Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ പെണ്ണുകേസിന് അച്ഛനെ കുറ്റപ്പെടുത്താനാകില്ല; ബിനോയിയെ തള്ളി പറഞ്ഞ് കോടിയേരിയെ ഒപ്പം നിർത്തും; കോടിയേരിയുടെ അവധി അപേക്ഷ അംഗീകരിക്കില്ലെന്ന് പിണറായി; പെണ്ണുകേസ് പാർട്ടി യോഗങ്ങളിൽ ചർച്ചയാകില്ല; എംവി ഗോവിന്ദൻ വിവാദത്തിലായതോടെ പകരക്കാരനെ കണ്ടത്താനാകാത്തത് തുണയായി; പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരി തുടരും; എകെജി സെന്ററിൽ ഇന്ന് കോടിയേരി എത്തിയത് സ്ഥാനം ഉറപ്പിച്ച്; പാർട്ടിക്ക് മകൻ നാണക്കേടുണ്ടാക്കിയിട്ടും തുണയാകുന്നത് കണ്ണൂരിലെ വിഭാഗീയതകൾ

മകന്റെ പെണ്ണുകേസിന് അച്ഛനെ കുറ്റപ്പെടുത്താനാകില്ല; ബിനോയിയെ തള്ളി പറഞ്ഞ് കോടിയേരിയെ ഒപ്പം നിർത്തും; കോടിയേരിയുടെ അവധി അപേക്ഷ അംഗീകരിക്കില്ലെന്ന് പിണറായി; പെണ്ണുകേസ് പാർട്ടി യോഗങ്ങളിൽ ചർച്ചയാകില്ല; എംവി ഗോവിന്ദൻ വിവാദത്തിലായതോടെ പകരക്കാരനെ കണ്ടത്താനാകാത്തത് തുണയായി; പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരി തുടരും; എകെജി സെന്ററിൽ ഇന്ന് കോടിയേരി എത്തിയത് സ്ഥാനം ഉറപ്പിച്ച്; പാർട്ടിക്ക് മകൻ നാണക്കേടുണ്ടാക്കിയിട്ടും തുണയാകുന്നത് കണ്ണൂരിലെ വിഭാഗീയതകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ ഒഴിയില്ല. കുടുംബ ജീവിതവും വ്യക്തിപരമായ പ്രശ്നവുമൊന്നും സിപിഎമ്മിനെ സ്വാധീനിക്കില്ല. മകൻ ബിനോയ് കോടിയേരി കേസിൽ കുടുങ്ങിയാൽ അച്ഛൻ എന്തിന് രാജി വയ്ക്കണമെന്ന ചോദ്യമാണ് സിപിഎം ഉയർത്തുക. കോടിയേരിയെ മാറ്റേണ്ടതില്ലെന്ന തീരുമാനം പിണറായി വിജയനാണ് എടുത്തത്. നേരത്തെ പാർട്ടിയിൽ നിന്ന് അവധിയെടുക്കാൻ കോടിയേരി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ മകന്റെ പ്രശ്നങ്ങളുടെ പേരിൽ രാജി വേണ്ടെന്ന് കോടിയേരിയെ പിണറായി അറിയിച്ചു. കേന്ദ്ര നേതൃത്വത്തേയും ഇക്കാര്യം അറിയിച്ചു. മകന്റെ തെറ്റിനെ അച്ഛനെ ശിക്ഷിക്കുന്ന പാർട്ടിയല്ല സിപിഎം എന്നാകും ഇനി അവർ പറയുക. മകന്റെ കാര്യത്തിൽ കോടിയേരിക്ക് ജാഗ്രത കുറവ് ഉണ്ടായിട്ടുണ്ട്. എന്നാൽ പാർട്ടിക്ക് വേണ്ടി ജീവതം മാറ്റിവച്ച സഖാവാണ് കോടിയേരി. അത് മറക്കരുതെന്നായിരുന്നു സിപിഎമ്മിലെ മുതിർന്ന നേതാവ് മറുനാടനോട് പ്രതികരിച്ചത്.

സമീപകാലത്തെ ഏറ്റവും വലിയ പ്രതസന്ധിയിലൂടെയാണ് സംസ്ഥാന നേതൃത്വം കടന്നു പോകുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം, പിന്നാലെ പാർട്ടിയെ അടിമുടി പ്രതിസന്ധിയിലാക്കി ഉയർന്നുവന്ന ബിനോയ് കോടിയേരിക്കെതിരായ പരാതി, എം വി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭാ ചെയർപേഴ്‌സണുമായ പി.കെ. ശ്യാമള ആരോപണങ്ങൾ നേരിടുന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യ തുടങ്ങി സംസ്ഥാന നേതൃത്വം ഇപ്പോൾ ഏറെ പരുങ്ങലിലായ അവസ്ഥയിലാണ്. ലളിതകലാ അക്കാദമി നൽകിയ കാർട്ടൂൺ അവാർഡിനും പരിഹാരം കാണണം. കാർട്ടൂൺ പിൻവലിക്കണമെന്ന സർക്കാർ ആവശ്യം അക്കാദമി അംഗീകരിച്ചിട്ടില്ല. മീശ നോവൽ വിവാദമായപ്പോൾ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്ന് പറഞ്ഞ പാർട്ടി അക്കാദമി അവാർഡ് പിൻവലിക്കണമെന്ന് പറയുന്നത് ശരിയല്ലെന്ന വാദം ഉന്നയിക്കുന്നവരും ഉണ്ട്. ഇതിനിടയിലാണ് ഉപതെരഞ്ഞെടുപ്പുകൾ സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ചർച്ച നടത്തേണ്ടത്. ഇതെല്ലാം കോടിയേരിക്ക് തുണയാകും. ഈ ഘട്ടത്തിൽ സെക്രട്ടറി മാറുന്നത് ഗുണകരമാകില്ലെന്ന് പിണറായിയും കണക്കു കൂട്ടുന്നു. ഇന്ന് പാർട്ടി സെക്രട്ടറിയേറ്റും നാളെ സംസ്ഥാന സമിതിയുമാണ് ചേരുന്നത്. തെരഞ്ഞെടുപ്പ് അവലോകനമാകും പ്രധാന ചർച്ചയെങ്കിലും പാർട്ടിയെ കുരുക്കിലാക്കുന്ന വിഷയങ്ങൾ യോഗങ്ങളിൽ ഉയർന്നേക്കും. അപ്പോഴും ബിനോയ് വിഷയം ചർച്ചയാകില്ല.

ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. നാളെ സംസ്ഥാന സമിതിയും. ഈ യോഗത്തിൽ ഒന്നും ബിനോയ് കോടിയേരി വിഷയം നേതാക്കൾ ചർച്ചയാക്കില്ല. കോടിയേരി എന്തെങ്കിലും പറഞ്ഞാലും അത് കാര്യമാക്കേണ്ടതില്ലെന്ന നിലപാടാകും എടുക്കുക. നേതാക്കൾക്ക് പിണറായി ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. കോടിയേരിയെ ഈ ഘട്ടത്തിൽ അതുകൊണ്ട് തന്നെ ആരും തള്ളി പറയില്ല. തെരഞ്ഞെടുപ്പ് അവലോകനവും കണ്ണൂരിലെ പാർട്ടിയിലെ പ്രശ്നങ്ങളുമാകും പ്രധാനമായും ചർച്ചയാകുക. ആന്തൂരിലെ സാജൻ പാറയിലിന്റെ ആത്മഹത്യാ വിവാദം ചർച്ച ചെയ്യും. നഗരസഭയ്ക്ക് വീഴ്ച പറ്റി. എം വി ഗോവന്ദന്റെ ഭാര്യ പികെ ശ്യാമളയ്ക്കെതിരെ പൊതു വികാരം യോഗത്തിലുയരും. സംസ്ഥാന കമ്മറ്റിയിൽ പി ജയരാജൻ ഈ വിഷയം ഉന്നയിക്കുമെന്ന് ഉറപ്പാണ്. ഇതിനൊപ്പം സിഒടി നസീർ വധശ്രമക്കേസും പാർട്ടി ചർച്ചയാക്കും. ഇതു രണ്ടും സിപിഎമ്മിന് പേരു ദോഷമായെന്ന് സംസ്ഥാന നേതൃത്വം തിരിച്ചറിയുന്നുണ്ട്. യോഗത്തിന് എകെജി സെന്ററിൽ എത്തിയ കോടിയേരി പിണറായിയുമായി ചർച്ച നടത്തി. അതിലും കടുത്ത തീരുമാനം വേണ്ടെന്ന നിലപാടാണ് പിണറായി എടുത്തത്.

ബിനോയ് കോടിയേരിക്കെതിരെ വിവാദം ഉയർന്നപ്പോൾ തന്നെ കോടിയേരി അവധി എടുക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. ആ സമയത്ത് പിണറായി വ്യക്തമായ തീരുമാനം എടുത്തില്ല. എംവി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കുന്നതും ആലോചിച്ചു. അപ്പോഴാണ് ആന്തൂരിൽ വിവാദമുണ്ടാകുന്നത്. കണ്ണൂരിലെ പാർട്ടിയിൽ വിഭാഗീയത ആളിക്കത്തി. പി ജയരാജനെ വീണ്ടും സെക്രട്ടറിയാക്കണമെന്ന ആവശ്യം പ്രവർത്തകരും ഉന്നയിക്കുന്നു. ഈ സാഹചര്യത്തിൽ കണ്ണൂരിൽ നിന്ന് പുതിയൊരു സെക്രട്ടറിയെ കണ്ടെത്തൽ അസാധ്യമാണ്. മറ്റ് ജില്ലകളിലേക്ക് സെക്രട്ടറിയുടെ അധികാരം കൊടുക്കാനും താൽപ്പര്യമില്ല. അതിനാൽ കോടിയേരി തുടരട്ടേയെന്നാണ് പിണറായിയുടെ നിലപാട്. യോഗങ്ങളിൽ കോടിയേരിയെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ഉണ്ടാകുന്നില്ലെന്നും പിണറായി ഉറപ്പിക്കും. ഇനി സ്ഥാനം ഒഴിഞ്ഞേ മതിയാകൂവെന്ന കടുംപിടിത്തം കോടിയേരി എടുത്താൽ അത് അംഗീകരിക്കുകയും ചെയ്യും. എന്നാൽ പാർട്ടിയെ പ്രതിസന്ധിയിലാക്കി കോടിയേരി രാജിവയ്ക്കില്ലെന്നാണ് പിണറായിയുടെ കണക്കു കൂട്ടൽ.

മകൻ ബിനോയ് കോടിയേരിക്കെതിരെ മഹാരാഷ്ട്രാ പൊലീസ് കേസെടുത്തപ്പോൾ തന്നെ പാർട്ടിയിൽ നിന്ന് അവധിയെടുക്കാനുള്ള തീരുമാനം പിണറായി വിജയനെ കോടിയേരി അറിയിച്ചിരുന്നു. എന്നാൽ താൽകാലം കടുത്ത നടപടികൾ വേണ്ടെന്നായിരുന്നു പിണറായി വിജയൻ നൽകിയ ഉപദേശം. അവധിയെടുത്താൽ പിന്നീട് സെക്രട്ടറി സ്ഥാനവും പോളിറ്റ് ബ്യൂറോ അംഗത്വവുമെല്ലാം തിരിച്ചു കിട്ടുക പ്രയാസമായിരിക്കുമെന്നും പിണറായി വിശദീകരിച്ചു. സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി പോളിറ്റ് ബ്യൂറോയിൽ തുടരും വിധം ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്‌ന പരിഹാരമാണ് പിണറായി ലക്ഷ്യമിട്ടത്. ഇതിനിടെയാണ് എം വി ഗോവിന്ദൻ വിവാദത്തിലാകുന്നത്. കോടിയേരി സ്ഥാനമൊഴിഞ്ഞാൽ സെക്രട്ടറി സ്ഥാനത്തേക്ക് ഏറ്റവും സാധ്യത കൽപ്പിച്ചിരുന്നത് എംവി ഗോവിന്ദനാണ്. എന്നാൽ ആന്തൂർ നഗരസഭയിലെ സാജൻ പാറയിലിന്റെ ആത്മഹത്യ എം വി ഗോവിന്ദനേയും വിവാദത്തിലാക്കി. ഇതോടെ കോടിയേരിയെ കൈവിട്ടാൽ പകരക്കാനെ എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയിലായി പിണറായി വിജയൻ. ഇതോടെ കോടിയേരി തുടരട്ടേയെന്ന നിലപാടിലേക്ക് പിണറായി എത്തുകയായിരുന്നു.

ബലാത്സംഗ പരാതിയിൽ ബിനോയ് കോടിയേരി എല്ലാ അർത്ഥത്തിലും കുടുങ്ങുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് ജൂൺ 13 നാണ് കേസെടുത്തത്. ഇതിലെ വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ പ്രശ്‌നങ്ങൾ തുടങ്ങി. നേരത്തെ യുവതിയുടെ കത്ത് ബിനോയിക്ക് വന്നതും വലിയ ചർച്ചയായി. ഒത്തുതീർപ്പ് സാധ്യതകൾ ഇല്ലാത്തതു കൊണ്ടാണ് ഈ പരാതി പൊലീസിന് ബിനോയ് കൈമാറിയതും. ഭാവിയിൽ ഉണ്ടാകാവുന്ന പ്രശ്‌നങ്ങൾ കണ്ടായിരുന്നു ഇത്. എന്നാൽ ഇതൊന്നും ഫലം കണ്ടില്ല. തനിക്കെതിരെയുള്ള ലോബികൾ കേസിൽ ഇടപെട്ടതായി കോടിയേരി കരുതുന്നു. അതുകൊണ്ടാണ് ബിനോയിയ്‌ക്കെതിരായ പരാതി ഇത്രയധികം ചർച്ചയാക്കിയത്. ദുബായിലെ പണം തട്ടിപ്പ് കേസും ഇത്തരം ഗൂഢാലോചനയുടെ ഫലമാണെന്ന് കോടിയേരി പറഞ്ഞിരുന്നു. എന്നാൽ പ്രതിരോധിക്കാൻ കഴിയാത്ത ആരോപണമാണ് ഇപ്പോൾ ഉയർന്നത്. എങ്കിലും തൊടുന്യായങ്ങൾ പറഞ്ഞ് കോടിയേരിയെ സംരക്ഷിക്കും.

പിണറായിയുടെ പിൻഗാമിയായി മുഖ്യമന്ത്രി കസേരയാണ് കോടിയേരി ലക്ഷ്യമിട്ടിരുന്നത്. ഇതിന് ഏറ്റ വലിയ തിരിച്ചടിയാണ് മകന്റെ കേസ്. മാധ്യമങ്ങളെ ഒഴിവാക്കാനാണ് ശാന്തിഗി ആശുപത്രയിൽ ചികിൽസ തേടിയത്. ആശ്രമത്തിന്റെ ഭാഗമായുള്ള ഈ ആയുർവേദ ആശുപത്രിയിൽ എത്തിയതും വിനയായി. പൂജയും പൂമുടലും വീട്ടിലെ ശത്രു സംഹാര പൂജയും പോലെ ഇതും വിവാദത്തിലെത്തി. ഈ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ നടക്കുന്ന പാർട്ടി സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും കോടിയേരി പങ്കെടുക്കില്ലെന്ന് സൂചന പുറത്തു വന്നിരുന്നു. ഇത് പാർട്ടിയെ കൂടുതൽ കുഴപ്പത്തിലാകുമെന്ന് പിണറായിയും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് അടിയന്തര ഇടപെടൽ നടത്തിയത്. സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന സെക്രട്ടറിയുടെ വ്യക്തിപരമായ വിഷയങ്ങൾ പാർട്ടിയെ ബാധിക്കുന്നത്. അതിനെ വ്യക്തിപരമായി കാണാനാണ് പിണറായി നൽകുന്ന നിർദ്ദേശം. സംഘടനാപരമായ വിഷയങ്ങൾ മാത്രമേ പാർട്ടിയിൽ ചർച്ച ചെയ്യൂ.

മകനെ രക്ഷിക്കാനുള്ള നീക്കം പാളിയെന്ന് ഉറപ്പായപ്പോൾ കോടിയേരി ഓടിയെത്തിയത് പിണറായിയെ കാണാനായിരുന്നു. അവധിയെടുക്കാമെന്ന് മുഖ്യനോട് പറഞ്ഞപ്പോൾ ലഭിച്ചത് തൽകാലം വേണ്ടെന്ന ഉപദേശമാണെങ്കിലും സെക്രട്ടറി സ്ഥാനത്തിന് വെല്ലുവിളി ഉയരുമെന്ന് കോടിയേരി അപ്പോഴെ തിരിച്ചറിഞ്ഞിരുന്നു. ബീഹാറുകാരിയായ ബാർ ഡാൻസറുടെ ആരോപണം തകർക്കുന്നത് കോടിയേരിയുടെ രാഷ്ട്രീയ മോഹങ്ങൾ ആണെന്ന സൂചനയാണ് സിപിഎം കേന്ദ്രങ്ങളും നൽകിയിരുന്നു. ലൈംഗികാരോപണ കേസിൽ ബിനോയ് കോടിയേരിക്കെതിരെ തെളിവുണ്ടെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. പരാതി നൽകിയ യുവതിയുടെ മൊഴിയെടുത്തു. മുംബൈ ഒഷിവാര സ്റ്റേഷനിലെത്തിയാണ് മൊഴി നൽകിയത്. ബിനോയിയും യുവതിയും ഒരുമിച്ച് താമസിച്ചതിന്റെ തെളിവ് ലഭിച്ചു. തിരുവനന്തപുരത്തും മുംബൈ പൊലീസ് എത്തി. ബിനോയ് കോടിയേരിയെ പിടികൂടുന്നതിന് മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഒളിവിൽ കഴിയുന്ന ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ബിനോയിയുടെ മൊബൈൽ ഫോണുകളെല്ലാം സ്വിച്ച്ഡ് ഓഫായ നിലയിലാണ്.

പ്രതി രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. യുവതിയുടെ പരാതിയിൽ കേസെടുത്ത മുംബൈ ഓഷിവാര പൊലീസ് മൊഴിയെടുക്കാൻ കണ്ണൂരിലെത്തിയെങ്കിലും ബിനോയിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയപരിശോധനാ ഫലം ലഭിച്ചതിനുശേഷം മാത്രമേ പൊലീസ് മറ്റ് നിയമനടപടികളിലേക്ക് കടക്കൂ. ലൈംഗികപീഡനം, വഞ്ചന തുടങ്ങി ഗുരുതരകുറ്റങ്ങളാണ് ബിനോയിക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത്. അതേസമയം, ബിനോയ് കോടിയേരിക്കെതിരേ പരമാവധി തെളിവുകൾ ശേഖരിച്ച് കുരുക്ക് മുറുക്കാനാണ് മുംബൈ പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായാണ് ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന് മുംബൈ പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്.

ബിനോയ് ആണോ കുട്ടിയുടെ പിതാവെന്ന് തെളിയിക്കാൻ ഇത് അത്യാവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. ഡിഎൻഎ സാമ്പിളെടുക്കാൻ ബിനോയിയെ കസ്റ്റഡിയിലെടുക്കണം. ബിനോയ് ഒളിവിലായതിനാൽ അന്വേഷണം മുന്നോട്ടുനീങ്ങുന്നില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു. കുട്ടിയുടെ പിതാവ് ബിനോയ് ആണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് യുവതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പ്രതിഭാഗം ഡിഎൻഎ പരിശോധനയെ കോടതിയിൽ ശക്തമായി എതിർത്തു. യുവതിയുടെ പരാതി വ്യാജമായതിനാൽ ഡിഎൻഎ പരിശോധനയുടെ ആവശ്യമില്ലെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ബിനോയ് കോടിയേരി നൽകിയ മുൻകൂർ ജാമ്യഹരജി വിധി പറയാനായി മുംബൈ കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്.

മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയിലാണ് ബിനോയ് ജാമ്യഹരജി നൽകിയിരിക്കുന്നത്. കെട്ടിച്ചമച്ച തെളിവുകൾ വച്ചാണ് യുവതി പരാതിയുണ്ടാക്കിയിരിക്കുന്നതെന്നാണ് ബിനോയ് കോടിയേരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ബ്ലാക്ക് മെയിൽ ചെയ്ത് പണംതട്ടുകയാണ് യുവതിയുടെ ലക്ഷ്യം. കേസ് കെട്ടിച്ചമച്ചതാണെന്നതിന് യുവതി നൽകിയ പരാതി തന്നെയാണ് തെളിവെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP