Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി' കണ്ട കെപി യോഹന്നാനെ മുഖ്യസ്‌പോൺസറാക്കി ജന്മഭൂമിയുടെ കേരള വികസന കോൺക്ലേവ്! സംഘാടക സമിതി ചെയർമാൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തക്കാരനായ മുത്തൂറ്റ് ജോർജ്ജും!

'ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി' കണ്ട കെപി യോഹന്നാനെ മുഖ്യസ്‌പോൺസറാക്കി ജന്മഭൂമിയുടെ കേരള വികസന കോൺക്ലേവ്! സംഘാടക സമിതി ചെയർമാൻ ഉമ്മൻ ചാണ്ടിയുടെ സ്വന്തക്കാരനായ മുത്തൂറ്റ് ജോർജ്ജും!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഇതാണ് യഥാർത്ഥ യോഹന്നാൻ. 2004 ലെ ബിജെപിയുടെ പരാജയവും 'വത്തിക്കാന്റെ മാനസപുത്രി'യായ സോണിയയുടെ വിജയവും ദൈവത്തിന്റെ ഇടപെടലായി കണ്ടയാളാണ് യോഹന്നാൻ. ബിജെപി വിരുദ്ധവും നിയമവിരുദ്ധവും ദേശവിരുദ്ധവുമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ല. ഈ യോഹന്നാനാണ് ഇപ്പോൾ നരേന്ദ്ര മോദിയുടെ ആരാധകനായി മാറിയിരിക്കുന്നത്! ഒന്നോർക്കുന്നതുകൊള്ളാം, കെ.പി.യോഹന്നാന്റെയും ബിലീവേഴ്സ് ചർച്ചിന്റെയും ഫ്രെയ്മിൽ ഒതുങ്ങുന്നയാളല്ല നരേന്ദ്ര മോദി എന്ന വ്യക്തിയും ഭരണാധികാരിയും' ഇക്കഴിഞ്ഞ മാർച്ച് 24ന് ബിജെപിയുടെ ഔദ്യോഗിക മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റ് പേജിൽ മുരളി പരപ്പുറം എഴുതിയ ലേഖനത്തിന്റെ വരികളാണിത്. പ്രധാനമന്ത്രിയുടെ ഗംഗ ശുചീകരൺ പദ്ധതിക്ക് കെ പി യോഹന്നാൻ എന്ന വിവാദമെത്രാൻ സംഭാവന നൽകിയ വാർത്തയും ചിത്രങ്ങളും മറുനാടൻ പുറത്തു വിട്ടതോടെ ആർഎസ്എസ് കേന്ദ്രങ്ങളിൽ പുകഞ്ഞ അതൃപ്തിക്ക് മറുപടി ആയിരുന്നു ഈ ലേഖനം.

എന്നാൽ ആ പ്രസ്താവന വെറും അധരവ്യായാമം എന്നു നേരം ഇരുട്ടി വെളുത്തപ്പോഴേയ്ക്കും ജന്മഭൂമിയും ബിജെപിയും തെളിയിച്ചിരിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ക്രമക്കേടിന്റെ പേരിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുകയും അമേരിക്കയിൽ അഴിമതി കേസിൽ വിചാരണ നേരിടുകയും ചെയ്യുന്ന സ്വയം പ്രഖ്യാപിത മെത്രാനെ മുഖ്യസ്‌പോൺസറാക്കി ജന്മഭൂമി ഡൽഹി നടത്തിയ കേരള വികസന കോൺക്ലേവാണ് മറുനാടന്റെ മുൻ റിപ്പോർട്ടിനെ ശരിവെയ്ക്കുന്നത്. അഞ്ച് പ്രധാന സ്‌പോൺസർമാരിൽ നാല് പേരും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ ആയിരിക്കവെ ആണ് കെ പി യോഹന്നാന്റെ മെഡിക്കൽ കോളജ് മാത്രം ഒരേയൊരു സ്വകാര്യ സ്‌പോൺസറായി മാറിയത്. അവിടെയും തീരുന്നില്ല വിവാദം. ആദ്യനികുതി റെയ്ഡിന് വിധേയമായി അന്വേഷണം നേരിട്ടുകൊണ്ടിരുന്ന മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ ജോർജ് മുത്തൂറ്റിനെയാണ് സംഘാടക സമിതി ചെയർമാനും മുഖ്യാതിഥിയുമായി തെരഞ്ഞെടുത്തു എന്നതും ശ്രദ്ധേയമാവുകയാണ്.

കേരളത്തിൽ ആർഎസ്എസ് ഏറ്റവും അധികം എതിർക്കുന്ന ബിലിവേഴ്‌സ് ചർച്ചിനെ കോൺക്ലേവിന്റെ മുഖ്യ സ്‌പോൺസർമാരിൽ ഒരാളായി അവതരിപ്പിച്ചു എന്നതാണ് ഏറ്റവും പ്രധാനം. അർഎസ്എസ് എന്നും എതിർക്കുന്ന വ്യക്തിത്വമാണ് ബിലിവേഴ്‌സ് ചർച്ചിന്റെ സ്വയം പ്രഖ്യാപിത മെത്രാനായി അവതരിക്കപ്പെടുന്ന കെപി യോഹന്നാൻ. അത്തരത്തിലൊരു വ്യക്തിയുടെ മെഡിക്കൽ കോളേജിന്റെ പരസ്യം ജന്മഭൂമി പോലൊരു സംഘപരിവാർ പത്രത്തിന്റെ കോൺക്ലേവിലെത്തിയത് വലിയ ചർച്ചകൾക്ക് തുടക്കമിടുകയാണ്. മുത്തൂറ്റിന്റെ ഉടമയെ ചടങ്ങിൽ ആദരിച്ചതും വിവാദങ്ങൾക്ക് ഇടനൽകുന്നു. സംഘാടക സമിതിയുടെ ചെയർമാനായിരുന്നു ജോർജ്ജ് മുത്തൂറ്റ് എന്നതാണ് വസ്തുത. കേന്ദ്ര ആദായനികുതി വകുപ്പിന്റെ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് ആക്ഷേപം സജീവമാകുന്നത്.

്ജന്മഭൂമിയുടെ കോൺക്ലാവ് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹർഷവർദ്ധൻ ഉദ്ഘാടനം ചെയ്തത്. കേന്ദ്രമന്ത്രിമാരും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരും വിവിധ മേഖലകളിലെ വിദഗ്ധരും പങ്കെടുത്ത കോൺക്ലേവ് കേരളത്തിന് പുതിയ ദിശാബോധം നൽകുന്നതിനായിട്ടെന്നാണ് ജന്മഭൂമി അവകാശപ്പെട്ടത്. ഇത്തരമൊരു ചടങ്ങിൽ കെപി യോഹന്നാന്റെ സ്ഥാപനം പരസ്യം നൽകുന്നു. കേന്ദ്ര സർക്കാരിന് കീഴിലെ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്ന സ്ഥാപനമായ മുത്തൂറ്റിന്റെ എം ജോർജ് ആദരിക്കപ്പെടുന്നു. ആൻട്രിക്‌സ് ദേവാസ് അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം നേരിടുന്ന മാധവൻ നായർ മുഖ്യാതിഥിയാകുന്നു. ആർഎസിഎസിന്റെ മുഖപത്രമായാണ് ജന്മഭുമിയെ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മോദിയുടെ നയങ്ങളും തീരുമാനങ്ങളും പിന്തുടരുന്ന പത്രം. ഈ സാഹചര്യത്തിൽ കളങ്കിത വ്യക്തിത്വങ്ങളെ ഡൽഹിയിൽ മാന്യന്മാരായി ജന്മഭൂമി അവതരിപ്പിച്ചതാണ് പ്രശ്‌നം.

കോൺക്ലേവിൽ പ്രധാനമായും അഞ്ച് സ്‌പോണസർമാരാണ് ഉണ്ടായിരുന്നത്. അതിൽ മുന്നെണ്ണം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ. പിന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറെന്ന പൊതുമേഖലാ ബാങ്ക്. ഇവർക്കൊപ്പമാണ് ബിലിവേഴ്‌സ് ചർച്ചിന്റെ മെഡിക്കൽ കോളേജിനേയും സ്‌പോണസറാക്കിയത്. കേന്ദ്ര ഭരണമുള്ളതിനാൽ ആരെ വേണമെങ്കിലും ബിജെപി സ്വാധീനത്തിന്റെ ബലത്തിൽ സ്‌പോൺസർമാരായി കോൺക്ലേവിന് ലഭിക്കും. ബിലിവേഴ്‌സ് ചർച്ചിന്റെ കാശിന് വേണ്ടി നിൽക്കേണ്ട സാഹചര്യമില്ല. അതുകൊണ്ട് കൂടിയാണ് വ്യക്തമായ ഗൂഢാലോചനയുടെ ഫലമായിട്ടാണിത് സംഭവിച്ചതെന്ന വിലയിരുത്തലുകളെത്തുന്നത്. മോദിയെ കാണാൻ കെപി യോഹന്നാൻ എത്തുന്നത് പോലും വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു. ബിലീവേഴ്‌സ് ചർച്ചിന്റെ മെഡിക്കൽ കോളേജിന് കേന്ദ്ര ആരോഗ്യമന്ത്രാലയം തുടക്കത്തിൽ അനുമതി നിഷേധിച്ചു. എന്നാൽ ചില ഇടപെടലുകളുടെ അടിസ്ഥാനത്തിൽ രണ്ട് മാസം കൊണ്ട് കേന്ദ്ര സർക്കാർ നിലപാട് മാറ്റി. ഇതിന് പിന്നാലെയാണ് കോൺക്ലേവിലെ സാന്നിധ്യം.

കോൺക്ലേവിന്റെ പ്രധാന വേദിയിൽ സ്ഥാപിച്ച ബാക്ക് ഡ്രോപ്പിൽ ബിലിവേഴ്‌സ് മെഡിക്കൽ കോളേജിന്റെ എബ്ലവും പതിച്ചിരുന്നു. ഇതോടെയാണ് കെപി യോഹന്നാന്റെ സഹായം പറ്റിയത് പുറം ലോകത്ത് അറിഞ്ഞത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ എത്തുന്നതുവരെ മോദിയേയും ആർഎസ്എസിനേയും കടന്നാക്രമിച്ച വ്യക്തിയായിരുന്നു യോഹന്നാൻ. കേന്ദ്ര ഭരണം മോദിയുടെ കൈയിലായതോടെ യോഹന്നാൻ മനസ്സ് മാറ്റി. ഒരു കോടി രൂപയുമായി മോദിയുടെ അടുത്ത് യോഹന്നാനെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാർത്ഥിയെ സഹായിക്കാമെന്ന ഉറപ്പും നൽകി. ഇതെല്ലാം അമേരിക്കയിലെ കേസിൽ നിന്ന് രക്ഷപ്പെടാനുള്ള കുറുക്കുവഴിയാണെന്ന് തെളിവ് സഹിതം മറുനാടൻ മലയാളി വാർത്ത നൽകി. ഇതോടെയാണ് യോഹന്നാനെ തള്ളിപ്പറഞ്ഞ് യോഹന്നാന്റെ വ്യാമോഹം നടക്കില്ലെന്നായിരുന്നു ജന്മഭൂമിയുടെ എഡിറ്റ് പേജിൽ ലേഖനമെത്തിയത്.

എന്നാൽ ഈ നിലപാട് വിശദീകരണം പൊള്ളയാണെന്നാണ് വ്യക്തമാകുന്നത്. ഡൽഹിയിൽ കോൺക്ലേവ് നടക്കുന്ന ഹോട്ടലിൽ നിന്നും വിളിച്ചാൽ കേൾക്കാവുന്ന ദൂരത്തിൽ പ്രധാനമന്ത്രിയുടെ വസതിയുണ്ട്. അതിനാൽ തന്നെ കോൺക്ലേവ് മുന്നോട്ടുവെയ്ക്കുന്ന വികസന കാഴ്ചപ്പാടുകൾക്ക് ഫലമുണ്ടാകുമെന്നായിരുന്നു ചടങ്ങിൽ ഡോ. ഹർഷവർദ്ധൻ പറഞ്ഞത്. ഇതു ശരിയാണെന്നും ഈ കോൺക്ലേവിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ മനസ്സിൽ കയറാനാണ് യോഹന്നാനും മുത്തൂറ്റും ശ്രമിച്ചതെന്നുമാണ് വിമർശനം. കോൺക്ലേവിന്റെ പ്രചരണ ലഘുലേഖകളിൽ പോലും ജോർജ് മുത്തൂറ്റിന്റെ ചിത്രമുണ്ടായിരുന്നു. മുത്തൂറ്റ് ഗ്രൂപ്പിനെതിരെ നടപടിയൊന്നും ഉണ്ടായില്ലെങ്കിൽ അതിന് പിന്നിൽ മോദി സർക്കാരിന്റെ ഇടപെടലെന്ന വിമർശനവും ശക്തമാകും.

കേരളത്തിന്റെ സമഗ്ര വികസനത്തിന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കേണ്ട 15 ഇന നയരേഖക്ക് 'ജന്മഭൂമി' ഡൽഹി കോൺക്ലേവ് രൂപം നൽകിയിരുന്നു. കോൺക്ലേവിൽ വിദഗ്ദ്ധർ അവതരിപ്പിച്ച കാഴ്ചപ്പാട് വിശാലമായ സദസ്സുമായി ചർച്ചചെയ്താണിത് തയ്യാറാക്കിയത്. വമ്പൻ പദ്ധതികൾക്ക് പകരം താരതമ്യേന ചെറിയ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാധ്യമാക്കാനാകുമെന്നാണ് പൊതു നിർദ്ദേശം. ഇതാദ്യമായി ഒരു മലയാള ദിനപത്രം കേരള വികസന കാഴ്ചപ്പാടുകൾ മുന്നോട്ടുവച്ച് ഡൽഹിയിൽ നടത്തിയ കോൺക്ലേവ് ചരിത്രത്തിന്റെ തന്നെ ഭാഗമായി. കേരളത്തിന്റെ സമഗ്ര വികസനത്തിന് കുതിപ്പേകുന്ന ഏറ്റവും പ്രധാനപ്പെട്ട നാലു മേഖലകൾ വിശദമായി ചർച്ച ചെയ്ത കോൺക്ലേവിൽ കേന്ദ്രസംസ്ഥാന തലങ്ങളിൽ പതിറ്റാണ്ടുകളുടെ ഭരണ പരിചയമുള്ള വിദഗ്ദ്ധർ വിഷയങ്ങളുമായി എത്തി.

കേരളത്തിന്റെ ഗതാഗത സംവിധാനം, വിവര സാങ്കേതിക വിദ്യ, വിനോദ സഞ്ചാരം, ഗ്രാമീണ വികസനം എന്നീ പ്രധാന മേഖലകളിലായിരുന്നു ചർച്ച കേന്ദ്രീകരിച്ചത്. ഭരണ സർവ്വീസിലെ പരിചയസമ്പത്തും കർമ്മ മേഖലയിലെ നേട്ടങ്ങളും ആധാരമാക്കി സി.വി. ആനന്ദ ബോസ്, പി.സി. സിറിയക്, പി. മൈക്കിൾ വേദശിരോമണി, ഡോ. അജയകുമാർ, അൽഫോൻസ് കണ്ണന്താനം, വി.പി. ജോയി തുടങ്ങിയവർ വിഷയം അവതരിപ്പിച്ചിരുന്നു. ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായരും കോൺക്ലേവിൽ കാഴ്ചപ്പാട് അവതരിപ്പിച്ചു. കേന്ദ്രമന്ത്രിമാരായ ജയപ്രകാശ് നദ്ദ, ഡോ. ഹർഷവർദ്ധൻ, അനിൽ മാധവ് ദവെ, പ്രൊഫ. റിച്ചാർഡ് ഹേ എംപി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷൻ ഡയറക്ടർ ജനറൽ കെ.ജി. സുരേഷ്, ജെഎൻയു പ്രൊഫസർ ഡോ. ജെ. നന്ദകുമാർ എന്നിവരും ബിജെപി ദേശീയ നേതാക്കളും പ്രസംഗിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP