Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ഒരു പത്തോ പതിനഞ്ചോ ഉണ്ടെങ്കിൽ ഇട്, ഞാൻ 20 ാം തീയതി തിരിച്ചുതരാം': ഓയൂർ കിഡ്‌നാപ്പിങ് കേസിൽ നിർണായകമായത് അനിതാകുമാരി കടം ചോദിക്കുന്ന ആ ശബ്ദരേഖ; സ്ഥിരീകരിച്ചത് ബിജെപി നേതാവ്; കേസിലെ പല സംശയങ്ങൾക്കും ഉത്തരം

'ഒരു പത്തോ പതിനഞ്ചോ ഉണ്ടെങ്കിൽ ഇട്, ഞാൻ 20 ാം തീയതി തിരിച്ചുതരാം': ഓയൂർ കിഡ്‌നാപ്പിങ് കേസിൽ നിർണായകമായത് അനിതാകുമാരി കടം ചോദിക്കുന്ന ആ ശബ്ദരേഖ; സ്ഥിരീകരിച്ചത് ബിജെപി നേതാവ്; കേസിലെ പല സംശയങ്ങൾക്കും ഉത്തരം

വിനോദ് വി നായർ

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപ്രതികളെയും ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. വ്യാഴാഴ്ച പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മൂവരെയും കസ്റ്റഡിയിൽ വിട്ടത്. ചാത്തന്നൂർ സ്വദേശികളായ പത്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരാണ് കേസിലെ പ്രതികൾ. കേസിലെ അന്വേഷണം ഇപ്പോൾ രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആദ്യഘട്ട അന്വേഷണം പൊലീസ് വിജയകരമായി പൂർത്തിയാക്കിയെങ്കിലും, സോഷ്യൽ മീഡിയയിൽ അടക്കം സംശയങ്ങൾ ഉന്നയിക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയുടെ പിതാവിനെ വരെ സംശയമുനയിൽ നിർത്തുന്ന രീതിയിൽ വാർത്തകൾ വന്നെങ്കിലും, അദ്ദേഹത്തിന് സംഭവവുമായി ഒരുബന്ധവുമില്ലെന്ന് എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കിയിരുന്നു.

'കുട്ടിയുടെ അച്ഛൻ ആദ്യം പറഞ്ഞത് തന്നെയും തന്റെ സംഘടനയെയും പ്രതിസ്ഥാനത്താക്കാൻ പൊലീസ് ശ്രമിക്കുന്നു എന്നാണ്, എന്താണ് അതിനുണ്ടായ സാഹചര്യം, പ്രതികളാരും മൊബൈൽ ഉപയോഗിച്ചിരുന്നില്ല എന്നു പറയുന്ന പൊലീസ് തന്നെ പറയുന്നു മൊബൈൽ ടവർ ലൊക്കേഷൻ വച്ചാണ് അവരെ പിടിച്ചത് എന്ന്' ഇത്തരം പല ചോദ്യങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. മറുനാടന്റെ അന്വേഷണത്തിൽ വ്യക്തമായ ചില ഉത്തരങ്ങളാണ് താഴെ പറയുന്നത്.

കിഡ്‌നാപ്പിങ് ഇങ്ങനെ

നവംബർ 22,23, 24 തീയതികളിൽ പത്മകുമാറും, അനിതാ കുമാരിയും മകൾ അനുപമയും ആറുവയസുകാരിയുടെ വീടിന് അടുത്തുപോയി കുട്ടിയെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 27 നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. 25, 26 ഉം ശനിയും, ഞായറും സ്‌കൂളില്ലാത്തതുകൊണ്ട് മൂവരും ആ ഭാഗത്തേക്ക് വന്നില്ല. 24 ാം തീയതി സ്ഥലത്ത് എത്തിയപ്പോൾ, കുട്ടിയുടെ വീടിന്റെ എതിർവശത്തുള്ള കടയുടെ ഫോട്ടോ എടുത്തുവച്ചു. കടയുടെ ഫോൺ നമ്പറിന് വേണ്ടിയായിരുന്നു അത്. 27 ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുമ്പോൾ, രാവിലെ 10 മണിക്ക് ആ കടയുടെ നമ്പറിലേക്ക് വിളിക്കും എന്നുകാട്ടി കുറിപ്പ് എഴുതി വച്ചിരുന്നു. ഈ കുറിപ്പാണ് ആൺകുട്ടിയുടെ കയ്യിൽ കൊടുക്കാൻ ശ്രമിച്ചത്. എഴുതി കൊടുത്ത കുറിപ്പ് പിടിവലിക്കിടെ കാറിനുള്ളിൽ തന്നെ വീഴുകയായിരുന്നു. ആൺകുട്ടി അങ്ങനെ ശക്തമായി ചെറുത്തുനിൽക്കുമെന്ന് അവർ പ്രതീക്ഷിച്ചില്ല.

തട്ടിക്കൊണ്ടു പോകുമ്പോൾ കാറിന്റെ മുൻസീറ്റിൽ പത്മകുമാറും, പിൻസീറ്റിൽ ഇടതുവശത്ത് അനിതയും, വലതുവശത്ത് അനുപമയുമാണ് ഇരുന്നത്. അനുപമ ധരിച്ചിരുന്നത് ടോപ്പും പാന്റുമാണ്. മുൻവശത്തും ആളുണ്ടെന്ന് ആൺകുട്ടി തെറ്റിദ്ധരിച്ചതാണ്. അവിടിരിക്കുന്ന ആളെ കുട്ടി കൃത്യമായി കണ്ടിട്ടില്ല. അനുപമയെയും അനിതയെയുമാണ് ആൺകുട്ടി കൃത്യമായി കണ്ടത്. അനുപമയുടെ വേഷം കണ്ടിട്ടാണ് പുരുഷനാണെന്ന് കുട്ടി തെറ്റിദ്ധരിച്ചത്. പ്രതികൾ കുട്ടിയെ വലിച്ചുകയറ്റി കാറിന്റെ നിലത്ത് ഇരുത്തുകയായിരുന്നു. വാഹനം നീങ്ങി തുടങ്ങിയപ്പോൾ കുട്ടിയെ നിലത്ത് കിടത്തി. കുട്ടി അവിടെ കിടന്ന് ഉറങ്ങി പോവുകയും ചെയ്തു.

കൊണ്ടുപോയത് ചാത്തന്നൂരിലെ വീട്ടിലേക്ക്

ആറുവയസുകാരിയെ കൊണ്ടുപോയത് ചാത്തന്നൂരിലെ വീട്ടിലേക്കാണ്. മകളെയും, തട്ടിക്കൊണ്ടുവന്ന കുട്ടിയെയും അവിടെ നിർത്തിയ ശേഷം പത്മകുമാറും ഭാര്യയും കൂടി കല്ലുവാതുക്കലിലേക്ക് പോയി. തട്ടിക്കൊണ്ടുപോകലിന് മുമ്പാണ് ഇവർ കാറിന്റെ നമ്പർ പ്ലേറ്റ് മാറിയത്. പാരിപ്പള്ളിയുടെയും കല്ലുവാതുക്കലിന്റെയും മധ്യേ മൊണാർക്ക് എന്ന ഓഡിറ്റോറിയത്തിന് സമീപത്തായി ആളൊഴിഞ്ഞ സ്ഥലമാണ്. അവിടെ സ്‌കൂളും, എതിർവശത്ത് വയലും മാത്രമാണ് ഉള്ളത്. അവിടെ ഒഴിഞ്ഞ സ്ഥലത്ത് വാഹനം കയറ്റിയിട്ടാണ് നമ്പർ പ്ലേറ്റ് മാറ്റിയതെന്ന് പൊലീസ് സൂചിപ്പിക്കുന്നു.

കുട്ടിയെയും മകളെയും വീട്ടിൽ ആക്കിയിട്ട് പുറപ്പെട്ട ഭാര്യാഭർത്താക്കന്മാർ കല്ലുവാതുക്കൽ വാഹനമിട്ടിട്ട് ഓട്ടോ പിടിച്ച് കുളമട വന്നാണ് ഫോൺ വിളിച്ചത്. ഓട്ടോ അവിടെ ഗിരിജയുടെ കടയുടെ മുന്നിൽ നിന്ന് അൽപം മാറ്റിയിട്ടിട്ടാണ് സാധനം വാങ്ങിക്കാൻ കയറി വന്നത്. അതിനെ കുറിച്ച് നേരത്തെ കടയുടമ ഗിരിജ പറഞ്ഞത് ഇങ്ങനെ:

'രാത്രി 7.30ന് ഓട്ടോ കടയുടെ മുന്നിൽ നിർത്തി. ഒരു ആണും പെണ്ണും ഡ്രൈവറും ഓട്ടോയിലുണ്ടായിരുന്നു. ഭർത്താവെന്ന് പറയുന്നയാൾ ബിസ്‌ക്കറ്റ് ഉണ്ടോയെന്നാണ് ചോദിച്ചാണ് കടയിലേക്ക് വന്നത്. റസ്‌ക്കും നാളികേരവും വാങ്ങി. ഇതിനിടെ ഫോൺ എടുക്കാൻ മറന്നുവെന്ന് പറഞ്ഞ സ്ത്രീ, എന്റെ മൊബൈൽഫോൺ വാങ്ങി സംസാരിക്കുകയായിരുന്നു. സ്ത്രീ മൊബൈൽ തിരികെ നൽകിയതോടെ ഇയാൾ 500 രൂപയുടെ നോട്ട് നൽകി.

ബാക്കി തുക തിരികെ കൊടുത്തു. പാരിപ്പള്ളി ഭാഗത്തുനിന്നു വന്ന ഇവർ പള്ളിക്കൽ ഭാഗത്തേക്കാണ് പോയത്. കണ്ടുപരിചയമുള്ളവരല്ല. 35 വയസ് സ്ത്രീക്കും 45 വയസ് പുരുഷനും പ്രായം തോന്നിക്കും. പുരുഷൻ കാക്കി പാന്റ്‌സാണ് ധരിച്ചത്. സ്ത്രീ തലയിലൂടെ ഷാൾ ഇട്ടിരുന്നു.'

ആറുവയസുകാരിയുടെ അമ്മയെ വിളിച്ച് കുട്ടി തങ്ങൾക്കൊപ്പം ഉണ്ടെന്ന് അറിയിച്ച ശേഷം ഓട്ടോയിൽ കയറി കുറച്ചുകൂടി മുന്നോട്ടു പോയി അവിടെ ഇറങ്ങി. ഓട്ടോക്കാരൻ തിരിച്ച് കല്ലുവാതുക്കൽ എത്തിയപ്പോൾ പത്മകുമാറും ഭാര്യയും മറ്റൊരു ഓട്ടോ പിടിച്ച് കല്ലുവാതുക്കൽ എത്തി. ആദ്യം കൊണ്ടുവിട്ട ഓട്ടോക്കാരൻ തിരികെ വന്നപ്പോൾ പെട്രോൾ പമ്പിൽ കയറി. സിസി ടിവി ദൃശ്യങ്ങളിൽ ഈ ഓട്ടോ പതിഞ്ഞിരുന്നു. കല്ലുവാതുക്കൽ ജംഗ്ഷനിലെ പുതിയ വണ്ടിയാണെന്ന് അന്വേഷണത്തിൽ പൊലീസിന് മനസ്സിലായി. പിന്നീട് പൊലീസ് ഈ ഓട്ടോ ഡ്രൈവറെ വിളിപ്പിച്ച് ചോദ്യം ചെയ്‌തെങ്കിലും, ആൾ ഇറങ്ങി പോയെന്ന് മൊഴി നൽകിയതോടെ, വീണ്ടും അവ്യക്തതയായി. അന്വേഷണം വഴിമുട്ടി.

തുമ്പായി ചാത്തന്നൂർ സിഐക്ക് കോൾ

ആ സമയത്താണ് കിഡ്‌നാപ്പ് ചെയ്യപ്പെട്ട കുട്ടിയുടെ അച്ഛന്റെ പങ്കും യുഎൻഎയുടെ പങ്കും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. അതോടെ, ആ വഴിക്കും അന്വേഷണം നീങ്ങി. അതിനിടെയാണ് സമദ് എന്ന പൊതുപ്രവർത്തകൻ ചാത്തന്നൂർ സിഐ വിപിൻ കുമാറിനെ വിളിക്കുന്നത്. ഒരു വോയിസ് നോട്ട്് സിഐക്ക് അയച്ചുകൊടുത്തിട്ട്, കിഡ്‌നാപ്പ് ചെയ്ത സംഘത്തിലെ സ്ത്രീയുടെ ശബ്ദവും വോയിസ് നോട്ടിലെ ശബ്ദവും ഒന്നാണോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

'ഒരു പത്തോ പതിനഞ്ചോ ഉണ്ടെങ്കിൽ ഇട്. ഞാൻ 20 ാം തീയതി തിരിച്ചുതരാം, മറ്റേതിന്റെ കൂട്ടത്തിൽ കൂട്ടേണ്ട,' എന്ന് അനിത ചാത്തന്നൂരിലുള്ള സ്ത്രീയോട് പണം കടമായി ആവശ്യപ്പെടുന്ന ശബ്ദസംഭാഷണമായിരുന്നു വോയിസ് ക്ലിപ്പിൽ. വാട്‌സാപ്പിലെ ഈ ശബ്ദരേഖയാണ് സ്ത്രീ സമദിന് കൈമാറുന്നത്. ചാനലുകളിലും സോഷ്യൽ മീഡിയയിലും അനിതയുടെ ശബ്ദം കേട്ടപ്പോഴാണ് സ്ത്രീക്ക് സംശയം തോന്നിയത്.

ചാത്തന്നൂർ സിഐ വിപിൻകുമാർ ഈ ശബ്ദരേഖ സ്ഥലത്തെ തനിക്ക് പരിചയമുള്ള ബിജെപി നേതാവ് പ്രശാന്തിന് അയച്ചുകൊടുത്തിട്ട് കേട്ടുപരിചയം ഉണ്ടോ എന്നാരാഞ്ഞു. ഈ ബിജെപി നേതാവിന് പത്മകുമാറിനെയും കുടുംബത്തെയും പരിചയമുണ്ട് എന്നതാണ് കേസിൽ നിർണായകമായത്. 100 ശതമാനവും ഇത് അനിതയുടെ ശബ്ദമെന്ന് ബിജെപി നേതാവ് സ്ഥിരീകരിച്ചു. ഈ വിവരം സിഐ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

അനിതയുടെ ഫോൺ നമ്പർ ശേഖരിച്ച് അടിയന്തരമായി കോൾ ഡിറ്റെയിൽസ് എടുക്കാൻ കൊടുത്തു. രാവിലെ 9 മണിക്ക് കോൾ ഡീറ്റെയിൽസ് കിട്ടുമ്പോഴേക്കും, പത്മകുമാറും, കുടുംബവും, രാത്രി 8 മണിയോടെ തമിഴ്‌നാട്ടിലേക്ക് കടന്നതായി മനസ്സിലായി. തങ്ങൾ സഞ്ചരിച്ച ഓട്ടോക്കാരനെ കസ്റ്റഡിയിൽ എടുത്തു എന്ന വാർത്ത ടിവിയിൽ കണ്ടതോടെയാണ് സ്ഥലത്ത് നിന്നാൽ ആപത്തെന്ന് മനസ്സിലാക്കി, ഇവർ തെങ്കാശിക്ക് തിരിച്ചത്.

നിർണായകമായി ബാങ്കിന്റെ സർവീസ് കോൾ

നാലു മൊബൈലുകളാണ് ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. അനുപമയുടെ രണ്ടുഫോണുകളും, അനിതയുടെയും പത്മകുമാറിന്റെയും ഓരോ ഫോണും. കുട്ടിയെ തിരിച്ച് ആശ്രാമം മൈതാനത്തുകൊണ്ടു പോകുന്ന സമയത്ത് മൂന്നുഫോണുകൾ വീട്ടിൽ വച്ചിട്ട് പത്മകുമാറിന്റെ ഫോൺ മാത്രം സൈലന്റാക്കി കാറിൽ വച്ചു. 12.50 മാടനടയിലും 1.20 ന് ചിന്നക്കടയിലും വച്ച് ബാങ്കിന്റെ രണ്ടു സർവീസ് മേസേജ് പത്മകുമാറിന്റെ ഫോണിലേക്ക് എത്തി. തൊട്ടുതലേ ദിവസം ഈ ഫോൺ നമ്പർ ചാത്തന്നൂരിലും കാണിക്കുന്നുണ്ടായിരുന്നു. ഇതോടെയാണ് പ്രതികൾ ഇവർ തന്നെയെന്ന് പൊലീസ് ഏകദേശം ഉറപ്പിക്കുന്നത്.

അനിത ഏതെങ്കിലും ആപ്പ് ഉപയോഗിച്ച് ശബ്ദം മാറ്റി സംസാരിക്കുകയോ, പത്മകുമാർ ഫോൺ വീട്ടിൽ വച്ചിട്ട് കുട്ടിയെ വിടാനായി ഇറങ്ങി തിരിക്കുകയോ ചെയ്തിരുന്നെങ്കിൽ പൊലീസ് തുമ്പുണ്ടാക്കാൻ വെള്ളം കുടിച്ചെനെ.

കുട്ടിയെ കൊണ്ടുവിട്ടിട്ട് 2.10 വരെ പത്മകുമാറും ഭാര്യയും ജെറോം നഗറിൽ കാത്തിരുന്നു. അവിടെ ഒരു ബേക്കറിയിൽ കയറി ചില ലഘുഭക്ഷണമൊക്കെ കഴിച്ചുകൊണ്ടിരുന്നു. അപ്പോഴാണ് ചാനലുകളിൽ കുട്ടിയെ കണ്ടെത്തിയെന്നും സുരക്ഷിതയാണെന്നും വാർത്ത കാണുന്നത്. അതോടെ ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങി. വൈകിട്ട് ഓട്ടോ ഡ്രൈവറെ പിടികൂടിയെന്ന് അറിഞ്ഞതോടെ ആകെ വെപ്രാളമായി. തമിഴ്‌നാട്ടിലേക്ക് കടക്കാൻ തീരുമാനിച്ചതും ആ നിമിഷം.

ഒഎൽഎക്‌സിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകൾ കുരുക്കായി

പിടിവീണപ്പോൾ പത്മകുമാർ എല്ലാ പ്രതികളെയും പോലെ താനൊന്നുമറിഞ്ഞില്ലെന്ന ന്യായവാദം നിരത്തിയെങ്കിലും, ഫോൺ പരിശോധനയിലാണ് കുടുങ്ങിയത്. ഫോണിൽ ഒഎൽഎക്‌സിൽ സ്വിഫ്റ്റ് ഡിസയർ കാർ നമ്പറുകൾ തിരഞ്ഞതിന്റെ സ്‌ക്രീൻ ഷോട്ടുകൾ ഉണ്ടായിരുന്നു. ഇതിലെ രണ്ടുനമ്പറുകളാണ് പ്രതികൾ തങ്ങളുടെ കാറിന്റെ വ്യാജ നമ്പർ പ്ലേറ്റായി ഉപയോഗിച്ചത്. എന്തിനാണ് സ്വിഫ്റ്റ് ഡിയർ നമ്പറുകൾ എന്ന ചോദ്യത്തിന് ക്യത്യമായ മറുപടി നൽകാൻ പത്മകുമാറിന് കഴിയാതെ വന്നു.

ദുരഭിമാന ബോധം വിനയായി

പത്മകുമാറിന് വസ്തുവും കാറുകളും പശുക്കളും ഒക്കെയുണ്ടല്ലോ, സാമ്പത്തിക പ്രതിസന്ധി തീർക്കാൻ അത്യാവശ്യം ഇവ വിറ്റാൽ മതിയായിരുന്നല്ലോ എന്ന ചോദ്യം കെ ബി ഗണേശ് കുമാർ എംഎൽഎ അടക്കമുള്ളവർ ചോദിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ തികച്ചും ദുരഭിമാനിയാണ് പത്മകുമാർ. വസ്തുവിറ്റാൽ തന്നെ ബന്ധുക്കൾ പരിഹസിക്കുമെന്നും, താൻ ആത്മഹത്യ ചെയ്യുമെന്നുമാണ് പത്മകുമാർ പറഞ്ഞത്. അമ്മയുടെ മരണത്തോടെ മാസന്തോറുമുള്ള പെൻഷൻ കിട്ടാതായി. മകളുടെ യൂട്യൂബ് ചാനലിന്റെ മോണിറ്റൈസേഷനും ഇല്ലാതായി. ഇതോടെയാണ് അടിയന്തരമായി കടങ്ങൾ വീട്ടാൻ സാഹസത്തിന് ഇറങ്ങിയത്.

തെങ്കാശിയിലേക്ക് പോയത് എന്തിന്?

തെങ്കാശിയിൽ മൂവരെയും കാത്തിരുന്നത് നവാസ് എന്ന സുഹൃത്താണ്. ഇയാളുടെ സഹായത്തോടെ അവിടെ പിടിച്ചുനിൽക്കാനായിരുന്നു ശ്രമം. നവാസിനെ ഫോണിൽ വിളിച്ച ശേഷം വരവിനായി ഹോട്ടലിൽ ഭക്ഷണം കഴിച്ച് കാത്തിരിക്കവേയാണ് പിടി വീഴുന്നത്. നവാസ് സ്ഥലത്തെത്തുമ്പോഴേക്കും പൊലീസ് മൂവരെയും വലയിലാക്കിയിരുന്നു. നവാസ് വന്ന ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്യാനായിരുന്നു പ്ലാൻ. എന്നാൽ, അതിന് മുമ്പേ പിടി വീണു. പിടിയിലാകും മുമ്പ് , ഗത്യന്തരമില്ലാതെ വന്നാൽ, ആത്മഹത്യ ചെയ്യാനാണ് മൂവരും പദ്ധതിയിട്ടിരുന്നതെന്നും പൊലീസ് പറയുന്നു.

പിടിലായ ശേഷം പത്മകുമാറും, മകൾ അനുപമയും ആവർത്തിച്ച് പൊലീസിനോട് ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം ഇതാണ്: ഇത്രയും മികച്ച രീതിയിൽ ആസൂത്രണം ചെയ്തിട്ടും ഞങ്ങൾക്ക് പിഴച്ചത് എവിടെയാണ്?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP