Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിവാർ മനസ്സറിഞ്ഞ് മഞ്ഞുരുക്കാൻ പിപി മുകുന്ദനെ കാണാൻ കുമ്മനം എത്തി; അമൃതയിലെ കൂടിക്കാഴ്ചയോടെ സജീവമാകുന്നത് ബിജെപിയിലേക്കുള്ള മുതിർന്ന നേതാവിന്റെ മടക്കസാധ്യത; മുൻ പ്രചാരകന്റെ മടങ്ങിവരവിൽ ഇനി നിർണ്ണായകം അമിത് ഷായുടെ നിലപാട്

പരിവാർ മനസ്സറിഞ്ഞ് മഞ്ഞുരുക്കാൻ പിപി മുകുന്ദനെ കാണാൻ കുമ്മനം എത്തി; അമൃതയിലെ കൂടിക്കാഴ്ചയോടെ സജീവമാകുന്നത് ബിജെപിയിലേക്കുള്ള മുതിർന്ന നേതാവിന്റെ മടക്കസാധ്യത; മുൻ പ്രചാരകന്റെ മടങ്ങിവരവിൽ ഇനി നിർണ്ണായകം അമിത് ഷായുടെ നിലപാട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിപി മുകുന്ദനെ ഉടൻ ബിജെപിയിൽ സജീവമാക്കുമെന്ന സൂചന നൽകി പാർട്ടി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷനായതിന് ശേഷം പിപി മുകുന്ദനുമായി കുമ്മനം നേരിട്ട് ചർച്ചയ്‌ക്കെത്തി. കൊച്ചി അമൃതാ ആശുപത്രിയിൽ മുകുന്ദൻ ചികിൽസയിൽ കഴിയവേ ആയിരുന്നു കുമ്മനത്തിന്റെ സന്ദർശനം. സൗഹൃദ സന്ദർശനമായിട്ടാണ് മുകുന്ദനും കുമ്മനവും ഇതിനെ വിശദീകരിക്കുന്നതെങ്കിലും നിലവിലെ ബിജെപി രാഷ്ട്രീയത്തിൽ ഏറെ നിർണ്ണായകമാണ് ഈ കൂടിക്കാഴ്ച. ആർ എസ് എസ് നിലപാട് കൂടി മനസ്സിലാക്കിയാണ് കുമ്മനം അമൃതയിലെത്തി മുകുന്ദനെ കണ്ടതെന്ന വിലയിരുത്തൽ സജീവമാണ്.

കോഴിക്കോട് ബിജെപിയുടെ ദേശീയ കൗൺസിൽ നടക്കുമ്പോൾ മുകുന്ദനെ ക്ഷണിക്കാത്തത് ചർച്ചയായിരുന്നു. അന്ന് കോഴിക്കോട് ആശുപത്രിയിൽ മുകുന്ദൻ ചികിൽസയിലുണ്ടായിരുന്നു. എന്നിട്ട് പോലും കുമ്മനം അദ്ദേഹത്തെ ചെന്ന് കാണുകയുണ്ടായില്ല. ബിജെപി അധ്യക്ഷനായ ശേഷം പിന്തുണ ആവശ്യപ്പെട്ട് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് മുകുന്ദനെ കുമ്മനം വിളിച്ചിരുന്നു. അതിന് ശേഷം പാർട്ടി ആസ്ഥാനത്ത് മുകുന്ദൻ എത്തിയപ്പോഴും വിട്ടുനിന്നു. ബിജെപിയിലെ മുരളീധര വിഭാഗത്തിന്റെ എതിർപ്പ് ഭയന്നായിരുന്നു കുമ്മനത്തിന്റെ ഈ നീക്കം. മുകുന്ദന്റെ ശിഷ്യരായി അറിയപ്പെട്ടുന്ന പികെ കൃഷ്ണദാസിനും മുതിർന്ന നേതാവിനെ പാർട്ടിയിൽ സജീവമാക്കുന്നതിനോട് താൽപ്പര്യമില്ല. ഇതോടെ മുകുന്ദനിൽ നിന്ന് അകന്നു നിൽക്കാൻ കുമ്മനവും നിർബന്ധിതനായി.

ബിജെപിയുടെ സംസ്ഥാന സമിതിയിൽ പോലും മുകുന്ദനെ ഉൾപ്പെടുത്തിയില്ല. മുകുന്ദനെ പോലെ പുറത്തു നിന്ന് കെ രാമൻപിള്ളയെ പോലും പാർട്ടി വേദികളിലേക്ക് കുമ്മനം മടക്കി കൊണ്ടു വന്നു. കോഴിക്കോട്ടെ ദേശീയ കൗൺസിലിനും രാമൻപിള്ള എത്തി. മുകുന്ദനെ ഇവിടേക്ക് വേണ്ട വിധം ക്ഷണിക്കാത്തതിൽ ആർഎസ് എശ് താത്വികാചാര്യനായ പി പരമേശ്വരൻ പോലും വിമർശനം ഉന്നയിച്ചു. എന്നിട്ടും ബിജെപി നേതൃത്വം മുകുന്ദനെ വേണ്ട വിധം പരിഗണിച്ചില്ല. ഇതിനിടെയാണ് മുകുന്ദൻ അമൃതയിൽ ചികിൽസയിലുള്ള വിവരമറിഞ്ഞ് കുമ്മനം അവിടെ എത്തിയത്. ആരോഗ്യ കാര്യങ്ങളിലായിരുന്നു ആശയ സംവാദം. എന്നാൽ ഈ കൂടിക്കാഴ്ച മഞ്ഞുരുകലിന്റെ ഭാഗമായി ബിജെപിയിലെ ഒരു വിഭാഗം വിലയിരുത്തുന്നു.

ബിജെപിയിൽ നിന്ന് മുകുന്ദനെ മാറ്റി നിർത്തുമ്പോഴും ആർഎസ് എസ് വേദികളിൽ മുകുന്ദൻ എത്തിയിരുന്നു. ചെങ്ങന്നൂരിലെ കാര്യലായം ഉദ്ഘാടന വേദിയിലും മുകുന്ദൻ എത്തി. ഈയിടെ കോഴിക്കോട് നടന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ പരിവാർ അനുകൂല സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യ അതിഥിയായും മുകുന്ദനെത്തി. ആർഎസ്എസിന്റെ പ്രധാന നേതാവ് ഗോപാലൻകുട്ടി മാസ്റ്റർക്കൊപ്പമായിരുന്നു മുകുന്ദൻ വേദിയിൽ എത്തിയത്. മുകുന്ദനോട് അയിത്തമില്ലെന്ന് സന്ദേശം ബിജെപിക്ക് കൊടുക്കാനായിരുന്നു ഇതെന്ന വിലയിരുത്തലെത്തി. ഇതോടെ മുകുന്ദനെ പാർട്ടി നേതാവായി അംഗീകരിക്കേണ്ട സാഹചര്യത്തിലേക്ക് ബിജെപി എത്തുകയാണ്. അതുകൊണ്ട് തന്നെയാണ് കുമ്മനം അമൃതയിൽ എത്തിയതെന്ന് വിലയിരുത്തുന്നു.

അമൃതയിൽ കുമ്മനവും ചികിൽസയ്ക്കായി എത്തിയതയാണ്. മുകുന്ദൻ ഉണ്ടെന്ന് അറിഞ്ഞപ്പോൾ അദ്ദേഹത്തെ കണ്ടു. മുകുന്ദനും ബിജെപിക്കാരൻ തന്നെയാണ്. കുമ്മനം മുകുന്ദനെ കാണുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. മറ്റ് തരം വ്യാഖ്യാനങ്ങൾ ശരിയുമല്ലെന്നാണ് ബിജെപിയിലെ കുമ്മനം പക്ഷത്തെ മുതിർന്ന നേതാവ് മറുനാടനോട് പ്രതികരിച്ചത്. ആർ എസ് എസ് സമ്മർദ്ദ പ്രകാരമല്ല മുകുന്ദനെ കുമ്മനം സന്ദർശിച്ചത്. ഇത്തരം കൂടിക്കാഴ്ചയിൽ രാഷ്ട്രീയം വേണ്ടെന്നാണ് അവരുടെ വിശദീകരണം. അതിനിടെ മുകുന്ദനോടുള്ള എതിർപ്പ് വി മുരളീധരനും കുറയുന്നതായി സൂചനയുണ്ട്. ബിജെപി മുഖങ്ങളെ സിപിഐ(എം) നോട്ടമിടുന്നുണ്ട്. അതിൽ പ്രധാനിയാണ് മുകുന്ദൻ. അതുകൊണ്ട് സിപിഎമ്മിന് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതൊന്നും സംഭവിക്കാൻ മുരളീധരനും ഈ ഘട്ടത്തിൽ ആഗ്രഹിക്കുന്നില്ല.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നേമത്തോ വട്ടിയൂർക്കാവിലോ സ്വതന്ത്രനായി മത്സരിക്കാൻ മുകുന്ദന് മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. എന്നാൽ താനെന്ന പരിവാറുകാരനായി തുടരുമെന്നായിരുന്നു മുകുന്ദൻ എടുത്ത നിലപാട്. ബിജെപി നൽകിയ ഉറപ്പുകളും ഇതിന് കാരണമായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മുതിർന്ന നേതാവിനെ എല്ലാ അർത്ഥത്തിലും ബിജെപി ഒറ്റപ്പെടുത്തി. മുകുന്ദന് എന്ത് പദവി കൊടുക്കണമെന്ന ആശയക്കുഴപ്പവും ഉണ്ട്. ആർ എസ് എസ് പ്രചാരക പദവിയിൽ ഇരിക്കെ ബിജെപിയിലെ രണ്ടാമനായിരുന്നു മുകുന്ദൻ.

പാർട്ടിയുടെ ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറിയുമായിരുന്നു. ഇത്തരമൊരു നേതാവിന് എന്ത് പദവി കൊടുക്കണമെന്ന് കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടേ എന്നാണ് കുമ്മനത്തിന്റെ നിലപാട്. ഇക്കാര്യത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉടൻ തീരുമാനം എടുക്കുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. പതിവ് പരിശോധനകൾക്കായാണ് മുകുന്ദനെ അമൃതയിൽ പ്രവേശിപ്പിച്ചത്. പരിശോധനകൾ പൂർത്തിയാക്കി മുകുന്ദൻ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP