Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

മലബാർ ഗോൾഡിന് മുന്നിൽ നിയമവും വഴിമാറുന്നോ? കാക്കാഞ്ചേരിയിലെ സ്വർണ്ണ നിർമ്മാണ യൂണിറ്റിന് വേണ്ടി റെഡ് കാറ്റഗറിയെ ഗ്രീനാക്കാൻ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ; വിഷ മാലിന്യം പുറന്തള്ളുന്ന ഫാക്ടറിക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ടത്തിൽ ഒരു ജനത

മലബാർ ഗോൾഡിന് മുന്നിൽ നിയമവും വഴിമാറുന്നോ? കാക്കാഞ്ചേരിയിലെ സ്വർണ്ണ നിർമ്മാണ യൂണിറ്റിന് വേണ്ടി റെഡ് കാറ്റഗറിയെ ഗ്രീനാക്കാൻ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടൽ; വിഷ മാലിന്യം പുറന്തള്ളുന്ന ഫാക്ടറിക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാത്ത പോരാട്ടത്തിൽ ഒരു ജനത

എം പി റാഫി

മലപ്പുറം: മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ മലബാർ ഗോൾഡിനു സ്വർണ്ണനിർമ്മാണ യൂണിറ്റുയർത്തുന്ന പരിസ്ഥിതി പ്രശ്‌നങ്ങൾ മൂലം ജനജീവിതം ഈ മേഖലയിൽ ദുസഹമാകുന്നു. സ്വർണാഭരണ കേന്ദ്രത്തിന്റെ നിർമ്മാണപ്രവർത്തനത്തിനിടെ പോലും അന്താരീക്ഷ മലിനീകരണം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ സ്വർണ്ണാഭരണ കേന്ദ്രം പൂർണ്ണ തോതിൽ പ്രവർത്തനം തുടങ്ങിയാൽ വീടും നാടും പോലും ഉപേക്ഷിച്ച് പോകേണ്ടി വരുമെന്ന ഭീതിയിലാണ് കാക്കഞ്ചേരി നിവാസികൾ. ഈ സാഹചര്യത്തിൽ പ്രമുഖ ജുവലറി ഗ്രൂപ്പായ മലബാർ ഗോൾഡിനെതിരെ അനിശ്ചിത കാല സമരവുമായി നാട്ടുകാർ രംഗത്ത് എത്തി.

സമരം ഇനിയും ശക്തി പ്രാപിക്കുമെന്നായപ്പോൾ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഫാക്ടറിക്കായുള്ള അനുരജ്ഞന ചർച്ചകളും സജീവമായി. മലബാർ ഗ്രൂപ്പ് അപേക്ഷ നൽകിയത് റെഡ് കാറ്റഗറിയിലായിരിക്കെ ഗ്രീൻ കാറ്റഗറി നൽകി നൂറ് മീറ്റർ ദൂരമെന്നത് കുറഞ്ഞ ദൈർഘ്യമാക്കാനാണ് മന്ത്രിയും വ്യവസായ വകുപ്പും ശ്രമിക്കുന്നത്. സമരക്കാർ ഇതിന് വഴങ്ങിയിട്ടില്ല. ഫാക്ടറി വന്നാലുണ്ടാകുന്ന ദുരിതം തലമുറകൾ അനുഭവിക്കേണ്ടി വരുമെന്നതിനാൽ ആഭരണ നിർമ്മാണ കേന്ദ്രം പൂട്ടും വരെ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.

കാക്കഞ്ചേരി കിൻഫ്രാ പാർക്കിൽ മലബാർ ഗോൾഡിന്റെ ആഭരണ നിർമ്മാണ കേന്ദ്രം ആരംഭിക്കുന്നതിനെതിരെയാണ് വിവിധ രാഷ്ട്രീയ കക്ഷികളുൾപ്പടെ നാട്ടുകാർ സമരവുമായി രംഗത്ത് വന്നത്. 12 ദിവസം പിന്നിട്ട സമരം കൂടുതൽ ശക്തമാക്കാനാണ് നീക്കം. സർക്കാരും ഭരണകൂടങ്ങളും മലബാർ ഗോൾജിന് വേണ്ടി സാധാരണക്കാരുടെ പ്രശ്‌നങ്ങൾ കണ്ടില്ലെന്ന് നടക്കുന്ന സാഹചര്യത്തിലാണ് ഇത്. ജനവാസ കേന്ദ്രത്തിൽ സ്വർണാഭരണ നിർമ്മാണ ഫാക്ടറി വന്നാലുണ്ടാകുന്ന മാലിന്യ പ്രശിനവും ജലമലിനീകരണവും വിഷമയമുള്ള അന്തരീക്ഷവുമാണ് നാട്ടുകാരെ അനിശ്ചിത കാല സമരത്തിന് പ്രേരിപ്പിച്ചത്.

ഈ വിഷയങ്ങൾ സൂചിപ്പിച്ച് പഞ്ചായത്ത് മെമ്പർ മുതൽ മുഖ്യമന്ത്രി വരെയുള്ളവർക്കും പ്രതിപക്ഷ നേതാവിനും മിലിനീകരണ നിയന്ത്രണ ബോർഡ്, വ്യവസായ വകുപ്പ് എന്നിവരെയെല്ലാം സമരസമിതി സമീപിച്ചു. എന്നാൽ ഇതിനൊന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ മലബാർ ഗ്രൂപ്പ് ആരംഭിച്ച സ്വർണാഭരണ നിർമ്മാണ കേന്ദ്രം അടച്ചു പൂട്ടും വരെയും ഞങ്ങൾ അനിശ്ചിത കാല സമരം തുടരുമെന്നും സമര സമിതി ചെയർമാനും പ്രദേശ വാസിയുമായി ബാലകൃഷ്ണൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

മലബാർ ഗോൾഡ് കിൻഫ്രയിൽ രണ്ട് ഏക്കർ ഭൂപ്രദേശത്താണ് ആഭരണ കേന്ദ്രത്തിന്റെ നിർമ്മാണം നടത്തിയിരുന്നത്. മാസങ്ങൾക്ക് മുമ്പ് ഫാക്ടറിയുടെ നിർമ്മാണ പ്രവർത്തികൾക്കെതിരെ നാട്ടുകാർ രംഗത്ത് വന്നിരുന്നു. എന്നാൽ ഇത് വക വെയ്ക്കാതെ നിർമ്മാണ പ്രവർത്തിയുമായി മലബാർ ഗോൾഡ് മുന്നോട്ട് പോകുകയായിരുന്നു. ഈ മാസം 19ന് സ്വർണാഭരണ കേന്ദ്രത്തിന്റെ നിർമ്മാണം തകൃതിയായി നടക്കുന്നതിനിടെയുണ്ടായ അന്താരീക്ഷ മലിനീകരണം മൂലം പ്രദേശവാസികൾ ബുദ്ധിമുട്ടിയതോടെയാണ് സമരസമിതിയുടെ നേതൃത്വത്തിൽ വീണ്ടും സമരവുമായി രംഗത്തിറങ്ങിയത്.

എന്നാൽ മലബാർ ഗോൾഡ് അധികൃതർ പൊലീസിൽ വിവരമറിയിക്കുകയും നിർമ്മാണത്തിനാവശ്യമായ സമാഗ്രികളും തൊഴിലാളികളെയും പൊലീസ് സംരക്ഷണത്തിൽ അകത്തേക്ക് കയറ്റുകയുമാണ് ചെയ്തത്. ഇതോടെ സമര സമിതി അനിശ്ചിത കാലത്തേക്ക് സമരം പ്രഖ്യാപിക്കുകയായിരുന്നു. സമരത്തിലേക്ക് നാട്ടുകാരുടെയും മുഴുവൻ പാർട്ടികളുടെയും സഹകരണം ഒന്നിച്ചതോടെ സമരത്തിന് ശക്തി കൂടുകയായിരുന്നു. സമരക്കാർ കിൻഫ്രാ കോമ്പൗണ്ടിലേക്ക് നിർമ്മാണ തൊഴിലാളികളെ കടത്തിവിടാതായതോടെ മാലബാർ ഗ്രൂപ്പ് തൽക്കാലം നിർമ്മാണം നിറുത്തിവെയ്ക്കുകയായിരുന്നു.

മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്രയുടെ വ്യവസായ പാർക്കിൽ മലബാർ ഗോൾഡിനു സ്വർണ്ണനിർമ്മാണ യൂണിറ്റ് തുടങ്ങാൻ സ്ഥലം അനുവദിച്ചതും വലിയ വിവാദത്തിനിടെയാണ്. ഭക്ഷ്യ അനുബന്ധ വ്യവസായങ്ങൾക്കു വേണ്ടിയുള്ള കേരളത്തിലെ ആദ്യ പ്രത്യേക സാമ്പത്തിക മേഖല എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ കാക്കഞ്ചേരിയിലെ കിൻഫ്ര പാർക്കിന്റെ തുടക്കത്തിൽ ഹൈവേയോടു ചേർന്നുള്ള രണ്ടേക്കർ മിച്ചം വരുന്ന പ്ലോട്ടിൽ മാരക രാസപദാർത്ഥങ്ങൾ ഉപയോഗിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണശാല വരുന്നതിനെയാണ് നാട്ടുകാരും പാർക്കിലെ ഭക്ഷ്യവ്യവസായികളുടെ അസോസിയേഷനും ഒരേപോലെ എതിർക്കുന്നത്.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ പാരിസ്ഥിതികാനുമതി ലഭിക്കാതെ തന്നെ യൂണിറ്റ് തുടങ്ങാൻ ഉദ്ദേശിച്ച് നിർമ്മാണ പ്രവർത്തനങ്ങളുമായി മലബാർ ഗോൾഡ് മുന്നോട്ട് പോയി. ഇതിനെതിരെ പൗരസമിതിയെ പ്രതിനിധീകരിച്ച് ചെന്നൈയിലെ ഗ്രീൻ ട്രിബ്യൂണലിനെ സമീപിച്ച ഹർജിക്കാർക്ക് ലഭിച്ച അനുകൂല വിധി കോടതി തിരികെ വിളിപ്പിച്ചു തിരുത്തിവിട്ടതും വിവാദമായിരുന്നു. ഹർജിക്കാരുടെ അഭിഭാഷകൻ ഹരീഷ് വാസുദേവൻ നടത്തിയ വെളിപ്പെടുത്തലുകൾ മറുനാടൻ മലയാളി പുറത്തുകൊണ്ടു വന്നിരുന്നു. സർക്കാരിന്റേയും മറ്റ് സംവിധാനങ്ങളുടേയും ഒത്താശയോടെ മലബാർ ഗോൾഡ് നടത്തുന്ന നീക്കത്തിന് തെളിവായിരുന്നു ഗ്രീൻ ട്രിബ്യൂണലിലെ സംഭവങ്ങൾ.

മലബാർ ഗ്രൂപ്പ് ആരംഭിക്കാനിരിക്കുന്ന സ്വർണാഭരണ നിർമ്മാണ കേന്ദ്രം മനുഷ്യ ജീവനും ജനവാസ കേന്ദ്രത്തിനും ഭീഷണിയാകുന്ന നിരവധി കാരണങ്ങൾ സമരക്കാർ ചൂണ്ടിക്കാട്ടുന്നുണ്ട്. പരിസര ജില്ലകളിൽ സമാനമായ ഫാക്ടറികൾ വന്നത് മൂലം സംഭവിച്ച ജല മലിനീകരണ പ്രശ്‌നങ്ങളും മറ്റു മലിനീകരണങ്ങളും കാരണം ഇന്നും ജനങ്ങൾ ദുരിദത്തിലാകുന്നുമുണ്ട്. വൻകിട കുത്തകകൾക്കു മുന്നിൽ അധികൃതർ മാനദണ്ഡങ്ങളും വ്യവസ്ഥകളും കാറ്റിൽ പറത്തുന്ന കാഴ്ചയാണിവിടെ. ജനവാസ കേന്ദ്രത്തിൽ നിന്നും നൂറ് മീറ്റർ അകലെയായിരിക്കണം ഇത്തരത്തിൽ ആരംഭിക്കുന്ന റെഡ് കാറ്റഗറിയിലുള്ള സ്ഥാപനങ്ങൾ എന്നിരിക്കെയാണ് വീടുകളും ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളുമുൾപ്പടെയുള്ളവ വ്യവസായത്തിന്റെ പേരിൽ കണ്ടില്ലെന്ന് നടിക്കുന്നത്.

ആഭരണ നിർമ്മാണ കേന്ദ്രത്തിൽ നിന്നും ഒരു ദിവസം 48 ലീറ്റർ ആസിഡ് മാലിന്യങ്ങളും 15 ഗ്രാം പൊട്ടാസ്യം സൈനേഡ് മാലിന്യം,11 കിലോ ഗ്രാം ചെമ്പ് 1064 ഡിഗ്രിയിൽ ചൂടാക്കുമ്പോളുണ്ടാകുന്ന കോപ്പറോക്‌സൈഡ് മാലിന്യം, മൂന്ന് ലക്ഷം ലീറ്റർ ജലമാലിന്യം, സോഡിയം സൈനേഡ്, കാഡ്മിയം, മെർക്കുറി മാലിന്യങ്ങൾ തുടങ്ങി കാണാൻ പറ്റുന്നതും പറ്റാത്തതുമായ വിഷ മലിനീകരണങ്ങളുടെ പട്ടിക ഇനിയും നീളുന്നു. എയർ കണ്ടീഷൺ ചെയ്ത കെട്ടിടത്തിനകാത്താണ് ഇത്തരം നിർമ്മാണ പ്രവർത്തികളെല്ലാം നടക്കുന്നതെന്ന് മലബാർ ഗ്രൂപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും കാഡ്മിയവും മെർക്കുറിയുമെല്ലാം സ്വർണ്ണാഭരണ നിർമ്മാണത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത പദാർത്ഥങ്ങളാണ്. ഇത്തരം പദാർത്ഥങ്ങൾ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ വലുതുമാണ്.

മനുഷ്യ ശരീരത്തിലെ എല്ലുകൾ ദ്രവിക്കാൻ പ്രഹര ശേഷിയുള്ളവയും മാരക രോഗങ്ങൾ വിതക്കുന്നതുമായ ചേരുവകൾ ഇക്കൂട്ടത്തിലുണ്ട്. രണ്ട് ലക്ഷം സ്‌ക്വയർ ഫീറ്റിൽ രണ്ടേ കാൽ ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് 2675 തൊഴിലാളികളിൽ നിന്നുള്ള ഹ്യൂമൺ വേസ്റ്റ്, ഫുഡ് വേസ്റ്റ് തുടങ്ങിയവ വേറെയും ഇവിടെ നിന്നും പുറം തള്ളേണ്ടി വരും. ചെറുകിട സ്വർണാഭരണ കേന്ദ്രങ്ങൾ നിലനിന്നിരുന്ന പ്രദേശങ്ങളിലെല്ലാം പിരിസരത്തുള്ള കിണറുകളിൽ നിന്ന് ലഭിക്കുന്നത് മലിന ജലമാണ്. എന്നാൽ രണ്ടായിരം കോടി രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഈ വൻകിട പദ്ധതി യാഥാർത്ഥ്യമായാൽ ജന ജീവിതം ദുസ്സഹമാക്കുമെന്ന ആശങ്കിയിലും ഭീതിയിലുമാണ് ജനങ്ങൾ.

2003ൽ ഫൂഡ് പാർക്കായി പ്രസിഡന്റ് പ്രഖാപിച്ചിരുന്ന കിൻഫ്രയിൽ ആസിഡ് പോലുള്ളവ കൊണ്ട് നിർമ്മാണം നടത്താൻ പാടില്ലെന്നിരിക്കെയാണ് മലബാർ ഗോൾഡിന് ഭൂമി അനുവദിച്ചത്. ഇരുപത് കോടിയിലധികം വില വരുന്ന ഭൂമി മൂന്ന് കോടി രൂപക്ക് മലബാർ ഗ്രൂപ്പിന് നൽകിയതിന് പിന്നിലും താൽപര്യങ്ങളുണ്ട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപം കാക്കഞ്ചേരിയിൽ ദേശീയ പാതയോരത്ത് കിൻഫ്രക്ക് അഭിമുഖമായി നടക്കുന്ന സമരം ദിവസങ്ങൾ പിന്നിട്ടെങ്കിലും സ്ഥലം എംഎ‍ൽഎയോ മറ്റു നേതാക്കളോ അധികൃതരോ ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. മലബാർ ഗോൾഡിനെതിരിൽ നടക്കുന്ന സമരമായതുകൊണ് തന്നെ മുഖ്യധാരാ മധ്യമങ്ങളും കണ്ണടച്ചു. ജനകീയ പ്രശ്‌നങ്ങൾക്കപ്പുറം മലബാർ ഗോൾഡിന്റെ പരസ്യങ്ങളിലാണ് അവരുടെ കണ്ണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP