Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കുരിശിൽ മരിച്ചവനേ... കുരിശാലേ വിജയം വരിച്ചവനേ... മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ വഴിയേ വരുന്നു ഞങ്ങൾ; ആബേലച്ചന്റെ കുരിശിന്റെ വഴിയിൽ മനോരമയ്‌ക്കെതിരെ മോഷണം ആരോപിച്ച് സിഎംഐ സഭ; പരസ്യത്തിന് വേണ്ടി സഭയ്ക്ക് അവകാശപ്പെട്ട പ്രാർത്ഥനാ ഗീതം മനോരമ പ്രിന്റ് ചെയ്ത് സൗജന്യമായി നൽകിയത് പരസ്യം ലക്ഷ്യമിട്ടെന്ന് ആരോപണം; വിശ്വാസ സമൂഹം വിശുദ്ധമായി കാണുന്ന ആത്മീയ പുസ്തകത്തിൽ വിവാദം; മനോരമയ്‌ക്കെതിരെ കോട്ടയം പൊലീസിൽ പരാതിയുമായി സിഎംഐ സഭ

കുരിശിൽ മരിച്ചവനേ... കുരിശാലേ വിജയം വരിച്ചവനേ... മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ വഴിയേ വരുന്നു ഞങ്ങൾ; ആബേലച്ചന്റെ കുരിശിന്റെ വഴിയിൽ മനോരമയ്‌ക്കെതിരെ മോഷണം ആരോപിച്ച് സിഎംഐ സഭ; പരസ്യത്തിന് വേണ്ടി സഭയ്ക്ക് അവകാശപ്പെട്ട പ്രാർത്ഥനാ ഗീതം മനോരമ പ്രിന്റ് ചെയ്ത് സൗജന്യമായി നൽകിയത് പരസ്യം ലക്ഷ്യമിട്ടെന്ന് ആരോപണം; വിശ്വാസ സമൂഹം വിശുദ്ധമായി കാണുന്ന ആത്മീയ പുസ്തകത്തിൽ വിവാദം; മനോരമയ്‌ക്കെതിരെ കോട്ടയം പൊലീസിൽ പരാതിയുമായി സിഎംഐ സഭ

എം മനോജ് കുമാർ

കോട്ടയം: വിശുദ്ധവാരത്തിൽ മലയാള മനോരമ അടിച്ചുമാറ്റിയത് ആബേലച്ചന്റെ കുരിശിന്റെ വഴി. കോട്ടയത്തെ സിഎംഐ സഭയ്ക്കും മാന്നാനം പ്രസിനും കോപ്പിറൈറ്റുള്ള ആബേലച്ചന്റെ പ്രശസ്തമായ കുരിശിന്റെ വഴിയാണ് വിശുദ്ധവാരത്തിൽ മനോരമ അടിച്ചുമാറ്റിയത്. മനോരമയുടെ പ്രവർത്തി ചൊടിപ്പിച്ചതോടെയാണ് മനോരമയ്ക്കെതിരെ പരാതിയുമായി സിഎംഐ സഭ രംഗത്ത് വന്നത്.

സഭയ്ക്ക് കോപ്പിറൈറ്റുള്ള കുരിശിന്റെ വഴി മനോരമ അടിച്ചുമാറ്റുകയും രചയിതാവായ ആബേലച്ചന്റെ പേര് പോലും വയ്ക്കാതെ പുസ്തകം അനധികൃതമായി പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നാണ് സഭയുടെ പരാതി. ക്രിസ്ത്യൻ പള്ളികളിൽ പ്രാർത്ഥനാ ഗീതമായി ആലപിക്കുന്ന കുരിശിന്റെ വഴി അനധികൃതമായി പ്രിന്റ് ചെയ്ത മനോരമ പരസ്യത്തിന് വേണ്ടി പ്രസിദ്ധീകരിച്ച് സൗജന്യമായി വഴിയിൽ തള്ളുകയും ചെയ്തു എന്ന് സഭ ആരോപിക്കുന്നു. കോട്ടയം പൊലീസ് മേധാവിക്ക് ഇത് സംബന്ധിച്ച് സിഎംഐ സഭ പരാതി നൽകുകയും ചെയ്തിട്ടുണ്ട്. കോപ്പി റൈറ്റ് ആക്ട് ലംഘിച്ച മനോരമയുടെ പ്രവർത്തി ഗൗരവകരമായി കണ്ട് കോട്ടയം പൊലീസ് ഈ കേസിൽ മനോരമയ്ക്കെതിരെഅന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മുപ്പതോളം പേജുകളുള്ള പ്രാർത്ഥനയും പ്രാർത്ഥനാ ഗീതവും അടങ്ങിയതാണ് ആബേലച്ചന്റെ പ്രശസ്തമായ കുരിശിന്റെ വഴി. പതിനാലോളം പ്രാർത്ഥനയും പ്രാർത്ഥനാ ഗീതങ്ങളും പുസ്തകത്തിലുണ്ട്. ക്രിസ്ത്യൻ പുരോഹിതരും വിശ്വാസസമൂഹവും വിശുദ്ധമായി കാണുന്ന പ്രാർത്ഥനയും പ്രാർത്ഥനാഗീതവുമാണിത്. '' കുരിശിൽ മരിച്ചവനേ, കുരിശാലേ വിജയം വരിച്ചവനേ; മിഴിനീരൊഴുക്കിയങ്ങേ കുരിശിന്റെ വഴിയേ വരുന്നു ഞങ്ങൾ'' വിശ്വാസികളുടെ ഹൃദയത്തിൽ പീഡാസഹത്തിന്റെ ഇരമ്പൽ ജനിപ്പിക്കുന്ന ഗാനമാണിത്. വിശ്വാസികൾ തിരുശേഷിപ്പുപോലെ സൂക്ഷിക്കുന്നതാണ് ആബേലച്ചന്റെ ഈ പ്രാർത്ഥനാ പുസ്തകം.

ഈ പ്രാർത്ഥനാ പുസ്തകമാണ് കഴിഞ്ഞ വിശുദ്ധവാരത്തിൽ മനോരമ അനധികൃതമായി പ്രസിദ്ധീകരിക്കുകയും പരസ്യത്തിനായി സൗജന്യവിതരണം നടത്തുകയും ചെയ്തത്. കുരിശിൽ കിടക്കുന്ന ക്രിസ്തുവിന്റെ രൂപം കവർ ചട്ടയാക്കി അതിനു താഴെ വലിയ അക്ഷരത്തിൽ മനോരമ എന്ന് പ്രിന്റ് ചെയ്ത് മറ്റൊരു വെബ്‌സൈറ്റിന്റെ പരസ്യം സഹിതമാണ് മനോരമ കുരിശിന്റെ വഴി സൗജന്യമായി വിതരണം ചെയ്തത്. സിഎംഐ സഭ പുസ്തകത്തിനായി തയ്യാറാക്കിയ അകം പുറം ചട്ടകൾ ഒഴിവാക്കിയാണ് മനോരമ സ്വന്തം പേര് വെച്ച് രചയിതാവായ ആബേലച്ചന്റെ പേര് പോലും ഒഴിവാക്കി അച്ചടിച്ച് പ്രസിദ്ധീകരണത്തിനായി എത്തിച്ചത്.

വിശ്വാസികൾ പൊതുവെ കാശ് കൊടുത്ത് വാങ്ങിയാണ് ഈ പ്രാർത്ഥനാ പുസ്തകം കരസ്ഥമാക്കുന്നത്. സിഎംഐ സഭയാണ് ഈ പുസ്തകം ക്രിസ്തീയ വിശ്വാസികൾക്കായി എത്തിക്കുകയും ചെയ്യുന്നത്. പുസ്തകം സൗജന്യമായി വിതരണം ചെയ്തപ്പോൾ വിശ്വാസികൾ വിശുദ്ധമായി കരുതുന്ന പുസ്തകത്തിന്റെ കോപ്പികൾ പലതും വഴിയിൽ കിടന്നു. ക്രിസ്തുവിന്റെ ചിത്രം കൂടിയുള്ള പുസ്തകം നിലത്ത് ചവിട്ടിമെതിക്കപ്പെട്ട അവസ്ഥയും വന്നു. വിശുദ്ധമായ പ്രാർത്ഥനാ ഗീതം നിലത്തു കിടന്നു ചവിട്ടി മെതിക്കപ്പെടുന്ന അവസ്ഥ കണ്ടപ്പോൾ വിശ്വാസികൾ തന്നെയാണ് മനോരമയുടെ ചെയ്തികൾക്കെതിരെ രംഗത്തുവന്നത്. ഈ പ്രതിഷേധമാണ് പിന്നീട് സിഎംഐ സഭ തന്നെ ഏറ്റെടുത്തത്. ഇതോടെയാണ് കോപ്പി റൈറ്റ് ലംഘനങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കാറുള്ള മനോരമയുടെ തന്നെ കോപ്പി റൈറ്റ് ലംഘനത്തിന്നെതിരെ രംഗത്തുവരാൻ സഭ തീരുമാനിക്കുകയും ചെയ്തത്.

'' കോപ്പി റൈറ്റ് ആക്ട് മനോരമ ലംഘിച്ചിരിക്കുകയാണ്. ആബേലച്ചന്റെ പ്രശസ്തമായ പ്രാർത്ഥനാഗീതം ആബേലച്ചന്റെ പേര് പോലും നൽകാതെയാണ് മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നത്-സിഎംഐ സഭാ വക്താവ് ഫാദർ സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രാർത്ഥനാ പുസ്തകം സൗജന്യ വിതരണം നടത്തി വഴിയിൽ കൊണ്ടുപോയി ഇട്ടു മനുഷ്യർ ചവിട്ടുന്ന അവസ്ഥ വന്നിട്ടുണ്ട്. കുരിശുരൂപം തന്നെയാണ് ഇങ്ങിനെ വഴിയിൽ കിടന്നു അവഹേളിക്കപ്പെടുന്നത്. അധിക്ഷേപാർഹമായ രീതികളാണ് മനോരമ പിന്തുടരുന്നത്. വേദനാജനകമായ രീതിയിലുള്ള പ്രവർത്തനമാണ് മനോരമ നടത്തിയത് എന്നുള്ളതുകൊണ്ടാണ് മനോരമയ്ക്കെതിരെ എസ്‌പിക്ക് പരാതി നൽകിയത്. മനോരമ അടിച്ച കോപ്പികൾ പിൻവലിക്കപ്പെടണം. അതേസമയം നിയമലംഘനത്തിനു മനോരമയ്ക്കെതിരെ നടപടികളും സ്വീകരിക്കണം. ഇതാണ് പരാതിയിൽ ആവശ്യപ്പെട്ടത്.-ഫാദർ സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ പറയുന്നു.

മനോരമയുടെ ലക്ഷ്യം പരസ്യം മാത്രമാണ്. ആബേലച്ചന്റെ കുരിശിന്റെ വഴി പരസ്യത്തിനുവേണ്ടി മനോരമ ഉപയോഗിക്കുകയാണ് ചെയ്തത്. ഒട്ടും അറിവില്ലാത്ത ആളുകളുടെ കയ്യിൽ നിന്ന് വന്ന പ്രവർത്തിയല്ല ഇത്. കോപ്പി റൈറ്റ് ആക്ടിന്റെ പ്രശ്‌നം വരുമെന്ന് കണ്ടതിനാലാണ് ആബേലച്ചന്റെ പേര് മനോരമ ഒഴിവാക്കിയിട്ടുള്ളത്-ഫാദർ സെബാസ്റ്റ്യൻ പറയുന്നു. കോപ്പിറൈറ്റ് പ്രശ്‌നങ്ങളിൽ കടുത്ത നിലപാടുമായി മുന്നോട്ടു പോകുന്ന മലയാള മനോരമയ്ക്ക് നിനച്ചിരിക്കാതെ വന്ന തിരിച്ചടിയാണ് സിഎംഐ സഭയുടെ പരാതി. ആബേലച്ചന്റെ പ്രശസ്തമായ പ്രാർത്ഥനാ ഗീതം ആണ് എന്നതിനാൽ സംഭവം വിവാദമാകുകയും ചെയ്തു.

ഇപ്പോൾ കേസിൽ അന്വേഷണം ഉൾപ്പെടെയുള്ള തുടര്‌നടപടികൾക്ക് ഒരുങ്ങുകയാണ് കോട്ടയം പൊലീസ്. ബോബനും മോളിയും കേസിനു ശേഷം പ്രസിദ്ധീകരണ സംബന്ധമായി മനോരമയ്ക്ക് എതിരെ വരുന്ന ശ്രദ്ധേയമായ പരാതികൂടിയായേക്കും സിഎംഎസ് സഭ നൽകിയ പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP