Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സെസിലൂടെ കെഎസ്ആർടിസി യാത്രാക്കൂലി കൂട്ടിയതിന് പിന്നിൽ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദം; യാത്രക്കാരിൽ നിന്നും പിടിക്കുന്ന അധിക തുക പോകുന്നത് പെൻഷൻ ഫണ്ടിലേക്ക്; യാത്രക്കാർക്ക് ഗുണം ചെയ്യുന്ന അപകട ഇൻഷുറൻസിന്റെ പേരിൽ പകൽകൊള്ളയെന്നും ആക്ഷേപം

സെസിലൂടെ കെഎസ്ആർടിസി യാത്രാക്കൂലി കൂട്ടിയതിന് പിന്നിൽ തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദം; യാത്രക്കാരിൽ നിന്നും പിടിക്കുന്ന അധിക തുക പോകുന്നത് പെൻഷൻ ഫണ്ടിലേക്ക്; യാത്രക്കാർക്ക് ഗുണം ചെയ്യുന്ന അപകട ഇൻഷുറൻസിന്റെ പേരിൽ പകൽകൊള്ളയെന്നും ആക്ഷേപം

ജെയിംസ് വടക്കൻ

തിരുവനന്തപുരം: കെഎസ്ആർടിസി ടിക്കറ്റിന് അധിക സെസ് ഏർപ്പെടുത്തി അധികതുക സമാഹരിക്കാനുള്ള തീരുമാനം യാത്രക്കാർക്ക് തിരിച്ചടിയാണെന്ന ആരോപണങ്ങൾ ഇതിനോടകം തന്നെ ഉയർന്നുകഴിഞ്ഞു. തൊഴിലാളി യൂണിയനുകളുടെ സമ്മർദ്ദമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് ഉയരുന്ന പ്രധാന ആരോപണം. സെസ് വഴി ലഭിക്കുന്ന അധികതുക പ്രധാനമായും ചെലവഴിക്കുക ജീവനക്കാരുടെ പെൻഷൻ ഫണ്ടിലേക്കാണ്. ഇതുവഴി മാസം 15 കോടി അധിക വരുമാനമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ പ്രതീക്ഷിക്കുന്നത്. എന്നാൽ, തൊഴിലാളി സംഘടനകളുടെ താൽപ്പര്യപ്രകരം എന്തിനാണ് സാധാരണക്കാരുടെ മേൽ അധികബാധ്യത അടിച്ചേൽപ്പിക്കുന്നതെന്ന ചോദ്യമാണ് ഇതോടെ ഉയർന്നിരിക്കുന്നത്.

യാത്രക്കാർക്ക് അധിക സൗകര്യങ്ങൾ നൽകുന്നതിനാണ് സെസ് ഏർപ്പെടുത്തിയതെന്നാണ് കെഎസ്ആർടിസി സർവീസും വ്യക്തമാക്കുന്നുണ്ടെങ്കിലും അതൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇതിൽ പ്രധാന തുകയും ചെലവഴിക്കുന്നത് പെൻഷൻ ഫണ്ടിലേക്കാണ്. ജനങ്ങളിൽ നിന്നും പിരിക്കുന്ന അധിക സെസ് കൊണ്ട് അവർക്ക് ഉപയോഗപ്പെടുന്ന വിധത്തിലുള്ള അടിസ്ഥാന സൗകര്യ വികസനമാണ് വേണ്ടത്. അല്ലാതെ ജീവനക്കാരുടെ പെൻഷൻ പ്രശ്‌നം തീർക്കാനല്ല ഇത് വേണ്ടെതെന്നതാണ് ശക്തമായ അഭിപ്രായം.

നിലവിൽ ബസ് സ്റ്റാൻഡുകളിലെ വിശ്രമ സൗകര്യങ്ങളും ജനങ്ങളുടെ നികുതി പണം കൊണ്ടും എംഎൽഎ, എംപി ഫണ്ടുകളിൽ നിന്നും നിർമ്മിച്ചവയാണ്. എങ്കിലും ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോൾ പോലും പണം നൽകേണ്ട അവസ്ഥയും സംജാതമാണ്. ഇങ്ങനെയിരിക്കെയാണ് അധിക സെസുമായി സംസ്ഥാന സർക്കാർ രംഗത്തെത്തിയത്. കെഎസ്ആർടിസിയിൽ അപകട ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി 15 രൂപയ്ക്കു മുകളിലുള്ള ടിക്കറ്റുകൾക്കാണ് സെസ് ഏർപ്പെടുത്തിയത്.

ഇന്നലെ മുതലാണ് ഇത് പ്രാബല്യത്തിൽ വന്നതും. ഒരു രൂപ മുതൽ പത്തുരൂപ വരെയാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. 14 രൂപ വരെയുള്ള ടിക്കറ്റിനു നിരക്കു കൂടില്ല. 15-24 നിരക്കിന് ഒരുരൂപ, തുടർന്ന് 49 രൂപ വരെയുള്ള ടിക്കറ്റിന് രണ്ടുരൂപ, തുടർന്ന് 74 വരെ മൂന്നുരൂപ, 75 മുതൽ 99 വരെ നാലുരൂപ നിരക്കിൽ സെസ് ഉണ്ടാകും. 100 നു മുകളിലുള്ള ടിക്കറ്റിനു പത്തുരൂപയുടെ വർധന നിലവിൽ വന്നിരുന്നു.

യാത്രയ്ക്കിടെ അപകട മരണമുണ്ടായാൽ അഞ്ചുലക്ഷം രൂപവരെ ധനസഹായം നൽകുന്ന വിധത്തിലാണ് പദ്ധതി. പദ്ധതിയിലെ പ്രധാന ആകർഷകമായി പൊതുജനങ്ങൾക്ക് തോന്നുന്നത് ഇവയാണ്: ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യുന്നവർക്കാണ് അഞ്ചുലക്ഷത്തിന്റെ ആനുകൂല്യം. അല്ലാത്തവർക്ക് ഒരുലക്ഷം രൂപയും. മരണപ്പെടുന്നവർക്കു മക്കളുണ്ടെങ്കിൽ പഠനസഹായമായി 10,000 രൂപവരെ ലഭിക്കും. പരുക്കേറ്റാൽ റിസർവേഷൻ ഉള്ളവർക്ക് 50,000 രൂപയും മറ്റുള്ളവർക്കു 15,000 രൂപയും നൽകും. റിസർവേഷൻ ഉള്ളവരുടെ കൂടെ ആശുപത്രിയിൽ നിൽക്കുന്നവർക്ക് 500 രൂപവീതം നൽകും. ഒപിയിൽ ചികിൽസ തേടുന്നവർക്ക് 3000 മുതൽ 10000 രൂപ വരെയാണു ധനസഹായം. റിസർവു ചെയ്തവരുടെ സാധനങ്ങൾ നഷ്ടപ്പെട്ടാലും 3000 രൂപവരെ നഷ്ടപരിഹാരം ലഭിക്കും. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.

എന്നാൽ മേൽപ്പറഞ്ഞ കാര്യങ്ങളേക്കാൾ ഉപരിയായി അധികതുക ഉപയോഗിക്കുന്നത് പെൻഷൻ ഫണ്ടിലേക്കാണ്. അതുകൊണ്ട് തന്നെ പുതിയ സെസ് ധാർമ്മികമായി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് പറയുന്നത്. യൂണിയൻ പ്രവർത്തനത്തിന്റെ അതിപ്രസരമാണ് ജനങ്ങൽക്ക് അധികബാധ്യത വരുത്തിയത്. മാസത്തിൽ പത്തോ -പന്ത്രണ്ടോ ദിവസം മാത്രമാണ് കെഎസ്ആർടിസി ജീവനക്കാർ ജോലി ചെയ്യേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ പെൻഷൻ ഡബിൾ കൂട്ടി സാധാരണക്കാരും അതിലൂടെ ജോലി ചെയ്യാതെ അധിക ശമ്പളം വാങ്ങുന്നതുമാണ് സെസ് ഏർപ്പെടുത്തിയത് ചെന്നവസാനിച്ചത്.

ഷെഡ്യൂൾ റദ്ദാക്കൽ അടക്കം കെഎസ്ആർടിയിൽ പതിവു സംഭവങ്ങളാണ്. കേരളത്തിൽ ഒരു ബസ് ഒരു ദിവസം 260 കിലോമീറ്റർ ഓടുമ്പോൾ തമിഴ് നാട്ടിൽ അത് 452 കിലോമീറ്ററും ആന്ധ്രായിൽ 363 കിലോമീറ്ററും ആണ് ഓടുന്നത്. സുപ്രീം കോടതി നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ കെഎസ്ആർടിസി അടക്കമുള്ള റൂട്ടു ബസുകളുടെ റണ്ണിങ് ടൈം 1 - 1 - 2013 മുതൽ സംസ്ഥാന ഗതാഗത അഥോറിറ്റി പുനർ നിർണ്ണയിച്ചിരുന്നു. അതിൻ പ്രകാരം ഒറ്റപ്പാത പാതയിലൂടെ ഒരു കെഎസ്ആർടിസി ഓർഡിനറി ബസ് പ്രതിദിനം 336 കിലോമീറ്റും ഇരട്ടപാത പാതയിലൂടെ 374 കിലോമീറ്ററും ഓടണം. ഏതാണ്ട് പ്രതിദിനം 480 കിലോമീറ്റർ ഓടണം ഇതിന്റെ സ്ഥാനത്താണ് കെഎസ്ആർടിസിയിൽ യൂണിയൻ പ്രവർത്തകരുടെ സമ്മർദ്ദഫലമായി ഇത് 260 കിലോമീറ്റർ മാത്രമാക്കിയത്.

കെഎസ്ആർടിസിയിൽ ഒരു ജീവനക്കാരൻ ഒരു ദിവസം ഓടിക്കുന്ന ശരാശരി ദൂരം 38 കിലോമീറ്റർ യാത്രയാണെങ്കിൽ തമിഴ്‌നാട്ടിൽ അത് 77 കിലോമീറ്ററും ആന്ധ്രായിലും കർണ്ണാടകത്തിലും 87 കിലോമീറ്ററും ആണ്. പുതുക്കിയ റണ്ണിങ് തൊഴിലിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസുകളുട ഓട്ട സമയം പുതുക്കി നിശ്ചയിക്കേണ്ട സമയം കഴിഞ്ഞിട്ട് 3 വർഷമായി. മന്ത്രിമാരുടെ പിന്തുണയോടെ യൂണിയനുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നു. നഷ്ടക്കണക്കുകൾ പരിശോധിക്കുമ്പോൾ കെഎസ്ആർടിസിയെ കടുത്ത നഷ്ടത്തിലാക്കുന്നത് ഇത് തന്നെയാണ്.

അദ്ധ്വാന ഭാരം കുറവായതിനാൽ കിലോമീറ്റർ ശമ്പളമാണ് കെഎസ്ആർടിസിയിൽ. എന്നാൽ മറ്റ് സംസ്ഥനങ്ങളേക്കാൾ ഇരട്ടിയാണ് കെഎസ്ആർടിസിയിലെ ശമ്പള ചെലവ്. ഡിഎ അർഹിക്കുന്നതിനോടൊപ്പം പെൻഷൻ അർഹിക്കുന്ന ആദ്യത്തെ ഏക പെൻഷൻ പദ്ധതിയുടെ ഗതാഗത കോർപ്പറേഷനും കെഎസ്ആർടിസിയും ആണ്. പെൻഷൻ തൊഴിലാളികളുടെ അവകാശമാണെങ്കിൽ കുറഞ്ഞ യാത്ര കൂലിയിൽ ബസോടിക്കുക എന്ന ദേശാൽകൃത നിയമത്തിൽ കെഎസ്ആർടിസിയുടെ ഉത്തരവാദിത്വമാണ്. പെൻഷൻ നൽകാൻ യാത്രക്കാരുടെയും സെസ് ഏർപ്പെടുത്തുകയല്ലേ കെഎസ്ആർടിസിയിലെ തൊഴിലാളികളുടെ അദ്ധ്വാന ഭാരം ദേശീയ തലത്തിലേക്ക് ഉയർത്തുകയും വേണം. എന്നാൽ, ഇതിനോട് ജീവനക്കാർ മുഖം തിരിക്കുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP