Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോഴുള്ളത് തായ്‌ലണ്ടിൽ; ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് ഏപ്രിൽ ഏഴിന് ക്യാഷ്വൽ ലീവ് എടുത്ത് റഷ്യയിൽ പോകാം; രാജമാണിക്യം ലണ്ടനിൽ പോകുന്നത് നാലിന്; തുറമുഖ മന്ത്രിയുടെ ടൈപ്പിസ്റ്റിന് ദുബായിലും പോകാം; കൊറോണ പേടിയിൽ മോദി ഡൽഹിയിൽ ഇരിക്കുമ്പോൾ കേരളത്തിലെ ഉദ്യോഗസ്ഥരെ ആകാശത്ത് പറക്കാൻ അനുവദിച്ച് പിണറായി സർക്കാർ; കോവിഡ് കണക്കിലെടുക്കാത്ത നാല് വിദേശ യാത്രാ ഉത്തരവുകൾ വിവാദത്തിൽ

അഡീഷണൽ ചീഫ് സെക്രട്ടറി സത്യജിത്ത് രാജൻ സർക്കാർ ഉത്തരവ് പ്രകാരം ഇപ്പോഴുള്ളത് തായ്‌ലണ്ടിൽ; ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടർക്ക് ഏപ്രിൽ ഏഴിന് ക്യാഷ്വൽ ലീവ് എടുത്ത് റഷ്യയിൽ പോകാം; രാജമാണിക്യം ലണ്ടനിൽ പോകുന്നത് നാലിന്; തുറമുഖ മന്ത്രിയുടെ ടൈപ്പിസ്റ്റിന് ദുബായിലും പോകാം; കൊറോണ പേടിയിൽ മോദി ഡൽഹിയിൽ ഇരിക്കുമ്പോൾ കേരളത്തിലെ ഉദ്യോഗസ്ഥരെ ആകാശത്ത് പറക്കാൻ അനുവദിച്ച് പിണറായി സർക്കാർ; കോവിഡ് കണക്കിലെടുക്കാത്ത നാല് വിദേശ യാത്രാ ഉത്തരവുകൾ വിവാദത്തിൽ

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: കോവിഡ് പടർന്ന് പിടിക്കുമ്പോൾ വിദേശ യാത്രകൾ ഒഴിവാക്കണമെന്നത് ഏവർക്കും അറിയാം. ഇതു സംബന്ധിച്ച് ഫെബ്രുവരി 26ന് തന്നെ കേന്ദ്ര സർക്കാർ യാത്രാ നിർദ്ദേശങ്ങൾ പുറത്തിറക്കി. അത് പലപ്പോഴും പല തലത്തിലെത്തി. അങ്ങനെ രാജ്യം മുഴുവൻ ജാഗ്രതയിലായി. എല്ലാവരും വിദേശ യാത്ര പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദ്ദേശമെത്തി. കേന്ദ്ര മന്ത്രിമാർ വിദേശത്തേക്കില്ലെന്ന് പ്രഖ്യാപിച്ചു. സാർക്കിലെ നേതാക്കളുടെ യോഗം വീഡിയോ കോൺഫറൻസ് വഴിയുമാക്കി. വിമാനങ്ങളും യാത്ര കുറച്ചു. ഇങ്ങനെ കോവിഡിനെ ചെറുത്തുകൊറോണ മുക്തമാകാൻ ഏവരും ശ്രമിക്കുമ്പോൾ കേരളത്തിലെ നാല് സർക്കാർ ഉത്തരവുകളും ചർച്ചയാവുകയാണ്.

സർക്കാരിന് കീഴിലെ നാല് ഉദ്യോഗസ്ഥർക്ക് വിദേശ പര്യടനത്തിന് അനുമതി നൽകുയാണ് മുഖ്യമന്ത്രി. ഇതിൽ അഡീഷണൽ ചീഫ് സെക്രട്ടറിയും ക്ലർക്കും വരെ ഉൾപ്പെടുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയും ലേബർ ആൻഡ് സ്‌കിൽ ഡെവലപ്പ്‌മെന്റിന്റെ ചുമതലയും വഹിക്കുന്ന സത്യജിത്ത് രാജൻ സർക്കാർ രേഖകൾ അനുസരിച്ച് ഈ മാസം 14 മുതൽ 22 വരെ തായ്‌ലണ്ടിലാണ്. കൊറോണ ബാധിത പ്രദേശമാണ് തായ്‌ലാണ്ട്. ക്യാഷ്വൽ ലീവിൽ സെക്രട്ടറിയെ തായ്‌ലണ്ടിൽ പോകാൻ സർക്കാർ അനുവദിച്ചത് ഈ മാസം 10നും. അതായതുകൊറോണ ഭീതിയിൽ കേരളം ഭയക്കാൻ തുടങ്ങിയപ്പോഴായിരുന്നു യാത്രാ അനുമതി നൽകിയത്. കൊറോണ ചൂണ്ടി ഉദ്യോഗസ്ഥന്റെ യാത്ര തടയുന്ന ഉത്തരവാണ് ഇറക്കേണ്ടി ഇരുന്നതെന്നാണ് ഉയരുന്ന പൊതു അഭിപ്രായം.

ജലനിധിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ജോഷി മുരന്മയി ശശാങ്ക് ഐഎഎസും സർക്കാർ ഉത്തരവ് പ്രകാരം വിദേശയാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. ഏപ്രിൽ നാല് മുതൽ 13 വരെ റഷ്യയിൽ പോകാനാണ് അനുമതി. അതും സ്വന്തം ചെലവിൽ കാഷ്യൽ ലീവിൽ. ഈ യാത്രയും സർക്കാർ തടയേണ്ടതായിരുന്നുവെന്നാണ് വിലയിരുത്തൽ. കൊറോണ അതിശക്തമായി പടരുന്ന സാഹചര്യത്തിൽ ഉദ്യോഗസ്ഥന്റെ ആവശ്യത്തെ നിരാകരിക്കുകയാണ് വേണ്ടിയിരുന്നത്. അതിന് പകരം വിദേശ സഹായമൊന്നും സ്വീകരിക്കാതെ റഷ്യയിൽ അതിഥിയായി പോകാനാണ് അനുമതി നൽകിയത്. ഈ ഉദ്യോഗസ്ഥന് ഈ യാത്രയ്ക്കുള്ള വിമാനം കിട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം. വിമാനക്കമ്പനികളെല്ലാം യാത്ര അവസാനിപ്പിക്കുന്ന മൂഡിലാണ്.

കേരളം ഏറെ ചർച്ച ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജമാണിക്യം. കേരളാ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് ഡയറക്ടറായ രാജമാിക്യം ഏപ്രിൽ നാല് മുതൽ 18വരെ ലണ്ടനിൽ പോകും. 9 ദിവസത്തെ കാഷ്വൽ ലീവാണ് അനുവദിച്ചിട്ടുള്ളത്. ലണ്ടനിൽ ഈയിടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ വ്യക്തിയാണ് രാജമാണിക്യം. ഇതും സ്വകാര്യ ആവശ്യത്തിനാണ്. ഈ യാത്രയും നടക്കുമോ എന്ന് അറിയില്ല. ബ്രിട്ടണിൽ കൊറോണ പടർന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തിൽ രാജമാണിക്യത്തിന്റെ യാത്രാ അനുമതിയും സർക്കാർ നിഷേധിക്കേണ്ടതായിരുന്നു.

തുറമുഖ മന്ത്രിയുടെ ഓഫീസിലെ ക്ലർക്കായ ജയശ്രീ തങ്കവും സർക്കാർ ഉത്തരവ് പ്രകാരം മറ്റെന്നാൾ മുതൽ ദുബായിലാണ്. അടുത്ത മാസം 30ന് മാത്രമേ എത്തുകയുള്ളൂവെന്നും ഉത്തരവ് പറയുന്നു. അങ്ങനെ നാല് പേർക്ക് കോവിഡ് പകർച്ചവ്യാധി സമയത്ത് വിദേശയാത്രയ്ക്ക് അനുമതി നൽകുകയാണ് പിണറായി സർക്കാർ. കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് കർശന നിയന്ത്രണം കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഫാൻസ്, ജർമ്മനി, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി. വിസ ലഭിച്ചിട്ടും ഇതുവരെ രാജ്യത്ത് പ്രവേശിച്ചിട്ടില്ലാത്തവരുടെയും വിസയും റദ്ദാക്കിയിട്ടുണ്ട്. ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ പരിമിതപ്പെടുത്തുകയും ചെയ്തു.

മാർച്ച് മൂന്നിനോ അതിന് മുമ്പോ വിസകളും ഇ-വിസകളും അനുവദിച്ചു കിട്ടുകയും എന്നാൽ ഇതുവരെ ഇന്ത്യയിൽ പ്രവേശിക്കാതിരിക്കുകയും ചെയ്ത ഇറ്റലി, ഇറാൻ എന്നീ രാജ്യക്കാരുടെ വിസകളും ജപ്പാൻ, സൗത്തുകൊറിയ പൗരന്മാർക്ക് അനുവദിച്ച ഓൺ അറൈവൽ വിസകളും താത്ക്കാലികമായി റദ്ദാക്കി. ഫെബ്രുവരി അഞ്ചിനോ അതിനുമുമ്പോ വിസ ലഭിച്ച ചൈനയിൽ നിന്നുള്ളവർക്കും സമാന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചൈന, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, സ്‌പെയിൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത വിദേശ പൗരന്മാർക്ക് ഫെബ്രുവരി ഒന്നിനോ അതിനുമുമ്പോ ഇന്ത്യ അനുവദിച്ച വിസയും ഇ-വിസയും താൽക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്.

അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് വരേണ്ടവർക്ക് അടുത്തുള്ള ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും ബന്ധപ്പെട്ട് പുതിയ വിസക്ക് അപേക്ഷിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. ചൈന, ഹോങ്കോങ്ങ്, സൗത്തുകൊറിയ, ജപ്പാൻ, ഇറ്റലി, തായ്‌ലൻഡ്, സിങ്കപ്പൂർ, ഇറാൻ, മലേഷ്യ, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി എന്നിവിടങ്ങളിൽ യാത്രകൾ നടത്തിയവർ 14 ദിവസത്തേക്ക് സ്വയം കരുതൽ സംരക്ഷണയിൽ തുടരണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട് 100 ൽ അധികം രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാപകമായ പശ്ചാത്തലത്തിൽ ഇത്തരം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്. ഇതൊന്നും മനസ്സിലാക്കാതെയാണ് പിണറായി സർക്കാർ നാല് ഉദ്യോഗസ്ഥർക്ക് വിദേശത്തേക്ക് പോകാൻ അനുമതി നൽകിയത്.

കൊറോണ വൈറസ് ഭീതി പടർത്തുന്ന സാഹചര്യത്തിൽ വരുന്ന ദിവസങ്ങളിൽ കേന്ദ്രമന്ത്രിമാരാരും വിദേശ യാത്ര നടത്തില്ലെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് വന്നിരുന്നു. ട്വിറ്ററിലൂടെയാണ് മോദി പ്രസ്താവനയുമായി രംഗത്തെത്തിയത്. അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. വലിയ ഒത്തുചേരലുകൾ ഒഴിവാക്കുന്നതിലൂടെ നമുക്ക് കൊറോണ വ്യാപിക്കുന്നത് തടയാൻ സാധിക്കുമെന്നും മോദി പറഞ്ഞു. ഭീതിയുടെ ആവശ്യമില്ല, മറിച്ച് ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റിൽ വിശദീകരിച്ചിരുന്നു.

120 ൽ അധികം രാജ്യങ്ങളിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തതോടെയാണ് പ്രധാനമന്ത്രി തന്നെ യാത്രകൾ ഒഴിവാക്കണമെന്ന് നിർദ്ദേശവുമായി അദ്ദേഹം രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP