Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

ഹോട്ടലിൽ നിന്നും വളരെ നല്ല അനുഭവമാണ് ഉണ്ടായത്; സ്റ്റാഫുകളുടെ സർവ്വീസും മികച്ചത്; നിധീഷ് എന്നയാളുടെ പെരുമാറ്റം ഹൃദ്യം; കലൂരിലെ സിദ്ര പ്രിസ്റ്റീൻ ഹോട്ടൽ ആൻഡ് പോർട്ടിക്കോ ഹാൾസിനെ കുറിച്ച് രാഖിൽ രഘുത്തമൻ എഴുതിയത് ഇങ്ങനെ; കോതമംഗലം കൊലയിലെ മാനസയുടെ ഈ ചിത്രം വ്യാജമോ? ഗൂഗിൾ റിവ്യൂവിൽ വമ്പൻ ദുരൂഹത

ഹോട്ടലിൽ നിന്നും വളരെ നല്ല അനുഭവമാണ് ഉണ്ടായത്; സ്റ്റാഫുകളുടെ സർവ്വീസും മികച്ചത്; നിധീഷ് എന്നയാളുടെ പെരുമാറ്റം ഹൃദ്യം; കലൂരിലെ സിദ്ര പ്രിസ്റ്റീൻ ഹോട്ടൽ ആൻഡ് പോർട്ടിക്കോ ഹാൾസിനെ കുറിച്ച് രാഖിൽ രഘുത്തമൻ എഴുതിയത് ഇങ്ങനെ; കോതമംഗലം കൊലയിലെ മാനസയുടെ ഈ ചിത്രം വ്യാജമോ? ഗൂഗിൾ റിവ്യൂവിൽ വമ്പൻ ദുരൂഹത

ആർ പീയൂഷ്

കൊച്ചി: ദന്തൽ വിദ്യാർത്ഥി മാനസ കൊല്ലപ്പെട്ടതിന് പിന്നാലെ കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഗൂഗിൾ റിവ്യൂവിൽ കൊലപാതകം നടത്തിയ രാഖിലും മാനസയും ഒന്നിച്ചുള്ള ചിത്രം കണ്ടെത്തിയ സംഭവത്തിൽ വൻ ദുരൂഹത. കലൂരിലെ സിദ്ര പ്രിസ്റ്റീൻ ഹോട്ടൽ ആൻഡ് പോർട്ടിക്കോ ഹാൾസ് എന്ന പഞ്ച നക്ഷത്ര ഹോട്ടലിന്റെ ഗൂഗിൾ റിവ്യൂവിൽ മൂന്നാഴ്ച മുൻപ് രാഖിൽ രഘൂത്തമൻ എന്ന പേരിലാണ് റിവ്യൂ എഴുതിയിരിക്കുന്നത്.

ഹോട്ടലിൽ നിന്നും വളരെ നല്ല അനുഭവമാണ് ഉണ്ടായതെന്നും സ്റ്റാഫുകളുടെ സർവ്വീസും മികച്ചതാണെന്നും എഴുതിയിരിക്കുന്നു. ഒപ്പം തന്നെ ഹോട്ടലിലെ റിസപ്ഷനിലെ നിധീഷ് എന്നയാളുടെ പെരുമാറ്റവും ഹൃദ്യമായിരുന്നു എന്നും കുറിപ്പിൽ പറയുന്നുണ്ട്. കൊലപാതകത്തിന് തൊട്ടു പിന്നാലെ ഈ റിവ്യുവിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത് വന്നതോടെയാണ് സംഭവം ചർച്ചയാകുന്നത്. അതിനാൽ തന്നെ ഇതിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം രാഖിലിന് ലഭിച്ചിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ഈ ചിത്രം വ്യാജമാണോ എന്ന സംശയവും ഉണ്ട്.

മാനസയെ കൊലചെയ്യാൻ തീരുമാനിക്കുന്നതിന് മുൻപ് തന്നെ ഇരുവരും ചേർന്ന് നിൽക്കുന്ന ഫോട്ടോ റിവ്യൂവിൽ ഇട്ടതായാണ് ലഭിക്കുന്ന സൂചനകൾ. ഇക്കാര്യം രാഖിൽ തന്റെ ഏതെങ്കിലും സുഹൃത്തിനെ അറിയിച്ചിരിക്കാം. എന്തെങ്കിലും പ്രശ്നമുണ്ടാകുകയാണെങ്കിൽ ഇതിന്റെ സ്‌ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണമെന്ന് ചട്ടം കെട്ടിയിട്ടുമുണ്ടാവാം. അങ്ങനെയായിരിക്കാം ഈ ഗൂഗിൾ റിവ്യൂവിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത് വന്നതെന്നാണ് അനുമാനം.

കാരണം ആയിരത്തിലധികം റിവ്യൂകളുള്ള ഹോട്ടലിന്റെ ഈ റിവ്യൂ മാത്രം കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല. അതിനാൽ തന്നെ ഇതിന് പിന്നിൽ രാഖിലിന്റെ സുഹൃത്തുക്കളുടെ സഹായം ലഭ്യമായിട്ടുണ്ട് എന്ന് തന്നെ ഉറപ്പിക്കാം. ഇക്കാര്യങ്ങൾ പൊലീസാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത്. ഈ സുഹൃത്തിനെ കണ്ടെത്തിയാൽ തോക്ക് വന്ന വഴി മനസ്സിലാക്കാനും കഴിയും. ഈ ഫോട്ടോ വ്യാജമായി ഉണ്ടാക്കിയതാണോ എന്നും സംശയമുണ്ട്.

നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന മാനസ(24)യെ കഴിഞ്ഞ 30നാണ് വാടകവീട്ടിൽവെച്ച് രാഖിൽ വെടിവെച്ചുകൊന്നത്. അതേ തോക്കുകൊണ്ട് നിറയൊഴിച്ച് രാഖിലും ജീവനൊടുക്കി. ഇരുവർക്കുമിടയിൽ വ്യക്തിപരമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നു പൊലീസ് പറയുന്നു. മാനസയുടെ ചെവിക്കു സമീപവും നെഞ്ചിലും വെടിയേറ്റിട്ടുണ്ട്. രാഖിൽ തലയിലേക്കു സ്വയം വെടിവയ്ക്കുകയായിരുന്നു. കണ്ണൂർ നാറാത്ത് രണ്ടാം മൈൽ പാർവണം വീട്ടിൽ മാധവന്റെയും സബിതയുടെയും മകളാണ് മാനസ.

തലശ്ശേരി മേലൂർ ബസ് സ്റ്റോപ്പിനു സമീപം രാഹുൽ നിവാസിൽ പി.രഘൂത്തമന്റെയും രജിതയുടെയും മകനാണ് രഖിൽ. ഹൗസ് സർജന്മാരായ മറ്റു 3 പെൺകുട്ടികൾക്കൊപ്പം ഡെന്റൽ കോളജിനു സമീപമുള്ള വീടിന്റെ ഒന്നാം നില വാടകയ്ക്കെടുത്തു താമസിക്കുകയായിരുന്നു മാനസ. 100 മീറ്റർ മാറി വാടകയ്ക്കു മുറിയെടുത്തു രഖിലും കഴിഞ്ഞ നാലിനു താമസമാക്കി. മാനസ ഒപ്പം താമസിക്കുന്നവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെയാണു രഖിൽ കടന്നുവന്നത്.

'ഇയാൾ എന്തിനാണ് ഇവിടെ വന്നത്' എന്നുചോദിച്ച് എഴുന്നേറ്റ മാനസയുടെ കൈകളിൽ പിടിച്ച് രഖിൽ അടുത്തമുറിയിലേക്കു വലിച്ചുകൊണ്ടുപോയി. ബഹളത്തിനിടെ 3 വെടിയൊച്ചകൾ കേട്ടതോടെ പെൺകുട്ടികൾ നിലവിളിച്ച് ആളെക്കൂട്ടി. വീട്ടുടമയുടെ നേതൃത്വത്തിൽ കതകു തുറന്ന് അകത്തുകയറിയ നാട്ടുകാരും ഓട്ടോറിക്ഷാ ഡ്രൈവർമാരും ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്തമാസം ഹൗസ് സർജൻസി പൂർത്തിയാക്കാനിരിക്കെയാണു മാനസയുടെ മരണം.

ദിവസങ്ങളോളം ആസൂത്രണംചെയ്തു നടത്തിയ കൊലപാതകമാണ് മാനസയുടേതെന്നാണ് പൊലീസിന്റെ നിഗമനം. യുവതി പേയിങ് ഗസ്റ്റായി താമസിക്കുന്ന വീടിന് അമ്പതുമീറ്റർ മാറിയുള്ള വാടകമുറി രാഖിൽ കണ്ടെത്തി. ഇവിടന്ന് മാനസ താമസിച്ചിരുന്ന കെട്ടിടം വീക്ഷിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. ജൂലായ് നാലിനാണ് പ്ലൈവുഡ് ബിസിനസാണെന്നു പറഞ്ഞ് രാഖിൽ നെല്ലിക്കുഴിയിലെത്തിയതും വാടകമുറിയെടുത്ത് രണ്ടുദിവസം താമസിച്ചതും. കണ്ണൂരിലേക്ക് തിരിച്ചുപോയി തിങ്കളാഴ്ചയാണ് കോതമംഗലത്ത് വീണ്ടും എത്തുന്നത്.

ഒരു ബാഗും കൊണ്ടുവന്നു. ഇതിൽ ഒളിപ്പിച്ചാണ് തോക്കെത്തിച്ചതെന്നാണു നിഗമനം. രാഖിലിനെ പകൽസമയത്തു മുറിയിൽ കാണാറില്ലായിരുന്നെന്ന് വീട്ടുടമ ഇക്കരക്കുടി നൂറുദ്ദീൻ പറയുന്നു. ദിവസങ്ങളോളം കാണാത്തതിനെത്തുടർന്ന് അന്വേഷിച്ചപ്പോൾ കച്ചവട ആവശ്യത്തിനു പാലക്കാട് പോയിരിക്കുകയായിരുന്നെന്നാണു പറഞ്ഞത്. പ്രാദേശികമായി ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. തോക്കിന്റെ ഉറവിടം ഇനിയും കണ്ടെത്തിയിട്ടില്ല.

മാനസയ്ക്ക് മൂന്ന് വെടിയേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നെഞ്ചിനുതാഴെ ഒന്നും തലയ്ക്ക് രണ്ടു തവണ വെടിയേറ്റുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നെഞ്ചിനു താഴെ വെടിവെച്ച ശേഷം മരണം ഉറപ്പാക്കാൻ തലയ്ക്ക് വെടിവെച്ചെന്നാണ് പൊലീസ് നിഗമനം. മരണ കാരണം തലയ്‌ക്കേറ്റ വെടിയെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. രാഖിലിന് തോക്ക് ലഭിച്ചത് ബിഹാറിൽനിന്നാണെന്ന വിവരത്തെത്തുടർന്ന് അന്വേഷണ സംഘം തിങ്കളാഴ്ച അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഗൂഗിൾ റിവ്യൂവിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പുറത്ത് വരുന്നതും ചർച്ചയാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP