Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശമ്പളം കൊടുക്കാൻ സർക്കാർ അനുവദിച്ച തുക വകമാറ്റാതെ കെ എസ് ആർ ടി സിക്ക് നൽകാൻ മന്ത്രി ശശീന്ദ്രൻ നിർദ്ദേശിച്ചിട്ടും വകവയ്ക്കാതെ ഗതാഗത സെക്രട്ടറി; ഓവർഡ്രാഫ്റ്റ് എടുത്ത തച്ചങ്കരിയെ കുഴപ്പത്തിലാക്കാൻ ഫിനാൻസ് സെക്രട്ടറിക്ക് കത്തെഴുതി ജ്യോതിലാലിന്റെ താമസിപ്പിക്കൽ; ഇങ്ങനെ പോയാൽ പണിയവസാനിപ്പിക്കുമെന്ന് തച്ചങ്കരി അറിയിച്ചതോടെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാൻ യൂണിയനുകാരോടൊപ്പം ചേർന്ന് ഐഎഎസുകാരൻ നടത്തിയ നീക്കം പൊളിഞ്ഞത് ഇങ്ങനെ

ശമ്പളം കൊടുക്കാൻ സർക്കാർ അനുവദിച്ച തുക വകമാറ്റാതെ കെ എസ് ആർ ടി സിക്ക് നൽകാൻ മന്ത്രി ശശീന്ദ്രൻ നിർദ്ദേശിച്ചിട്ടും വകവയ്ക്കാതെ ഗതാഗത സെക്രട്ടറി; ഓവർഡ്രാഫ്റ്റ് എടുത്ത തച്ചങ്കരിയെ കുഴപ്പത്തിലാക്കാൻ ഫിനാൻസ് സെക്രട്ടറിക്ക് കത്തെഴുതി ജ്യോതിലാലിന്റെ താമസിപ്പിക്കൽ; ഇങ്ങനെ പോയാൽ പണിയവസാനിപ്പിക്കുമെന്ന് തച്ചങ്കരി അറിയിച്ചതോടെ വിഷയത്തിൽ ഇടപെട്ട് മുഖ്യമന്ത്രി; തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കാൻ യൂണിയനുകാരോടൊപ്പം ചേർന്ന് ഐഎഎസുകാരൻ നടത്തിയ നീക്കം പൊളിഞ്ഞത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് അനുവദിച്ച തുക വകമാറ്റിയ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ. കൃത്യസമയത്ത് സർക്കാർ ശമ്പളം നൽകാൻ നടത്തുന്ന ഇടപെടലുകൾ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രിയും തിരിച്ചറിയുകയാണ്. എത്രയും വേഗം വിവാദം അവസാനിപ്പിക്കാനാണ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. എല്ലാം കുറുകൃത്യമായി ധനവകുപ്പിന്റെ ഉത്തരവിൽ പറഞ്ഞിട്ടും അത് അംഗീകരിക്കാൻ ഗതാഗത സെക്രട്ടറി തയ്യാറാവാത്തതിനേയും മുഖ്യമന്ത്രി ഗൗരവത്തോടെയാണ് കാണുന്നത്. അതിനിടെ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കെ എസ് ആർ ടി സിക്ക് തുക അനുവദിക്കാൻ ഗതാഗത സെക്രട്ടറിയോട് നിർദ്ദേശിച്ചതായി മന്ത്രി എ കെ ശശീന്ദ്രനും നിലപാട് എടുത്തു. ഇതോടെ കെ എസ് ആർ ടി സിക്ക് ലഭിക്കേണ്ട 20 കോടി ബോധപൂർവ്വം ഗതാഗത സെക്രട്ടറി തന്നെ വൈകിപ്പിച്ചുവെന്നും സർക്കാരിന് ബോധ്യമായി.

കെ എസ് ആർ ടി സിയിലെ തൊഴിലാളി വിരുദ്ധത തുറന്നു കാണിക്കുന്നവരാണ് യൂണിയനുകൾ. ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സെക്രട്ടറി വകമാറ്റിയിട്ടും യൂണിയനുകളാരും പ്രതിഷേധത്തിന് എത്തിയിട്ടില്ല. ആരും ഗതാഗത സെക്രട്ടറിക്കെതിരെ ഫ്‌ളക്‌സും വച്ചില്ല. ജീവനക്കാരനെ ദ്രോഹിക്കാനെത്തിയ ആൾക്കെതിരെ സിഐടിയുവിന്റേയും നേതാക്കളും പരസ്യ പ്രതികരണത്തിനൊന്നും എത്തിയില്ല. ഇതോടെ കളിക്കുന്നത് യൂണിയൻകാരാണെന്ന് ജീവനക്കാരും മനസ്സിലാക്കുന്നു. കെ എസ് ആർ ടി സിയുടെ ഗ്രൂപ്പുകളിൽ ട്രോളുകളും നിറയുകയാണ്. മുഖ്യമന്ത്രിയുടെ ഇടപെടിലൂടെ കെ എസ് ആർ ടി സിക്ക് അനുവദിച്ച പണം ഉടൻ ലഭിക്കുമെന്നാണ് സൂചന. അങ്ങനെയാണങ്കിൽ കെ എസ് ആർ ടി സി പ്രതിസന്ധിയിൽ നിന്ന് താൽകാലികമായി രക്ഷപ്പെടും. അല്ലെങ്കിൽ ഡീസൽ കാശു പോലും കൊടുക്കാനില്ലാത്ത അവസ്ഥയിലേക്ക് കെ എസ് ആർ ടി സി മാറും.

കെ എസ് ആർ ടി സിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഗതാഗത സെക്രട്ടറി ബോധപൂർവ്വം ശ്രമിച്ചിരുന്നു. ജീവനക്കാരുടെ നിയമനത്തിലും പ്രമോഷനിലുമെല്ലാം ഗതാഗത സെക്രട്ടറി ഇടപെടുമായിരുന്നു. തച്ചങ്കരിയുടെ നീക്കങ്ങളെ തടുക്കാനുള്ള യൂണിയനുകളുടെ കള്ളക്കളിയായിരുന്നു സെക്രട്ടറിയിലൂടെ നടപ്പിലായത്. യൂണിയനുകളുടെ ഫണ്ട് ഒഴുക്ക് കുറഞ്ഞതും തച്ചങ്കരിക്കെതിരായ നീക്കത്തിന് കാരണമായി. സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്റെ തച്ചങ്കരിക്കെതിരായ പരസ്യ പ്രസ്താവനകളും ഗതാഗത സെക്രട്ടറിയെ യൂണിയനുമായി അടുപ്പിച്ചു. സിപിഎം സെക്രട്ടറിയേറ്റ് അംഗമായ ആനത്തലവട്ടത്തിന്റെ പ്രസ്താവനകൾ വന്നതോടെ തച്ചങ്കരിക്കെതിരായ നീക്കവും സജീവമായി. കൃത്യസമയത്ത് ശമ്പളം കൊടുക്കുന്നതിനാൽ ജീവനക്കാർക്ക് തച്ചങ്കരിയോട് അടുപ്പം കൂടി. ഇതോടെയാണ് ശമ്പളം മുടക്കാനുള്ള ഗൂഢാലോചന തുടങ്ങിയത്. സർക്കാർ അനുവദിച്ച 20 കോടി കൃത്യസമയത്ത് തച്ചങ്കരിക്ക് കിട്ടാതിരിക്കാൻ ബോധപൂർവ്വം തന്നെ ഇടപെടൽ നടത്തി.

28നാണ് ധനവകുപ്പ് ഫണ്ട് അനുവദിച്ചത്. ഇത് ഗതാഗത സെക്രട്ടറി വേണമായിരുന്നു കെ എസ് ആർ ടി സിക്ക് അനുവദിച്ച് നൽകേണ്ടത്. എന്നാൽ ശമ്പളം കൊടുക്കേണ്ടി ദിവസങ്ങളിൽ ജ്യോതിലാൽ തിരുവനന്തപുരത്ത് നിന്ന് മാറി നിന്നു. ഓൺലൈനിൽ അനുമതി കൊടുക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ല. ഇത് മനസ്സിലാക്കി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് കൃത്യസമയത്ത് തച്ചങ്കരി ശമ്പളം നൽകി. ഇതോടെ കളി പുതിയ തലത്തിലെത്തി. ഓഡി തുക ബാങ്കിലേക്ക് തിരിച്ചടയ്ക്കാതിരിക്കാനായി ശ്രമം. ഇതിന് വേണ്ടി ശമ്പളത്തിനെന്ന് കൃത്യമായി രേഖപ്പെടുത്തി ധനവകുപ്പ് നൽകിയ തുക കെറ്റിഡിഎഫ് സിക്ക് പലിശയായി നൽകണമെന്ന് ജ്യോതിലാൽ കുറിച്ചു. പണം കൈമാറിയുമില്ല. ഇതോടെ വിഷയം മന്ത്രിയുടെ മുന്നിലെത്തി. പണം അതിവേഗം കൈമാറാൻ ജ്യോതിലാലിനോട് നിർദ്ദേശിച്ചു. എന്നാൽ പുതിയ കുടുക്കിടുകയായിരുന്നു സെക്രട്ടറി ചെയ്തത്.

ശമ്പളം നൽകാനെന്ന് പറഞ്ഞ് ധനവകുപ്പ് കൈമാറിയ തുക കെ എസ് ആർ ടി സിക്ക് കൊടുക്കുന്നതിലെ നിയമ വിഷയത്തെ കുറിച്ച് ചോദിച്ച് ധനസെക്രട്ടറിക്ക് ഗതാഗത സെക്രട്ടറി കത്തയക്കുകയായിരുന്നു ചെയ്തത്. ഇതിലൂടെ ഒരു ദിവസം കൂടി കാര്യങ്ങൾ നീട്ടിയെടുക്കാനായിരുന്നു ഗതാഗത സെക്രട്ടറിയുടെ ശ്രമം. ബാങ്കിൽ പണം തിരിച്ചടയ്ക്കാതെ വരുമ്പോൾ തച്ചങ്കരി മോശക്കാരനാകും. അടുത്ത മാസം ശമ്പളം നൽകാൻ തച്ചങ്കരിക്ക് കഴിയാതെ വരും. ഇതിലൂടെ ഓണക്കാലത്ത് ശമ്പളം മുടക്കാം. അങ്ങനെ ജീവനക്കാരുടെ വിശ്വാസവും തകർക്കാം. ജീവനക്കാർക്ക് മെച്ചപ്പെട്ട ബോണസ് ഉൾപ്പെടെ നൽകാനായിരുന്നു തച്ചങ്കരിയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെ എസ് ആർ ടിസിയെ തള്ളിവിട്ട് പ്രതിസന്ധി രൂക്ഷമാക്കാനായിരുന്നു ഗതാഗത സെക്രട്ടറിയുടെ നീക്കം. ഈ സാഹചര്യത്തിൽ സിഎംഡി സ്ഥാനം ഒഴിയുമെന്ന് തച്ചങ്കരി അറിയിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.

അതിനിടെ തച്ചങ്കരിയെ താറടിക്കാൻ സിപിഎമ്മിന്റെ സൈബർ ഗുണ്ടകളും രംഗത്ത് വന്നിട്ടുണ്ട്. കോമാളി വേഷ ധാരിയായ തച്ചങ്കരിയുടെ തബലയുടെ താളത്തിന് തുള്ളാൻ നിൽക്കുന്നവരല്ല തൊഴിലാളികൾ ...! കെ എസ് ആർ ടി സി യുടെ തലപ്പത്തേക്ക് ടോമിൻ തച്ചങ്കരി എന്ന ഐ പി എസ് കാരനെ സർക്കാർ നിയമിക്കുമ്പോൾ കെ എസ് ആർ ടി സി എന്ന സ്ഥാപനത്തെ എന്തും ചെയ്യാൻ തച്ചങ്കരിക്ക് അനുവാദം കൊടുത്തു എന്നാണ് അദ്ദേഹം ധരിച്ചത് ... സാമ്പത്തികമായി നഷ്ടത്തിലായ കെ എസ് ആർ ടി സി യെ മറ്റ് പൊതു മേഖലാ സ്ഥാപനങ്ങളെ പോലെ ലാഭത്തിൽ ആക്കുകയും സംരക്ഷിക്കുകയും പൊതു മേഖലയിൽ തന്നെ നില നിർത്തുകയും ചെയ്യുക എന്നതാണ് എൽ ഡി എഫ് സർക്കാർ നയമെന്നൊക്കെയുള്ള പ്രചരണം സൈബർ ഗുണ്ടകളിലൂടെ തുടങ്ങിയിരുന്നു. ഇതെല്ലാം യൂണിയനുകളുടെ കള്ളക്കളിയായിരുന്നു. ഇതിലേക്കാണ് ഗതാഗത സെക്രട്ടറിയേയും കൂടെ കൂട്ടിയത്.

മുമ്പ് കെ എസ് ആർ ടി സിയെ രക്ഷിക്കാൻ രാജമാണിക്യം ചില ഇടപെടൽ നടത്തി. ഇതിനേയും പൊളിച്ചത് ഗതാഗത സെക്രട്ടറിയായിരുന്ന ജ്യോതിലാലായിരുന്നു. എതിർപ്പ് കാട്ടാനുള്ള കരുത്ത് രാജമാണിക്യത്തിന് ഇല്ലായിരുന്നു. ഇതോടെ അദ്ദേഹം ആനവണ്ടിക്ക് പുറത്തായി. എന്നാൽ ഡിജിപി റാങ്കിലുള്ള തച്ചങ്കരി എന്തും നേരിടാനുള്ള തയ്യാറെടുപ്പുമായിട്ടായിരുന്നു എത്തിയത്. യൂണിയനുകളുടെ പ്രവർത്തനത്തിൽ മുക്കു കയറിട്ടു. നേതാക്കളും ജോലിയെടുക്കേണ്ട അവസ്ഥ വന്നു. ഇതോടെയാണ് തച്ചങ്കരിയെ പുകച്ചു പുറത്തു ചാടിക്കാൻ നീക്കം തുടങ്ങിയത്. ജീവക്കാരുടെ ശത്രുവായി തച്ചങ്കരിയെ മാറ്റാനായിരുന്നു നീക്കം. ഇതിന് ശമ്പലം മുടക്കുകയാണ് നല്ല വഴിയെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ് ധനവകുപ്പിന്റെ തുക വകമാറ്റാൻ തിരക്കഥ ഒരുങ്ങിയത്. ഇത് പൊളിയുകയാണ്. ഇനിയും ഗതാഗത സെക്രട്ടറി കളികൾ തുടങ്ങിയാൽ സ്ഥാനം ഒഴിയുമെന്ന് തച്ചങ്കരി ഗതാഗതന്ത്രിയെ അറിയിച്ചിട്ടുണ്ട്.

തച്ചങ്കരിയുടെ പരീക്ഷണങ്ങൾ കെ.എസ്.ആർ.ടി.സിയിൽ ഫലിച്ചു തുടങ്ങുന്നുവെന്ന തിരിച്ചറിവിലായിരുന്നു യൂണിയനും ഗതാഗത സെക്രട്ടറിയും നീക്കം തുടങ്ങിയത്. നിരന്തരം നഷ്ട കണക്കുകൾ മാത്രം പറയുന്ന കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ മാസം ഏഴരക്കോടിയുടെ വരുമാനമുണ്ടായതായി കണക്കുകൾ. ജൂൺമാസത്തിനേക്കാൾ ഏഴരക്കോടി രൂപയാണ് കഴിഞ്ഞമാസം കോർപ്പറേഷന് ഉണ്ടായിരിക്കുന്നത്. ജൂൺ മാസത്തിൽ കെ.എസ്.ആർ.ടി.സിക്ക് 189.89 കോടി രൂപയുടെ വരുമാനമായിരുന്നു ഉണ്ടായത്. ജൂലായ് മാസത്തിൽ എത്തുമ്പോൾ വരുമാനം ഏഴരക്കോടി വർധിച്ച് 197.64 കോടിയാവുകയായിരുന്നു. കഴിഞ്ഞമാസം 9, 23 എന്നീ തിയ്യതികളിലാണ് കെ.എസ്.ആർ.ടി.സിക്ക് ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരിക്കുന്നത്. പരിഷ്‌കാര നടപടികളിൽ പിന്നോട്ടില്ലെന്ന് ടോമിൻ തച്ചങ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണകാര്യങ്ങളിൽ കൈകടത്താൻ തൊഴിലാളി യുണിയനുകളെ അനുവദിക്കില്ലെന്നും കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കെതിരെ നിൽക്കുന്നത് യൂണിയനുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതെല്ലാമാണ് ഗതാഗത സെക്രട്ടറിയുടെ ഉറക്കം കെടുത്തുന്നത്.

കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാൻ അനുവദിച്ച തുക വകമാറ്റിയ ഗതാഗത സെക്രട്ടറിക്കെതിരെ എം.ഡി.ടോമിൻ തച്ചങ്കരി മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരാതി നൽകിയിരുന്നു. അനുവദിച്ച തുക കെടിഡിഎഫ്‌സിക്ക് പലിശ നൽകാൻ നീക്കിവച്ചു കൊണ്ട് കെ.ആർ.ജ്യോതിലാൽ ഇറക്കിയ ഉത്തരവാണ് വിവാദമായത് . ഇരുവരും തമ്മിൽ ഏറെ നാളായി തുടരുന്ന ഭിന്നതയുടെ തുടർച്ചയാണ് പുതിയ സംഭവം. ഗതാഗത സെക്രട്ടറി 20 കോടിയിൽ 13.5 കോടി കെ.ടി.ഡി.എഫ്.സിക്ക് പലിശയിനത്തിൽ നൽകണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിറക്കിയതാണ് വിവാദമായത്. ശമ്പളം കൊടുക്കാൻ തന്ന പണം വകമാറ്റിയ ജ്യോതിലാലിന്റേത് തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാടാണന്നും നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ച് തച്ചങ്കരി ധനമന്ത്രിക്ക് കത്തയച്ചു. ശമ്പളം കൊടുക്കാനാണ് പണം അനുവദിച്ചതെന്നും മറ്റ് നിബന്ധനകളൊന്നും വച്ചിരുന്നില്ലെന്ന് ധനവകുപ്പും വ്യക്തമാക്കി. ഇതിനൊപ്പമാണ് മുഖ്യമന്ത്രി ഉറച്ച നിലപാട് എടുക്കുന്നത്. ഇതോടെ പ്രശ്‌നം പരിഹരിക്കപ്പെടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP