Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തീവെട്ടിക്കൊള്ള നടത്തി പള്ളവീർക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കോടികളുടെ ലാഭം ഉണ്ടാക്കാൻ ഒത്തുകളി; അമൃതയ്ക്ക് മാത്രം ലാഭം 18 കോടി; ലിസിയുടെ കുതന്ത്രത്തിൽ വീണ ഉദ്യോഗസ്ഥരും നേതാക്കളും അടിച്ചുമാറ്റിയത് എത്ര കോടി?

തീവെട്ടിക്കൊള്ള നടത്തി പള്ളവീർക്കുന്ന സ്വകാര്യ ആശുപത്രികൾക്ക് കോടികളുടെ ലാഭം ഉണ്ടാക്കാൻ ഒത്തുകളി; അമൃതയ്ക്ക് മാത്രം ലാഭം 18 കോടി; ലിസിയുടെ കുതന്ത്രത്തിൽ വീണ ഉദ്യോഗസ്ഥരും നേതാക്കളും അടിച്ചുമാറ്റിയത് എത്ര കോടി?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സാധാരണക്കാരൻ വൈദ്യുതി കുടിശ്ശിക വരുത്തിയാൽ ഫ്യൂസ് ഊരാൻ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ശരിക്കും മിടുക്കാണ്. എന്നാൽ, അതിസമ്പന്നരുടെയും സാധാരണ ജനങ്ങളുടെയും പോക്കറ്റ് കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രികളുടെയും കാര്യത്തിൽ ഇതൊന്നും ബാധകമല്ല. ഇവർക്ക് വൈദ്യുതി ഇഷ്ടം പോലെ മോഷ്ടിക്കാം, എത്രയൊക്കെ കുടിശ്ശിക വരുത്തിയാലും ഒത്താശ ചെയ്ത് സംരക്ഷിക്കാൻ ഉദ്യോഗസ്ഥരുണ്ടാകും. അയയ്‌ക്കേണ്ട തുകയുടെ ചെറിയ ഒരു അംശം ഇവർക്ക് പോക്കറ്റ് മണിയായി കൊടുത്താൽ മതിയാകും. ഇങ്ങനെയുള്ളവർക്ക് വേണ്ടി ഓശാന പാടാൻ വേണ്ടി ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മത്സരിക്കുകയും ചെയ്യും. നട്ടെല്ലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവരെ അവിടെ നിന്നും പറപ്പിക്കാൻവേണ്ടി നടപടി രാഷ്ട്രീയ തലത്തിൽ നിന്നുണ്ടാകും. ഋഷിരാജ് സിംഗിനെ പോലുള്ള ഉദ്യോഗസ്ഥനെ തുരത്തിയത് തന്നെ ഇതിന്റെ ഉദാഹരണമാണ്.

കോടികൾ നഷ്ടത്തിലായി പ്രവർത്തിക്കുന്ന കെഎസ്ഇബിയെ തകർക്കാൻ വേണ്ടിയുള്ള തുരപ്പൻ പണിയെടുക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇപ്പോഴും സജീവമായി അതിനും ശ്രമിക്കുന്നു എന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി പുറത്തുവന്നു. കേരളത്തിലെ ആരോഗ്യമേഖലയിലെ ഏറ്റവു വലിയ കൊള്ളക്കാരായ ഒരു പറ്റം ആശുപത്രികൾക്ക് വേണ്ടി രാഷ്ട്രീയ -ഉദ്യോഗസ്ഥ വൃന്ദം ഒരുമിച്ച് രംഗത്തെത്തുന്നു എന്നാണ് വ്യക്തമാകുന്നത്. ആതുര സേവന രംഗത്ത് ചില ആശുപത്രികൾ എങ്ങനെയാണ് തീവെട്ടിക്കൊള്ള നടത്തുന്നതെന്ന വിവരം മുൻപ് പല റിപ്പോർട്ടുകളിലൂടെയും മറുനാടൻ മലയാളി വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ സാധാരണക്കാരെ പിഴിയുന്ന ആശുപത്രികളുടെ ലക്ഷങ്ങളുടെ കുടിശ്ശികയിൽ ചെറുവിരൽ അനക്കാൻ തയ്യാറാക്കാത്ത കെഎസ്ഇബി ഇപ്പോൾ ചാരിറ്റിയുടെ മറവിൽ ഇത്തരക്കാർക്ക് ഇളവ് അനുവദിക്കാൻ പോകുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.

വൻകിട സ്വകാര്യ ആശുപത്രികളുടെ വൈദ്യുതി നിരക്ക് സർക്കാർ ആശുപത്രികളുടേതിനു സമാനമായി കുത്തനെ കുറയ്ക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്. സർക്കാർ ആശുപത്രികളുടെ ചികിത്സാഫീസും പരിശോധനാ ഫീസും നാമമാത്രമായണെങ്കിൽ സ്വകാര്യ ആശുപത്രികളുടെത് കഴുത്തറപ്പനാണ്. നഗ്നമായ കച്ചവടം നടത്തുന്ന ഇത്തരം ആശുപത്രികളെ സഹായിക്കാൻ ഉത്തരവിറക്കാനുള്ള നീക്കങ്ങൾ ധ്രുതഗതിയിൽ പുരോഗമിക്കുകയാണ്. വൈദ്യുതി ബോർഡിനെ ലാഭത്തിലാക്കാൻ കർക്കശ നിർദ്ദേശം പുറപ്പെടുവിക്കുന്ന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് കൈക്കൊണ്ടത്. എന്നാൽ കമ്മിഷനിൽ ഭിന്നാഭിപ്രായം നിലനിൽക്കുന്നതിനാൽ ഉത്തരവായി ഇറക്കുന്നത് മാറ്റിവച്ചിരിക്കയാണ്.

അനുകൂലമായി ഉത്തരവ് പുറത്തിറങ്ങിയാൽ സംസ്ഥാനത്തെ വിവിധ സ്വകാര്യ ആശുപത്രികൾക്ക് വൈദ്യുതി ചാർജ്ജ് ഇനത്തിൽ കോടികൾ ലഭമുണ്ടാക്കാൻ സാധിക്കും. റെഗുലേറ്ററി കമ്മിഷന് കൊച്ചിയിലെ ലിസി ആശുപത്രി നൽകിയ അപേക്ഷ പരിഗണിച്ചാണ് വൈദ്യുതി ബോർഡിനു കോടികളുടെ വരുമാന നഷ്ടമുണ്ടാക്കുന്ന തീരുമാനം കൈക്കൊള്ളാൻ ഒരുങ്ങുന്നത്. ചാരിറ്റബിൽ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രി എന്ന നിലയിലാണ് കെഎസ്ഇബിയോട് ഇവർ ഇളവ് തേടിയത്. വൈദ്യുതി ബോർഡിന് ഇക്കാര്യം പറ്റില്ലെന്ന് പറഞ്ഞ് ഒഴിവാക്കാമെങ്കിലും ഉന്നത സമ്മർദ്ദത്തെ തുടർന്ന് അപേക്ഷ പരിഗണിക്കുകയാണ് ഉണ്ടായത്. ഇപ്പോഴത്തെ നീക്കം തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ നീക്കമായും വ്യാഖ്യാനിക്കപ്പെടുന്നു. വൈദ്യുതി ബോർഡിലെ ഉന്നതർക്ക് വൻ വാഗ്ദാനങ്ങളും ഉണ്ടെന്ന വിധത്തിൽ സംശയവും ഉയരുന്നുണ്ട്.

ലിസി ആശുപത്രി സമർപ്പിച്ച അപേക്ഷയിൽ ജനുവരി ആദ്യ വാരം റെഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഈ നീക്കം തകൃതിയായി നടക്കുന്നത്. തിരുവിതാംകൂർ കൊച്ചിൻ ചാരിറ്റബിൾ ആക്ട് പ്രകാരം നടത്തുന്ന ആശുപത്രികളിൽ ചിലതിനെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ആശുപത്രികളോടു ചേർന്ന് ഗവേഷണ സ്ഥാപനങ്ങളും ജീവകാരുണ്യ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. അവയ്ക്കു ലഭിക്കുന്ന സംഭാവനകൾക്കും ആദായ നികുതി ഇളവുണ്ട്. ചില വൻകിട മൾട്ടി സ്‌പെഷാലിറ്റി ആശുപത്രികളാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തുന്നത്. ആശുപത്രി കോംപ്ലക്‌സിനോട് ചേർന്നുള്ള ഏതെങ്കിലും സ്ഥാപനത്തെ ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിൽ ആശുപത്രിക്കാകെ വൈദ്യുതി നിരക്ക് ഇളവ് നൽകാനാണു നീക്കം.

ചാരിറ്റബിൽ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികൾ ആണെങ്കിലും ഏറ്റവും അധികം വരുമാനമുണ്ടാക്കുന്ന ആശുപത്രികൾ ആണ് ഇവ. മത മാനേജ്‌മെന്റുകളുടെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നതും. നിലവിൽ സ്വകാര്യ ആശുപത്രികളിൽ നിന്ന് ഉയർന്ന വൈദ്യുതി നിരക്കാണ് കെഎസ്ഇബി ഈടാക്കുന്നത്. പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ചികിത്സ നൽകുന്ന സർക്കാർ ആശുപത്രികൾക്കും മെഡിക്കൽ കോളജുകൾക്കും കുറഞ്ഞ നിരക്കും ഈടാക്കി വരുന്നു. പൊതുജന സേവനത്തിന്റെ ഭാഗമായാണ് സർക്കാർ ആശുപത്രികൾക്കുള്ള ഇളവ്. ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നതിന്റെ ഏതെങ്കിലും രേഖ ഹാജരാക്കിയാൽ സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രികളുടേതിനു സമാനമായ കുറഞ്ഞ നിരക്കിൽ വരുന്ന ഇളവാണു വരുന്നത്.

ലോ ടെൻഷൻ വിഭാഗത്തിൽ നിലവിൽ പ്രതിമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്ന സർക്കാർ ആശുപത്രികൾക്ക് യൂണിറ്റിന് 5.50 രൂപയാണു നിരക്ക്. മുഴുവൻ യൂണിറ്റിനും ഇതാണു നിരക്ക്. 500 യൂണിറ്റിന് മുകളിലാണെങ്കിൽ യൂണിറ്റിന് 6.30 രൂപ. സ്വകാര്യ ആശുപത്രിയാണെങ്കിൽ ഉപയോഗം കൂടുന്നതിനനുസരിച്ച് നിരക്കു കൂടും. ലോ ടെൻഷൻ വിഭാഗത്തിൽ ഒന്നു മുതൽ 100 യൂണിറ്റ് വരെ 5.80 രൂപയും ഒന്നു മുതൽ 200 യൂണിറ്റ് വരെ 6.50 രൂപയും ഒന്നു മുതൽ 300 യൂണിറ്റ് വരെ 7.20 രൂപയും നൽകണം. ഒന്നു മുതൽ 500 യൂണിറ്റ് വരെയാണെങ്കിൽ 7.80 രൂപയാണു നൽകേണ്ടത്. 500 യൂണിറ്റ് മുകളിൽ വൈദ്യുതി ഉപയോഗിച്ചാൽ ഒമ്പതു രൂപ നിരക്കിൽ ഈടാക്കും.

ഹൈ ടെൻഷൻ വിഭാഗത്തിലാണെങ്കിൽ സർക്കാർ ആശുപത്രികൾക്കും സർക്കാർ മെഡിക്കൽ കോളജുകൾക്കും യൂണിറ്റിന് 5.20 രൂപയാണു നിരക്ക്. ഇതേ വിഭാഗത്തിലെ സ്വകാര്യ ആശുപത്രികൾക്കും മൾട്ടി സ്‌പെഷാലിറ്റി, സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികൾക്കും നിരക്ക് ഉയർന്നതാണ്. പ്രതിമാസം 30,000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർ യൂണിറ്റിന് 6.20 രൂപയും അതിനു മുകളിൽ ഉപയോഗിക്കുന്നവർ യൂണിറ്റിന് 7.20 രൂപയും നൽകണം.

ഇത്തരത്തിൽ ആശുപത്രിക്ക് അനുകൂലമായി ഉത്തരവ് പുറത്തിറങ്ങുന്നതോടെ കൊച്ചിയിലെ അമൃത ആശുപത്രിക്ക് മാത്രം പ്രതിവർഷം 18 കോടി രൂപയുടെ ലാഭമുണ്ടാക്കാൻ സാധിക്കും. സമാനമായ രീതിയിൽ കോടികൾ മറ്റ് ആശുപത്രികൾക്കും ലഭിക്കുമെന്ന കാര്യം ഉറപ്പാണ്. ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ചികിത്സ ലഭ്യമാക്കുന്ന സർക്കാർ ആശുപത്രികളെയും വൻകിട സ്വകാര്യ ആശുപത്രികളെയും ഒരേപോലെ കണക്കാക്കി നിരക്ക് ഏകീകരിക്കുന്നത് ഉചിതമല്ലെന്ന് റെഗുലേറ്ററി കമ്മിഷനിൽത്തന്നെ ഉയർന്ന അഭിപ്രായമാണ് ഉത്തരവിറക്കുന്നതു നീട്ടിവയ്ക്കാൻ കാരണം.

കോടികളുടെ ബിസിനസ് നടത്തുന്ന ആശുപത്രികളിൽ നിന്നും സർക്കാറിന് ലഭിക്കാവുന്ന കോടികളുടെ നികുതി വരുമാനം നഷ്ടമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ധനകാര്യ വകുപ്പ് ധർമ്മ സ്ഥാപനങ്ങൾ എന്ന പേരിൽ ആശുപത്രികൾക്ക് വിൽപ്പന നികുതി ഇളവ് നൽകിയിട്ടുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 124 ആശുപത്രികളാണ് ഈ ഇളവ് സ്വന്തമാക്കിയത്. ഇതിൽ 119 എണ്ണവും ക്രൈസ്തവ മാനേജ്‌മെന്റിന്റെ കീഴിലാണ്.

ചാരിറ്റി പ്രവർത്തനം നടത്തുന്ന ആശുപത്രികൾ എന്ന പേരിലാണ് ഈ ആശുപത്രികൾ വാറ്റ് നികുതി ഇളവ് നേടിയിരിക്കുന്നത്. തൃശ്ശൂർ അമല മെഡിക്കൽ സെന്റർ, കൊച്ചിയിലെ ലിസി ആശുപത്രി, തിരുവല്ല പുഷ്പഗിരി മെഡിക്കൽ സെന്റർ തുടങ്ങിയ വൻകിട സ്ഥാപനങ്ങളും ഇങ്ങനെ നികുതി ഇളവ് നേടിയ സ്ഥാപനങ്ങളുടെ പട്ടികയിൽ പെടും. ഇവരാകട്ടെ സ്വാശ്രയ മെഡിക്കൽ സ്ഥാപനങ്ങൾ അടക്കം നിരവധി സ്ഥാനപങ്ങൾ കച്ചവട ലക്ഷ്യത്തോടെ നടത്തുന്നവരാണെന്നതാണ് പ്രത്യേകത. ഇങ്ങനെ ചാരിറ്റിയുടെ പേരിൽ ഇളവ് നൽകുമ്പോൽ സംസ്ഥാനത്തെ 124 ആശുപത്രികൾക്കും വൈദ്യുതി ഇളവും ലഭിച്ചേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാന സർക്കാർ അധികാരത്തിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് ഇത്തരത്തിൽ വൈദ്യുതി ചാർജ്ജ് ഇനത്തിൽ ഇളവ് പ്രഖ്യാപിച്ചാൽ അത് അത് വൻ വിവാദങ്ങൾക്കും ഇടയാക്കുമെന്ന കാര്യം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP