Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൈറ്റോ കോൺട്രിയ ഡിഎൻഎ അനാലിസിസ് പരിശോധനയിലൂടെ ഒരോ മൃതശരീരങ്ങളും ആരുടേതെന്ന് ഉറപ്പിക്കും; അസ്ഥികളിലെ മജ്ജ പരിശോധിച്ച് മരണ കാരണവും; കരുതലോടെ നീങ്ങിയില്ലെങ്കിൽ കേസ് തള്ളിപ്പോകാൻ സാധ്യതകൾ ഏറെ; സാഹചര്യ തെളിവുകൾ കിട്ടുക പ്രയാസമായത് ഷാജുവിന് തുണയാകും; 'വഴിവിട്ട ബന്ധങ്ങൾ' തെളിയിക്കാൻ ഭർത്താവിനെ മാപ്പു സാക്ഷിയാക്കും; ചേനോത്ത് രാമകൃഷ്ണന്റെ മരണത്തിലും അന്വേഷണം; കൂടത്തായിയിലെ 'സയനൈയ്ഡ് ജോളി'യെ തളയ്ക്കാനുറച്ച് കെജി സൈമൺ

മൈറ്റോ കോൺട്രിയ ഡിഎൻഎ അനാലിസിസ് പരിശോധനയിലൂടെ ഒരോ മൃതശരീരങ്ങളും ആരുടേതെന്ന് ഉറപ്പിക്കും; അസ്ഥികളിലെ മജ്ജ പരിശോധിച്ച് മരണ കാരണവും; കരുതലോടെ നീങ്ങിയില്ലെങ്കിൽ കേസ് തള്ളിപ്പോകാൻ സാധ്യതകൾ ഏറെ; സാഹചര്യ തെളിവുകൾ കിട്ടുക പ്രയാസമായത് ഷാജുവിന് തുണയാകും; 'വഴിവിട്ട ബന്ധങ്ങൾ' തെളിയിക്കാൻ ഭർത്താവിനെ മാപ്പു സാക്ഷിയാക്കും; ചേനോത്ത് രാമകൃഷ്ണന്റെ മരണത്തിലും അന്വേഷണം; കൂടത്തായിയിലെ 'സയനൈയ്ഡ് ജോളി'യെ തളയ്ക്കാനുറച്ച് കെജി സൈമൺ

എം മനോജ് കുമാർ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിൽ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ചതിന് ശേഷം ജോളിയെ തള്ളി വീണ്ടും ഭർത്താവ് ഷാജു രംഗത്തെത്തിയിരുന്നു. വിവാഹം പോലും ജോളിയുടെ തിരക്കഥയ്ക്ക് അനുസരിച്ച് നടന്നതാണെന്ന സംശയമാണ് ഇപ്പോഴുള്ളതെന്ന് ഷാജു പറഞ്ഞിരുന്നു. കൊലപാതകങ്ങളെ കുറിച്ച് അറിവൊന്നുമുണ്ടായിരുന്നില്ല. അറ്റാക്കും കുഴഞ്ഞുവീണുള്ള മരണങ്ങളും സ്വഭാവികമായി തോന്നിയെന്നും എന്നാൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നതെന്നും ഷാജു പരസ്യമായി പറയുന്നു. എന്നാൽ ജോളി കൊല നടത്തിയ കാര്യങ്ങൾ തനിക്ക് അറിയാമായിരുന്നുവെന്നും എന്നാൽ കൃത്യത്തിൽ നേരിട്ട് പങ്കാളിയായിരുന്നില്ലെന്നും ഷാജു വെളിപ്പെടുത്തിയാതും സൂചനയുണ്ട്. അതായതുകൊലപാകത്തിൽ പങ്കെടുക്കാത്ത ഷാജുവിനെ കേസിലെ നിർണ്ണായക തെളിവാക്കി മാറ്റാനാണ് പൊലീസ് നീക്കം. ഷാജുവിനെ മാപ്പ് സാക്ഷിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. നിയമവശങ്ങൾ എല്ലാം പരിശോധിച്ച് ഇക്കാര്യത്തിൽ പൊലീസ് തീരുമാനം എടുക്കും.

തന്റെ അറിവിൽ ജോളിക്ക് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജോളിയുടെ കുടുംബത്തിൽ നിന്നുള്ള സാമ്പത്തിക സഹായങ്ങളാണ് അവർക്ക് ഉണ്ടായിരുന്നതെന്നും ഷാജു പറഞ്ഞു. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓർത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു വിശദീകരിച്ചിട്ടുണ്ട്. ജോളി ഒരുപാട് ഫോൺവിളികൾ നടത്താറുണ്ടായിരുന്നു. ഇതിൽ തനിക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ, ചോദ്യം ചെയ്യാതിരുന്നത് കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനാണെന്നും ഷാജു പറഞ്ഞു. ജോളിയുടെ ജോലിയെക്കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നില്ലെന്നും കേസന്വേഷണത്തിന് ശേഷമാണ് ഇക്കാര്യം ബോധ്യപ്പെട്ടതെന്നും പറയുന്നു. അദ്ധ്യാപിക ആണെന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ഫോൺ വിളികൾ ജോളി നടത്തിയിരുന്നതിൽ അങ്ങനെ സംശയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ഷാജു കൂട്ടിച്ചേർത്തിരുന്നു. ഇതെല്ലാം ഷാജു പരസ്യമായി പറഞ്ഞതാണ്. ജോളിയുടെ ജീവിത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരാൻ ഷാജുവിന്റെ മൊഴി സഹായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കൊലക്കേസിൽ ഷാജുവിനെ പ്രതിചേർക്കാനുള്ള സാഹചര്യം പൊലീസിന് മുമ്പിലുണ്ട്. എല്ലാം അറിഞ്ഞിട്ടും മറച്ചുവച്ച കുറ്റമാണ് ഇതിന് കാരണം. കൊലയാളിയെ സഹായിക്കുന്നതിന് തുല്യമാണ് ഇത്. എങ്കിലും നിലവിലെ സാഹചര്യത്തിൽ ഷാജു മാപ്പു സാക്ഷിയായാൽ കേസിന് ബലം കൂടും. ജോളി അഴിക്കുള്ളിലുമാകും. ജോളിയുടെ കുറ്റസമ്മത മൊഴിക്ക് കൂടുതൽ വിശ്വാസ്യത വരുത്താനാണ് ഇത്. പെൺക്കുട്ടികളോട് ജോളിക്ക് ഇഷ്ടകുറവ് ഉണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ലെന്നും ഷാജു പറഞ്ഞു. സിനിയുടെ മരണത്തിന് മുമ്പ് ജോളിയുമായി ഒറ്റയ്ക്ക് ഒരിടത്തും പോയിട്ടില്ല. ജോളിയാണ് വിവാഹത്തിന് മുൻകൈ എടുത്തതെന്നും പൊന്നാമറ്റം വീട്ടിൽ നിന്ന് വസ്ത്രങ്ങളും മറ്റുമാണ് എടുത്തതെന്നും ഷാജു പറഞ്ഞു. ഇപ്പോൾ ചിന്തിക്കുമ്പോൾ ജോളി തന്നെയും അപായപ്പെടുത്താൻ ശ്രമിച്ചിരിക്കാൻ സാധ്യത ഉണ്ടായിരുന്നേക്കാം എന്നും ഷാജു പറയുന്നു. അതേസമയം, ഭർത്താവെന്ന നിലയിൽ ജോളിക്ക് നിയമ സാമ്പത്തിക സഹായം നൽകുമോ എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞ് മാറിയിരുന്നു. ഇതും കേസിൽ ഷാജു മാപ്പു സാക്ഷിയാകുന്നതിന്റെ സൂചനയാണ്.

കൂട്ടത്തായിയിലെ അന്വേഷണം കൂടുതലായി മുന്നോട്ട് പോകുമ്പോൾ കൂടത്തായി കൊലക്കേസ് പലതായി പിരിഞ്ഞ് കൂടുതൽ സങ്കീർണമാക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഈ സാഹചര്യത്തിൽ അന്വേഷണസംഘത്തിലേക്ക് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചേർക്കും, വ്യാജവിൽപത്രമുണ്ടാക്കി സ്വത്ത് തട്ടിയെടുത്തു എന്ന പരാതിയിൽ തുടങ്ങിയ പ്രാഥമിക അന്വേഷണം ഇപ്പോൾ ആറ് പേരുടെ ജീവനെടുത്ത കൂട്ടക്കൊലയായി മാറിയിരിക്കുന്നു. ഇതോടൊപ്പം ചിലരെ കൊല്ലാൻ ജോളി ശ്രമിച്ചിരുന്നുവെന്നും ചിലരെ കൊല്ലപ്പെടുത്താൻ തീരുമാനിച്ചിരുന്നുവെന്നുമുള്ള മൊഴികൾ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.

കുടുംബത്തിനകത്ത് നിന്നും തന്നെ ജോളിക്ക് സഹായം ലഭിച്ചു എന്നതിലും അന്വേഷണവും നടക്കാനുണ്ട്. ഇതോടൊപ്പം സിപിഎം, കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും, ഒരു തഹസിൽദാർ, അഭിഭാഷകർ, ബിഎസ്എൻഎൽ ജീവനക്കാരനും ജോളിയുടേയും മരണപ്പെട്ട റോയിയുടേയും സിലിയുടേയും ബന്ധുക്കളും പൊലീസ് നിരീക്ഷണത്തിലാണ്. സങ്കീർണമായ കേസാണ് കൂടത്തായി കൂട്ടക്കൊലയെന്നും വളരെ കരുതലോടെ നീങ്ങിയില്ലെങ്കിൽ കേസ് കോടതിയിൽ തള്ളിപ്പോകാൻ സാധ്യതയുണ്ടെന്നും പൊലീസ് തിരിച്ചറിയുന്നു. കൊലക്കേസിൽ സാഹചര്യ തെളിവുകൾ കിട്ടുക പ്രയാസമാണ്. ആറു പേരിൽ അഞ്ചു പേരുടെ മരണ കാരണം പോലും കണ്ടെത്താനാകുമോ എന്ന സംശയം പൊലീസിനുണ്ട്. ഈ സാഹചര്യത്തിലാണ് ഷാജുവിനെ മാപ്പു സാക്ഷിയാക്കുന്നത്.

നേരത്തെ കൊല്ലപ്പെട്ടവരുടെ കല്ലറകൾ പൊളിച്ച് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങൾ ശേഖരിച്ച് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരുന്നു. ശാസ്ത്രീയ പരിശോധനകളിൽ കൂടുതൽ കൃത്യത വരുത്താൻ മരണപ്പെട്ട അന്നമ്മയുടേയും ടോമിന്റേയും അമേരിക്കയിലുള്ള മകൻ റോജോയെ നാട്ടിലേക്ക് വിളിച്ചുവരുത്താനാണ് പൊലീസിന്റെ തീരുമാനം. ഉറ്റ ബന്ധുക്കളുടെ ഡിഎൻഎ ശേഖരിച്ച് മൈറ്റോ കോൺട്രിയ ഡിഎൻഎ അനാലിസിസ് പരിശോധന നടത്തും. ഇതോടൊപ്പം മൃതദേഹത്തിൽ നിന്നും ശേഖരിച്ച സാംപിളുകൾ വിദേശത്തേക്ക് ആധുനിക ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. മൃതദേഹത്തിൽ നിന്നും കണ്ടെടുത്ത അസ്ഥികളിലെ മജ്ജ പരിശോധിച്ചാൽ മരണകാരണം കൃത്യമായി കണ്ടെത്താൻ സാധിക്കും. ഇതിനുള്ള ആധുനിക പരിശോധന സംവിധാനങ്ങൾ വിദേശരാജ്യങ്ങളിൽ ലഭ്യമാണ്.

ഒരോ മൃതശരീരങ്ങളും ആരുടേതാണെന്ന് കണ്ടെത്താനും അവരുടെ ശരിയായ മരണകാരണം തെളിയിക്കാനും സാധിക്കുമെന്നാണ്് വിലയിരുത്തൽ. നിലവിൽ റോയിയുടെ മരണത്തിൽ മാത്രമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഷാജുവിന്റെ മുൻ ഭാര്യയുടേയും മകളുടേയും മരണവുമായി ബന്ധപ്പെട്ട് കാര്യമായ തെളിവുകൾ ഇതിനോടകം പൊലീസ് ശേഖരിച്ചിട്ടുണ്ട്. വ്യാജവിൽപത്രം തയ്യാറാക്കിയതുമായി ബന്ധപ്പെട്ട് കേസിലെ അന്വേഷണം കൂടുതൽ പേരിലേക്ക് നീങ്ങുകയാണ്. പൊന്നാമറ്റം കുടുംബത്തിലെ ആറ് പേരെ കൂടാതെ ചാത്തമംഗലം സ്വദേശി രാമകൃഷ്ണന്റെ മരണവും ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. എൻ.ഐ.ടിക്ക് സമീപം ചേനോത്ത് പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മരണവും ജോളിയുമായി ബന്ധപ്പെട്ടതാണോ എന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്.

ചേനോത്ത് മണ്ണിലേടത്ത് രാമകൃഷ്ണന്റെ മരണമാണ് ക്രൈം ബ്രാഞ്ച് അന്വേഷണ വിധേയമാക്കുന്നത്. ജോളിയുടെ അറസ്റ്റിന് മുമ്പ് തന്നെ ക്രൈം ബ്രാഞ്ച് സംഘം രാമകൃഷ്ണന്റെ വീട്ടിലെത്തി ബന്ധുക്കളുടെ മൊഴിയെടുത്തിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാവായ രാമകൃഷണൻ 2016 മെയ് 17-നാണ് മരിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന് തൊട്ടടുത്ത ദിവസമായിരുന്നു മരണം. അന്നേ ദിവസം രാത്രി വരെ പുറത്തായിരുന്ന രാമകൃഷ്ണൻ രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വായിൽ നിന്ന് വെള്ളം പുറത്ത് വന്ന് രാമകൃഷ്ണൻ മരണപ്പെടുകയാണ് ചെയ്തത്. രാവിലെ എൻ.ഐ.ടിയിലേക്കെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങുന്ന ജോളി രാമകൃഷ്ണന്റെ വീട്ടിലേക്ക് പോകുന്ന വഴിയിലുള്ള വലിയപൊയിൽ എന്ന സ്ഥലത്തുള്ള ഒരു ബ്യൂട്ടി പാർലറിലായിരുന്നു തങ്ങിയിരുന്നത്.

അമ്പലകണ്ടി സ്വദേശി മജീദിന്റെ ഭാര്യ സുലേഖയായിരുന്നു ഈ ബ്യൂട്ടി പാർലർ നടത്തിയിരുന്നത്. മജീദും രാമകൃഷ്ണനും അടുത്ത സുഹൃത്തുക്കളുമായിരുന്നു. പല സ്ഥല ഇടപാടുകളും ഇവർ ഒരുമിച്ച് നടത്തിയിരുന്നതായും സൂചനയുണ്ട്. 2008 ൽ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള അഞ്ചര ഏക്കർ സ്ഥലം 55 ലക്ഷം രൂപക്ക് കൊടുവള്ളിയിലെ ഒരു ട്രസ്റ്റിന് വിൽപ്പന നടത്തിയിരുന്നു. രാമകൃഷ്ണന്റെ പഴയ വീട് പൊളിച്ച് പുതിയ വീട് നിർമ്മിക്കാനാണ് സ്ഥലം വിറ്റതെങ്കിലും വീട് പണി ആരംഭിച്ചിരുന്നില്ല. ഇതേ കുറിച്ച് ചോദിക്കുമ്പോൾ പണം ഉടൻ ലഭിക്കുമെന്നാണ് രാമകൃഷണൻ പറയാറുണ്ടായിരുന്നതെന്ന് മകൻ രോഹിത് പറഞ്ഞു. രാമകൃഷ്ണന്റെ മരണത്തിൽ യാതൊരു ദുരൂഹതയും കുടുംബത്തിന് ഉണ്ടായിരുന്നില്ലെങ്കിലും ഇപ്പോൾ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയേയും രാമകൃഷ്ണനുമായി ബന്ധിപ്പിക്കുന്ന ചില വിവരങ്ങൾ അന്വേഷണത്തിന് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞതോടെ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.

കൂടത്തയിലെ കൊലപാതക പരമ്പരകളിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ദുരൂഹതകൾ പൂർണമായും പുറത്തു എത്തിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് യഥാർത്ഥ സംഭവം പുറത്തുകൊണ്ടുവരാനായി കോഴിക്കോട് റൂറൽ എസ്‌പി കെജി സൈമണും കുരതലോടെയാണ് നീങ്ങുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെ താമരശേരി കൂടത്തായി പൊന്നാമറ്റത്ത് ജോളിയെയും സഹായികളെയും അറസ്റ്റ് ചെയ്തതോടെയാണ് പൊലീസ് കൊലപാതക കേസിൽ കേരള പൊലീസ് നടത്തിയത് പഴുതടച്ച അന്വേഷണമായിരുന്നു. കരളത്തിലെ പ്രമാദമായ നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കിയ റൂറൽ എസ്‌പി കെ ജി സൈമണിന്റെ ശ്രമം തന്നെയാണ് ഈ കേസിലും സഹായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP