Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാശ്മീർ വിവാദത്തിൽ രാജ്യദ്രോഹം ഉണ്ടെങ്കിലും തവനൂർ എംഎൽഎയെ പിണക്കില്ല; ജാമ്യമില്ലാ വകുപ്പ് പ്രകാരം ജലീലിനെതിരെ കേസെടുക്കില്ല; സ്വപ്നാ സുരേഷിനെ പോലെ കൂടെ നിന്ന മുൻ മന്ത്രിയെ പിണക്കിയാൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് ഇടതു കേന്ദ്രങ്ങൾ; എംഎൽഎ സ്ഥാനത്തും തുടരാൻ അനുവദിക്കും

കാശ്മീർ വിവാദത്തിൽ രാജ്യദ്രോഹം ഉണ്ടെങ്കിലും തവനൂർ എംഎൽഎയെ പിണക്കില്ല; ജാമ്യമില്ലാ വകുപ്പ് പ്രകാരം ജലീലിനെതിരെ കേസെടുക്കില്ല; സ്വപ്നാ സുരേഷിനെ പോലെ കൂടെ നിന്ന മുൻ മന്ത്രിയെ പിണക്കിയാൽ തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് ഇടതു കേന്ദ്രങ്ങൾ; എംഎൽഎ സ്ഥാനത്തും തുടരാൻ അനുവദിക്കും

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: കെടി ജലീൽ വിഷയം സിപിഎമ്മിന് തലവേദനയാകുന്നു. ആസാദ് കാശ്മീർ പരാമർശത്തിൽ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യം ചർച്ചകളിലുണ്ട്. എന്നാൽ പൊലീസ് ഈ വിഷയത്തിൽ കേസെടുത്താലും ജലീലിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തില്ല. ജലീലിനെ പിണക്കി മുമ്പോട്ട് പോകാൻ പിണറായി സർക്കാരിന് കഴിയില്ല. മാധ്യമം പത്രവുമായി ബന്ധപ്പെട്ട് യുഎഇ സർക്കാരിന് കത്തെഴുതിയ വസ്തുത പുറത്തു വന്നതിന് ശേഷം സിപിഎമ്മും ജലീലും അകലത്തിലാണ്. സ്വർണ്ണ കടത്ത് കേസിൽ കേന്ദ്ര ഏജൻസികൾ സജീവ ഇടപെടൽ നടത്തുമ്പോൾ ജലിലീനെ പിണക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യില്ല.

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഎമ്മിന് തലവേദനയായത് സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലാണ്. ഈ ആരോപണങ്ങളിൽ എല്ലാം കെടി ജലീലും ഉൾപ്പെടുന്നു. പലതും ജലീലിന് അറിയാമെന്നതാണ് വസ്തുത. ഈ പശ്ചാത്തലത്തിൽ സർക്കാർ ജലീലിനെ പിണക്കിയാൽ അദ്ദേഹം എന്തെങ്കിലും പറഞ്ഞാൽ അത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കും. അതുകൊണ്ട് തന്നെ കാശ്മീർ വിവാദ വിഷയത്തിൽ കരുതലോടെ നീങ്ങും. മുമ്പ് മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനാ വിവാദത്തിൽ കുടുങ്ങിയപ്പോൾ ചെറിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതേ നിലപാട് ഈ വിഷയത്തിലും എടുക്കും. ജലീലിനെ ജയിലിലേക്ക് കൊണ്ടു പോകുന്ന തരത്തിൽ വകുപ്പുകളൊന്നും പൊലീസ് ചുമത്തില്ല.

തവനൂരിലെ എംഎൽഎയാണ് ജലീൽ. മലപ്പുറത്തെ ഇടതു പക്ഷത്തിന്റെ പ്രധാന മുഖം. കടുത്ത വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഇത്തവണത്തെ ജയം. ജലീൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം സജീവമാണ്. ഇതിന് ജലീൽ തയ്യാറായാൽ പോലും സിപിഎം സമ്മതിക്കില്ല. മലപ്പുറത്ത് സിറ്റിങ് സീറ്റിൽ ഉപതെരഞ്ഞെടുപ്പുണ്ടായാൽ അത് ജയിക്കേണ്ടത് അനിവാര്യതയാണ്. ജയം ഉറപ്പില്ലാത്തതു കൊണ്ടു തന്നെ ജലീലിനെ എംഎൽഎയായി തുടരാനും സിപിഎം അനുവദിക്കും. എന്നാൽ ഇടതു പക്ഷത്തെ വെട്ടിലാക്കാൻ ജലീൽ സ്വയം രാജിവയ്ക്കുമെന്ന അഭ്യൂഹവും ശക്തമാണ്. വിവാദത്തിൽ ജലീൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.

ജമ്മു കശ്മീർ യാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിവരണത്തിലെ, 'പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ആസാദ് കശ്മീർ', 'ഇന്ത്യൻ അധീന കശ്മീർ' തുടങ്ങിയ ജലീലിന്റെ പരാമർശങ്ങളാണ് വിവാദമായത്. ജമ്മു കശ്മീരിന്റെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതാണ് സാമാന്യം സുദീർഘമായ ഈ കുറിപ്പ്. 'ജമ്മുവും കാശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കശ്മീർ. പാക്കിസ്ഥാനോടു ചേർക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീർ' എന്നറിയപ്പെട്ടു. പാക്കിസ്ഥാൻ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറൻസിയും പട്ടാള സഹായവും മാത്രമാണ് പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാ ഉൾ ഹഖ് പാക്കിസ്ഥാൻ പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാക്കിസ്ഥാൻ സർക്കാരിന് ഭരണപരമായി പാക് അധീന കശ്മീരിൽ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.'' എന്നിങ്ങനെയാണ് കുറിപ്പിലെ പരാമർശങ്ങൾ.

ജലീലിന്റെ കുറിപ്പിലെ വിവാദ പരാമർശങ്ങൾക്കെതിരെ ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്തെത്തി. പാക് അധീന കശ്മീരിലെ പാക് ഭരണകൂടത്തിന്റെ 'കുറഞ്ഞ ഇടപെടലിനെ' പുകഴ്‌ത്തുകയാണ് ജലീൽ ചെയ്യുന്നതെന്ന് ബിജെപി വക്താവ് സന്ദീപ് വാരിയർ പറഞ്ഞു. ജലീലിന്റെ ഉള്ളിലുള്ള വിഷം വരികൾക്കിടയിൽ വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പിന്നാലെയാണ് കേസെടുക്കണമെന്ന ആവശ്യവുമായി ചില ബിജെപി നേതാക്കൾ എത്തുന്നത്. പൊലീസിന് പരാതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിക്കും പരാതി പോയി. ദേശീയ മാധ്യമങ്ങളും വിഷയം ചർച്ചയാക്കിയിട്ടുണ്ട്. ഇതെല്ലാം സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്. എന്നാൽ ജലീലിനെ കൈവിട്ടാൽ സ്വർണ്ണ കടത്ത് കേസിൽ എന്തു സംഭവിക്കുമെന്നാണ് സിപിഎമ്മിന് സംശയം. ഇത് മനസ്സിലാക്കിയാണ് ബിജെപിയും കടന്നാക്രമണം നടത്തുന്നത്.

പാക് അധീന കശ്മീരിനെ അസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട കെ.ടി.ജലീൽ എംഎ‍ൽഎയ്‌ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു കഴിഞ്ഞു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നുള്ളത് കഴിഞ്ഞ 75 വർഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കശ്മീരിനെ ആസാദ് കശ്മീർ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാൽ രാജ്യദ്രോഹമാണെന്നും വി.മുരളീധരൻ പ്രതികരിച്ചു.വികടനവാദികളും രാജ്യദ്രോഹ ശക്തികളും എടുത്തിട്ടുള്ള നിലപാടാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു എംഎ‍ൽഎ എടുത്തിട്ടുള്ളത്.അതുകൊണ്ട് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണം. ഇദ്ദേഹം ജനങ്ങളുടെ പ്രതിനിധിയായി നിയമസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും മുരളീധരൻ പ്രതികരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഈ വിഷയം ഗൗരവത്തോടെ എടുക്കുന്നുവെന്ന സൂചനയാണ് ഇതും നൽകുന്നത്.

കശ്മീർ സന്ദർശനത്തിനിടെയാണ് ജലീലിന്റെ വിവാദ പരാമർശം. ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കും അടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന കശ്മീരെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ ജലീൽ പറയുന്നുണ്ട്. ചിരിക്കാൻ മറന്ന് പോയ ജനതയായി കാശ്മീരികൾ മാറിയ മട്ടുണ്ട്. കാശ്മീരിന്റെ മുഖത്തിന് വേണ്ടത്ര തെളിച്ചം വന്നിട്ടില്ല. പതിറ്റാണ്ടുകളായി കാശ്മീരിന്റെ നിറം പട്ടാളപ്പച്ചയാണ്. തൊണ്ണൂറുകൾ മുതൽക്കേ ജനങ്ങളോട് ഇന്ത്യൻ പട്ടാളം സൗഹൃദത്തോടെ പെരുമാറുന്ന സമീപനം സ്വീകരിച്ചിരുന്നെങ്കിൽ കാശ്മീർ ഇത്രമാത്രം പുകയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ജലീലിന്റെ ആസാദ് കശ്മീർ പരാമർശം ഇന്ത്യയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമാണ്. പാക്കിസ്ഥാന്റെ നിയന്ത്രണത്തിലുള്ള കശ്മീരിനെ പാക് അധീന കശ്മീർ എന്നാണ് ഇന്ത്യയും ഇന്ത്യയിലെ വിവിധ സർക്കാരുകളും എല്ലാക്കാലവും വിശേഷിപ്പിക്കുന്നത്.

പാക് നിയന്ത്രണത്തിലുള്ള കശ്മീരിന്റെ ഭാഗവും ഇന്ത്യയുടെ അഭിവാജ്യഘടകമാണെന്ന് ലോകവേദിയിലടക്കം ഇന്ത്യ ഉന്നയിക്കുമ്പോഴാണിത്. കശ്മീർ വിഷയത്തിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ അംഗീകരിക്കാതിരുന്നത് ഇത് ഉന്നയിച്ചാണ്. ഈ ഘട്ടത്തിലാണ് പാക് അധീന കശ്മീർ ആസാദ് കശ്മീർ എന്ന് അറിയപ്പെട്ടുവെന്ന് ജലീൽ പറയുന്നത്. കശ്മീർ സന്ദർശനത്തിനിടെ ഇട്ട പോസ്റ്റിൽ കശ്മീരിന്റെ ചരിത്രവും പ്രകൃതി സൗന്ദര്യവും ജനങ്ങളെക്കുറിച്ചും എല്ലാം വിവരിക്കുന്നതിനിടെയാണ് ഈ പരാമർശവും ചേർത്തിരിക്കുന്നത്.

'രാജ്യവിഭജന കാലത്ത് കശ്മീരും രണ്ടായി പകുത്തു. ഇരുകാശ്മീരുകൾക്കും സ്വയം നിർണ്ണയാവകാശം ബ്രിട്ടീഷുകാർ നൽകിയിരുന്നു. ഷേഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട നാട്ടുകാരും ഇന്ത്യയോട് ചേർന്നു. അതിനുള്ള സമ്മാനമെന്നോണം പണ്ഡിറ്റ് നഹറു അവർക്ക് നൽകിയ സമ്മാനമാണ് പ്രത്യേക പദവി. അതവരുടെ സമ്മതം കൂടാതെ ദുരെക്കളഞ്ഞതിൽ ജനങ്ങൾ ദുഃഖിതരാണ്.' ജലീൽ പോസ്റ്റിൽ പറയുന്നു. അതേ പോസ്റ്റിൽ മറ്റൊരിടത്ത് ജമ്മുവും കാശ്മീർ താഴ്‌വരയും ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യൻ അധീന ജമ്മു കാശ്മീർ എന്നും ജലീൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP