Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മദ്യക്കച്ചവടത്തിന് പണം ആവശ്യം വന്നപ്പോൾ അഞ്ച് കോടി വാഗ്ദാനം ചെയ്തത് ജോസ് നാലപ്പാടനും മിഥുൻ ഇട്ടൂപ്പും; മൂന്നു കോടി നൽകിയപ്പോൾ അവരുടെ സ്വന്തം കമ്പനിയായ കെഎൽഎം ആക്‌സിവയിൽ പണയപ്പെടുത്തേണ്ടി വന്നത് 15 കോടിയുടെ ഭൂമി; ബാക്കി രണ്ടു കോടി ആവശ്യപ്പെട്ടപ്പോൾ തന്നത് 85 ലക്ഷം രൂപ; അധിക ഈടായി നൽകേണ്ടി വന്നത് ഒന്നരക്കോടിയുടെ ഭൂമി; പിന്നാലെ വന്നത് വഞ്ചനാ കേസുകൾ; എംആൻഡ്ബി മദ്യ ബിസിനസ് പങ്കാളികൾ ചതിച്ചപ്പോൾ വഴിയാധാരമായ കഥ പറഞ്ഞ് മമ്മൂട്ടി സിനിമയുടെ നിർമ്മാതാവ് ഫ്രാൻസിസ് കണ്ണൂക്കാടൻ

മദ്യക്കച്ചവടത്തിന് പണം ആവശ്യം വന്നപ്പോൾ അഞ്ച് കോടി വാഗ്ദാനം ചെയ്തത് ജോസ് നാലപ്പാടനും മിഥുൻ ഇട്ടൂപ്പും; മൂന്നു കോടി നൽകിയപ്പോൾ അവരുടെ സ്വന്തം കമ്പനിയായ കെഎൽഎം ആക്‌സിവയിൽ പണയപ്പെടുത്തേണ്ടി വന്നത് 15 കോടിയുടെ ഭൂമി; ബാക്കി രണ്ടു കോടി ആവശ്യപ്പെട്ടപ്പോൾ തന്നത് 85 ലക്ഷം രൂപ; അധിക ഈടായി നൽകേണ്ടി വന്നത് ഒന്നരക്കോടിയുടെ ഭൂമി; പിന്നാലെ വന്നത് വഞ്ചനാ കേസുകൾ; എംആൻഡ്ബി മദ്യ ബിസിനസ് പങ്കാളികൾ ചതിച്ചപ്പോൾ വഴിയാധാരമായ കഥ പറഞ്ഞ് മമ്മൂട്ടി സിനിമയുടെ നിർമ്മാതാവ് ഫ്രാൻസിസ് കണ്ണൂക്കാടൻ

എം മനോജ് കുമാർ

തിരുവനന്തപുരം: എംആൻഡ്ബി അസോസിയേറ്റ്‌സ് എന്ന മദ്യക്കമ്പനിയിൽ സംഭവിക്കുന്നതെന്ത്? മദ്യം ഇറക്കുമതിക്ക് ലൈസൻസുള്ള ഈ കമ്പനിയുമായി ബന്ധപ്പെട്ടുള്ള പണമിടപാടുകൾ ദുരൂഹമായി നിലനിൽക്കുമ്പോൾ പതിവുപോലെ കേരളാ പൊലീസ് മൗനം തുടരുകയാണ്. പ്രമുഖ സ്വകാര്യ പണമിടപാട് കമ്പനിയായ കെഎൽഎം ആക്‌സിവയ്ക്ക് കൂടി ഈ പണമിടപാടുകളിൽ ബന്ധമുള്ളതുകൊണ്ടാണ് അന്വേഷണം നിശ്ചലാവസ്ഥയിലാകാൻ കാരണമെന്നും സൂചനകളുണ്ട്. ബെൽജിയത്തിൽ നിന്ന് അഞ്ചു കോടിയുടെ മദ്യം ഇറക്കുമതി ചെയ്യുകയും അത് കസ്റ്റംസ് തീരുവ അടയ്ക്കാത്തതിനെ തുടർന്ന് ബംഗളൂര് കസ്റ്റംസ് ഗോഡൗണിൽ പിടിച്ചുവയ്ക്കപ്പെടുകയും ചെയ്തതിനെ തുടർന്നു വന്ന പ്രശ്‌നങ്ങളെ തുടർന്നാണ് എംആൻഡ്ബിയുടെ ദുരൂഹ പണമിടപാടുകൾ വെളിയിൽ വന്നത്. വൻ തട്ടിപ്പും വഞ്ചനകളുമാണ് എംആൻഡ്ബിയെ ചുറ്റിപ്പറ്റി നടക്കുന്നത്. എംആൻഡ്ബി പൊന്മുട്ടയിടുന്ന താറാവാണ് എന്ന് മനസിലാക്കി ഈ കമ്പനിയിലേക്ക് വന്നവരാണ് പ്രതിസന്ധി തീർത്തിരിക്കുന്നത്.

മദ്യം ഇറക്കുമതിയിലുള്ള വൻ ലാഭം മനസിലാക്കി കമ്പനി കൈവശപ്പെടുത്താനായി വന്ന ചിലർ നടത്തിയ നീക്കങ്ങളാണ് നല്ല നിലയിൽ മുന്നോട്ടു നീങ്ങിയിരുന്ന എംആൻഡ്ബിക്ക് പ്രതിസന്ധി തീർത്തത്. ഈ മദ്യകമ്പനിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും വാർത്തകളും ഇപ്പോൾ മറ്റൊരു തലത്തിലേക്ക് എത്തുകയാണ്. എംആൻഡ്ബിയുമായി ബന്ധപ്പെട്ടു നടന്ന ദുരൂഹമായ പണമിടപാടുകളിൽ ആദ്യം ആരോപണവിധേയനായ പ്രമുഖ നിർമ്മാതാവ് ഫ്രാൻസിസ് കണ്ണൂക്കാടൻ വഞ്ചനയുടെ മറ്റൊരു ക്രൂരമുഖമാണ് തുറന്നു കാട്ടുന്നത്. ഇപ്പോൾ ഫ്രാൻസിസിന് എതിരെ പരാതി നൽകിയിരിക്കുന്ന മിഥുൻ ഇട്ടൂപ്പും ജോസ് ആലപ്പാടനും എങ്ങിനെ തന്നെ ചതിയിൽ വീഴ്‌ത്തി എന്നതിന്റെ ഞെട്ടിക്കുന്ന ചിത്രമാണ് ഫ്രാൻസിസ് കണ്ണൂക്കാടൻ വിവരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ വിവാദമായി തുടർന്ന 'കുബേര'യുടെ വലയിലാണ് ഫ്രാൻസിസ് അകപ്പെട്ടത്. ഇത് വഴി ഫ്രാൻസിസിന് നഷ്ടമായിരിക്കുന്നത് കോടികൾ വിലമതിക്കുന്ന പത്തേക്കർ ഭൂമിയാണ്. തുച്ഛമായ വിലയ്ക്കാണ് കോടികളുടെ ഈ ഭൂമി കെഎൽഎം ആക്‌സിവയിലും ബന്ധപ്പെട്ട കമ്പനികളും കൈവശമാക്കിയിരിക്കുന്നത്. അതേസമയം എംആൻഡ്ബിയുടെ പാർട്ണർ ആയ മഞ്ജുള ഒരു പരാതി ഡിജിപിക്ക് പരാതിനൽകിയിട്ടുണ്ട്. സൂര്യനെല്ലി പ്ലാന്റെഷന്റെ എംഡിയായ മാർട്ടിൻ സെബാസ്റ്റ്യനെതിരെയാണ് മഞ്ജുള പരാതി നൽകിയിരിക്കുന്നത്. എംആൻഡ്ബിയുടെ ഓഹരി നൽകാമെന്നു പറഞ്ഞു പലരിൽ നിന്നും പണം വാങ്ങിയത് മാർട്ടിൻ സെബാസ്റ്റ്യൻ ആണെന്നാണ് മഞ്ജുള നൽകിയ പരാതിയിൽ പറയുന്നത്. കമ്പനിയുടെ ഓഹരികൾ പണം നൽകാതെ കൈവശപ്പെടുത്തി ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം വാങ്ങിയത് മാർട്ടിനാണെന്നാണ് മഞ്ജുള നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം ഇപ്പോൾ തണുത്ത് കിടക്കുന്ന അന്വേഷണം ഊർജിതപ്പെടുത്താൻ ഉന്നതതലത്തിൽ നിന്നും പൊലീസിന് നിർദ്ദേശം വന്നതായും സൂചനയുണ്ട്. എംആൻഡ്ബിയുടെ പാർട്ണർ ആയ ഫ്രാൻസിസ് കണ്ണൂക്കാടൻ താൻ അകപ്പെട്ട ചതിയുടെ കഥ മറുനാടനോട് പറഞ്ഞു. ആ കഥ ഇങ്ങനെ:

വഞ്ചനയുടെ കഥ ഫ്രാൻസിസ് കണ്ണൂക്കാടൻ പറയുന്നു:

കൊടും ചതിയാണ് നടന്നത്. ഞങ്ങൾക്ക് എതിരെ പരാതി നൽകിയവർ ഞങ്ങളെ ചതിക്കുകയാണ് ചെയ്തത്. എംആൻഡ്ബി ഒറിജിനൽ കമ്പനിയാണ്. കൃത്യമായി പ്രവർത്തിക്കുന്ന കമ്പനിയുമാണ്. ഈ കമ്പനിക്ക് വിദേശമദ്യം ഇറക്കുമതി ചെയ്യാനുള്ള ലൈസൻസുമുണ്ട്. ഞങ്ങൾക്ക് പണം ആവശ്യമുണ്ടായിരുന്നു. അഞ്ചു കോടി രൂപ എംആൻഡ്ബിക്ക് നൽകാം എന്ന് പറഞ്ഞാണ് ജോസ് നാലപ്പാടനും ഇട്ടൂപ്പും ഞങ്ങളുടെ അടുക്കൽ വന്നത്. ഇവൻച്വർ ക്യാപ്പിറ്റൽ പോലെ ഡയറക്റ്റ് ഇൻവെസ്റ്റ് ചെയ്ത് വിൽക്കുന്ന ഒരു ബോട്ടിലിന് 41 രൂപവെച്ച് കമ്മിഷൻ നൽകാം എന്നാണ് ഞാൻ പറഞ്ഞിരുന്നത്. അത് സ്റ്റോക്ക് വാങ്ങിച്ച് ഇംപോർട്ട് ചെയ്തു കേരള ബീവറെജസിൽ നിന്നും കിട്ടുന്ന പൈസയിൽ. ഈ പൈസയാണ് 41 രൂപ. ഇങ്ങിനെ പറഞ്ഞുവന്ന അവർ പിന്നീട് പറഞ്ഞത് അവരുടെ ഫണ്ടുകൾ ഇപ്പോൾ ടൈറ്റാണ് എന്ന്. ഇവർ കണ്ണ് വയ്ക്കുന്നത് കോടികൾ വിലമതിക്കുന്ന ഞങ്ങളുടെ ഭൂമിയിലാണെന്ന് ഞാൻ മനസില്ലാക്കിയുമില്ല. ഞങ്ങളുടെ ഭൂമി തത്ക്കാലത്തേക്ക് അറ്റാച്ച് ചെയ്ത് അതിൽ നിന്നും പണം കണ്ടെത്താം എന്നാണ് ഇവർ പറഞ്ഞത്. ഈ രണ്ടുപേരും കെഎൽഎം ആക്‌സിവയുടെ ഡയറക്ടർമാരാണ്. ഈ ഫിനാൻസിൽ ഭൂമി അറ്റാച്ച് ചെയ്ത് അവർ ലോൺ എടുക്കും എന്നാണ് എന്നാണ് പറഞ്ഞത്.

ഇവരുടെ വാക്കുകളിലും പ്രവർത്തികളിലും ചതി ഇതിൽ ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞാൻ മനസിലാക്കിയില്ല.ഞങ്ങളുടെ ഭൂമി അറ്റാച്ച് ചെയ്ത് അവർ അവരുടെ പേരിൽ ലോൺ എടുക്കും. അവർ അവരുടെ സ്വന്തം കമ്പനിയായ കെഎൽഎമ്മിൽ ഞങ്ങളുടെ ഭൂമി വെച്ച് എടുക്കുന്ന ലോൺ എന്റെ കമ്പനിയിൽ താത്ക്കാലത്തേക്ക് നിക്ഷേപിക്കും. അവരുടെ ഫണ്ടുകൾ റിലീസാകുമ്പോൾ ഞങ്ങളുടെ ഭൂമി തിരികെ നൽകും. ഇതാണ് അവർ എനിക്ക് മുന്നിൽ വെച്ച നിർദ്ദേശം. ഇത് വിശ്വസിച്ചാണ് എന്റെ ഫാദറിന്റെ മദറിന്റെയും പേരിലുള്ള ആറേക്കർ ഭൂമി, പതിനഞ്ചു കോടിയോളം മതിപ്പ് വിലയുള്ള ഭൂമിയാണ് ഇവർക്ക് അറ്റാച്ച് ചെയ്യാൻ ഞാൻ വിട്ടു നൽകിയത്. എന്റെ ഒന്നാമത്തെ പാളിച്ച, ഞങ്ങളെ പൂർണമായി തകർക്കുന്ന ചതിക്കാണ് ഞാൻ അരുനിൽക്കുന്നത് എന്ന് തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞില്ല. ഇതിനു ഒരു അഗ്രിമെന്റും വെച്ചു. അഞ്ചു കോടി രൂപ ഞങ്ങൾക്ക് തരാമെന്നുള്ള എഗ്രിമെന്റ് ആണ് വെച്ചത്. ഇതിൽ മൂന്നു കോടി രൂപ തന്നിട്ടുണ്ടെന്നും എഗ്രിമെന്റിൽ വ്യക്തമായി എഴുതിയിട്ടുണ്ട്.ഞങ്ങൾക്ക് എത്ര ഏക്കർ ഭൂമി ഇന്ന സർവേ നമ്പറിലുണ്ട് എന്നും അത് കെഎൽഎമ്മിൽ പ്ലഡ്ജ് ചെയ്തിട്ടാണ് തന്നിരിക്കുന്നതെന്നും ഇതിൽ പറഞ്ഞിട്ടുണ്ട്.

അതേപോലെ ബിസിനസ് മുന്നോട്ടു പോകുമ്പോൾ അവർക്ക് വരാമെന്ന പണം വരുമ്പോൾ തിരികെ എടുത്ത് തരാമെന്നും ഇതേ എഗ്രിമെന്റിലുണ്ട്. വേറൊരു ക്ലോസ് ആ എഗ്രിമെന്റിൽ ഉള്ളത് വേറെ ഏതെങ്കിലും രീതിയിൽ ഇത് നടക്കാതെ വന്നാൽ ആർബിട്രേഷൻ നൽകണമെന്നും ഇതുവഴി ഈ പ്രശ്‌നം സോൾവ് ചെയ്യണമെന്നും ഇതേ എഗ്രിമെന്റിലുണ്ട്. അത് കൂടാതെ വേറെ ഒരു പ്രശ്‌നമുള്ളത് ഏതെങ്കിലും കാരണവശാൽ എഗ്രിമെന്റ് നടക്കാതെ വന്നാൽ, തടസം വന്നാൽ ഈ ലോൺ ഞങ്ങളുടെ മാത്രം ബാധ്യതയായി മാറും എന്ന്. അവർക്ക് ഒരു ബാധ്യതയുമില്ലാ എന്നും ഇവർ എഗ്രിമെന്റിൽ പറഞ്ഞിരുന്നു. സത്യം പറഞ്ഞാൽ കെഎൽഎമ്മിന്റെ ഡയറക്ടർമാരുടെ പണം ഇതിലില്ല. ഞങ്ങളുടെ ഭൂമി അവർ പ്ലഡ്ജ് ചെയ്ത് ഞങ്ങളുടെ പണമാണ് അവരുടെ പണമായി ഞങ്ങൾക്ക് തന്നിരിക്കുന്നത്. അതും അവരുടെ കമ്പനിയിലുള്ള അവരുടെ സ്വന്തം പണം. മൂന്നു മാസത്തിനുള്ളിൽ അവർ ബാക്കി രണ്ടു കോടി രൂപ നൽകാം എന്നും പറഞ്ഞിരുന്നു. എന്നാൽ ഞങ്ങളുടെ ഭൂമി പണയം വെച്ച് നൽകിയ മൂന്ന് കോടിയല്ലാതെ മറ്റൊരു പണവും അവർ ഞങ്ങൾക്ക് നൽകിയില്ല. അതായത് എഗ്രിമെന്റ് അവർ തന്നെ ലംഘിച്ചു കഴിഞ്ഞിരിക്കുന്നു.

ഇതിനനുസരിച്ച് ഞങ്ങൾ വിദേശമദ്യം പർച്ചേസ് ചെയ്തു. അതിനു ഡ്യൂട്ടി അടയ്ക്കണം. അതായത് വന്നിരിക്കുന്ന മദ്യത്തിന്റെ 150 ശതമാനമാണ് എക്‌സൈസ് ഡ്യൂട്ടി. അതിനായി ഡ്യൂട്ടി അടയ്ക്കാൻ ഞാൻ ഇവരോട് പണം ചോദിച്ചു. അവർ നൽകാനുള്ള പണം. പണമില്ല. പണം വന്നിട്ടില്ല. കാത്തിരിക്കണം എന്ന മറുപടിയാണ് ജോസ് ആലപ്പാടൻ പറഞ്ഞത്. പിന്നെ ജോസ് വിളിച്ചിട്ട് പറഞ്ഞു ഷിബു എന്നുള്ള സുഹൃത്തുണ്ട്. അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പലിശയ്ക്ക്, ഒരു ലക്ഷത്തിനു 3500 രൂപ പലിശയ്ക്ക് 85 ലക്ഷം രൂപ താത്കാലികമായി വാങ്ങിച്ച് തരാം. ജോസ് നൽകാനുള്ള രണ്ടു കോടി വരുമ്പോൾ ഇത് തിരികെ നൽകാം എന്നും പറഞ്ഞു. ഈ പണത്തിനു ഈടായി എന്റെ അപ്പന്റെയും അമ്മയുടെയും പേരിലുള്ള രണ്ടു ചെക്കും പ്രോമിസറി നോട്ടും രണ്ടു ഭൂമികളും, ഒരു പതിനഞ്ചു സെന്റ് ഭൂമിയും ഒരു നാല് സെന്റ് ഭൂമിയും, ഇതിനു തന്നെ ഒന്നരക്കോടി രൂപയോളം വിലവരുന്നുണ്ട്. ഇത് അവർക്ക് നല്കി ഒൻപത് ലക്ഷം രൂപ പലിശയും എടുത്ത് അവർക്ക് നൽകി. എന്നിട്ടാണ് 40 ലക്ഷം രൂപയും 45 ലക്ഷം രൂപയുമായി ഈ എൺപത്തിയഞ്ചു ലക്ഷം രൂപ ഇവർ നൽകുന്നത്. ഓർക്കണം. എല്ലാം ഞങ്ങളുടെ ഭൂമി വെച്ചുള്ള പണം. അഞ്ചു കോടി നൽകാം എന്ന് പറഞ്ഞവർ ഒരു ചില്ലിക്കാശ് പോലും ഞങ്ങൾക്ക് നൽകിയില്ല. അവർ നൽകാം എന്ന് പറഞ്ഞപണം മുഴുവൻ ഞങ്ങളുടെ ഭൂമി ഈട് നൽകി അവർ തന്നതാണ്. രണ്ടാമത് നൽകിയ പണവും ഞങ്ങളുടെ ഭൂമി ഈട് വെച്ചിട്ട് ഞങ്ങൾ തന്നെ പലിശയും നൽകിയ പണമാണ്. ഈ പണം വെച്ചിട്ടാണ് ഞങ്ങൾ സ്റ്റോക്ക് ചെറിയ രീതിയിൽ റിലീസ് ചെയ്ത് മദ്യം തിരികെ എടുക്കാൻ തുടങ്ങിയത്.

ഇതു കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞിട്ടും ഇവർ തരാമെന്നു പറഞ്ഞ രണ്ടു കോടി തിരികെ നൽകിയില്ല. നൽകിയിരിക്കുന്ന പണം ഞങ്ങളുടെ ഭൂമി പണയംവെച്ചും. പലിശ ഞങ്ങൾ നൽകിയിട്ടുമുണ്ട്.രണ്ടു മാസം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് 85 ലക്ഷം രൂപ തന്നെ ഷിബു വക്കീൽ നോട്ടീസ് എന്റെ അപ്പന്റെ പേരിലയച്ചു. സ്ഥലം വാങ്ങിക്കാനായി 85 ലക്ഷം രൂപ നൽകിയപ്പോൾ സ്ഥലം നൽകാതെ എന്നെ വഞ്ചിച്ചു എന്നും ചെക്ക് ബൗൺസ് ആയി എന്നും പറഞ്ഞാണ് ഞങ്ങൾക്ക് വക്കീൽ നോട്ടീസ് നൽകിയത്. എന്തിനാണ് ഷിബുവിൽ നിന്നും ജോസ് പണം വാങ്ങി നൽകിയത് എന്ന് നിങ്ങൾക്കറിയാമല്ലോ? ഞാൻ അവരോടു ചോദിച്ചത് ബിസിനസിൽ അവർ നൽകാനുള്ള രണ്ടു കോടി രൂപയാണ്. അതിനാണ് ജോസ് വേറെ പണം, ഷിബുവിൽ നിന്നുള്ള പണം അറേഞ്ച് ചെയ്ത് നൽകിയത്. അവർ ബിസിനസിൽ മുടക്കാനുള്ള പണം നൽകിയത് ഞങ്ങളുടെ ഭൂമി രണ്ടാമത് പ്ലഡ്ജ് ചെയ്തും. പലിശ നൽകിയത് ഞാനും. ഇവർ ബിസിനസിൽ നൽകാമെന്നു ഏറ്റ സ്ഥലത്തിന് ഞങ്ങൾ ഈടായി നൽകിയത് രണ്ടു തവണമായി ആറേക്കർ പത്തൊമ്പത് സെന്റ് ഭൂമിയാണ്. വക്കീൽ നോട്ടീസിനു ഞങ്ങൾ റിപ്ലെ നൽകി. പണം ഇടപാട് മിഥുൻ ഇട്ടൂപ്പും ജോസ് ആലപ്പാട്ടും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്.അവർ ഞങ്ങൾക്ക് തരാമെന്നു പറഞ്ഞ പണത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ കയ്യിൽ നിന്നും പണം വാങ്ങിയിരിക്കുന്നത്.അതുകൊണ്ട് ഈ ട്രാൻസാക്ഷന് ഞങ്ങളുമായി ഒരു ബന്ധവും ഇല്ലെന്നും കണക്റ്റഡ് ആയിട്ടുള്ളത് ജോസും ഇട്ടൂപ്പുമാണെന്ന് ഞങ്ങൾ മറുപടി നൽകി.

പിന്നീട് എറണാകുളം സെൻട്രൽ സ്റ്റേഷൻ എസിപി ലാൽജി ഞങ്ങളെ വിളിപ്പിച്ചു. ഞങ്ങൾ എഗ്രിമെന്റ് എല്ലാം കാണിച്ചു. കാര്യങ്ങൾ പറഞ്ഞു. ലാൽജിക്ക് യാഥാർത്ഥ്യം മനസിലായി.ഇത് പണം ഇടപാട് മാത്രമാനെന്നും ചീറ്റിങ് ഇല്ലെന്നും എസിപിക്ക് മനസിലായി. ഞങ്ങളെ ഇവർ ചതിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ ഭൂമി ചുളുവിൽ ഇവർ കരസ്ഥമാക്കി കൈവശം വെച്ചു. ഞങ്ങൾ ഇവർക്ക് എംആൻഡ്ബിയുടെ ഷെയർ നൽകാം എന്ന് പറഞ്ഞിട്ടില്ല. എഗ്രിമെന്റ് നിലവിലുണ്ട്. ഒരു ബോട്ടിൽ വിൽക്കുമ്പോൾ 41 രൂപ കമ്മിഷൻ എന്നാണ് പറഞ്ഞത്. ഇതോടെ പരാതി അങ്ങിനെ നിന്നു. ഞങ്ങളെ ചതിക്കാൻ വേണ്ടിയാണ് ഇട്ടൂപ്പും ജോസും ഇറങ്ങിത്തിരിച്ചിക്കുന്നത്. അവരുടെ പരാതിയിൽ പൊലീസ് കേസ് എടുക്കില്ല എന്ന് മനസിലായപ്പോൾ കോടതിയെ സമീപിച്ചാണ് ഈ കേസിൽ എഫ്‌ഐആർ ഇടാനുള്ള ഉത്തരവ് വാങ്ങിയത്.

85 ലക്ഷം തന്ന ഷിബു കടവന്ത്ര സ്റ്റേഷനിൽ വേറെ പരാതി നൽകി. എനിക്കും ഫാദറിനും മദറിനും എതിരെയാണ് പരാതി നൽകിയത്. ആക്രമിച്ചു. വീട്ടിൽ വന്നു എന്നൊക്കെയുള്ള കള്ളക്കേസ് ആണിത്. ഇതു കൂടാതെ കൊരട്ടിയിൽ ഞങ്ങൾക്ക് 88 സെന്റ് സ്ഥലമുണ്ട്. ഇതിനു 12 കോടി വിലമതിക്കും. ആ ഭൂമിയിലും ഈ 85 ലക്ഷം രൂപയ്ക്ക് അറ്റാച്ച്‌മെന്റും വന്നു. ഞങ്ങളുടെ ബിസിനസിൽ പണം മുടക്കാൻ വന്നിട്ട് ഞങ്ങളെ വഞ്ചിച്ച വിധം കണ്ടില്ലേ? എത്ര ഏക്കർ സ്ഥലമാണ് ഇവരുടെ അധീനതയിൽ വന്നത് എന്ന് കണ്ടില്ലേ? ഈ പ്രശ്‌നങ്ങളിൽ തൃശൂർ റൂറൽ എസ്‌പിക്കും ചാലക്കുടി ഡിവൈഎസ്‌പിക്കും പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ ഇതുവരെ എഫ്‌ഐആർ വന്നിട്ടില്ല. ചാലക്കുടി ഡിവൈഎസ്‌പി ജോസ്, ഇട്ടൂപ്പ് എന്നിവരെ വിളിപ്പിച്ചിരുന്നു. പക്ഷെ അവർ വന്നില്ല. പിന്നീട് ഞാൻ കാണുന്നത് വാർത്തയും തട്ടിപ്പിന്റെ കഥകളുമാണ്.

ഷിബുവിന്റെ തട്ടിപ്പിന്റെ കഥ:

ഷിബു ഞങ്ങൾക്ക് 85 ലക്ഷം തന്നത് സുകൃതി എഫോർഡബിൾ ഹൗസിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ്. ഈ കമ്പനി ജോസും ഇട്ടൂപ്പ് എന്നിവർ ഉൾപ്പെട്ട കമ്പനി തന്നെയാണ്. അതായത് ജോസ്, ഇട്ടൂപ്പ്, ഷിബു എന്നിവരൊക്കെ ഒരു കമ്പനിയുടെ ഭാഗം തന്നെയാണ്. ഇവർ എല്ലാം ഒത്തുചേർന്നുള്ള വൻവഞ്ചനയാണ് ഇതിൽ നടന്നത്. ഈ പണത്തിനു നൽകിയ പ്രോമിസറി നോട്ടിലും സാക്ഷികൾ ജോസും, മിഥുനും തന്നെയാണ്. എന്നിട്ടാണ് ഞങ്ങൾക്ക് എതിരെ കേസ് നൽകിയത്.- ഫ്രാൻസിസ് കണ്ണൂക്കാടൻ പറഞ്ഞു നിർത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP