Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മകളെ കൊണ്ട് ദിലീപിന് അനുകൂലമായി മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സൂചന; വിഷയം വിചാരണ കോടതിയുടെ ശ്രദ്ധയിൽ പെട്ടതോടെ കോടതി ശാസിച്ചെന്നും റിപ്പോർട്ട്; രാമൻപിള്ളയുടെ അതിബുദ്ധിയിൽ നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന് താൻ വിശ്വസിക്കില്ലെന്ന് ലേഡി സൂപ്പർസ്റ്റാർ പറഞ്ഞതിൽ പ്രതീക്ഷ അർപ്പിച്ച് ദിലീപ്; വിചാരണ കോടതിയിൽ നിറയുന്നത് മലയാളി വർഷങ്ങളായി ചർച്ച ചെയ്ത ആ പഴയ കുടുംബ കാര്യങ്ങൾ തന്നെ

മകളെ കൊണ്ട് ദിലീപിന് അനുകൂലമായി മഞ്ജു വാര്യരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് സൂചന; വിഷയം വിചാരണ കോടതിയുടെ ശ്രദ്ധയിൽ പെട്ടതോടെ കോടതി ശാസിച്ചെന്നും റിപ്പോർട്ട്; രാമൻപിള്ളയുടെ അതിബുദ്ധിയിൽ നടിയെ ആക്രമിക്കാൻ ദിലീപ് ക്വട്ടേഷൻ കൊടുത്തു എന്ന് താൻ വിശ്വസിക്കില്ലെന്ന് ലേഡി സൂപ്പർസ്റ്റാർ പറഞ്ഞതിൽ പ്രതീക്ഷ അർപ്പിച്ച് ദിലീപ്; വിചാരണ കോടതിയിൽ നിറയുന്നത് മലയാളി വർഷങ്ങളായി ചർച്ച ചെയ്ത ആ പഴയ കുടുംബ കാര്യങ്ങൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചിയിലെ സിബിഐ കോടതിയിൽ ഇപ്പോൾ നടിയെ ആക്രമിച്ച കേസിലെ വിചാരണയാണ് നടക്കുന്നത്. കേസിൽ ഗൂഢാലോചനയിൽ മൊഴി നൽകാൻ മഞ്ജു വാര്യരും ഗീതു മോഹൻദാസും എത്തിയപ്പോൾ അവിടെ കേട്ടത് ദിലീപിന്റേയും മഞ്ജു വാര്യരുടേയും വിവാഹ മോചനത്തിന് പിന്നിലെ കഥകളായിരുന്നു. ഇതേ കോടതിയായിരുന്നു ഇരുവരുടേയും വിവാഹ മോചന ഹർജി പരിഗണിച്ചതും. ഇതോടെ മുമ്പ് കേട്ട കുടുംബ പ്രശ്‌നങ്ങൾ ഈ കോടതി മുറിയിൽ വീണ്ടും നിറഞ്ഞു. ഏതായാലും മഞ്ജുവും ഗീതു മോഹൻദാസും മൊഴി നൽകിയതോടെ പ്രോസിക്യൂഷൻ വലിയ ആത്മവിശ്വാസത്തിൽ എത്തിക്കഴിഞ്ഞു. എന്നാൽ ദിലീപും പ്രതീക്ഷ കൈവിട്ടിട്ടില്ല.

സാക്ഷികളെ സ്വാധീനിക്കരുതെന്ന നിർദ്ദേശം ദിലീപിന് വിചാരണയ്ക്കിടെ കോടതി നൽകിയിരുന്നു. മഞ്ജു വാര്യരുടെ വിചാരണ ദിവസമായിരുന്നു ഇത് സംഭവിച്ചത്. രൂക്ഷമായ വിമർശനം തന്നെ നടത്തിയെന്നാണ് ലഭിക്കുന്ന വിവരം. മകളെ കൊണ്ട് തന്നെ വിളിപ്പിച്ച് സ്വാധീനിക്കാൻ ശ്രമം നടന്നുവെന്ന് കോടതിയിൽ മഞ്ജു പറഞ്ഞതായാണ് സൂചന. രഹസ്യ വിചാരണയായതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണത്തിന് പ്രോസിക്യൂട്ടർ പോലും തയ്യാറല്ല. എങ്കിലും പ്രതിഭാഗത്തെ വിമർശിച്ചുവെന്നതാണ് വസ്തുത. ദീലീപിന്റേയും മഞ്ജു വാര്യരുടേയും മകളായ മീനാക്ഷി അച്ഛനായ ദിലീപിന്റെ സംരക്ഷണയിലാണുള്ളത്. കേസിൽ പെട്ടുവെങ്കിലും അച്ഛനെ മീനാക്ഷി തള്ളി പറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ അച്ഛനെ രക്ഷിക്കാൻ മകൾ മുന്നിട്ടിറങ്ങുമെന്ന സൂചനയുണ്ടായിരുന്നു. ഇത്തരത്തിൽ ഒരു ഫോൺ വിളി മഞ്ജുവിനെ തേടിയെത്തിയെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കേസിൽ സാക്ഷി പറയാൻ കുഞ്ചാക്കോ ബോബൻ എത്താത്തും ചർച്ചയാണ്. മമ്മൂട്ടിയും മോഹൻലാലും ദിലീപും സിദ്ദിഖും എല്ലാം ചേർന്ന് ഒരു പാർട്ടി നടന്നിരുന്നു. ഈ പാർട്ടിയിൽ കുഞ്ചാക്കോയും പങ്കെടുത്തു. ദിലീപിന് അനുകൂലമായി സാക്ഷികളെ മാറ്റാനുള്ള ഗൂഢാലോചനയാണ് ഇതെന്ന വാദം ശക്തമായിരുന്നു. കുഞ്ചാക്കോ ബോബൻ മൊഴി കൊടുക്കാൻ എത്തിയതുമില്ല. ഇതോടെ സാക്ഷികളെ സ്വാധീനിക്കൽ നടന്നുവെന്ന ആക്ഷേപം ശക്തമായി. ഇതിനൊപ്പമാണ് മകളെ കൊണ്ട് വിളിപ്പിച്ചുവെന്ന് കോടതിയെ മഞ്ജു അറിയിച്ചതായുള്ള റിപ്പോർട്ടും എത്തുന്നത്. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് വിരോധമുണ്ടെന്ന് മഞ്ജു കോടതിയിൽ മൊഴി നൽകി. പകയുടെ കാരണമായ കുടുംബ പ്രശ്‌നങ്ങളും എണ്ണി എണ്ണ പറഞ്ഞു. ദിലീപിന് നടിയോടുള്ള വൈരാഗ്യം തെളിയിക്കുന്നതിനുള്ള മൊഴിയായി ഇത് മാറുകയും ചെയ്യും.

എന്നാൽ പ്രതിഭാഗം വിസ്താരത്തിൽ അഡ്വക്കേറ്റ് രാമൻപിള്ള തന്ത്രപരമായാണ് കാര്യങ്ങൾ ചോദിച്ചത്. ഈ ക്വട്ടേഷൻ കൊടുത്തത് ദിലീപാണെന്ന് തനിക്ക് ഉറപ്പില്ലെന്ന് മഞ്ജുവിനെ കൊണ്ട് പറയിക്കുകയും ചെയ്തു രാമൻപിള്ള. നടിയെ ആക്രമിച്ചതിന് പിന്നിൽ ദിലീപാണെന്ന് ഉറപ്പില്ലെന്നും എന്നാൽ അവർക്കിടയിൽ പകയുണ്ടെന്നുമായിരുന്നു മഞ്ജു കോടതിയെ അറിയിച്ചത്. സാഹചര്യ തെളിവുള്ളതിനാൽ ഗുഡാലോചന തെളിയുമെന്നാണ് പ്രോസിക്യൂഷന്റെ പ്രതീക്ഷ. എന്നാൽ രാമൻപിള്ളയുടെ ബുദ്ധി സാമർത്ഥ്യത്തിൽ ക്വട്ടേഷനിൽ ഉറപ്പില്ലെന്ന മൊഴി കിട്ടുകയും ചെയ്തു. ഇതോടെ ഇനിയുള്ള ഓരോ സാക്ഷി വിസ്താരവും നിർണ്ണായകമാകും.

കേസിൽ നടൻ കുഞ്ചാക്കോ ബോബനെതിരേ അറസ്റ്റ് വാറണ്ട്. കേസിൽ വിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടർന്നാണ് നടനെതിരേ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ ചുമത്തപ്പെട്ട ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ കുഞ്ചാക്കോ ബോബന്റെ മൊഴി നിർണായകമാണ്. മഞ്ജു വാര്യർ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആദ്യമായി അഭിനയിച്ച ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ ദിലീപ് ഇടപെടൽ നടത്തിയതായി നേരത്തെ കുഞ്ചാക്കോ ബോബൻ പൊലീസിന് മൊഴി നൽകിയിരുന്നു.

ഹൗ ഓൾഡ് ആർ യുവിൽ ആക്രമിക്കപ്പെട്ട നടിയേയും അഭിനയിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ നടിയെ അഭിനയിപ്പിക്കരുത് എന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായാണ് കുഞ്ചാക്കോ ബോബൻ പൊലീസിന് മൊഴി നൽകിയത്. നടിയോട് ദിലീപിന് ശത്രുത ഉണ്ടായിരുന്നു എന്ന പ്രോസിക്യൂഷൻ വാദം കോടതിക്ക് മുൻപിൽ തെളിയിക്കാൻ കുഞ്ചാക്കോ ബോബന്റെ ഈ മൊഴി നിർണായകമാണ്. സാക്ഷി വിസ്താരത്തിന് വെള്ളിയാഴ്ച കോടതിയിൽ ഹാജരാകാൻ കുഞ്ചാക്കോ ബോബന് സമൻസ് നൽകിയിരുന്നു. എന്നാൽ നടൻ സമൻസ് കൈപ്പറ്റിയിട്ടില്ല എന്നാണ് വിവരം. മാത്രമല്ല അന്നേ ദിവസം കോടതിയിൽ ഹാജരാകാൻ സാധിക്കില്ല എന്ന് കാണിച്ചുള്ള അവധി അപേക്ഷയും കുഞ്ചാക്കോ ബോബൻ നൽകിയില്ല. ഈ സാഹചര്യത്തിലാണ് കോടതി നടനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബന് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് നൽകിയിരിക്കുന്നത്. സാക്ഷി വിസ്താരത്തിന് മാർച്ച് നാലിന് കോടതിയിൽ ഹാജരാകാനും കോടതി നിർദ്ദേശം നൽകി. റിമി ടോമി, മുകേഷ് അടക്കമുള്ളവരെ ഇനി സാക്ഷി വിസ്താരം നടത്താനുണ്ട്.

ദിലീപിന്റേതുൾപ്പെടെയുള്ള പ്രതിഭാഗം അഭിഭാഷകർക്ക് മൊഴി നൽകുന്നവരെ വിസ്തരിക്കാനും അവസരമുണ്ട്. നടിയെ ആക്രമിച്ചതിനെതിരെ കൊച്ചിയിൽ താരസംഘടനയായ അമ്മയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യർ ആരോപിച്ചിരുന്നു. ദിലീപും കാവ്യാ മാധവനുമായുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി സുഹൃത്തുക്കളോട് പറഞ്ഞതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രോസിക്യൂഷൻ വാദം. കൃത്യം നടക്കുന്ന സമയത്ത് ഇവരെ പിന്തുടർന്ന ടെംപോ ട്രാവലർ വാടകയ്ക്ക് നൽകിയ ആളുടെ മൊഴിയും നേരത്തെ രേഖപ്പെടുത്തിയിരുന്നു. എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ രഹസ്യമായാണ് മൊഴിയെടുക്കലും എതിർ വിസ്താരവും നടക്കുന്നത്.

പൊലീസിന് മഞ്ജു കൊടുത്ത മൊഴി നേരത്തെ പുറത്തു വന്നിരുന്നു. ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാൻ സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞുവെന്നും പൊലീസിനോട് മഞ്ജു വെളിപ്പെടുത്തിയിരുന്നു. ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞുവെന്നും വെളിപ്പെടുത്തിയിരുന്നു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നുവെന്നും പൊലീസിനോട് മഞ്ജു പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP