Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെപി യോഹന്നാന്റെ കൈയേറ്റ ഭൂമിക്ക് ഒത്താശ ചെയ്തു പിണറായി സർക്കാരും മോദി സർക്കാരും; ഫെബ്രുവരിയിൽ മോദി കേരളത്തിൽ എത്തുന്നത് വിമാനത്താവളത്തിന് തറക്കല്ലിടാൻ; ബിജെപി പരിപാടികളുടെ സ്‌പോൺസറായി മോദിയെ കൈയിൽ എടുത്ത് യോഹന്നാൻ വിമാനത്താവളത്തിന് ഭൂമി നൽകി കൈവശപ്പെടുത്തുന്നത് കോടികളുടെ സർക്കാർ ഭൂമി

കെപി യോഹന്നാന്റെ കൈയേറ്റ ഭൂമിക്ക് ഒത്താശ ചെയ്തു പിണറായി സർക്കാരും മോദി സർക്കാരും; ഫെബ്രുവരിയിൽ മോദി കേരളത്തിൽ എത്തുന്നത് വിമാനത്താവളത്തിന് തറക്കല്ലിടാൻ; ബിജെപി പരിപാടികളുടെ സ്‌പോൺസറായി മോദിയെ കൈയിൽ എടുത്ത് യോഹന്നാൻ വിമാനത്താവളത്തിന് ഭൂമി നൽകി കൈവശപ്പെടുത്തുന്നത് കോടികളുടെ സർക്കാർ ഭൂമി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശബരിമല തീർത്ഥാടനത്തിന്റെ മറവിൽ മുഖ്യമന്ത്രി പിണറായിയും പ്രധാനമന്ത്രി മോദിയും കൈകോർത്തപ്പോൾ ലാഭം കൊയ്യുന്നത് വിവാദ മെത്രാൻ കെ പി യോഹന്നാൻ. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ മൗനവും കൂടി ചേരുമ്പോൾ കേരളം കണ്ട ഏറ്റവും വലിയ പൊതു ഖജനാവ് കൊള്ളയ്ക്ക് അരങ്ങൊരുങ്ങുകയാണ്. ശബരിമലയുടെ പ്രധാന്യം കണക്കിലെടുത്തും, പത്തനംതിട്ടയിലെ പ്രവാസി പ്രാതിനിധ്യം കണക്കിലെടുത്തും പൊതുജനങ്ങളിൽ നിന്നോ രാഷ്ട്രീയ കക്ഷികളിൽ നിന്നോ എതിർപ്പുണ്ടാകുകയില്ല എന്നത് കൂടി കണക്കിലെടുത്ത് വേണം ഈ കൊള്ളയുടെ പിന്നാമ്പുറം അറിയാൻ.

ശബരിമലയ്ക്ക് പോകുന്ന തീർത്ഥാടകരുടെ സൗകര്യം കണക്കിലെടുത്തും, പത്തനംതിട്ട ജില്ലക്കാർക്ക് വിമാനത്താവളത്തിലേയ്ക്കുള്ള അകലം കണക്കാക്കിയും ആർക്കും എരുമേലി വിമാനത്താവളത്തെക്കുറിച്ച് പരാതി ഇല്ല എന്നതാണ് പ്രധാനം. സ്ഥലം ഏറ്റെടുപ്പ് വിഷയത്തിലും നാട്ടുകാർക്ക് എതിർപ്പുണ്ടാക്കുകയില്ല. എന്നാൽ ഈ ഇടപാട് വഴി സർക്കാരിന്റെ കൈവശം വരാൻ അവസാന നടപടികൾ വരെ എത്തിയ 2000 ഏക്കർ ഭൂമിയുടെ അവകാശമാണ് നഷ്ടമാകുന്നത്. നിരവധി വർഷങ്ങളായി യോഹന്നാൻ കേസുകൾ നടത്തി പരാജപ്പെടും എന്ന അവസ്ഥയിലാണ് വിമാനത്താവളത്തിന്റെ മറവിൽ യോഹന്നാനു സ്ഥലത്തിന് മേൽ അവകാശം നൽകുന്നത്.

വിമാനത്താവളം പണിയുന്നത് യോഹന്നാന്റെ കൈവശം ഇരിക്കുന്ന സർക്കാർ ഭൂമിയായ ചെറുവള്ളി എസ്‌റ്റേറ്റിൽ ആണെന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. നാളുകൾക്ക് മുമ്പ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായി എന്ന് വ്യക്തമാക്കുന്നതാണ് ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ വിമാനത്താവള ഭൂമി എന്ന് രേഖപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 23 തിരുവല്ലയിൽ എത്തുന്നു എന്ന മുൻകൂട്ടിയുള്ള പ്രഖ്യാപനവും ഇതിന്റെ ഭാഗമായിരുന്നു. പ്രധാനമന്ത്രി എത്തുന്നത് വിമാനത്താവളത്തിന്റെ തറക്കല്ലിടാൻ ആണ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചുകഴിഞ്ഞതായി കെപി യോഹന്നാനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്. ഒപ്പം കെ പി യോഹന്നാന്റെ മെഡിക്കൽ കോളേജിലും പ്രധാനമന്ത്രിയെ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.

ഏതായാലും പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനം ശബരിമല ലക്ഷ്യങ്ങളോടെയാണ്. മോദി ശബരിമലയിൽ എത്തുമെന്നും സൂചനയുണ്ട്. ഈ തീർത്ഥാടനകാലത്ത് സുരക്ഷാ പ്രശ്‌നങ്ങൾ മൂലമാണ് മോദി ശബരിമല ദർശനം ഒഴിവാക്കിയത്. മോദിക്ക് വരാനായി നിലയ്ക്കലിൽ ഹെലിപാഡ് പോലും തയ്യാറായിരുന്നു. ഇതിനിടെയാണ് വിമാനത്താവളത്തിലെ ചർച്ചകൾ പുരോഗമിച്ചത്. ബിജെപി കേരളാ ഘടകത്തെ നിശബ്ദമാക്കാനുള്ളതെല്ലാം നേരത്തെ തന്നെ ചെയ്തിരുന്നു. ആറന്മുള സമര നായകനാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആറന്മുളയിലെ വിമാനത്താവള നിർദ്ദേശത്തെ എരുമേലി പദ്ധതി ഇല്ലായ്മ ചെയ്യും. അതുകൊണ്ട് തന്നെ കുമ്മനം പദ്ധതിയെ പിന്തുണയ്ക്കും. ഇത് മനസ്സിലാക്കി കൊച്ചിയിലെ പ്രധാന ബിജെപി നേതാവാണ് യോഹന്നാനെ ബിജെപി ദേശീയ നേതൃത്വവുമായി അടുപ്പിച്ചത്. മോദിയുടെ സ്വച്ഛ് ഭാരതിൽ ഒരു കോടി സംഭാവന ചെയ്തതും ജന്മഭൂമി കോൺക്ലേവിലെ പ്രധാന സ്‌പോൺസറായതും കെപി യോഹന്നാൻ വ്യക്തമായ ലക്ഷ്യത്തോടെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ ബിജെപിയുടെ പിഎസ് ശ്രീധരൻ പിള്ളയെ പരസ്യമായി പിന്തുണച്ചുവെന്നും വരുത്തി തീർത്തു.

വികസന നായകനായി കേരളത്തിലെ നമ്പർ വൺ നേതാവാവുകയാണ് പിണറായിയുടെ ലക്ഷ്യം. ഈ സാഹചര്യത്തിലാണ് സമയബന്ധിതമായി വിമാനത്താവളം നിർമ്മിക്കാൻ പിണറായി ആഗ്രഹിക്കുന്നത്. അതിന് പിന്നിൽ അഴിമതിയുടെ ലക്ഷ്യമൊന്നുമില്ല. എന്നാൽ പത്തനംതിട്ടയുടെ പ്രത്യേകതകൾ മനസ്സിലാക്കിയാണ് എരുമേലിയിലേക്ക് കണ്ണെറിയുന്നത്. ശബരിമല തീർത്ഥാടനത്തിനൊപ്പം പ്രവാസികൾ ഏറെയുള്ള സ്ഥലം കൂടിയാണ് പത്തനംതിട്ട. കോട്ടയത്തേയും ആലപ്പുഴയിലേയും കൊല്ലത്തിലേയും ജനങ്ങൾക്ക് എരുമേലിയിൽ വേഗത്തിൽ എത്താം. ഈ സാഹചര്യത്തിൽ കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളം പത്തനംതിട്ടയിൽ മതിയെന്നും ഉറപ്പിച്ചു. ആറന്മുളയിലെ സമരങ്ങൾ കാരണം അത് മറ്റൊരിടത്ത് ആകട്ടേയെന്നും തീരുമാനിച്ചു. അങ്ങനെയാണ് തോട്ടം മേഖലയിലെ വിമാനത്താവളമെന്ന ആശയമെത്തുന്നത്. കേന്ദ്ര സർക്കാരിനെ യോഹന്നാൻ സ്വാധീനിക്കുമെന്നതിനാൽ കണ്ണ് എരുമേലിയിലുമായി. ഇത് ശരിവയ്ക്കും വിധത്തിലെ പിന്തുണ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുകയും ചെയ്തു.

പാട്ടക്കാലാവധി കഴിഞ്ഞെങ്കിലും ചെറുവള്ളി തോട്ടം ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമാണ്. സർക്കാർ നിയോഗിച്ച സ്‌പെഷൽ ഓഫീസർ എം.ജി.രാജമാണിക്യം പഠനം നടത്തി റിപ്പോർട്ട് നൽകിയത് ഇത് സർക്കാർ ഭൂമിയാണെന്നാണ്. ഹൈക്കോടതിയിലെ കേസിലും ഇത് സർക്കാർ ഭൂമി എന്നാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്. തോട്ടം കൈവശംവച്ചിരിക്കുന്ന ബിഷപ്പ് കെ.പി.യോഹന്നാൻ നിയമപോരാട്ടം തുടരുകയുമാണ്. ഈ സാഹചര്യത്തിൽ വിമാനത്താവള പദ്ധതി തയ്യാറായാലുള്ള തർക്കം ഒഴിവാക്കാൻ പി.സി.ജോർജ് എംഎ‍ൽഎ. ബിഷപ്പ് യോഹാന്നാന്റെ ബിലിവേഴ്‌സ് ചർച്ചുമായി സംസാരിച്ചിരുന്നു. അവർ സമ്മതം അറിയിച്ചു. ഓഹരി നൽകിയുള്ള പങ്കാളിത്തമാണ് യോഹന്നാൻ ആഗ്രഹിക്കുന്നത്. നാമമാത്രമായ ഓഹരിയാണെങ്കിൽ പോലും അത് തനിക്കെതിരായ കേസുകളെ അനുകൂലമായി സ്വാധീനിക്കുമെന്ന് ബിഷപ്പ് കണക്കുകൂട്ടുന്നു. അതുകൊണ്ടാണ് പിണറായിയേയും മോദിയേയും ഒരുമിച്ചൊരു പദ്ധതിക്ക് യോഹന്നാൻ തയ്യാറാകുന്നത്.

സർക്കാർ ഭൂമി വീണ്ടെടുത്തശേഷമേ പദ്ധതിയുമായി മുമ്പോട്ടുപോകാവൂ എന്ന് ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കുപിന്നിൽ അഴിമതിക്കുള്ള നീക്കമാണെന്ന് മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും ആരോപിച്ചിട്ടുണ്ട്. എന്നാൽ വികസന പ്രശ്‌നങ്ങൾ ഇത്തരം പിടിവാശികൾ പാടില്ലെന്നതാണ് മോദിയുടെ നയം. ജനങ്ങൾക്ക് ഗുണകരമാകുന്നത് എന്തിനേയും അനുകൂലിക്കണം. അതുകൊണ്ട് ഈ വിഷയം ഉയർത്തുമ്പോഴും സമരത്തിന് ബിജെപി കേരള ഘടകത്തിന് കഴിയില്ല. കെപി യോഹന്നാനുമായി എന്നും അടുത്ത ബന്ധമാണ് കോൺഗ്രസിനും യുഡിഎഫിനും. വനമേഖലയോട് ചേർന്നുള്ള അതും പെരിയാർ കടുവാ സങ്കേതത്തോട് ചേർന്നുള്ള സ്ഥലത്ത് വിമാനത്താവളമെന്നതിനെതിരെ പ്രതിഷേധം പോലും അതുകൊണ്ട് തന്നെ ഉയരില്ല. സമരത്തിനെത്തുന്നവരെയെല്ലാം സ്വാധീനിക്കാനുള്ള ശേഷി ബിലിവേഴ്‌സ് ചർച്ചിനുണ്ട്. കരുതലോടെയാണ് കെപി യോഹന്നാന് വേണ്ടി സംസ്ഥാന സർക്കാർ തലത്തിലും കളികൾ നടന്നത്.

ബിഷപ്പ് യോഹന്നാൻ ഹാരിസൺ മലയാളത്തിൽ നിന്നുവാങ്ങിയതാണ് ചെറുള്ളി എസ്‌റ്റേറ്റ്. റവന്യൂ ഭൂമി വീണ്ടെടുക്കുന്നതുസംബന്ധിച്ചുള്ള ഒരു കേസ് ഇന്നിപ്പോൾ കേരളം ഹൈക്കോടതിയുടെ മുന്നിലുണ്ട്. അഡ്വ. സുശീല ഭട്ടിന്റെ നേതൃത്വത്തിൽ ഹൈക്കോടതിയിൽ കഴിഞ്ഞ സർക്കാരിന്റ കാലത്തുവാദം നടന്ന കേസാണത്. സുശീല ഭട്ടിനെ മാറ്റാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചതും ബോധപൂർവ്വമാണ്. അതുകൊണ്ട് തന്നെ കോടതിയിൽ വിമാനത്താവള വിഷയം ഉയർത്തി ചെറുവള്ളിയെ രക്ഷിക്കാനും കഴിയും. ഹാരിസൺ മലയാളത്തിന് അവകാശപ്പെട്ട എല്ലാ സ്റ്റേറ്റുകളും ഏറ്റെടുക്കാനായിരുന്നു സർക്കാർ തീരുമാനം. എറണാകുളം ജില്ലാ കളക്ടറായിരുന്ന എംജി രാജമാണിക്യത്തെ അതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ 2013 ഏപ്രിൽ 27 നുതന്നെ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുകയും ചെയ്തു. രാജമാണിക്യത്തെ കെഎസ് ആർടിസി എംഡിയാക്കിയോടെ ഈ നടപടികളും അവസാനിച്ചു.

അതിനിടെ എരുമേലി വിമാനത്താവളം സംബന്ധിച്ച് പ്രാഥമികമായി റിപ്പോർട്ട് നൽകാൻ ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തുന്ന ഏജൻസി സാധ്യതാ പഠനം നടത്തും. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നതാണ്. ഈ റിപ്പോർട്ട് നൽകുന്നതോടെ വിമാനത്താവളം എന്ന ആശയത്തിന് പ്രാഥമികമായ കടമ്പ പിന്നിടും. ഇത് വേഗത്തിൽ പൂർത്തിയാക്കി കേന്ദ്ര സർക്കാരിന് എൻഒസിക്കായി കേരളം സമീപിക്കും. ചെറുവള്ളി, ളാഹ, കുമ്പഴ എന്നിവിടങ്ങളിലെ തോട്ടങ്ങളാണ് ഇതിനുവേണ്ടി ആദ്യഘട്ടത്തിൽ നിർദ്ദേശിച്ചത്. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളാണ് ഇവയെല്ലാം. എന്നാൽ എരുമേലിയിലെ ചെറുവള്ളിയാണ് കൂടുതൽ യോജിച്ചതെന്നാണ് സംസ്ഥാന സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്.

ചെറുവള്ളിയെ മുൻനിർത്തി തന്നെയാകും സാധ്യതാ പഠനം നടത്തുക. സംസ്ഥാന സർക്കാരിന്റെ സാധ്യതാപഠന റിപ്പോർട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ്, പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളിൽ നൽകണം. ഒപ്പം സംസ്ഥാനത്തിന്റെ എൻഒസി.യും വേണം. വിമാനത്താവളത്തിന്റെ നിർമ്മാണം, ഉടമസ്ഥാവകാശം എന്നിവ ഏത് രീതിയിൽ വേണം എന്നും തീരുമാനിക്കണം. പൊതു, സ്വകാര്യ പങ്കാളിത്തം, ഓഹരി സമാഹരിച്ചുള്ള കമ്പനി തുടങ്ങിയ രീതികളിൽ ഏത് വേണം എന്നും തീർപ്പാക്കണം. ഇതിൽ പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയ്ക്കാണ് കൂടുതൽ സാധ്യത. നെടുമ്പാശ്ശേരി മോഡൽ തന്നെ പുനരവതിരിക്കാനും സാധ്യതയുണ്ട്. കണ്ണൂർ വിമാനത്താവളത്തിലും ഇത് തന്നെയാണ് സംഭവിച്ചത് അങ്ങനെ വന്നാൽ യോഹന്നാനും ഭൂമി വിലയിൽ ഓഹരി നൽകാം.

ഇതിന് വേണ്ടിയാണ് ചില പത്രങ്ങളും രാഷ്ട്രീയ നേതാക്കളും ചെറുവള്ളി എസ്റ്റേറ്റ് യോഹന്നാന്റേതാണെന്ന് പറയുന്നത്. നിയമകുരുക്കുകളില്ലാതെ വിമാനത്താവളമാണ് പിണറായിയുടെ ലക്ഷ്യം. ഇതിന് വേണ്ടി സാമ്പത്തിക ബാധ്യത ഉണ്ടാകാത്ത തരത്തിൽ യോഹന്നാന് ഓഹരി അനുവദിക്കുമെന്നാണ് പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP