Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഷ്ടതകളോട് പടവെട്ടി എഞ്ചിനീയറിങ് ബിരുദമെടുത്ത പോരാളി; ചെന്നൈ ഐഐടിയിൽ ഫാക്കൽറ്റിയായിട്ടും മനസ്സിൽ സൂക്ഷിച്ചത് സാധാരണക്കാരുടെ സ്വപ്‌നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ; വികസന പാന്ഥാവിൽ യാത്ര ചെയ്യാൻ പിഡബ്ല്യൂഡി വകുപ്പിൽ എത്തിയത് 20 കൊല്ലം മുമ്പും; അഴിമതിക്കെതിരെ വാളെടുത്തപ്പോൾ രാഷ്ട്രീയക്കാരുടേയും തട്ടിപ്പ് കോൺട്രാക്ടർമാരുടേയും കണ്ണിലെ കരടായി; വൈറ്റിലയിൽ 'ശ്രീധന്യ കൺസ്ട്രക്ഷൻസിനെ' കുടുക്കിയത് ചട്ടം തെറ്റിക്കാതെയുള്ള പരിശോധന; മന്ത്രി സുധാകരന്റെ കണ്ണിലെ കരടായ ഷൈലാ മോളുടെ കഥ

കഷ്ടതകളോട് പടവെട്ടി എഞ്ചിനീയറിങ് ബിരുദമെടുത്ത പോരാളി; ചെന്നൈ ഐഐടിയിൽ ഫാക്കൽറ്റിയായിട്ടും മനസ്സിൽ സൂക്ഷിച്ചത് സാധാരണക്കാരുടെ സ്വപ്‌നങ്ങൾക്കൊപ്പം സഞ്ചരിക്കാൻ; വികസന പാന്ഥാവിൽ യാത്ര ചെയ്യാൻ പിഡബ്ല്യൂഡി വകുപ്പിൽ എത്തിയത് 20 കൊല്ലം മുമ്പും; അഴിമതിക്കെതിരെ വാളെടുത്തപ്പോൾ രാഷ്ട്രീയക്കാരുടേയും തട്ടിപ്പ് കോൺട്രാക്ടർമാരുടേയും കണ്ണിലെ കരടായി; വൈറ്റിലയിൽ 'ശ്രീധന്യ കൺസ്ട്രക്ഷൻസിനെ' കുടുക്കിയത് ചട്ടം തെറ്റിക്കാതെയുള്ള പരിശോധന; മന്ത്രി സുധാകരന്റെ കണ്ണിലെ കരടായ ഷൈലാ മോളുടെ കഥ

എം മനോജ് കുമാർ

കൊച്ചി: വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടിയതിന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ സസ്‌പെൻഡ് ചെയ്ത അസിസ്റ്റന്റ്‌റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ഷൈല മോളിന് വകുപ്പിലുള്ളത് അഴിമതിവിരുദ്ധ പ്രതിച്ഛായ. ഈ അഴിമതി വിരുദ്ധ പ്രതിച്ഛായ ഉള്ളതുകൊണ്ട് മാത്രമാണ് ഇടത് സർക്കാർ വന്നതിനു ശേഷം പൊതുമരാമത്ത് വകുപ്പിൽ രൂപീകരിച്ച ജില്ലാ വിജിലൻസ് വിങ്ങിന്റെ ചാർജ് ഷൈലമോൾക്ക് വകുപ്പ് നൽകിയത്. വകുപ്പിലിരുന്നു അഴിമതിക്കെതിരെ നടത്തിയ കുരിശുയുദ്ധങ്ങളും വിജിലൻസ് വിങ്ങിന്റെ ചാർജുള്ളതിനാൽ നൽകിയ റിപ്പോർട്ടുകളുമാണ് ഇപ്പോൾ ഷൈലമോളുടെ സസ്‌പെൻഷനിൽ കലാശിച്ചത്.

അതേസമയം വകുപ്പിലെ ജില്ലാ വിജിലൻസ് ഓഫീസർ ചാർജുള്ള ഷൈലമോൾ പൊതുമരാമത്ത് വകുപ്പ് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയതിൽ ചട്ടവിരുദ്ധതയില്ലെന്ന് ഇപ്പോൾ വ്യക്തമാകുന്നുണ്ട്. അതേസമയം വൈറ്റില മേൽപ്പാലവുമായി ബന്ധപ്പെട്ടു ഷൈല മോൾ നൽകിയ റിപ്പോർട്ട് പുറത്തു പോയതിനു പിന്നിൽ വകുപ്പിൽ നിന്ന് തന്നെ ചില കളികൾ നടന്നതായാണ് ലഭിക്കുന്ന സൂചന. വൈറ്റില മേൽപ്പാലം നിർമ്മാണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഷൈലമോൾ നൽകിയ റിപ്പോർട്ട് ഷൈല മോൾ തന്നെ ചോർത്തി നൽകുമെന്ന് വകുപ്പിലെ ഉന്നതർ ആരും വിശ്വസിക്കുന്നുമില്ല. പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലയിൽ ഷൈല മോളെ സസ്‌പെൻഡ് ചെയ്ത് ഉടനടി ഉത്തരവിറക്കിയ ജി.സുധാകരന്റെ നടപടിക്കെതിരെ പൊതുമരാമത്ത് വകുപ്പിൽ നിന്നും ഇപ്പോൾ പ്രതിഷേധവും ഉയരുന്നുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. പാലാരിവട്ടം മേൽപ്പാലം അഴിമതി ചർച്ചാവിഷയമായപ്പോളാണ് വൈറ്റില പാലത്തിൽ നടക്കുന്നത് എന്താണ് എന്ന് പരിശോധിക്കാൻ ഷൈല മോൾ നേരിട്ട് ഇറങ്ങിയത്. ഈ പരിശോധനയിലാണ് പാലാരിവട്ടം മേൽപ്പാലത്തിലെ പ്രശ്‌നങ്ങൾ വൈറ്റില മേൽപ്പാലത്തിലും നടമാടുന്നു എന്ന് ഷൈല മോൾക്ക് ബോധ്യമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് വിഭാഗത്തിന്റെ ചുമതല കൂടിയുള്ള ഷൈല മോൾ റിപ്പോർട്ട് നൽകിയത്.

വളരെ താഴ്ന്ന പശ്ചാത്തലത്തിൽ നിന്ന് പടപൊരുതി നേടിയ വിജയങ്ങളാണ് ഷൈല മോളെ വേറിട്ട് നിർത്തുന്നത്. കോട്ടയം പാമ്പാടിയാണ് ഷൈല മോളുടെ സ്വദേശം. പാമ്പാടി വയലാട്ടു കേശവന്റെയും പൊന്നമ്മയുടെയും മൂന്നു മക്കളിൽ ഒരാളാണ് ഷൈല മോൾ. കോതമംഗലം എഞ്ചിനീയറിങ് കോളേജിൽ നിന്ന് സിവിൽ എഞ്ചിനീയറിങ് ബിരുദമെടുത്താണ് ഷൈല മോൾ പുറത്തിറങ്ങുന്നത്. ഡിസൈൻ ആൻഡ് കൺസ്ട്രക്ഷനിൽ ആണ് ഷൈല മോൾ സ്‌പെഷ്യലൈസ് ചെയ്യുന്നത്. അതിനുശേഷം ഡൽഹിയിലെ നിർമ്മാണ കമ്പനിയിൽ ജോലി നോക്കി. വിമാനത്താവളത്തിന്റെയും പോർട്ടുകളുടെയും ചുമതലയുണ്ടായിരുന്ന കമ്പനിയിലെ പ്രവർത്തി പരിചയമാണ് ഷൈല മോൾക്ക് മുതൽക്കൂട്ടായത്.

അതിനു ശേഷം മൂന്നു വർഷം ചെന്നൈ ഐഐടിയിൽ ഫാക്കൽറ്റിയായി ജോലി നോക്കി. അതിനു ശേഷമാണ് ഇരുപത് വർഷം മുൻപ് സർക്കാർ സർവീസിൽ കയറുന്നത്. കെഎസ്ടിപി പൊൻകുന്നം-പുനലൂർ ഡിവിഷനിൽ ആണ് ജോയിൻ ചെയ്തത്. ഷൈല മോളുടെ ഒരു സഹോദരി നഴ്‌സായി ഇന്ത്യയ്ക്ക് പുറത്താണ് ജോലി നോക്കുന്നത്. കോൺട്രാക്റ്റ് ജോലികൾ ഏറ്റെടുത്തു ചെയ്യുന്ന സുനിൽ ആണ് സഹോദരൻ. സ്‌പൈസസ് ബോർഡിൽ ജോലി ചെയ്യുന്ന ശ്രീകുമാർ ആണ് ഷൈല മോളുടെ ഭർത്താവ്. സ്‌പൈസസ് ബോർഡിലെ ഭാഷാ മാഗസിനുകളുടെ പത്രാധിപർ ആണ് ശ്രീകുമാർ. രണ്ടു പെൺകുട്ടികളാണ് ശ്രീകുമാർ-ഷൈലമോൾ ദമ്പതികൾക്കുള്ളത്. കുടുംബവും ഷൈലാമോൾക്ക് കൂട്ടായി കൂടെയുണ്ട്.

പൊതുമരാമത്ത് വകുപ്പിന്റെ കൊടുങ്ങല്ലൂർ ഡിവിഷനിൽ ജോലി ചെയ്തപ്പോൾ ഷൈല മോൾക്ക് സസ്‌പെൻഷൻ ലഭിച്ചിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള ശക്തമായ നിലപാടുകളാണ് ഈ സസ്‌പെൻഷന് പിന്നിലെയും ഘടകമായത്. ഒരു അസിസ്റ്റന്റ് എഞ്ചിനീയർക്കെതിരെ എടുത്ത നിലപാടാണ് കഴിഞ്ഞ വർഷത്തെ സസ്‌പെൻഷന് പ്രേരകമായത്. ഡിവിഷനിൽ നിന്നും റിലീവ് ചെയ്തിട്ടും ആറു മണിക്ക് ശേഷവും ഓഫീസിൽ ഇരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ വന്നത്. ഈ നിസാര കാര്യത്തിനു സസ്‌പെൻഷൻ വരുമോ എന്ന് ചോദിച്ചാൽ വകുപ്പിലെ ഉന്നതരെ പിണക്കിയാൽ അത് ലഭിക്കും എന്ന് തന്നെയാണ് ലഭിക്കുന്ന ഉത്തരം.

കൊടുങ്ങല്ലൂർ ഡിവിഷനിൽ റോഡ് പണിയുടെ വർക്ക് ചെയ്യാതെ തന്നെ ബിൽ വന്ന പ്രശ്‌നം വന്നിരുന്നു. റോഡ് പണി നടന്ന സൈറ്റിൽ പോയി പരിശോധിച്ചപ്പോൾ റോഡ് പണി നടന്നിട്ടില്ലെന്നു ഷൈല മോൾക്ക് മനസിലായി. അവർ ബിൽ പാസാക്കിയില്ല. നാട്ടുകാരോട് വിവരം തിരക്കിയതിനാൽ നാട്ടുകാർക്ക് ഈ വിവരം അറിയാമായിരുന്നു. ബിൽ പാസാക്കാൻ വേണ്ടി റോഡിൽ താർ നിരത്താനും ശ്രമം നടന്നു. അപ്പോൾ നാട്ടുകാർ അത് തടഞ്ഞു. ഇതിന്റെ പേരിൽ വകുപ്പിൽ ചില്ലറ പ്രശ്‌നങ്ങളും നടന്നു. ഈ കാര്യത്തിൽ മുകളിലേക്ക് റിപ്പോർട്ട് നൽകിയതിൽ കൊടുങ്ങല്ലൂർ ഡിവിഷനിൽ ഷൈല മോൾക്ക് എതിരെ വികാരം രൂപം കൊണ്ടിരുന്നു.

എൻജിഒ യൂണിയൻ നേതാക്കളുടെ എതിർപ്പാണ് പിന്നീട് ഷൈല മോൾക്ക് നേരിടേണ്ടി വന്നത്. പൊതുമരാമത്ത് വകുപ്പിലെ ഒരു കോൺട്രാക്റ്റ് വർക്ക് നടന്നുവെന്ന് പറഞ്ഞു ഒരു കോൺട്രാക്ടർക്ക് അദ്ദേഹം നൽകിയ ബോണ്ട് എൻജിഒ യൂണിയൻ നേതാവ് റിലീസ് ചെയ്ത് നൽകി. അസിസ്റ്റന്റ്‌റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ആയ ഷൈല മോൾ അറിയാതെയാണ് ഈ പരിപാടി നടന്നത്. സംഭവം അറിഞ്ഞപ്പോൾ ഷൈല മോൾ ഷോകോസ് നോട്ടീസ് ഇഷ്യു ചെയ്തു. മന്ത്രിയെ ഈ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിന്റെ പേരിൽ ഇവരെ എൻജിഒ യൂണിയൻ നേതാക്കൾ തടഞ്ഞുവെച്ചിരുന്നു. ഇതിന്റെ പേരിൽ ഷൈലമോൾക്ക് എതിരെ അന്വേഷണം വന്നിരുന്നു. ഈ സമയത്താണ് കൊച്ചിയിലേക്കും സ്ഥലം മാറ്റവും ലഭിക്കുന്നത്. ഇപ്പോൾ കൊച്ചിയിൽ അസിസ്റ്റന്റ്‌റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ആയി തുടരവേ തന്നെയാണ് സസ്‌പെൻഷനും ലഭിക്കുന്നത്.

കൊടുങ്ങല്ലൂർ ഡിവിഷനിലെ പ്രശ്‌നങ്ങൾ ആണ് സസ്‌പെൻഷനിൽ കലാശിച്ചത്. സസ്‌പെൻഷൻ ഓർഡറിൽ പറയുന്നത് റിലീവ് ചെയ്ത ശേഷവും ഓഫീസിൽ ഇരുന്നു എന്നതാണ്. ഒരു അസിസ്റ്റന്റ്‌റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ റിലീവ് ചെയ്ത് പോകുമ്പോൾ ഫയലുകൾ കൈമാറണം. അതിനു സമയം എടുക്കും. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് മുകളിൽ നിന്ന്  ഷൈല മോൾക്ക് സസ്‌പെൻഷനും ലഭിക്കുന്നത്. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിൽ ഒമ്പത് മണിവരെ ഇരിക്കുന്ന എത്രയോ എഞ്ചിനീയർമാരുണ്ട്. ഇവർക്കെതിരെ എന്തെങ്കിലും നടപടി വന്നതായി ചരിത്രവുമില്ല. പക്ഷെ റിലീവ് ചെയ്ത് ഫയലുകൾ കൈമാറാൻ ഇരുന്ന ഷൈലമോൾക്ക് ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ വന്നത്.

ഒരു വർഷത്തോളം ഈ സസ്‌പെൻഷൻ നീണ്ടുനിന്നു. ഒടുവിൽ കേരളാ അഡ്‌മിനിസ്‌ട്രെറ്റീവ് ട്രിബ്യൂണൽ ആണ് ഷൈല മോളെ സർവീസിൽ തിരികെയെടുക്കാൻ ഉത്തരവ് നൽകിയത്. ഇങ്ങിനെ സസ്‌പെൻഷൻ നൽകിയ ആളെ പൊതുമരാമത്ത് വകുപ്പ് ജില്ലാ വിജിലൻസ് വിംഗിന്റെ ചാർജ് നൽകുമോ? വിശ്വസ്തയും അഴിമതി രഹിത പ്രതിച്ഛായയും ഉള്ളതുകൊണ്ട് മാത്രമാണ് ജില്ലാ വിജിലൻസ് വിംഗിന്റെ ചാർജ് പൊതുമരാമത്ത് വിഭാഗം ഷൈല മോളെ തന്നെ ഏൽപ്പിച്ചത്. ഈ വിജിലൻസ് വിംഗിൽ നിന്നുമാണ് പാലാരിവട്ടം മേൽപ്പാലത്തിന്റെ ഗതി വൈറ്റില മേൽപ്പാലത്തിനു വരരുത് എന്ന് കരുതി ഷൈല മോൾ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് ആണ് രണ്ടാം സസ്‌പെൻഷനിലേക്ക് ഷൈല മോളെ നയിച്ചത്.

പാലത്തിന്റെയും മറ്റും വർക്കുകൾ നടക്കുമ്പോൾ സാമ്പിൾ പരിശോധിച്ച് ഗുണനിലവാരം പരിശോധിക്കേണ്ടത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ജോലിയാണ്. ഈ ജോലിയാണ് ഷൈല മോൾ നിർവഹിച്ചത്. വിജിലൻസ് വിംഗിന്റെ ചുമതല കൂടി വഹിക്കുന്നതിനാൽ ഈ റിപ്പോർട്ട് അവർ മുകളിലേക്ക് കൈമാറേണ്ടത് കൂടിയുണ്ട്. ആ റിപ്പോർട്ട് മുകളിലേക്ക് കൈമാറിയപ്പോൾ ചോർന്നു മാധ്യമങ്ങൾക്ക് ലഭിച്ചു എന്ന് മന്ത്രി കരുതുന്നു. പക്ഷെ ചോർത്തിയതാര് എന്ന് മന്ത്രി സുധാകരൻ കണ്ടെത്തിയിട്ടില്ല. സ്വന്തം റിപ്പോർട്ട് അതേ ഉദ്യോഗസ്ഥ തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകുമെന്ന് മന്ത്രി കരുതുന്നുവോ എന്ന ചോദ്യവും ഷൈല മോളുടെ സസ്‌പെൻഷനുമായി ബന്ധപ്പെട്ടു ഇപ്പോഴും ഉയർന്നു നിൽക്കുന്നു. ഷൈല മോളെ ചിലർ ബലിയാടാക്കുകയായിരുന്നു എന്ന് തന്നെയാണ് വകുപ്പിൽ നിന്നും ലഭിക്കുന്ന വിവരവും. ഒരു സസ്‌പെൻഷന്റെ ആഘാതത്തിൽ ഷൈല മോൾ വിമുക്തി നേടി വരവേയാണ് ഇപ്പോൾ മന്ത്രി തന്നെ നേരിട്ടിടപെട്ടാണ് ഷൈല മോളെ വീണ്ടും സസ്‌പെൻഡ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP