Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്വക് രോഗത്തിന് രക്തപരിശോധന നടത്തിയ അഞ്ചുവയസുകാരൻ എച്ച്‌ഐവി പൊസിറ്റീവെന്ന് സ്വകാര്യ ലാബുകാർ; സർക്കാർ ആശുപത്രിയിൽ രണ്ടുവട്ടം ടെസ്റ്റ് ചെയ്തപ്പോഴും ഫലം നെഗറ്റീവ്; ചാവക്കാട്ടെ മഹാലക്ഷ്മി കമ്പ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിന്റെ ഗുരുതര പിഴവിൽ തീതിന്ന് കുടുംബം; പരാതിപ്പെട്ടപ്പോൾ ലാബുടമയുടെ ചീത്തവിളി; കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ച് പൊലീസും; അർബുദമില്ലാത്തവർക്ക് അർബുദവും കോഴിച്ചോര കൊടുത്താലും ഷുഗറും വിധിക്കുന്ന സ്വകാര്യ ലാബുകളുടെ തീക്കളി ഇങ്ങനെ

ത്വക് രോഗത്തിന് രക്തപരിശോധന നടത്തിയ അഞ്ചുവയസുകാരൻ എച്ച്‌ഐവി പൊസിറ്റീവെന്ന് സ്വകാര്യ ലാബുകാർ; സർക്കാർ ആശുപത്രിയിൽ രണ്ടുവട്ടം ടെസ്റ്റ് ചെയ്തപ്പോഴും ഫലം നെഗറ്റീവ്; ചാവക്കാട്ടെ മഹാലക്ഷ്മി കമ്പ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിന്റെ ഗുരുതര പിഴവിൽ തീതിന്ന് കുടുംബം; പരാതിപ്പെട്ടപ്പോൾ ലാബുടമയുടെ ചീത്തവിളി; കേസെടുക്കാതെ ഒത്തുതീർപ്പിന് ശ്രമിച്ച് പൊലീസും; അർബുദമില്ലാത്തവർക്ക് അർബുദവും കോഴിച്ചോര കൊടുത്താലും ഷുഗറും വിധിക്കുന്ന സ്വകാര്യ ലാബുകളുടെ തീക്കളി ഇങ്ങനെ

എം ബേബി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിൽ പരിശോധനയ്ക്ക് എത്തുന്നവർ എപ്പോഴും ഒരു സെക്കൻഡ് ഒപ്പീനിയൻ കൂടി എടുക്കുക. കാരണം ആ രീതിയിലാണ് പരിശോധനാ ഫലങ്ങൾ മാറിമറയുന്നത്. അർബുദമില്ലാത്ത വ്യക്തിക്ക് അർബുദമുണ്ടെന്ന് ലാബ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കീമോതെറാപ്പി കൊടുക്കേണ്ടി വന്ന വാർത്തയുടെ ചൂടാറുന്നതിനുമുമ്പാണ്, ചാവക്കാടുനിന്ന് പുതിയ വാർത്തയെത്തുന്നത്. ത്വക് രോഗത്തിന് പരിശോധനക്ക് എത്തിയ ഒരു ബാലന് എച്ച്ഐവി പോസറ്റീവ് എന്ന് റിപ്പോർട്ട് കൊടുത്ത് കുടുംബത്തെ തീ തീറ്റിക്കുയാണ് ഇവിടുത്തെ ഒരു സ്വകാര്യ ലാബുകാർ ചെയ്തത്.

അടിക്കടി പരിശോധനാ ഫലങ്ങൾ മാറുന്ന സംഭവങ്ങൾ അരങ്ങേറിയിട്ടും സർക്കാരോ ആരോഗ്യവകുപ്പോ യാതൊരു നടപടികളും എടുക്കുന്നില്ല. മുട്ടിന് മുട്ടിന് മുളച്ചുപൊന്തുന്ന പല ലാബുകാർക്കും ഡയഗ്നോസ്റ്റിക്ക് സെന്ററുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് പോലുമില്ല. വിദഗ്ധരായ ജീവനക്കാരോ, കൃത്യതയ്യാർന്ന ഉപകരണങ്ങളോ പലയിടത്തുമില്ല. അതീവ ഗുരുതരമായ ഒരുപൊതുജനാരോഗ്യ പ്രശ്നമായി ഇതു വളർന്നിട്ടും ലാബുകളെ 'പരിശോധിക്കാൻ' അധികൃതർ തയ്യാറാവുന്നില്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയുടെയൊക്കെ അടിയന്തര ശ്രദ്ധ പതിയേണ്ട ഒരു മേഖലയാണ് ഇതെന്ന് ജനകീയ ആരോഗ്യ പ്രവർത്തകർ പറയുന്നു. എച്ച്ഐവി പോലുള്ളവ ശ്രദ്ധയിൽപെട്ടാൻ അനുവർത്തിക്കേണ്ട പ്രോട്ടോകോൾ പോലും ഇവർക്ക് അറിയില്ല. ജില്ലാ മെഡിക്കൽ ഓഫീസറെ അറിയിക്കേണ്ടതിന് പകരം നേരിട്ട് രോഗിയേയോ ബന്ധുക്കളെയോ അറിയിക്കുകയാണ് ചെയ്യുന്നത്. എച്ച്ഐവി പരിശോധനയിൽപോലും ഇത്ര വലിയ അനാസ്ഥയാണെങ്കിൽ മറ്റ് റിസൾട്ടുകളുടെ ആധികാരികത എന്തായിരിക്കും എന്നാണ് പ്രസക്തമായ ചോദ്യം.

അഞ്ചുവയസ്സുകാരന്റെ എച്ച്ഐവി റിപ്പോർട്ട് കണ്ട് നടുങ്ങി കുടുംബം

അലക്ഷ്യമായി ലാബ് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് കഴിഞ്ഞ ദിവസം ചാവക്കാട്ട് കണ്ടത്. ത്വക്ക് രോഗ ചികിൽസക്ക് രക്ത പരിശോധന നടത്തിയ അഞ്ചുവയസ്സുകാരന് എച്ച്ഐവിയെന്നായിരുന്നു ചാവക്കാട്ടെ മഹാലക്ഷ്മി കമ്പ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിന്റെ റിപ്പോർട്ട്. ഇതോടെ കുടുംബം ആകെ പരിഭ്രാന്തിയിലായി. എന്നാൽ സർക്കാർ ആശുപത്രിയിൽ രണ്ടിടത്ത് നടത്തിയ രക്തപരിശോധനയിൽ ഫലം മറിച്ചാണ് കണ്ടെത്തിയത്. ഇതോടെ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് പരാതിയുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. കുട്ടിയുടെ പിതാവ് കൊടുങ്ങല്ലൂർ കരൂപ്പടന്ന സ്വദേശി തെരുവിൽ സലീമാണ് പരാതി നൽകിയത്. പക്ഷേ അധികൃതർ കർശനമായ നടപടി എടുക്കുന്നില്ലെന്ന് അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

കുട്ടിയുടെ പിതാവ് സലീം സംഭവം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 'കഴിഞ്ഞ തിങ്കളാഴ്ചയാണ് ത്വക്ക് രോഗത്തെ തുടർന്ന് മകനുമായി ചാവക്കാട് താലൂക്ക് ആശുപത്രിക്കു മുന്നിൽ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയത്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഈ ക്ലിനിക്കിന് സമീപത്തെ മഹാലക്ഷ്മി കമ്പ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിലെത്തിയാണ് പരിശോധിച്ചത്. ആർബിഎസ് എച്ച്ഐവി എന്നിവയുടെ പരിശോധനയ്ക്ക് കുട്ടിയുടെ രക്തമെടുത്തു. പരിശോധനയെ തുടർന്ന് എച്ച്ഐവി പോസറ്റീവാണെന്ന റിപ്പോർട്ടാണ് ലാബിൽ നിന്ന് ലഭിച്ചത്. റിപ്പോർട്ട് കണ്ട ഡോക്ടറും ഇക്കാര്യം ബന്ധുക്കളോട് വെളിപ്പെടുത്തി. ഇതോടെ ഞങ്ങൾ മാനസികമായി തളർന്നു. ഞങ്ങൾക്ക് എന്തുചെയ്യാണമെന്ന് അറിയില്ലായിരുന്നു. പിന്നെ ഡോക്ടറുടെ നിദേശപ്രകാരം കൊടുങ്ങല്ലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും വീണ്ടും പരിശോധന നടത്തി.

രണ്ടിടത്തും എച്ച്ഐവി നെഗറ്റീവ് എന്നായിരുന്നു ഫലം. ഇതോടെ ഞങ്ങൾ മഹാലക്ഷ്മി ലാബിലെത്തി ലാബ് ഉടമയോട് ഇക്കാര്യം പറഞ്ഞു. എന്നാൽ ലാബ് ഉടമ കുട്ടിക്ക് എച്ച്ഐവി പോസറ്റീവ് തന്നെയാണെന്നും തങ്ങളുടെ ലാബിൽ നടത്തിയ പരിശോധനാഫലത്തിൽ തെറ്റ് ഒന്നുമില്ല എന്ന നിലപാടിൽ ഉറച്ചു നിന്നു. എന്നോടും ബന്ധുക്കളോടും മോശമായാണ് ലാബ് ഉടമ സംസാരിച്ചത്. ഇതും ഞങ്ങളെ മനോവിഷമത്തിലാക്കി. തെറ്റായ റിപ്പോർട്ട് നൽകിയ ലാബിനെതിരെ നടപടിയെടുക്കണമെന്ന് ചാവക്കാട് നഗരസഭ, ജില്ലാ മെഡിക്കൽ ഓഫീസർ, ആരോഗ്യമന്ത്രി, മുഖ്യമന്ത്രി എന്നിവർക്ക് സലീം എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പക്ഷേ ഒരു മറുപടിയും കിട്ടിയിട്ടില്ല. ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിട്ടും കേസ് എടുക്കാതെ വിഷയം ഒത്തു തീർക്കാനാണ് പൊലീസ് ആദ്യം ശ്രമിച്ചത്'- സലീം വ്യക്തമാക്കി.

സാധാരണ എച്ച്ഐവി ടെസ്റ്റ് 1,2 പോസിറ്റീവാകുന്ന കേസിൽ, എലീസാ ടെസ്റ്റ് നടത്തുകയും അതിലും പോസിറ്റീവ് ആണെങ്കിൽ രോഗിയെ പരിശോധിച്ച ഡോക്ടറെ വിളിച്ച് വിവരം ധരിപ്പിച്ച് ഡോക്ടർ നിർദ്ദേശിച്ചെങ്കിൽ മാത്രമേ റിസൾട്ട് രോഗിയെയോ ബന്ധുക്കളെയോ ഏൽപ്പിക്കുകയുള്ളുവെന്നാണ് ചട്ടം. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടിട്ടില്ല. സാധാരണ ഒരു ഷുഗർ പരിശോധനാഫലം ലഭിക്കുന്ന ലാഘവത്തിലാണ് എച്ച്ഐവി പോസിറ്റീവ് റിസൾട്ട് കൈമാറിയത് . ഇത്തരം കേസുകളിൽ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിയമവും പാലിക്കപ്പെട്ടിട്ടില്ല.

അതിനിടെ മഹാലക്ഷ്മി കമ്പ്യൂട്ടറൈസ്ഡ് ക്ലിനിക്കൽ ലാബിന് ലൈസൻസ് ഇല്ലെന്ന് നഗരസഭാ അധികൃതരും വ്യക്തമാക്കി. നേരത്തെ ഉണ്ടായിരുന്ന ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. ഇത്തരമൊരു പരാതി ലഭിച്ചതിനാൽ ഇനി ലൈസൻസ് പുതുക്കി നൽകുന്നത് ജില്ലാമെഡിക്കൽ ഓഫീസിൽ നിന്നുള്ള റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും നഗരസഭാ ആരോഗ്യ വിഭാഗം ഹെൽത്ത് ഇൻസപെക്ടർ പറഞ്ഞു.

അർബുദമില്ലാത്ത വീട്ടമ്മക്ക് രോഗം; ഉള്ളയാൾക്ക് തിരിച്ചും റിപ്പോർട്ട്

അർബുദബാധയില്ലാത്ത വീട്ടമ്മയ്ക്കു രോഗമുണ്ടെന്ന് തെറ്റായ ഫലം നൽകി കീമോതെറാപ്പി നടത്തിച്ച സംഭവം കേരളത്തിൽ ചർച്ചയായിട്ട് അധികം സമയം ആയിട്ടില്ല. ആലപ്പുഴ കുടശനാട് സ്വദേശി രജനിക്കാണ് കാൻസർ സ്ഥിരീകരിക്കാതെ കീമോതെറാപ്പി നൽകിയത്. കോട്ടയം മെഡിക്കൽ കോളജിനടുത്തെ ഡയനോവ ലബോറട്ടറിയുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കീമോ തെറാപ്പി ആരംഭിച്ചത്.നെഞ്ചിൽ തടിപ്പ് കണ്ടതിനെത്തുടർന്നാണ് രജനി കോട്ടയം മെഡിക്കൽ കോളേജിൽ എത്തുന്നത്. സർജറി വിഭാഗത്തിലെ ഡോക്ടർമാർ മാമോഗ്രാം നിർദ്ദേശിച്ചു. മുഴയുള്ള ഭാഗത്തെ സാമ്പിളുകൾ ശേഖരിച്ച് ആശുപത്രി ലാബിലും ഡയനോവ ലാബിലും പരിശോധനക്കും നൽകി.

ഇതിൽ ഡയനോവയിലെ ഫലമാണ് ആദ്യം ലഭിച്ചത്. കാൻസർ ഉണ്ടെന്ന് റിപ്പോർട്ട് വന്നതോടെ ചികിത്സ ആരംഭിക്കുകയായിരുന്നു. കീമോ ചികിത്സ തുടങ്ങിയതോടെ മുടി കൊഴിഞ്ഞ് ശരീരം കരിവാളിച്ചു. ഒപ്പം നിരവധി പാർശ്വഫലങ്ങളും ഉണ്ടായി.പിന്നീട് പതോളജി ലാബിലെ ഫലം വന്നപ്പോൾ കാൻസർ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം ആർ.സി.സിയിലെ പരിശോധനയിലും കാൻസർ ഇല്ലെന്ന് തെളിഞ്ഞതോടെ മുഴ ശസ്ത്രക്രിയ ചെയ്ത് മാറ്റുകയായിരുന്നു.

ഇതേ ഡയനോവ ലാബിന്റെ തിരവനന്തപുരത്തെ ശാഖയിലും ഈയിടെ ഗുരുതര പിഴവ് ഉണ്ടായി. തെറ്റുകളിൽനിന്ന് അവർ ഒരു പാഠവും പഠിക്കുന്നില്ലെന്ന് വ്യക്തം. അർബുദത്തിനു ചികിത്സ നടത്തുന്ന അടൂർ സ്വദേശിയായ വീട്ടമ്മയ്ക്കു രോഗം ഇല്ലെന്നാണ് അവർ റിപ്പോർട്ട് നൽകിയത്. അണ്ഡാശയത്തിൽ അർബുദ ബാധയുള്ള വീട്ടമ്മ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 12 തവണ കീമോ തെറാപ്പിക്കും വിധേയയായി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായെത്തിയ അടൂർ സ്വദേശിയായ ഹുസൈബ.ഡോക്ടറെ കാണുന്നതിനു മുൻപായി രോഗസ്ഥിതി പരിശോധിക്കുവാൻ ഡയനോവ ലാബിൽ ചെല്ലുകയായിരുന്നു. സിഎ 125 പരിശോധനയിൽ 5.30 ആയിരുന്നു ഫലം. 35 ൽ താഴെയാണെങ്കിൽ രോഗം ഇല്ലെന്നാണു കണക്കാക്കുന്നത്.

ആശയക്കുഴപ്പത്തിലായ വീട്ടമ്മ പരിശോധനയ്ക്കായി ഒരു മണിക്കൂറിനു ശേഷം വീണ്ടും രക്തം നൽകി. 189.3 ആയിരുന്ന അപ്പോൾ ലഭിച്ച ഫലം. വീട്ടമ്മ പൊലീസിനു നൽകിയ പരാതിയെത്തുടർന്ന് ലാബ് അടച്ചുപൂട്ടി. ലാബിലെ യന്ത്രത്തകരാറാണ് തെറ്റായ ഫലം കിട്ടിയതിന് കാരണമായതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മെഡിക്കൽ കോളജിനു പരിസരത്തെ ലാബുകളിലെ പരിശോധനാ സംവിധാനത്തെക്കുറിച്ചു വിശദ അന്വേഷണം വേണമെന്ന ആവശ്യവും ഇതോടെ ഉയരുന്നുണ്ട്.പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് പൊലീസ് ലാബ് പൂട്ടാൻ നിർദ്ദേശം നൽകിയത്. സമാനമായ നിരവധി സംഭവങ്ങൾ കേരളത്തിന്റെ പല ഭാഗത്തും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതിൽ പലയും ഒതുക്കുകയായിരുന്നു.

ഗർഭകാലത്തെ സ്വാഭാവികമായ എച്ച്ഐവി പരിശോധനക്ക് സ്വകാര്യ ഡയഗ്നോസ്റ്റിക്ക് സെന്ററിൽ എത്തിയ യുവതിയെ എച്ച്ഐവി പോസറ്റീവ് എന്ന് തെറ്റായ റിപ്പോർട്ട് കൊടുത്ത്, ആത്മഹത്യയുടെ വക്കോളമെത്തിച്ച സംഭവം കഴിഞ്ഞമാസം കോട്ടയത്ത് ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസങ്ങളിലായി രണ്ടിടത്ത് പരിശോധിച്ചപ്പോൾ റിസൾട്ട് നെഗറ്റീവായതോടെയാണ് കുടുംബത്തിന്റെ ഭീതി ഒഴിഞ്ഞത്. രണ്ടു മാസം ഗർഭിണിയായ സർക്കാർ നേഴ്സിനാണ് ലാബ് അധികൃതരുടെ ഗുരുതര വീഴ്ച മൂലം ജീവിതം കൈവിട്ടു പോകുന്ന അവസ്ഥ ഉണ്ടായത്.

കോഴിച്ചോര കൊടുത്താലും ഷുഗറും പ്രഷറും!

കേരളത്തിലെ സ്വകാര്യ ലാബുകളുടെ അനാസ്ഥയും വീഴ്ചയും പല തവണ കേരളത്തിൽ ചർച്ചയായിട്ടുണ്ട്. ചില പ്രമുഖ വാർത്താ ചാനലുകൾ നടത്തിയ പരിശോധനയിൽ ഒരു സാമ്പിളിൽ തന്നെ തീർത്തും വ്യത്യസ്തമായ ഫലങ്ങൾ കിട്ടിയത് മുമ്പ് ചർച്ച ചെയ്തിരുന്നു. കോഴിയുടെ ചോരയേതാണ് മനുഷ്യന്റെത് ഏതാണ് എന്ന് പ്രാഥമികമായി തിരിച്ചറിയാൻ പോലും കഴിയാത്ത ലാബുകൾ ഉണ്ടെന്നായിരുന്നു അതിലെ പ്രധാന കണ്ടത്തൽ. കോഴിയുടെ ചോര പരിശോധനക്ക് നൽകിയ ചാനൽ റിപ്പോർട്ടർക്ക് അതിൽ ഷുഗറും കൊളസ്്റ്ററോളും അടക്കമുള്ള എല്ലാ പരിശോധനാ ഫലങ്ങളും എഴുതി വിട്ടതും നാലഞ്ചവർഷംമുമ്പ് കേരളത്തെ പടിച്ചുകുലുക്കിയ വാർത്തയായിരുന്നു.

കേരളത്തിൽ സ്വകാര്യ ഡയഗ്നോസ്റ്റിക്ക് സെന്ററുകളുടെ വീഴ്ചമൂലം പലരുടെയും ജീവിതം കുട്ടിച്ചോറാകുന്നത് ഇത് ആദ്യമായിട്ടില്ല. അന്തരിച്ച കോൺഗ്രസ് നേതാവ് എംഐ ഷാനവാസ് അടക്കമുള്ളവർ ഇത്തരം ദുരനുഭവങ്ങൾ തുറന്നു പറഞ്ഞിരുന്നു. ആറുമാസത്തിൽ കൂടുതൽ ആയുസില്ലാത്ത ഗുരുതര കാൻസറാണെന്ന് തനിക്ക് എറണാംകുളത്തെ ഒരു ആശുപത്രി തെറ്റായി ഡയഗ്നോസ് ചെയ്തത്, അദ്ദേഹം ആറുവർഷം മുമ്പ് തുറന്ന് എഴുതിയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഒരു ബന്ധു സർക്കാർ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് അത് കാൻസർ അല്ല എന്ന് കണ്ടെത്തിയത്. കേരളത്തിൽ മുട്ടിന് മുട്ടിന് മുളച്ചുപൊന്തുന്ന സ്വകാര്യ ലാബുകളിലും ഡയഗനോസ്റ്റിക്ക് സെന്ററുകളിലും, മതിയായി യോഗ്യതയുള്ള ജീവനക്കാരും, കൃത്യതയ്യാർന്ന നിർണ്ണയം നടത്താൻ കഴിയുന്ന അത്യന്താധുനിക ഉപകരണങ്ങളും ഇല്ലെന്നും പല തവണ പരാതി ഉയർന്നിട്ടുണ്ട്. എങ്കിലും സർക്കാറിന്റെയും ആരോഗ്യവകുപ്പിന്റെയും കർശനമായ പരിശോധനയും മറ്റും ഉണ്ടാകാറില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP