Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202207Friday

പാവങ്ങൾക്ക് സൗജന്യ വൈദ്യുതിക്ക് പദ്ധതി; നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സ്ഥാപനം 1466 കോടി ലാഭത്തിൽ; കൽക്കരി പ്രതിസന്ധി മറികടക്കാൻ 500മെഗാവാട്ട് ജല വൈദ്യുത പദ്ധതികൾ തുടങ്ങും; ലോകബാങ്ക് വായ്പയെടുത്ത് തിരുവനന്തപുരത്തെ സമ്പൂർണ്ണ സോളാർ നഗരമാക്കും; കെ എസ് ഇ ബിയിലേത് യഥാർത്ഥ 'വിപ്ലവം'

പാവങ്ങൾക്ക് സൗജന്യ വൈദ്യുതിക്ക് പദ്ധതി; നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ സ്ഥാപനം 1466 കോടി ലാഭത്തിൽ; കൽക്കരി പ്രതിസന്ധി മറികടക്കാൻ 500മെഗാവാട്ട് ജല വൈദ്യുത പദ്ധതികൾ തുടങ്ങും; ലോകബാങ്ക് വായ്പയെടുത്ത് തിരുവനന്തപുരത്തെ സമ്പൂർണ്ണ സോളാർ നഗരമാക്കും; കെ എസ് ഇ ബിയിലേത് യഥാർത്ഥ 'വിപ്ലവം'

സായ് കിരൺ

തിരുവനന്തപുരം : മൂന്നും നാലും ലക്ഷം രൂപ ശമ്പളം വാങ്ങുന്ന വിരലിലെണ്ണാവുന്ന ഉന്നത ഉദ്യോഗസ്ഥരുടെ എതിർപ്പുകളെ വകവയ്ക്കാതെ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന കെ.എസ്.ഇ.ബിയെ ലാഭത്തിലേക്ക് കൈപിടിച്ചുയർത്തി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ.ബി.അശോക് താരമായി. കനത്ത ശമ്പളവും വാങ്ങി പോക്കറ്റിലിട്ട് ജോലി ചെയ്യാതെ യൂണിയൻ കളിച്ച് നടന്നിരുന്ന നേതാക്കളെ ചെവിക്കു പിടിച്ച് ജോലി ചെയ്യിപ്പിക്കാൻ അശോകിന് കഴിഞ്ഞതോടെ പൊതുസമൂഹത്തിന്റെ കൈയടി നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും പച്ചക്കൊടി വീശിയതോടെ ഡോ.ബി അശോക് കെ.എസ്.ഇ.ബിയെ ശുദ്ധീകരിക്കാനുള്ള നടപടികൾ പകുതിയിലേറെ പൂർത്തിയാക്കിക്കഴിഞ്ഞു.

കഴിഞ്ഞ സാമ്പത്തിക വർഷം 1466 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് ഡോ.ബി.അശോകിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി നേടിയത്. 2011ന് ശേഷം ഇതാദ്യമായാണ് പ്രവർത്തനലാഭം നേടുന്നത്. 2020-21ൽ 182 2കോടിയായിരുന്നു നഷ്ടം. കൂടാതെ 14000 കോടി രൂപയുടെ സഞ്ചിത നഷ്ടവുമുണ്ട്. മികച്ച ഡാം മാനേജ്‌മെന്റും വിലകൂടുമ്പോൾ വൈദ്യുതിവാങ്ങാതെ ജലവൈദ്യുതി ഉപയോഗിച്ചും വിലകുറയുമ്പോൾ ജലവൈദ്യുതി ഉപയോഗിക്കാതെ സംഭരിച്ചുവെച്ചുമൊക്കെയാണ് ഡോ.ബി അശോകിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ലാഭം നേടിയത്. മാത്രമല്ല വിൽപനയിൽ 12ശതമാനവും വാങ്ങലിൽ 6ശതമാനവും കുറയ്ക്കാൻ നല്ല മാനേജ്‌മെന്റിലൂടെ സാധിച്ചു. ഡാം മാനേജ്‌മെന്റിലൂടെ 2904 മെഗാവാട്ട് വൈദ്യുതി വിൽപന നടത്തി 1023കോടി രൂപയുടെ വരുമാനമുണ്ടാക്കാനും കെ.എസ്.ഇ.ബിക്ക് കഴിഞ്ഞു. ഇതെല്ലാം ഡോ.ബി.അശോക് എന്ന ഐ.എ.എസുകാരൻ മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല. അദ്ദേഹത്തിന്റെ നേതൃപാടവത്തിലൂടെയാണ് കെ.എസ്.ഇ.ബി ലാഭത്തിലേക്ക് കുതിച്ചു കയറിയതെന്ന് നിസംശയം പറയാം.

വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് കൂടുതൽ സോളാർ വൈദ്യുത പദ്ധതികൾക്കും അശോക് തുടക്കമിട്ടു കഴിഞ്ഞു. സംസ്ഥാനത്തെ ആദ്യ സൗജന്യ വൈദ്യുതി പദ്ധതി പാലക്കാട്ടെ കുഴൽമന്ദത്ത് 3മാസത്തിനകം ആരംഭിക്കും. ഇവിടെ നിന്ന് പാവപ്പെട്ടവർക്ക് സൗജന്യമായി വൈദ്യുതി നൽകും. മൊത്തം 24.3ലക്ഷം രൂപയാണ് ചെലവ്. ഇതിൽ 17ലക്ഷം തദ്ദേശസ്ഥാപനം വഹിക്കും. ബാക്കി കേന്ദ്ര സബ്‌സിഡിയാണ്. രണ്ട് കിലോവാട്ട് ഉത്പാദന ശേഷിയുള്ള സോളാർ പ്‌ളാന്റ് സ്ഥാപിച്ച് അത് ഗ്രിഡിലേക്ക് എടുക്കും. അതിന് തുല്യമായ വൈദ്യുതി സൗജന്യമായി പാവപ്പെട്ട വീടുകൾക്ക് കെ.എസ്.ഇ.ബി. നൽകുന്നതാണ് പദ്ധതി. ഡോ.അശോകിന്റെ നേതൃത്വത്തിലാണ് കേന്ദ്രസഹായം കൂടി ലഭ്യമാവുന്ന ഈ സൗജന്യ വൈദ്യുതി വിതരണ പദ്ധതിക്ക് രൂപം നൽകിയത്.

സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ സോളാർ നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാനുള്ള പദ്ധതിയും സജ്ജമായിട്ടുണ്ട്. നൂറ് കിലോവാട്ട് ശേഷിയുള്ള സോളാർ നിലയങ്ങൾ സെക്രട്ടേറിയറ്റിലും നിയമസഭാമന്ദിരത്തിലും സ്ഥാപിക്കും. ടെക്‌നോപാർക്കിൽ 500കിലോവാട്ട് ശേഷിയുള്ള സോളാറും മറ്റ് 400ഓളം സർക്കാർ സ്ഥാപനങ്ങളിൽ സോളാർ പ്‌ളാന്റുകളും സ്ഥാപിക്കും. ഇതോടെ നഗരത്തിലെ സർക്കാർ സ്ഥാപനങ്ങളിലെല്ലാം സോളാർ വൈദ്യുതി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമായി തിരുവനന്തപുരം മാറും. ഇതിനായി 21കോടി രൂപയാണ് ചെലവ്. ഇത് ലോകബാങ്കിൽ നിന്ന് വായ്പയെടുക്കും. വായ്പയ്ക്ക് സർക്കാരിന്റെ അനുമതിയായിട്ടുണ്ട്. പദ്ധതി ഉടൻ നടപ്പാക്കാനാണ് അശോക് ഒരുങ്ങുന്നത്. ലോകബാങ്കിന്റെയും സർക്കാരിന്റെയും അനുമതികൾ പദ്ധതിക്കായി വേഗത്തിൽ നേടിയെടുക്കാനായത് അശോകിന്റെ നേട്ടമാണ്.

കൽക്കരിയിൽ നിന്നുള്ള വൈദ്യുത ഉത്പാദനം പ്രതിസന്ധിയിലായത് പരിഗണിച്ച് 500മെഗാവാട്ട് ജലവൈദ്യുതപദ്ധതികളിലൂടെ കണ്ടെത്തുന്നത് ഉൾപ്പെടെ ദീർഘകാല പദ്ധതികൾ നടപ്പാക്കാനാണ് അശോക് ഒരുങ്ങുന്നത്. കൽക്കരിക്ഷാമവും അതേ തുടർന്നുള്ള വൈദ്യുതിപ്രതിസന്ധി തുടർക്കഥയാകുകയാണ്. താപനിലയങ്ങളുടെ നിയന്ത്രണം സ്വകാര്യമേഖലയിലേക്ക് പോകുന്നതോടെ ഇതിനെ ആശ്രയിച്ചുള്ള വൈദ്യുതി വിതരണ സംവിധാനം ഏത് നിമിഷവും പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരും. ഇത് മറികടക്കാൻ സ്വന്തമായി ജലവൈദ്യുതിപദ്ധതികൾ നടത്തേണ്ടിവരും. സംസ്ഥാനത്തിന് അന്തർസംസ്ഥാന കരാറുകൾ പ്രകാരം 3000ടി.എം.സി.ജലം കിട്ടുന്നത് നിലവിൽ 300 ടി.എം.സി.പോലും ഉപയോഗിക്കുന്നില്ല. 2000ടി.എം.സി.വരെ ഉപയോഗിക്കാനാകുമെന്നാണ് പഠനറിപ്പോർട്ടുകൾ.

പരിസ്ഥിതി പ്രക്ഷോഭങ്ങൾ മൂലം സർക്കാരിന് അതിലേക്ക് കടക്കാനാവില്ല.25416 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്തെ വാർഷിക ഉപഭോഗം.10516 ദശലക്ഷം യൂണിറ്റ് ഇവിടെയുണ്ടാക്കുന്നു.ബാക്കി 14900 പുറമെ നിന്ന് കൊണ്ടുവരുന്നു. പ്രതിദിനം രാത്രികാലത്ത് 400മെഗാവാട്ടിന്റെ കുറവുണ്ട്. പ്രതിസന്ധിയുണ്ടായപ്പോൾ അത് കൂടി. പ്രതിദിന വൈദ്യുതികമ്മി മറികടക്കാൻ 20രൂപവരെ യൂണിറ്റിന് നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. ഇതുമൂലം പ്രതിദിനം നാലുകോടിയോളം രൂപയുടെ അധിക ബാദ്ധ്യതയാണുണ്ടാകുന്നത്.ഇടുക്കി രണ്ടാംഘട്ടം, ശബരിഗിരി,തുടങ്ങിയ വൻകിടപദ്ധതികളും എട്ടോളം ചെറുകിട പദ്ധതികളിലിമൂടെ 1500 മെഗാവാട്ട് വൈദ്യുതിയും സോളാർ പദ്ധതികളിലൂടെ 3000 മെഗാവാട്ട് പദ്ധതിയുമാണ് കെ.എസ്.ഇ.ബിയുടെ ലക്ഷ്യം.

കെ.എസ്.ഇ.ബി.യുടെ സേവനങ്ങളിൽ ബഹുഭൂരിപക്ഷം ജനങ്ങളും സംതൃപ്തരാണെന്നാണ് സർവേയിലെ വിവരങ്ങൾ സൂചിപ്പിക്കുന്നത്. 41731 ഉപഭോക്താക്കളെ സമീപിച്ച് നടത്തിയ സാമ്പിൾ സർവ്വേയിൽ പങ്കെടുത്ത 73.78ശതമാനവും കെ.എസ്.ഇ.ബി.സേവനത്തിൽ തൃപ്തി പ്രകടിപ്പിച്ചു. ഓൺലൈൻ പേയ്‌മെന്റ് സംവിധാനത്തിൽ 91ശതമാനവും സംതൃപ്തർ. എന്നാൽ മറ്റ് സേവനങ്ങളെ കുറിച്ച് 53ശതമാനം പേർക്കും അറിയില്ല. വാതിൽപടി സേവനം 74 ശതമാനവും പ്രയോജനപ്പെടുത്തിയിട്ടില്ല. പരാതി പരിഹാര സംവിധാനത്തിൽ 24ശതമാനത്തിനും അതൃപ്തി. 1912 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിച്ചിട്ട് 58ശതമാനത്തിനും പരിഹാരം കിട്ടിയില്ല. 55ശതമാനം ആളുകളും ഇ.വാഹനം വാങ്ങാൻ താൽപര്യം അറിയിച്ചു. മൊത്തത്തിലുള്ള സേവനത്തിൽ ജനങ്ങൾ തൃപ്തരാണെന്നാണ് കെ.എസ്.ഇ.ബി. നടത്തിയ സർവ്വേയിലെ കണ്ടെത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP