Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം കോറിഡോർ; പുരുഷ അദ്ധ്യാപകർക്കില്ലാത്ത കോട്ട് വനിതാ അദ്ധ്യാപകർക്ക്; ആരോപണങ്ങൾ ഉയർത്തിയ അദ്ധ്യാപികയുടെ രാജിക്ക് പിന്നിലെ സത്യാവസ്ഥയെന്ത്? 1500 ലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ എത്തിയപ്പോൾ മറുനാടൻ കണ്ട കാഴ്‌ച്ചകൾ; ആരോപണങ്ങൾക്ക് മറുപടിയുമായി കൊല്ലമുള ലിറ്റിൽ ഫ്ളവർ സ്‌കൂൾ അധികൃതർ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം കോറിഡോർ; പുരുഷ അദ്ധ്യാപകർക്കില്ലാത്ത കോട്ട് വനിതാ അദ്ധ്യാപകർക്ക്; ആരോപണങ്ങൾ ഉയർത്തിയ അദ്ധ്യാപികയുടെ രാജിക്ക് പിന്നിലെ സത്യാവസ്ഥയെന്ത്? 1500 ലധികം കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ എത്തിയപ്പോൾ മറുനാടൻ കണ്ട കാഴ്‌ച്ചകൾ; ആരോപണങ്ങൾക്ക് മറുപടിയുമായി കൊല്ലമുള ലിറ്റിൽ ഫ്ളവർ സ്‌കൂൾ അധികൃതർ

സി ആർ ശ്യാംകുമാർ

കോട്ടയം: ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സഞ്ചരിക്കാൻ പ്രത്യേക ഇടനാഴി. നിർബന്ധിതമായി കോട്ടിടാൻ സ്‌കൂൾ അധികൃതരുടെ നിർദ്ദേശം. ഇതേ തുടർന്ന് അദ്ധ്യാപിക സ്‌കൂളിൽ നിന്നും രാജി വച്ച സംഭവത്തിലെ സത്യാവസ്ഥ അന്വേഷിച്ചാണ് മറുനാടൻ എത്തിയത്. രാജി വച്ച അദ്ധ്യാപിക റാണി ജോസഫ് മറുനാടൻ മലയാളിയോട് പറയുന്നതിങ്ങനെ:

കഴിഞ്ഞ മെയ് 9 നാണ് ഈ സ്‌കൂളിൽ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിക്കുന്നത്. അപ്പോൾ തന്നെ കുട്ടികൾ തന്നോട് പറഞ്ഞു മിസേ ഈ സ്‌കൂൾ തങ്ങൾക്ക് ജയിൽ പോലെയാണെന്ന്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് കോറിഡോറുകൾ, പരസ്പരം സംസാരിച്ചാൽ ഫ്രണ്ട്ഷിപ്പിനെ പോലും വളച്ചൊടിച്ച് രക്ഷിതാക്കളെ വിളിച്ചു വരുത്തി അഫയർ ആണെന്ന് വരുത്തി തീർക്കുന്നു. ജെൻഡർ ഇക്വാലിറ്റി പോലും പാലിക്കുന്നില്ല. പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളോടാണ് അവഹേളനം അധികവുമുണ്ടാകുന്നത്.

കോട്ട് ധരിക്കണമെന്ന് പറഞ്ഞ് നിർബന്ധിക്കുകയാണ്. പുരുഷ അദ്ധ്യാപകർക്കില്ലാത്ത കോട്ട് എന്തിനാണ് നമുക്കെന്ന് ചോദിച്ചതിന് സ്‌കൂളിലെ റൂൾസ് നമ്മൾ പാലിക്കേണ്ടതാണെന്ന് മറുപടിയാണ് സ്റ്റാഫ് റൂമിൽ നിന്നും ലഭിച്ചത്. കോട്ട് ധരിക്കുന്നതിനെപ്പറ്റി മറ്റൊരു അദ്ധ്യാപിക പറയുന്നത് ഈ കോട്ട് ഇടുന്നത് നമുക്ക് വലിയൊരു കോൺഫിഡൻസ് ആണെന്നും കോട്ടിടാത്തപ്പോൾ ബോയ്സ് നമ്മളെ നോക്കി എന്തൊക്കെ കമന്റ്സ് ആണ് പറയുന്നതെന്ന് ഊഹിക്കാൻ പോലും കഴിയില്ലായെന്ന്. അത് വലിയ ഷോക്കാണ് തനിക്കുണ്ടാക്കിയത്. നമ്മുടെ സ്റ്റുഡന്റ്സിനെ നമ്മൾ എങ്ങനെയാണ് കാണുന്നത്. അവർക്ക് അതേപ്പറ്റി അറിവില്ലെങ്കിൽ നമ്മൾ തന്നെ പറഞ്ഞ് മനസിലാക്കി ഒരു സെക്സ് എഡ്യുക്കേഷൻ നൽകുകയല്ലെ വേണ്ടത് അതിനുപകരം നമ്മൾ നമ്മളെ തന്നെ മറയ്ക്കുകയാണോ വേണ്ടതെന്ന് ഞാൻ പ്രതികരിച്ചു.

ജോലിയിൽ പ്രവേശിച്ചതിന്റെ പിറ്റേന്ന് തന്നെ കോട്ടിന്റെ അളവ് നൽകിയിരുന്നു. ഇത് തയ്ച്ച് തരേണ്ടതിന്റെ ഉത്തരവാദിത്വം സ്‌കൂൾ അധികൃതർക്കാണ്. എന്നാൽ ജൂണിൽ സ്‌കൂൾ തുറന്ന ശേഷവും കോട്ട് ലഭിച്ചില്ല. കോട്ട് ഇടാത്തതിന്റെ പേരിൽ പിന്നീട് പ്രിൻസിപ്പൾ തന്നെ അവഹേളിക്കുകയായിരുന്നു. മിസ് മാത്രം കോട്ടിടാത്തതെന്താണെന്ന് സ്റ്റുഡന്റ്സിന്റെ മുന്നിൽ വച്ച് ഹരാസ് ചെയ്ത് സംസാരിച്ചത് വർക്ക് പ്ലേസ് ഹരാസ്മെന്റായി എനിക്ക് തോന്നുകയും എന്നോട് പരാതി പറഞ്ഞ സ്റ്റുഡൻ്സിന് വേണ്ടി ശബ്ദമുയർത്തണമെന്ന് ചിന്തിച്ചാണ് രാജി നൽകിയതെന്നും അദ്ധ്യാപികയായ റാണി ജോസഫ് പറഞ്ഞു.

എന്നാൽ ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്ന് നിലപാടുമായി സ്‌കൂൾ മാനേജൻ ഫാ. മാത്യു പനക്കക്കുഴി മറുനാടൻ മലയാളിയോട് പ്രതികരിച്ചു. കോട്ട് ധരിക്കുന്നത് കാലാകാലങ്ങളായി അദ്ധ്യാപികരുടെ ആവശ്യപ്രകാരം മാനേജ്മെന്റ് നടപ്പിലാക്കിയതാണ്. എന്നാൽ ആരോപണം ഉന്നയിച്ചയാൾ അവസാന നിമിഷമാണ് കോട്ട് ധരിക്കുന്നത് സ്വീകാര്യമല്ല എന്ന് പറഞ്ഞ് രാജി വച്ചത്. ഈ മെയിൽ വഴിയായിരുന്നു രാജി സമർപ്പിച്ചത്. പിന്നീട് ഇവർ ഉയർത്തിയ ആരോപണങ്ങൾ മാധ്യമങ്ങൾ വഴിയാണ് അറിയുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ഇടനാഴി അവരുടെ ശൗചാലയത്തിലേയ്ക്കുള്ള വഴിയാണ്. കുട്ടികൾക്ക് കളിക്കുന്നതിനുള്ള മൈതാനം ഗോവണികൾ എല്ലാവരും തുല്യമായി ഉപയോഗിക്കുന്നതാണ്. കുട്ടികൾക്ക് പരസ്പരം സംസാരിക്കാനുള്ള സാഹചര്യവും അനുവാദവും നൽകിയിട്ടുണ്ട്. അഞ്ച് മാസം മുൻപാണ് ഈ സ്‌കൂളിലെ പൂർവവിദ്യാർത്ഥി കൂടിയായ അദ്ധ്യാപിക ജോലിയിൽ പ്രവേശിക്കുന്നത്. അവരുടെ മൂന്നു കുട്ടികൾ കൂടി ഈ വിദ്യാലയത്തിൽ ചേർന്ന് പഠിക്കുന്നു.

1994 ആരംഭിച്ചതാണ് ഈ വിദ്യാലയം. ഇപ്പോൾ 1500 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. പതിനായിരത്തോളം വിദ്യാർത്ഥികൾ ഉയർന്ന മാർക്ക് നേടി പഠിച്ചിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം സി. ബി. എസ്. ഇ. പരീക്ഷയിൽ 99.8 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയതാണ്. എല്ലാ വർഷവും 90 ശതമാനത്തിൽ അധികം മാർക്ക് വാങ്ങുന്ന കുട്ടികളാണ് ഇവിടെയുള്ളതെന്നും അദേഹം പറഞ്ഞു.

പതിനഞ്ച് വർഷം മുൻപാണ് അദ്ധ്യാപികമാരുടെ ആവശ്യം അനുസരിച്ച് വസ്ത്രത്തിന് മുകളിൽ കോട്ട് ധരിക്കണമെന്ന് തീരുമാനിച്ചത്. ചെറിയ ചെറിയ ആരോപണങ്ങൾ ഉന്നയിക്കുന്നത് നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ മോശമാക്കുന്നതിനാണ് ഇവർ ഇറങ്ങി തിരിച്ചിരിക്കുന്നതെന്നും പി. ടി. എ. പ്രസിഡന്റ് സിജോ മടുക്കക്കുഴി പറഞ്ഞു. ടീച്ചറിന്റെ രാജിയെ തുടർന്ന് ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നപ്പോൾ താനും പി. ടി. അംഗവും ടീച്ചറിന്റെ ബന്ധുവും കൂടിയായ ആളും ചേർന്ന് ടീച്ചറിന്റെ വീട്ടിലെത്തി സംസാരിച്ചതാണ്. ഈ നാട്ടിൻ പുറത്തിന്റെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണിത്. പത്തനംതിട്ട ജില്ലയുടെയും കോട്ടയം ജില്ലയുടെയും അതിർത്തി പ്രദേശമായ കൊല്ലമുളയിൽ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചതു മുതൽ വലിയ ഉയർച്ചയാണ് നാടിന് തന്നെയുണ്ടായത്.

സ്‌കൂളിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ചതിൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ഭാഗത്തു നിന്നും പ്രതിഷേധമുയരുന്നു. സ്‌കൂളിൽ പോലും അന്വേഷിക്കാതെ മാധ്യമങ്ങൾ വാർത്ത പ്രചരിപ്പിക്കുകയായിരുന്നു. ഇതിന്റെ സത്യാവസ്ഥ പറഞ്ഞു കൊണ്ട് ചില രക്ഷിതാക്കളും വിദ്യാർത്ഥികളും രംഗത്തു വന്നു. അദ്ധ്യാപിക രാജിവച്ച പശ്ചാത്തലത്തിൽ വലിയ മാധ്യമ വിചാരണയാണ് സ്‌കൂളിനെതിരെ നടന്നു വരുന്നത്. ഒരു സി. ബി. എസ്. ഇ. സ്‌കൂളിൽ പാലിക്കേണ്ട സ്വാഭാവികമായ അച്ചട നടപടികളാണ് ഈ സ്‌കൂളും സ്വീകരിച്ചു വരുന്നത്. അതിന് രക്ഷിതാക്കളുടെയും പൂർണ പിന്തുണ ലഭിക്കുന്നുണ്ട്.

ഇവിടെയെത്തുന്ന ഓരോ വിദ്യാർത്ഥികളുടെയും പഠന പുരോഗതി ലക്ഷ്യം വച്ച് കൊണ്ടാണ് എല്ലാവരും പ്രവർത്തിക്കുന്നതെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കുന്നു. ശൗചാലയത്തിലേയ്ക്ക് മാത്രം പ്രത്യേക ഇടനാഴി കുട്ടികളുടെ സൗകര്യാർത്ഥം തന്നെ പറഞ്ഞ് മനസിലാക്കിയിട്ടുള്ളതാണ്. വരാാന്തയിൽ കൂടി പോയാൽ നേരെ ചെല്ലുന്നത് ശൗചാലയത്തിന്റെ കവാടത്തിലേയ്ക്കാണ്. പെൺകുട്ടികളുടെ ശൗചാലയം പിന്നിലാണ്. അതുവഴി ആൺകുട്ടികൾ യാത്ര ചെയ്യേണ്ട കാര്യമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള ഒരു നിർദ്ദേശം നൽകിയിരിക്കുന്നത്. സ്‌കൂളിലെ വരാന്തയിലൂടെയും പ്രവേശന കവാടത്തിലൂടെയും എല്ലാവരും ഒരുമിച്ചാണ് എത്തുന്നതെന്നും തിരക്ക് ഒഴിവാക്കി നടക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്‌കൂൾ അധികൃതർ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP