Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സിപിഎം നേതാവും ഡിഇഓയായ സഹോദരിയും ചേർന്ന് കടക്കെണിയിലാക്കിയത് വിധവയായ വികലാംഗയെയും മാനസിക രോഗിയായ മാതാവിനെയും; കൂട്ടിന് സഹകരണ ബാങ്ക് ജീവനക്കാരും; സാധുക്കളുടെ കിടപ്പാടം പണയപ്പെടുത്തി തട്ടിയത് 34 ലക്ഷം; തിരിച്ചടയ്‌ക്കേണ്ടത് 54 ലക്ഷവും: ജപ്തി നോട്ടീസിന് മുമ്പിൽ നിരാലംബരായി രണ്ട് സ്ത്രീകൾ

സിപിഎം നേതാവും ഡിഇഓയായ സഹോദരിയും ചേർന്ന് കടക്കെണിയിലാക്കിയത് വിധവയായ വികലാംഗയെയും മാനസിക രോഗിയായ മാതാവിനെയും; കൂട്ടിന് സഹകരണ ബാങ്ക് ജീവനക്കാരും; സാധുക്കളുടെ കിടപ്പാടം പണയപ്പെടുത്തി തട്ടിയത് 34 ലക്ഷം; തിരിച്ചടയ്‌ക്കേണ്ടത് 54 ലക്ഷവും: ജപ്തി നോട്ടീസിന് മുമ്പിൽ നിരാലംബരായി രണ്ട് സ്ത്രീകൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരിക്കലും ഒരാളോടും ഇങ്ങനെ ഒരു ക്രൂരത അരുത്. സിപിഎം നേതാവായ വനംവകുപ്പ് ജീവനക്കാരനും സഹോദരിയായ ഡിഇഓയും ചേർന്ന് പെരുവഴിയിലാക്കിയത് രണ്ട് നിരാലംബസ്ത്രീകളെ. പണവും പദവിയും രാഷ്ട്രീയ സ്വാധീനവുമുള്ള ഇവരുടെ മുന്നിൽ സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട് പെരുവഴിയിലേക്ക് ഇറങ്ങേണ്ട ഗതികേടിലാണ് വികലാംഗയായ വിധവയും മാനസിക രോഗം ബാധിച്ച വൃദ്ധ മാതാവും.

കരുവാറ്റാ ഗീതാഭവനിൽ ഷാജി കുമാർ, ഇയാളുടെ സുഹൃത്ത് കടമ്പനാട് മണ്ണടി കണിയാക്കോണത്ത് തെക്കേതിൽ എസ്. ശ്രീനി, സഹോദരി ചേർത്തല ഡി.ഇ.ഒ ശ്രീകല, മാതാവ് ചിറ്റ എന്നിവർ ചേർന്ന് നടത്തിയ ചതിയിൽ ഒന്നുമറിയാതെ 54 ലക്ഷം രൂപയുടെ കടക്കെണിയിലായത് കരുവാറ്റ പൂങ്ങോട്ട് മാധവത്തിൽ എസ്.വിജയശ്രീ (44), ശ്രീദേവി കുഞ്ഞമ്മ എന്നിവരാണ്.

2012-ൽ വിജയശ്രീ അടൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴാണ് സംഭവം. ആശുപത്രി ചെലവിനും തുടർ ചികിത്സയ്ക്കും പണമില്ലാതിരുന്ന സാഹചര്യത്തിലാണ് പ്രതികൾ സഹായ വാഗ്ദാനവുമായി സമീപിക്കുന്നത്. വസ്തുവിന്റെ ആധാരം തരാമെങ്കിൽ പണയപ്പെടുത്തി ചികിത്സയ്ക്ക് ആവശ്യമായ ഒന്നര ലക്ഷം രൂപ ഏനാത്ത് സഹകരണബാങ്കിൽ നിന്നും എടുത്ത് നൽകാമെന്നായിരുന്നു വാഗ്ദാനം. അയൽവാസിയും സഹോദര തുല്യനുമായ കരുവാറ്റാ ഗീതാഭവനിൽ ഷാജി കുമാർ പറഞ്ഞതിൽ വിജയശ്രീ ഒന്നും സംശയിച്ചില്ല. സിപിഎമ്മിന്റെ നേതാവുമായ എസ്. ശ്രീനി, ഷാജിയുടെ സഹോദരിയും ചേർത്തല ഡി.ഇ.ഓയുമായ ശ്രീകല, മാതാവ് ചിറ്റ എന്നിവർ ചേർന്നായിരുന്നു വസ്തു പണയപ്പെടുത്തിയതെന്ന് വിജയശ്രീ പറഞ്ഞു.

ആശുപത്രി കിടക്കയിൽ വിജയശ്രീയെ കാണാനെത്തിയ സംഘത്തെപ്പറ്റി യാതൊരു സംശയവും അന്ന് തോന്നിയില്ല. ഷാജി കുമാർ സിപി.എം പ്രവർത്തകനും അടൂർ നഗരസഭാ കരുവാറ്റാ വാർഡ് കൗൺസിലറും എനാത്ത് സഹകരണബാങ്ക് ഭരണസമിതി അംഗവുമായിരുന്നു. തന്റെയും മാതാവ് ശ്രീദേവി കുഞ്ഞമ്മയുടെയും ഉടമസ്ഥതയിലുള്ള 78 സെന്റ് സ്ഥലം പണയപ്പെടുത്താനായി വിജയശ്രീ സമ്മതിച്ചതോടെ അവർ ചില പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങി. തുടർന്ന് മാനസിക വൈകല്യമുള്ള മാതാവ് ശ്രീദേവി കുഞ്ഞമ്മയെ സമീപിച്ച സംഘം അവരിൽ നിന്നും ആധാരം വാങ്ങിയ ശേഷം ചില പേപ്പറിൽ ഒപ്പിട്ട് വാങ്ങി. പിന്നീട് ഇവരെപ്പറ്റി യാതൊരു വിവരവും ഉണ്ടായില്ല. ബാങ്കിൽ ആധാരം പണയപ്പെടുത്തിയ വകയിൽ ചില്ലിക്കാശ് വിജയശ്രീയ്ക്ക് ലഭിച്ചുമില്ല.

ആശുപത്രി വാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പല തവണ ആധാരം തിരികെ നൽകണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടു. വൈകാതെ തരാമെന്ന് പറഞ്ഞ് ഓരോ തവണയും പ്രതികൾ തടിതപ്പി. അങ്ങനെ ഇരിക്കവേ 2014 ൽ വിജയശ്രീയുടെ വീട്ടിൽ ബാങ്ക് വക ജപ്തിനോട്ടീസ് എത്തി. മുതലും പലിശയും അടക്കം 34 ലക്ഷം തിരികെ അടച്ചില്ലെങ്കിൽ ഭൂമി ജപ്തി ചെയ്യുമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. എങ്ങനെ ഇത് സംഭവിച്ചുവെന്ന് അന്വേഷിച്ചപ്പോഴാണ് രണ്ട് തരണയായി പ്രതികൾ ആധാരം പണയപ്പെടുത്തി 34 ലക്ഷം രൂപ വായ്പയെടുത്തതായി വ്യക്തമായത്.

തുടർന്ന് വിജയശ്രീ, കേരളാ കാരുണ്യാ ഭിന്നശേഷി അസോസിയേഷന്റെ സഹായത്തോടെ ഡിവൈ.എസ്‌പിക്കും കോടതിയിലും പരാതിനൽകി. ഇരുകൂട്ടരുടേയും വാദം കേട്ട കോടതി 2016-ൽ വിജയശ്രീക്ക് ഉണ്ടായ നഷ്ടം പരിഹരിച്ച് നൽകണമെന്നും ആധാരം നാലുമാസത്തിനുള്ളിൽ തിരികെ എടുത്ത് നൽകണമെന്നും വിധി പ്രസ്താവിച്ചു. പ്രതികൾ ഇതിന് തയ്യാറായില്ല.

ഇതിനിടെ പ്രധാന പ്രതിയായ ഷാജി കുമാറിന് വനം വകുപ്പിൽ ജോലി ലഭിച്ചു. പ്രതികളുമായി നേരിൽ കണ്ട് പ്രശ്നം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. എന്തുചെയ്യണമെന്നറിയാതെ വിഷമിക്കുമ്പോഴാണ് കഴിഞ്ഞ മാസം കോടതി ഉത്തരവ് മറികടന്ന് എനാത്ത് കേരളാ ബാങ്ക് മാനേജർ അജിതാ മധു മുതലും പലിശയും ചേർത്ത് 54 ലക്ഷം രൂപാ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ജപ്തി നോട്ടീസ് അയച്ചത്.

പ്രതികളെ ബാങ്കിന്റെ് ആദ്യ മാനേജർ പ്രഭാകരൻ നായരും ഏനാത്ത് കേരളാ ബാങ്കിന്റെ ഇപ്പോഴത്തെ മാനേജർ അജിതാ മധുവും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്ന് വിജയശ്രീ ആരോപിക്കുന്നു. പ്രതികൾ തന്റെ വസ്തുവിന്റെ പ്രമാണം ഉപയോഗിച്ച് പലതവണ വായ്പ എടുത്തതായി സൂചനയുണ്ട്. മറ്റൊരാളുടെ പേരിലുള്ള ഭൂമിയുടെ ആധാരം ഉപയോഗിച്ച് പ്രതികൾ അനധികൃതമായി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന കാര്യം നേരത്തെ തന്നെ മാനേജർമാർക്ക് അറിവുള്ളതാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിച്ച് കുറ്റക്കാരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് വിജയശ്രീ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP