Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സുരേഷ് ഗോപിയുടെ ഇരുപത്തയ്യായിരവും എന്റെയും ഗണേശിന്റേയും അയ്യായിരം വീതവും കൊണ്ടാണ് 'അമ്മ' തുടങ്ങിയത്;ആശാ ശരത്തിനേയും ശ്വേതാ മേനോനേയും നിശ്ചയിച്ചതും മറ്റാരും അറിഞ്ഞില്ല; അമ്മയിൽ മൽസരം നടക്കട്ടെ; നിലപാട് മറുനാടനോട് വ്യക്തമാക്കി മണിയൻപിള്ള രാജു

സുരേഷ് ഗോപിയുടെ ഇരുപത്തയ്യായിരവും എന്റെയും ഗണേശിന്റേയും അയ്യായിരം വീതവും കൊണ്ടാണ് 'അമ്മ' തുടങ്ങിയത്;ആശാ ശരത്തിനേയും ശ്വേതാ മേനോനേയും നിശ്ചയിച്ചതും മറ്റാരും അറിഞ്ഞില്ല; അമ്മയിൽ മൽസരം നടക്കട്ടെ; നിലപാട് മറുനാടനോട് വ്യക്തമാക്കി മണിയൻപിള്ള രാജു

വിഷ്ണു ജെജെ നായർ

തിരുവനന്തപുരം: അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കാനുള്ള തീരുമാനത്തിൽ ഉറച്ച് മണിയൻപിള്ള രാജു. വൈസ് പ്രസിഡന്റ് സ്ഥാനത്ത് വനിതാ സംവരണം ഔദ്യോഗിക തീരുമാനമല്ല. ചിലർ തീരുമാനിച്ചാൽ അത് ഔദ്യോഗിക തീരുമാനമാകില്ല. കഴിഞ്ഞ കമ്മിറ്റിയിൽ ഭാരവാഹികളായിരുന്ന ജഗദീഷും മുകേഷും ഗണേശനും അറിയാതെ എന്ത് ഔദ്യോഗിക തീരുമാനമെന്നും മണിയൻപിള്ള രാജു മറുനാടനോട് ചോദിച്ചു.

അമ്മയുടെ സ്ഥാപകരിലൊരാളാണ് ഞാൻ. എന്റെ അയ്യായിരം രൂപയും സുരേഷ് ഗോപിയുടെ ഇരുപത്തയ്യായിരം രൂപയും ഗണേശന്റെ അയ്യായിരം രൂപയുമായിട്ടാണ് ലെറ്റർ പാഡൊക്കെ അടിച്ച് സംഘടന ആരംഭിക്കുന്നത്. എന്നാൽ കഴിഞ്ഞ 27 വർഷത്തിനിടയ്ക്ക് ഒരു ഭാരവാഹിത്വം പോലും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഒന്നോ രണ്ടോ തവണ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായി മാത്രമാണ് ഇരുന്നിട്ടുള്ളത്.

ഇത്തവണ ഞാൻ വൈസ് പ്രസിഡന്റ് ആകുമെന്നത് എല്ലാവരും സമ്മതിച്ചിട്ടുള്ളതാണ്. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനം വനിതകൾക്ക് സംവരണം ചെയ്തെന്ന് മാധ്യമങ്ങളിൽ വാർത്തകൾ വന്നു. അങ്ങനെയൊരു തീരുമാനം ജനറൽ ബോഡിയോ എക്സിക്യൂട്ടീവ് കമ്മിറ്റിയോ എടുത്തിട്ടില്ല. എന്നാൽ അവർ അഞ്ച് പേരും ചുളുവിൽ ജയിച്ചുകഴിഞ്ഞപ്പോൾ വൈസ് പ്രസിഡന്റ് വനിതകൾക്ക് സംവരണം ചെയ്ത് തീരുമാനമെടുക്കുകയായിരുന്നു.

ആശാ ശരത്തിനേയും ശ്വേതാ മേനോനേയും ആ സ്ഥാനത്തേയ്ക്ക് തീരുമാനിച്ചതും മറ്റാരും അറിഞ്ഞിട്ടില്ല. ഗണേശനും മുകേഷും പിന്മാറിയതോടെ ഞങ്ങൾ മൂന്ന് പേരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മൽസരിക്കുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ലാലും നാസർ ലത്തീഫും മൽസരിക്കുന്നുണ്ട്. 2012 ലാണ് അമ്മയിൽ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. വീണ്ടുമൊരു തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നും മണിയൻപിള്ള രാജു പറഞ്ഞു.

ഇത് ഔദ്യോഗിക പാനലാണെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് ഔദ്യോഗിക പാനലൊന്നുമില്ല. മുൻ കമ്മിറ്റിയിലുണ്ടായിരുന്ന ജഗദീശും ഗണേശനും മുകേഷുമൊന്നും ഇതിനെ പറ്റി അറിഞ്ഞിട്ടില്ല. അമ്മയിൽ എല്ലാവരും തുല്യരാണ്. ആർക്ക് വേണമെങ്കിലും മൽസരിക്കാം. ഇവിടെ ഔദ്യോഗിക ഗ്രൂപ്പും റിബൽ ഗ്രൂപ്പുമൊന്നുമില്ല. അതൊക്കെ അവർ വെറുതെ പ്രചരിപ്പിക്കുന്നതാണ്. എന്തായാലും 19-ാം തീയതിയോടെ അമ്മയിലെ അംഗങ്ങൾക്ക് ആരെയാണ് താൽപര്യമെന്ന് വ്യക്തമാകുമെന്നും മണിയൻപിള്ള രാജു പറഞ്ഞു.

അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള മോഹൻലാലിന്റെ നീക്കത്തെ മണിയൻപിള്ള രാജു അട്ടിമറിച്ചുവെന്നതാണ് വസ്തുത. എംഎൽഎയായ മുകേഷ് പിടിവാശി വിട്ട് പത്രിക പിൻവലിച്ചിട്ടും മണിയൻപിള്ള രാജു പിന്മാറിയില്ല. സീനിയർ നടനായ തനിക്ക് വൈസ് പ്രസിഡന്റ് പദവി വേണമെന്ന നിലപാട് മണിയൻപിള്ള രാജു എടുക്കുകയായിരുന്നു. മോഹൻലാലുമായി അത്മബന്ധമുള്ള തിരുവനന്തപുരത്തുകാരൻ വൈസ് പ്രസിഡന്റായി മത്സരിക്കുന്നത് ലാലിനും ക്ഷീണമാണ്. എന്നാലും വോട്ടെടുപ്പിൽ ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾ ജയിക്കുമെന്നാണ് വിലയിരുത്തൽ.

വൈസ് പ്രസിഡന്റായി രണ്ടു പേര്ക്ക് ജയിക്കാം. മൂന്ന് പേരാണ് മത്സര രംഗത്തുള്ളത്. ശ്വേതാ മേനോനും ആശാ ശരത്തുമാണ് മോഹൻലാലിന്റെ സ്ഥാനാർത്ഥികൾ. എതിരിടാൻ മണിയൻപിള്ള രാജുവും. 11 സ്ഥാനങ്ങളാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിലുള്ളത്. മത്സരിക്കാൻ 13 പേരും. നടനും സംവിധായകനുമായ ലാലും നാസർ ലത്തീഫും ഔദ്യോഗിക പാനലിന് പുറത്ത് മത്സരിക്കുന്നു. ഹണിറോസ്, മഞ്ജുപിള്ള, ലെന, രചന നാരായണൻകുട്ടി, ബാബുരാജ്, നിവിൻ പോളി, സുധീർ കരമന, ടൊവിനോ തോമസ്, ടിനി ടോം, ഉണ്ണി മുകുന്ദൻ, സുരഭി ലക്ഷ്മിയുമാണ് എക്സിക്യുട്ടീവിലേക്ക് മത്സരിക്കുന്ന മോഹൻലാൽ പക്ഷക്കാർ. വിജയ് ബാബുവും സുരേഷ് കൃഷ്ണയും എക്സിക്യുട്ടീവിലേക്ക് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും പിൻവലിച്ചു. വൈസ് പ്രസഡന്റ് പദവിയിലേക്ക് മുകേഷിനൊപ്പം ജഗദീഷും പത്രിക പിൻവലിച്ച് മോഹൻലാൽ പക്ഷത്തിന് അനുകൂല നിലപാട് എടുത്തു,

താര സംഘടനയിലെ ഇലക്ഷനിൽ സിപിഎം ആവശ്യപ്പെട്ടിട്ടാണ് മുകേഷ് മത്സരിക്കാൻ തയ്യാറെടുക്കുന്നതെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. വൈസ് പ്രസിഡന്റായി ശ്വേതാ മേനോനും ആശാ ശരത്തിനേയും കൊണ്ടു വരാനാണ് മോഹൻലാലിന് താൽപ്പര്യം. ഔദ്യോഗിക പാനലിൽ പ്രസിഡന്റായി മോഹൻലാലും ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ദിഖും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. ജയസൂര്യയ്ക്കും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരമില്ല. വൈസ് പ്രസിഡന്റായി രണ്ടു പേർക്ക് കടന്നുവരാം. ഇത്തവണ ഈ പദവികളിൽ വനിതകൾ എത്തട്ടേ എന്നതായിരുന്നു ഔദ്യോഗിക പക്ഷത്തിന്റെ തീരുമാനം.

മമ്മൂട്ടിയും ദിലീപും ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു. മുകേഷും കെബി ഗണേശ് കുമാറുമായിരുന്നു വൈസ് പ്രസിഡന്റുമാർ. മോഹൻലാലിന്റെ നിർദ്ദേശം മാനിച്ച് ഗണേശ് മത്സരത്തിനില്ലെന്ന നിലപാട് എടുത്തു. എന്നാൽ മുകേഷ് കടുംപിടിത്തം തുടർന്നു. സിപിഎം നിർദ്ദേശമുണ്ടെന്നും മത്സരിക്കുമെന്നും നിലപാട് എടുത്തു. ഇത് അമ്മയിലെ അംഗങ്ങൾക്ക് പോലും ഞെട്ടലായി. ഇന്നസെന്റ് പറഞ്ഞിട്ടു പോലും അനുസരിച്ചില്ല. സ്ത്രീ സംവരണത്തെ അട്ടിമറിക്കുന്ന എംഎൽഎ എന്ന പേരു ദോഷവും മുകേഷിന് കിട്ടി. ഇതെല്ലാം മനസ്സിലാക്കി മുകേഷ് പിന്മാറി. മത്സരിച്ച് തോൽക്കുന്നത് നാണക്കേടാകുമെന്ന തിരിച്ചറിവിൽ കൂടിയാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP