Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മനീഷ് തിവാരി മത്സരിക്കില്ല; മുൻ കേന്ദ്രമന്ത്രിയെ കൂടെകൂട്ടാൻ ആംആദ്മിക്ക് താൽപ്പര്യം; ബിജെപിയും ചരട് വലിയിൽ; സച്ചിൻ പൈറ്റിനെ കൂടെ കൂട്ടാനും ഓപ്പറേഷൻ ലോട്ടസ്; കോൺഗ്രസിൽ ഗെലോട്ടുണ്ടാക്കിയത് വമ്പൻ പ്രതിസന്ധി; തരൂരും കൂടിയാലോചനകളിൽ

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മനീഷ് തിവാരി മത്സരിക്കില്ല; മുൻ കേന്ദ്രമന്ത്രിയെ കൂടെകൂട്ടാൻ ആംആദ്മിക്ക് താൽപ്പര്യം; ബിജെപിയും ചരട് വലിയിൽ; സച്ചിൻ പൈറ്റിനെ കൂടെ കൂട്ടാനും ഓപ്പറേഷൻ ലോട്ടസ്; കോൺഗ്രസിൽ ഗെലോട്ടുണ്ടാക്കിയത് വമ്പൻ പ്രതിസന്ധി; തരൂരും കൂടിയാലോചനകളിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മനീഷ് തിവാരി മത്സരിക്കില്ല. ജി 23 നേതാക്കളുടെ പ്രതിനിധിയായി മനീഷ് തിവാരി മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. കോൺഗ്രസിലെ ഇന്നത്തെ അവസ്ഥയിൽ മനീഷ് തിവാരി അസ്വസ്ഥനാണ്. അതുകൊണ്ട് തന്നെ മത്സരം കൊണ്ട് പാർട്ടിയെ നേരെയാക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പഞ്ചാബിൽ നിന്നുള്ള നേതാവായ മനീഷ് തിവാരി. കോൺഗ്രസ് പാർട്ടിയിൽ നിന്നും മനീഷ് തിവാരി രാജിവയ്ക്കാനും സാധ്യതയുണ്ട്. എല്ലാ സാധ്യതകളും മനീഷ് തിവാരി പരിശോധിക്കുന്നുണ്ട്. ഏതായാലും നെഹ്‌റു കുടുംബവുമായി തീർത്തും അകന്നു നിൽക്കുന്ന മനീഷ് തിവാരി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. ഇതോടെ ശശി തൂരൂരും രാഹുൽ ക്യാമ്പിലെ പ്രമുഖർ നിർത്തുന്ന സ്ഥാനാർത്ഥിയുമായാകും മത്സരമെന്ന് ഉറപ്പായി.

കോൺഗ്രസിൽ പ്രതിസന്ധി അനുദിനം വഷളാകുകയാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കം പാളി. ബഹുഭൂരിപക്ഷം എംഎൽഎമാരെ അണിനിരത്തി ഗെലോട്ട് ഹൈക്കമാണ്ടിനെ വെല്ലുവിളിച്ചു. ഇതോടെ ഗെലോട്ട് വിമതനായി. ഗെലോട്ടിനെതിരെ നടപടി വന്നാൽ രാജസ്ഥാനിൽ കോൺഗ്രസ് പിളരും. മറിച്ചായാലും പ്രതിസന്ധിയാണ്. സച്ചിൻ പൈലറ്റും അനുയായികളും കടുത്ത നിരാശയിലാണ്. അനുയായികളുമായി സച്ചിൻ പൈലറ്റ് ചർച്ച നടത്തുന്നു. അപമാനം സഹിച്ച് കോൺഗ്രസിൽ നിൽക്കാൻ പൈലറ്റിന് താൽപ്പര്യമില്ല. മനീഷ് തിവാരിയേയും സച്ചിൻ പൈലറ്റിനേയും കൂടെ കൂട്ടാൻ ബിജെപിയും നീക്കം നടത്തുന്നുണ്ട്. ഓപ്പറേഷൻ ലോട്ടസ് വീണ്ടും സജീവമാക്കുകയാണ് ബിജെപി. മനീഷ് തിവാരിയെ ആംആദ്മി പാർട്ടിയും ആഗ്രഹിക്കുന്നുണ്ട്. ഇതെല്ലാം കോൺഗ്രസിന് തിരിച്ചടിയാകും.

എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ശശി തരൂരിന്റെ തീരുമാനം. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും തരൂരിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ നെഹ്‌റു കുടുംബവുമായി അടുത്തു നിൽക്കുന്ന നേതാക്കൾ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തണമെന്ന അഭിപ്രായത്തിലാണ്. കമൽനാഥ് എന്നാൽ ഇതിനെ എതിർക്കുകയും ചെയ്യുന്നു. വിമതനാണ് താനെന്ന പരിവേഷമുണ്ടാക്കാതെ മത്സരിക്കാനാണ് തരൂരിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നവരുമായി തരൂർ സംസാരിക്കുന്നതുമില്ല. മത്സര ചിത്രം തെളിഞ്ഞ ശേഷമേ വോട്ട് പിടിത്തം നടത്തൂ. അതിനിടെ എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കില്ലെന്നും നേതൃത്വം സൂചന നൽകുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽ നടക്കുന്ന കോലാഹലങ്ങൾ ദേശീയ നേതൃത്വത്തിന് സൃഷ്ടിക്കുന്ന തലവേദന ചെറുതൊന്നുമല്ല.

കഴിഞ്ഞ 21 നാണ് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസ്താവിച്ചത്. അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് സോണിയ ഗാന്ധിയുടെ പ്രഥമ പരിഗണയും അദ്ദേഹത്തിനായിരുന്നു. ഇതോടെ രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകും എന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇത് രാജസ്ഥാനിൽ സൃഷ്ടിച്ച രാഷ്ട്രീയ അനിശ്ചിതത്വം ദേശീയ ശ്രദ്ധ നേടിയിരുന്നു. 'ഒരു വ്യക്തി, ഒരു പദവി' എന്ന നയത്തിൽ ഉന്നത നേതൃത്വം നിലകൊള്ളുന്നതിനാൽ, അശോക് ഗെലോട്ടിന് കോൺഗ്രസ് അദ്ധ്യക്ഷനായാൽ മുഖ്യമന്ത്രി സ്ഥാനം നിലനിർത്താനുള്ള സാധ്യത കുറവായിരുന്നു. എന്നാൽ, രണ്ടു പദവികളും നിലനിർത്താനുള്ള ചരട് വലികളാണ് അദ്ദേഹം നടത്തിയത്. ഇത് പാർട്ടിയുടെ സംസ്ഥാന എംഎൽഎമാരെ രണ്ടു പക്ഷമാക്കി.

രണ്ടു പദവിയും നിലനിർത്താനായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് നടത്തിയ നീക്കങ്ങൾ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഞെട്ടിച്ചു. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കലാപം ആസൂത്രണം ചെയ്തതിൽ കോൺഗ്രസ് നേതൃത്വത്തിന് അശോക് ഗെലോട്ടിനോട് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ട്. വിശ്വസ്തനായ മുതിർന്ന നേതാവ് അധികാരത്തിനുവേണ്ടി നടത്തിയ നീക്കങ്ങൾ സോണിയ ഗാന്ധിയേയും ഞെട്ടിച്ചു. തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ഗെലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്കുള്ള മത്സരത്തിൽ നിന്നും പിന്മാറുന്നതിന് വഴിതെളിച്ചു. റിപ്പോർട്ട് അനുസരിച്ച് അശോക് ഗെലോട്ട് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കില്ല.

മുഖ്യമന്ത്രി സ്ഥാനം കൈവിടാൻ ഗെ്ലോട്ട് തയ്യാറല്ല എന്ന തരത്തിൽ അദ്ദേഹം പല തവണ സൂചനകൾ നൽകിയിരുന്നു. രാജസ്ഥാൻ വിട്ട് താൻ എങ്ങോട്ടും പോകുന്നില്ല എന്ന് അദ്ദേഹം പ്രവർത്തകരോട് വ്യക്തമാക്കിയിരുന്നു. എന്നാൽ, എത്ര തവണ അപമാനം നേരിടണം എന്നാണ് രാജസ്ഥാൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ദേശീയ നേതൃത്വത്തോട് ചോദിക്കുന്നത്. പ്രിയങ്ക ഗാന്ധിയുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്ന സച്ചിൻ പൈലറ്റ് രാഹുലും സോണിയയുമായി 14 തവണ ഈ വിഷയത്തിൽ ഫോണിൽ സംസാരിച്ചതായാണ് റിപ്പോർട്ട്. എന്നാൽ എല്ലാം ശരിയാകുമെന്നാണ് ഹൈക്കമാൻഡ് സച്ചിന് നൽകിയിരിക്കുന്ന ഉറപ്പ്. പക്ഷേ ഇനി സച്ചിൻ പൈലറ്റ് വെറുതെ ഇരിക്കില്ല.

അടുത്തവർഷം ഒടുവിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിൽ കരുതലോടെ നീങ്ങിയില്ലെങ്കിൽ പഞ്ചാബ് ആവർത്തിക്കുമോ എന്ന ആശങ്കയാണ് നേതൃത്വത്തിന്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പി.സി.സി. അധ്യക്ഷൻ നവജോത് സിങ് സിദ്ദുവിന്റെ നിർബന്ധത്തിന് വഴങ്ങി പഞ്ചാബിൽ ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനെ മാറ്റി ചരൺജിത് സിങ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയിരുന്നു. അതിലൂടെ സംസ്ഥാനത്ത് കോൺഗ്രസിന് ഭരണനഷ്ടമാണുണ്ടായത്.

രാജസ്ഥാനിൽ ഉപമുഖ്യമന്ത്രിയും പി.സി.സി. അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റ് ഭരണത്തിലേറി രണ്ടരവർഷമായപ്പോഴാണ് ഗലോട്ട് നിരന്തരം അപമാനിക്കുന്നെന്ന വാദവുമായി 2020-ൽ 18 എംഎ‍ൽഎ.മാർക്കൊപ്പം കലാപക്കൊടി ഉയർത്തിയത്. ബിജെപി.യുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കവും നടത്തി. ഗലോട്ട് ഇതിനെ 102 എംഎ‍ൽഎ.മാരുടെ പിന്തുണ ഉറപ്പാക്കി തടഞ്ഞു. അതോടെ, ഉപമുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷസ്ഥാനവും നഷ്ടപ്പെട്ട പൈലറ്റ് രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും 'സമയമാകുമ്പോൾ പദവി ലഭിക്കും' എന്ന വാക്കിൽ വിശ്വസിച്ച് മുന്നോട്ടുനീങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP