Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

റെയ്ഡിന് വഴിയൊരുക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര കണ്ടെത്തലുകൾ; റിപ്പോർട്ട് ചോർന്നത് സർക്കാരിനും പിണറായിക്കും തലവേദനയായി; ചോർച്ചയിൽ അന്വേഷണത്തിന് വിജിലൻസ്; ചുമതല എസ് പി ഹരിശങ്കറിന്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ.എസ്.എഫ്.ഇയിൽ ഇടപെടൽ തുടരും

റെയ്ഡിന് വഴിയൊരുക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര കണ്ടെത്തലുകൾ; റിപ്പോർട്ട് ചോർന്നത് സർക്കാരിനും പിണറായിക്കും തലവേദനയായി; ചോർച്ചയിൽ അന്വേഷണത്തിന് വിജിലൻസ്; ചുമതല എസ് പി ഹരിശങ്കറിന്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ.എസ്.എഫ്.ഇയിൽ ഇടപെടൽ തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് എഫ് ഇയിലെ റെയ്ഡിലെ വിവരങ്ങൾ ചോർന്നതിനെ കുറിച്ച് അന്വേഷണം. വിജിലൻസിലെ ഇന്റലിജൻസാകും അന്വേഷണം. ഇതിനുള്ള നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസ് മേധാവിക്ക് നൽകിയതായാണ് സൂചന. അന്വേഷണത്തിലെ കണ്ടെത്തലുകൾ എങ്ങനെ പുറത്തെത്തി എന്നതാകും പരിശോധിക്കുക. വിജിലൻസ് എസ് പി ഹരിശങ്കറിനാകും അന്വേഷണ ചുമതലയെന്നാണ് സൂചന. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കും. കെ എസ് എഫ് ഇയിലെ അന്വേഷണം വിജിലൻസ് തുടരുകയും ചെയ്യും.

കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡിൽ മന്ത്രി തോമസ് ഐസക്കിന്റെയും സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെയും വിമർശനങ്ങളെയെല്ലാം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തു വന്നിരുന്നു. റെയ്ഡ് ആർക്കും തോന്നിയ വട്ടല്ലെന്നും വിജിലൻസിന്റെ പതിവു നടപടിക്രമം മാത്രമാണെന്നും തോമസ് ഐസക്കിന് മുഖ്യമന്ത്രിയുടെ മറുപടി നൽകി. 2019ലും ഈ വർഷവുമായി വിവിധ വകുപ്പുകളിൽ ഇരുപത്തിനാലു മിന്നൽ പരിശോധനകൾ നടത്തിയപ്പോഴൊന്നും തോന്നാത്ത പ്രശ്നം ഇപ്പോൾ തോന്നുന്നതെന്തെന്നും തോമസ് ഐസക്കിനോടും സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനോടും പരോക്ഷമായി മുഖ്യമന്ത്രി ചോദിച്ചു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് ചോർച്ചയിൽ അന്വേഷണം. ഇതുകൊണ്ട് മാത്രമാണ് ഇത് വിവാദമായതെന്നും സർക്കാർ വിലയിരുത്തുന്നു.

കെ.എസ്.എഫ്.ഇയിലെ വിജിലൻസ് പരിശോധനയ്ക്കു വഴിയൊരുക്കിയത് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയ ഗുരുതര ക്രമക്കേടുകളായിരുന്നു. സ്ഥാപനത്തിലെ ഉള്ളുകള്ളികൾ വ്യക്തമാക്കുന്നതായിരുന്നു വിജിലൻസിന്റെ ഇന്റലിജൻസ് റിപ്പോർട്ട്. പൊള്ളച്ചിട്ടിയിലൂടെ ലക്ഷങ്ങൾ ഒഴുകി. വലിയ തുക കൊടുത്ത് ചേരേണ്ട വലിയ ചിട്ടികളിൽ ആവശ്യത്തിന് ആളെ കിട്ടാതെവരുമ്പോൾ കള്ളപ്പേരിലും ബിനാമി പേരിലും ആളുകളെ ചേർക്കും. ഓരോ മാസവും വൻതുക അടയ്ക്കേണ്ട ചിട്ടികളിലൂടെ കള്ളപ്പണം വെളുപ്പിക്കും. ചിട്ടിയിൽ ആദ്യം ലഭിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടയ്ക്കണമെന്നാണു ചട്ടം. ഇതു ലംഘിച്ച് പല മാനേജർമാരും ഈ തുക കൈവശംവയ്ക്കുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നു. ഇതു പ്രകാരമായിരുന്നു റെയ്ഡ്.

ചിറ്റാളൻ ചെക്കാണു നൽകുന്നതെങ്കിൽ ചെക്ക് മാറി അക്കൗണ്ടിൽ പണം വന്നാൽ മാത്രമേ ചിട്ടിയിൽ ചേർക്കാവൂ എന്നാണു വ്യവസ്ഥ. എന്നാൽ ചെക്ക് കിട്ടിയാലുടൻ ചിട്ടിയിൽ ചേർക്കുമെന്നും ഇന്റലിജൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ മാസവും ഏതെങ്കിലും സ്ഥാപനത്തിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇക്കുറി ഓപ്പറേഷൻ ബചത് എന്ന പേരിൽ കെ.എസ്.എഫ്.ഇയിൽ റെയ്ഡ് നടത്തിയത്. എന്നാൽ കെ.എസ്.എഫ്.ഇയിൽ എല്ലാം സേഫാണെന്നാണ് ആഭ്യന്തര വിജിലൻസ് വിഭാഗം പറയുന്നത്. സംസ്ഥാന വിജിലൻസിന്റെ 'ഓപ്പറേഷൻ ബചത്' പരിശോധനയെ തള്ളിപ്പറഞ്ഞ് കെ.എസ്.എഫ്.ഇയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണു ക്ലീൻ ചിറ്റ്. മന്ത്രി തോമസ് ഐസക്കിന്റെ നിർദ്ദേശപ്രകാരം നടന്ന ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതു നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമെന്ന വിലയിരുത്തലെത്തി. ഇതോടെയാണ് ധന വകുപ്പ് പ്രതിക്കൂട്ടിലായത്. പിന്നാലെ ധനമന്ത്രി വിമർശനവുമായെത്തി.

വിജിലൻസിനെ പൂർണമായി ന്യായീകരിച്ചാണ് ഐസക്കിനെയും സിപിഎമ്മിലെ വിമർശകരെയും മുഖ്യമന്ത്രി തള്ളിയത്. പരാതിയിലെ വിവരങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷിക്കും. വിവരം ശരിയാണെന്നു കണ്ടാൽ പരിശോധന നടത്തും. അതിന് വിജിലൻസ് ഡയറക്ടറുടെ അനുമതി മതി,-മുഖ്യമന്ത്രി പറഞ്ഞു. 2019 ജനുവരി പതിനേഴിന് മോട്ടോർ വാഹന വകുപ്പിലേതു മുതൽ കെഎസ്എഫ്ഇ വരെയുള്ള വിജിലൻസിന്റെ മിന്നൽ പരിശോധനകൾ മുഖ്യമന്ത്രി വിശദീകരിച്ചു. തോമസ് ഐസക്കിനും ആനത്തലവട്ടം ആനന്ദനും സിപിഐക്കും വിജിലൻസിന്റെ പരിശോധന മനസ്സിലായില്ലേ എന്ന ചോദ്യത്തിന് പതിവുപോലെ മാധ്യമങ്ങളെ വിമർശിച്ചാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ആഭ്യന്തര ഉപദേശകൻ രമൺ ശ്രീവാസ്തവയെയും മുഖ്യമന്ത്രി ന്യായീകരിച്ചു.

കുറച്ചു കാലമായി ഇല്ലാതിരുന്ന മാധ്യമ സിൻഡിക്കേറ്റിന്റെ സ്വഭാവം നിങ്ങളിൽ ചിലരിൽ വീണ്ടും കണ്ടു തുടങ്ങിയിരിക്കുന്നു. തലസ്ഥാനം കേന്ദ്രീകരിച്ചുള്ള മാധ്യമ പ്രവർത്തകരിൽ ഇതു പ്രകടമായിരുന്നു. കുറച്ചു കാലമായി ഇതു കാണാനില്ലായിരുന്നു. പാർട്ടിക്കുള്ളിൽ കുഴപ്പങ്ങളുണ്ടാക്കാൻ ആരും ശ്രമിക്കേണ്ട. ഓർഡിനൻസ് പ്രശ്നത്തിൽ എല്ലാം ഉപദേശകന്റെ കുഴപ്പമാണെന്ന് ഞാൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞുവെന്ന പച്ചക്കള്ളം എഴുതി. ഇപ്പോഴും ശ്രീവാസ്തവയെപ്പറ്റി പറയുന്നു. വിജിലൻസ്, പൊലീസ്, ജയിൽ തുടങ്ങിയ വകുപ്പുകളിൽ ശ്രീവാസ്തവയ്ക്ക് ഒന്നും ചെയ്യാനില്ല, മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ ബ്രാഞ്ചുകളിൽ വീഴ്ച കണ്ടെത്താൻ ഓഡിറ്റ് ടീമിനു കഴിഞ്ഞിട്ടില്ലെന്ന് കെ.എസ്.എഫ്.ഇ. ചെയർമാൻ ഫിലിപ്പോസ് തോമസ് അറിയിച്ചിട്ടുണ്ട്. വിജിലൻസ് പറയുന്ന പൊള്ളച്ചിട്ടി അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചു. ഒരു ബ്രാഞ്ചിൽ പോലും വീഴ്ച കണ്ടെത്തിയില്ല. വിജിലൻസ് കണ്ടെത്തിയ ക്രമക്കേടുകൾ എന്തൊക്കെയാണെന്ന് ആരും തന്നെ അറിയിച്ചിട്ടില്ല. ആഭ്യന്തര അന്വേഷണസംഘം കണ്ടെത്താത്ത എന്തെങ്കിലും കാര്യങ്ങൾ വിജിലൻസ് കണ്ടെത്തിയിട്ടുണ്ടെങ്കിൽ കെ.എസ്.എഫ്.ഇ.യെ അറിയിക്കേണ്ടതാണെന്നും ഫിലിപ്പോസ് തോമസ് അറിയിച്ചു.

അതിനിടെ, വിജിലൻസ് അന്വേഷണം സംബന്ധിച്ച് ചർച്ച നീട്ടാൻ തനിക്ക് ഉദ്ദേശ്യമില്ലെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP