Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'എന്നോടും മക്കളോടും പൊറുക്കണേ': രഹന മക്കളെയും കൂട്ടി ജീവനൊടുക്കിയത് ഭർത്താവ് ബിനീഷിനോട് മാപ്പപേക്ഷിച്ച ശേഷം; തൂങ്ങി മരണത്തിന് കാരണം തേടി സയന്റിഫിക് പരിശോധന; വീടിന്റെ മുൻവശത്തെ മാലിന്യക്കുഴിയിൽ നിന്നും സേമിയ പായസത്തിന്റെ അവശിഷ്ടങ്ങൾ; മലപ്പുറം കുട്ടംകുളത്തെ കൂട്ടമരണത്തിന് പിന്നിൽ എന്ത്?

'എന്നോടും മക്കളോടും പൊറുക്കണേ': രഹന മക്കളെയും കൂട്ടി ജീവനൊടുക്കിയത് ഭർത്താവ് ബിനീഷിനോട്  മാപ്പപേക്ഷിച്ച ശേഷം; തൂങ്ങി മരണത്തിന് കാരണം തേടി സയന്റിഫിക് പരിശോധന; വീടിന്റെ മുൻവശത്തെ മാലിന്യക്കുഴിയിൽ നിന്നും സേമിയ പായസത്തിന്റെ അവശിഷ്ടങ്ങൾ; മലപ്പുറം കുട്ടംകുളത്തെ കൂട്ടമരണത്തിന് പിന്നിൽ എന്ത്?

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം എടക്കര പോത്തുകൽ ഞെട്ടിക്കുളം കുട്ടംകുളത്ത് മാതാവും മൂന്നു മക്കളും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണംതേടി പൊലീസ് സയന്റിഫിക് വിഭാഗം വിശദ പരിശോധന നടത്തി. ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരന്റെ ഭാര്യ രഹന(35), മക്കളായ ആദിത്യൻ(12), അനന്തു(11), അർജുൻ(8) എന്നിവരെയാണ് കുട്ടംകുളത്തുള്ള വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ഞായറാഴ്ച കണ്ടെത്തിയത്. വീട്ടിൽനിന്നും മരിച്ച രഹ്ന എഴുതിയ ആത്മഹത്യാകുറിപ്പ് പൊലീസിന് ലഭിച്ചു. കുറിപ്പിൽ ഭർത്താവിനോട് മാപ്പപേക്ഷിക്കുന്നതായി പറയുന്നു. തന്നോടും മക്കളോടും പൊറുക്കണമെന്ന് പറഞ്ഞ് മാപ്പ്പേക്ഷ എഴുതിവച്ചാണ് ആത്മഹത്യചെയ്തത്.

മലപ്പുറം സയന്റിഫിക് ഓഫീസർ ഡോ. തൊയ്ബ കൊട്ടേക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടംകുളത്ത് കുടുംബം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലും പരിസരത്തും ഇന്ന് ശാസ്ത്രീയ പരിശോധന നടത്തിയത്. ഇന്നലെ പതിനൊന്നരയോടെയാണ് സംഘം കുട്ടംകുളത്ത് എത്തിയത്. വീടിന്റെ മുൻവശത്ത് വേയ്സ്റ്റ് ഇടുന്ന കുഴിയിൽ നിന്നു ഇവർ കഴിച്ചതെന്നു സംശയിക്കുന്ന സേമിയ പായസത്തിന്റെ ഒഴിവാക്കിയ അവശിഷ്ടത്തിന്റെ സാമ്പിളും അടുക്കളയിൽ നിന്നു അഴുക്കു വെള്ളം ഒഴുകിവരുന്നിടത്ത് നിന്നുള്ള സാമ്പിളും സംഘം ശേഖരിച്ചിട്ടുണ്ട്. വീടിനുള്ളിൽ നിന്നു രഹന തയാറാക്കിയ ആത്മഹത്യാ കുറിപ്പും രഹന ഉപയോഗിക്കുന്ന മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം വിശദ പരിശോധനകൾക്കായി സംഘം കൊണ്ടുപോയി. പ്രാഥമിക മരണകാരണം തൂങ്ങിമരണം തന്നെയാണെന്നു പൊലീസ് പറയുന്നു. എന്നാൽ ഇവരുടെ ഉള്ളിൽ വിഷാംശം ചെന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

പോത്തുകൽ എസ്ഐ കെ. അബ്ബാസ്, സീനിയർ സിപിഒ മുജീബ് എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ അയൽവാസികളാണ് നാല് പേരും വീടിനുള്ളിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. രാവിലെ ഒൻപതരയോടെ രഹന ഞെട്ടിക്കുളം അങ്ങാടിയിൽ ഓട്ടോറിക്ഷയിൽ പോയി വരുന്നത് കണ്ടവരുണ്ട്. പിന്നീട് കണ്ണൂർ ഇരിക്കൂറിൽ ടാപ്പിങ് ജോലി ചെയ്യുന്ന ഭർത്താവ് ബിനീഷ് മൊബൈലിൽ രഹനയുമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെത്തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

പതിനൊന്ന് മണിയോടെ അയൽവാസികൾ എത്തി വിളിച്ചെങ്കിലും അരെയും കാണാത്തതിനെത്തുടർന്ന് നാട്ടുകാരെ കൂട്ടി വീടിന്റെ പിൻവാതിൽ ചവുട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. വീടിന്റെ വരാന്ത പോലുള്ള ഭാഗത്ത് നാല് പേരും ചുരിദാറിന്റെ ഷാളിലും മുണ്ടിലുമായി തൂങ്ങി നിൽക്കുന്ന കാഴ്‌ച്ചയാണ് നാട്ടുകാർ കണ്ടത്. ഉടൻതന്നെ പോത്തുകൽ പൊലീസിൽ വിവരമറിയിക്കുകയും സിഐ ശംഭുനാഥിന്റെ നേതൃത്വത്തിൽ പൊലീസെത്തി ഇവരെ താഴയിറക്കി പോത്തുകല്ലിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിക്കുകയും തുടർന്ന് ആംബുലൻസിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആരുടെയും ജിവൻ രക്ഷിക്കാനായില്ല.

ഭക്ഷ്യവസ്തുക്കളിൽ വിഷം കലർത്തി നൽകിയ ശേഷം രഹന കുട്ടികളെ കെട്ടിത്തൂക്കുകയായിരുന്നുവെന്നും സംശയമുണ്ട്. ഇന്ന് നടക്കുന്ന ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് രഹനയും ബിനീഷുമായി തർക്കമുണ്ടായിതായി പറയപ്പെടുന്നുണ്ട്. മുൻപ് ഇവർ തമ്മിലുള്ള കുടുംബവഴക്ക് എസ്‌ഐ കെ അബ്ബാസ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ രമ്യതയിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഇരുപത്തിയൊൻപതിന് നാട്ടിലെത്തിയ ബിനീഷ് കഴിഞ്ഞ നവംബർ മൂന്നിനാണ് ജോലി സ്ഥലത്തേക്ക് മടങ്ങിയത്. തുടിമുട്ടിയിൽ താമസിച്ചിരുന്ന കുടുംബം 2019-ലെ പ്രളയത്തെത്തുടർന്നാണ് ഞെട്ടിക്കുളത്തെ വാടക വീട്ടിലേക്ക് താമസം മാറ്റിയത്. രഹനയുടെ മൊബൈൽ ഫോൺ പരിശോധിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവന്നെ് പോത്തുകൽ പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP