Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡ് മൂലം വീട്ടിൽ തനിച്ചായതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്; മിണ്ടാനും പറയാനും ആരുമില്ലെന്ന് പറഞ്ഞത് സഹപാഠിയായ കൂട്ടുകാരിയോട്; ആത്മഹത്യക്ക് മുൻപ് കൃഷ്ണപ്രിയ വിളിച്ച കൂട്ടുകാരി ആശ്വസിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല; പായിപ്പാട്ടെ കോവിഡ് നിരീക്ഷണത്തിലിരുന്ന എം.ബി.ബി.എസ് വിദ്യാർത്ഥിനിയുടെ മരണം മാനസിക സംഘർഷം മൂലമെന്ന് വിവരം; മരണത്തിൽ ദുരൂഹതയെന്ന വാദത്തിലുറച്ച് പിതാവും; സത്യമറിയാൻ ഫോണും ലാപ് ടോപ്പും പരിശോധിക്കാനൊരുങ്ങി പൊലീസും

കോവിഡ് മൂലം വീട്ടിൽ തനിച്ചായതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്; മിണ്ടാനും പറയാനും ആരുമില്ലെന്ന് പറഞ്ഞത് സഹപാഠിയായ കൂട്ടുകാരിയോട്; ആത്മഹത്യക്ക് മുൻപ് കൃഷ്ണപ്രിയ വിളിച്ച കൂട്ടുകാരി ആശ്വസിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല; പായിപ്പാട്ടെ കോവിഡ് നിരീക്ഷണത്തിലിരുന്ന എം.ബി.ബി.എസ് വിദ്യാർത്ഥിനിയുടെ മരണം മാനസിക സംഘർഷം മൂലമെന്ന് വിവരം; മരണത്തിൽ ദുരൂഹതയെന്ന വാദത്തിലുറച്ച് പിതാവും; സത്യമറിയാൻ ഫോണും ലാപ് ടോപ്പും പരിശോധിക്കാനൊരുങ്ങി പൊലീസും

ആർ പീയൂഷ്

കോട്ടയം: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സഹപാഠിയെ വിളിച്ച് താൻ ഏറെ ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് പറഞ്ഞിരുന്നതായി വിവരം. ചങ്ങനാശ്ശേരി പായിപ്പാട് സ്വദേശിനിയായ കൃഷ്ണ പ്രിയ(20)യാണ് റഷ്യയിൽ കൂടെ പഠിക്കുന്ന ഒരു കൂട്ടുകാരിയോട് സങ്കടം പറഞ്ഞത്. ഒറ്റപ്പെട്ട അവസ്ഥയിലായതിനാൽ ഏറെ സങ്കടമുണ്ടെന്നാണ് പറഞ്ഞിരുന്നത്. മരണ വിവരം അറിഞ്ഞ ശേഷം സഹപാഠിയായ വിദ്യാർത്ഥിനി ഇക്കാര്യം കൃഷ്ണ പ്രിയയുടെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സംസാരിക്കുമ്പോൾ ഏറെ സങ്കടപ്പെട്ടിരുന്നതായി മനസ്സിലായെന്നും കുറച്ചു ദിവസത്തേക്ക് ക്ഷമിക്ക് എല്ലാം ശരിയാവും എന്ന് ആശ്വസിപ്പിക്കുകയും ചെയ്തിരുന്നതായും സഹപാഠി പറഞ്ഞു. ഇതോടെ വിദ്യാർത്ഥിനിയുടെ മരണം മാനസിക സംഘർഷം മൂലമാണെന്നുള്ള വിവരമാണ് പുറത്ത് വരുന്നത്.

അധികം ആരോടും സംസാരിക്കാത്ത പ്രകൃതക്കാരിയാണ് കൃഷ്ണപ്രിയ. പ്ലസ്ടുവിന് ശേഷം വിദേശ രാജ്യങ്ങളിൽ എവിടെയെങ്കിലും ഉപരി പഠനം നടത്തണമെന്നായിരുന്നു ആഗ്രഹം. അങ്ങനെയാണ് റഷ്യയിൽ എം.ബി.ബി.എസ് അഡ്‌മിഷൻ വാങ്ങി നൽകി മകളുടെ ആഗ്രഹം പിതാവ് നിറവേറ്റിയത്. 2018 ലാണ് റഷ്യയിലേക്ക് കൃഷ്ണ പ്രിയ പോകുന്നത്. അവിടെ എത്തിയെങ്കിലും അധികം ആരോടും അടുപ്പം കാട്ടുകയോ ഒന്നും ചെയ്തിരുന്നില്ല. ചുരുക്കം ചില സൗഹൃദങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിലൊരാളായ സുഹൃത്തിനെയാണ് അവസാനമായി വിളിച്ചത് എന്നാണ് വിവരം. നാട്ടിലുള്ളപ്പോൾ പോലും ബന്ധുക്കൾ വന്നാലും അധികം സംസാരിക്കാതെ മുറിയിൽ തന്നെ കഴിഞ്ഞുകൂടുകയായിരുന്നു ചെയ്തിരുന്നത്. മാതാപിതാക്കളോടും സഹോദരനോടുമാണ് ഏറ്റവും കൂടുതൽ അടുപ്പം. ഇവർ ഒരുമിച്ചിരുന്നാണ് എല്ലാ കാര്യങ്ങളെപറ്റിയും സംസാരിച്ചിരുന്നത്. പെട്ടെന്ന് വീട്ടിൽ ആരുമില്ലാതെ ഒറ്റയ്ക്ക് കഴിയേണ്ടി വന്നതിനെ തുടർന്നുള്ള ആത്മ സംഘർഷമാവാം ജീവനൊടുക്കിയതിന് പിന്നിലെന്നാണ് പൊലീസിന്റെയും സംശയം.

ഒൻപതിനാണ് റഷ്യയിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം കൃഷ്ണ പ്രിയ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം തന്നെ ടാക്സി കാറിൽ പായപ്പാട്ടെത്തുകയുകയമായിരുന്നു. വീട്ടിൽ തന്നെ ഒറ്റയ്ക്ക് ക്വാറന്റൈനിൽ കഴിയാമെന്നാണ് കൃഷ്ണ പ്രിയ മാതാപിതാക്കളോട് പറഞ്ഞത്. തനിച്ച് കഴിയണ്ട അമ്മ കൂടി വീട്ടിൽ താമസിക്കാമെന്ന് പറഞ്ഞെങ്കിലും കൃഷ്ണ പ്രിയ സമ്മതിച്ചില്ല. ഇനി അഥവാ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെങ്കിൽ അമ്മയ്ക്ക് കൂടി പകരണ്ട എന്ന് കരുതിയാണ് അങ്ങനെ ഒരു തീരുമാനം അറിയിച്ചത്. ഇതിനെ തുടർന്ന് മാതാപിതാക്കളും സഹോദരനും അടുത്തുള്ള ബന്ധുവീട്ടിലേക്ക് താമസം മാറി. ഭക്ഷണം സമയാസമയങ്ങളിൽ പാകം ചെയ്തെത്തിക്കാമെന്ന് പറഞ്ഞെങ്കിലും സ്വയം പാകം ചെയ്ത് കഴിച്ചു കൊള്ളാമെന്ന് പറഞ്ഞു. അതിനായുള്ള സാധന സാമഗ്രികളും വീട്ടിൽ സൂക്ഷിച്ചിരുന്നു.

തിങ്കളാഴ്ച ദിവസം രാത്രി എട്ടു മണിയോടെയാണ് കൃഷ്ണപ്രിയയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ 9 ന് റഷ്യയിൽ നിന്നും എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു. മാതാപിതാക്കളും സഹോദരനും ബന്ധുവീട്ടിലേക്ക് താമസം മാറുകയും കൃഷ്ണപ്രിയ ഒറ്റയ്ക്ക് സ്വന്തം വീട്ടിൽ ക്വാറന്റൈനിൽ തുടരുകയുമായിരുന്നു. ഒറ്റയ്ക്ക് താമസിക്കണ്ടെന്നും പിതാവോ മാതാവോ കൂടെ നിൽക്കാമെന്ന് പറഞ്ഞിട്ടും പെൺകുട്ടി സമ്മതിച്ചില്ല. സ്വന്തമായി ആഹാരം പാകം ചെയ്ത് സന്തോഷത്തോടെ കഴിഞ്ഞ് വരുന്നതിനിടെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭക്ഷണം പാകം ചെയ്യാനുള്ള ആഹാര സാധനങ്ങൾ വാങ്ങി പിതാവ് പ്രമോദ് എത്തുമ്പോഴാണ് കൃഷ്ണപ്രിയ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.

ആഹാര സാധനങ്ങളുമായി വീട്ടിലെത്തി ഏറെ വിളിച്ചിട്ടും വാതിൽ തുറന്നില്ല. വീടിന് പിൻവശത്തെത്തിയപ്പോൾ ബാത്ത്‌റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു. അവിടെ നിന്ന് വിളിച്ചിട്ടും പ്രതികരണമൊന്നുമുണ്ടായില്ല. പിന്നീട് കൃഷ്ണപ്രിയയുടെ റൂമിന് സമീപത്തെത്തിയപ്പോൾ ജനാലയുടെ വശത്ത് ആരോ നിൽക്കുന്ന നിഴൽ കണ്ടു. ജനാലയിൽ തട്ടി വിളിച്ചിട്ടും അനക്കമില്ലാതെയായതോടെ ചില്ല് തകർത്തപ്പോഴാണ് കൃഷ്ണപ്രിയ തൂങ്ങി നിൽക്കുന്നത് പിതാവ് കാണുന്നത്. പിതാവിന്റെ നിലവിളികേട്ട് തൊട്ടടുത്ത് താമസിക്കുന്ന ബന്ധുക്കളും സമീപവാസികളും ഓടിയെത്തുകയും വാതിൽ ചവിട്ടി പൊളിച്ച് അകത്തു കടക്കുകയും ചെയ്തു. കെട്ടഴിച്ച് താഴെ ഇറക്കിയെങ്കിലും അനക്കമില്ലായിരുന്നു. വേഗം തന്നെ ആംബുലൻസ് വരുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.

മാനസിക വിഷമം മൂലമാണ് ആത്മഹത്യയെന്ന് പൊലീസ് പ്രാഥമികമായി പറയുന്നുണ്ടെങ്കിലും പിതാവ് പ്രമോദ് പിള്ളയ്ക്ക് മരണത്തിൽ ദുരൂഹതയുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി കിട്ടുകയും മൊബൈൽ ഫോണും ലാപ്ടോപ്പും പരിശോധിച്ചതിന് ശേഷമേ ദുരൂഹതയുണ്ടെങ്കിൽ അറിയാനാകൂ എന്ന് കേസ് അന്വേഷിക്കുന്ന തൃക്കൊടിത്താനം പൊലീസ് പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വൈകുന്നേരത്തോടെ ബന്ഉക്കൾക്ക് വിട്ടു നൽകുമെന്നാണ് വിവരം. സംസ്‌ക്കാരം നാളെ കുടുംബ വീട്ടിൽ നടക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP