Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചി കമ്മീഷണർ ദിനേശ് കെഎസ്ആർടിസിയുടെ വെറും എംഡി മാത്രം; ചെയർമാൻ പദവി കെഎസ്ആർടിസിയെ തകർക്കാൻ എന്ത് തറവേലയും കളിക്കുന്ന ഗതാഗത സെക്രട്ടറി ജ്യോതിലാലിന്; കെഎസ്ആർടിസിക്കുള്ള കാശു തടഞ്ഞും ധൂർത്തിന് കൂട്ടു നിന്നും രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നടത്തുന്ന ജ്യോതിലാൽ നിശ്ചയിക്കും ഇനി കെ എസ് ആർ ടി സിയുടെ ഭാവി; വിരമിക്കാൻ നാലു മാസം മാത്രം ബാക്കിയുള്ള എംപി ദിനേശിനെ കളിപ്പാട്ടമായി എത്തിച്ചത് സേവന കാലാവധി നീട്ടി നൽകാമെന്ന വാഗ്ദാനത്തോടെ

കൊച്ചി കമ്മീഷണർ ദിനേശ് കെഎസ്ആർടിസിയുടെ വെറും എംഡി മാത്രം; ചെയർമാൻ പദവി കെഎസ്ആർടിസിയെ തകർക്കാൻ എന്ത് തറവേലയും കളിക്കുന്ന ഗതാഗത സെക്രട്ടറി ജ്യോതിലാലിന്; കെഎസ്ആർടിസിക്കുള്ള കാശു തടഞ്ഞും ധൂർത്തിന് കൂട്ടു നിന്നും രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രം നടത്തുന്ന ജ്യോതിലാൽ നിശ്ചയിക്കും ഇനി കെ എസ് ആർ ടി സിയുടെ ഭാവി; വിരമിക്കാൻ നാലു മാസം മാത്രം ബാക്കിയുള്ള എംപി ദിനേശിനെ കളിപ്പാട്ടമായി എത്തിച്ചത് സേവന കാലാവധി നീട്ടി നൽകാമെന്ന വാഗ്ദാനത്തോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയിൽ നിന്ന് ടോമിൻ തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിച്ചത് ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ ഗൂഡനീക്കങ്ങളാണ്. തച്ചങ്കരി പുറത്താകുമ്പോൾ കെ എസ് ആർ ടി സിയുടെ എംഡിയായി കൊച്ചി പൊലീസ് കമ്മീഷണർ എംബി ദിനേശ് എത്തും. എന്നാൽ ദിനേശിന് കെ എസ് ആർ ടി സിയിൽ സർവ്വ സൈന്യാധിപന്റെ ചുമതലയുണ്ടാകില്ല. കീഴ് വഴക്കങ്ങൾ കാറ്റിൽ പറത്തി എംഡി സ്ഥാനം മാത്രമാണ് ഐപിഎസുകാരന് നൽകുന്നത്. കെ എസ് ആർ ടി സിയുടെ ചെയർമാൻ പദവി ദിനേശിന് കൊടുത്തിട്ടില്ല. ഈ പദവിയിൽ ഗതാഗത സെക്രട്ടറി ജ്യോതിലാൽ തന്നെ തുടരും. അതായത് ആനവണ്ടിയുടെ കടിഞ്ഞാൺ ജ്യോതിലാലിന് തന്നെയാകും. ഇതിന് സഹായകമാകുന്ന തരത്തിലാണ് നാല് മാസം മാത്രം സർവ്വീസുള്ള ദിനേശിനെ എംഡിയാക്കുന്നതും. സേവനകാലാവധി നീട്ടമാമെന്ന വാഗ്ദാനവും ദിനേശിന് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജ്യോതിലാലിന്റെ നിർദ്ദേശം അനുസരിച്ച് ദിനേശ് ദൈനംദിന കാര്യങ്ങൾ ചെയ്യും. നയപരമായ എല്ലാം ചെയർമാൻ എന്ന നിലയിൽ ജ്യോതിലാലിന് നിയന്ത്രിക്കാനുമാകും.

ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് സർക്കാർ അനുവദിച്ച 20 കോടി രൂപ വകമാറ്റിക്കൊണ്ട് വിവാദം ക്ഷണിച്ചു വരുത്തിയ ജ്യോതിലാൽ ഒടുവിൽ കെ എസ് ആർ ടി സിയുടെ അമരക്കാരനാകുന്നു. ശമ്പളം നൽകാനായിരുന്നു ധനവകുപ്പ് ഫണ്ട് അനുവദിച്ചത്. ഇത് ഗതാഗത സെക്രട്ടറി വേണമായിരുന്നു കെ എസ് ആർ ടി സിക്ക് അനുവദിച്ച് നൽകേണ്ടത്. എന്നാൽ ശമ്പളം കൊടുക്കേണ്ടി ദിവസങ്ങളിൽ ജ്യോതിലാൽ തിരുവനന്തപുരത്ത് നിന്ന് മാറി നിന്നു. ഓൺലൈനിൽ അനുമതി കൊടുക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ല. ഇത് മനസ്സിലാക്കി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് കൃത്യസമയത്ത് തച്ചങ്കരി ശമ്പളം നൽകി. ഇതോടെ കളി പുതിയ തലത്തിലെത്തി. ഓഡി തുക ബാങ്കിലേക്ക് തിരിച്ചടയ്ക്കാതിരിക്കാനായി ശ്രമം. ഇതിന് വേണ്ടി ശമ്പളത്തിനെന്ന് കൃത്യമായി രേഖപ്പെടുത്തി ധനവകുപ്പ് നൽകിയ തുക കെറ്റിഡിഎഫ് സിക്ക് പലിശയായി നൽകണമെന്ന് ജ്യോതിലാൽ കുറിച്ചു. പണം കൈമാറിയുമില്ല. ഇതോടെ വിഷയം മന്ത്രിയുടെ മുന്നിലെത്തി. പണം അതിവേഗം കൈമാറാൻ ജ്യോതിലാലിനോട് നിർദ്ദേശിച്ചു. എന്നാൽ പുതിയ കുടുക്കിടുകയായിരുന്നു സെക്രട്ടറി ചെയ്തത്. ഓണക്കാലത്ത് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സെക്രട്ടറി വകമാറ്റിയതും ഏറെ വിവാദമുണ്ടാക്കി. ജീവനക്കാർക്കിടയിൽ തച്ചങ്കരിയുടെ വിലയിടിച്ച് കെ എസ് ആർ ടി സിയെ തകർക്കാനായിരുന്നു ഇതെല്ലാം. ഇത്തരത്തിലൊരു ഉദ്യോഗ്‌സഥാനാണ് ഇപ്പോൾ ആനവണ്ടിയുടെ ചെയർമാനാകുന്നത്.

ദിനേശിനെ കെ എസ് ആർ ടി സി എംഡിയായി നിർദ്ദേശിച്ചതും ജ്യോതിലാൽ ആണെന്നാണ് സൂചന. ദിനേശിന് ഭരണപരമായ പരിചയക്കുറവുണ്ട്. പൊലീസിൽ ആയിരുന്നു കൂടുതലായി പ്രവർത്തിച്ചത്. ഇത് പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. അത് കുഴപ്പമില്ല എല്ലാം താൻ നോക്കമെന്ന് വാക്കു കൊടുത്താണ് കെ എസ് ആർടിസി യൂണിയന്റെ പിന്തുണയോടെ ദിനേശിനെ എംഡിയാക്കിയത്. പരിചയക്കുറവ് ഉയർത്തി ചെയർമാനായി ജ്യോതിലാൽ മാറുകയും ചെയ്തു. എംഡിമാർക്ക് തന്നെ ചെയർമാൻ പദവിയും നൽകുന്നതാണ് പതിവ്. കോർപ്പറേഷൻ പ്രവർത്തനം സുഗമമായി നടത്താനാണ് ഇത്. ഈ അടുത്ത കാലത്ത് രാജമാണിക്യത്തെ തുടക്കത്തിൽ എംഡിയായി മാത്രമാണ് നിയമിച്ചത്. പിന്നീട് പ്രായോഗിക ബുദ്ധിമുട്ടുകൾ മനസ്സിലാക്കി മൂന്ന് ദിവസത്തിനകം ചെയർമാൻ പദവിയും പിണറായി സർക്കാർ രാജമാണിക്യത്തിന് നൽകി. പട്‌ജോഷിക്ക് മാത്രമാണ് കെ എസ് ആർ ടി സിയിൽ ചെർമാൻ പദവി കിട്ടാതെ എംഡിയായി മാത്രം പ്രവർത്തിക്കേണ്ടി വന്നത്. അതിന് ശേഷം ഇപ്പോൾ എംബി ദിനേശിനും എംഡി സ്ഥാനം മാത്രം ലഭിക്കുന്നു.

തച്ചങ്കരിയും ജ്യോതിലാലും തമ്മിൽ കെഎസ്ആർടിസിയുടെ ഭരണപരമായ കാര്യങ്ങളിൽ പല അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഏറെ കാലമായി ജ്യോതിലാലാണ് ഗതാഗത സെക്രട്ടറി. ഇതുപയോഗിച്ച് കെ എസ് ആർ ടി സിയിൽ വലിയ ഇടപെടലുകൾ നടത്താറുണ്ട്. കെ എസ് ആർ ടി സി പൊതുമേഖലാ സ്ഥാപനമാണ്. സ്വതന്ത്ര അധികാരങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെ അവിടെ സിഎംഡിക്കാണ് തീരുമാനം എടുക്കാനുള്ള അവകാശം. ഇതാണ് സെക്രട്ടറി അവിഹിത ഇടപെടിലൂടെ പൊളിച്ചിരുന്നത്. തച്ചങ്കരി എത്തിയപ്പോൾ ഇത് നടക്കാതെയായി. ഇത് തിരിച്ചറിഞ്ഞാണ് ചെയർമാൻ പദവി തന്ത്രപരമായി ഗതാഗത സെക്രട്ടറി ഏറ്റെടുക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളിൽ യൂനിയനുകൾ തീരുമാനമെടുക്കുന്ന അവസ്ഥ മാറണമെന്നും തച്ചങ്കരി പറഞ്ഞിരുന്നു. ഭരണകാര്യങ്ങളിൽ കൈകടത്താൻ തൊഴിലാളി യുനിയനുകളെ അനുവദിക്കില്ലെന്ന് തച്ചങ്കരി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതോടെ കെ.എസ്.ആർ.ടി.സി പുനരുദ്ധാരണ പ്രവർത്തനങ്ങളുമായി സഹകരിക്കുന്ന തൊഴിലാളികളെ തച്ചങ്കരി പരസ്യമായി അധിക്ഷേപിച്ചുവെന്ന് സിഐ.ടി.യു സംസ്ഥാന സെക്രട്ടേറിയറ്റിൽ പരാതി ഉയർന്നിരുന്നു. ഈ ഭിന്നത തിരിച്ചറിഞ്ഞാണ് തച്ചങ്കരിയെ വെട്ടാൻ ജ്യോതിലാൽ കളികൾ സജീവമാക്കിയത്. നേരത്തെ രാജമാണിക്യത്തെ കെ എസ് ആർ ടി സി എംഡി സ്ഥാനത്ത് നിന്ന് പുറത്താക്കിയതും ജ്യോതിലാലിന്റെ ഇടപെടലായിരുന്നു. ഇത് മനസ്സിലാക്കിയാണ് ജ്യോതിലാലിനെതിരെ തച്ചങ്കരി ഉറച്ച നിലപാട് എടുത്തത്. എന്നാൽ തൊഴിലാളി സംഘടനകളെ തച്ചങ്കരിക്ക് എതിരാക്കി ജ്യോതിലാൽ തച്ചങ്കരിയെ പുറത്താക്കി ലക്ഷ്യം നേടി.

ചെയർമാനാകുന്നത് എല്ലാം നിയന്ത്രിക്കാൻ

പലതരത്തിലുള്ള പാരകൾ തച്ചങ്കരിയുടെ കാലത്ത് ജ്യോതിലാൽ നടത്തിയിരുന്നു നേരത്തെയുള്ള ധാരണയ്ക്ക് വിരുദ്ധമായി തമിഴ്‌നാട് ബസുകൾക്ക് പമ്പ വരെ സർവീസ് നടത്താൻ അനുമതി നൽകി ഇറക്കിയ ഉത്തവര് പോലും കെഎസ്ആർടിസിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായിരുന്നു. വിവിധ വകുപ്പുകളുടെ കൂടിയാലോചനയ്ക്ക് ശേഷമാണ് കെഎസ്ആർടിസി മാത്രം പമ്പയിലേക്ക് സർവീസ് നടത്താൻ തീരുമാനിച്ചത്. തമിഴ്‌നാട് ബസുകൾക്ക് പമ്പ വരെ സർവീസ് നടത്താൻ അനുമതി നൽകണമെന്ന ആവശ്യപ്പെട്ട് സ്റ്റേറ്റ് എക്സ്‌പ്ര്സ് റോഡ് ട്രാൻസ്പോർട് കോർപറേഷൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിൽ സർക്കാരിന് തീരുമാനമെടുക്കാമെന്നാണ് കോടതി പറഞ്ഞത്. എന്നാൽ, കെഎസ്ആർടിസിയുമായി ആലോചിക്കാതെ എസ്ഇടിസിക്ക് പമ്പയിലേക്ക് സർവീസ് നടത്താൻ ഗതാഗത സെക്രട്ടറി അനുമതി നൽകുകയായിരുന്നു. ഫയൽ മുഖ്യമന്ത്രി കണ്ട് ഒപ്പിട്ട് വാങ്ങിയ ശേഷം ഉത്തരവിറക്കിയെന്നാണ് ജ്യോതിലാൽ പറയുന്നത്. എന്നാൽ, ഫയൽ ഗതാഗതമന്ത്രിയോ, മുഖ്യമന്ത്രിയോ കണ്ടിട്ടില്ലെന്ന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി.

പ്ലാപ്പള്ളി-പമ്പ റൂട്ട് ദേശസാൽകരിച്ചത് 1991 ജൂലൈ 12 ലെ കേരള സർക്കാർ ഉത്തരവ് പ്രകാരമാണ് ദേശസാൽകരിക്കപ്പെട്ടത്. പ്ലാപ്പള്ളി-പമ്പ ദേശസാൽക്കരണ സ്‌കീമിലെ ക്ലോസ് അഞ്ചിലെ വ്യവസ്ഥ പ്രകാരം മറ്റുസംസ്ഥാനങ്ങളിലെ ആർടിസികൾക്ക് കെഎസ്ആർടിസിയുടെ എൻഒസി ഉണ്ടെങ്കിൽ മാത്രമേ ഈ റൂട്ടിൽ സർവീസ് നടത്താൻ സാധിക്കൂ. മാത്രമല്ല ഈ സ്‌കീമിലെ ക്ലോസ് 19 പ്രകാരം ഉത്സവകാലങ്ങളിൽ പോലും എസ്ടിഎ/ ആർടിഎകൾ ഈ റൂട്ടിൽ താൽകാലിക പെർമിറ്റ് അനുവദിക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ. കൂടാതെ നിലയ്ക്കൽ മുതൽ പമ്പ വരെ കെഎസ്ആർടിസിക്ക് മാത്രമായി കുത്തകാവകാശം നൽകാനുള്ള സർക്കാർ തീരുമാനവും സർക്കാർ നിശ്ചയിച്ച നിരക്കും ഹൈക്കോടതി ഡിവിഷൻ ബഞ്ച് അംഗീകരിച്ചുമാണ്. നിയമം ഇതായിരിക്കെയാണ് ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി കെഎസ്ആർടിസിയോട് ഒരുവാക്കുപോലും ചോദിക്കാതെ, മുഖ്യമന്ത്രിയെും ഗതാഗത മന്ത്രിയെയും നോക്കുകുത്തിയാക്കി ഗതാഗത സെക്രട്ടറി പുതിയ ഉത്തരവിറക്കിയത്. ഇത് തച്ചങ്കരിയെ തകർക്കാനായിരുന്നു. കെ എസ് ആർ ടി സിയിൽ നിന്ന് അധിക വരുമാനം തച്ചങ്കരി നേടാതിരിക്കാനുള്ള നീക്കം.

2018 ഒക്ടോബർ 24 ന് തമിഴ്‌നാട് സ്റ്റേറ്റ് എക്സ്‌പ്രസ് കോർപറേഷനും കെഎസ്ആർടിസിയും തമ്മിൽ ഒപ്പിട്ട അന്തർ-സംസ്ഥാന ശബരിമല സ്പെഷ്യൽ സർവീസ് കരാറിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. പമ്പ റൂട്ട് ദേശസാൽകരിച്ചതായതുകൊണ്ട് നിലയ്ക്കൽ വരെ മാത്രമാണ് തമിഴ്‌നാട് കോർപറേഷന് സർവീസ് നടത്താൻ കഴിയുക. എസ്ഇടിസി ബസുകളിൽ വന്നിറങ്ങുന്ന അയപ്പഭക്തർക്ക് നിലയ്ക്കൽ-പമ്പ ചെയിൻ ടിക്കറ്റുകൾ കെഎസ്ആർടിസി ലഭ്യമാക്കുമെന്നും കരാറിൽ ഉറപ്പുനൽകുന്നുണ്ട്. തമിഴ്‌നാട് കോർപറേഷന് കെഎസ്ആർടിസി ഓപ്പറേഷൻസ് ഡെപ്യൂട്ടി ജിഎം അയച്ച കത്തിലും നിലയ്ക്കലിൽ നിന്ന് പമ്പ വരെ കെഎസ്ആർടിസി മാത്രമേ അനുവദിക്കുകയുള്ളുവെന്ന് വ്യക്തമായി പറയുന്നുണ്ട്. ഇത് ഹൈക്കോടതി നിർദ്ദേശപ്രകാരമാണെന്നും കത്തിൽ പറയുന്നു. എന്നാൽ, ഈ ധാരണകളെല്ലാം അട്ടിമറിച്ചുകൊണ്ടായിരുന്നു ജ്യോതിലാൽ ഉത്തരവ് ഇറക്കിയത്. ഇത്തരം നീക്കങ്ങളെ അപ്രസക്തമാക്കിയാണ് തച്ചങ്കരി ശബരിമലയിൽ നിന്ന് കെ എസ് ആർ ടി സിക്ക് റിക്കോർഡ് വരുമാനം ഉണ്ടാക്കിയത്.

ജ്യോതിലാലിന്റെ പോര് ഇന്നും ഇന്നലെയും തുടങ്ങിയതല്ല

തച്ചങ്കരിയും ജ്യോതിലാലും തമ്മിലെ പോര് ഐപിഎസ്-ഐഎഎസ് പോര് എന്നതിൽ ചുരുക്കാനാവില്ല. തുടക്കം മുതൽ തന്നെ തച്ചങ്കരിയുടെ പരിഷ്‌കരണ നടപടികൾക്ക് തുരങ്കം വയ്ക്കുന്ന സമീപനമാണ് ജ്യോതിലാൽ സ്വീകരിച്ചത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ധനവകുപ്പ് അനുവദിച്ച 50 കോടി വൈകിച്ചതിനെ ചോദ്യം ചെയ്തപ്പോൾ മറ്റൊരു പാര കൊണ്ടാണ് ജ്യോതിലാൽ നേരിട്ടത്. 50 ലക്ഷത്തിൽ കൂടുതൽ ചെലവിടുന്നതിൽ നിന്ന് സിഎംഡിയെ വിലക്കി ജ്യോതിലാൽ ഉത്തരവിറക്കി. വൻകിട പർച്ചേസുകൾ കൂടുതൽ സുതാര്യമാക്കുവാനാണ് ഇതെന്നായിരുന്നു ജ്യോതിലാൽ മന്ത്രി എ.കെ.ശശീന്ദ്രനെ അറിയിച്ചത്. സുതാര്യതയ്ക്കായി മൂന്ന് അംഗ സമിതിയേയും നിയമിച്ചു. എന്നാൽ കമ്മിറ്റിയുടെ നേരവും കാലവും നോക്കി അടിയന്തര തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നായിരുന്നു തച്ചങ്കരിയുടെ വാദം. തൊഴിലാളി സംഘടനകളെ നിലയ്ക്കു നിർത്തിയ തച്ചങ്കരിയെ പുകച്ചു ചാടിക്കാൻ സംഘടനാ നേതാക്കൾ ഗതാഗത സെക്രട്ടറിയെ കൂട്ടുപിടിച്ചതും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ജ്യോതിലാലിന്റെ രഹസ്യ ഇടപെടൽ പലപ്പോഴും വിവാദത്തിലായിരുന്നു. കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ബഹുഭൂരിഭാഗവും കെടിഡിഎഫ്സിയിലേക്ക് വഴി തിരിച്ചു വിടാനുള്ള നീക്കങ്ങളെയും തച്ചങ്കരി ചെറുത്തു. എഎസ് ബി ഐ കൺസോർഷ്യത്തിന് 59 ഡിപ്പോകൾ നേരിട്ട് കളക്ഷൻ അടയ്ക്കുകയാണ് രീതി. മുഴുവൻ കളക്ഷൻ അവർക്കാണ് പോകുന്നത്. ഇങ്ങനെ കിട്ടുന്നതിൽ 86 ലക്ഷം രൂപ കഴിഞ്ഞുള്ള ബാക്കി തുക കേരളാ ഫിനാൻസ് കോർപ്പറേഷന് കൈമാറണമെന്ന നിർദ്ദേശമാണ് എസ് ബി ഐയ്ക്ക് സെക്രട്ടറി നൽകിയത്. ഇത്തരത്തിലൊരു നിർദ്ദേശം എസ് ബി ഐയ്ക്ക് കൊടുക്കുമ്പോൾ അത് കെ എസ് ആർ ടി സി എംഡിയെ സെക്രട്ടറി അറിയിച്ചതുമില്ല. എസ് ബി ഐയ്ക്ക് നേരിട്ട് കത്തയയ്ക്കുകയാണ് ചെയ്തത്. ഇതിനുള്ള അധികാരം സെക്രട്ടറിക്കില്ലെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി തച്ചങ്കരിയും മറുതന്ത്രം മെനഞ്ഞു.

അതുകൊണ്ട് തന്നെ കെ എസ് ആർ ടി സി പറയാതെ തുക വകമാറ്റാൻ ആവില്ലെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടി എസ് ബി ഐയ്ക്ക് തച്ചങ്കരി കത്തയച്ചത്. തന്നെ അറിയിക്കാതെ കെ എസ് ആർ ടി സിയെ തകർക്കാൻ നടക്കുന്ന ശ്രമാണ് ഇതെന്ന പരാതിയും മന്ത്രി എകെ ശശീന്ദ്രനെ തച്ചങ്കരി അറിയിച്ചു. ഇതോടെ ജ്യോതിലാലിന്റെ നിലപാട് തുറന്നു കാട്ടപ്പെട്ടു. യൂണിയൻ നേതാക്കളുടെ കൂടെ ചേർന്നാണ് ഗതാഗതസെക്രട്ടറിയുടെ ഇടപെടലെന്ന ആക്ഷേപം ശക്തമായിരുന്നു. പലതവണ സർക്കാർ ശമ്പളം കൊടുക്കാൻ അനുവദിച്ച തുകയും കെ ടി ഡി എഫ് സിയിലേക്ക് വകമാറ്റി വിടാൻ സെക്രട്ടറി ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെ ഈ നീക്കം പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിദിന വരുമാനത്തിന്റെ അന്വത് ശതമാനത്തോളം കെ എസ് ആർ ടി സിക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമം നടന്നത്. ഇതും പൊളിഞ്ഞു. അപ്പോഴും തച്ചങ്കരിക്കെതിരെ കരുതലോടെ ജ്യോതിലാൽ നീങ്ങി. ഇതിന്റെ ഫലമായിരുന്നു തച്ചങ്കരിയെ സർക്കാർ എംഡി സ്ഥാനത്ത് നിന്ന് പുറത്താക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP