനത്യാഗ നീക്കം കനത്ത പ്രഹരമായിരിക്കുമെന്നും സഭയുടെ ആഡംബരത്തിനെതിരയെും, സുഖലോലുപതക്കെതിരെയുമുള്ള നീക്കമായി സ്ഥാനത്യാഗം പരിഗണിക്കപ്പെടുമെന്നും മെത്രാൻ സംഘം ഭയന്നിരുന്നു. സീറോ മലബാർ സഭാ സിനിഡു തന്നെ പല സമ്മർദ്ദങ്ങളിലൂടെ തീരുമാനത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ സാധ്യമായതൊക്കെ ചെയ്തു. എന്നാൽ ജേക്കബ് മുരിക്കൻ ഉറച്ച നിലപാട് എടുത്തു. അങ്ങനെ രാജി അംഗീകരിക്കുകയാണ്.

ആരോടും ചോദിക്കാതെ ആരുമറിയാതെ തന്റെ കിഡ്നി ഒരു ഹിന്ദുമത വിശ്വാസിക്ക് ദാനം നൽകിയ മുരിക്കൻ അന്നു തന്നെ സഭാ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. കരുണ, കരുതൽ, സ്നേഹം, ലളിതജീവിതം പ്രാർത്ഥനാജീവിതം എന്നിവയിൽ കടുത്ത നിലപാട്കാരനായിരുന്നു മുരിക്കൻ. സീറോ മലബാർ സഭാ നേതൃത്വവും മെത്രാന്മാരും തങ്ങളുടെ ആഡംബര ജീവിതവും ലൗകികതയും ഒക്കെ കുറക്കാൻ മാർ ജേക്കബ് മുരിക്കന്റെ അസാധാരണവും അത്യൂപൂർവമായ സ്ഥാന ത്യാഗം അവസരമാക്കുമോ എന്നത് തന്നെയാണ് ഏവരും കാത്തിരിക്കുന്നത്.

ആത്മീയമായി പക്വത വന്ന വൈദികരെ തഴയുന്നതും വികാരി ജനറലുമാരുടെ ശിങ്കിടികളെ താക്കോൽ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതും സഭയ്ക്ക് തരിച്ചടിയാകുമെന്ന മുന്നറിയിപ്പ് മാർ കല്ലറങ്ങാട്ട് നിരന്തരം അവഗണിച്ചതും രാജിക്കു കാരണമായി. രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിൽ 80% വൈദികരുടെ അടുത്ത ബന്ധിക്കൾക്ക് നൽകുന്നതും ജോലിക്കാര്യത്തിൽ ദരിദ്രരെയും പാവപ്പെട്ടവരെയും ദളിതരെയും നിരന്തരം തഴഞ്ഞതും രാജി തീരുമാനത്തിന് ശക്തിപകർന്നു. ഇതോടെ വിവാദം കത്തി പടരുകയാണ്. സീറോ മലബാർ സഭയുടെ മെത്രാന്മാരെ നിയമിക്കുന്നതിനായുള്ള ചില അധികാരങ്ങൾ തന്നെ തിരിച്ചെടുക്കാൻ ആലോചിക്കുകയാണ് വ്ത്തിക്കാൻ.

സീറോ മലബാർ സഭാ മെത്രാന്മാരുടെ തിരഞ്ഞെടുപ്പിൽ ബാഹ്യശക്തികൾ കൈ കടത്തുന്നതായും ആരോപണം ശക്തമാക്കും. അതുകൊണ്ട് തന്നെ മുരിക്കന്റെ രാജി കേരള കത്തോലിക്ക സഭയെ കടുത്ത പ്രതിസന്ധിയിലാഴ്‌ത്തും. സമാനതകളില്ലാത്ത വൈദികനും മെത്രാനുമാണ് പാലാ സഹായ മെത്രാൻ സ്ഥാനം രാജി വച്ച് സന്യാസ ജീവിതത്തിന് പോകാൻ തീരുമാനിച്ച മാർ ജേക്കബ് മുരിക്കൻ. 2012 ഓഗസ്റ്റ് 24-ാം തീയതി പാലാ രുപതയുടെ സഹായ മെത്രാനായി നിയമിതനായ മുരിക്കൻ പിതാവ് റബർ ചെരിപ്പിട്ടായിരുന്നു സഹായ മെത്രാനായത്. അതുവരെ അദ്ദേഹം ധരിച്ചിരുന്നതും് സാധാരണ റബർ ചെരുപ്പായിരുന്നു.

2020 മെയ് മാസത്തിൽ 8 വർഷത്തിന് ശേഷം മെത്രാൻ സ്ഥാനത്ത് നിന്നും വിരമിച്ച് സന്യാസത്തിന് പോകാൻ തീരുമാനിക്കുമ്പോഴും ധരിക്കാൻ പിതാവിന്റെ കാലിൽ ഇന്നും റബർ ചെരിപ്പ് തന്നെ. നിരവധി സമ്മർദങ്ങളുണ്ടായിട്ടും തന്റെ ജീവിത ശൈലി മാറ്റാൻ അദ്ദേഹം തയ്യാറായില്ല. 2038 ജൂൺ മാസം വരെ മെത്രാനായി തുടരാൻ സാധിക്കുമായിരുന്നു അദ്ദേഹത്തിന്. എന്നിട്ടും 20 വർഷം മുൻപ് തന്നെ മാർ മുരിക്കൻ സ്ഥാനത്യാഗം ചെയ്യുകയാണ്. പാലാ രൂപതയിലെ അരമനയിലെയും മറ്റു സ്ഥാപനങ്ങളിലെയും വൈദികരുടെ സുഖലോലുപതയും, അധികാരങ്ങൾക്ക് പിന്നാലെയുള്ള പരക്കം പാച്ചിലും മാർ മുരിക്കനെ ഏറെ അസ്വസ്ഥനാക്കിയിരുന്നു.

ഏറ്റവും ഒടുവിൽ രൂപതാ കേന്ദ്രത്തിലെ തന്നെ വൈദികരുടെ ആഡംബരങ്ങളോടും സുഖജീവിതത്തോടും ഉള്ള ആർത്തിയും മാർ മുരിക്കനെ കടുത്ത ദുഃഖത്തിലാഴ്‌ത്തി. ലളിത ജീവിതമാർഗം ഉപദേശിച്ചിട്ടും നേർവഴിയിൽ വരാത്തതിനാൽ രൂപതതന്നെ ഭാവിയിൽ ഏറെ പ്രതിസന്ധികളിലേയ്ക്ക് നീളും എന്നും അതിനാൽ പ്രാർത്ഥനക്കുമാത്രമായി ഏകാന്ത ജീവിതമാണ് നല്ലതെന്നും മുരിക്കൻ നിശ്ചയിച്ചു.

പണവും പ്രതാപവും സ്വാധീനിക്കാത്ത മുരിക്കൻ

1963 ജൂൺ 16ന് പ്രശസ്ത കത്തോലിക്കാ കുടുംബമായ മുട്ടചിറയിലെ മുരിക്കൻ തറവാട്ടിൽ ജനിച്ച ജേക്കബ് മുരിക്കൻ ഇക്കണോമിക്സിൽ എം എ ബിരുദം കരസ്ഥമാക്കിയ ശേഷമായിരുന്നു പാലായിലെ ഗുഡ് ഷെപ്പേർഡ് മെനർ സെമിനാരിയിൽ വൈദിക പഠനത്തിന് ചേർന്നത്. സാധാരണ ഗതിയിൽ 10-ാം ക്ലാസിന് മുൻപ് തന്നെ മിക്കവരും സെമിനാരിയിൽ ചേരും. എന്നാൽ മുരിക്കനാവട്ടെ പ്രായപൂർത്തിയായ ശേഷം എം എ കഴിഞ്ഞാണ് വൈദികനാകാൻ തീരുമാനിച്ചത്. ബാങ്കു മാനേജരുടെ മകനായ മുരിക്കന്റെ സഹോദരങ്ങൾ കോളേജ് അദ്ധ്യാപകരും ബാങ്ക് മാനേജർമാരും ഒക്കെയാണ്. അതൊന്നും മുരിക്കനെ വൈദികനാകുന്നതിൽ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. സമ്പന്ന കുടുംബത്തിൽ നിന്നു വന്നതിനാൽ പണവും പ്രതാപവും മുരിക്കനെ ഒട്ടും സ്വാധീനിച്ചതുമില്ല.

1993 ഡിസംബർ 27നാണ് വൈദികനായി തിരുപ്പട്ടം സ്വീകരിച്ച ജേക്കബ് മുരിക്കൻ ആദ്യം കുറവിലങ്ങാട് പള്ളി അസിസ്റ്റന്റ് വികാരിയായി. പിന്നെ നീലൂർ മക്കൻപുഴ പള്ളിയിൽ, അതിന് ശേഷം മൈനർ സെമിനാരി അദ്ധ്യാപകനായി. പിന്നീടാണ് മുരിക്കൻ രുപതാ സ്ഥാപനങ്ങളുടെ കോർപറേറ്റ് സെക്രട്ടറിയാകുന്നത്. രൂപതാ സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിലും സ്ഥലം മാറ്റങ്ങളിലും 100% സുതാര്യതയും സത്യസന്ധതയും പുലർത്തിയ ചുരുക്കം ചില സെക്രട്ടറിമാരിൽ ഒരാളായിരുന്നു ജേക്കബ് മുരിക്കൻ. രുപതയുടെ പാസ്റ്ററൽ കോഓർഡിനേറ്ററായി പ്രവർത്തിക്കുമ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി മുരിക്കനെ പാലാ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്.

മുരിക്കന്റെ നിയമനം രൂപതയിലെ അധികാര മോഹികളായ വൈദികരിൽ കടുത്ത അമർഷമുണ്ടായിരുന്നു. പാലാ രൂപതയിലെ വൈദികരിൽ പ്രബലരായ ഒരു വിഭാഗം അടുത്ത നാളിൽ പാലാ രൂപതാ വികാരി ജനറലായി നിയമിക്കപ്പെട്ട മാർ കുറവിലങ്ങാട് പള്ളി വികാരി ഫാദർ ജോസഫ് തടത്തിലിനെ സഹായ മെത്രാനാക്കാൻ ഏറെ ശ്രമിച്ചിരുന്നതാണ്. അതിന് പിന്നിൽ പ്രവർത്തിച്ചിരുന്ന വൈദിക ലോബിക്ക് സകല സഹായവും ചെയ്തു കൊടുത്തത് പാലായിലെ അന്നത്തെ വികാരി അഞ്ച് വികാരി ജനറൽമാരിൽ മൂന്നുപേരായിരുന്നു. ജേക്കബ് മുരിക്കൻ പാലാ മെത്രാൻ കല്ലറങ്ങാട്ടിന്റെ ഇഷ്ട വൈദികൻ ആയിരുന്നില്ല. പലരിൽ ഒരാൾ മാത്രമായിരുന്നു മുരിക്കൻ.

എന്നാൽ പൗരസ്ത്യസഭകളുടെ കാനൻ നിയമമനുസരിച്ച് സഹായ മെത്രാനെയോ മെത്രാനെയോ തിരഞ്ഞെടുക്കുന്നതിൽ സ്ഥലം മെത്രാന് വലിയ സ്വാധീനമൊന്നുമില്ല. അതീവ സങ്കീർണമായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് മെത്രാൻ തിരഞ്ഞെടുപ്പ്. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമത്തിന്റെ 180 മുതൽ 188 വരെയുള്ള കാനൻ നിയമങ്ങൾ പ്രകാരമാണ് ഒരു മെത്രാനെ തിരഞ്ഞെടുക്കുന്നത്. കാനൻ 180 പ്രകാരം 35 വയസിൽ കൂടുതൽ പ്രായമുള്ളവരും സൽസ്വഭാവികളായ വിദ്യാഭ്യാസത്തിൽ ഉന്നത സ്ഥാനീയരായ ഏവരും അംഗീകരിക്കുന്ന വൈദികരെയാണ് മെത്രാൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കേണ്ടത്. സിനസിലെ അംഗങ്ങളായ മെത്രാന്മാർക്കൊക്കെ ഒരു വൈദികനെ മെത്രാനാക്കാൻ റെക്കമെന്റ് ചെയ്യാം. വെറുതെ റെക്കമെന്റേഷൻ പോരാ. തങ്ങൾ മെത്രാനാക്കണമെന്ന് നിർദ്ദേശിക്കുന്ന വൈദികനെ സംബന്ധിച്ച മുഴുവൻ കാര്യങ്ങളും രേഖപ്പെടുത്തിയ വിശദമായ ഒരു ബയോഡേറ്റാ തയ്യാറാക്കി സിനസിലെ മെത്രാന്മാർക്ക് നൽകണം.

അങ്ങനെ കിട്ടുന്ന ബയോഡേറ്റയിലെ വൈദികരെ സംബന്ധിച്ച് സിനിസിന്റെ തലവനായ കർദിനാൾ സഭയിലെ തന്നെ മുതിർന്ന വിശ്വാസികളുമായി രഹസ്യമായി ആശയസംവാദം നടത്തണം. ഇങ്ങനെ കണ്ടെത്തുന്ന വൈദികരെ സംബന്ധിച്ച് വിവരങ്ങൾ കർദിനാളിന്റെ റെക്കമെന്റേഷൻ സഹിതം എല്ലാ മെത്രാന്മാർക്കും നൽകണം. ഇതിൽ നിന്നും സിനിസിലെ മെത്രാമാർ രഹസ്യ ബാലറ്റിലൂടെ ഒരു ലിസ്റ്റും തയ്യാറാക്കും. ഈ ചുരുക്കപ്പട്ടിക കർദിനാൾ മാർപ്പാപ്പക്ക് അയച്ചുകൊടുക്കും. വത്തിക്കാൻ നൽകുന്ന ലിസ്റ്റിൽ നിന്നും പിന്നീട് രഹസ്യ ബാലറ്റിലൂടെ സിനിസിലെ മെത്രാന്മാരായിരിക്കും മെത്രാനെ തിരഞ്ഞെടുക്കുന്നത്. അങ്ങനെയാണ് 2012 ഓഗസ്റ്റ് 24-ാം തീയതി മുരിക്കൻ പാലായുടെ സഹായ മെത്രാനായി നിയമിതനായത്. പാലാ രൂപതാ മെത്രാൻ കല്ലറങ്ങാട്ടിന്റെ നോമിനി ഫാദർ ജോസഫ് തടത്തിലായിരുന്നു എന്നാൽ സിനസിലെ ഭൂരിപക്ഷമാണ് മുരിക്കനെ മെത്രാനാക്കിയതെന്നും അന്നേ വാർത്തകൾ പ്രചരിച്ചിരുന്നു.

പകരം വീട്ടി തടത്തിലിനെ ആർച്ച് പ്രീസ്റ്റാക്കി

ജോസഫ് തടത്തിലിന് മെത്രാൻ സ്ഥാനം കിട്ടാതെ പോയതിൽ അസ്വസ്ഥനായ കല്ലറങ്ങാട്ട് മെത്രാൻ പിന്നീട് അദ്ദേഹത്തിന് റോമിലുള്ള തന്റെ സ്വാധീനം ഉപയോഗിച്ച് കുറവിലങ്ങാട് പള്ളിയെ സീറോ മലബാർ സഭയിലെ ആദ്യത്തെ മേജർ ആർച്ച് എപ്പിസ്‌കോപ്പൽ പള്ളിയായി ഉയർത്തി തടത്തിലിനെ അവിടെ ആദ്യ വികാരിയും, പിന്നീട് സീറോ മലബാർ സഭയിലെ ആദ്യത്തെ 'ആർച്ച് പ്രീസ്റ്റായും' നിയമിച്ച് പകരം വീട്ടി.

1987 - 88 ബാച്ചിലെ വൈദികനായ ജോസഫ് തടത്തിലിനെ മറ്റു നിരവധി സീനിയർ വൈദികരെ അവഗണിച്ച് ആർച്ച് പ്രീസ്റ്റാക്കിയതിൽ നിരവധി സീനിയർ വൈദികർ തങ്ങളുടെ പ്രതിഷേധം കല്ലറങ്ങാട്ടിലിനെ അന്നേ അറിയിച്ചിരുന്നു. ആകെ രൂപതയിൽ സേവനമനുഷ്ടിക്കുന്ന 467 വൈദികരിൽ സീനിയോരിട്ടിയിൽ 186 -ാം സ്ഥാനമാണ് തടത്തിലിന്റേത്. അവിടംകൊണ്ടും അവസാനിച്ചില്ല കല്ലറങ്ങാട്ടിലിന്റെ തന്ത്രങ്ങൾ. അടുത്തനാളിൽ ജോസഫ് തടത്തിലിനെ പാലാ രൂപതയുടെ വികാരി ജനറലായി നിയമിക്കുകയും ഏറ്റവും കൂടുതൽ അധികാരങ്ങൾ തടത്തിലിന് നൽകുകയും ചെയ്തു. നേരത്തെ വികാരി ജനറലായിരുന്ന ഫാദർ കുഴിഞ്ഞാലിൽ ഭരിച്ചിരുന്ന വകുപ്പുകളൊക്കെ കല്ലറങ്ങാട്ട് തടത്തിലിന് നൽകി.

നിലവിലെ മെത്രാൻ കല്ലറങ്ങാട്ട് 75 വയസിൽ വിരമിക്കുന്നതും 27-01-2031 ൽ ആയിരിക്കും. 16-06-1963 ൽ ജനിച്ച ജേക്കബ് മുരിക്കന് 16-06-2038 വരെ മെത്രനായി തുടരാം. 2031 കല്ലറങ്ങാട്ട് റിട്ടയർ ചെയ്താൽ 7 വർഷം മുരിക്കന് പാലാ രൂപതയുടെ മെത്രാനായി ഭരിക്കാം. ഇത്രുയം ഭരണാവസരം ഉള്ളപ്പോഴാണ് മുരിക്കൻ രാജി വയ്ക്കുന്നത്. അതു തന്നെയാണ് മുരിക്കന്റെ രാജിയുടെ പേരിൽ സീറോ മലബാർ സഭയിൽ വിവാദങ്ങൾ മാത്രമല്ല കടുത്ത എതിർപ്പും ഉയർത്തുന്നത്. ജേക്കബ് മുരിക്കന് പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം കല്ലറങ്ങാട്ട് ഒരിക്കലും നൽകിയിരുന്നില്ല എന്നതാണ് ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്നത്.

കൂടാതെ കുടുംബനിലയിലും പാരമ്പര്യത്തിലും കല്ലറങ്ങാട്ടിലിനെക്കാൾ ഏറെ മുന്നിലായിരുന്നു മുരിക്കൻ. കുടുംബ മഹിമ മാത്രമായിരുന്നില്ലി ലളിത ജീവിതം ആയിരുന്നു മുരിക്കനെ ഏറെ ഭയപ്പെടാൻ കല്ലറങ്ങാട്ടിലിനെ പ്രേരിപ്പിച്ച ഘടകം. അതിനേക്കാൾ തീവ്രമായിരുന്നു മുരിക്കന്റെ ജീവിതവിശുദ്ധിയും പ്രാർത്ഥനാ തീഷ്ണതയും ലളിത ജീവിതവും.

നരച്ച താടിയും വൈദിക ജീവിതത്തിൽ പ്രശ്‌നമായി

തലമുടി ഡൈ ചെയ്തു മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്ന കല്ലറങ്ങാട്ടിന് നരച്ച താടിയുമായി വേദികളിൽ എത്തുന്ന തന്നെക്കാൾ ഏഴ് വയസ് കുറഞ്ഞ മുരിക്കൻ എന്നും ഒരു ഭീഷണി ആയിരുന്നു. അരമനയുടെ ഇന്നോവ കാർ ഉപയോഗിക്കുന്നതിലും മുരിക്കന് താല്പര്യമില്ലായിരുന്നു.

മുരിക്കന്റെ ലളിത ജീവിതവും അധികാര കേന്ദ്രങ്ങളോടുള്ള താല്പര്യക്കുറവും ആയിരുന്നു ആഡംബരത്തിലും അന്തസ്സിലും ഒന്നാം സ്ഥാനത്ത് നിൽക്കാനാഗ്രഹിച്ച കല്ലറങ്ങാട്ടിലിനും അദ്ദേഹത്തിന്റെ ഉപദേശകരായ വികാരി ജനറൽർക്കും മുരിക്കനെ അനിഷ്ടനാക്കിയത്. സഹായ മെത്രാൻ സ്ഥാനമേറ്റെടുത്ത ശേഷം മുണ്ടക്കയം ബാഗത്തേക്ക് പോയ രൂപതയുടെ തന്നെ മറ്റൊരു വാഹനത്തിൽ സഹായ മെത്രാൻ തന്റെ ഔദ്യോഗിക കാര്യങ്ങൾക്കായി കൂടെ യാത്ര ചെയ്തത് ചിലവുകുറക്കാമല്ലോ എന്ന ചിന്തയിലായിരുന്നു. എന്നാൽ അത് മെത്രാന്റെ സ്ഥാനത്തിന് ചേർന്നതല്ല എന്ന് ചൂണ്ടിക്കാട്ടി വഴിയിൽ വണ്ടി നിർത്തിച്ച് സഹായമെത്രാന്റെ ഇന്നോവ കാർ അയച്ചുകൊടുത്തു. അന്നാരംഭിച്ചതാണ് ആഡംബരത്തിനും അധികാരത്തിനും എതിരെയുള്ള മുരിക്കന്റെ യുദ്ധം.

വിശുദ്ദിയിലും പ്രാർത്ഥനാരൂപിയിലും വിശ്വാസതീഷ്ണതയിലും പാലാ രൂപതയുടെ ജനങ്ങൾ വളരണമെന്ന മുരിക്കന്റെ ആഗ്രഹവും അതല്ല സ്ഥാപങ്ങൾ ഉണ്ടാക്കി രൂപതയുടെ യശസ്സുയർത്തണമെന്ന കല്ലറങ്ങാട്ടിലിന്റെ നിലപാടും എന്നും അവർക്കിടിയിൽ അസ്വസ്ഥത പടർത്തിയിരുന്നു. 2014ൽ സിബി സിഐ ദേശീയ സമ്മേളനം പാലായിൽ നടത്താനായി വൈദികരുടെ റിട്ടയർമെന്റെ ഫണ്ട് ഉപയോഗിച്ച് 10 കോടി രൂപാ മുടക്കി വൻ കെട്ടിടം നിർമ്മിച്ചത് ഏറെ വിവാദത്തിലായിരുന്നു. അന്നത്തെ എതിർപ്പിനെ അവഗണിച്ചായിരുന്നു കല്ലറങ്ങാട്ടും വികാരി ജനറൾ ലോബിയും കെട്ടിട നിർമ്മാണം നടത്തിയിരുന്നത്. കെട്ടിട നിർമ്മാണങ്ങളുടെ ചാർജുള്ള വികാരി ജനറലിന്റെ കുടുംബത്തിന്റെ സാമ്പത്തിക പുരോഗതിക്ക് പിന്നിൽ രൂപതയിലെ കെട്ടിടം പണി ലോബിയുടെ സഹായം ആരോപിക്കുന്ന നിരവധി വൈദികർ രൂപതയിൽ തന്നെയുണ്ട്.

ആശുപത്രി വിവാദങ്ങൾ ഇങ്ങനെ

പിന്നീടാണ് 500 കോടി രൂപമുടക്കി ചേർപ്പുങ്കൽ എന്ന കുഗ്രാമത്തിൽ ആശുപത്രി നിർമ്മിക്കാനുള്ള നീക്കവുമായി കല്ലറങ്ങാട്ട് എത്തിയത്. ആശുപത്രി നിർമ്മാണ പദ്ധതിക്കെതിരായിരുന്നു മുരിക്കൻ. ആശുപത്രി നിർമ്മാണം കൊണ്ട് ഒരു ദരിദ്രനെ പോലും സഭയോടു ചേർത്തുനിർത്താനാവില്ല എന്ന വൈദഗതിക്കാരനായിരുന്നു മുരിക്കൻ.

കാലം മുരിക്കനായിരുന്നു ശരി എന്നും തെളിയിച്ചു. ചേർപ്പുങ്കലിലെ ആശുപത്രി നിർമ്മാണത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് രൂപത. അതിനിടെയാണ് തടത്തിൽ വികാരി ജനറലാകുന്നതും കടം വീട്ടാൻ രൂപതയുടെ ആസ്തികൾ വിൽക്കാൻ തീരുമാനിക്കുന്നതും വൻ വിവാദത്തിന് തിരികൊളുത്തിയത്. ഏറെ പണം കിട്ടുന്ന ചേർപ്പുങ്കൽ, കുറവിലങ്ങാട്, അരുവിത്തുറ, ഭരണങ്ങാനം, പാലാ കത്തീഡ്രൽ (വാടകവരുമാനം) തുടങ്ങിയ സമ്പന്ന പള്ളികളിൽ നിന്നും 10% അധിക വാർഷിക തുക ഈടാക്കാനും നോയമ്പുകാലത്ത് ജനങ്ങലിൽ നിന്നും അധിക പിരിവെടുക്കാനായി 70,000 ബാഗുകൾ കുടുംബങ്ങൾക്ക് നൽകുകയും ചെയ്തു തടത്തിൽ. എന്നാൽ കൊറോണ അവയൊക്കെ നിശ്ചലമാക്കി. വിശ്വാസികൾ ആശ്വാസത്തിലുമായി.

പ്രാർത്ഥനയിലും ലളിത ജീവിത്തിലും അരമനയിൽ താമസിച്ചിരുന്ന മുരിക്കനായിരുന്നു നിലവിൽ പാലാ രൂപതയുടെ ശക്തിയെന്നും അദ്ദേഹം പാലാ അരമനിയിൽ നിന്നും മാറുന്നതോടെ രൂപത കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങുമെന്നും സഭയോടുകൂറുള്ള വൈദികർ ചൂണ്ടിക്കാട്ടുന്നു. മുരിക്കനെ മെത്രാനാക്കിയ തങ്ങളുടെ തീരുമാനം ശരിയായിരുന്നു. മുരിക്കനെ അംഗീകരിക്കാൻ കല്ലറങ്ങാട്ട് തയ്യാറാകാത്തതാണ് ലോകത്തിൽ ആദ്യമായി ഒരു മെത്രാൻ രാജി വയ്ക്കാൻ സാഹചര്യമൊരുക്കിയതെന്നുമാണ് സീറോ മലബാർ സിനസിലെ വികാരി ജനറൽമാരുടെ നിലപാട്.

ഏകാന്തവാസം ആഗ്രഹിക്കുന്നു, മറ്റുവാർത്തകൾ തെറ്റ്: പാല അരമനയുടെ വിശദീകരണം

അതേസമയം പാല ബിഷപ്പിന്റെ വിരമിക്കൽ സംബന്ധിച്ച വാർത്തകളിൽ പാല അരമന നൽകുന്ന വിശദീകരണം മറ്റൊന്നാണ്. ഏകാന്തവാസം നയിക്കാൻ ആഗ്രഹമുണ്ടെങ്കിലും അതിന് അനുവാദം ചോദിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ ബിഷപ്പ് ജേക്കബ് മുരിക്കന്റെ ലെറ്റർഹെഡിൽ തയ്യാറാക്കിയ വാർത്താക്കുറിപ്പിൽ പാല ബിഷപ്പ് ഹൗസ് പ്രതികരിക്കുന്നത്.

വർഷങ്ങളായി സന്യാസ ഏകാന്തവാസം നയിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നതായും ആ ആഗ്രഹം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്, കർദിനാൾ മാർ ജോർജ് ആലഞ്ചേരി എന്നിവരുമായി പങ്കുവച്ചിട്ടുള്ളതാണ്. എന്നാൽ ഇതിന്റെ അനുവാദം സംബന്ധിച്ച് സോഷ്യൽ മീഡിയായിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട് രൂപതയിലെ ചില വൈദികരുടെ പേരെടുത്ത് പറഞ്ഞും രൂപതയിലെ കാര്യങ്ങൾ തെറ്റായി അവതരിപ്പിച്ചും നടത്തുന്ന പ്രചരണങ്ങൾ വേദനാജനകമാണെന്നും ഇത്തരം കുപ്രചരണങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും അരമന മാർ ജേക്കബ് മുരിക്കന്റെ പേരിൽ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP