Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ദിരാ ഭവനിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാർഗ്ഗമില്ലാത്ത വിധം ദരിദ്രം കെപിസിസി! ബാറുകാരും ക്വാറി മുതലാളിമാരും പണം തരാൻ ഇല്ല; കേന്ദ്ര ഭരണം പോയതോടെ ഹൈക്കമാൻഡിൽ നിന്നുള്ള ഫണ്ടും വരാനില്ല; ബിജെപിയും സിപിഎമ്മും കാശു വാരിയെറിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നോട്ടടിച്ചതിൽ 'ഖജനാവ് കമ്മി'യും

ഇന്ദിരാ ഭവനിലെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ മാർഗ്ഗമില്ലാത്ത വിധം ദരിദ്രം കെപിസിസി! ബാറുകാരും ക്വാറി മുതലാളിമാരും പണം തരാൻ ഇല്ല; കേന്ദ്ര ഭരണം പോയതോടെ ഹൈക്കമാൻഡിൽ നിന്നുള്ള ഫണ്ടും വരാനില്ല; ബിജെപിയും   സിപിഎമ്മും കാശു വാരിയെറിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നോട്ടടിച്ചതിൽ 'ഖജനാവ് കമ്മി'യും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്തും അതിശക്തമായ പ്രചരണ പ്രവർത്തനങ്ങൾ കണ്ട തദ്ദേശ തെരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കോവിഡ് പശ്ചാത്തലത്തിൽ സൈബർ ഇടത്തിൽ അടക്കം പ്രചാരണം നടത്തേണ്ട തിരഞ്ഞെടുപ്പ്. പ്രവർത്തകർ പോളിങ് ബൂത്തിൽ എത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾ പ്രത്യേകം ശ്രദ്ധിച്ചു. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടും അതിനെ അതിജീവിച്ചു കൊണ്ടാണ് എൽഡിഎഫ് ഇക്കുറി വിജയം നേടിയത്. യുഡിഎഫിനാകട്ടെ പരമ്പരാഗത ഇടങ്ങളിൽ പോലും വൻ തോൽവി രുചിക്കേണ്ടിയും വന്നു. അതേസമയം ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് മെച്ചപ്പെടുത്തിയതിന് അപ്പുറത്തേക്ക് വിജയം നേടാൻ സാധിച്ചതുമില്ല.

യുഡിഎഫ് മുന്നണിയിൽ കോൺഗ്രസിനാണ് ഏറ്റവും ക്ഷീണം സംഭവിച്ചത്. ഇതിനെ എന്താണ് കാരണം എന്നു ചോദിക്കുമ്പോൾ തന്നെ പ്രധാനം കോൺഗ്രസിനെ അലട്ടിയിരുന്ന ഫണ്ട് ലഭ്യതയുടെ കുറവായിരുന്നു. പ്രചരണ രംഗത്ത് ഇത് കോൺ്ഗ്രസ് സ്ഥാനാർത്ഥികളെ പലയിടത്തും പിന്നോട്ടടിച്ചു. കോൺഗ്രസിന് ഫണ്ട് സമാഹരിക്കാൻ സാധിക്കുന്ന നേതൃത്വം ഇല്ലായ്മയും തദ്ദേശത്തിലെ കനത്ത തിരിച്ചടിക്ക് ഇടയാക്കി മാറി. ബിജെപിയും സിപിഎമ്മും പണമിറക്കി വോട്ടു സമാഹരിക്കുന്ന നില വന്നതോടെ കോൺഗ്രസിന് ഫണ്ട് ക്ഷാമത്തിൽ മികച്ച പ്രവർത്തനം പോലും നടത്താൻ സാധിക്കാത്ത അവസ്ഥ വന്നു. ചുരുക്കി പറഞ്ഞാൽ ഒരു ക്ഷയിച്ച തറവാടിന്റെ അവസ്ഥയിലായി കോൺഗ്രസിന്റെ അവസ്ഥ. പലയിടത്തും ബിജെപിയും എൽഡിഎഫുമായാണ് മൽസരം എന്നാണ് പോസ്റ്ററുകൾ കണ്ടാൽ തോനുക.

നിലവിലെ കോൺഗ്രസിന്റെ സാമ്പത്തികാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ കോൺഗ്രസ് നേടിയ വിജയം മോശമില്ലെന്ന് പറയേണ്ടി വരും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ എത്തിയതോടെ കേന്ദ്രത്തിൽ നിന്നും ഫണ്ടും എത്തിയിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് വന്നപ്പോൾ കഥമാറി. കേന്ദ്രത്തിൽ നിന്നും നയാപൈസ കിട്ടാത്ത അവസ്ഥയിലായി. മുൻകാലങ്ങളിൽ പാർട്ടിക്ക് ഫണ്ട് നൽകിയിരുന്ന ബാർ മുതലാളിമാരോടും പണം ചോദിക്കാൻ പറ്റാത്ത അവസ്ഥയായി. ക്വാറി മുതലാളിമാരിൽ നിന്നും ഫണ്ടെത്തിക്കാനുള്ള മിടുക്കന്മാരും പാർട്ടി നേതൃ നിരയിൽ ഇല്ലാതായി. കോവിഡ് കൂടി എത്തിയപ്പോൾ പൊതുവേയുള്ള പ്രതിസന്ധി ഏറ്റവും ബാധിച്ചത് കോൺഗ്രസിനെ തന്നെയായിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇത് തുറന്നു പറയുകയും ചെയ്തു. തന്റെ കൈയിൽ പ്രവർത്തകർക്ക് നൽകാൻ ഒരു കൈപ്പത്തി ചിഹ്നം മാത്രമാണ് ഉള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ വിലാപം. ഇത് ഒരു പക്ഷേ ചരിത്രത്തിന്റെ കാവ്യ നീതി എന്നും പറയേണ്ടി വരും. കാരണം മുമ്പ് കേന്ദ്രത്തിൽ കോൺഗ്രസിന് ഭരണമുള്ളപ്പോൾ ഇഷ്ടംപോലെ ഫണ്ട് വാങ്ങിയവർ ആണ് മുല്ലപ്പള്ളി അടക്കമുള്ളവർ. മുമ്പ് മുല്ലപ്പള്ളി വടകരയിൽ മൽസരിക്കുമ്പോൾ അദ്ദേഹത്തിന് അനുവദിച്ച പണം ഡൽഹിയിൽപോയി വാങ്ങാൻ നിയോഗിക്കപ്പെട്ട കോൺഗ്രസ് നേതാവ് തിരുവള്ളൂർ മുരളിയിൽ നിന്ന് വലിയൊരു തുക ട്രെയിനിൽവെച്ച് കാണാതായത് വൻ വിവാദമായിരുന്നു.

മറുവശത്ത് ബിജെപിക്ക് കേന്ദ്രഭരണത്തിന്റെ ഫലത്തിൽ ഇഷ്ടംപോലെ ഫണ്ടെത്തി. കേരളത്തിൽ ആകട്ടെ സർക്കാർ നടപ്പിലാക്കി പെൻഷനും കിറ്റുമെല്ലാം പ്രചരണ രംഗത്തും സമർത്ഥമായി ഉപയോഗിച്ചു. പ്രചരണ രംഗത്ത് കേഡറുകൾക്കൊപ്പം പണവും ഇഷ്ടം പോലെ ഒഴുക്കി. ഇതിന്റെ ഫലം കിട്ടുകയും ചെയ്തു. മലപ്പുറം നിലമ്പൂർ മുൻസിപ്പാലിറ്റി പി വി അൻവർ എംഎൽഎ രംഗത്തിറങ്ങി വിജയിപ്പിച്ചതും പണക്കൊഴുപ്പിന്റെ മിടുക്കിലാണ്. കൊടുവള്ളിയിൽ ഇടതു സ്ഥാനാർത്ഥി സംപൂജ്യമായിടത്ത് കാരാട്ട് ഫൈസൽ വിജയിച്ചതും ഗോൾഡൻ മണിയിൽ ആയിരുന്നു.

യുഡിഎഫ് മുന്നണിയിലെ മുസ്ലിംലീഗിന് കെഎംസിസി അടക്കം സാമ്പത്തിക സഹായം ചെയ്തതോട് മലപ്പുറത്ത് അടക്കം ഫണ്ട് ഒരു വിഷയമേ ആയില്ല. ഈ നിരയിൽ കാര്യമായ പണക്ഷാമം നേരിടേണ്ടി വന്നത് കോൺഗ്രസിനാകട്ടെ കെപിസിസിയിലെ ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ ഇല്ലാത്ത അവസ്ഥയുമായി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി സാമ്പത്തിക കമ്മിയാണ്. 500 രൂപയും ബിരിയാണിയും കൊടുക്കാതെ പ്രചരണത്തിന് ഇറങ്ങാൻ മടിക്കുന്നവരാണ് പല കോൺഗ്രസ് പ്രവർത്തകർ പോലും. കട്ടൻകാപ്പി കുടിച്ച് ചെങ്കൊടിയേന്തുന്ന സഖാക്കളെ പോലെയല്ല. ഈ സാഹചര്യത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ കോൺഗ്രസിന് പ്രതിസന്ധികൾ ഉയർത്തുമെന്നത് ഉറപ്പാണ്.

തന്ത്രങ്ങളെല്ലാം പൊളിഞ്ഞതോടെ ഉണ്ടായ ഞെട്ടിക്കുന്ന തോൽവി കോൺഗ്രസിനെ കൂടുതൽ പ്രശ്‌നത്തിലേക്ക് നയിക്കും. ഏതുകൊടുങ്കാറ്റിലും ഉലയാതിരുന്ന മധ്യകേരളത്തിലെ വലത് കോട്ടകളായ കോട്ടയവും ഇടുക്കിയും തെക്കൻ കേരളത്തിലെ പത്തനംതിട്ടയും ഇടതു തരംഗത്തിൽ വീണു. തിരുവനന്തപുരത്തും കൊല്ലത്തും അതിദയനീയ തോൽവി. പത്തനംതിട്ട, പാലക്കാട് പോലുള്ള സ്ഥലങ്ങളിൽ ഇടതിന് ബദലായുള്ള ബിജെപിയുടെ കടന്നുകയറ്റവും യുഡിഎഫിന് ഉണ്ടാക്കുന്നത് വൻ ആശങ്ക. മധ്യകേരളത്തിൽ ജോസിനെക്കാൾ ശക്തി ജോസഫിനാണെന്ന വിലയിരുത്തൽ പൂർണമായും പാളി.

മലബാറിൽ വെൽഫെയർ സഖ്യം തുണച്ചില്ലെന്ന് മാത്രമല്ല മുന്നണിയുടെ മതേതര പ്രതിച്ഛായ തകർക്കുകയും ചെയ്തുവെന്ന വികാരം കോൺഗ്രസുകാർക്കിടയിൽ ഉണ്ടായിട്ടുണ്ട്. നേട്ടമുണ്ടായാൽ തന്നെ അത് ലീഗിനായിരുന്നു എന്നുമാണ് പൊതുവികാരം. ജയിച്ചസീറ്റുകളുടെ എണ്ണം കൂടിയെന്ന് പറഞ്ഞ് ഫലം നേട്ടമാണെന്ന് അവകാശപ്പെട്ട നേതൃത്വത്തിനെതിരെ കെ മുരളീധരൻ തുറന്നടിച്ചു രംഗത്തുവന്നത് മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും ഉന്നം വെച്ചുകൊണ്ടാണ് താനും.

അതേസമയം കോൺഗ്രസ്സിനോടുള്ള അമർഷം ലീഗും തുറന്നു പറഞ്ഞു. സർക്കാറിനെതിരെ പടനയിച്ച പ്രതിപക്ഷനേതാവിനും മുല്ലപ്പള്ളിക്കും തെരഞ്ഞെടുപ്പ് ഫലം വൻതിരിച്ചടിയാണ്. തകർന്നു തരിപ്പണമായ ഈ പാർട്ടിയേയും മുന്നണിയേയും കൊണ്ടാണോ നാല് മാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പെന്ന ഫൈനലിൽ പോരാടാൻ ഇറങ്ങുന്നതെന്നാണ് പ്രധാന ചോദ്യം. തെരഞ്ഞെടുപ്പ് പരാജയത്തോടെ ദുർബ്ബലമായ നേതൃത്വത്തിനെതിരായ വിമർശനങ്ങളിൽ ഹൈക്കമാൻഡ് എടുക്കുന്ന നിലപാടും ഇനി കോൺഗ്രസ് രാഷ്ട്രീയത്തിൽ നിർണ്ണായകമാവും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP