Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിഴക്കേകോട്ടയിലെ കോംപ്ലക്‌സിലുള്ളത് 32 കടമുറികൾ; ലൈസൻസ് അവസാനം പുതുക്കി നൽകിയത് 2012ൽ; ഇപ്പോൾ കട നടത്തുന്നത് ഉദ്യോഗസ്ഥരുടേയും യൂണിയൻ നേതാക്കളുടേയും ബിനാമികൾ; ഷോപ്പ് ഉടമകളുടെ അസോസിയേഷൻ നേതാവും കൊടി പിടിക്കുന്ന നേതാവ്; ഐജി ദിനേദ്ര കശ്യപിന്റെ റിപ്പോർട്ട് സ്ഥാപനത്തെ മുക്കി കൊല്ലുന്നതിന് പ്രത്യക്ഷ തെളിവ്; കെ എസ് ആർ ടി സിക്ക് കിട്ടേണ്ട കോടികളുടെ വരുമാനം ഉത്തവാദിത്തപ്പെട്ടവർ തന്നെ കട്ടുമുടിക്കുന്നതിന് മറ്റൊരു തെളിവ് കൂടി; ആനവണ്ടിയെ ഉന്നതർ 'ഉരുട്ടി' കൊല്ലുമ്പോൾ

കിഴക്കേകോട്ടയിലെ കോംപ്ലക്‌സിലുള്ളത് 32 കടമുറികൾ; ലൈസൻസ് അവസാനം പുതുക്കി നൽകിയത് 2012ൽ; ഇപ്പോൾ കട നടത്തുന്നത് ഉദ്യോഗസ്ഥരുടേയും യൂണിയൻ നേതാക്കളുടേയും ബിനാമികൾ; ഷോപ്പ് ഉടമകളുടെ അസോസിയേഷൻ നേതാവും കൊടി പിടിക്കുന്ന നേതാവ്; ഐജി ദിനേദ്ര കശ്യപിന്റെ റിപ്പോർട്ട് സ്ഥാപനത്തെ മുക്കി കൊല്ലുന്നതിന് പ്രത്യക്ഷ തെളിവ്; കെ എസ് ആർ ടി സിക്ക് കിട്ടേണ്ട കോടികളുടെ വരുമാനം ഉത്തവാദിത്തപ്പെട്ടവർ തന്നെ കട്ടുമുടിക്കുന്നതിന് മറ്റൊരു തെളിവ് കൂടി; ആനവണ്ടിയെ ഉന്നതർ 'ഉരുട്ടി' കൊല്ലുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് ഇന്നും കെഎസ്ആർടിസിയുടെ പോക്ക്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കുതിക്കുക എന്നല്ലാതെ ലാഭക്കണക്കുകൾ ഒന്നും സർക്കാരിന് മുന്നിൽ വയ്ക്കാൻ കെഎസ്ആർടിസിക്ക് ഇന്നും കഴിയുന്നില്ല. ജീവനക്കാർക്ക് ശമ്പളമോ പെൻഷൻകാർക്ക് പെൻഷനോ സമയാസമയത്ത് നൽകാൻ ഇപ്പോഴും കെഎസ്ആർടിസി ക്ലേശിക്കുകയാണ്. ഈ ഘട്ടത്തിൽ ആസ്തികളാണ് പലപ്പോഴും കെഎസ്ആർടിസിക്ക് രക്ഷയാകുന്നത്. പക്ഷെ ഈ ആസ്തികളും വ്യക്തിഗത ലാഭക്കൊതിയോടെ ദുരുപയോഗിക്കപ്പെടുന്നു. കെ എസ് ആർ ടി സി എംഡി ഓഫീസിന് തൊട്ടടുത്താണ് ഈ കോപ്ലക്‌സ്. ഇതിലെ കള്ളക്കളിയും എംഡി കാണുന്നില്ല. യൂണിയൻ നേതാക്കളെ പേടിച്ചാണിത്.

ഇതിനു ഉത്തമ ഉദാഹരണമാണ് കിഴക്കേകോട്ടയിലെ കെഎസ്ആർടിസി ഷോപ്പിങ് കോപ്ലക്സിനെക്കുറിച്ച് ലോകായുക്തയ്ക്ക് മുൻപേ ഉയർന്ന പരാതി. കച്ചവടക്കാരെ പുനരധിവസിപ്പിക്കാനായി നൽകിയ 32 ഷോപ്പ് മുറികളിൽ ഇപ്പോൾ കച്ചവടം നടത്തുന്നത് യഥാർത്ഥ കച്ചവടക്കാർ അല്ല ബിനാമികളാണ് എന്നാണ് പരാതിയിൽ പറയുന്നത്. ഈ ഷോപ്പ് മുറികളുടെ കാര്യത്തിൽ റീ ടെൻഡർ നടത്തി ലക്ഷക്കണക്കിന് രൂപ കെഎസ്ആർടിസിക്ക് വരുമാനം ഉണ്ടാക്കാമെന്നിരിക്കെ ബിനാമികളെ സഹായിക്കാൻ കെഎസ്ആർടിസി കണ്ണടയ്ക്കയും കള്ളക്കളി നടത്തുകയുമാണ് ചെയ്യുന്നത്. കെഎസ്ആർടിസിക്ക് വരുമാനച്ചോർച്ച ഉണ്ടാക്കുന്ന വഴികൾ വ്യക്തമാക്കുന്ന പരാതി കൂടിയാണ് ലോകായുക്തയുടെ മുന്നിലുള്ളത്.

കിഴക്കേകോട്ടയിലെ കെഎസ്ആർടിസി ഷോപ്പിങ് കോപ്ലക്‌സിലെ 32 കടമുറികളിൽ പലതും അനധികൃതമായി കെഎസ്ആർടിസിയിലെ തന്നെ ഉന്നതരും തൊഴിലാളി യൂണിയൻ നേതാക്കളും കൈവശം വച്ചിരിക്കുന്നുവെന്നാണ് ലോകായുക്തയ്ക്ക് മുൻപേ വന്ന പരാതി. പൊതുപ്രവർത്തകനായ ആശിഷ് ടി.എസാണ് ലോകായുക്തയ്ക്ക് മുന്നിൽ ഹർജി നൽകിയത്. ഷോപ്പുമുറികൾ അന്യാധീനപ്പെട്ടിരിക്കെ റീ ടെൻഡർ നടത്തി ഇവ ലേലം ചെയ്താൽ ലക്ഷക്കണക്കിന് രൂപ കെഎസ്ആർടിസിക്ക് വരുമാനം ലഭിക്കുമെന്ന് ഉറപ്പായിരിക്കെ അത് മറച്ചുവെച്ച് ലോബികൾക്കു വേണ്ടി കള്ളക്കളി നടത്തുകയാണ് കെഎസ്ആർടിസി ചെയ്യുന്നത്. ലോകായുക്തയിൽ നൽകിയ പരാതി ഈ കള്ളക്കളി തന്നെയാണ് വെളിച്ചത്തുകൊണ്ടുവരുന്നത്.

കിഴക്കേകോട്ടയിലെ കെഎസ്ആർടിസി കടമുറികൾ വിൽക്കാനോ ആർക്കും കൈമാറാനോ ലൈസൻസികൾക്ക് അവകാശമില്ല എന്നിരിക്കെയാണ് കെഎസ്ആർടിസിയിലെ ഉന്നതരും യൂണിയൻ നേതാക്കളും കട കൈവശം വെച്ചവരെ സ്വാധീനിച്ച് ബിനാമി പേരുകളിൽ ഇവയിൽ പലതും സ്വന്തമാക്കിയത്. 2012 വരെ ലൈസൻസ് കെഎസ്ആർടിസി പുതുക്കി നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷം കെഎസ്ആർടിസി ലൈസൻസ് പുതുക്കി നൽകിയില്ല. കെഎസ്ആർടിസി ലൈസൻസ് ഇല്ലാതിരുന്നിട്ടും കൈക്കൂലി നൽകിയപ്പോൾ മരിച്ചവരുടെ പേരിൽ വരെ നഗരസഭ ഡി ആൻഡ് ഒ ലൈസൻസ് നൽകിയതായി ആരോപണവും ഉയർന്നിട്ടുണ്ട്.

ലോകായുക്തയുടെ നിർദ്ദേശ പ്രകാരം അന്വേഷണം നടത്തിയ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് ഐജി ദിനേന്ദ്ര കാശ്യപും പരാതിയിലെ ആരോപണങ്ങൾ ശരിവച്ചാണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ദിനേന്ദ്ര കാശ്യപിന്റെ റിപ്പോർട്ട് വന്നതിനെ തുടർന്ന് എതിർ കക്ഷികൾക്ക് ലോകായുക്ത നോട്ടീസ് നൽകിയിട്ടുണ്ട്. കേസ് ലോകായുക്ത അടുത്ത മാസം വീണ്ടും പരിഗണിക്കും. പരാതി പരിശോധിച്ചപ്പോൾ ഷോപ്പ് മുറികളുടെ കാര്യത്തിൽ സർവത്ര കൃത്രിമം എന്നാണ് ദിനേന്ദ്ര കാശ്യപ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. കെഎസ്ആർടിസിയിൽ ഇൻസ്‌പെക്ടറും യൂണിയൻ നേതാവുമായ എസ്‌ജെ പ്രദീപ് ഇതേ ഷോപ്പിങ് കോംപ്ലക്‌സിൽ ഷോപ് ഉടമകളുടെ അസോസിയേഷൻ സെക്രട്ടറിയായത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.

പ്രദീപ് അധികാര ദുർവിനിയോഗമോ ക്രമക്കേടോ നടത്തിയിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ ഡിപ്പാർട്‌മെന്റൽ അന്വേഷണത്തിനും ഐജി ശുപാർശ ചെയ്യുന്നുണ്ട്. കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള ഹൈക്കോടതി വിധിയുടെ വെളിച്ചത്തിൽ കെഎസ്ആർടിസി കെട്ടിപ്പൊക്കുകയും കച്ചവടക്കാർക്ക് നൽകുകയും ചെയ്ത രണ്ടു നില ഷോപ്പിങ് കോംപ്ലക്‌സ് എങ്ങിനെയാണ് വ്യത്യസ്ത കരങ്ങളിൽ എത്തിപ്പെട്ടത് എന്ന കാര്യത്തിൽ ഇതുവരെ ഒരന്വേഷണത്തിനും കെഎസ്ആർടിസി തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകിയിട്ടും ഈ കാര്യത്തിൽ ഇതുവരെ ഫലപ്രദമായ ഒരന്വേഷണവും നടന്നിട്ടുമില്ല.

1994ൽ കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി സ്റ്റാൻഡ് നവീകരണം വന്നിരുന്നു. ഈ ഘട്ടത്തിൽ കുറച്ചു കച്ചവടക്കാർക്ക് കടകൾ നഷ്ടമായി. കച്ചവടക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ ഇവരെ പുനരധിവസിപ്പിക്കാനുള്ള വിധി വന്നു. തുടർന്നാണ് 2014-ൽ കെഎസ്ആർടിസി കിഴക്കേകോട്ടയിലെ ഷോപ്പിങ് കോംപ്ലെക്‌സ് നിർമ്മിച്ചത്. 32 കടമുറികൾ ആണ് നിലവിൽ ഉള്ളത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ കടമുറികളുടെ യഥാർത്ഥ ഉടമകൾ പലരും കഥാവശേഷരായി. ഈ ഘട്ടത്തിലാണ് കെഎസ്ആർടിസിഉന്നതരും യൂണിയൻ നേതാക്കൾ അടക്കമുള്ളവരും കടമുറികൾ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തുകയും കടകൾ പലതും ബിനാമി പേരിൽ സ്വന്തമാക്കുകയും ചെയ്തു. ഇതാണ് പരാതിയിൽ പറയുന്നത്.

32 കടമുറികളിൽ 19 കടമുറികൾക്ക് മാത്രമാണ് ലൈസൻസ് ഉള്ളതെന്നും ബാക്കി 13 കടമുറികൾക്ക് ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് പ്രവർത്തിക്കുന്നതെന്നുള്ളതിരുവനന്തപുരം നഗരസഭയുടെ റിപ്പോർട്ടും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2004-ൽ കട കൈമാറുമ്പോൾ അർഹതയുള്ള 32 പേർക്കാണ് കെഎസ്ആർടിസി കട നൽകിയത്. ആദ്യ മൂന്നു വർഷത്തിനു ശേഷം വർഷാവർഷം കരാർ പുതുക്കണമെന്നാണ് നിബന്ധനയുണ്ടായിരുന്നത്. എന്നാൽ 2012 നു ശേഷം കെഎസ്ആർടിസി ആർക്കും കരാർ പുതുക്കി നൽകിയില്ല. കരാർ പുതുക്കി നൽകാത്തതിനാൽ നഗരസഭയുടെ ഡി ആൻഡ് ഒ സർട്ടിഫിക്കറ്റ് പലർക്കും ലഭിച്ചതുമില്ല.എന്നിട്ടും അനധികൃതമായി കടയുടമകൾ ഈ കടകൾ നടത്തിക്കൊണ്ടു പോവുകയാണ് ചെയ്യുന്നത്. ഡീഡിന് വിരുദ്ധമായി പ്രവർത്തിച്ച കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്കും എസ്റ്റേറ്റ് ഓഫീസർക്കും എതിരെ കൃത്യ വിലോപത്തിനും സ്വജന പക്ഷപാതത്തിനും എതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിർദ്ദേശം നൽകാനും കടമുറികൾ ബിനാമിപ്പേരിൽ കൈവശം വെച്ച് കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കാനും നഗരസഭയുടെ ലൈസൻസ് ഇല്ലാത്തവരെ കണ്ടെത്തി ഒഴിപ്പിക്കാനും കെഎസ്ആർടിസിഎംഡിക്കും തിരുവനന്തപുരം കോർപ്പറേഷനും കർശന നിർദ്ദേശം നൽകാനും ലോകായുക്തയ്ക്ക് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കെഎസ്ആർടിസിയെ മുങ്ങുന്ന കപ്പലാക്കി മാറ്റിയതിൽ തൊഴിലാളി യൂണിയൻ നേതാക്കൾക്കുള്ള പങ്ക് വളരെ വലുതാണ്. ഇപ്പോഴും ഷോപ്പ് മുറികളുടെ കാര്യത്തിലും മറ നീക്കുന്നതും യൂണിയൻ നേതാക്കളും കെഎസ്ആർടിസി ഉന്നതരും തമ്മിലുള്ള ബന്ധമാണ്. ഈ കഴിഞ്ഞയാഴ്ചയാണ് കെഎസ്ആർടിസി ഷാമിയാന ധൂർത്ത് മറുനാടൻ പുറത്തുവിടുന്നത്. കോർപ്പറേഷനിലെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഏറ്റവും ഒടുവിലെ ഉദാഹരണമായി പുറത്തുവന്നത് തിരുവനന്തപുരത്തു നിന്നുള്ള ഒരു കൊള്ളയുടെ കഥയാണ്.

ഭരണകക്ഷി തൊഴിലാളി യൂണിയനിൽപെട്ട നേതാവിന് കീശ വീർപ്പിക്കാൻ വേണ്ടിയാണ് കോർപ്പറേഷനിലെ പണം ധൂർത്തടിക്കുന്ന അവസ്ഥ ഉണ്ടായത്. തിരുവനന്തപുരത്ത് തമ്പാനൂരിലെ കെഎസ്ആർടി ബസ് ടെർമിനലിന് മുമ്പിൽ ഒരു താൽക്കാലിക ഷെഡ്ഡ് പണിതതിന്റെ പേരിലാണ് പച്ചയായ ധൂർത്ത് പുറത്തുവന്നത്. ഉദ്യോഗസ്ഥർ തമ്മിലുള്ള കള്ളക്കളി മൂലം ലക്ഷങ്ങളാണ് കെഎസ്ആർടിസിക്ക് നഷ്ടമാകുന്നത്. യാത്രക്കാർക്ക് വെയിൽ കൊള്ളാതിരിക്കാൻ വേണ്ടിയാണ് തലസ്ഥാനത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ ഷാമയാന വലിച്ചു കെട്ടിയത്. വിലയ്ക്ക് വാങ്ങിയാൽ 38,000 രൂപ വില വരുന്ന ഈ ഷാമിയാന കെട്ടിയതിന് വാടക ഇനത്തിൽ 1,90,000 രൂപ ചെലവാക്കി എന്നതാണ് അഴിമതിയുടെ നേർചിത്രമായി മാറിയത്.

ഇക്കഴിഞ്ഞ മാർച്ച് 27 മുതൽ ജൂൺ 15 വരെ വേനൽ കനത്ത വേളയിലാണ് തമ്പാനൂരിലെ ബസ് ടെർമിനലിന് മുന്നിൽ ഷാമയാന വലിച്ചു കെട്ടിയത്. രണ്ടര മാസം മാത്രം ഇത് സ്ഥാപിച്ചതിനാണ് കെഎസ്ആർടിസി ഒരു ലക്ഷത്തി തൊണ്ണൂറായിരും രൂപയുടെ ബില്ലിട്ടത്. തമ്പാനൂരുള്ള ഒരു സിഐടിയു നേതാവാണ് ഈ ഷാമയാന വാടകയ്ക്ക് വലിച്ചു കെട്ടിയത്. സെൻട്രൽ ഡിപ്പോ കോംപ്ലക്സിന് മുന്നിലായാണ് കളിയിക്കവിള ബസ് പാർക്ക് ചെയ്യുന്ന ഭാഗത്ത് യാത്രക്കാർക്ക് വെയിലു കൊള്ളാതെ വച്ചിരിക്കുന്നു ചെറിയ ടെന്റായിരുന്നു സ്ഥാപിച്ചത്. സൗജന്യമായി ആ ഭാഗത്ത് വെയിറ്റിങ് ഷെഡ് നിർമ്മിച്ച് തരാൻ സന്നദ്ധരായ ആളുകൾ ഉണ്ടായിരുന്നിട്ടും മറ്റ് കമ്പനികളും താൽപ്പര്യം പ്രകടിപ്പിച്ചിട്ടും അതെല്ലാം വേണ്ടെന്ന് വച്ചായിരുന്നു സിഐടിയു യൂണിയൻ നേതാവിന് കീശ വീർപ്പിക്കാൻ അവസരം ഒരുക്കിയത്.

കെഎസ്ആർടിസി ബസിൽ പരസ്യം പതിക്കാൻ കരാറെടുത്ത കമ്പനിയും ഷെഡ്ഡ് സൗജന്യമായി സ്ഥാപിച്ചു നൽകാൻ തയ്യാറാണെന്ന് അറിയിച്ച് രംഗത്തുണ്ടായിരുന്നു. പകരം പരസ്യ ബോർഡ് സ്ഥാപിച്ചാൽ മതിയെന്നുമായിരുന്നു അവരുടെ ഡിമാൻഡ്. എന്നാൽ, ഇത് തങ്ങൾക്ക് കീശ വീർപ്പിക്കാനുള്ള അവസരമായി കണ്ട് ഉദ്യോഗസ്ഥർ ഇടപെടൽ നടത്തിയെന്നാണ് സൂചന. അതുകൊണ്ടാണ് സിഐടിയു യൂണിയൻ നേതാവിന് കരാർ നൽകിയതും. തിരുവനന്തപുരം സെൻട്രൽ സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ കുമാർ ബിൽ പാസ് ചെയ്തു ഫണ്ടിനായി ഹെഡ് ഓഫീസിലേക്ക് നൽകുകയുമായിരുന്നു.

ആനവണ്ടി പ്രേമികളിൽ ചിലർ ഇത് തീവെട്ടിക്കൊള്ളയെ കുറിച്ച് മനസ്സിലാക്കി ഇടപെടൽ നടത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷെഡ് പൊളിച്ചുമാറ്റുകയായിരുന്നു. സോഷ്യൽ മീഡിയ വഴി സംഭവം പ്രചരിച്ചതോടെ പ്രതിഷേധവും ഉയർന്നിരുന്നു. യൂണിയൻ സഖാവിന് കീശ വീർപ്പിക്കാൻ വേണ്ടി നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയെ കരുവാക്കുന്നതിൽ ഒരു വിഭാഗം ജീവനക്കാർക്കും പ്രതിഷേധമുണ്ട്. ഇവർ വിഷയത്തിൽ ഇടപെട്ടു കൊണ്ട് രംഗത്തുണ്ട്. അതേസമയം തമ്പാനൂർ കോപ്ലംക്സിന് മുന്നിൽ സ്ഥിരമായ ഷെഡ്ഡ് സ്ഥാപിക്കാനും കോർപ്പഷേന് പദ്ധതിയുണ്ട്. ഇതിനായി പണം മുടക്കമെന്ന് ഒരു പ്രമുഖ പത്രഗ്രൂപ്പ് അടക്കം സന്നദ്ധത അറിയിച്ചിട്ടുണ്ട്.

എന്നാൽ, അങ്ങനെ വേണ്ട എന്ന നിലപാടിലാണ് അധികാരികൾ എന്നാണ് അറിയുന്നത്. ഇതിന് വേണ്ടിയും കെഎഫ്സിയിൽ നിന്നും വായ്‌പ്പയെടുക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. അതേസമയം ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും സാധിക്കാത്ത വിധത്തിൽ പ്രതിസന്ധിയിൽ നിൽക്കുന്ന ആനവണ്ടിയിൽ യൂണിയനുകാരുടെ തോന്ന്യവാസത്തെ തുറന്നെതിർക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP