Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202306Tuesday

യുകെ മലയാളികളുടെ സ്വപ്ന യാത്ര ഇല്ലാതാവുകയാണോ? എയർ ഇന്ത്യ കുത്തക റൂട്ടായ ലണ്ടൻ-കൊച്ചി വിമാനത്തിന്റെ അവസാന യാത്ര അടുത്ത മാർച്ചിൽ; വിമാനം മടക്കി കിട്ടാൻ യുകെ മലയാളികൾ വീണ്ടും ശബ്ദം ഉയർത്തേണ്ടി വരും; നഷ്ടമാകുന്നത് സിയാലിന്റെ പ്രസ്റ്റീജ് റൂട്ട്; ലണ്ടനിൽ ലോക കേരള സഭയിൽ പിണറായി വിജയൻ പറഞ്ഞത് അറംപറ്റിയോ?

യുകെ മലയാളികളുടെ സ്വപ്ന യാത്ര ഇല്ലാതാവുകയാണോ? എയർ ഇന്ത്യ കുത്തക റൂട്ടായ ലണ്ടൻ-കൊച്ചി വിമാനത്തിന്റെ അവസാന യാത്ര അടുത്ത മാർച്ചിൽ; വിമാനം മടക്കി കിട്ടാൻ യുകെ മലയാളികൾ വീണ്ടും ശബ്ദം ഉയർത്തേണ്ടി വരും; നഷ്ടമാകുന്നത് സിയാലിന്റെ പ്രസ്റ്റീജ് റൂട്ട്; ലണ്ടനിൽ ലോക കേരള സഭയിൽ പിണറായി വിജയൻ പറഞ്ഞത് അറംപറ്റിയോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഏറെക്കാലത്തെ ആഗ്രഹത്തിന് ഒടുവിൽ കോവിഡ് കാലത്ത് ആകാശ യാത്രകൾ അപ്രാപ്യം ആയപ്പോൾ ആശ്വാസമായി പറന്നു വന്ന കൊച്ചി - ലണ്ടൻ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകുകൾ അരിഞ്ഞതായി സൂചന. നിലവിലെ സാഹചര്യത്തിൽ ഈ വിമാനത്തിന്റെ അവസാന പറക്കൽ അടുത്ത മാർച്ചിൽ ആയിരിക്കും. പിന്നീടുള്ള യാത്രകൾക്ക് ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങൾ ആശ്രയിച്ചു മാത്രമേ യുകെ മലയാളികൾക്കു ജന്മ നാട്ടിൽ എത്താനാകൂ.

എന്നാൽ എയർ ഇന്ത്യയുടെ അന്താരഷ്ട്ര സർവീസുകളിൽ ഏറ്റവും ലാഭത്തിൽ പൊയ്ക്കൊണ്ടിരുന്ന ഈ സർവീസ് ഒരു മുന്നറിയിപ്പും കൂടാതെ നിർത്താൻ കാരണം എന്തെന്ന് ആർക്കും അറിയില്ല. ഇക്കാര്യത്തിൽ വക്തത തേടി സിയാൽ സിഎംഡി സുഹാസ് ഐ എ എസിനെ സമീപിച്ചപ്പോൾ ലഭിച്ച മറുപടി റൂട്ട് റീഷെഡ്യൂൾ ആകാനാണ് സാധ്യത, സർവീസ് നിർത്തുന്നത് സംബന്ധിച്ച് സിയാലിനും വ്യക്തതയില്ലെന്നാണ്.

അതിനിടെ പൊതുവിൽ ഒരു കാരണവും ഇല്ലാതെ കേരള മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കുന്നവർക്കു ഈ വിമാനത്തിന്റെ പേരിൽ മറ്റൊരു കാരണം കൂടി കിട്ടിയിരിക്കുകയാണ്. ലണ്ടനിലെ ലോക കേരള സഭയിലാണ് ഇപ്പോൾ മൂന്നു ദിവസം ആഴ്ചയിൽ പറക്കുന്ന വിമാനം അഞ്ചു ദിവസമായി ഉയർത്തുന്ന കാര്യം അധികൃതരുമായി ചർച്ച ചെയ്തു നടപ്പാക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചത്.

ലോക കേരള സഭയിലെ മറ്റേതൊരു കാര്യത്തേക്കാൾ യുകെ മലയാളികൾക്ക് താൽപര്യവും ഗുണമുള്ളതുമായ കാര്യം എന്ന നിലയിൽ വലിയ കരഘോഷത്തോടെയാണ് പിണറായി വിജയന്റെ വാക്കുകൾ സദസ് ഏറ്റെടുത്തത്. എന്നാൽ പറഞ്ഞു തീരും മുൻപേ അറംപറ്റിയ വാക്കുകൾ എന്ന് പറയാവുന്ന തരത്തിൽ ഇപ്പോൾ വിമാനം തന്നെ അപ്രത്യക്ഷമാകുകയാണ്. ഇതോടെ വിമാനം മടക്കി കിട്ടുക എന്നത് പിണറായി വിജയന് കൂടി വ്യക്തിപരമായി ഉറപ്പു വരുത്തേണ്ട അവസ്ഥ സൃഷ്ടിച്ചിരിക്കുന്നു.

സിയാൽ ഡയറക്ടർ കൂടിയായ വ്യവസായി എം എ യൂസഫലിയെ സാക്ഷിയാക്കിയാണ് പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്. സ്വാഭാവികമായും ഇതിന്റെ സാധ്യതകൾ പരസ്യമായി പറയും മുൻപേ യൂസഫലിയുമായും അദ്ദേഹം ചർച്ച ചെയ്തിരിക്കണം. മുൻപൊരിക്കൽ ഈ വിമാനം ഇത്തരത്തിൽ ബുക്കിങ് സൈറ്റുകളിൽ നിന്നും അപ്രത്യക്ഷം ആയപ്പോൾ കേന്ദ്ര മന്ത്രി വി മുരളീധരന്റെ നേരിട്ടുള്ള ഇടപെടൽ വഴിയാണ് അന്ന് മടങ്ങി വന്നത്. ഇപ്പോൾ വീണ്ടും അതേ വഴിയിൽ സമ്മർദ്ദം ചെലുത്താൻ അദ്ദേഹത്തിനും കഴിയുമോ എന്നത് കണ്ടറിയണം. കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജായ വന്ദേഭാരത ടൈറ്റിലിൽ പറന്നു തുടങ്ങിയ വിമാനങ്ങൾ കോവിഡ് നിയന്ത്രണം ആയതോടെ സാധാരണ ഷെഡ്യൂൾ ആയി പറക്കുക ആയിരുന്നു.

വിമാനം പോകുന്നതോടെ സിയാലിന് സംഭവിക്കുന്നത് വലിയ നഷ്ടം

സിയാലിന്റെ പ്രസ്റ്റീജ് റൂട്ടുകളിൽ ഒന്നായ കൊച്ചി - ലണ്ടൻ സർവീസ് നഷ്ടമാകുന്നത് വിമാനത്താവളത്തെ സംബന്ധിച്ച് വലിയ നഷ്ടം കൂടിയാണ്. ഈ റൂട്ട് ചൂണ്ടികാണിച്ചു മറ്റു വിദേശ വിമാനക്കമ്പനികളെ കൂടി ആകർഷിക്കാനുള്ള സിയാലിന്റെ ശ്രമങ്ങളാക്കാണ് വിലങ്ങു വീഴുന്നത്. എയർ ഇന്ത്യയുടെ ലണ്ടൻ സർവീസ് പിടിച്ചു നിർത്താൻ ലാൻഡിങ് ഫീ ആനുകൂല്യം അടക്കം ഒട്ടേറെ സൗജന്യങ്ങളും സിയാൽ നൽകിയിരുന്നു. ഏകദേശം രണ്ടു ലക്ഷം രൂപയോളമാണ് ഒരു സർവീസിന് വേണ്ടി സിയാൽ സൗജന്യം നൽകിയിരുന്നത്. ആഴ്ചയിൽ മൂന്നു സർവീസ് എത്തുമ്പോൾ സിയാൽ കളഞ്ഞിരുന്നത് ആറുലക്ഷം രൂപയോളമാണ്.

വിമാന ജീവനക്കാർക്ക് എയർപോർട്ടിലെ ഹോട്ടലിൽ സൗജന്യ താമസവും സിയാൽ ഉറപ്പു വരുത്തിയിരുന്നു. ഈ സൗജന്യങ്ങൾ ഒന്നും ഇതുവരെ ഇല്ലാതാക്കിയിട്ടില്ല. ഇതോടെയാണ് എന്തെങ്കിലും ഒരു കാരണം എങ്കിലും സർവീസ് ഇല്ലാതാകുന്നതിനു കണ്ടെത്താനാകാതെ പോകുന്നതും. എന്നാൽ തുടക്കം മുതൽ ഈ സർവീസ് ഇല്ലാതാക്കാനുള്ള ഗൾഫ് വിമാനക്കമ്പനികളുടെ ശ്രമം പലവട്ടം ബ്രിട്ടീഷ് മലയാളി വാർത്തയാക്കിയിട്ടുള്ളതാണ്. ലണ്ടനിൽ നിന്നും ഡൽഹിക്കും മുംബൈക്കും ശേഷം കൂടുതൽ യാത്രക്കാർ പറന്നെത്തിയതും ഈ വിമാനത്തിലൂടെയാണ് എന്നതും കൗതുകമുണർത്തിയിരുന്നു.

രാഷ്ട്രീയ സമ്മർദ്ദം ഫലപ്രദം ആകാതെ വന്നതോടെ ഒരു ഘട്ടത്തിൽ ജീവനക്കാർക്ക് കൊച്ചിയിലേക്ക് പറക്കാൻ താൽപര്യം ഇല്ലെന്നു വരെ എയർ ഇന്ത്യ മാനേജ്‌മെന്റിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. മുംബൈയിലും ഡൽഹിയിലും ഒക്കെ വീടുകൾ ഉള്ള തങ്ങൾക്ക് കൊച്ചിയിൽ ലാൻഡ് ചെയുന്ന വിമാനത്തിൽ ജോലി ചെയ്യുമ്പോൾ വീട്ടിൽ പോകാനാകുന്നില്ല എന്നാണ് ജീവനക്കാർ അന്ന് പ്രധാന പരാതി ഉന്നയിച്ചിരുന്നത്.

കൊച്ചിയിലെ രാത്രി ജീവിതം ആസ്വാദ്യകരം അല്ലെന്നു വരെ അത്തരം പരാതികളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജീവനക്കാരെ കരുവാക്കി സമ്മർദ്ദ ശക്തികൾ ഈ വിമാന സർവീസ് ഇല്ലാതാക്കാൻ ഉള്ള ശ്രമം നടത്തുക ആയിരുന്നു എന്ന് വ്യക്തം. 2020 ഓഗസ്റ്റ് മുതൽ പറന്നു തുടങ്ങിയ സർവീസ് ഇപ്പോൾ രണ്ടര വർഷത്തിന് ശേഷമാണു ചിറകുകൾ അരിയപ്പെട്ടു നിലത്തിറങ്ങുന്നത്. സർവീസ് റദ്ദാക്കാലോ മറ്റു കാര്യമായ പരാതികളോ ഇല്ലാതെയാണ് ഈ സർവീസ് നടന്നിരുന്നതും.

ചരടുവലിച്ചത് ആരാകും? സമ്മർദ്ദ ശക്തിയാകാൻ യുകെ മലയാളികൾക്ക് കഴിയുമോ?

എന്നാൽ നിറയെ യാത്രക്കാരുമായി പറക്കുന്ന ഒരു വിമാനം ഇല്ലാതാക്കിയാൽ ഉണ്ടാകാവുന്ന രാഷ്ട്രീയ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഉദ്യോഗസ്ഥർക്ക് പ്രയാസമാകും എന്ന കാരണത്താൽ അന്ന് സർക്കാർ അധീനതയിൽ ആയിരുന്ന എയർ ഇന്ത്യ സമ്മർദ്ദങ്ങളെ അതിജീവിക്കുക ആയിരുന്നു. ഇപ്പോൾ ടാറ്റായുടെ സ്വകാര്യ ഉടമസ്ഥതയിൽ എയർ ഇന്ത്യ എത്തിയതോടെ ഒരിക്കലും സംഭവിക്കില്ല എന്ന കാര്യമാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നതാണ് സൂചനകൾ തെളിയിക്കുന്നത്. എയർ ഇന്ത്യയുടെ ലണ്ടൻ - കൊച്ചി സർവീസ് വന്നതോടെ ഈ റൂട്ടിൽ പറക്കേണ്ട മലയാളികളും തമിഴ്‌നാട്ടിലെ ഒരു വിഭാഗം ആളുകളും ഗൾഫ് വിമാനക്കമ്പനികളെ കൈവിട്ടത് അവരുടെ സർവീസുകൾക്ക് ഗണ്യമായ വരുമാന ചോർച്ച നൽകിയിരുന്നു. ഇതോടെ ആരോ കാര്യമായി ഈ വിമാനത്തിന് എതിരെ ചരട് വലികൾ നടത്തിയിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്.

അതിനിടെ സർവീസ് നിർത്തുന്ന കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുകയാണ് എന്നാണ് ലണ്ടനിലെ എയർ ഇന്ത്യ സർവീസ് വിഭാഗത്തിൽ നിന്നും അനൗദ്യോഗികമായി ബ്രിട്ടിഷ് മലയാളിക്ക് ലഭിക്കുന്ന വിവരം. ഇത് പക്ഷെ ജീവനക്കാരുടെ പ്രതീക്ഷ മാത്രമാണ്. കാരണം ജനുവരിയിലെ ഷെഡ്യൂളിലാണ് ഇവരുടെ പ്രതീക്ഷ മുഴുവൻ. ജനുവരിയിലെ ഷെഡ്യൂൾ പുറത്തു വരുമ്പോൾ ഈ വിമാനവും അതിൽ ഉണ്ടാകും എന്നാണ് ലണ്ടനിലെ ജീവനക്കാരുടെ പ്രതീക്ഷ. എന്നാൽ ഈ പ്രതീക്ഷ അസ്ഥാനത്താണ് എന്നാണ് ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തിൽ തെളിയുന്നത്. കാരണം അടുത്ത വേനൽക്കാല ടിക്കറ്റുകൾ പോലും മുൻകൂറായി എയർ ഇന്ത്യ വിറ്റിരുന്നതാണ്. ഇപ്പോൾ ആ ടിക്കറ്റുകൾ മുഴുവനായി റീ റൂട്ട് ചെയ്യുകയാണ്.

കൊച്ചിയിൽ നിന്നും മുംബൈ, ഡൽഹി വിമാനത്താവളങ്ങളിലേക്കാണ് മടക്കയാത്രയുടെ ടിക്കറ്റുകൾ റീ ഷെഡ്യൂൾ ചെയ്തുകൊണ്ടിരിക്കുന്നത്. അടുത്ത വർഷം ജൂലൈ - ഓഗസ്റ്റ് യാത്രക്ക് ബുക്ക് ചെയ്ത യാത്രക്കാരാണ് ഇനി മാറികയറി ലണ്ടനിൽ എത്തേണ്ടി വരിക. ഇതിനകം ഒട്ടേറെ യുകെ മലയാളികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പും ലഭിച്ചിട്ടുണ്ട്. ഇതിൽ യാത്രക്കാർക്ക് പണം ഉൾപ്പെടെ എന്തെങ്കിലും ആനുകൂല്യം മടക്കി നൽകാൻ എയർ ഇന്ത്യ തയ്യാറല്ല എന്നാണ് സൂചന. കൂടുതൽ സമയം യാത്ര ചെയ്യേണ്ടതും ഉയർന്ന നിരക്കിൽ ഡയറക്റ്റ് ഫ്‌ളൈറ്റിൽ ടിക്കറ്റ് എടുത്തതും ഒക്കെ യാത്രക്കാരുടെ മാത്രം ബാധ്യതയാകുന്ന കാഴ്ചയാണ് കോർപറേറ്റ് ഭീമനിൽ നിന്നും ഇപ്പോൾ കാണാനാകുന്നത്. ടാറ്റായുടെ മുഴുവൻ സത്‌പേരും എയർ ഇന്ത്യ കളഞ്ഞു കുളിക്കുമോ എന്നതാണ് ഈ ഉദാഹരണത്തിലൂടെ ഇപ്പോൾ ഉയരുന്ന ചോദ്യം.

അതിനിടെ വീണ്ടും കോവിഡിന്റെ മ്യുറ്റന്റ് സംഭവിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പടിപടിയായി എത്തുമ്പോൾ മറ്റു രാജ്യങ്ങളിൽ മാറികയറി യാത്ര ചെയ്യുക എന്നത് യുകെ മലയാളികൾക്ക് മറ്റൊരു ദുഃസ്വപ്നമായി മാറുകയാണ്. ആദ്യ കോവിഡ് വ്യാപനത്തിന്റെ നാളുകളിൽ ആശ്വാസമായി വന്ന, നേരിട്ടുള്ള വിമാനമാണ് ഇപ്പോൾ മുന്നറിയിപ്പില്ലാതെ ചിറകരിഞ്ഞ നിലയിൽ കാണപ്പെടുന്നത്. ഈ സാഹചര്യത്തിൽ വിമാനം മുടക്കം ഇല്ലാതെ പറക്കുന്നു എന്നുറപ്പ് വരുത്തേണ്ടത് ഓരോ യുകെ മലയാളിയുടെയും ആവശ്യമാണ്. തിരുവനതപുരം സെക്ടറിലെ യാത്രക്കാർ ഈ വിമാനത്തോട് മുഖം തിരിച്ചിരുന്നെങ്കിലും ഒരത്യാവശ്യം വന്നാൽ ഓടി നാടണയാൻ ഈ വിമാനം അല്ലാതെ മറ്റൊരു മാർഗവും യുകെ മലയാളികൾക്കില്ല.

അതിനാൽ കേരളത്തിൽ എങ്ങോട്ടു യാത്ര ചെയ്യുന്നവർക്കും ഇതിന്റെ പ്രയോജനം ഉള്ളതുമാണ്. അതിനാൽ സർക്കാരുകളുടെയോ രാഷ്ട്രീയക്കാരുടെയോ പിന്നാലെ പോകാതെ ടാറ്റ മാനേജ്‌മെന്റിലും വേണ്ടി വന്നാൽ കോടതിയെ തന്നെ വീണ്ടും അഭയം പ്രാപിക്കാൻ ഉള്ള സമ്മർദ്ദമാണ് യുകെ മലയാളികൾ ഏറ്റെടുക്കേണ്ടത്. ഈ വിമാനം തുടക്കത്തിൽ നിർത്തലാക്കാൻ ശ്രമം നടന്നപ്പോൾ യുകെ മലയാളിയായ അഡ്വ. ഷൈമ അമ്മാളാണ് ഹർജിയുമായി ഹൈ കോടതിയിൽ എത്തിയത്. ഈ ഹർജിയിൽ സർക്കാരിനോട് കോടതി വിശദീകരണം ചോദിക്കാൻ നോട്ടീസ് അയച്ച വേളയിലാണ് തിടുക്കത്തിൽ കേന്ദ്ര സർക്കാർ ലണ്ടൻ - കൊച്ചി വിമാനത്തിന്റെ യാത്ര ഉറപ്പു വരുത്തിയത്. എന്നാൽ ഇപ്പോൾ സ്വകാര്യ ഉടമസ്ഥതയിൽ ആയ എയർ ഇന്ത്യയോട് ഏതൊക്കെ റൂട്ടിൽ പറക്കണം എന്ന് നിർദ്ദേശിക്കാനോ വിശദീകരണം തേടാനോ കോടതിക്ക് കഴിയുമോ എന്നതും ആശങ്ക ഉയർത്തുന്ന കാര്യമാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP