Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഉദാഹരണം സുജാതയ്ക്ക് 20 ദിവസം നീട്ടികൊടുത്തപ്പോൾ ഭിന്നത തുടങ്ങി; ദിലീപ് ജാമ്യം കിട്ടാതെ അഴിക്കുള്ളിൽ കഴിയുമ്പോൾ മാർട്ടിൻ പ്രക്കാട്ടുമായുള്ള കാനഡ യാത്രയിൽ പിണക്കം പുതു തലത്തിലെത്തി; കമലിന്റെ ആമിയെ പ്രതിസന്ധിയിലാക്കിയപ്പോൾ എല്ലാം സിനിമാ ലോകവും അറിഞ്ഞു; ബിനീഷ് മാനേജരായപ്പോൾ പുഷ് കമ്പനിക്ക് നോട്ടീസ് അയച്ചത് ശത്രുത കൂട്ടി; ശ്രീകുമാർ മേനോൻ-മഞ്ജു വാര്യർ കേസ് ചർച്ചയാക്കുന്നത് സിനിമയിലെ ചേരിമാറ്റങ്ങൾ; പഴയ സുഹൃത്തിനെ ലേഡി സൂപ്പർസ്റ്റാർ തളയ്ക്കാനിറങ്ങുമ്പോൾ

ഉദാഹരണം സുജാതയ്ക്ക് 20 ദിവസം നീട്ടികൊടുത്തപ്പോൾ ഭിന്നത തുടങ്ങി; ദിലീപ് ജാമ്യം കിട്ടാതെ അഴിക്കുള്ളിൽ കഴിയുമ്പോൾ മാർട്ടിൻ പ്രക്കാട്ടുമായുള്ള കാനഡ യാത്രയിൽ പിണക്കം പുതു തലത്തിലെത്തി; കമലിന്റെ ആമിയെ പ്രതിസന്ധിയിലാക്കിയപ്പോൾ എല്ലാം സിനിമാ ലോകവും അറിഞ്ഞു; ബിനീഷ് മാനേജരായപ്പോൾ പുഷ് കമ്പനിക്ക് നോട്ടീസ് അയച്ചത് ശത്രുത കൂട്ടി; ശ്രീകുമാർ മേനോൻ-മഞ്ജു വാര്യർ കേസ് ചർച്ചയാക്കുന്നത് സിനിമയിലെ ചേരിമാറ്റങ്ങൾ; പഴയ സുഹൃത്തിനെ ലേഡി സൂപ്പർസ്റ്റാർ തളയ്ക്കാനിറങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസും ദിലീപിന്റെ അറസ്റ്റും മലയാള സിനിമയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. അതിന് സമാനമായ സാഹചര്യം ശ്രീകുമാർ മേനോനെതിരായ മഞ്ജു വാര്യരുടെ കേസും ഉണ്ടാക്കുമെന്നാണ് സൂചന. ഒടിയൻ സെറ്റിലെ പ്രശ്നങ്ങളാണ് ചർച്ചയാകുന്നതെങ്കിലും ഇരുവരും തമ്മിലെ പിണക്കം തുടങ്ങുന്നത് ഉദാഹരണം സുജാതയിൽ നിന്നാണ്. പ്രൊഫഷണലെന്ന് ശ്രീകുമാർ മേനോൻ അവകാശപ്പെട്ട് തുടങ്ങിയ ഭിന്നതകൾ തന്റെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമായി ലേഡി സൂപ്പർ സ്റ്റാർ കരുതി. ആരാണ് മഞ്ജുവിനെ ഉന്നതങ്ങളിൽ എത്തിച്ചതെന്ന തർക്കവും പുഷ് എന്ന പരസ്യ കമ്പനിയുമായുള്ള ബന്ധം വിച്ഛേദിക്കാൻ കാരണമായി. ഇവിടെയെല്ലാം മാർട്ടിൻ പ്രക്കാട്ട് മാത്രമാണ് മഞ്ജുവിന് കൂടെയുണ്ടായിരുന്നത്. മാർട്ടിൻ പ്രക്കാട്ടിന്റെ അടുത്തയാളായിരുന്ന പ്രൊഡക്ഷൻ മാനേജർ ബിനീഷിനെ മഞ്ജു മാനേജരാക്കിയതോടെ പ്രശ്നങ്ങൾ പുതിയ തലത്തിലെത്തി.

Stories you may Like

പുഷ് കമ്പനിയുമായുള്ള എല്ലാ കരാറും അവസാനിപ്പിച്ചതായി ശ്രീകുമാർ മേനോന് മഞ്ജു നോട്ടീസ് നൽകിയത് ബിനീഷ് മാനേജരായി എത്തിയതിന് ശേഷമാണ്. മഞ്ജുവിനെ ലേഡി സൂപ്പർ സ്റ്റാറാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉദാഹരണം സൂജാതയെന്ന സിനിമ എത്തുന്നത്. വ്യക്തമായ കഥയും തിരിക്കഥയും മഞ്ജുവെന്ന നായികയ്ക്ക് വേണ്ടിയുള്ളതായിരുന്നു. ഈ സിനിമയക്ക് ശ്രീകുമാർ മേനോനോട് ചോദിക്കാതെ മഞ്ജു 20 ദിവസം കൂടുതലായി നൽകി. ഇതോടെ മഞ്ജുവിന്റെ സിനിമാ ഡേറ്റുകൾ മാറി മറിഞ്ഞു. ഇതിനിടെ കാനഡയിലെ ഷോയ്ക്കും മഞ്ജു പോയി. മാർട്ടിൻ പ്രകാട്ടിനൊപ്പമായിരുന്നു യാത്ര. ഈ സമയം ദിലീപ് ജയിലിലാണ്. മകൾ വേദനിച്ചിരിക്കുമ്പോൾ അമ്മ വിദേശത്ത് പോകുന്നത് ഏറെ വാർത്താ പ്രാധാന്യം നേടുകയും ചെയ്തു. പലതും എതിർത്തിട്ടും മഞ്ജു പോയതോടെ സിനിമയിൽ പുതിയ സൗഹൃദങ്ങളും ശത്രുതകളും സൃഷ്ടിക്കെപ്പെടുകയായിരുന്നു.

പതിയെ ശ്രീകുമാർ മേനോനും മഞ്ജുവുമായി തെറ്റി. മാർട്ടിൻ പ്രക്കാട്ടിന്റെ പ്രൊഡക്ഷൻ കൺട്രോളർ മഞ്ജുവിന്റെ തൊഴിൽ പരമായ കാര്യങ്ങൽ നോക്കാനും തുടങ്ങി. ഇതോടെ ശ്രീകുമാർ മേനോന് ആദ്യ നോട്ടീസ് കിട്ടി. ഇതോടെ പ്രകോപിതനായ ശ്രീകുമാർ താൻ ചെയ്ത കാര്യങ്ങൾ മഞ്ജുവിനെ എണ്ണി എണ്ണി അറിയിക്കാൻ തുടങ്ങി. ഇതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമായി. ഈ വഴക്കുകളാണ് കേസിലേക്ക് കാര്യങ്ങളെത്തിക്കുന്നത്. ഉദാഹരണം സുജാതയ്ക്ക് ശേഷം ജോജുവുമായും ചെറിയ പിണക്കങ്ങൾ മഞ്ജുവിനുണ്ടായി. പൊറിഞ്ചു മറിയം ജോസിലെ നായികാ കഥാപാത്ര മഞ്ജു വേണ്ടെന്നു വച്ചതും അതുകൊണ്ടാണ്. ഇതെല്ലാം അറിയാവുന്നതു കൊണ്ടാണ് ശ്രീകുമാർ മേനോനുമായുള്ള കേസ് പുതിയ പൊട്ടിത്തെറികളിലേക്ക് കാര്യങ്ങളെത്തിക്കുമോ എന്ന് സിനിമാക്കാർ ഭയക്കുന്നത്.

കമലിന്റെ ആമിയിലേക്ക് മഞ്ജുവിനെ എത്തിയതും ഉദാഹരണം സുജാതയിലെ പ്രശ്നങ്ങൾക്ക് മുമ്പാണ്. ഈ സിനിമയ്ക്ക് നൽകിയ ഡേറ്റുമായി കാനഡ യാത്ര കൂട്ടിക്കുഴഞ്ഞു. പറഞ്ഞ ദിവസം മഞ്ജു എത്താതിനെ തുടർന്ന് കമൽ പത്ര സമ്മേളനത്തിന് പോലും തയ്യാറായിരുന്നു. ഒടുവിൽ ചിലരുടെ ഇടപെടലോടെ കമൽ അത് ഒഴിവാക്കി. വിദ്യാ ബാലൻ ആമിയിൽ നിന്ന് പിന്മാറിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൂടി കണക്കിലെടുത്തായിരുന്നു ഇത്. ആമി കഴിഞ്ഞതോടെ ശ്രീകുമാറുമായി മഞ്ജു കൂടുതൽ അകന്നു. അതിന് ശേഷമായിരുന്നു ഒടിയനിലെ അഭിനയം. നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നു ഈ പ്രോജക്ട്. ഇവിടെയുണ്ടായ കാരവാനിലെ തർക്കം കാര്യങ്ങൾ മാറ്റി മറിച്ചു. ഗൾഫിലെ ഓഡീയോ ലോഞ്ച് ചടങ്ങോടെ ഭിന്നത അതിരൂക്ഷമായി. മഞ്ജുവിനെ ഒരു തരത്തിലും ഭീഷണിപ്പെടുത്തിയില്ലെന്നാകും പൊലീസിന് മുമ്പിൽ ശ്രീകുമാർ വാദിക്കുക. എന്നാൽ ഇത് പൊലീസ് അംഗീകരിക്കാൻ ഇടയില്ല.

മലയാള സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസിയുടെ രൂപീകരണം ഈ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങളിലൊന്നായാണ് ആദ്യ കാലങ്ങളിൽ വിലയിരുത്തപ്പെട്ടത്. സിനിമയിൽ സ്ത്രീകൾക്കു സുരക്ഷ ഉറപ്പാക്കുന്നതിനായി ആരംഭിച്ച സംഘടനയ്ക്ക് വലിയ പിന്തുണയാണ് അന്നു ലഭിച്ചത്. എന്നാൽ അടുത്ത കാലത്തുണ്ടായ ചില സംഭവങ്ങളിൽ ഡബ്ല്യുസിസി പാലിക്കുന്ന നിശബ്ദത സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമാണുയർത്തുന്നത്. സംഘടനയിലെ സജീവാംഗമായ മഞ്ജു വാര്യർ ശ്രീകുമാർ മേനോനെതിരെ ഡിജിപിക്കു കൊടുത്ത പരാതിയിന്മേൽ സംഘടന ഒന്നും മിണ്ടാത്തതാണ് താരത്തിന്റെ ആരാധകരെയും മറ്റുള്ളവരെയും ചൊടിപ്പിച്ചിരിക്കുന്നത്. ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളാണ് ഡിജിപിക്ക് കൊടുത്ത പരാതിയിൽ മഞ്ജു ഉന്നയിച്ചിരിക്കുന്നത്. ഈ പരാതിയിന്മേൽ അന്വേഷണവും നടക്കുകയാണ്. ഇത്രയധികം സംഭവവികാസങ്ങൾ ഇതു സംബന്ധിച്ച് ഉണ്ടായിട്ടും ഡബ്ല്യുസിസിയോ അതുമായി ബന്ധപ്പെട്ടവരോ ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. ഈ സംഘടനയ്ക്ക വേണ്ടി മുമ്പിൽ നിന്നതും മഞ്ജു വാര്യരായിരുന്നു. പിന്നീട് പതിയെ ഇതുമായി അകന്നു.

സാധാരണ ഇത്തരം വിഷയങ്ങളിലെ പ്രതികരണം ഫേസ്‌ബുക്ക് പേജിൽ ഇടാറുള്ള സംഘടന മഞ്ജുവിന്റെ കാര്യത്തിൽ അതും ചെയ്തില്ല. ഡബ്ല്യുസിസിയുടെ ആരംഭകാലം മുതൽ സജീവാംഗമായ മഞ്ജുവിന് ഇത്തരത്തിൽ ഒരു ദുരവസ്ഥ ഉണ്ടായിട്ടും സംഘടന ഒന്നും മിണ്ടാത്തതെന്താണെന്ന് എല്ലാവരും ഒന്നടങ്കം ചോദിക്കുന്നു. ഡബ്ല്യുസിസിയുടെ ഫേസ്‌ബുക്ക് പേജിലാണ് ആരാധകർ തങ്ങളുടെ അമർഷം രേഖപ്പെടുത്തുന്നത്. ആരംഭകാലത്ത് സജീവമായി പ്രവർത്തിക്കുകയും ഇടക്കാലത്ത് സംഘടനയുമായി അകലം പാലിക്കുകയും ചെയ്തതിനാലാവാം ഡബ്ല്യുസിസി മഞ്ജുവിനെ പിന്തുണയ്ക്കാത്തതെന്നാണ് ചിലരുടെ കണ്ടെത്തൽ. ഇതെല്ലാം സിനിമയിലെ ചേരി മാറ്റത്തിന്റെ സൂചനകളാണ്. ദിലീപ് കേസിന് സമാനമായ സാഹചര്യവും ചർച്ചയും ഈ കേസും ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ന്യുജെൻ സിനിമാക്കാരുമായി മഞ്ജു അടുക്കുന്നുവെന്നും സൂചനകളുണ്ട്. ഏതായാലും മഞ്ജുവിന്റെ കേസ് വെട്ടിലാക്കുന്നത് ശ്രീകുമാർ മേനോനെയാണ്.

ശ്രീകുമാർ മേനോന് എതിരായ പരാതിയിൽ നടി മഞ്ജു വാരിയരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീകുമാർ സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടത്തിയെന്നും മോശക്കാരിയാണെന്ന് വരുത്താൻ ശ്രമിച്ചുവെന്നും മഞ്ജു വാരിയർ നൽകിയ മൊഴിയിൽ പറയുന്നു. തൃശൂർ സി ബ്രാഞ്ച് എസിപി സി.ഡി.ശ്രീനിവാസനാണ് മൊഴിയെടുത്തത്. ശ്രീകുമാർ മേനോൻ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായി നടി മഞ്ജു വാരിയർ ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. താൻ ഒപ്പിട്ടു നൽകിയ ലെറ്റർ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും പരാതിയിൽ ആരോപിക്കുന്നു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശ്രീകുമാർ മേനോനെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി മഞ്ജു കൈമാറിയത്.

ഒടിയൻ സിനിമയ്ക്കു പിന്നാലെയുണ്ടായ സൈബർ ആക്രമണത്തിനു പിന്നിൽ ശ്രീകുമാറാണന്നും പരാതിയിൽ പറയുന്നു. പരാതിക്കു മറുപടിയുമായി ശ്രീകുമാർ മേനോൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തുകയും ചെയ്തു. അന്വേഷണത്തോടു പൂർണമായി സഹകരിക്കുമെന്നു ഫേസ്‌ബുക് പ്രതികരണത്തിൽ അദ്ദേഹം വ്യക്തമാക്കി. മഞ്ജുവിനു ഉപകാരസ്മരണ ഇല്ലെന്നതുൾപ്പെടെയുള്ള ആരോപണങ്ങളാണു ശ്രീകുമാർ മേനോൻ പോസ്റ്റിൽ ഉന്നയിച്ചത്.

താരസംഘടനയായ അമ്മയുമായോ മറ്റ് സംഘടനയുമായോ ബന്ധപ്പെടുന്നതിന് മുൻപാണ് മഞ്ജു പൊലീസ് സഹായം തേടിയത്. പിന്നീട് അവർക്കും കത്തെഴുതി. വിവാഹശേഷം അഭിനയരംഗം വിട്ട മഞ്ജുവാര്യർക്ക് കല്ല്യാൺ ജൂവലേഴ്സിന്റെ പരസ്യത്തിലൂടെ തിരിച്ചു വരവിന് കളമൊരുക്കിയത് ശ്രീകുമാർ മേനോനായിരുന്നു. ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ഒടിയനിൽ നായികാ വേഷത്തിലെത്തിയതും മഞ്ജുവാണ്. പ്രളയത്തിൽ തകർന്ന ആദിവാസി കോളനിവാസികളുടെ പുനരധിവാസം ഏറ്റെടുത്ത മഞ്ജു വാര്യർ വാഗ്ദാനം ലംഘിച്ചെന്ന ആരോപണവുമായി ആദിവാസി ഗോത്രമഹാസഭ ഈയിടെ രംഗത്ത് വന്നിരുന്നു. വയനാട് പനമരം പഞ്ചായത്തിലെ പരക്കൂനി ആദിവാസി കോളനിയിലെ സാധുക്കൾക്ക് വീടും മറ്റ് പശ്ചാത്തല സൗകര്യങ്ങളും ഒരുക്കി നൽകാമെന്ന് വാഗ്ദാനം നൽകിയ മഞ്ജു, അതിൽനിന്ന് പിന്മാറുകയാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഓഡിനേറ്റർ എം. ഗീതാനന്ദൻ ആരോപിച്ചിരുന്നു. ഇതുമായി ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ബന്ധമുണ്ടെന്നാണ് സിനിമയിലുള്ളവർ പോലും കരുതുന്നത്.

ഇത്തരം നിയമപരമായ വിഷയങ്ങൾ ശ്രീകുമാർ മേനോനെതിരെ പരാതി കൊടുക്കാൻ മഞ്ജുവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകാമെന്ന് അമ്മയും ഫെഫ്കയും കരുതുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ പലരും ഗൂഢാലോചന സംശയിച്ചിരുന്നു. എന്നാൽ അതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന വാക്കുപയോഗിച്ചത് മഞ്ജു വാര്യരാണ്. അന്നെല്ലാം ശ്രീകുമാർ മേനോനും മഞ്ജുവും അടുത്ത സൗഹൃദത്തിലായിരുന്നു. ഇതിലേക്ക് എത്തിയ സാഹചര്യങ്ങളിൽ പോലും പലരും സംശയം കാണുന്നുണ്ട്. ഇതെല്ലാം ശ്രീകുമാർ മേനോൻ തുറന്ന് പറച്ചിലിന് വിധേയമാക്കുമെന്ന കണക്കുകൂട്ടൽ സിനിമാ മേഖലയ്ക്കുണ്ട്. അതുകൊണ്ട് തന്നെ അമ്മയും ഫെഫ്കയും കൃത്യമായ അകലം പാലിക്കും.

ഫെഫ്കയ്ക്ക് ഇക്കാര്യത്തിൽ കൂടുതൽ ഒന്നും ചെയ്യാനുമില്ല. ശ്രീകുമാർ മേനോൻ സംവിധായകനാണെങ്കിലും ഫെഫ്കയിൽ അംഗത്വമില്ല. അമ്മയിലും ശ്രീകുമാർ മേനോൻ അംഗമല്ല. സംഘടനയിലെ രണ്ട് പേർക്കിയിൽ പ്രശ്നമുണ്ടാകുമ്പോഴാണ് സിനിമാ സംഘടനകൾ ഇടപെടാറുള്ളത്. ഇവിടെ അതിനുള്ള സാധ്യത തീരെയില്ല. അതുകൊണ്ട് തന്നെ തന്ത്രപരമായ അകലം പാലിക്കാനും കഴിയും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP