Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വിയ്യൂർ സെൻട്രൽ ജയലിൽ നിന്ന് ആസൂത്രണം ചെയ്തത് സ്വർണ്ണക്കവർച്ച; കാക്ക രഞ്ജിത്തിനെ തടവറയിൽ കിടക്കുമ്പോൾ വിളിച്ചത് 244 തവണ; പരോളിനിടെ കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ വെച്ച് ടിപി വധക്കേസിൽ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട രജികാന്തിനൊപ്പം ആസൂത്രണം; തെളിവ് കിട്ടിയിട്ടും കേസിൽ തുടർ നടപടികൾ ഇല്ല; കൊടി സുനി ഉൾപ്പെട്ട സ്വർണ്ണക്കടത്തുകേസ് അന്വേഷണത്തിന് മുടക്കോഴി മലയിലെ സൂപ്പർ ഹീറോ! കൊടി സുനിയെ ചുറ്റിപ്പറ്റിയുള്ള എൻഐഎ അന്വേഷണം നയിക്കുക ഷൗക്കത്തലിയോ?

വിയ്യൂർ സെൻട്രൽ ജയലിൽ നിന്ന് ആസൂത്രണം ചെയ്തത് സ്വർണ്ണക്കവർച്ച; കാക്ക രഞ്ജിത്തിനെ തടവറയിൽ കിടക്കുമ്പോൾ വിളിച്ചത് 244 തവണ; പരോളിനിടെ കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽ വെച്ച് ടിപി വധക്കേസിൽ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട രജികാന്തിനൊപ്പം ആസൂത്രണം; തെളിവ് കിട്ടിയിട്ടും കേസിൽ തുടർ നടപടികൾ ഇല്ല; കൊടി സുനി ഉൾപ്പെട്ട സ്വർണ്ണക്കടത്തുകേസ് അന്വേഷണത്തിന് മുടക്കോഴി മലയിലെ സൂപ്പർ ഹീറോ! കൊടി സുനിയെ ചുറ്റിപ്പറ്റിയുള്ള എൻഐഎ അന്വേഷണം നയിക്കുക ഷൗക്കത്തലിയോ?

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ടി പി വധക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന കൊടി സുനി ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം മരിവിച്ചിട്ട് രണ്ടരവർഷം. ഉന്നത രാഷ്ട്രീയ ഇടപെടൽ ഉണ്ടായതോടെ അന്വേഷണം നിലക്കുകയാണെന്നാണ് വിവരം. അന്വേഷണ പുരോഗതിയില്ലാത്തതിനെ തുടർന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. നയതന്ത്രബാശേജിൽ സ്വർണം കടത്തിയ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയന്നും പരിശോധിക്കപ്പെടേണ്ടതാണ്. മാറിയ സാഹചര്യത്തിൽ അന്വേഷണം കൊടി സുനിയിലേക്കും നീളുമെന്നാണ് അറിയുന്നത്. ടി പി കേസിൽ മുടക്കോഴി മലയിൽ നിന്ന് കൊടി സുനിയെ സാഹസികമായി പൊക്കിയത് അന്ന് ഡിവൈഎസ് പിയായിരുന്ന ഷൗക്കത്തലിയാണ്. ഇപ്പോൾ സ്വർണ്ണ കടത്ത് അന്വേഷിക്കുന്ന എൻഐഎ സംഘത്തിലെ പ്രധാനിയാണ് എസ് പിയായ ഷൗക്കത്തലി. അങ്ങനെ കൊടി സുനിയെ വീണ്ടും ചോദ്യം ചെയ്യാൻ ഷൗക്കത്തലിക്ക് അവസരം കൈവരുകയാണ്.

കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ മൂന്നുകിലോ സ്വർണം, ദേശീയപാതയിൽ നല്ല മോഡേൺസ്റ്റോപ്പിന് സമീപത്തുവെച്ച് കവർന്നെന്നാണ് കേസ്. 2017 ജൂലൈ 16ന് നടന്ന സംഭവത്തിൽ, കോഴിക്കോട് നല്ലളം പൊലീസാണ് കേസ് എടുത്തിട്ടുള്ളത്്.കേസിൽ അറസ്റ്റിലായ കുപ്രസിദ്ധ പിടിച്ചുപറിക്കേസ് പ്രതി കാക്ക രഞ്ജിത്തിനെ കൊടി സുനി 244 തവണ ഫോണിൽ വിളിച്ചിരുന്നു. ഇതിന്റെ കോൾ രേഖകൾ പൊലീസിന് ലഭിക്കുകയും ചെയ്തു. വിയ്യൂർ സെൻട്രൽ ജയിലിലിരുന്ന കവർച്ച ആസൂത്രണം ചെയ്ത് നടപ്പാക്കിയെന്നാണ് പൊലീസ് കണ്ടെത്തൽ. 2017 നവംബർ 29ന് അന്വേഷണ സംഘം വിയ്യൂർ ജയിലിൽ എത്തി കൊടി സുനിയെ ചോദ്യം ചെയ്ത് മടങ്ങി. അടുത്ത ദിവസമാണ് തിരുവനന്തപുരത്തു നിന്ന് വിളി വന്നുവെന്നാണ് പറയുന്നത്. ഇതിനുശേഷം ഈ കേസിൽ കാര്യമായ നടപടികൾ ഒന്നും ഉണ്ടായിട്ടില്ല. തിരുവനന്തപുരം സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന പ്രതികളിൽ ആരെങ്കലും ആണോ അന്നത്തെ ഫോൺ വിളിക്ക് പിന്നിലെന്നാണ് പൊലീസ് സംശയം.

സുനിയെ പ്രതിചേർക്കാൻ പല ഉദ്യോഗസ്ഥരും ശ്രമം നടത്തിയെങ്കിലും ഉന്നത ഉദ്യോഗസ്ഥർ തടസ്സം നിന്നവെന്ന് ആരോപണം ശക്തമാണ് . സുനി ജയിലിൽ ഫോൺ ഉപയോഗിക്കുന്നതിന്റെ വിവരം, അധികൃതർക്ക് അറിയാമായിരുന്നെങ്കിലും ഈ കേസിന്റെ ഭാഗമായി കാര്യമായ പരിശോധന ഉണ്ടായില്ല. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും അന്ന് ഈ കേസ് സമാന്തരമായി അന്വേഷിച്ചിരുന്നു. പൊലീസ് പിടികൂടിയ വാഹനത്തിൽ സ്വർണം കടത്താൻ രഹസ്യ അറയുണ്ടെന്ന് കണ്ടെത്തിയത് ഡിആർഐ ആയിരുന്നു.

കള്ളക്കടത്ത് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതിയായ കാക്ക രഞ്ജിത്തുമായി ബന്ധമില്ലെന്നാണ് കൊടി സുനിയുടെ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഈ വാദങ്ങൾ തെറ്റെന്ന് വ്യക്തമാക്കുന്ന തെളിവുകൾ അന്നുതന്നെ പുറത്ത് വന്നിരുന്നു. എന്നാൽ, ടി.പി വധക്കേസിൽ നിന്ന് കുറ്റ വിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയിൽ സി.കെ രജികാന്ത്, പിടിച്ചുപറിക്കേസുകളിലും മറ്റും പ്രതിയായ കാക്ക രഞ്ജിത്ത് എന്നിവരുൾപ്പെടുന്ന സംഘത്തെ കോഴിക്കോട്ടെ ഒരു ഫ്ളാറ്റിൽവെച്ച് കൊടി സുനി കണ്ടതിനുള്ള തെളിവുകൾ പുറത്തുവന്നിരുന്നു. ഇവർ ഒത്തുചേർന്നപ്പോഴെടുത്ത ഒരു ഫോട്ടോയാണ് പൊലീസിന് തെളിവായി ലഭിച്ചത്.

വിയ്യൂർ ജയിലിൽനിന്ന് പരോളിൽ ഇറങ്ങിയ കൊടി സുനി, ഇതേദിവസങ്ങളിൽ കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് കൂത്തുപറമ്പ് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതേ പരോൾ കാലയളവിൽ കോഴിക്കോട് പാലാഴിയിലെ ഒരു ഫ്ളാറ്റിൽ സംഘം ഒത്തുചേർന്നത്. ജയിലിനുള്ളിൽനിന്ന് കൊടി സുനി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ പറയുന്നത്. അതേസമയം ഇവർ കൂടിച്ചേർന്നത് എന്തിനാണെന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ സംഘത്തിലുള്ള പലരും ജീവപര്യന്തം ശിക്ഷ അനുഭവിച്ച് ജയിൽ മോചിതരായവരും, കൊലക്കേസ് പ്രതികളുമാണെന്നതാണ് മറ്റൊരു വസ്തുത. കാക്ക രഞ്ജിത്തിന് പുറമെ, ദിൽഷാദ്, ഫൈസൽ, സൂരജ്, പ്രകാശൻ തുടങ്ങിയവരും സംഘത്തിലുണ്ട്.

2017ലാണ് കാക്ക രഞ്ജിത്ത് അറസ്റ്റിലാവുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുവന്ന കാർ തടഞ്ഞുനിർത്തി അഞ്ചുലക്ഷവും സ്വർണവും കവർന്ന കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. മുളകുപൊടി വിതറി കവർച്ച നടത്തി കുപ്രസിദ്ധനായ കോഴിക്കോട് പൊക്കുന്ന് ബൊട്ടാണിക്കൽ ഗാർഡൺ സ്വദേശി രജ്ഞിത്ത് എന്ന കാക്ക രഞ്ജിത്തിനെ (34) പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റുചെയ്തത്. ഡി.ആർ.ഐക്കാരുടെ കണ്ണുവെട്ടിച്ച് തലശ്ശേരിക്ക് കടത്തുകയായിരുന്ന മൂന്ന് കിലോഗ്രാം സ്വർണമടങ്ങിയ പെട്ടി കവർന്ന കേസിലാണ് അറസ്റ്റ്. തലശ്ശേരി പെരിങ്ങത്തൂർ സ്വദേശിയായിരുന്ന ഇസ്മയിലായിരുന്നു പരാതിക്കാരൻ. വിമാനത്താളത്തിൽ നിന്ന് കാറിൽ രൂപമാറ്റംവരുത്തിയ സ്വർണവുമായി സഞ്ചരിച്ച പരാതിക്കാരനെ മറ്റൊരു കാറിൽ കാക്ക രഞ്ജിത്ത് നിയോഗിച്ച സംഘം പിന്തുടരുകയും നല്ലളം മദ്രസയ്ക്ക് സമീപം വെച്ച് കാർ തടഞ്ഞ് ജനൽ ചില്ല് തകർത്ത് പെട്ടി സ്വന്തമാക്കുകയും ചെയ്തു. കവർന്ന പെട്ടിയുമായി സംഘം ഗുരുവായൂരിലെ ഹോട്ടൽ മുറിയിലെത്തി പെട്ടി കാക്കരഞ്ജിത്തിന് കൈമാറി പ്രതിഫലമായി പത്തുലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തു. ഈ സംഘത്തിലെ ഒരാൾ ഒഴിച്ച് മറ്റ് മൂന്നുപേരെ അന്വേഷണസംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പന്തീരാങ്കാവ് സ്വദേശി ദിൽഷാദ്, കൊടൽ നടക്കാവ് സ്വദേശി അതുൽ, ചക്കുംകടവ് സ്വദേശി റാസിക്‌സ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.

കവർച്ച ചെയ്യപ്പെട്ടത് സ്വർണമടങ്ങിയ പെട്ടിയാണെന്ന് മറച്ചുവച്ചായിരുന്നു പരാതിക്കാരൻ ആദ്യം പരാതി നൽകിയിരുന്നത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു പരാതി. പിന്നീട് പരാതിക്കാരൻ സഞ്ചരിച്ച കാറിനുള്ളിൽ രഹസ്യ അറ കണ്ടെത്തുകയും അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് കള്ളക്കടത്ത് സ്വർണമാണ് മോഷണം പോയതെന്ന് വ്യക്തമായത്.സംഭവത്തിനുശേഷം മൊബൈൽ ഫോൺ ഉപയോഗിക്കാതെ എറണാകുളത്തും തൃശ്ശൂരിലും ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിഞ്ഞുവന്ന കാക്കരഞ്ജിത്തിനെ തന്ത്രപൂർവം വലയിലാക്കുകയായിരുന്നു. കുഴൽപ്പണക്കാരെയും സ്വർണക്കടത്തുകാരെയും വളരെ ആസൂത്രിതമായി കവർച്ച നടത്തുന്നതിൽ വിരുതനായ രഞ്ജിത് സമാനരീതിയിൽ ഇതിനുമുൻപ് പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ കാക്ക അകത്തായിട്ടും കൊടി സുനിയുമായുള്ള ബന്ധങ്ങൾ തെളിഞ്ഞിട്ടും ഈ കേസ് നേരാംവണ്ണം അന്വേഷിക്കപ്പെട്ടിട്ടില്ല. പുതിയ സാഹചര്യത്തിൽ എൻഐയുടെ അന്വേഷണത്തിൽ കൊടി സുനിയുടെ സ്വർണ്ണക്കടത്തും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

യുഡിഎഫ് ഭരണകാലത്ത് ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പുമായിരുന്നു കൊടി സുനിക്ക് ജയിലിൽ ആശ്വാസം. എന്നാൽ സ്വന്തം സർക്കാരെത്തിയപ്പോൾ ജയിൽ വീടു പോലെയായി. ക്വട്ടേഷനും ഏറ്റെടുക്കാം. അങ്ങനെയാണ് കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവരാനുള്ള സാധ്യത തെളിഞ്ഞത്. അത് ഫലപ്രദമായി സുനി ഉപയോഗിക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ ആസുത്രകനായിരുന്നു കൊടി സുനി. സിപിഎമ്മുമായുള്ള അടുത്ത ബന്ധം കാരണം വിയ്യൂരിൽ സുനിക്ക് സർവ്വ സ്വാതന്ത്ര്യമായിരുന്നു. ജയിലർക്ക് സമാനമായ ജീവതമാണ് സുനി നയിച്ചത്.

മൊബൈൽ കമ്പനികളിൽനിന്ന് ശേഖരിച്ച ഫോൺ കോൾ രേഖകൾ, ടവർ ലൊക്കേഷൻ രേഖകൾ, സെൽ ഐ.ഡി. രേഖകൾ എന്നിവ ഈ കേസിൽ സുനിക്ക് വിനയായി മാറി. കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാൻ ഉപയോഗിച്ച അതേ നമ്പറിൽനിന്ന് സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്താൽ ആരും എവിടേയും പരാതി നൽകില്ല. ഈ വിശ്വാസത്തിലാണ് കൊടി സുനി തന്ത്രങ്ങൾ ഒരുക്കിയത് എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതിനും അപ്പുറത്തേക്കുള്ള കാര്യങ്ങൾ ഈ കേസിന് പിന്നിലുണ്ടോ എന്നതാണ് നിർണ്ണായകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP