Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൺ പൗഡറും അമോണിയം നൈട്രേറ്റും നിറച്ച കുക്കറിൽ പൊട്ടിത്തെറിച്ചത് ഗൺ പൗഡർ മാത്രം; കൊല്ലത്തും മലപ്പുറത്തും സ്‌ഫോടനം ഒരുക്കിയതും ഒരേ ആൾക്കാർ; മലപ്പുറം സ്‌ഫോടനം കേരളാ പൊലീസിന് നിസ്സാരമെങ്കിലും എൻഐഎ സമീപിക്കുന്നത് അതീവ ഗൗരവത്തോടെ

ഗൺ പൗഡറും അമോണിയം നൈട്രേറ്റും നിറച്ച കുക്കറിൽ പൊട്ടിത്തെറിച്ചത് ഗൺ പൗഡർ മാത്രം; കൊല്ലത്തും മലപ്പുറത്തും സ്‌ഫോടനം ഒരുക്കിയതും ഒരേ ആൾക്കാർ; മലപ്പുറം സ്‌ഫോടനം കേരളാ പൊലീസിന് നിസ്സാരമെങ്കിലും എൻഐഎ സമീപിക്കുന്നത് അതീവ ഗൗരവത്തോടെ

എം പി റാഫി

മലപ്പുറം: മലപ്പുറം കളക്റ്റ്രേറ്റിൽ ഇന്നലെയുണ്ടായ സ്‌ഫോടനത്തിന് ഉപയോഗിച്ചിട്ടുള്ളത് അമോണിയം നൈട്രേറ്റും ഗൺപൗഡറുമെന്ന് കണ്ടെത്തി. പിന്നിൽ പ്രവർത്തിച്ചവർ ലക്ഷ്യമിട്ടത് വൻ സ്‌ഫോടനം തന്നെയായിരുന്നു. ഗൺപൗഡറും അമോണിയം നൈട്രേറ്റും നിറച്ച കുക്കറിൽ പൊട്ടിത്തെറിച്ചത് ഗൺ പൗഡർ മാത്രമായിരുന്നു. അമോണിയം നൈറ്റ്‌ട്രേറ്റ് പൊട്ടാതിരുന്നത് വലിയ അപകടം ഒഴിവാക്കിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോടു വ്യക്തമാക്കി.

പ്രഷർ കുക്കറിൽ സ്‌ഫോടക വസ്തുക്കൾ നിറച്ചായിരുന്നു കോടതിക്കു മുന്നിൽ നിർത്തിയിട്ട കാറിനടിയിൽ കൊണ്ടുവന്ന് വച്ചത്. പ്രഷർ കുക്കറും മറ്റു സ്‌ഫോടക വസ്തുക്കളും വിവിധ സ്ഥലങ്ങളിൽ നിന്നും വാങ്ങിയതാകാമെന്നാണ് പ്രഥമിക നിഗമനം. മലയാളികളടക്കമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഒരു സംഘം ആളുകളാണ് ദി ബേസ് മൂവ്‌മെന്റ് എന്ന പേരിൽ സ്‌ഫോടനം നടത്തിയിട്ടുള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ആസൂത്രിതമായ സ്‌ഫോടനമാണ് മലപ്പുറത്തുണ്ടായതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എന്നാൽ ബോംബ് നിർമ്മാണത്തിൽ കൂടുതൽ വൈദഗ്ദ്യമില്ലാത്തവരാണ് ഇതിനു പിന്നിലെന്ന് പരിശോധനക്കു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു.

കൊല്ലം കളക്റ്റ്രേറ്റ്, മൈസൂർ, ആന്ധ്രാ പ്രദേശ്, ചിറ്റൂർ എന്നിവിടങ്ങളിലും മുമ്പ് ദി ബേസ് ഓഫ് മൂവ്‌മെന്റ് എന്ന പേരിൽ സ്‌ഫോടനം നടത്തിയിരുന്നു. ആറുമാസത്തിനിടെ കേരളത്തിൽ കോടതി വളപ്പിൽ വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത് അതീവ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥർ കാണുന്നത്. ദേശീയ അന്വേഷണ ഏജൻസിയുടെ സഹായത്തോടെയായിരിക്കും അന്വേഷണം നടത്തുക. മുമ്പ് സ്‌ഫോടനമുണ്ടായ ആന്ധ്രാ, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള ഡിവൈഎസ് മാർ ഇന്ന് മലപ്പുറത്തെത്തും. തുടർന്ന് സ്‌ഫോടന സംഭവങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും തുടർ അന്വേഷണം എങ്ങിനെ വേണമെന്നതിനെ കുറിച്ച് തീരുമാനിക്കുക.

കളക്റ്റ്രേറ്റിലെ കോടതിക്കു മുന്നിൽ രാവിലെ 9.30 മുതൽ നിർത്തിയിട്ട ഹോമിയോ ഡിഎംഒയുടെ കാറിനു താഴെയാണ് സ്‌ഫോടക വസ്തു വച്ചിരുന്നത്. ഉച്ചയ്ക്ക് 1.10ഓടെ ഉഗ്ര സ്‌ഫോടനം സംഭവിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഡിഎംഒയുടെ കാറും പരിസരത്തുണ്ടായിരുന്ന മറ്റ് നാല് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. കോടതി, പി.എസ്.സി ഓഫീസ്, ഡിഎംഒ ഓഫീസ്, ഭൂജല വകുപ്പ്, ജില്ലാ ലോട്ടറി ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്ന കെട്ടിട സമുച്ചയത്തിനു മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കു സമീപത്തായിരുന്നു സ്‌ഫോടനം. വെടിമരുന്നും സ്‌ഫോടക വസ്തുക്കളും നിറച്ച പ്രഷർ കുക്കർ ഉച്ചയോടെ കാറിനടിയിൽ കൊണ്ടുവച്ചതായാണ് പൊലീസ് നിഗമനം.

ദിവസങ്ങളുടെ ആസൂത്രണത്തിലൊടുവിലാണ് മലപ്പുറം കളക്റ്റ്രേറ്റും കളക്റ്റ്രേറ്റിനുള്ളിൽ കോടതി പരിസരവും തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് കരുതുന്നത്. ആളപായം ലക്ഷ്യമിട്ടിരുന്നില്ല, കോടതിയായിരുന്നു ലക്ഷ്യം. ഇതിനാൽ തന്നെ നവംബർ ഒന്നിൽ ആളൊഴിഞ്ഞ ദിവസം, ക്യാമറയില്ലാത്ത ഭാഗത്ത് കോടതിക്കു മുന്നിലായി അതിവിദഗ്ദമായാണ് സ്‌ഫോടക വസ്തുക്കൾ നിറച്ച പ്രഷർ കുക്കർ സ്ഥാപിച്ചിട്ടുള്ളത്. കൊല്ലം കോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ നേർ പതിപ്പായിരുന്നു മലപ്പുറത്തും സംഭവിച്ചത്. എന്നാൽ ആസൂത്രിതമായ നീക്കങ്ങൾ സ്‌ഫോടനത്തിനു പിന്നിൽ ഉണ്ടെന്ന് വ്യക്തമാണെങ്കിലും ബോംബ് നിർമ്മാണത്തിൽ പരിചയ സമ്പന്നരല്ലാത്തവരാണ് പിന്നിൽ പ്രവർത്തിച്ചവരെന്ന് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

ജൂൺ 15ന് കൊല്ലം കളക്റ്റ്രേറ്റിലുണ്ടായ സ്‌ഫോടനത്തിൽ ഉപയോഗിച്ചിട്ടുള്ള വസ്തുക്കൾ മലപ്പുറത്തെ സ്‌ഫോടനത്തിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കൊല്ലം സ്‌ഫോടനത്തിന്റെ അതേ ഡയഗ്രത്തിൽ തന്നെയാണ് മലപ്പുറം സ്‌ഫോടനത്തിലും ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുള്ളത്. മലപ്പുറം സ്‌ഫോടനം സംബന്ധിച്ച് അന്വേഷണ സംഘം എത്തിച്ചേർന്ന നിഗമനം ഇങ്ങനെയാണ്: സ്‌ഫോടനം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് രണ്ടോ അതിലധികമോ ആളുകൾ കളക്റ്റ്രേറ്റിന് പരിസരതെത്തി. തുടർന്ന് കുക്കർ സൂക്ഷിച്ച ബാഗുമായി കോടതി വളപ്പിൽ തമ്പടിച്ച ശേഷം അവസരം ഒത്തപ്പോൾ നിർത്തിയിട്ട കാറിനടിയിൽ സ്ഥാപിച്ചു. അര മണിക്കൂർ കഴിഞ്ഞ് സ്‌ഫോടനം നടന്നു. അമോണിയം നൈട്രേറ്റ്, ഗൺ പൗഡർ, 12 സ്‌ക്വയർ ബാട്ടറി, ഫിലമെന്റ് എന്നിവയായിരുന്നു കുക്കറിനുള്ളിൽ ഉണ്ടായിരുന്നത്.

ടൈം ഡിലേ ചെയ്ത് സ്വിച്ച് ഓണാക്കിയാണ് കാറിനടിയിൽ വച്ചത്. അര മണിക്കൂറിന് ശേഷം മെയിൻ ചാർജിലേക്ക് പവർ കടന്നു. കുക്കറിന്റെ താഴെ അമോണിയം നൈട്രേറ്റും മുകളിൽ ഗൺ പൗഡറുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഗൺ പൗഡറിലാണ് ബൾബിന്റെ ഫിലമെന്റ് വച്ചിട്ടുള്ളത്. 12 ബാട്ടറികളിലൂടെ വൈദ്യുതി കടക്കുന്നതോടെ ഫിലമെന്റ് അമിതമായി ചൂടാവുകയും ഈ ചൂടു കൊണ്ട് ഗൺ പൗഡർ ചൂടാവുകയും സ്‌ഫോടനം നടക്കുകയുമായിരുന്നു. എന്നാൽ ഗൺ പൗഡർ ചൂടാവുകയും ഒപ്പം അമോണിയം നൈട്രേറ്റിലേക്ക് ചാർജ് കടത്തിവിട്ട് അമിതമായി ചൂടാകുന്നതോടെ വൻ സ്‌ഫോടനം ഉണ്ടാകുമായിരുന്നു. അമോണിയം നൈട്രേറ്റ് പൊട്ടാൻ പാകത്തിലായിരുന്നില്ല ബോംബിന്റെ നിർമ്മാണം. കാറിന്റെ ഡീസൽ ടാങ്കിനു താഴെയാണ് കുക്കർ വച്ചിരുന്നതെങ്കിൽ സ്‌ഫോടനം ഇരട്ടിയാകുമായിരുന്നു. ഗൺ പൗഡർ പൊട്ടി സ്‌ഫോടനം ഉണ്ടായ ഉടനെ അമോണിയം നൈട്രേറ്റ് വേർപ്പെട് തെറിക്കുകയായിരുന്നു.

അതേസമയം,മലപ്പുറം കളക്റ്റ്രേറ്റ് കോടതി പരിസരത്ത് ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരുടെ രേഖാ ചിത്രം തയ്യാറാക്കൽ ആരംഭിച്ചു. കളക്റ്റ്രേറ്റ് വളപ്പിൽ സംശയാസ്പദമായി ആളുകളെ കണ്ടെന്ന ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ രേഖാ ചിത്രം തയ്യാറാക്കുന്നതിനുള്ള നടപടി തുടങ്ങിയത്. കലക്ട്രേറ്റിൽ കോടതി വളപ്പിൽ അടക്കം വിവിധ ഭാഗങ്ങളിലായി മൂന്ന് പേരെ സംശയകരമായി കണ്ടതായാണ് മൊഴി. ഇവരെ നേരിൽ കണ്ട നാലുപേരുടെ മൊഴി നിർണായകമായേക്കുമെന്നാണ് കണക്കുകൂട്ടിൽ. ഡഫോടനത്തിന് അര മണിക്കൂർ മുമ്പ് ഇതിൽ ഒരാൾ സ്‌ഫോടനം നടന്ന സ്ഥലത്ത് ബാഗുമായി നിന്നിരുന്നതായി ദൃക്‌സാക്ഷി കണ്ടിരുന്നു.

സ്‌ഫോടന സ്ഥലത്ത് നിന്നും ലഭിച്ച ദ് ബേസ് മൂവ്‌മെന്റ് എന്നെഴുതിയ കാർ ബോർഡ് പെട്ടിയിൽ നിന്നും ഉസാമ ബിൻ ലാദന്റെ ചിത്രങ്ങൾ അടങ്ങിയ ലഘുലേഖകളും പോസ്റ്ററുകളും കണ്ടെത്തിയിരുന്നു. ഇതോടൊപ്പം ലഭിച്ച പെൻഡ്രൈവ് സൈബർ സെൽ പരിശോധിച്ചു വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP