Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞാപ്പ വീണ്ടും പഴയ ഫോമിൽ; പുതിയ കൂട്ട് സാദിഖലി തങ്ങൾ; ഡൽഹി വിട്ട് കേരളത്തിലേക്ക് കുഞ്ഞാലിക്കുട്ടി വന്നതോടെ പുതിയ നീക്കങ്ങളിൽ നെഞ്ചിടിപ്പോടെ ഒരുവിഭാഗം നേതാക്കൾ; സ്ഥാനാർത്ഥി നിർണയത്തിൽ കുഞ്ഞാപ്പ-സാദിഖലി തങ്ങൾ കൂട്ടുകെട്ട് പല പ്രമുഖരുടെയും പേര് വെട്ടുമെന്നും ആശങ്ക

കുഞ്ഞാപ്പ വീണ്ടും പഴയ ഫോമിൽ; പുതിയ കൂട്ട് സാദിഖലി തങ്ങൾ; ഡൽഹി വിട്ട് കേരളത്തിലേക്ക് കുഞ്ഞാലിക്കുട്ടി വന്നതോടെ പുതിയ നീക്കങ്ങളിൽ നെഞ്ചിടിപ്പോടെ ഒരുവിഭാഗം നേതാക്കൾ; സ്ഥാനാർത്ഥി  നിർണയത്തിൽ കുഞ്ഞാപ്പ-സാദിഖലി തങ്ങൾ കൂട്ടുകെട്ട് പല പ്രമുഖരുടെയും പേര് വെട്ടുമെന്നും ആശങ്ക

ജംഷാദ് മലപ്പുറം

മലപ്പുറം: മുപ്പത് വർഷം മുമ്പുള്ള പോലെ മുസ്ലിംലീഗിന്റെ അധികാര കേന്ദ്രം പി.കെ. കുഞ്ഞാലിക്കുട്ടി വീണ്ടും കൈപ്പിടിയിലൊതുക്കിയതായി മുസ്ലിംലീഗ് നേതാക്കൾക്കുള്ളിൽ അടക്കംപറച്ചിൽ. മുമ്പ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ കാലത്ത് പാർട്ടിയിലെ ഏക ജാലകമായിരുന്ന കുഞ്ഞാലിക്കുട്ടിയുടെ കൊടപ്പനക്കൽ കുടുംബത്തിൽ നിന്നുള്ള പുതിയ കൂട്ടാളി അന്ന് സുന്നി വിദ്യാർത്ഥി സംഘടനാ തലപ്പത്ത് പ്രവർത്തിച്ചിരുന്ന ഇന്നത്തെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ആണെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. പ്രായാധിക്യം അലട്ടുന്ന ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ പരിമിതിയും ഇ.അഹമ്മദിന്റെ മരണവും കുഞ്ഞാലിക്കുട്ടിയെ വീണ്ടും പാർട്ടിയിൽ ശക്തനാക്കിയതെന്നാണ് നേതാക്കൾ വഴി ലഭിക്കുന്ന വിവരം.

അതേ സമയം പാണക്കാട്ട് നിന്ന് പതിവിനു വിരുദ്ധമായി പൊതുവെ വഴിവിട്ട രാഷ്ട്രീയ നീക്കങ്ങൾക്ക് സാദിഖലി തങ്ങൾ പച്ചക്കൊടി കാണിക്കുന്നതായി നേരത്തെ ലീഗിനുള്ളിൽനിന്നും ആരോപണങ്ങളുയർന്നിരുന്നു. നിലവിൽ മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ സാദിഖലി തങ്ങളെ കൂട്ടുപിടിച്ചാണ് കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളെന്നും ആരോപണമുണ്ട്. ഇതോടെ കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളിൽ നെഞ്ചിടിച്ച്് കഴിയുകയാണ് ഒരുവിഭാഗം ഉന്നത നേതാക്കളും പാണക്കാട്ടെ മറ്റു തങ്ങന്മാരുമെന്നാണ് ലീഗ് നേതാക്കൾവഴി ലഭിക്കുന്ന വിവരം.

ഇവരുടെ നീക്കങ്ങൾക്കെതിരെയാണ് കഴിഞ്ഞ ദിവസം ഹൈദരലി തങ്ങളുടെ മകൻ മുസ്ലിംയൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ മുഈൻ അലി തങ്ങൾ രണ്ടു തവണയായി പരസ്യമായി ഫേസ് ബുക്ക് ലൈവിലൂടെ പ്രതികരിച്ചതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. മുഈൻ തങ്ങളെ തൽക്കാലം പിടിച്ചുകെട്ടിയെങ്കിലും സാദിഖലി തങ്ങൾ, കുഞ്ഞാലികുട്ടി കൂട്ടുകെട്ടിൽ അസ്വസ്ഥനായ
പൊതുവെ അധികാര സ്ഥാനങ്ങളോട് താല്പര്യം കുറഞ്ഞ മുഈൻ തങ്ങളെ എന്നും പിടിച്ചുനിർത്താൻ ഇവർക്കാവില്ലെന്നും ഒരു വിഭാഗം ലീഗ് നേതാക്കൾ പറയുന്നു. ഹൈദരലി തങ്ങളുടെ ശക്തമായ ഇടപെടൽ കൊണ്ട് മാത്രമാണ് മകൻ മുഈൻ തങ്ങൾ തൽക്കാലം അടങ്ങിയതെന്നാണ് വിവരം.

വലിയ ആഘോഷത്തോടെ ഡൽഹിയിലേക്ക് പോയ ശേഷം, മനം മടുത്തു കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള കുഞ്ഞാലിക്കുട്ടിയുടെ നീക്കങ്ങളിൽ ഉയർന്ന ചില നേതാക്കൾക്ക് എതിർപ്പായിരുന്നു. ഇവിടെയും രക്ഷക്കെത്തിയത് സാദിഖലി തങ്ങൾ തന്നെയാണ്. ഇതിനെതിരെ ആദ്യം പ്രതികരിച്ചത് മുഈൻ തങ്ങൾ ആയിരുന്നു. എഴുപത് വയസ് കഴിഞ്ഞിട്ടും അധികാര കൊതി മൂത്ത് അങ്ങോട്ടുമിങ്ങോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ അധാർമിക രാഷ്ട്രീയ നാടകം തുടങ്ങിയിട്ട് നാല്പത് വർഷത്തിൽ അധികമായെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആരോപണം. അധികാരമില്ലാതെ ഒരു നിമിഷം നിൽക്കാൻ കഴിയാത്ത കുഞ്ഞാലിക്കുട്ടി ഇതിനായി എന്ത് വിട്ടുവീഴ്ച ചെയ്യാനും ഏത് തടസ്സങ്ങൾ മാറ്റാനും തരാതരം പോലെ പാണക്കാട്ടെ തങ്ങന്മാരെയും ലീഗ് നേതാക്കളെയും കൂട്ടുപിടിച്ചതാണ് ചരിത്രമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

ഇ.അഹമ്മദ്, ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, എം.കെ മുനീർ, പി.വി അബ്ദുൽ വഹാബ് തുടങ്ങി നേതാക്കളുമായി ആവശ്യം പോലെ ഇണങ്ങിയും പിണങ്ങിയും തന്റെ ലക്ഷ്യം നടപ്പിലാക്കുന്ന കുഞ്ഞാലിക്കുട്ടി ആവശ്യം വരുമ്പോൾ പാണക്കാട്ടെ തങ്ങൾമാർക്കിടയിലും
ചേരിയുണ്ടാക്കി കാര്യം നേടുമെന്നും ഈ നേതാക്കൾ പറയുന്നു. മലപ്പുറത്ത് അനാവശ്യമായി ലോകസഭ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചതിൽ ഒരുവിഭാഗം പ്രവർത്തകർ അമർഷത്തിലാണ്. ഇവിടെ തിരഞ്ഞെടുപ്പ് നയിക്കാൻ ഏറ്റവും സൗകര്യം എംപി ആയി നിൽക്കുകയായിരുന്നു. ഇനി നിയമസഭയിൽ മത്സരിക്കുന്ന ടെൻഷനും പാർലിമെന്റ് ഉപതിരഞ്ഞെടുപ്പ് എന്ന വലിയ കടമ്പയും പൊതു തിരഞ്ഞെടുപ്പിന്റെ മൊത്തം പ്രശ്‌നങ്ങളും വരാൻ പോകുകയാണ്.

കുഞ്ഞാലിക്കുട്ടിയിലേക്ക് അധികാരം പൂർണമായും കേന്ദ്രീകരിച്ച നിലക്ക് സാമ്പത്തിക ശക്തികളും സീറ്റ് മോഹികളും അദ്ദേഹത്തെ ചുറ്റി കറങ്ങുന്നുണ്ടെന്നും ആക്ഷേപമുണ്ട്. പി. വി. വഹാബും എം. കെ. മുനീറും കെ. പി. എ മജീദും മത്സരിക്കാൻ തയ്യാറെടുത്തിരിക്കെ ഇതിന്റെ മറവിൽ സാദിഖലി തങ്ങളെയും കൂട്ട് പിടിച്ചു ഇദ്ദേഹം കച്ചവട രാഷ്ട്രീയം നടത്തുകയെന്ന പരാതികളിൽ പാണക്കാട് കുടുംബത്തിലെ ചിലർക്കും ലഭിച്ചിട്ടുണ്ട്.

സമുദായ താൽപര്യമോ രാജ്യ താല്പര്യമോ ഇല്ലാതെ സ്വന്തം അധികാരം മാത്രം അജണ്ടയാക്കി കേരളത്തെപ്പോലുള്ള പ്രബുദ്ധമായൊരു സംസ്ഥാനത്ത് ഇങ്ങനെ തോന്നുമ്പോൾ മാറി മാറി മത്സരിക്കാൻ ലീഗിനും കുഞ്ഞാലിക്കുട്ടിക്കും മാത്രമേ കഴിയൂവെന്നാണ് കുഞ്ഞാലിക്കുട്ടിയെ എതിർക്കുന്ന ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പഴയ കാല എം. എസ്. എഫ് പ്രവർത്തകർ ഉൾപ്പെടെ ചേർന്നുണ്ടാക്കിയ മലപ്പുറം ആത്മാഭിമാന സേന ഉയർത്തിയ ചോദ്യങ്ങൾ പൊതുജനം ഏറ്റുപിടിച്ചാൽ മലപ്പുറത്ത് ലീഗിന് വരുന്ന തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടി കിട്ടിയേക്കുമെന്നും ഇവർ പറയുന്നു.

ഹൈദരലി തങ്ങൾക്ക് ശേഷം സാദിഖലി തങ്ങളുടെ കൈവശം പാർട്ടിയുടെ കടിഞ്ഞാൺ എത്തിയാൽ ഇരുമ്പ് വിലയ്ക്ക് അദ്ദേഹം പാർട്ടിയെ തൂക്കി വിൽക്കും എന്നുവരെ ഒരുവിഭാഗം സംസാരം തുടങ്ങിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ കൂട്ടുകെട്ട് ഒന്നായാൽ മലപ്പുറം ജില്ലയിൽ പല പ്രമുഖരുടെയും സിറ്റിങ് എംഎൽഎ മാരുടെയും തല ഉരുളുമെന്നും സാമ്പത്തിക പിൻബലത്തിൽ പല അപ്രസക്തരും ലിസ്റ്റിൽ കയറി കൂടുമെന്നും പാർട്ടി നേതാക്കൾ ആശങ്കപ്പെടുന്നുണ്ട്. എപ്പോഴും മാറിമറിയുന്നകുഞ്ഞാലിക്കുട്ടിയുടെ ഉന്നത തല കൂട്ടായ്മയിൽ ഇപ്പോൾ വഹാബും മജീദും പുറത്താണെന്നാണ് സംസാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP