Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് വർഷത്തിന് ശേഷം ആദ്യമായി കെ എസ് ആർ ടി സി ജീവനക്കാർക്ക് മാസം അവസാനിക്കും മുമ്പ് ശമ്പളം കിട്ടും; ചരിത്രത്തിൽ ആദ്യമായി എംപാനലുകാർക്കും കൃത്യസമയത്ത് ശമ്പളം; കളക്ഷനിൽ കുത്തനെ ഉയർച്ചയെന്ന റിപ്പോർട്ടുകളും പുറത്ത്; തച്ചങ്കരി ലാത്തിയുമായി ഇറങ്ങിയപ്പോൾ ആനവണ്ടിയുടെ ഓട്ടത്തിന്റെ ശൈലി മാറുന്നു; മടിയന്മാരായ നേതാക്കൾക്കും മാനേജർമാർക്കുമെതിരെ വടി എടുത്തപ്പോൾ കുത്തിതിരിപ്പുമായി യൂണിയനും ഉണർന്നു

രണ്ട് വർഷത്തിന് ശേഷം ആദ്യമായി കെ എസ് ആർ ടി സി ജീവനക്കാർക്ക് മാസം അവസാനിക്കും മുമ്പ് ശമ്പളം കിട്ടും; ചരിത്രത്തിൽ ആദ്യമായി എംപാനലുകാർക്കും കൃത്യസമയത്ത് ശമ്പളം; കളക്ഷനിൽ കുത്തനെ ഉയർച്ചയെന്ന റിപ്പോർട്ടുകളും പുറത്ത്; തച്ചങ്കരി ലാത്തിയുമായി ഇറങ്ങിയപ്പോൾ ആനവണ്ടിയുടെ ഓട്ടത്തിന്റെ ശൈലി മാറുന്നു; മടിയന്മാരായ നേതാക്കൾക്കും മാനേജർമാർക്കുമെതിരെ വടി എടുത്തപ്പോൾ കുത്തിതിരിപ്പുമായി യൂണിയനും ഉണർന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കെ എസ് ആർ ടി സിയിൽ ഇന്ന് ശമ്പള ദിവസം. 22മാസത്തിന് ശേഷമാണ് ജീവനക്കാർക്ക് യഥാസമയം ശമ്പളം കിട്ടുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകി അഞ്ച് ദിവസത്തിന് ശേഷമാണ് എം പാനലുകാർക്ക് സാധാരണ ശമ്പളം നൽകാറ്. ഈ പതിവും ഇന്ന് തെറ്റും. എംപാനലുകാർക്കും ഇന്ന് തന്നെ ജോലിക്ക് കൂലി കിട്ടും. രണ്ട് കൊല്ലത്തിന് ശേഷമാണ് ഇത്തരമൊരു കാര്യം കെ എസ് ആർ ടി സിയിൽ സംഭവിക്കുന്നത്. ടോമിൻ തച്ചങ്കരി നടത്തിയ ഇടപെടലാണ് ഇതിന് കാരണം. കെ എസ് ആർ ടി സിയിൽ മുഖ്യ പരിഗണന ഇതുവരെ മറ്റു പലതിനുമായിരുന്നു. ഇനി അത് ജീവനക്കാരുടെ ശമ്പളത്തിനായിരിക്കും. ജീവനക്കാരുടെ കണ്ണീരോപ്പിയാൽ മാത്രമേ കോർപ്പറേഷന് മേൽ ഗതിവരികയുള്ളൂവെന്ന് തച്ചങ്കരി തിരിച്ചറിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം കിട്ടുന്നത്.

ശമ്പളത്തിന്റെ കാര്യത്തിൽ ഒരു വ്യക്തതയുമില്ലാത്ത സ്ഥാപനമെന്ന പേരുദോഷം കെ എസ് ആർ ടി സിക്കുണ്ട്. എന്ന് ശമ്പളം കിട്ടുമെന്ന് ആർക്കും അറിയില്ല. ഇത് മാറ്റിയെടുത്താൽ തന്നെ ആനവണ്ടിയുടെ പേരുദോഷം മാറും. ജീവനക്കാർ ഊർജ്ജ്വസലമായി ഇടപെടും. കഴിഞ്ഞ വർഷം സ്‌കൂൾ തുറക്കുന്ന സമയത്ത് ശമ്പളം കിട്ടുമോ എന്ന് പോലും അറിയാതെ വേദനയിലായിരുന്നു ജീവനക്കാർ. ഇതിനാണ് തച്ചങ്കരി മാറ്റം വയ്ക്കുന്നത്. ഇനിയെല്ലാ മാസവും എം പാനൽ ജീവനക്കാർക്കും മാസ അവസാനം തന്നെ ശമ്പളം കൊടുക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറും. കളക്ഷനും മറ്റും കിട്ടുമ്പോൾ അത് ചെലവാക്കുന്നതിന് യാതൊരു മാനദണ്ഡവും കെ എസ് ആർ ടി സിയിൽ ഇല്ലായിരുന്നു. ഇതിന് മാറ്റം വരികയാണ്. ചെലവുകളുടെ കൂട്ടത്തിൽ പ്രഥമ പരിഗണന ശമ്പളം നൽകുന്നതിനാകും. ഇതിനൊപ്പം വണ്ടികളുടെ അറ്റകുറ്റപണികൾക്കാകും രണ്ടാം പരിഗണന.

ജീവനക്കാരും ബസും ഉണ്ടെങ്കിൽ മാത്രമേ കെ എസ് ആർ ടി സിക്ക് മേൽഗതി വരൂ. പരമാവധി ബസുകൾ ഓടിക്കാനാണ് തച്ചങ്കരി ശ്രമിക്കുന്നത്. റൂട്ട് റദ്ദാക്കാൽ ഒരാഴ്ചയ്ക്കുള്ളിൽ വളരെ അധികം കുറഞ്ഞു. ജീവനക്കാരുടെ പുനർവ്യന്യാസത്തിലൂടെ എല്ലാ യൂണിറ്റുകളിലും ഡ്രൈവർമാരും കണ്ടക്ടർമാരും ഉണ്ടെന്ന് ഉറപ്പാക്കി. ജോലിക്കെത്തിയില്ലെങ്കിൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന ജീവനക്കാരുടെ തിരിച്ചറിവായിരുന്നു ഇതിന് കാരണം. ഇതോടെ കളക്ഷനും ഉയരുകയാണ്. സ്വകാര്യ ബസ് സമരം നടക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പ് നേടിയ റിക്കോർഡ് കളക്ഷന് അടുത്ത് വരുമാനം എത്തിക്കഴിഞ്ഞു. ഇത് ദിവസം കൂടുന്നുമുണ്ട്. ഒരു ദിവസം എട്ടരക്കോടിയെന്ന വരുമാന ലക്ഷ്യം ഉടൻ നേടും. ഈ ഓണത്തിന് ജീവനക്കാർക്ക് പരമാവധി ബോൺസ് നൽകുകയെന്ന ലക്ഷ്യവുമായാണ് തച്ചങ്കരിയുടെ മുന്നോട്ട് പോക്ക്.

കെഎസ്ആർടിസി ജീവനക്കാർക്ക് ഇത്തവണ 30നു തന്നെ ശമ്പളം നൽകുമെന്ന് ടോമിൻ തച്ചങ്കരി നേരത്തെ അറിയിച്ചിരുന്നു. പെൻഷൻ തുകയും കൃത്യസമയത്തു നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്നും പറയുന്നു. എല്ലാ മാസവും അവസാന പ്രവൃത്തിദിവസമാണു ശമ്പളം നൽകേണ്ടതെങ്കിലും 22 മാസമായി ഒരാഴ്ചയിലേറെ വൈകുന്നു. തച്ചങ്കരി ചുമതലയേറ്റ ശേഷം ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ചകളിൽ ഇക്കാര്യത്തിലാണ് ഏറെ പരാതികളുണ്ടായത്. തുടർന്നു തച്ചങ്കരി സർക്കാരുമായി ബന്ധപ്പെട്ട് ശമ്പളത്തിനുള്ള തുക മുൻകൂറായി ലഭ്യമാക്കുകയായിരുന്നു. ശമ്പളം നൽകാൻ 86 കോടിയാണു വേണ്ടത്. കെഎസ്ആർടിസി കടത്തിലായതിനാൽ മാസങ്ങളായി സർക്കാരാണ് ഇതിനുള്ള തുക നൽകുന്നത്. പെൻഷൻ വിതരണത്തിനുള്ള 60 കോടി രൂപ സഹകരണ ബാങ്കുകളുടെ കൺസോർഷ്യമാണ് ഏറ്റെടുത്തിട്ടുള്ളത്.

വരുമാനം തീരെക്കുറഞ്ഞ കെഎസ്ആർടിസി ബസ് ട്രിപ്പുകൾ റദ്ദാക്കാൻ കണ്ടക്ടർക്കും ഡ്രൈവർക്കും അധികാരം നൽകുമെന്നു തച്ചങ്കരി വ്യക്തമാക്കിയിട്ടുണ്ട്. ബസിനകത്തു നിറയെ യാത്രക്കാരും കോർപറേഷനു വരുമാനവും വേണം. കിലോമീറ്ററിന് 31 രൂപയെങ്കിലും വരുമാനം ലഭിക്കാത്ത സർവീസുകൾ പുനഃക്രമീകരിക്കണം. ഇത്തരത്തിൽ രണ്ടായിരത്തോളം സർവീസുകളുണ്ടെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടിയിരുന്നു. കിലോമീറ്ററിന് 31 രൂപയെങ്കിലും വരുമാനംലഭിക്കാത്ത ബസുകൾ പിൻവലിച്ച് പുനഃക്രമീകരിച്ചാൽ മാത്രമേ കെ.എസ്.ആർ.ടി.സി.ക്ക് നിലവിലെ സാഹചര്യത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കൂ. ഡീസൽച്ചെലവും കണ്ടക്ടറുടെയും ഡ്രൈവറുടെയും ബത്തയും മാത്രം കണക്കിലെടുത്തിട്ടുള്ള ചാർജാണ് 31 രൂപ.

അല്ലാത്ത ചെലവുകൂടി കണക്കിലെടുത്താൽ ഇത് 31-ൽ നിൽക്കില്ല. കെ.എസ്.ആർ.ടി.സി. സർക്കാർ നൽകുന്ന പ്ലാൻഫണ്ടിന്റെ 10 ശതമാനംപോലും ചെവഴിക്കുന്നില്ല, ഇത് തിരിച്ചുപോവുകയാണ്. ഇതിനെതിരേ ഒരു ഉദ്യോഗസ്ഥനെതിരെയും യാതൊരു നടപടിയും ഉണ്ടാവുന്നില്ല. ഇത് കോർപറേഷനിലെ പല ഉദ്യോഗസ്ഥർക്കും അറിയുകപോലുമില്ല. ഇനി ഇത്തരംസ്ഥിതി ഉണ്ടാകരുത്. നിലവിൽ ജോലി ചെയ്യുന്നവർക്കും അല്ലാത്തവർക്കും ശമ്പളം നൽകുന്ന സ്ഥിതിയുണ്ട്. മൂന്നുേപർ ചെയ്യേണ്ട ജോലി എട്ടുപേരാണ് ചെയ്യുന്നത്. ഇത് മാറണമെന്നാണ് തച്ചങ്കരിയുടെ നിലപാട്.

അതിനിടെ കൃത്യമായി ശമ്പളം കൊടുക്കാൻ നടപടിയെടുത്തിട്ടും ചുമതലയേറ്റ് മാസം തികയുംമുമ്പേ തന്നെ കെ.എസ്. ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ കടുത്ത പ്രതിഷേധവുമായി സിഐ.ടി.യു നിയന്ത്രണത്തിലുള്ള എംപ്‌ളോയീസ് അസോസിയേഷൻ രംഗത്ത്. കണ്ണൂർ, കോഴിക്കോട്, തൃശൂർ ഡിപ്പോ സന്ദർശനത്തിനിടെ എം.ഡി യുടെ ഭാഗത്തുനിന്നുണ്ടായ പരാമർശങ്ങൾ പലതും തീർത്തും തൊഴിലാളിവിരുദ്ധമാണെന്ന ആക്ഷേപമാണ് സംഘടനാനേതാക്കളുടേത്. മുഖ്യമന്ത്രി പിണറായി വിജയനെ മെയ്‌ രണ്ടിന് നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാനൊരുങ്ങുകയാണ് ഇവർ. കോർപ്പറേഷന്റെ പ്രതിദിന വരുമാനം 6. 5 കോടി രൂപയാണ്. തൊഴിലാളികൾ ഒറ്റമനസ്സോടെ ജോലി ചെയ്ത് ഉണ്ടാക്കുന്നതാണിത്. ജോലി ചെയ്താലും ഇല്ലെങ്കിലും തനിക്ക് രണ്ടു ലക്ഷം രൂപ ശമ്പളം കിട്ടുമെന്നും നിങ്ങളാണ് ജോലി പോകാതെ നോക്കേണ്ടതെന്നുമുള്ള എം.ഡി യുടെ പരാമർശം തികഞ്ഞ അല്പത്തരമാണെന്നും നേതാക്കൾ പറയുന്നു.

പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുക എന്നതാണ് ഇടതു സർക്കാരിന്റെ നയം. സമരം ചെയ്താൽ കെ. എസ്. ആർ.ടി.സി പൂട്ടിക്കളയുമെന്ന വിരട്ടലൊന്നും വേണ്ട. തൊഴിലാളികളെ ആകെ സംശയത്തിന്റെ മുൾമുനയിൽ നിറുത്തുന്ന സമീപനം എം.ഡി മാറ്റണം. അപകടത്തിൽ പരിക്കേറ്റ് കഴിയുന്ന ജീവനക്കാർ കെ.എസ്. ആർ.ടി.സിക്ക് ബാദ്ധ്യതയാണെന്ന രീതിയിൽ എം.ഡി നടത്തിയ പരാമർശം ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.അദർ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റിയതു കാരണം ഇപ്പോൾ മിക്ക ഡിപ്പോകളിലും സ്റ്റേഷൻ മാസ്റ്റർ പോലും ഇല്ലാത്ത സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സിയെ കുത്തുപാളയെടുപ്പിക്കുന്ന ഭരണമാകരുത് എം.ഡി യുടേതെന്ന് സംഘടനയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞു. നേതാക്കളും ജോലിയെടുത്തേ മതിയാകൂവെന്നതാണ് തച്ചങ്കരിയുടെ നിലപാട്. ഇതാണ് സംഘടനയെ ചൊടിപ്പിക്കുന്നത്.

കെഎസ് ആർടിസിയിലെ കോൺഗ്രസ് സംഘടനയും തച്ചങ്കരിക്ക് എതിരാണ്. അവർ ജീവനക്കാരെ സ്വാധീനിക്കുന്നത് തടയാനാണ് സി ഐടിയു പ്രസ്താവനയുമായി നിറയുന്നതെന്ന ആരോപണവും സജീവമാണ്.

(ലോക തൊഴിലാളി ദിനവും മറുനാടൻ കുടുംബമേളയും പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (മെയ് 1) മറുനാടൻ മലയാളി യിൽ പ്രധാന വാർത്തകൾ മാത്രം അപ്ഡേറ്റ് ചെയ്യുന്നതാണ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP