Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി മന്ത്രിയാകാനില്ലെന്ന മാണിയുടെ വാക്ക് കേട്ട് സി എഫ് തോമസിന്റെ മനസിൽ ലഡുപൊട്ടി; ശാരീരികാസ്വാസ്ഥ്യം കാരണം പി ജെ ജോസഫിനും മന്ത്രിപ്പണി വേണ്ട; കാഞ്ഞിരപ്പള്ളി മെത്രാന്റെ തിരുകൽപനയിൽ മോൻസ് വീഴാത്തതതു മാത്രം ഇനി തടസം; അനുനയിപ്പിക്കാൻ കോടിയേരിയും; കടുത്തുരുത്തിയിലെ യുവതുർക്കി അയഞ്ഞാൽ കേരള കോൺഗ്രസ് ഉടൻ ചുവപ്പുകൂടാരത്തിലേക്ക്

ഇനി മന്ത്രിയാകാനില്ലെന്ന മാണിയുടെ വാക്ക് കേട്ട് സി എഫ് തോമസിന്റെ മനസിൽ ലഡുപൊട്ടി; ശാരീരികാസ്വാസ്ഥ്യം കാരണം പി ജെ ജോസഫിനും മന്ത്രിപ്പണി വേണ്ട; കാഞ്ഞിരപ്പള്ളി മെത്രാന്റെ തിരുകൽപനയിൽ മോൻസ് വീഴാത്തതതു മാത്രം ഇനി തടസം; അനുനയിപ്പിക്കാൻ കോടിയേരിയും; കടുത്തുരുത്തിയിലെ യുവതുർക്കി അയഞ്ഞാൽ കേരള കോൺഗ്രസ് ഉടൻ ചുവപ്പുകൂടാരത്തിലേക്ക്

ബി രഘുരാജ്

തിരുവനന്തപുരം: യുഡിഎഫിനൊപ്പം നിന്ന് എൽഡിഎഫ് പിന്തുണയോടെ മുഖ്യമന്ത്രിയാകാൻ നോക്കിയ മാണി കപട രാഷ്ട്രീയ സദാചാരത്തിന്റെ അപ്പോസ്തലനാണെന്നു വീക്ഷണം മുഖപത്രത്തിന്റെ ആരോപണം കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റം വേഗത്തിലാക്കും . മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും വീക്ഷണം മാണിയെന്ന മാരണം എന്ന തലക്കെട്ടോടെ നൽകിയ മുഖപത്രത്തിൽ ആരോപിച്ചിരുന്നു. യുഡിഎഫിന്റെ വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന ധാരണ തെറ്റാണെന്നും അതിന്റെ പേരിൽ ഇനി കാത്തിരിക്കേണ്ടെന്നും ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി കാത്തിരിക്കാനാവില്ലെന്ന് മാണി ബന്ധപ്പെട്ടവരെ അറിയിച്ചു കഴിഞ്ഞു. ഒരു മാസത്തിനുള്ളിൽ മുന്നണിമാറ്റത്തിൽ തീരുമാനം എടുക്കും.

കഴിഞ്ഞ ദിവസമാണ് കേരളാകോൺഗ്രസ് എമ്മിന്റെ മുഖപത്രമായ പ്രതിഛായയിൽ മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്തു കൊണ്ട് എൽഡിഎഫ് നേതാക്കൾ കെ എം മാണിയെ സമീപിച്ചതായി വെളിപ്പെടുത്തൽ പുറത്തുവന്നത്. മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും ഗുരു കെ എം ജോർജ്ജ് നെഞ്ചുപൊട്ടിമരിക്കാൻ കാരണം കെഎം മാണിയെന്നും വീക്ഷണം ലേഖനത്തിൽ പറയുന്നു. പിടി തോമസാണ് വീക്ഷണത്തിന്റെ ചുമതലക്കാരൻ. ഉമ്മൻ ചാണ്ടിയുടെ അറിവോടെയാണ് ഈ എഴുത്ത്. അതുകൊണ്ട് തന്നെ തനിക്ക് ഇനി കേരളാ കോൺഗ്രസുമായി യുഡിഎഫ് ക്യാമ്പിലേക്ക് പോകാൻ കഴിയില്ല. ബിജെപിയോട് താൽപ്പര്യവുമില്ല. ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തേക്ക് മാറുമെന്നാണ് മാണിയുടെ അറിയിപ്പ്. 13ന് ചേരുന്ന പാർട്ടി സ്റ്റിയറിങ് കമ്മറ്റി എല്ലാ കാര്യങ്ങളും വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന.

എന്തായാലും മന്ത്രിയാകാൻ തനിക്ക് താൽപ്പര്യമില്ലെന്ന സൂചനയും മാണി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്ത് എത്തിയാലും മാണി മന്ത്രിയാകില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ആരോഗ്യ പ്രശ്‌നങ്ങളാൽ പിജെ ജോസഫിനും താൽപ്പര്യക്കുറവുണ്ട്. മാണിക്ക് യുഡിഎഫിൽ രണ്ട് മന്ത്രിസ്ഥാനം ഉണ്ടായിരുന്നു. മാണിയും ജോസഫുമായിരുന്നു മന്ത്രിമാർ. മാണി മാറിയാൽ ജോസഫും സിഎഫ് തോമസും മന്ത്രിമാരാകുമെന്നാണ് കേരളാ കോൺഗ്രസിലെ ചർച്ച. എന്നാൽ ആറ് എംഎൽഎമാരുള്ള കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനമേ നൽകാനിടയുള്ളൂ. അങ്ങനെ വന്നാൽ പിജെ ജോസഫും മാറി നിൽക്കും. പകരം സിഎഫ് തോമസ് മന്ത്രിയാകും. അങ്ങനെ വരുമ്പോൾ ചീഫ് വിപ്പ് സ്ഥാനം പോലെ എന്തെങ്കിലും ഒന്നു കൂടി വാങ്ങിച്ചെടുക്കും. അത് മോൻസിനും നൽകിയേക്കും. ഇത്തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.

അതിനിടെ മോൻസ് ജോസഫ് ഒരു തരത്തിലും വഴങ്ങുന്നില്ല. കാഞ്ഞിരപ്പള്ളി മെത്രാന്റെ ഇടപെടുലും ഫലം കാണുന്നില്ല. ബിഷപ്പിനോട് സംസാരിക്കാൻ പോലും തയ്യാറല്ല. ഇതു മാത്രമാണ് കേരളാ കോൺഗ്രസിലെ ഏക എതിർ സ്വരം. ഇതിനെ മാറ്റിയെടുക്കാനുള്ള ചുമതല പിജെ ജോസഫിനാണ് മാണി നൽകിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മോൻസുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. സ്‌കറിയാ തോമസും സജീവമായി ഇടപെടുന്നുവെന്നാണ് സൂചന. എന്നാൽ തനിക്ക് യുഡിഎഫ് ക്യാമ്പിനോടാണ് താൽപ്പര്യമെന്ന നിലപാടിലാണ് കുടുത്തുരുത്തി എംഎൽഎ. എന്നാൽ പിജെ ജോസഫുൾപ്പെടെ എല്ലാവരും കൂടുമാറിയാൽ താൻ ഒറ്റയ്ക്കാകുമെന്ന ആശങ്കയുമുണ്ട്. അതിനിടെ മോൻസ് ജോസഫിന് പിന്തുണ ഉറപ്പാണെന്ന് കോൺഗ്രസും നിലപാട് എടുക്കുന്നു.

നിലവിൽ ജനാധിപത്യ കേരളാ കോൺഗ്രസ് ഇടതു പക്ഷത്തിന്റെ ഭാഗമാണ്. മാണി ഇടതു മുന്നണിയിലെത്തിയാൽ ഫ്രാൻസിസ് ജോർജും കൂട്ടരും യുഡിഎഫിലേക്ക് എത്തും. അങ്ങനെ വന്നാൽ ഇതിന്റെ നേതാവായി മാറാൻ മോൻസിന് കഴിയും. എന്നാൽ മാണിയിൽ നിന്ന് തെറ്റിപ്പിരഞ്ഞാൽ അയോഗ്യതാ ഭീഷണിയുടെ നിഴലിൽ മോൻസ് എത്തും. അങ്ങനെ വന്നാൽ എംഎൽഎ സ്ഥാനം നഷ്ടമാകും. ആറു വർഷത്തേക്ക് മത്സരിക്കാനും കഴിയില്ല. മാണി ഗ്രൂപ്പ് പിളരാത്ത പക്ഷം ഈ ഭീഷണി മോൻസിന് മുന്നിലുണ്ട്. അതുകൊണ്ട് തന്നെ കടുതുരുത്തിയിലെ യുവതുർക്കിക്ക് കരുതലോടെ മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ. ഈ സമ്മർദ്ദത്തിലൂടെ മോൻസിനെ കേരളാ കോൺഗ്രസിൽ ഉറപ്പിച്ചു നിർത്താനാണ് ജോസഫിന്റെ നീക്കം.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുണണി പ്രവേശനമുണ്ടാമെന്ന സൂചന നൽകി സി. എഫ്. തോമസ് എംഎൽഎ രംഗത്ത് വന്നതും മോൻസിന് തിരിച്ചടിയാണ്. സിഎഫ് തനിക്കൊപ്പം നിൽക്കുമെന്നായിരുന്നു പ്രതീക്ഷ. ഏത് മുന്നണി എന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലാ പഞ്ചായത്തിൽ സി.പി.എം പിന്തുണ തേടിയതിന് ശേഷം ആദ്യമായാണ് ജില്ലയിലെ നേതാക്കളുടെ സമ്പൂർണ്ണ യോഗം വിളിച്ചുചേർത്തത്. നിയോജകമണ്ഡലം, മണ്ഡലം പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുത്തു. ഇതിനുപിന്നാലെ മുന്നണി പ്രവേശനം സംബന്ധിച്ച് യുക്തമായ തീരുമാനം യുക്തമായ സമയത്ത് കൈക്കൊള്ളുമെന്ന് പാർട്ടി ചെയർമാൻ കെ.എം. മാണി പറഞ്ഞു.

ഇപ്പോൾ ഒറ്റക്ക് നിൽക്കുകയാണ് .ഇതിൽ ആശയക്കുഴപ്പമൊന്നുമില്ല. പാർട്ടിയുടെ നയങ്ങൾ തീരുമാനിക്കുന്നത് ഉന്നതാധികാരസമിതി യോഗത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന നേതൃത്വവുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കേരളാ കോൺഗ്രസ് പൂർത്തിയാക്കി കഴിഞ്ഞുവെന്നാണ് സൂചന. കോട്ടയം ലോക്സഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ നൽകും. മാണിയുടെ പ്രസ്റ്റീജ് മണ്ഡലങ്ങളും നിയമസഭയിൽ മത്സരിക്കാൻ ഉറപ്പാക്കും. കുറഞ്ഞത് പതിനാല് സീറ്റുകൾ മാണിക്ക് നൽകാമെന്ന് സി.പി.എം സമ്മതിച്ചു കഴിഞ്ഞു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ മാത്യു അറയ്ക്കലാണ് മാണിയെ സിപിഎമ്മിൽ എത്തിക്കാൻ കരുനീക്കം നടത്തിയത്്. മുഖ്യമന്ത്രി പിണറായി വിജയനും ഇതിന് പൂർണ്ണമായും അനുകൂലമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം, ഇടുക്കി, എറണാകുളം എന്നി മണ്ഡലങ്ങളിൽ ഇടത് മുന്നേറ്റം ഉറപ്പാക്കാനാണ് സി.പി.എം തീരുമാനം.

ഇടത് സർക്കാരും മുഖ്യമന്ത്രിയുമായി കാഞ്ഞിരപ്പള്ളി ബിഷപ്പിന് അടുത്ത ബന്ധമാണുള്ളത്. കർദിനാൾമാരെ പിടിച്ചുള്ള ബിജെപി നീക്കത്തെ തടയാൻ കാഞ്ഞിരപ്പള്ളി ബിഷപ്പ് രംഗത്ത് വന്നതോടെയാണ് മാണിയുടെ ഇടത് പ്രവേശനത്തിനുള്ള തടസ്സങ്ങൾ നീങ്ങിയത്. സ്‌കറിയാ തോമസിന്റെ നേതൃത്വത്തിൽ ആദ്യം നടന്ന നീക്കം വിജയം കണ്ടിരുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്തിലെ മാതൃക പതിയെ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കും. കേരളാ കോൺഗ്രസിന്റെ രാഷ്ട്രീയ നയത്തിന്റെ ഭാഗമായി ഇത് നടപ്പിലാക്കാനാകും നീക്കം. അതിന് മുമ്പ് മാണിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകളെല്ലാം ഒഴിവാക്കുകയും ചെയ്യും. ബാർ കോഴയിലെ വിജിലൻസ് അന്വേഷണങ്ങളെല്ലാം കോടതിയുടെ നിശത വിമർശനത്തിന് വിധേയമായി കഴിഞ്ഞു. ഇതിന്റെ ചുവട് പിടിച്ച് കേസെല്ലാം ഒഴിവാക്കും. പുതിയ ബാറുകൾ പ്രതീക്ഷിക്കുന്നതിനാൽ ബിജു രമേശും സർക്കാരിനെ പിണക്കാൻ എത്തില്ല. ഈ സാഹചര്യത്തിൽ കേസെല്ലാം ഒതുക്കാമെന്നാണ് പ്രതീക്ഷ.

കേരളാ കോൺഗ്രസ് പിളരാതെ ഇടതുമുന്നണി പ്രവേശനമാണ് മാണിയുടെ ആഗ്രഹം. തെറ്റി നിൽക്കുന്ന നേതാക്കളെ കാഞ്ഞിരപ്പള്ളി ബിഷപ്പ് തനിക്കൊപ്പം അണിനിർത്തുമെന്ന പ്രതീക്ഷയും മാണിക്കുണ്ട്. മോൻസ് ജോസഫും സിഎഫ് തോമസുമായി ബിഷപ്പിന് വേണ്ടപ്പെട്ടവർ ചർച്ച നടത്തും. എല്ലാ എംഎൽഎമാരുമായി കാഞ്ഞിരപ്പള്ളി ബിഷപ്പ് നേരിട്ട് ചർച്ച നടത്തുമെന്നും സൂചനയുണ്ട്. പിസി ജോർജിനെ ഇടതു മുന്നണിയിൽ എടുക്കില്ലെന്നും മാണി വിഭാഗത്തിന് സിപിഎമ്മിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇടുക്കി ലോക്സഭാ സീറ്റും മാണിക്ക് കൊടുക്കുന്നതും പരിഗണനയിലുണ്ട്. കഴിഞ്ഞ തവണ ജോയ്സ് ജോർജാണ് ഇവിടെ മത്സരിച്ച് ജയിച്ചത്. സഭയുടെ പിന്തുണയോടെയായിരുന്നു ജോയ്സ് ജോർജിന്റെ വിജയം. കാഞ്ഞിരപ്പള്ളി ബിഷപ്പുമായി ഏറെ അടുപ്പം ജോയ്സിനുണ്ട്. ഇതെല്ലാം മുതൽക്കൂട്ടാക്കാനാണ് സി.പി.എം തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP